‘ഞാനിന്നുമുതല്‍ ആഹാരം വളരെകുറച്ചേ കഴിക്കുകയുള്ളൂ. ഇനിമുതലെന്നും അങ്ങനെ ചെയ്യാനാണ് എന്റെ തീരുമാനം’
‘ജിമ്മനാന ഉറച്ച പ്രതിജ്ഞയെടുത്തു. ആഹാരം തീരേ കുറച്ചിടും ഞാന്‍ വ്യായാമം കൃത്യമായെന്നും ചെയ്യും.
വാരിവലിച്ചൊന്നും തിന്നുകില്ലാ
മടിപിടിച്ചിനിമേല്‍ കിടക്കുകില്ല
‘നടപ്പിലായാല്‍ നല്ലകാര്യം എത്രനാളുണ്ടാകുമെന്നറിയില്ല ഈ പ്രതിജ്ഞയൊക്കെ!’
അമ്മപ്പിടിയാന ചിരിച്ചുകൊണ്ട് പറഞ്ഞു. അന്നേതായാലും അവന്‍ ഉത്സാഹത്തോടെ വ്യായാമംചെയ്തു. ഓടുകയും ചാടുകയും തടാകത്തില്‍ നീന്തുകയും എന്നുവേണ്ട പറ്റാവുന്ന അഭ്യാസങ്ങളെല്ലാം ചെയ്തു.
എല്ലാം കഴിഞ്ഞപ്പോള്‍ പാവത്തിനു വല്ലാത്തവിശപ്പ്. അമ്മേ എനിക്കൊരാനയെ പിടിച്ചുതിന്നാനുള്ള വിശപ്പുണ്ട് എന്നുപറഞ്ഞ് അവന്‍ ഒരുകെട്ട് കരിമ്പെടുത്ത് ചവിട്ടിയൊടിച്ച് തീറ്റതുടങ്ങി
ഒരുകുലപഴവും അകത്താക്കി.
‘ഇനിമതി ബാക്കിയുള്ളവര്‍ക്കും വേണ്ടേ’- അമ്മ പറഞ്ഞു.
‘ശരിയാ ഞാന്‍ ആഹാരനിയന്ത്രണത്തിലാണല്ലോ അതുകൊണ്ട് ഇത്രയുംമതി.’
എന്നുപറഞ്ഞ് അവന്‍ മുന്നോട്ടുനടന്നു
‘ഉച്ചയുറക്കം ഒഴിവാക്കിയ കാര്യം മറക്കല്ലേ’
അമ്മ ഓര്‍മിപ്പിച്ചു.
കുറച്ചുദൂരം മുന്നോട്ടു ചെന്നപ്പോള്‍ അവിടെ ധാരാളം പച്ചിലകളോടുകൂടിയ മരങ്ങള്‍ നില്‍ക്കുന്നതുകണ്ടു. അവന്‍ കുറെ മരക്കമ്പുകളൊടിച്ച് പച്ചിലകള്‍തിന്നു. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ വലിയൊരു പഴത്തോട്ടം…
അവന്‍ രണ്ടുമൂന്നു പഴക്കുലകള്‍ വലിച്ചെടുത്ത് തീറ്റതുടങ്ങി.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആഹാരം നിയന്ത്രിച്ച് വിശ്രമമൊഴിവാക്കിയ മകനെ അന്വേഷിച്ച് അമ്മ
പുറപ്പെട്ടു നോക്കുമ്പോള്‍ പ്രതിജ്ഞയെടുത്ത
ആനക്കുട്ടി ഒരു മരത്തണലില്‍ ചെരിഞ്ഞുകിടന്ന് സുഖമായി കൂര്‍ക്കംവലിച്ചുറങ്ങുന്നു. അവന്റെ
വീര്‍ത്ത കുംഭ നോക്കി അമ്മ പറഞ്ഞു ‘അമ്പട
കേമാ നിന്റെ പ്രതിജ്ഞ ഗംഭീരംതന്നെ!’






















