”ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു:”
നദികളെ ദേവിമാരായി കണ്ട് വന്ദിക്കുന്നതാണ് ഭാരതീയ സംസ്‌ക്കാരം.
ജലവന്ദനം ചൊല്ലി പ്രകൃതിയെ പ്രണമിച്ച് നമ്മുടെ കുഞ്ഞുങ്ങളും രാജ്യവും വളരട്ടെ. ജലഗ്രഹമാണ് നമ്മുടെ ഭൂമി. ജീവന്‍ ഉയിര്‍ക്കൊണ്ടത് വെള്ളത്തില്‍ നിന്നാണെന്ന് ശാസ്ത്രം. ഏകകോശ ജീവികളും സസ്യങ്ങളും മുതല്‍ മനുഷ്യനടക്കമുള്ള സര്‍വ്വജന്തുജാലങ്ങളുടെയും ജീവല്‍ പ്രവര്‍ത്തനങ്ങളുടെ മാധ്യമം ജലമാണ്.
മനുഷ്യന്റെ കാര്യമെടുത്താ ല്‍ ശരീരഭാരത്തിന്റെ എഴുപത് ശതമാനത്തോളമാണ് വെള്ളം. ഏതാനും മണിക്കൂറുകള്‍ പോലും വെള്ളമില്ലാതെ മനുഷ്യന് ജീവിതം സാധ്യമല്ല. ജലമെന്നത് ജീവന്റെ തുല്യപദം. അതേ സമയം കുടിവെള്ളം മലിനമായാല്‍ രോഗങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തുന്നു, മരണത്തിന് വരെ അത് കാരണമാവാം.
ഭൂമിയില്‍ വെള്ളം സുലഭമാണെങ്കിലും ശുദ്ധജലമായി ഉപയോഗിക്കാന്‍ പറ്റുന്നത് വളരെ കുറച്ചു മാത്രമാണ്. ആകെ ജലത്തിന്റെ 99% സമുദ്രത്തിലും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളിലുമാണുള്ളത്. അപ്പോള്‍ പെയ്യുന്ന മഴവെള്ളത്തെ പിടിച്ചു സൂക്ഷിക്കുന്ന പുഴകള്‍, തടാകങ്ങള്‍, ഭൂഗര്‍ഭജലം എന്നിവയാണ് കുടിവെള്ളത്തിന് ആശ്രയം.
വന്ദേമാതരം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവിക്കുന്നത് ഭാരതത്തിലാണ്. പുതുലോകത്തിന് വേണ്ട ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും നമ്മുടെ രാജ്യം വലിയ പുരോഗതി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഭക്ഷ്യസ്വയം പര്യാപ്തത എന്നിവയെല്ലാം ഇന്ന് ഭാരതത്തിനുണ്ട്. ജനതയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടി. അവരെ ആരോഗ്യമുള്ളവരാക്കി നിലനിര്‍ത്തുകയെന്നത് പ്രധാനം. നൂറ്റിനാല്‍പ്പത്തഞ്ചു കോടി ജനങ്ങള്‍ നമുക്കുണ്ട്. ജനസംഖ്യയ്‌ക്കൊപ്പം ജനസാന്ദ്രതയും കൂടുതലാണ്. അതിനാല്‍ തന്നെ, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രധാനമായ ശുദ്ധവായുവും ശുദ്ധജലവും നിലനിര്‍ത്തുന്നതില്‍ രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വികസ്വരത്തില്‍ നിന്നും വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ഇത് പ്രധാനമാണ്.
പ്രകൃതിവിഭവങ്ങളായ വായു, വെള്ളം, മണ്ണ് (ഭൂമി) സംരക്ഷിച്ചു കൊണ്ട് മാത്രമേ പുരോഗതി സാധ്യമാവൂ. നല്ല വെള്ളവും ശുദ്ധമായ കുടിവെള്ളവും ഓരോ വീട്ടിലും ലഭ്യമാവണം. ‘ഹര്‍ ഘര്‍ ജല്‍’ എന്ന സുചിന്തിതമായ ബോധ്യമാണ് ജല്‍ ജീവന്‍ മിഷന്‍ രൂപീകരിച്ചതിന്റെ അടിസ്ഥാനം.
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പൊതുവായും, ഒപ്പം പ്രാദേശികമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളം.. കേരളം
വര്‍ഷത്തില്‍ ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമാണ് നമ്മുടെ കേരളം. സ്ഥിരതയുള്ള മണ്‍സൂണ്‍, മഴവെള്ളം ഇറങ്ങുന്ന ഇളക്കമുള്ള മണ്ണ്. പച്ചപ്പും ഈര്‍പ്പവും നിലനില്‍ക്കുന്ന മിതശീതോഷ്ണപ്രദേശമാണിവിടം.
നാല്‍പ്പത്തിനാല് നദികളും തടാകങ്ങളും മറ്റ് ധാരാളം ജലാശയങ്ങളും ചേര്‍ന്ന് നമ്മുടെ സംസ്ഥാനത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാക്കുന്നു’.
ജലസ്രോതസ്സുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കൂടിയാവുന്ന പുതുകാലത്ത് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്. മലമൂത്രങ്ങളടക്കമുള്ള വീട്ടുവിസര്‍ജ്യങ്ങള്‍ മുതല്‍ മാരകമായ രാസ വിഷവസ്തുക്കള്‍ അടങ്ങിയ ഫാക്ടറി / ആശുപത്രി മാലിന്യങ്ങള്‍ നമ്മുടെ ജലവാഹിനികളെ വിഷമയമാക്കിക്കൊണ്ടേയിരിക്കുന്നു. കേരളത്തിലെ 44 നദികളും ജൈവ രാസ മാലിന്യങ്ങള്‍ കലര്‍ന്നാണ് ഒഴുകുന്നതെന്ന് കണക്കുകള്‍ പറയുന്നു.
കിണര്‍ സാന്ദ്രതയില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനത്താണ് കേരളം (3 കോടി 40 ലക്ഷം ജനങ്ങള്‍ – 75 ലക്ഷം വീടുകള്‍ – അതിലുമധികം കിണറുകള്‍). കുടിവെള്ളത്തിനായി മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സ്വന്തം വീട്ടുകിണറുകളെയാണ്. പുരയിടമായി അഞ്ചു സെന്റ് സ്ഥലം. വീടുപണിയുന്നതിനു മുമ്പ് കിണര്‍ കുഴിക്കുന്നതു മലയാളിയുടെ ശീലമാണ്. ലാട്രിന്‍ ടാങ്കുകളും കുളിമുറി / അടുക്കള വേസ്റ്റ് കമ്പോസ്റ്റുകളും പുരയിടത്തില്‍ തന്നെ നില്‍ക്കണം. അപ്പോള്‍ തൊട്ടടുത്തുള്ള കിണറുകളിലെ ജീവജലത്തെ മാലിന്യങ്ങള്‍ അശുദ്ധമാക്കുന്നത് തികച്ചും സ്വാഭാവികം. മനുഷ്യന്റെയും, മറ്റു ചില ജീവികളുടെയും, കുടലില്‍ ജീവിക്കുന്ന സൂക്ഷ്മ ബാക്ടീരിയകള്‍ – (കോളിഫോംസ്, കാ ഇ-കോളി..etc) നമ്മുടെ കിണറുകളെ രോഗാണുക്കളുടെ കേന്ദ്രമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ച ക്വാളിറ്റി പ്രോട്ടോക്കോള്‍ അനുസരിച്ച് കുടിവെള്ളത്തില്‍ സൂക്ഷ്മാണുക്കള്‍ പാടില്ല. ഇതിനു പുറമെയാണ്. കീടനാശിനികളും പെയിന്റ് മുതലായ രാസവസ്തുക്കളും മുനിസിപ്പല്‍ ഡ്രെയിനേജുകളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.
ഇനി വരുന്നൊരു തലമുറയ്ക്ക് ….
എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ അല്‍പ്പം വൈകിയാണെങ്കിലും കേരളവും പങ്ക് ചേരുന്നത് ഈ സാഹചര്യത്തിലാണ്. സമയബന്ധിതമായി ലക്ഷ്യബോധത്തോടെ നടപ്പാക്കേണ്ട പദ്ധതികളാണ് ‘മിഷന്‍’ ആയി രൂപപ്പെടുന്നത്.
ഇതിനായി ആവശ്യമായ പണത്തിന്റെ 50% കേന്ദ്രവും 50% സംസ്ഥാനവും എന്നാണ് പൊതു ധാരണ. സംസ്ഥാനത്തിന്റെ 50 % എന്നത് 25-15-10 (യഥാക്രമം സ്‌റ്റേറ്റ് ഗവ: ,ഗ്രാമ പഞ്ചായത്ത് , ഗുണഭോക്താവ്) എന്ന രീതിയില്‍ വിഭജിക്കാനും വ്യവസ്ഥയുണ്ട്. കേരളത്തിലിത് ചെറു വ്യത്യാസത്തോടെ സംസ്ഥാനത്തിന്റെ വിഹിതം 55% (യഥാക്രമം 30-15-10 ശതമാനം) എന്ന അനുപാതത്തിലാണ് നിര്‍വ്വഹിക്കുന്നത്. മിഷന്‍ തുടങ്ങിയ ശേഷം ഗ്രാമീണ മേഖലയിലെ വാട്ടര്‍ സപ്ലൈ കണക്ഷനുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന തന്നെ ഉണ്ടാക്കാന്‍ കേരളത്തിലെ നോഡല്‍ ഏജന്‍സിയായ വാട്ടര്‍ അതോറിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ ഓരോ വീട്ടിലും കുടിവെള്ള സംവിധാനങ്ങളെത്താന്‍ നമ്മള്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോവണം. എല്ലാ വീടുകളിലും ടാപ്പ് വാട്ടര്‍ എത്തിച്ച സംസ്ഥാനങ്ങള്‍ക്കും എണ്‍പതും തൊണ്ണൂറും ശതമാനം പൂര്‍ത്തീകരിച്ചവര്‍ക്കും പിറകില്‍, രാജ്യത്ത് മുപ്പത്തിനാലാമതാണ് നമ്മള്‍.

ഗുണഭോക്തൃവിഹിതം പിരിക്കല്‍ പഞ്ചായത്തുകളിലേക്ക് നടത്തിപ്പ് കൈമാറല്‍ തുടങ്ങിയ കാര്യങ്ങളിലും കേരളം ഏറെ പിന്നിലാണ്. പെട്ടെന്നു കണക്ഷനുകള്‍ നല്‍കാനുള്ള ഓട്ടത്തിനിടയില്‍ നിശ്ചിതക്രമങ്ങള്‍ വേണ്ടത്ര പാലിച്ചില്ല എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പരിശീലനങ്ങളും റിപ്പോര്‍ട്ടുകളും മുറയ്ക്ക് നടന്നെങ്കിലും ഉപഭോക്താക്കളുടെ സംശയങ്ങള്‍ ഇനിയും ബാക്കി. പഞ്ചായത്ത് തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ആവശ്യമാണ്. സ്‌കൂള്‍, കോളേജ് സയന്‍സ് ക്ലബുകളെ ദൗത്യത്തില്‍ ഭാഗമാക്കാന്‍ സാധിക്കും. കുടുംബശ്രീ, അംഗനവാടി ഹെല്‍പ്പര്‍ /ആശാ വര്‍ക്കര്‍മാര്‍ മുതലായ വനിതാ സംഘങ്ങള്‍ ജലജീവന്റെ കാവലാളുകളാവണം.
നല്ല വെള്ളമെന്നത് ഒരു നിമിഷത്തെ ആവശ്യമല്ല. കുടിവെള്ള – ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ജാഗ്രത പ്രധാനമാണ്. ജലാശയങ്ങളെ ശുദ്ധമാക്കാനും ലഭിക്കുന്ന വെള്ളത്തെ അണുവിമുക്തമാക്കാനും പണ്ട് നിലവില്‍ ഉണ്ടായിരുന്ന പാരമ്പര്യ രീതികള്‍ ശാസ്ത്രീയമായി പരിശോധിച്ച് സ്വീകരിക്കാനും ഈ സമിതികള്‍ക്ക് സാധിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കും (തെളിനീരൊഴുകും നവകേരളം) ജലജീവന്‍ മിഷന്റെ ഫണ്ടുകള്‍ക്കായി ശ്രമിക്കാം.
പുതിയ സമയക്രമമനുസരിച്ച് ജലജീവന്‍ മിഷന്‍ പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടു വര്‍ഷം കൂടി സമയം നല്‍കിയിട്ടുണ്ട്. കേരളത്തിനിത് സുവര്‍ണ്ണാവസരമാണ്. നടപ്പാക്കിയതില്‍ വന്ന സ്വാഭാവികമായ പാകപ്പിഴകള്‍ കൂടി പരിഹരിച്ച് നമുക്കും മുന്നേറാം.





















