രാവിലെ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോണ്‍. ബാംഗ്ലൂരില്‍ നിന്നാണ്. അമ്മാവനാണ്.
‘യ്യ് ഷൂ മേടിക്കാന്‍ പോയില്ലേ? എന്ന് ചോദ്യം?’
‘ഷൂവോ എന്തിന് എന്ത് ഷൂ?’ ഞാന്‍ ആശ്ചര്യപ്പെട്ടു.
‘ഹായ് ..നീ ടി.വി. കാണാറില്ലേ?’
‘വല്ലപ്പോഴും വൈകുന്നേരം മാത്രം’
‘എന്നാല്‍ എല്ലാ ചാനലിലും ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ഒരു രൂപയ്ക്ക് ഷൂ വില്‍ക്കുന്ന കോഴിക്കോട്ടെ കടയിലെ തിക്കും തിരക്കുമാണ്.’
‘ഓ.. ഓരോരോ ഗിമ്മിക്ക്‌സ്..’ഞാന്‍ അതിനെ തള്ളിക്കളഞ്ഞു പറഞ്ഞു. ‘അത് പോട്ടെ.. മറുനാടന്‍ മലയാളികള്‍ സദാ കേരള ചാനലുകള്‍ നോക്കിയിരിക്കും. രാഷ്ട്രീയവും അപകടങ്ങളും നുണക്കഥകളും. നോട്ടം ഇവിടെയാണ് എങ്കിലും വോട്ട് അവിടെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നിങ്ങളുടെ വോട്ട് ഇവിടെ രജിസ്റ്റര്‍ ചെയ്യൂ. അവിടെയായതു കൊണ്ട് ഒരു പ്രയോജനവുമില്ല. എല്ലാവരും കേരളത്തില്‍ വോട്ട് ചെയ്യാന്‍ നോക്കൂ. മിക്കവര്‍ക്കും അഡ്രസ്സും വീടുമുണ്ട്. പിന്നെന്താ പ്രശ്‌നം? 90 ശതമാനം പ്രവാസികളും മോദിജിയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒന്നും ഓര്‍ക്കില്ല. ചുമ്മാ ഫേസ്ബുക്കിലും എക്‌സിലും അഭിപ്രായം എഴുതി വിടും. എന്നിട്ട് റിസള്‍ട്ട് വരുമ്പോള്‍ സങ്കടപ്പെടും. കേരളം ഇപ്പോഴും പഴയപോലെ എന്നും പറയും. നിങ്ങളാരും വന്ന് വോട്ട് ചെയ്തില്ലെങ്കില്‍ കേരളത്തിന്റെ കാര്യം ഇനി വലിയ കഷ്ടമാവും.’
‘നീ പറഞ്ഞത് ശരിയാണ്. ജനസംഖ്യാ അനുപാതം എല്ലാ താളവും തെറ്റിക്കും. പ്രീണനവും. ഈയിടെ പയ്യന്‍സിന്റെ അഞ്ചിനപരിപാടി കണ്ട് ചിരിച്ച് ആപ്പിലായി. കര്‍ണ്ണാടകയില്‍ അത്തരം കോമാളിത്തരം കാണിച്ച് മുനിസിപ്പാലിറ്റി സാമ്പത്തിക പരാധീനതയിലായി. സ്റ്റാഫിന് ശമ്പളം കൊടുക്കാന്‍ കാശില്ലാതെ വലയുന്നു. പലയിടത്തും മാലിന്യം നീക്കം ചെയ്യാതെ കെട്ടി കിടക്കുന്നു. ജനം മൂക്ക് പൊത്തിയാണ് നടക്കുന്നത്. സകലതും ഫ്രീ ആക്കുന്നത് തുലഞ്ഞ പരിപാടിയാണ്. കൈക്കൂലിയാണത്. ഏത് വിധേനയും ഭരണം പിടിക്കാന്‍ കണ്ണും മൂക്കും ഇല്ലാതെ നല്‍കുന്ന ഓരോരോ വാഗ്ദാനങ്ങള്‍.! കര്‍ണ്ണാടകത്തിനു വരുമാനമുണ്ട് കേരളം കടത്തിലാണ് വണ്ടി ഓടിക്കുന്നത്. എന്നിട്ടും അത് നന്നായി അറിയുന്ന കോണ്‍ഗ്രസ്സുകാര്‍.. അതിനിടയില്‍ ചെറുക്കന്റെ ഒരഞ്ചിന…’ അമ്മാവന്‍ തെല്ല് കോപിഷ്ഠനായി ഒന്ന് നിര്‍ത്തി.
‘എന്താ അയാളുടെ മുത്തശ്ശിയുടെ ഇരുപതിനപരിപാടി ഓര്‍ത്തുവോ?’ എന്ന് ഞാന്‍.
‘ഹ.ഹ.ഹ..’ കോപം മാറി അമ്മാവന്‍ ഉറക്കെ ചിരിച്ചു.
എമര്‍ജെന്‍സിക്കാലത്ത് കോഴിക്കോട് ആകാശവാണിയില്‍ ആയിരുന്നു അമ്മാവന് ജോലി. ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണം. പല കാര്യങ്ങളും അന്ന് പറയാറുണ്ടായിരുന്നു. എഞ്ചിനീറിങ് അസോസിയേഷന്റെ യോഗത്തില്‍ സംസാരിച്ചതിന് അമ്മാവന് ആന്‍ഡമാനിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടി. ശിക്ഷാ നടപടി.
ഞാന്‍ ചോദിച്ചു.
‘ഓര്‍മ്മയുണ്ടോ ആ ലളിതഗാനം?
അറുപതുകോടി ജനങ്ങള്‍ക്കും സമ്പത്തൊരുപോല്‍ ഭാഗിക്കാന്‍ ഇരുപതിനപ്പരിപാടിയൊരുക്കിയ പ്രിയദര്‍ശിനീ പുഷ്പ്പാഞ്ജലീ..പുഷ്പ്പാഞ്ജലീ..’
‘ഹ..ഹ..ഹ.. നീ ഇപ്പോഴും അതൊക്കെ ഓര്‍ക്കുന്നു അല്ലെ?’
‘തീര്‍ച്ചയായും. അന്ന് ഡിഗ്രി കഴിഞ്ഞ് ജോലി തേടി നടക്കുകയായിരുന്നല്ലോ. ഇന്ന് മോദിജി 140 കോടി എന്ന് പറയുമ്പോഴൊക്കെയും ഞാന്‍ ഈ അറുപതു കോടി ഓര്‍ക്കും. ഇപ്പൊ ആള് ചെറുതായി. അപ്പൊ അഞ്ചിനപരിപാടിയാണ്.’
‘ഹ.ഹ,ഹ..’
അമ്മാവന്‍ ചിരിച്ചിട്ട് പറഞ്ഞു… ‘ആ… അഞ്ചിനപരിപാടി ചെറുക്കന്‍ എന്തൊക്കെയാണ് പറയുന്നത് ഒരു ലക്കും ലഗാനുമില്ലാത്ത. അത് മാത്രമോ. സ്പീക്കറെ കേറി ‘യാര്‍’ (എഡോ ചങ്ങാ..യ്യേ) എന്ന് വിളിക്കുക. പാര്‍ക്കിലോ ബീച്ചിലോ പോകുമ്പോലെയുള്ള വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ വരുക, പാര്‍ലമെന്റ് കോലായിലിരുന്ന് ചായയും കടിയും കഴിക്കുക, പല്ലും ചിറിയും കോട്ടി മുഖം വക്രീകരിക്കുക, പോകുന്നവരെയും വരുന്നവരെയും നോക്കി കമന്റടിക്കുക. തനി റൗഡി സ്വഭാവം.’
‘ഹ..ഹ..ഹ..ഈ വിദ്വാനെക്കുറിച്ച് കങ്കണ റണാവുത് പറഞ്ഞത് കേട്ടുവോ?’
‘ഇല്ല എന്തൊക്കയോ എല്ലാവരും പറയുന്നുണ്ടല്ലോ പട്ടരിവാലാ ഭായ് റെയില്‍ പാളത്തില്‍, കലുങ്കില്‍ ഇരുന്ന് ബഡായി അടിക്കുന്നവന്‍ എന്നൊക്കെ.. വളരെ ശരിയാണത്.’
‘അതല്ല അവര്‍ പറഞ്ഞത് വളരെ യോജിച്ചതായിരുന്നു. ഇയാളുടെ സംസാരവും പെരുമാറ്റവും കണ്ടാല്‍ ഇയാള്‍. അവര്‍ ഹിന്ദിയില്‍ ഉപയോഗിച്ചത്..’മവാലി’ ‘പോരി’ എന്നൊക്കെയുള്ള വാക്കുകളായിരുന്നു. അവര്‍ ‘ഇ’ കൂട്ടി ഇട്ടപൊരി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കേട്ടത് ഏട്ടക്കൂരി എന്നായിരുന്നു ആ വാക്ക് അവര്‍ എങ്ങനെ ഉപയോഗിച്ചു എന്നായി എന്റെ ചിന്ത. ഏട്ടക്കൂരി ഒരു മത്സ്യത്തിന്റെ പേരാണ്. പ്രജനനത്തിനായി കടലില്‍ നിന്ന് നദികളിലേയ്ക്ക് കയറുന്ന സാല്‍മണ്‍ ഫിഷിന്റെ വകഭേദം. അത് പിടഞ്ഞു പിടഞ്ഞു മുകളില്‍ എത്തും. അതിന്റെ ആ പോക്ക് കണ്ടായിരിക്കും മലബാറില്‍ ചിലര്‍ ചില ആളുകളെ ആ പേരിട്ടാണ് വിളിക്കുന്നത്.’
‘ഹ.ഹ. നമ്മുടെ നാട്ടില്‍ ഇജ്ജാതി ആള്‍ക്കാര്‍ക്ക് പല പേരും പറയും വെകിളി, ബഡായിക്കാരന്‍ അങ്ങനെ പലതും’
‘നാട്ടില്‍ പണ്ട് ഓര്‍ക്കുന്നുണ്ടോ ബഡായി അടിക്കുന്ന ആള്‍ക്കാരെ? ഒരൊറ്റ ഏറിനു അഞ്ച് മാങ്ങ വീഴ്ത്തിയ, ഞാനൊരു പിടുത്തം പിടിച്ചപ്പോള്‍ എന്നൊക്കെ… ങ്ങാ… ഒരു പ്രത്യേക തരം ആക്ഷന്‍ കാട്ടിയ ആള്‍ ഇപ്പൊ എവിടെയെത്തി?’
‘നമ്മള്‍ അങ്ങനത്തവരെ തുളസൂറന്‍ എന്ന് പറഞ്ഞിരുന്നു. ആളൊരു തുളസൂറനാണ് എന്ന്. ഉള്ളിലൊന്നുമില്ലാതെ വീരവാദം മുഴക്കുന്നവന്‍, വെല്ലുവിളിക്കുന്നവന്‍ എന്നൊക്കെ അര്‍ഥം വരുമായിരിക്കാം. ഈ മവാലി എന്ന് പറഞ്ഞാല്‍ റൗഡി എന്നാണര്‍ത്ഥം. ഈ ടാപ്പോരി മുംബൈയില്‍ എല്ലാവര്‍ക്കും അറിയാം. പണ്ട് ഹിന്ദി സിനിമയില്‍ പതിവായി വരാറുണ്ടായിരുന്നു. പാട്ടും പാടി, കളര്‍ഫുള്‍ ഷര്‍ട്ടും ടൈറ്റ് പാന്റും ധരിച്ച് കഴുത്തില്‍ ഒരു ചെയിനും ഉറുമാലും മുടി സ്‌റ്റൈലില്‍ ഇട്ടോ ഒരു തൊപ്പി ധരിച്ചോ, ചിലപ്പോള്‍ കവിളില്‍ ഒരു മറുകുമുണ്ടാകും. തെരുവുകളില്‍ ചെന്ന് ഭയങ്കര ഡയലോഗ് അടിക്കുന്ന ഒരു തല്ലു കൊള്ളി.’
‘ശരിയാ.. ഞാന്‍ കണ്ടിട്ടുണ്ട്..’
‘ഈ എം.പി.ആയ ടപ്പോരിയുടെ ഡയലോഗുകള്‍ ഇങ്ങനെയൊക്കെയാണ്: ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ വലിയൊരു ബോംബ് പൊട്ടിക്കും’
‘മോദിജിക്ക് എന്റെ മുഖത്ത് നോക്കാന്‍ പേടിയാണ്. എന്റെ കണ്ണില്‍ നേരിട്ട് നോക്കില്ല അറിയോ?’
‘ഇപ്പൊ ഗ്യാസ്’ ക്ഷാമ പാനിക്ക്’ ആണ്. അത് ജനക്ഷോഭം ഉണ്ടാക്കും. അത് കത്തി പടര്‍ന്ന് മോദി സര്‍ക്കാര്‍ തെറിക്കും. ഇതൊക്കെയാണ് മോഹങ്ങള്‍. എപ്സ്റ്റീന്‍ ഫയല്‍ പോലെ ഹിന്‍ഡന്‍ബെര്‍ഗ് ഫയലായിരുന്നു ഒരു കാലത്ത്. ഈയിടെ അത് കുത്തി പൊക്കിയ മലയാളിയായ പത്രപ്രവര്‍ത്തകനെ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. കേട്ടുവോ?’
‘ഹ.ഹ. ഞാനതു കേട്ടു. മലയാള മാധ്യമങ്ങള്‍ എത്ര കപടരാണ്, അതിനൊരു പ്രാധാന്യവും കൊടുത്തില്ല. എത്ര സമയം അത് ചര്‍ച്ച ചെയ്യാന്‍ കളഞ്ഞു. എന്നിട്ട് അത് കള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ അത് പൂഴ്ത്തി വെച്ചു. നശിച്ച പ്രതിപക്ഷവും അവരുടെ ഒരു നേതാവും! ഏത് അവസരത്തിലും സര്‍ക്കാരിനെയും അത് വഴി ഇന്ത്യയെയും അവര്‍ താഴ്ത്തി കെട്ടും.’ അമ്മാവന്‍ പറഞ്ഞു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ ഹോ ഹി നഹി സക്താ’ (ഇന്ത്യയില്‍ ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല) എന്ന് പറഞ്ഞ പയ്യന്‍സ് ഈയിടെ കൊച്ചിയില്‍ വന്നപ്പോള്‍ ഡ്രോണ്‍ ഉണ്ടാക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിലെ ചെറുപ്പക്കാരനുമായുണ്ടായ സംവാദത്തില്‍ ഇളിഭ്യനായി. എല്ലാം ആ സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കുന്നു എന്നറിഞ്ഞു. അദ്ഭുതം പുറത്ത് കാണിക്കാതെ മൂന്നു വര്‍ഷം കഴിഞ്ഞു ഞാന്‍ വരും, അപ്പോള്‍ കാണാം എന്ന് പറഞ്ഞൊഴിഞ്ഞു.
എന്തൊരു അഹങ്കാരത്തിലാണ് ചോദ്യം. സര്‍ക്കാരിലെ ഏതോ വലിയ ഉദ്യോഗസ്ഥനോ മന്ത്രിയോ ആണെന്ന ഭാവത്തില്‍ എന്നെപ്പോലെ ഒരാളില്‍ നിന്ന് നിങ്ങള്‍ എന്ത് സഹായമാണ് പ്രതീക്ഷിക്കുന്നത് എന്ന്?.. ഹ ഹ ഹ
വെറും ഊതി വീര്‍പ്പിച്ച പീറ. ഇത്തരം ഏട്ടക്കൂരികള്‍ക്ക് കേരളത്തില്‍ നല്ല ഡിമാന്‍ഡാണ്. പ്രധാനമന്ത്രി സ്ഥാനത്തിന് സര്‍വ്വഥാ യോഗ്യന്‍ എന്നാണു ചില മലയാള മാധ്യമങ്ങളുടെ നിഗമനം. ഇഷ്ടന്റെ അമ്മയും പെങ്ങളും അയാളുടെ ബുദ്ധിയെ വാഴ്ത്തുന്നത് കേട്ടിട്ടുണ്ടോ?’
‘അമ്മ അങ്ങനെ പുകഴ്ത്താറില്ല. പെങ്ങള്‍ ഇയാളെക്കാളും ഭീകര ബുദ്ധിരാക്ഷസിയാണ്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ പ്രതീക്ഷയാണ് എന്നറിയാം.’
‘രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ പെങ്ങള്‍ പറയുകയാണ് എന്റെ സഹോദരന്‍ നല്ല ബുദ്ധിമാനാണ്. അവനു എല്ലാ കാര്യങ്ങളും അറിയാം.. ഹിന്ദു പുരാണത്തിലും മിത്തോളജിയിലും വരെ അവനു നല്ല അറിവുണ്ട്. അതില്‍ അവനു മോദിജിയെ വരെ തോല്‍പ്പിക്കാന്‍ കഴിയും!’
അത് കേട്ട് പൊതുവെ അവരുടെ കുടുംബ സ്തുതിപാഠകനായ രാജ് ദീപിന്റെ കണ്ണ് തള്ളിപ്പോയി. ഈസ് ഇറ്റ് സൊ? റീയലി?
‘യെസ്’ എന്ന് പിങ്കി മോളുടെ ഉത്തരം.
‘ഹ ഹ ഹ… അപ്പൊ ശരി എന്നാല്‍.. ഇനിയിപ്പോ ഇലക്ഷന്‍ വരികയല്ലേ? ആളുകളില്‍ ഒരു മാറ്റവും ഉണ്ടായി കാണുന്നില്ലല്ലോ?’അമ്മാവന്‍ സംഭാഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോലെ തോന്നി.
‘കുറച്ചു മാറ്റം ഉണ്ടാവുന്നുണ്ട്. തിരുവനന്തപുരത്ത് അത് നമ്മള്‍ കണ്ടതല്ലേ? എല്ലായിടത്തും മാറ്റം ഉണ്ടാകുന്നുണ്ട്. വളരെ പതിയെ ആണെന്ന് മാത്രം.’
‘ശരി നമുക്ക് നോക്കാം. എനിക്ക് ഒരിടം വരെ പോകാനുണ്ട്’എന്ന് പറഞ്ഞു അമ്മാവന്‍ ഫോണ്‍ വെച്ചു.
മൂര്‍ഖരായ ജനങ്ങളെ പറഞ്ഞു ബോധിപ്പിക്കുക എന്നത് അതീവ ദുഷ്‌കരമായ കാര്യമാണ്.
എന്റെ ചിന്ത നീതിശതകത്തില്‍ ഉടക്കി.
അത് എപ്രകാരമെന്നു ഭര്‍ത്തൃഹരി ഇങ്ങനെ പറയുന്നു:
‘താമരത്തണ്ടിന്നിളം നൂല്‍ കൊണ്ടൊരു
മദയാനയെ ബന്ധിക്കും പോല്‍
വാകപ്പൂവിന്നിതള്‍ കൊണ്ടൊരു
വജ്രക്കല്‍ ഛേദിക്കുമ്പോല്‍
തേന്‍ തുള്ളികളാല്‍ ലവണാംബുധിയെ
മാധുര്യമുള്ളതാക്കുമ്പോല്‍
അത്രയ്ക്ക് കഠിനം, ദുഷ്‌കരം
മൂര്‍ഖന്റെ മനം മാറ്റം… …’
എങ്കിലും മാറ്റം ഉണ്ടാവുന്നുണ്ടല്ലോ എന്ന് കരുതി സമാധാനിക്കുക തന്നെ. മാറാത്തത് മാറും എന്നാണല്ലോ മുദ്രാവാക്യവും..
ഹ.ഹ.ഹ.





















