വല്ലാതെ ഉറക്കംവരുന്നല്ലോ വാഹനം വഴിയരികില്‍ ചേര്‍ത്തുനിര്‍ത്തി ഉറങ്ങുകയാവും ഭേദം.
ഡോറന്‍പുലി മനസ്സില്‍ ഓര്‍ത്തു
എന്നിട്ട് സാവധാനം അവന്‍ ഓടിച്ചിരുന്ന കാര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തി.
പെട്ടെന്ന് ഒരു എലിക്കുട്ടന്‍ അവന്റെ കണ്ണില്‍പ്പെട്ടു. ഡോറുതുറന്ന് ചാടിയിറങ്ങി എലിക്കുട്ടനെ കാറിനകത്ത് കൊണ്ടുവന്ന് സീറ്റില്‍ കെട്ടിയിട്ടു.
പാവം എലി, പുലിയെക്കണ്ടപ്പോള്‍ അതിന്റെ പാതിജീവന്‍ പോയി.
‘നിന്നെ അകത്താക്കാമെന്നുവെച്ചാല്‍ ഉറക്കം കൂടുകയേ ഉള്ളൂ. നീ ഏതായാലും കൂടെ പോര്’
ഏതായാലും കുറച്ചുദൂരംകൂടി മുന്നോട്ടുപോകാമെന്നു പറഞ്ഞ് പുലി വാഹനവുമായി മുന്നോട്ടുകുതിച്ചു.
ഇനി ഈ എലിക്കുട്ടന്‍ ചാടിപ്പോകാതെ നോക്കണമല്ലോ എന്ന് കരുതി, പുലി ഇടയ്ക്കിടെ ഇടതുവശത്തേക്ക് നോക്കും.
എന്നിട്ട് നേരെ നോക്കി വാഹനമോടിക്കും.
പുലിയുടെ വായിലകപ്പെടുമോ എന്ന് ഭയന്ന് എലിക്കുട്ടനും ഉറങ്ങാന്‍ ധൈര്യമുണ്ടായില്ല.
‘നമുക്ക് ഉറക്കംവരാതെ സംസാരിച്ചിരുന്നാലോ?’ പുലി ചോദിച്ചു. അങ്ങനെ അവര്‍
പലതും പറഞ്ഞ് കൂടുതലടുത്തപ്പോള്‍ എലിയുടെ ഭയം കുറഞ്ഞു. പുലിയുടെ ഉറക്കവും.
കുറച്ചു ദൂരംകഴിഞ്ഞപ്പോള്‍ പുലിയച്ചന്‍ വാഹനം നിര്‍ത്തി എലിയോട് പറഞ്ഞു.
‘എന്നെ ഉറക്കംവരാതെ രക്ഷിച്ചത് നീയാണ് അതുകൊണ്ട് ഞാന്‍ നിന്നെ വെറുതെ വിടുന്നു.’
‘പക്ഷേ, ഇത്രയുംദൂരം നീ പുറകോട്ടുപോകണം. അതൊരു ബുദ്ധിമുട്ടല്ലേ?’
‘ഏയ്, അതൊന്നും പ്രശ്‌നമല്ല. ജീവന്‍ തിരിച്ചുകിട്ടിയല്ലോ!’ എന്നു പറഞ്ഞ് എലിക്കുട്ടന്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി.
പുലിയച്ചന്‍ സന്തോഷത്തോടെ വാഹനമോടിച്ച് മുന്നോട്ടുപോയി.






















