ആത്മനിര്‍ഭര്‍ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയവ ഇന്ന് ഏറെ പ്രചാരം നേടിയ പ്രയോഗങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളുമാണ്. സ്വയംപര്യാപ്തതയുടെ സന്ദേശമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. പരസ്പരാശ്രയത്വത്തിലൂടെ മാത്രമേ രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്നത് ഒരു പൊതുതത്വമാണെങ്കില്‍ കൂടി സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ. ട്രംപിന്റെ തീരുവ പ്രഖ്യാപനവും എച്ച്‌വണ്‍ ബി വിസയുടെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതും സ്വയംപര്യാപ്തതയുടെ പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നു.
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ് ഭാരതീയ ഭാഷകളുടെ ശാക്തീകരണം. നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേത്. ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളില്‍ മാത്രം 600-ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ 22 ഭാഷകള്‍ക്കാണ് ദേശീയഭാഷയായി അംഗീകാരം നല്‍കിയിട്ടുള്ളത്. 2003ല്‍ വാജ്‌പേയ് സര്‍ക്കാരാണ് ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നീ നാലു ഭാഷകളെ ഒരുമിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തി ചെറിയഭാഷകളുടെ സ്വരവും ദേശീയ തലത്തില്‍ കേള്‍പ്പിച്ചത്. ഗോത്രഭാഷകളും ഉപഭാഷകളും ചേര്‍ന്ന് ലോകത്ത് ഭാഷാപരമായ ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന ഏറ്റവും വലിയ ജനസമൂഹമാണ് നമ്മുടേത്. എന്നാല്‍ ദീര്‍ഘകാലത്തെ വൈദേശികാധിപത്യവും ബ്രിട്ടീഷ് കോളണിവാഴ്ചയും സമ്പന്നമായ ഭാരതീയഭാഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ഇംഗ്ലീഷ് ഭാഷയുടെ അധീശത്വം ഉറപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തില്‍ ഇംഗ്ലീഷ് ഭാഷയുടെ സാധ്യതകളും നീണ്ട കാലത്തെ ബ്രിട്ടീഷ് ഭരണവും കൂടിയായപ്പോള്‍ സ്വാതന്ത്ര്യാനന്തരവും ഇംഗ്ലീഷിന്റെ അപ്രമാദിത്വം നിലനിന്നു. ഭാഷാപരമായ ഭാരതത്തിന്റെ വൈജാത്യത്തെ മുതലെടുത്തു കൊണ്ട് രാജ്യത്തിന്റെ പൊതുഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചു. ഇതിനുള്ള മറുപടിയായിട്ടാണ് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പൊതുഭാഷ എന്ന നിലയില്‍ ഹിന്ദിയെ അവതരിപ്പിച്ചത്. 1918ല്‍ മഹാത്മാഗാന്ധി മദ്രാസില്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍ സഭ സ്ഥാപിക്കുകയും മകന്‍ ദേവദാസ് ഗാന്ധിയെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന കര്‍മ്മപദ്ധതിയായി ഹിന്ദിപ്രചാരണം മാറുകയും രാഷ്ട്രഭാഷ എന്ന നിലയില്‍ ജനമാനസത്തില്‍ ഹിന്ദിഭാഷയ്ക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യം അഭിമുഖീകരിച്ച ഒരു ദേശീയ പ്രശ്‌നമായി ഭാഷ നിലനിന്നു. 1949ല്‍ ഭരണഘടനാ നിര്‍മ്മാണസഭ മൂന്ന് ദിവസത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉപാധികളോടെ ദേവനാഗിരിലിപിയിലുള്ള ഹിന്ദിഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. സഭയില്‍ സംസ്‌കൃതത്തിനും ഇംഗ്ലീഷിനും വേണ്ടി വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. 1950 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന നിലവില്‍ വന്ന ദിനം മുതല്‍ ഔദ്യോഗികഭാഷയായി ഹിന്ദിയെ അംഗീകരിച്ചുവെങ്കിലും 1965 വരെ 15 വര്‍ഷകാലം ഇംഗ്ലീഷിന് തുടരാനുള്ള അനുമതി ഭരണഘടന നല്‍കിയിരുന്നു. ഇതിനിടയില്‍ തന്നെ തമിഴ്‌നാട്ടില്‍ ഹിന്ദിക്കെതിരെ പ്രതിഷേധം തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുമുമ്പെ തന്നെ തുടങ്ങിയ പ്രതിഷേധങ്ങള്‍ സ്വാതന്ത്ര്യത്തിനുശേഷം ശക്തി പ്രാപിച്ചു. 1965ന് ശേഷം രാജ്യത്ത് ഹിന്ദി പൂര്‍ണ്ണമായും അംഗീകരിക്കപ്പെടുമെന്ന ധാരണ പരന്നതോടെ 1960കളില്‍ തമിഴ്‌നാട്ടിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭം രക്തരൂക്ഷിതവും ഹിംസാത്മകവുമായി. കോണ്‍ഗ്രസ്സിന്റെ അടിത്തറ ഇളക്കാന്‍ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞു. ദ്രാവിഡ സ്വത്വബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രക്ഷോഭം ഊര്‍ജ്ജം പകര്‍ന്നു. അങ്ങനെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഉപോത്പന്നമായി 1967 ല്‍ ആദ്യത്തെ ദ്രാവിഡ മുന്നേറ്റകഴകം സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നു. 1963-ല്‍ ലോക്‌സഭയിലും രാജ്യസഭയിലും ഒഫീഷ്യല്‍ ലാംഗ്വേജ് ആക്ട് പാസ്സാക്കിക്കൊണ്ട് 1965ന് ശേഷമുള്ള ആശങ്ക പരിഹരിക്കപ്പെട്ടു. രാജ്യത്ത് ഹിന്ദിയും ഇംഗ്ലീഷും ഒരേപോലെ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. ഈ സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്. രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാന്‍ ഭാഷ ഒരായുധമാണെന്ന് തമിഴ്‌നാട് കാണിച്ചുകൊടുക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്നതാണ് കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും ബംഗാളിലുമൊക്കെ പലപ്പോഴും പ്രാദേശികഭാഷാവികാരം തിളച്ചുമറിയുന്നതിന്റെ കാരണം.
ശാക്തീകരണത്തിന്റെ വഴിയില്‍
ഇന്ന് ഭാരതീയ ഭാഷകള്‍ മുമ്പൊന്നുമില്ലാത്തവിധം ശാക്തീകരണത്തിന്റെ വഴിയിലാണ്. സമ്പന്നമായ സാഹിത്യപാരമ്പര്യം മാത്രമല്ല ഭാഷാവളര്‍ച്ചയുടെ അടിസ്ഥാനം. ഭരണത്തിലും വിദ്യാഭ്യാസത്തിലും ശാസ്ത്രസാങ്കേതിക വിഷയങ്ങളിലും ഉപയോഗിക്കപ്പെടുക കൂടി ചെയ്യുമ്പോഴെ ഭാഷ വളരുകയുള്ളൂ. ഭരണനിര്‍വ്വഹണത്തിന്റെയും പഠനമാധ്യമത്തിന്റെയും ആധുനിക വിവരസാങ്കേതികവിദ്യയുടേയുമെല്ലാം ഭാഷയായി നമ്മുടെ ഭാഷകള്‍ക്ക് വളരാന്‍ കഴിയണം. ഈ ദിശയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2020ലെ പുതിയ ദേശീയവിദ്യാഭ്യാസനയത്തില്‍ ഭാരതീയ ഭാഷകളുടെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് എന്‍.ഇ.പി. നിര്‍ദ്ദേശിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പഠന ബോധനപ്രക്രിയയില്‍ ഭാരതീയ ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (AICTE) ഈയ്യിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളൊക്കെ വലിയ പ്രാധാന്യത്തോടെ കാണുകയുണ്ടായി. Vibrant Advancy for Advancement and nurturing of Indian Languages (VANI) എന്ന പേരിലുള്ള പദ്ധതിയാണ് ശ്രദ്ധേയമായത്. ഗവേഷണപ്രബന്ധങ്ങള്‍ ഭാരതീയഭാഷകളില്‍ തയ്യാറാക്കുക എന്നതാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്ത സര്‍വ്വകലാശാലകളില്‍ ശില്പശാലകള്‍ സംഘടിപ്പക്കാനും മറ്റുമായി ഓരോ അദ്ധ്യയന വര്‍ഷവും രണ്ട് കോടി രൂപ സാമ്പത്തിക സഹായമനുവദിക്കാന്‍ എ.ഐ.സി.ടി.ഇ തീരുമാനിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമിസ്, ഉറുദു, ഒഡിയ എന്നീ ഭാഷകളിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുക. ഇംഗ്ലീഷ് ഭാഷയിലല്ലാതെ സാധ്യമാകില്ല എന്ന് നാം വിചാരിക്കുന്ന കാലാവസ്ഥാവ്യതിയാനം, അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്, സെമികണ്ടക്ടര്‍, ബഹിരാകാശപഠനം, ഊര്‍ജ്ജമേഖല തുടങ്ങിയ അനേകം വിഷയങ്ങളില്‍ ഭാരതീയ ഭാഷകളില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചുകൊണ്ട് നമ്മുടെ ഭാഷകളെ സക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐ.ഐ.ടി) മാതൃഭാഷയില്‍ അദ്ധ്യയനം നടത്താനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ഐ.ഐ.ടി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി 2021-22 ലെ ബി.ടെക് ആദ്യവര്‍ഷകോഴ്‌സ് ഹിന്ദിമാധ്യമത്തിലൂടെ പഠിക്കാന്‍ ഓപ്ഷന്‍ സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഉന്നത വിദ്യാഭ്യാസത്തില്‍ ഭാരതീയ ഭാഷകള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു. ഐ.ഐ.ടി.ബി.എച്ച്.യുവിന്റെ പാത പിന്തുടര്‍ന്ന് ഐ.ഐ.ടി ജോധ്പൂരും 2024-25 മുതല്‍ ബി.ടെകിന് ഹിന്ദിമാധ്യമം തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കി.
ഏറ്റവും സങ്കീര്‍ണ്ണമായ വിഷയങ്ങളിലൊന്നായ നിയമം മാതൃഭാഷയില്‍ പഠിക്കാനുള്ള സൗകര്യം ഇന്ന് നമ്മുടെ രാജ്യത്തുണ്ട്. കോടതി വ്യവഹാരം പോലുള്ള സുപ്രധാന കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ ഭാഷകളില്‍ ലഭ്യമാക്കണമെന്ന ആവശ്യം പ്രബലമായികൊണ്ടിരിക്കുകയാണ്. രാജ്യത്ത് 1950 മുതലുള്ള സുപ്രീംകോടതിയുടെ 37000 വിധി പ്രസ്താവങ്ങള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
2022-ല്‍ രാജ്യത്ത് ആദ്യമായി മധ്യപ്രദേശില്‍ വൈദ്യശാസ്ത്രപഠനം (എംബിബിഎസ്) മാതൃഭാഷയില്‍ ആരംഭിച്ചു കഴിഞ്ഞു. 2022 ജൂലായ് 16ന് ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എം.ബി.ബി.എസ്. ഒന്നാം വര്‍ഷ പാഠപുസ്തകങ്ങളായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി പുസ്തകങ്ങളുടെ ഹിന്ദിപരിഭാഷ പ്രകാശനം ചെയ്തുകൊണ്ട് മാതൃഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. മധ്യപ്രദേശിലെ 13 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാതൃഭാഷയില്‍ അദ്ധ്യയനത്തിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 97 മെഡിക്കല്‍ കോളേജ് അധ്യാപകരും മറ്റു വിദഗ്ദ്ധരുമടങ്ങിയ സംഘം 5,568 മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശിനെ മാതൃകയാക്കി ബിഹാറും ഉത്തര്‍പ്രദേശും മെഡിക്കല്‍ പഠനം മാതൃഭാഷയില്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ 2024 അദ്ധ്യയനവര്‍ഷം മുതല്‍ ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പുറമേ മലയാളമടക്കം 10 ഭാരതീയ ഭാഷകളില്‍ എം.ബി.ബി.എസ് പഠനം നടത്താനുള്ള സൗകര്യമനുവദിച്ചുകൊണ്ട് പാഠ്യപദ്ധതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ധ്യാപനവും പഠനവും മൂല്യനിര്‍ണ്ണയവും പ്രാദേശികഭാഷകളില്‍ ചെയ്യാമെന്നാണ് നിര്‍ദ്ദേശം.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമമായി മാതൃഭാഷകള്‍ മാറി കഴിഞ്ഞു. മാതൃഭാഷയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലിക്കായുള്ള മത്സരപരീക്ഷകള്‍ മലയാളമടക്കമുള്ള ഭാരതീയ ഭാഷകളില്‍ എഴുതാനുള്ള സൗകര്യം എസ്.എസ്.സിയും യു.പി.എസ്.സിയും നല്‍കുന്നുണ്ട്. നേരത്തെ ഇത് ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ സാധിച്ചിരുന്നുള്ളൂ. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കമ്പയിന്റ് ഹയര്‍സെക്കന്ററി ലെവല്‍- (CH SL) പരീക്ഷയും മള്‍ട്ടി ടാക്‌സിംഗ് സ്റ്റാഫ് (MTS-)- പരീക്ഷയും 2022 മുതല്‍ ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പുറമെ മലയാളമടക്കമുള്ള 13 ഭാഷകളില്‍ നടത്താനുള്ള നിര്‍ണ്ണായക തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുകയുണ്ടായി. രാജ്യത്തെ പ്രധാന മത്സരപരീക്ഷകളായ ജെ.ഇ.ഇ., നീറ്റ്, യു.ജി.സി. പരീക്ഷകള്‍ ഇംഗ്ലീഷും ഹിന്ദിയുമടക്കം 12 ഭാഷകളില്‍ നടത്താന്‍ 2022-ല്‍ നടപടി സ്വീകരിച്ചിരുന്നു. ഭാവിയില്‍ എല്ലാ മത്സരപരീക്ഷകളും ഭരണഘടന അംഗീകരിച്ച 22 ഭാഷകളില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഭാരതീയ ഭാഷകള്‍ക്ക് മുമ്പൊന്നുമില്ലാത്തവിധം ശാക്തീകരണത്തിന്റെ അന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞു.
മലയാളത്തിന്റെ സ്ഥിതി
സാഹിത്യത്തിലും സിനിമയിലുമൊക്കെ ദേശീയതലത്തില്‍ വലിയ സ്വാധീനമറിയിക്കുന്ന ഭാഷയാണ് മലയാളം. സമൃദ്ധമായൊരു സാഹിത്യ പാരമ്പര്യത്തിന്റെ അവകാശികളാണ് നാം. എന്നാല്‍ ഭരണതലത്തിലും ഉന്നതവിദ്യാഭ്യാസത്തിലും പൊതുവ്യവഹാരമണ്ഡലത്തിലും ഈ ഭാഷ എത്രമാത്രം ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് വിലയിരുത്തേണ്ടത് ഈ ഭാഷയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയമാണ്. അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന്റെ മേധാവിത്വം സര്‍ഗ്ഗാത്മക സാഹിത്യത്തിലെ ഈ ഭാഷയുടെ വളര്‍ച്ചയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. കംപ്യൂട്ടറിന്റെ ഭാഷ എന്ന നിലയിലും ആധുനികശാസ്ത്രസാങ്കേതികവിദ്യയിലെ നവീനങ്ങളായ കണ്ടുപിടുത്തങ്ങള്‍ ലോകത്തിനെ അറിയിക്കുന്ന ഭാഷ എന്ന നിലയില്‍ കൂടിയാണ് ഇംഗ്ലീഷ് ശ്രദ്ധേയമാകുന്നത്. എല്ലാ അറിവുകളും ഉള്‍ക്കൊള്ളാനും അത് ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാനും നമ്മുടെ ഭാഷകള്‍ക്ക് കഴിയണം. അപ്പോഴാണ് ഭാഷ വളരുന്നത്.
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും ഭരണഭാഷയുമാണ് മലയാളം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഏഴ് പതിറ്റാണ്ട് തികയാന്‍ പോകുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ രൂപീകരണം സ്വാതന്ത്ര്യസമര കാലത്തു തന്നെ സ്വീകരിക്കപ്പെട്ട നയമായിരുന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലായിരിക്കണമെന്നതുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ മാതൃഭാഷയെ ഔദ്യോഗികഭാഷയായി സ്വീകരിച്ചത്. ഭരണഘടനയുടെ അനുച്‌േഛദം 345 അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ആ സംസ്ഥാനത്ത് പ്രചാരത്തിലുള്ള ഒന്നോ അതിലധികമോ ഭാഷകള്‍ ഉപയോഗിക്കാന്‍ കഴിയും. 1969ലെ കേരള ഔദ്യോഗിക ഭാഷാ നിയമമനുസരിച്ച് മലയാളം ഔദ്യോഗിക ഭാഷയാണെങ്കിലും ഇംഗ്ലീഷും ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 1973ല്‍ ഈ നിയമത്തിന് ചില ഭേദഗതികളൊക്കെ വരുത്തിയിരുന്നെങ്കിലും മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാമെന്ന പഴുത് ഉപയോഗിച്ച് ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുകയായിരുന്നു. മലയാളം മാത്രം ഭരണഭാഷയായി നിജപ്പെടുത്താനായി 2015ല്‍ ഔദ്യോഗികഭാഷാ ബില്‍ നിയമസഭ പാസ്സാക്കുകയുണ്ടായി. ഈ ബില്ലാണ് ഇപ്പോള്‍ വാര്‍ത്തയില്‍ വന്നിട്ടുള്ളത്. ഈ ബില്ല് സര്‍ക്കാര്‍ വീണ്ടും പാസ്സാക്കുകയാണ്. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. ഇനി നിയമപ്രകാരം നിയമസഭയിലവതരിപ്പിച്ച് നിയമമായി മാറേണ്ടതുണ്ട്. 2015ല്‍ അവതരിപ്പിച്ച ബില്ലിനെന്തു പറ്റി എന്ന ചോദ്യം സ്വഭാവികമാണ്. ഭരണഘടനയുടെ സമവര്‍ത്തി പട്ടികയില്‍പെട്ട വിഷയമായതുകൊണ്ട് ബില്‍ നിയമമാകാന്‍ ഗവര്‍ണ്ണറിലൂടെ രാഷ്ട്രപതിയുടെ അംഗീകാരം നേടേണ്ടതുണ്ട്. എന്തെങ്കിലും സങ്കീര്‍ണ്ണത ശ്രദ്ധയില്‍പെട്ടാല്‍ ബില്‍ നിയമസഭയ്ക്ക് തിരിച്ചയക്കുകയാണ് പതിവ്. പ്രസ്തുതബില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയോ നിയമമന്ത്രാലയത്തിലെത്തുകയോ ചെയ്തിട്ടില്ല. ഗവര്‍ണ്ണറുടെ ഒപ്പില്ലാതെ അയച്ച ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നടപടിയില്ലാത്ത സ്ഥിതിയിലായിരുന്നു. ഗവര്‍ണ്ണറുടെ ഒപ്പില്ലാതെ ബില്ലയച്ചത് ചില ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയാണെന്ന് പറയപ്പെടുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ഈ ബില്ലിന് ആവശ്യമില്ല എന്ന വാദവും ചിലര്‍ ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഗുരുതരമായ വീഴ്ചകള്‍കൊണ്ടോ താത്പര്യകുറവ് കാരണമോ 2015ലെ മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ നിയമമാകാതെ പോയി. മലയാളത്തെ ഔദ്യോഗികഭാഷയാക്കാന്‍ 1957 മുതല്‍ വിവിധ കമ്മീഷനുകള്‍ രൂപീകരിച്ച് പരിശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇന്നുവരെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഭരണഭാഷയാകാന്‍ മലയാളത്തിന് സാധിച്ചിട്ടില്ല.
ഏതു കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ഭാരതീയഭാഷകളുടെ ശാക്തീകരണത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളോടും വിപരീത മനോഭാവമാണ് പുലര്‍ത്തുന്നത്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അഞ്ചാം ക്ലസ്സുവരെയെങ്കിലും മാതൃഭാഷയിലുള്ള അദ്ധ്യയനം വിഭാവനം ചെയ്യുന്നു. ഇത് എട്ടാം ക്ലാസ് വരെയാകുന്നത് അഭികാമ്യമാണെന്നും പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമമായും മാതൃഭാഷകളെ ഉപയോഗിക്കണമെന്ന് എന്‍.ഇ.പി. നിര്‍ദ്ദേശിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ തന്നെ നിയമിച്ച ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. എം.എ. ഖാദര്‍ അധ്യക്ഷനായ സമിതിയുടെ 2022-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അദ്ധ്യയന മാധ്യമം മാതൃഭാഷയിലായിരിക്കണം. പഠന മാധ്യമം മലയാളത്തിലാക്കുന്നതിലൂടെ ഗുണനിലവാരുമുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആത്മവിശ്വാസം, അവബോധം തുടങ്ങിയ വൈകാരിക മണ്ഡലങ്ങളെയും സര്‍ഗ്ഗാത്മക ചിന്തയെയും പ്രചോദിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭാഷ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മറ്റൊരു ഭാഷയില്‍ പഠിക്കുമ്പോള്‍ ഭാഷാ ഭാരമുണ്ടാകുമെന്നും നിരീക്ഷിക്കുന്നു. മാതൃഭാഷയെ കുറിച്ചുള്ള ഖാദര്‍ കമ്മിറ്റി പരാമര്‍ശങ്ങളെ കുറിച്ച് സര്‍ക്കാര്‍ മൗനത്തിലാണ്. സംസ്ഥാന സിലബസിലാണെങ്കില്‍ മാതൃഭാഷാ മാധ്യമത്തോട് തികഞ്ഞ അവഗണനയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കുട്ടികളെ ആകര്‍ഷിക്കാനായി ഇംഗ്ലീഷ് മാധ്യമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് സ്‌കൂളധികൃതര്‍ പുലര്‍ത്തുന്നത്. 2025-26 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന സംസ്ഥാന സിലബസ്സുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. ജനനനിരക്കിലെ കുറവാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് പറയുമ്പോഴും കുട്ടികളുടെ ഭാവിയില്‍ ജാഗരൂകരായ കുറച്ച് രക്ഷിതാക്കളെങ്കിലും സിബിഎസ്ഇ തിരഞ്ഞെടുത്തിരിക്കാം. പുതിയ വിദ്യാഭ്യാസനയത്തോട് സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത് തങ്ങളുടെ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാകില്ലല്ലോ. ശാസ്ത്ര സാങ്കേതിക വിഷയങ്ങളും വൈദ്യശാസ്ത്രവും മാതൃഭാഷയില്‍ പഠിപ്പിക്കാന്‍ അനുമതി ഉണ്ടെങ്കിലും നമ്മുടെ സര്‍ക്കാര്‍ അത് അറിഞ്ഞമട്ടില്ല. കേരളത്തിനും ഭാരതത്തിനും പുറത്ത് സാധ്യതകള്‍ തേടുന്ന നമ്മുടെ യുവതലമുറ മാതൃഭാഷയിലെ അദ്ധ്യയനം സ്വാഗതം ചെയ്യുമെന്ന് കരുതേണ്ടതില്ല. എങ്കിലും പഠിതാവിന് ഇഷ്ടമുള്ള അദ്ധ്യയനമാധ്യമം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
മലയാളഭാഷയ്ക്ക് 2013ലാണ് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നത്. ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന ഭാഷകള്‍ക്ക് വികസനത്തിനായി പ്രത്യേക കേന്ദ്ര സാമ്പത്തിക സഹായം ലഭിക്കും. ഭാഷയുടെ വികസനത്തിനായി പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയാണ് വേണ്ടത്. ‘സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിള്‍’ ആണ് തമിഴ് ഭാഷയുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി പ്രവര്‍ത്തിക്കുന്നത്. സംസ്‌കൃതഭാഷയുടെ വികസനം മൂന്ന് കേന്ദ്ര സര്‍വ്വകലാശാലകളിലൂടെയാണ് നടപ്പിലാക്കുന്നത്. എന്നാല്‍ മലയാളത്തിന് ഇത്തരത്തിലൊരു സംവിധാനമുള്ളതായി അറിയില്ല. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതികള്‍ യഥാസമയത്ത് സമര്‍പ്പിക്കപ്പെടുന്നില്ല എന്ന ആരോപണമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണവും പ്രോത്സാഹനവും ഒപ്പം ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ കാര്യനിര്‍വ്വഹണവും പൊതുജനങ്ങളുടെ സമീപനവും അനുകൂലമാകുമ്പോഴേ മാതൃഭാഷ മലയാളം വളരുകയുള്ളൂ. ഒരു ജനതയുടെ ഭാഷാഭിമാനവും പ്രധാന ഘടകമാണ്. ഭാഷയുടെ പേരില്‍ കലഹം തീര്‍ക്കുന്ന തമിഴര്‍ നല്ലൊരു മാതൃകയല്ലെങ്കിലും അവരുടെ സ്വത്വബോധവും ഭാഷാഭിമാനവും പ്രകീര്‍ത്തിക്കേണ്ടതാണ്. തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നുവെന്നതാണ് അഭിനന്ദനാര്‍ഹമായിട്ടുള്ളത്. ഭാഷയുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകരമായിട്ടുണ്ട്. വോട്ടു രാഷ്ട്രീയത്തിനുവേണ്ടി ഭാഷയെ ഉപയോഗിക്കുന്നതും ദേശീയധാരയില്‍ നിന്നും വേറിട്ടു നിലകൊള്ളുന്ന അപ്രായോഗിക സമീപനങ്ങളും തമിഴ് ഭാഷാവാദികള്‍ ഒഴിവാക്കേണ്ടത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്ന കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ പരിപാടികളും പൊതുപരിപാടികളും തമിഴ്തായ്‌വാഴ്‌ത്തോടുകൂടിയാണ് ആരംഭിക്കുക. തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായി ഇത് അംഗീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരൊഴികെ മറ്റുള്ളവരെല്ലാം ഈ ഗാനമാലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണം. നമുക്കും ഉണ്ട് ഒരു കേരളഗാനം. 1938ല്‍ ബോധേശ്വരന്‍ രചിച്ച ജയജയ കോമള കേരള ധരണി… എന്നു തുടങ്ങുന്ന ഗാനം 2014ല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചുവെങ്കിലും പൊതുവേദികളിലോ സര്‍ക്കാര്‍ പരിപാടികളിലോ ഈ ഗാനം അധികമൊന്നും പാടികേള്‍ക്കാറില്ല എന്നതാണ് വസ്തുത. മൊബൈലിന് കൈപേസിയെന്നും പോലീസ് സ്റ്റേഷന് കാവല്‍തുറൈ എന്നും പറയാന്‍ തമിഴന് മടിയില്ല. ഇത്രയ്ക്ക് വേണോ എന്ന ചോദ്യമുയരുമ്പോഴും ഏത് ആശയവും പ്രകടിപ്പിക്കാന്‍ തക്കവണ്ണം എന്റെ ഭാഷ വളര്‍ന്നുവെന്ന അഭിമാനമാണ് തമിഴനുണ്ടാകുന്നത്. മലയാളത്തില്‍ പലപ്പോഴും ഇംഗ്ലീഷിന് തത്തുല്യമായ വികലമായ മലയാള പദങ്ങള്‍ സൃഷ്ടിച്ച് ഭാഷയെ പരിഹാസ്യമാക്കാനും അതിലൂടെ ഇംഗ്ലീഷ് തന്നെയാണ് അഭികാമ്യം എന്ന പൊതുബോധമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാ ഇംഗ്ലീഷ് പദങ്ങള്‍ക്കും കൃത്രിമവും ജനസ്വീകാര്യത ഇല്ലാത്തതും പരിഹാസ്യവും സങ്കീര്‍ണ്ണവുമായ പദങ്ങള്‍ സൃഷ്ടിക്കുക എന്നതല്ല ഔദ്യോഗിക ഭാഷാ നിര്‍വ്വഹണത്തിന്റെ നയവും രീതിയും. സമൂഹം അംഗീകരിച്ച പ്രചുരപ്രചാരം നേടിയ പദങ്ങള്‍ ഇംഗ്ലീഷിലോ മറ്റേതുഭാഷയിലായാലും അതേപോലെ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യണമെന്നതാണ് ഭാഷാനയം. ഔദ്യോഗിക ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പദാവലി ലളിതവും പൊതുജനത്തിന് അര്‍ത്ഥഗ്രഹണത്തിന് പ്രയാസം സൃഷ്ടിക്കാത്തതുമായിരിക്കണമെന്ന് കേന്ദ്ര ഔദ്യോഗിക ഭാഷാ വകുപ്പ് പല സമയത്തും പരിപത്രം ഇറക്കിയിട്ടുണ്ട്.
കേരളപിറവി ദിനത്തില്‍ വള്ളത്തോളിന്റെ ഒരു കവിതാ ശകലം ആലപിച്ചോ വയലാറിന്റെ സിനിമാഗാനം പാടിയോ ഭാഷാഭിമാനം പ്രകടിപ്പിച്ചാല്‍ മാത്രം മലയാളം വളരില്ല. മാതൃഭാഷയെ സ്‌നേഹിക്കുന്ന ഒരു തലമുറ നമുക്കുണ്ടാകണം. അതിലേക്ക് അവരെ നയിക്കാന്‍ ഉതകുന്ന ഒരു പാഠ്യപദ്ധതി നമുക്കുവേണം. സ്വന്തം ഭാഷയുടെ വളര്‍ച്ച സ്വാശ്രയത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും വിഷയം കൂടിയാണെന്ന് മനസ്സിലാക്കണം. ഭാരതീയഭാഷകളുടെ ശാക്തീകരണത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. കോളനിവല്‍ക്കരണത്തിന്റെ കാലം കഴിഞ്ഞു. സാര്‍വ്വദേശീയത എന്നത് അപ്രായോഗികമായ അലങ്കാരപദമായി മാറി. ഒരു ഭാഗത്ത് നാം ആഗോളവത്ക്കരണത്തെയും വിശ്വമാനവികതയെയും കുറിച്ച് പറയുമ്പോള്‍ തന്നെ ദേശീയതയും സ്വാശ്രയത്വവും സ്വയം പര്യാപ്തതയുമൊക്കെ പ്രധാന വിഷയങ്ങളായി മാറുകയാണ്. സമീപകാലത്തെ അമേരിക്കയുടെ നയങ്ങളും പാലസ്തീന്റെയും ഇസ്രായലിന്റെയും നിലപാടുകളും അതാണ് സൂചിപ്പിക്കുന്നത്. ഭാഷ സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വിഷയമാകയാല്‍ ‘മര്‍ത്ത്യനു പെറ്റമ്മയായ തന്‍ ഭാഷ’യെ നമുക്ക് ചേര്‍ത്തു പിടിക്കാം, നെഞ്ചേറ്റാം. ‘എന്റെ ഭാഷ ഞാന്‍ തന്നെയാണ്’ എന്ന എംടി വാസുദേവന്‍ നായരുടെ ഭാഷാ പ്രതിജ്ഞയിലെ വാക്കുകള്‍ ഒന്നുകൂടി ഉറപ്പിച്ച് പറയാം.





















