Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പടയണിയെന്ന പ്രകൃതിപൂജ

രവീന്ദ്രവർമ്മ അംബാനിലയംരവീന്ദ്രവർമ്മ അംബാനിലയം
20 March 2026

പടയണി പാട്ടിന്റെ തപ്പു താളത്തില്‍ കലാകാരന്മാര്‍ കൊട്ടിക്കയറുമ്പോള്‍ ആ ഉത്സവ അന്തരീക്ഷത്തില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഹൃദയത്തുടിപ്പായി, ഹൃദയ താളമായി മാറുന്ന പ്രാചീന കലാരൂപമാണ് പടയണി. കലയും ശാസ്ത്രവും പൗരാണികമായ വെളിപാടുകളും മനുഷ്യരാശിക്ക് എക്കാലവും പകര്‍ന്നു നല്‍കുന്നതാണ് ഈ പ്രാചീന കലാരൂപം.

Google NewsAdd Kesari Weekly as a preferred source on Google

ഭദ്രകാളിയുടെ ക്രോധം ശമിപ്പിക്കാന്‍ ഗണപതിയും നന്ദികേശനും ഉള്‍പ്പെടെ ഉള്ളവര്‍ കോലങ്ങള്‍ കെട്ടി കളിച്ചുവെന്നും അത് കണ്ട് കാളി സന്തോഷവതിയായി എന്നുമാണ് പടയണിയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം. തിരുവിതാംകൂറിന്റെ തെക്കന്‍ ഭാഗത്തുള്ളവര്‍ ശത്രുക്കളെ ഭയപ്പെടുത്താന്‍ അഭ്യസിച്ചിരുന്ന കളരിപ്പയറ്റ് എന്ന സമ്പന്നമായ ആയോധനകലയെ ഓര്‍മ്മപ്പെടുത്തുന്ന യോദ്ധാക്കളുടെ നിര എന്ന് അര്‍ത്ഥം വരുന്ന പട (സൈന്യം) അണി (നിര) എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് പടയണി എന്നൊരു പക്ഷമുണ്ട്. എന്നാല്‍ കാര്‍ഷിക സംസ്‌കൃതിയില്‍ അലിഞ്ഞുചേര്‍ന്ന നമ്മുടെ സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവവുമായി ബന്ധപ്പെടുത്തിയും ഈ കലാരൂപത്തെ ചേര്‍ത്തുവെക്കാം. മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആചാര അനുഷ്ഠാനങ്ങളോടെ ഇന്നും അരങ്ങേറുന്ന ഈ കലാരൂപം ദ്രാവിഡ ഗോത്ര സംസ്‌കാരത്തില്‍ നിന്ന് ഉടലെടുത്ത അതിപ്രാചീനമായ ഒരു സുന്ദര കലയാണ്. ദേവി പ്രീതിക്കുവേണ്ടിയുള്ള സമര്‍പ്പണം ആണിത്. രൗദ്രഭാവത്തില്‍ അരങ്ങേറുന്ന പടയണി കൂടുതലും മാര്‍ച്ച്, ഏപ്രില്‍ (കുംഭം, മീനം) മാസത്തിലാണ് നടത്തുക. ഏപ്രില്‍ മാസത്തിലെ വിഷുദിനത്തോടനുബന്ധിച്ച് കടമ്മനിട്ട കാവില്‍ അരങ്ങേറുന്ന വലിയ പടയണിയോടെയാണ് മധ്യതിരുവിതാംകൂറിലെ ഈ അനുഷ്ഠാനകലയ്ക്ക് തിരശ്ശീല വീഴുന്നത്.

ഇരുട്ടിനുമേല്‍ ആധിപത്യം ഉറപ്പിക്കുന്ന വെളിച്ചമാണ് ഇതിന്റെ ആന്തരിക ചൈതന്യം. മഹത്തായ ഈ കലാരൂപത്തിന്റെ സൃഷ്ടി ഏതെങ്കിലും രാജവംശത്തിനോ വരേണ്യ വര്‍ഗ്ഗത്തിനോ, വൈദിക വര്‍ഗ്ഗത്തിനോ ചാര്‍ത്തി നല്‍കിയിട്ടില്ല. ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പടയണി അരങ്ങേറുന്നത്. പ്രകൃതിയുടെ മുഖം പഞ്ചവര്‍ണ്ണങ്ങളില്‍ ലയിപ്പിച്ച് പാള കോലങ്ങളിലേക്ക് ആവാഹിച്ച് മറുത കോലവും കാലന്‍ കോലവും നാടന്‍ കോലവുമായി രൗദ്രഭാവത്തില്‍ ക്ഷേത്രത്തിലെ മതില്‍ക്കെട്ടിനുള്ളിലെ അരങ്ങില്‍ ആടി തിമിര്‍ക്കുന്ന പടയണി എന്ന പ്രാചീന കലാരൂപം ബാഹ്യമായ ഒരു അനുഷ്ഠാനത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. ഈ അനുഷ്ഠാന കലക്ക് പിന്നില്‍ ഒരു വലിയ സന്ദേശമുണ്ട്, കരുതല്‍ ഉണ്ട്, നീണ്ട തപസ്സുണ്ട്, സമര്‍പ്പണമുണ്ട്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി പ്രകൃതിയെ ഒരു ഉപഭോഗ വസ്തുവായി കാണുന്ന ഈ കാലത്ത് പ്രകൃതിയെ ഈശ്വരതുല്യം ആരാധിച്ചുപോന്ന ഒരു സമൂഹം ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലത്രെ പച്ചപ്പാളയില്‍ വിരിയുന്ന കോല മുഖങ്ങള്‍. പൂര്‍വസൂരികള്‍ നമുക്ക് നേടിത്തന്ന ഉദാത്ത ഭാരതീയ സംസ്‌കൃതിയുടെ ആകെത്തുകയാണ് ഈ കലാരൂപം.

ADVERTISEMENT

കാനനത്തിന്റെ ഇരുളും കല്ലോലിനിയുടെ കളകളാരവവും ഇളംകാറ്റില്‍ ഒഴുകിയെത്തുന്ന പ്രകൃതിയുടെ നറുമണവും കൈക്കുമ്പിളിലെ ദാഹജലം പോലെ ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഇവയെല്ലാം പുനഃസൃഷ്ടിച്ച് ചേര്‍ത്തുപിടിച്ച് മാനവ ഹൃദയങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്‌നേഹ ഭാവതാളങ്ങളെ തട്ടി ഉണര്‍ത്താനും അവനിലെ രാക്ഷസീയ ഭാവങ്ങളെ ഉച്ചാടനം ചെയ്യാനും മണ്‍മറഞ്ഞ നമ്മുടെ പിതാമഹന്മാര്‍ നമുക്ക് നല്‍കിയ വരദാനമാണ് മഹത്തായ ഈ ക്ഷേത്ര കലാരൂപം. പ്രകൃതിയെ ജനനിയായി കണ്ട നമ്മുടെ പൂര്‍വ്വ സൂരികളുടെ സംസ്‌കാരത്തെ ഉദാത്തമായ രീതിയിലാണ് പടയണിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ഭേദമില്ലാത്ത സനാതന സംസ്‌കാരത്തിന്റെ ഉജ്ജ്വലമായ ആവിഷ്‌കാരമാണ് ഇതില്‍ പഞ്ച വര്‍ണ്ണങ്ങളില്‍ ചാലിച്ച് ചേര്‍ത്തിരിക്കുന്നത്. ഒരു കാലഘട്ടത്തിലെ മനുഷ്യ ദൈവചരിത്രം ഈ കലയില്‍ അന്തര്‍ലീനമായിരിക്കുന്നു. മതവും, കലയും, കാലിക സംസ്‌കാരവും ആചാര അനുഷ്ഠാനങ്ങളും ഇഴ ചേര്‍ന്ന് ഒന്നാകുന്ന പ്രകൃതിയുടെ ഉത്സവമായി പടയണി മാറുന്നു. ഇതില്‍ പഞ്ചഭൂതങ്ങളാണ് ദൈവങ്ങളായി മാറുന്നത്. കാവുകളുടെ തിരുമുറ്റത്ത് അരങ്ങേറുന്ന ഈ കലാരൂപത്തില്‍ ഗ്രാമം മുഴുവന്‍ ഒന്നായി ലയിക്കുന്നു. ഇതില്‍ ദൃശ്യമാകുന്ന രസഭാവങ്ങളെ ദീപ്തമാക്കുന്ന ഘടകങ്ങള്‍ ഒട്ടനവധിയാണ്. വെളിച്ചം, താളം, സംഗീതം, വാദ്യമേളങ്ങള്‍, വര്‍ണ്ണങ്ങള്‍, വരകള്‍, വേഷങ്ങള്‍, അഭിനയം, തുള്ളല്‍, പ്രകൃതി, പ്രേക്ഷകര്‍ തുടങ്ങിയവയെല്ലാം പടയണി എന്ന കലാരൂപത്തില്‍ ദൃശ്യമാകുന്ന രസഭാവങ്ങളെ തീവ്രമാക്കുന്ന ഘടകങ്ങളാണ്. പഞ്ചഭൂതങ്ങളേയും, പഞ്ചലോഹങ്ങളെയും പ്രതിനിധീകരിച്ച് അഞ്ച് നിറങ്ങളിലാണ് സാധാരണ പടയണി കോലങ്ങള്‍ എഴുതുന്നത്. പ്രകൃതി കനിഞ്ഞരുളുന്ന വിഭവങ്ങള്‍ ചാലിച്ചെടുത്തായിരുന്നു. ആദ്യകാലങ്ങളില്‍ കോലങ്ങള്‍ക്ക് ചാരുത പകര്‍ന്നിരുന്നത്. മാവില വാട്ടി കരിച്ചെടുത്ത് കറുപ്പ് നിറവും ചുണ്ണാമ്പും ചെങ്കല്ലും ഒപ്പം ചേര്‍ത്ത് ചുവപ്പ് നിറവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് പലപ്പോഴും ദിവസങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ ഈ കല അവതരിപ്പിക്കുമ്പോള്‍ നാടന്‍ രീതിയില്‍ ഈ കൂട്ടുകള്‍ ചേര്‍ത്ത് എടുക്കാനുള്ള സാവകാശവും സമയവും കിട്ടാറില്ല എന്നുള്ളതാണ് വസ്തുതയെന്നും അതുമൂലം പലപ്പോഴും കൃത്രിമ കളറുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ടന്നും പടയണി കലാകാരന്മാര്‍ തന്നെ കുറ്റബോധത്തോടെ സമ്മതിക്കുന്നുണ്ട്.

കലാരൂപം എന്ന നിലയില്‍ അനുഷ്ഠാന കലാരൂപങ്ങളുടെ മുന്‍പന്തിയിലാണ് പടയണി എന്ന് കാണാം. ഈ കലാരൂപത്തോട് ഒപ്പം ചേര്‍ത്ത് നിര്‍ത്താവുന്നതാണ് കേരളത്തില്‍ പ്രചുര പ്രചാരം നേടിയിട്ടുള്ള തെയ്യം,തിറ, കളമെഴുത്തും പാട്ടും, തോറ്റംപാട്ട്, പുള്ളുവന്‍ പാട്ട് എന്നീ കലാരൂപങ്ങള്‍. ഇവയെല്ലാം ഗ്രാമീണ സംസ്‌കൃതിയെ തൊട്ടുണര്‍ത്തി നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കാവുകളുടെ തണലില്‍ പടര്‍ന്നു പന്തലിച്ചതാണ്. മനുഷ്യ കരസ്പര്‍ശം ഇല്ലാതെ മാനവരാശിയുടെ നിലനില്‍പ്പിനായി പ്രകൃതി കനിഞ്ഞരുളുന്ന വിഭവസമൃദ്ധവും സമ്പൂര്‍ണ്ണവും വിലമതിക്കാനാവാത്തതുമായ സമ്പത്താണ് നമ്മുടെ കാവുകള്‍. ഈ വലിയ സമ്പത്തിനെ നാം വിസ്മരിച്ചു കൂടാ. അവ നമുക്ക് തരുന്ന തണലും, തണുപ്പും, സമൃദ്ധിയും നമ്മുടെ നിലനില്‍പ്പിനാധാരമാണ്. ഭക്തിയെ മാറ്റി നിര്‍ത്തി ചിന്തിച്ചാലും കാവുകള്‍ നമുക്ക് തരുന്ന നന്മ വലുതാണ്. അതാണ് പഴമക്കാര്‍ നമ്മോട് പറയുന്നത് കാവ് തീണ്ടരുത് കുളം വറ്റും എന്ന്.

മനുഷ്യ ജീവിതത്തിന് ജന്തു ധര്‍മ്മങ്ങളില്‍ നിന്ന് അതീതമായി ആത്മീയമായ ഒരു തലം ഉണ്ടെന്നും പരമമായ ആത്മീയ ലക്ഷ്യം നേടാനുള്ള മാര്‍ഗമായി ജീവിതത്തെ രൂപപ്പെടുത്തണം എന്നുമുള്ള ഒരു തത്വശാസ്ത്രത്തിന്റെ വേരുകളില്‍ നിന്നാണ് ഭാരതീയ സംസ്‌കാരം പടര്‍ന്ന് പന്തലിച്ചതെന്ന് ആചാര്യമതം. എന്നാല്‍ ഇന്ന് കേവലം സാമ്പത്തികശാസ്ത്രം മാത്രം ആധാരമാക്കി ഭരണനിര്‍വഹണം നടത്തുന്ന ഒരു വ്യവസ്ഥിതിക്ക് പുരാതനമായ ഒരു തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ മഹാസംസ്‌കാരത്തിന്റെ മഹത്വം നാണയ വിനിമയത്തിന്റെ കോലുകൊണ്ട് അളക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പ്രകൃതിയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്ന ഇത്തരം കലാധിഷ്ഠിതമായ ആരാധനാ സമ്പ്രദായങ്ങളും, ക്ഷേത്രകലകളും മാനവരാശിയുടെ നിലനില്‍പ്പിനും സാമൂഹിക നന്മയ്ക്കും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നാം തിരിച്ചറിയണം.

പിന്നാമ്പുറം

പടയണി എന്ന കലാരൂപത്തിന്റെ ഉല്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ക്ഷേത്ര ആചാരങ്ങളുമായി ചേര്‍ന്ന് നിലനില്‍ക്കുന്ന ഐതിഹ്യം ദാരിക വധവുമായി ബന്ധപ്പെട്ടാണ്. ദാരുമതി എന്ന അസുര സ്ത്രീയില്‍ ഉണ്ടായതാണ് ദാരികന്‍. ദാരികന്‍ വളര്‍ന്നു വലുതായപ്പോള്‍ അസുരന്മാര്‍ക്ക് നേരിട്ട ദുരിതങ്ങള്‍ മനസ്സിലാക്കി ഇതിന് പ്രതികാരം ചെയ്യുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് വരബലത്തിനായി തപസ്സനുഷ്ഠിക്കുന്നു. ആയിരം വര്‍ഷം തപസ്സനുഷ്ഠിച്ചിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതെ വന്നപ്പോള്‍ ദാരികന്‍ സ്വന്തം ശിരസ്സറുത്ത് മരിക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ ബ്രഹ്മാവ് ദാരികന്റെ മുന്നില്‍ പ്രത്യക്ഷനായി കൊണ്ട് വരബലം നല്‍കി. മനുഷ്യനോ മൃഗത്തിനോ രാത്രിയിലോ, പകലോ നിന്നെ വധിക്കുവാന്‍ കഴിയുകയില്ല, നിന്റെ ഒരു തുള്ളി രക്തത്തില്‍ നിന്നും ആയിരം ദാരികന്മാര്‍ ഉണ്ടാകുമെന്നും വരബലം നല്‍കി. വരബലം ലഭിച്ച ദാരികന്‍ മൂന്ന് ലോകങ്ങളിലും പരാക്രമം അഴിച്ചുവിട്ടു. ഗത്യന്തരമില്ലാതെ ദേവന്മാര്‍ ശ്രീപരമേശ്വരനെ അഭയം പ്രാപിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമേ ദാരികനെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ദേവന്മാര്‍ തങ്ങളുടെ ശക്തിയില്‍ നിന്നും ശിവന്‍ മഹേശ്വരിക്കും വിഷ്ണു വൈഷ്ണവിക്കും ഇന്ദ്രന്‍ ഇന്ദ്രാണിക്കും സുബ്രഹ്മണ്യന്‍ കുമാരിക്കും യമന്‍ വരാഹിക്കും ജന്മം നല്‍കി. ദാരികനുമായി യുദ്ധം ചെയ്യാന്‍ ആയുധങ്ങള്‍ കൊടുത്തയച്ചു. ഒറ്റയ്ക്കും കൂട്ടായും യുദ്ധം ചെയ്ത അവര്‍ പരാജയപ്പെട്ട് ഓടിപ്പോകേണ്ടി വന്നു. ഇതറിഞ്ഞ ശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും ശ്രീഭദ്രയെ സൃഷ്ടിച്ചു. വാഹനമായി വേതാളത്തെയും നല്‍കി. ജന്മോദ്ദേശ്യത്തെ വെളിപ്പെടുത്തിയപ്പോള്‍ കാളി ധൈര്യസമേതം ദാരികവധത്തിന് പുറപ്പെട്ടു. 18 ദിവസം വരെ യുദ്ധം തുടര്‍ന്നു.

നീണ്ട യുദ്ധത്തെ തുടര്‍ന്ന് ദാരികന്‍, ബ്രഹ്മാവ് നല്‍കിയ ബ്രഹ്മദണ്ഡ് കാളിക്ക് മേല്‍ പ്രയോഗിച്ചു. കാളി യുദ്ധക്കളത്തില്‍ നിന്ന് പിന്മാറി. പിന്നീട് കാളിയുടെ ശരീരത്തില്‍ നിന്നും ജ്വലിച്ചുവരുന്ന ഒരു തേജസ്സ് കാര്‍മേഘ വര്‍ണ്ണമായ മറ്റൊരു ചൈതന്യമായി സൂര്യബിംബത്തെ മറയ്ക്കുകയും അസ്തമയം ആയി എന്ന് കരുതി ദാരികന്‍ പാതാളത്തിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. പിന്നീട് കാളി സംഹാര മൂര്‍ത്തിയായി കൈയില്‍ ചോര ഒലിക്കുന്ന ശിരസ്സുമായി അട്ടഹാസം മുഴക്കുകയും അത് കേട്ട് സകലരും മോഹാലസ്യപ്പെട്ട് നിലം പതിക്കുകയും ചെയ്തു. കൊടുംവാളുമായി അലറി വിളിക്കുന്ന കാളിയെ ശാന്തയാക്കാന്‍ പലവിധേനയും ശ്രമിച്ചു. എങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് നാരദമഹര്‍ഷി ഹിമവല്‍ തടത്തിലെത്തി. ശിവനോട് സങ്കടം ഉണര്‍ത്തിച്ചു. ഭഗവാന്റെ നിര്‍ദ്ദേശം അനുസരിച്ച് സുബ്രഹ്മണ്യന്‍, ഗണപതി ശിവന്റെ ഭൂതഗണങ്ങള്‍ എന്നിവര്‍കോപാകുലയായി അലറി വരുന്ന കാളിയുടെ മുമ്പില്‍ കാളിയുടെ തന്നെ പ്രതിരൂപങ്ങളായ കോലങ്ങള്‍ കെട്ടിത്തുള്ളുകയും, കോലവും കളമെഴുത്തും കണ്ട് ദേവി സംപ്രീതയാകുകയും ചെയ്തു എന്നാണ് ഐതിഹ്യം.’ ഈ ഐതിഹ്യ പെരുമയില്‍ നിന്നും ഉയിര്‍കൊണ്ടതാണ് ക്ഷേത്ര അനുഷ്ഠാനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പടയണി അഥവാ കോലം തുള്ളല്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സാധാരണ പലസ്ഥലങ്ങളിലും പടയണിയുടെ ദിവസങ്ങള്‍ കൂടിയും കുറഞ്ഞും കാണപ്പെടുന്നുണ്ട്. 28 ദിവസം കൊണ്ടും പത്തു ദിവസവും ചില സ്ഥലങ്ങളില്‍ എട്ടു ദിവസവും അപൂര്‍വ്വമായും ഒരു ദിവസം കൊണ്ടും തീരുന്ന രീതിയില്‍ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. സ്ഥിരമായി പടയണി നടക്കുന്ന സ്ഥലങ്ങളിലാണ് പ്രത്യേകം പ്രാധാന്യം നല്‍കി വലിയ പടയണി നടത്തുക. യുദ്ധവിന്യാസത്തെക്കുറിക്കുന്ന പടശ്രേണി എന്ന പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് പടയണി അഥവാ പടേനി എന്ന വാക്ക്. ദാരികവധത്തിനുശേഷം കോപം അടങ്ങാത്ത ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവന്റെ നിര്‍ദ്ദേശപ്രകാരം ഭൂതഗണങ്ങള്‍ അവതരിപ്പിച്ച നൃത്തരൂപമത്രെ പടയണി.

അരങ്ങത്ത് എത്തുന്ന പടയണി
ക്ഷേത്രനടയിലെ വിശാലവും വൃത്താകാരവുമായ സ്ഥലത്താണ് സാധാരണയായി പടയണിക്ക് കളം ഒരുക്കുക. പടയണി കളത്തില്‍ ഇത് കാണുവാന്‍ പരദേവതയെ വിളിച്ചിറക്കുന്ന ചടങ്ങാണ് ചൂട്ടുവെപ്പ്. ചൂട്ടുവെച്ച് പച്ചതപ്പുകൊട്ടി വിളിക്കുമ്പോള്‍ കാവിനുള്ളില്‍ കുടികൊള്ളുന്ന പരദേവത വിളികേട്ടിറങ്ങി വരുമെന്ന് കലാകാരന്മാര്‍ വിശ്വസിക്കുന്നു. ഉരുട്ടി കെട്ടിയ ഉണങ്ങിയ ഓല മടലുകളുടെ തുഞ്ചാണിയാണ് ചൂട്ടുകറ്റയായി ഉപയോഗിക്കുന്നത്.

ശ്രീകോവിലിലെ നിലവിളക്കില്‍ നിന്ന് പൂജാരി കത്തിച്ചു കൊടുക്കുന്ന ചൂട്ട് ആര്‍പ്പും കുരവയുമായി ക്ഷേത്രത്തിന് വലം വച്ചു വന്ന് മീനത്തെ മൂലയ്ക്കല്‍ വയ്ക്കുന്നു. എരിയുന്ന ചൂട്ടു വെളിച്ചത്തില്‍ കൈമണിയുടെ സഹായത്തോടെ പടയണി ആശാന്മാര്‍ പച്ചതപ്പില്‍ ജീവയും ഗണപതിയും പടിവട്ടവും കൊട്ടി തീരുന്നതോടെ ചൂട്ടുവെയ്പ്പ് ചടങ്ങുകള്‍ അവസാനിക്കുന്നു.

പടയണിപാട്ടുകള്‍
പടയണി പാട്ടുകള്‍ മറ്റ് ആചാര അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ടുള്ള പാട്ടുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഓരോ പാട്ടുകളിലും പടയണിക്കളത്തില്‍ അവതരിപ്പിക്കുന്ന ഓരോ കോലങ്ങളുടെയും സ്വഭാവവും അതിന്റെ രൂപ വര്‍ണ്ണനയും പ്രതിഫലിച്ച് കാണാം. പാട്ടുകളില്‍ തന്നെ ശാന്തതയും ചടുലതയും ഗാംഭീര്യവും ഒക്കെ നിറഞ്ഞ് നില്‍ക്കുന്നു. പാട്ടുകള്‍ എല്ലാം വളരെ ഉച്ചസ്ഥായിയിലാണ് പാടുന്നത്. ഭഗവതി പാട്ട്, തോറ്റം പാട്ട്, പിണി ഒഴിപ്പിക്കല്‍ പാട്ട് തുടങ്ങി പടയണിയുടെ തുടക്കക്കാലത്ത് നിലനിന്നിരുന്ന ഭഗവതിയെ സ്തുതിക്കുന്ന എല്ലാ പാട്ടുകളും ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്. ആദ്യകാലത്തെ കോലം എഴുത്തുകാരായ ഗണക സമൂഹവും കരപ്രഭുക്കന്മാരും ആണ് ഈ പാട്ടുകള്‍ എഴുതുവാന്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ളത്. അത് വായ്‌മൊഴിയായി തലമുറകള്‍ കൈമാറി പോരുകയായിരുന്നു.

താവടി
പടയണിയോട് ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന ഒരു കലയാണ് താവടി. വെള്ളമുണ്ട് മുട്ടോളം താഴ്ത്തി ഉടുത്ത് അരയില്‍ ചുമന്ന പട്ടുറുമാലും ചുറ്റി വെള്ളത്തോര്‍ത്തുകൊണ്ട് തലയില്‍ വട്ടക്കെട്ട് കെട്ടി എത്തുന്ന തുള്ളല്‍ക്കാര്‍ ക്ഷേത്രത്തിന് അഭിമുഖമായി നിരന്ന് നിന്ന് മേളത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന താളത്തെ അടിസ്ഥാനമാക്കി മെയ്‌വഴക്കത്തോടെ നടത്തപ്പെടുന്ന ചുവട്‌വെയ്പ്പുകള്‍ ആണ് ഇത്. കൈമണി താളത്തിനനുസരിച്ച് ഇരുകൈകളും കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കിയാണ് ഇത് അരങ്ങത്ത് അവതരിപ്പിക്കുന്നത്. നല്ല മെയ്‌വഴക്കവും അഭ്യാസ സിദ്ധിയും ഇതിന് ആവശ്യമാണ്.

മേള വാദ്യമായ തപ്പ്
പടയണിയിലെ മേളങ്ങളില്‍ പ്രഥമ സ്ഥാനമാണ് തപ്പിന്. പ്രകൃതിയില്‍ നിന്ന് പിറന്ന് പ്രകൃതിയെ മുഴക്കുന്ന വാദ്യമായിട്ടാണ് തപ്പിനെ കാണുന്നത്. രാവിന്റെ സ്വരമാണ് ഇതിന്. രാത്രിയിലെ നിശ്ശബ്ദതയുടെ കാതുകളിലേക്ക് ഈ അസുരവാദ്യത്തിന്റെ ശബ്ദം വന്നു ഘോഷിക്കുമ്പോള്‍ ആണ് പടയണിക്ക് തുടക്കം കുറിക്കുന്നത്. പ്ലാവിന്റെയോ കുമ്പിളിന്റെയോ കഷ്ണങ്ങള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മ്മിതി. എരുമത്തോല്‍ പൊതിഞ്ഞ തപ്പില്‍ ആദ്യ ദിവസങ്ങളില്‍ പച്ചത്തപ്പാണ് കൊട്ടുന്നത്. പിന്നെ പിന്നെ ആഴിക്കൂട്ടി തപ്പുകാച്ചി നാദം ശുദ്ധമാക്കുന്നു. കൊട്ടുന്ന ഇരു കൈകളും സൃഷ്ടിക്കുന്നത് വെവ്വേറെ സ്വരങ്ങളാണ്.

വലതു കൈകൊണ്ട് ‘ത’ കാരങ്ങളും ഇടതു കൈകൊണ്ട് ‘ക’ കാരങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. തപ്പിന്റെ താളത്തോട് കൂടിയാണ് എല്ലാ ദിവസവും പടയണിക്ക് തുടക്കം കുറിക്കുന്നത് ഏഴര നാഴിക ഇരിട്ടി കഴിഞ്ഞ് മാത്രമെ ഇതിന് തുടക്കം കുറിക്കുകയുള്ളൂ ഇതിന്റെ കൂടെ കൈമണി, മദ്ദളം, ചെണ്ട എന്നീ വാദ്യോപകരണങ്ങളും ഉപയോഗിക്കാറുണ്ട്. പടയണി കലാകാരന്‍ ഭൂമിയോട് ചേര്‍ത്ത് ചരിച്ചു വലതുകാലില്‍ ചാരി വച്ചുകൊണ്ടാണ് തപ്പ് കൊട്ടുന്നത്.

പടയണിക്കോലങ്ങള്‍
കലയും ശാസ്ത്രവും പൗരാണികമായ അറിവുകളും പങ്കുവെക്കാന്‍ ഈ കലാരൂപത്തിലൂടെ കഴിയുന്നുണ്ട്. ഈ കലയില്‍ അന്തര്‍ലീനമായി ഇരിക്കുന്ന സാമൂഹിക പ്രസക്തി വളരെ വലുതാണ്. ദ്രാവിഡ ഗോത്രവര്‍ഗ്ഗ സംസ്‌കാരത്തില്‍ നിന്നാണ് ഇതിന്റെ തുടക്കമെന്ന് ആചാര്യ മതം. ദൃശ്യ ആവിഷ്‌കാരമായ പടയണിയില്‍ കോലങ്ങള്‍ക്കാണ് പ്രഥമസ്ഥാനം.

ഗണപതി കോലം അഥവാ പിശാച് കോലം, ശിവ കോലം, മറുത കോലം, രുദ്ര മറുത, യക്ഷി കോലം, സുന്ദര യക്ഷി, അന്തര യക്ഷി, അരക്കി യക്ഷി, മായ യക്ഷി ഏരിനാഗ യക്ഷി, കരിനാഗ യക്ഷി, പക്ഷി കോലം, നാടന്‍ കോലം, കാലന്‍കോലം, കരിങ്കാളി, നിണഭൈരവി, കാഞ്ഞിരമാല, ദേവത, ഭൈരവി മംഗള കോലം, കുതിര തുള്ളല്‍ കൊട്ടിക്കയറ്റം തുടങ്ങി നിരവധി കോലങ്ങള്‍ പടയണി കളത്തില്‍ എത്താറുണ്ട്. ഇതില്‍ ഗണപതി, മറുത, യക്ഷി, പക്ഷി, മാടന്‍ എന്നിവയാണ് പഞ്ചകോലങ്ങള്‍ എന്നറിയപ്പെടുന്നത്. ഇതിന്റെ കൂടെ സുന്ദര യക്ഷിയും ഭൈരവി കോലവും ചേര്‍ന്നാല്‍ കൂട്ടക്കോലമായി. എന്നാല്‍ ഇവയില്‍ ഒന്നും പെടാത്തതാണ് കാലന്‍ കോലം. പാളകോലങ്ങളില്‍ ഏറ്റവും വലിയകോലം ഭൈരവി കോലം ആണ്. 51 പാള മുതല്‍ 101 പാള വരെ ഈകോലത്തിന് ഉപയോഗിക്കുന്നുണ്ട്. 1001 പാളകളുള്ള ചട്ടത്തെ കോലവും നിലവിലുണ്ട്. നാല് വലിയ ചാടുകളില്‍ തീര്‍ക്കുന്ന ഈ കോലം ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തില്‍ നിലവിലുണ്ട്. കോലങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും കമുകില്‍ നിന്നാണ് എടുക്കുന്നത്.

ഗണപതി കോലം അഥവാ പിശാച് കോലം
ഒറ്റപ്പാളയില്‍ ചെത്തി കൊമ്പ് വെച്ച് കെട്ടി എഴുതി ഉണ്ടാക്കി മുഖാവരണമായി ഉപയോഗിക്കുന്നു. മുട്ടോളം ഇറക്കിയുടുത്ത വെള്ളമുണ്ട്. മുണ്ടിന് മുകളിലായി ഉടുത്ത പട്ട് കയ്യില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ചെറിയ രണ്ട് ചൂട്ട് കറ്റ. ഇവയാണ് ഗണപതി കോലത്തിന്റെ ഏകദേശ രൂപം. തുള്ളലില്‍ ആദ്യം തുള്ളുന്ന കോലമായതിനാല്‍ ആണ് പിശാശ് കോലത്തിന് ഗണപതി കോലം എന്ന പേര് വന്നത്. ആണ്‍ പിശാശ്, പെണ്‍ പിശാശ്, എരിപിശാശ് ഇങ്ങനെ പലതരത്തിലുള്ള പിശാശ് കോലങ്ങള്‍ ഉണ്ട്. വിഘ്‌നം വരുത്തുന്ന ശക്തികളെ പ്രീതിപ്പെടുത്തി അവയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷ നേടുന്ന പ്രേരണയാകയാല്‍ പിശാചിന് ഗണപതി കോലം എന്നും പറയുന്നു. ശിവ പാര്‍വതിയോട് ബന്ധപ്പെട്ടും അല്ലാതെയും ഉള്ള പാട്ടുകള്‍ ഗണപതി കോലത്തിന്റെ തുള്ളലില്‍ ഉപയോഗിക്കുന്നുണ്ട.്

ശിവ കോലം
അത്യപൂര്‍വ്വമായി മാത്രം കാണുന്ന ഒരു കോലമാണ് ശിവ കോലം. ചുരുക്കം ചില ക്ഷേത്രങ്ങള്‍ മാത്രമേ ഈ കോലത്തിന്റെ തുള്ളല്‍ നടക്കുന്നുള്ളൂ. പാള ചെത്തിയുണ്ടാക്കിയ കൂമ്പാരം പോലെ ഒരുതൊപ്പി അതിന്റെ കൂമ്പോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള ഒരു നാഗപ്പത്തി, ഇതില്‍ കരിയും വെള്ളയും മാത്രമേ എഴുതാന്‍ ഉപയോഗിക്കുകയുള്ളു. നാഗമുഖം കഴിഞ്ഞാല്‍ തൊപ്പിയില്‍ ഏതാനും ചുറ്റുവരകള്‍ കരികൊണ്ട് വരച്ചിരിക്കും. ചില ഭാഗങ്ങളില്‍ നെഞ്ചു മാലയും അരമാലയും കുരുത്തോല പാവാടയും കാലില്‍ ചിലമ്പും ധരിക്കും. എന്നാല്‍ ചില സ്ഥലങ്ങളില്‍ തലയില്‍ ഏറ്റുന്ന കോലവും കാലില്‍ ചിലങ്കയും ശരീരത്തിലും കയ്യിലും കാലിലും ഭസ്മ കുറികളും കഴുത്തില്‍ ഒരുദ്രാക്ഷമാലയും ഉണ്ടാകും. ഈ കോലത്തിന്റെ പാട്ടുകളില്‍ എല്ലാം ശിവസ്തുതികളാണ് കാണുന്നത്.

മറുത കോലം
മറുത കരവാസികളുടെ ഒരു അമ്മ ദൈവമാണ്. മാരകമായ രോഗത്തിന്റെ വിത്തുകള്‍ വാരി വിതയ്ക്കാന്‍ മടിക്കാത്ത ഒരു ദേവത. ഇഷ്ടക്കേട് കണ്ടാല്‍ ആരുടെ ദേഹത്തും അവര്‍ വിളയാടി എന്നിരിക്കും. കരിമറുത, കാലകേശി മറുത, ഈശാന്തന്‍ മറുത, രുദ്ര മറുത, പണ്ടാരമറുത, പച്ചമറുത എന്നിങ്ങനെ മറുത പലവിധങ്ങളുണ്ട്. എഴുതി തുള്ളിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഏല്‍ക്കേണ്ടി വന്നതും ഭാവിയില്‍ ഏല്‍ക്കാവുന്നതുമായ വസൂരി രോഗബാധയുടെ ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മാതൃഭാവവും ഭക്തിഭാവവും നര്‍മ്മഭാവവും മറുതക്കോലം തുള്ളലില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഒറ്റപ്പാളയില്‍ മുഖാവരണം പോലെ തീര്‍ത്ത ഒരു കോലം. മുഖഭാഗം വെട്ടിക്കളഞ്ഞിരിക്കുന്നു. മുഖത്ത് എണ്ണയില്‍ ചാലിച്ച് കരി തേച്ചിട്ടുണ്ട.് വലിയ മുലകള്‍ ഉള്ള നെഞ്ചു മാല അരയില്‍ ഇലഞ്ഞിയുടെയോ പാണലിന്റെയോ തൂപ്പ് കയ്യില്‍ കെട്ടിയിരിക്കും. മുറം, വീശുപാള, കത്തി, ഉലക്ക എന്നിവയും കാണാം.

യക്ഷിക്കോലങ്ങള്‍
യക്ഷിക്കോലങ്ങള്‍ പലതാണ്. ഓരോന്നിന്റെ രൂപവും, ഭാവവും, തുള്ളലും, പാട്ടും, എല്ലാം വ്യത്യസ്തമാണ്. വിവിധ പേരുകളിലാണ് യക്ഷിക്കോലങ്ങള്‍ അറിയപ്പെടുന്നത് സുന്ദര, അന്തര, അമ്പര, മായ, അരക്കി, അയലി, മുയലി, കോലന, കൊടിയന, തൂമൊഴി തുടങ്ങി കാലയക്ഷിയും നാഗയക്ഷിയും ഉള്‍പ്പെടെ ഒരു നീണ്ട നിര തന്നെ പടയണിയിലുണ്ട്. ഓരോ കോലവും രൂപത്തിലും ഭാവത്തിലും അവതരണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. സുന്ദര യക്ഷി സുന്ദരിയും സുഗന്ധവാഹികളും സ്വപ്‌നം കാണിച്ച് മോഹിപ്പിക്കുന്നവളുമാണ്. അരക്കിയക്ഷി അടവും പോരും പഠിച്ചവളാണ്.

കാലയക്ഷി അഗ്നിയുടെ ഗന്ധം അറിഞ്ഞവളാണ്. അന്തരയക്ഷി മനുഷ്യരെ ഭയപ്പെടുത്തി വായുവില്‍ കൊണ്ടുപോകുന്നു. ഇങ്ങനെ ഓരോ യക്ഷിക്കും ഓരോ സ്വഭാവ വിശേഷങ്ങള്‍ പടയണിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ എരിനാഗയക്ഷി, കരിനാഗയക്ഷി എന്നീ കോലങ്ങളും അരങ്ങത്ത് എത്താറുണ്ട്.

മാടന്‍ കോലം
തൊപ്പി മാടന്‍, ചെറ്റ മാടന്‍, വടിമാടന്‍, പുള്ളിമാടന്‍, ചുടലമാടന്‍ എന്നീ വിവിധ പേരുകളില്‍ അറിയപ്പെടുന്ന നാടന്‍ കോലങ്ങള്‍ പടയണിയിലുണ്ട്. ഈ കോലങ്ങളെല്ലാം ഒരു ദിവസം കൊണ്ട് ഒന്നിച്ചു തുള്ളി തീരുകയല്ല പതിവ്. ഓരോ ദിവസവും ഓരോകോലമായിരിക്കും കളത്തില്‍ ഇറങ്ങുക. ഒറ്റപ്പാളയില്‍ തീര്‍ത്ത ഒരു മുഖാവരണവും നെഞ്ചു മാലയും പൊതുവേ ഉണ്ടായിരിക്കും.എന്നാല്‍ തൊപ്പി നാടന്‍ കോലത്തിന് തൊപ്പിയും വടി മാടന്‍ ആണെങ്കില്‍ വടിയും ഉണ്ടായിരിക്കും. നിഴല്‍ നോക്കി അടിച്ചു കൊല്ലുന്ന ഒരു ദുര്‍ദേവതയായിട്ടാണ് ഇതിനെ കാണുന്നത്. അത്തരത്തിലുള്ള ദുരിതങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് ഈ കോലങ്ങള്‍ കെട്ടി പാടി തുള്ളുന്നത്.

കാലന്‍ കോലം
കാലില്‍ കച്ച മണി, അരയില്‍ ചെമ്പട്ട്, അതിനു മീതെ അരമാല, മാറില്‍ നെഞ്ചുമാല മുഖം ആകെ എണ്ണയില്‍ ചാലിച്ച് കരിപുരട്ടി കണ്ണും കുറിയും എകിറും പല്ലും ധരിച്ചിരിക്കുന്നു. തലയില്‍ കിരീടം പോലെ ധരിച്ചിരിക്കുന്ന കോലം. തൊപ്പി പാളയില്‍ വിലങ്ങനെയും കുത്തനെയും ഘടിപ്പിച്ചിരിക്കുന്ന അലക് ചട്ടത്തിന്മേല്‍ എഴുതിയ പാളകള്‍ യഥാവിധി തയ്ച്ചു ചേര്‍ത്താണ് ഈ കോലം പിടിപ്പിച്ചിട്ടുള്ളത്. അര മാലയും നെഞ്ചു മാലയും കണ്ണും കുറിയും എകിറും പല്ലും പാളകൊണ്ട് തന്നെയാണ് ഉണ്ടാക്കുക. കോലത്തിന് വേഷക്കാരന്റെ മുഖം ഉള്‍പ്പെടെ മൂന്ന് മുഖമാണ്. മധ്യഭാഗത്തുള്ള മുഖത്തിന്റെ ഇരുവശങ്ങളിലും നാഗത്തലകള്‍ ഉണ്ടായിരിക്കും. കാതും കിരീടത്തില്‍ തന്നെയാണ്. കാതില്‍ പൂവാണ് വരയ്ക്കുക നാഗത്തലയുടെ ഭാഗത്ത് രണ്ട് മുഖങ്ങള്‍ കൂടി വരച്ച് നാഗത്തലക്ക് പകരം ഘടിപ്പിച്ചു എഴുതാറുണ്ട്.

കാലന്‍ കോലം

പുരികം മുതല്‍ മേലോട്ടുള്ള ഭാഗമാണ് കോലത്തില്‍ എഴുതുന്നത്. കോലം വേഷക്കാരന്റെ തലയില്‍ ഉറച്ചിരിക്കുന്നതിനായി നല്ലവണ്ണം നീളമുള്ള തുണി സാധാരണയായി നേര്യതാണ് ഉപയോഗിക്കുക. ഇത് ചട്ടത്തിന്റെ അലകിലൂടെ കൊരുത്ത് രണ്ട് അഗ്രങ്ങളും വേഷക്കാരന്റെ കക്ഷത്തിലൂടെ പിറകോട്ട് എടുത്ത് പുറത്തായി വലിച്ചുമുറുക്കി കെട്ടിയിരിക്കും. വലം കയ്യില്‍ വാളും, ഇടം കയ്യില്‍ പന്തവും പാശവും തൊപ്പിക്കിടയിലൂടെ പുറമാകെ മറഞ്ഞു കിടക്കത്തക്ക വിധമുള്ള കറുത്ത നീണ്ട മുടിയും ആണ് പ്രധാന വേഷക്കാരന്റെ ചമയങ്ങള്‍. എന്നാല്‍ അപ്രധാനമല്ലാത്ത ഒരു വേഷം കൂടി ചില സന്ദര്‍ഭങ്ങളില്‍ അരങ്ങത്ത് വരുന്നുണ്ട്. ഇറക്കി ഉടുത്തിരിക്കുന്ന വെള്ളമുണ്ട് അരയില്‍ ചെമ്പട്ട് കെട്ടി തലയില്‍ വെള്ളത്തോര്‍ത്ത് കോണിച്ച് മടക്കി പിന്നോട്ട് മടക്കി കെട്ടുകയും ചെയ്യും. പടയണിയിലെ തുള്ളല്‍ സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കിയിട്ടുള്ള ഒരു കലാകാരന് മാത്രമേ കാലന്‍ കോലം ഭംഗിയായി തുള്ളാന്‍ കഴിയുകയുള്ളൂ. ഏറെ അധ്വാനം വേണ്ടിയ കലാരൂപമാണ് കാലന്‍ കോലം. മാര്‍ക്കണ്‌ഡേയ ചരിത്രമാണ് കാലന്‍ കോലം തുള്ളലില്‍ പാടുന്ന പാട്ടിന്റെ ഇതിവൃത്തം.

കൊട്ടിക്കേറ്റം
ചൂട്ടുവെച്ച് വിളിച്ചിറക്കിയ ഭഗവതി ഇപ്പോഴും പടയണി കളത്തില്‍ തന്നെയാണ് ഇരിക്കുന്നത്. കൊട്ടിവിളിച്ചിറക്കിയ അമ്മയെ കൊട്ടി തന്നെ കയറ്റണം. പച്ചത്തപ്പ് കൊട്ടിയാണ് ഭഗവതിയെ വിളിച്ചിറക്കിയത്. പച്ചത്തപ്പു കൊട്ടി തന്നെ കയറ്റുകയും വേണം. എരിയുന്ന ചൂട്ടിന്റെ വെളിച്ചത്തില്‍ ഗണപതിയും പടിവട്ടവും കൊട്ടുന്നു. തുടര്‍ന്ന് ജീവയും കൈമണി പിടിച്ച് തപ്പുകൊട്ടി വലം വയ്ക്കുന്നു. ഓരോ നടയ്ക്കലും ഇത് ആവര്‍ത്തിക്കുന്നു. അതീവ ശ്രദ്ധയോടു കൂടി വടക്കേ നടക്കലും ജീവ കൊട്ടി പടയണി സംഘാംഗങ്ങളും നാട്ടുകാരും ആര്‍ഭാടത്തോളം ആര്‍പ്പുവിളിയുടെയും കുരവയുടെയും അകമ്പടിയോടുകൂടി പടയണി കളത്തില്‍ നിന്ന് കത്തിച്ച ചൂട്ടുകറ്റയുമായി തിരുനടയ്ക്കല്‍ എത്തുകയും എല്ലാവരും അമ്മയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ചൂട്ടുകറ്റ നടയ്ക്കല്‍ വെക്കുകയും ചെയ്യുന്നു. കാവിലമ്മ ശ്രീകോവിലേക്ക് എത്തിയെന്ന വിശ്വാസത്തോടെ പടയണി സംഘാംഗങ്ങളും കരവാസികളും സന്തോഷത്തോടെ മടങ്ങുന്നു. ഇതോടെ പടയണി എന്ന അനുഷ്ഠാന കലയുടെ പരിസമാപ്തിയാകുന്നു.

പടയണിപ്പാട്ടിന്റെ താളത്തില്‍ അലിഞ്ഞുചേര്‍ന്ന കലാകാരന്‍

പടയണി എന്ന കലാ രൂപത്തിനായി ജീവിതം സമര്‍പ്പിച്ച കലാകാരനാണ് പത്തനംതിട്ട ഇലന്തൂര്‍ കല്ലൂരേത്ത് വീട്ടില്‍ കെ. അശോക് കുമാര്‍. അതുകൊണ്ടാണ് വൈകിയാണെങ്കിലും കേരളഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയത്. 2018ല്‍ ഫോക്‌ലോര്‍ അക്കാദമി ആദ്യം അദ്ദേഹത്തെ അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്ന് 2023-ലെ ഫെലോഷിപ്പും നല്‍കി. 2020ല്‍ കലാഭവന്‍ മണി ഫൗണ്ടേഷനും ഫെലോഷിപ്പ് നല്‍കി ആദരിച്ചു. ഈ അംഗീകാരങ്ങള്‍ അദ്ദേഹത്തിനോ നാടിനോ ലഭിച്ച അംഗീകാരത്തേക്കാള്‍ പടയണി എന്ന കലാരൂപത്തിനും ആ കലയെ സ്‌നേഹിച്ച് സംരക്ഷിച്ച് നിര്‍ത്തുന്ന കലാകാരന്മാര്‍ക്കും ആസ്വാദകവൃന്ദത്തിനും കൂടി അവകാശപ്പെട്ടതാണെന്ന് എളിമയോടെ അശോകന്‍ നമ്മളോട് പങ്കുവെക്കുന്നു. പടയാണിപാട്ടിന്റെ തപ്പുതാളത്തില്‍ അലിഞ്ഞുചേര്‍ന്ന ജീവിതമാണ് ഈ അറുപത്തഞ്ചകാരന്റേത്. അദ്ദേഹത്തിന്റെ സംസാരത്തില്‍ പോലും പടയണിപ്പാട്ടിന്റെ ഈണം നമുക്ക് ശ്രവിക്കാം.

പടയണി കലാകാരന്‍
ജി.അശോക് കുമാര്‍ ഇലന്തൂര്‍

ഇലന്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പടയണി കളരിയില്‍ ഇപ്പോള്‍ പുതിയതായി മുപ്പതോളം പേര്‍ ദിവസവും ഈ പ്രാചീന കലാരൂപം പഠിക്കാന്‍ എത്തുന്നുണ്ട്. ജി. അശോക് കുമാറിന് രണ്ട് ആണ്‍മക്കളുണ്ട്. രാഹുല്‍ കെ. അശോക്, ഗോകുല്‍ കെ അശോക്. ഇരുവരും വിവാഹം കഴിച്ച് കുടുംബമായി വിദേശത്താണെങ്കിലും ഇന്നും പടയണിയുടെ തപ്പു – താളം ഉയരുന്ന ഉത്സവ കാലത്ത് അച്ഛനോടൊപ്പം അരങ്ങിലും അണിയറയിലും ഇവര്‍ സജീവ സാന്നിധ്യമാണ്. അച്ഛന്‍ നടത്തുന്ന കളരിയില്‍ തന്നെയാണ് ഇവര്‍ പടയണിയുടെ ആദ്യാക്ഷരം കുറിച്ചത്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം അരങ്ങുകളില്‍ പടയണി അവതരിപ്പിക്കാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച അശോക് കുമാറിനൊപ്പം ഈ കലയെ പ്രോത്സാഹിപ്പിക്കാനും, നിലനിര്‍ത്താനും, തലമുറകളിലേക്ക് സന്നിവേശിപ്പിക്കപ്പെടാനും ഇലന്തൂര്‍ വിഷ്ണുക്ഷേത്രം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീദേവി പടയണി സംഘത്തില്‍ അദ്ദേഹത്തോടൊപ്പം ഇരുനൂറ്റമ്പതില്‍ പരം കലാകാരന്മാര്‍ നിലവിലുണ്ട്. ഇവരുടെ നിരന്തരമായ ശ്രമഫലമായി ആറാം ക്ലാസിലെ കേരള പാഠാവലിയിലും, ബി.എ മലയാളം വിഭാഗത്തിലും പടയണിയക്കുറിച്ച് പഠിപ്പിക്കുന്ന അധ്യായം ഇടംപിടിച്ചു. കൂടാതെ കേരളത്തിലെ എല്ലാ പ്രധാന സ്‌കൂളുകളിലും കോളേജുകളിലും ഈ പ്രാചീന കലാരൂപത്തെ കുറിച്ച് സമഗ്രമായ പഠനവും ക്ലാസും ഇവരുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.

കുട്ടികളെ പഠിപ്പിക്കുവാന്‍ അശോക് കുമാര്‍ തയ്യാറാക്കിയ കോലമുഖം

പടയണിയുടെ ഈറ്റില്ലമായ കടമ്മനിട്ടയുടെ തൊട്ടടുത്താണ് ഇലന്തൂര്‍ ഗ്രാമം. ജില്ലാ ആസ്ഥാനത്താട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണെങ്കിലും നഗരവല്‍ക്കരണത്തിന്റെ കടന്നുകയറ്റം ഇല്ലാതെ ശാലീന സുന്ദരിയായി നിലനില്‍ക്കുകയാണ് ഈ കൊച്ചു ഗ്രാമം. പുരാതനമായ ഇലന്തൂര്‍ ശ്രീ ഭഗവതിക്കുന്ന് ദേവി ക്ഷേത്ര ഐതിഹ്യങ്ങളോളം പഴക്കമുള്ളതാണ് ഇവിടുത്തെ പടയണിയുടെയും ചരിത്രം എന്നാണ് അശോകന്‍ പറയുന്നത്. അതിപ്രഗല്ഭരായ നിരവധി പടയണി ആശാന്മാര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ എല്ലാവരും കലയുടെ വിവിധ ഭാവങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. എന്നാല്‍ ഈ കലയുമായി ബന്ധപ്പെട്ട് ഏറ്റവും ആകര്‍ഷമായി തോന്നിയത് പടയണി പാട്ടുകള്‍ ആയിരുന്നു. അതുകൊണ്ട് അന്നത്തെ ഏറ്റവും പ്രഗല്ഭനായ പടയണി പാട്ടുകാരനായ പാറേടത്ത് കൃഷ്ണന്‍ നായരെ കണ്ട് കാല്‍ തൊട്ടു വന്ദിച്ച് ദക്ഷിണ വെച്ച് പടയണി പാട്ട് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 47 വര്‍ഷമായി അഭംഗുരവും അനുസ്യൂതവുമായി അത് തുടര്‍ന്നു വരുന്നു. പ്രകൃതിയുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഇത്തരം കലാധിഷ്ഠിതമായ ആരാധനാ സമ്പ്രദായങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനും സാമൂഹിക നന്മയ്ക്കും അതിപ്രധാനമാണെന്നും അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു.

പടയണി ഉപാസകനായ കെ.അശോക് കുമാര്‍ അതിന്റെ തനിമയും സംസ്‌കാരവും അര്‍ത്ഥവും ചോര്‍ന്നു പോകാതെ പുതിയ തലമുറയ്ക്കായി അഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഈ കലയിലെ വിവിധ ഇനങ്ങളായ തുള്ളല്‍, മേളം, പാട്ട്, കോലം എഴുത്ത് തുടങ്ങി എല്ലാ മേഖലയിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

അനുബന്ധം
പ്രകൃതിയും മനുഷ്യനും ദേവതകളും ഈ അനുഷ്ഠാന കലയില്‍ ഒന്നിച്ച് സമ്മേളിക്കുകയും സമരസപ്പെടുകയും ചെയ്യുന്നുണ്ട.് ഈ കൂട്ടായ്മയിലൂടെ പുതിയ ഒരു ഐക്യവും ശക്തിയും ഗ്രാമങ്ങളില്‍ പിറക്കുന്നതായി കാണാം. പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ക്ക് സമൂഹത്തില്‍ പ്രചുര പ്രചാരം ലഭിക്കുമ്പോള്‍ ആ സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി നടത്തുന്ന ഒരു മഹായജ്ഞമാണ് പടയണി എന്ന് വിവക്ഷിക്കാം. മാനവരാശിയുടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ കല. അരങ്ങില്‍ എത്തുന്ന പാളക്കോലത്തില്‍ പ്രതിഫലിക്കുന്നത് ലോകചലനത്തിന്റെ കാരണകര്‍ത്താവായ അഗ്നിയാണ്.

ജലം, അഗ്നി, വായു എന്നീ പ്രകൃതി ശക്തികളെ മനുഷ്യന്‍ ദൈവങ്ങളായി സങ്കല്‍പ്പിച്ച് ആരാധിച്ചിരുന്നു. വേദകാലത്ത് ഋഗ്വേദത്തില്‍ അഗ്നിയെ കുറിച്ച് വിവരിക്കുന്നുണ്ട്. മാത്രമല്ല അഗ്നിയെക്കുറിച്ച് ധാരാളം വിവരങ്ങളും അതിലുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാര ശക്തിയുടെ ഭാവമാണ് അഗ്നി. ശിവന്റെ തൃക്കണ്ണില്‍ നിന്നും പുറപ്പെടുന്ന അഗ്നി പ്രവാഹത്തിന്റെ പ്രതീകമാണ് കോലങ്ങളില്‍ കാണുന്ന പന്തം എന്ന് വിശ്വസിക്കപ്പെടുന്നു.പടയണി കോലത്തില്‍ ദേവി അക്ഷരമായും അന്നമായും അദ്ധ്വാനമായും നിറയുന്നു. ഒരു കാലഘട്ടത്തില്‍ നാം അനുഷ്ഠിച്ചിരുന്ന സംസ്‌കാരത്തിന്റെ തിരുശേഷിപ്പാണ് ഇതെല്ലാം!

നാം ഇനിയും ഉണരണം

വൈദേശിക സംസ്‌കാരത്തിന് അടിമപ്പെട്ട് ഭൗതിക ആസ്വാദനത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതി ഇന്ന് നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൂലം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് ദിശാബോധത്തോട് കൂടി ജീവിക്കുവാന്‍ പ്രാപ്തമാക്കിയിരുന്ന ഭാരതീയ സംസ്‌കാരം എന്ന തത്വശാസ്ത്രമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നത് ക്ഷേത്രങ്ങളും, ക്ഷേത്രാചാരങ്ങളും അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും ആണെന്ന് ആചാര്യന്മാര്‍ സൂചിപ്പിക്കുന്നു. പ്രാര്‍ത്ഥിക്കുവാനും പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുവാനും പ്രകൃതിയിലെ അനുകൂല ഊര്‍ജ്ജങ്ങളെ സ്വാംശീകരിക്കുവാനും പ്രതികൂല ഊര്‍ജ്ജങ്ങളെ അകറ്റി നിര്‍ത്തുവാനും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇത്തരം ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നമുക്ക് സാധ്യമാകുന്നു. പ്രകൃതിയുടെ ഭാഗമായ മനുഷ്യനിലെ സ്വാര്‍ത്ഥതയും അതില്‍ നിന്നുണ്ടാകുന്ന വികാരങ്ങളും ആണ് മനുഷ്യരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് കാരണം. അതുകൊണ്ട് പ്രകൃതിയുടെ ഭാഗമായി നില്‍ക്കുന്ന മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ സംരക്ഷിക്കുവാന്‍ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഉപ്പും ചോറും കുടിവെള്ളവും പ്രാണവായുവും തരുന്ന പ്രകൃതിയെ നശിപ്പിക്കരുത്. അനുഷ്ഠാനത്തിന്റെ ഗൗരവം നിറഞ്ഞുനില്‍ക്കുന്ന പടയണിയില്‍ പ്രകൃതിയെയും പ്രകൃതിശക്തികളെയും ബഹുമാനിച്ചിരിക്കുന്നു. അവയെ ശുദ്ധമായി നിലനിര്‍ത്താന്‍ ഈ അനുഷ്ഠാന കലാരൂപത്തിലൂടെ നമുക്ക് സാധിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.

 

Tags: പടയണി
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies