‘ആ കരിവണ്ടുകള്‍ വരുന്നുണ്ട്! ഇനി നമ്മുടെ തണ്ടെല്ലാം കേടുവരുത്തും കഷ്ടം!’
പൂന്തോട്ടത്തിലെ പൂക്കള്‍ പേടിയോടെ പരസ്പരം പറഞ്ഞു.
‘അതെയതെ ആ പൂമ്പാറ്റകളാണെങ്കില്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മളോടു പെരുമാറുന്നത്.’
സൂര്യകാന്തി പറഞ്ഞു.
‘പറഞ്ഞിട്ടെന്തു കാര്യം ഇവര്‍ വന്നാല്‍പ്പിന്നെ പൂമ്പാറ്റകളെ കാണില്ല.’
പനിനീര്‍ച്ചെടിക്ക് സങ്കടം സഹിച്ചില്ല.
അപ്പോഴേക്കും വണ്ടുകള്‍ വന്ന് തേന്‍കുടിക്കാനാരംഭിച്ചു.
അവയുടെ രൂപവും പെരുമാറ്റവും പൂക്കള്‍ക്കും ചെടികള്‍ക്കും തീരെ ഇഷ്ടമല്ല.
അങ്ങനെയിരിക്കെ ഒരു ദിവസം പൂമ്പാറ്റകള്‍ പൂക്കളില്‍നിന്ന് തേന്‍ കുടിച്ചുകൊണ്ടിരിക്കുന്ന നേരത്ത് പടുവികൃതിയായ അച്ചു ആ വഴി വന്നു.
അവന്‍ പൂമ്പാറ്റകളെ പിടിക്കാനായി നോക്കിയപ്പോഴേക്കും ആ പാവങ്ങള്‍ പറന്നുപോയി.
പൂക്കള്‍ പറിച്ച് കശക്കിയെറിയുകയാണ്
അച്ചുവിന്റെ പ്രധാന വിനോദം.
ആ സമയത്ത് വണ്ടുകള്‍ അവിടെ പറന്നെത്തി.
അവ മൂളിക്കൊണ്ട് കൂട്ടമായി അച്ചുവിനെ ആക്രമിച്ചു.
വികൃതിപ്പയ്യന്‍ ആകെ വിഷമിച്ചു.
അവന്‍ അവിടെനിന്ന് ഓടിപ്പോയി. അപ്പോള്‍
പൂച്ചെടികള്‍ക്ക് സമാധാനമായി.
കൂട്ടത്തില്‍ മുതിര്‍ന്ന മുല്ലവള്ളി അവരോട് പറഞ്ഞു,
‘ആരെയും മോശക്കാരായി കാണരുത്. നിറത്തിലോ സൗന്ദര്യത്തിലോ മാത്രം ഭ്രമിച്ച് ആരെയും കുറ്റപ്പെടുത്തരുത്.’
തെറ്റു മനസ്സിലാക്കിയ പൂച്ചെടികള്‍ വണ്ടുകളോട് ക്ഷമ പറഞ്ഞു. അതിനുശേഷം അവര്‍ എല്ലാ പ്രാണികളെയും ഒരുപോലെ സ്‌നേഹിക്കാന്‍ പഠിച്ചു.






















