ഒ.എന്‍.വി. കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍.എസ്.എസ്സിനെതിരെ എഴുതിയിട്ടുള്ള ഒരു ലേഖനം അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാള്‍ കമ്യൂണിസ്റ്റാവുമ്പോള്‍ നുണപ്രചാരണങ്ങള്‍ ഏറ്റുപാടേണ്ടി വരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനം. 1948 ജനുവരി 25ന് ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പങ്കെടുത്ത തിരുവനന്തപുരത്തെ ആര്‍.എസ്.എസ് പരിപാടി ആക്രമിക്കാന്‍ പോയതിനെ സംബന്ധിച്ചാണ് കവി നുണയെഴുതി പ്രചരിപ്പിച്ചത്. ഒന്നിനെയും അംഗീകരിക്കാനോ സഹിഷ്ണുതയോടെ കാണാനോ കഴിവും ആത്മവിശ്വാസവും ഇല്ലാത്തവരാണല്ലോ കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ടുതന്നെ ആ പരിപാടി ആക്രമിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഗുരുജി തൈക്കാട് പോലീസ് മൈതാനിയില്‍ പ്രവേശിച്ച് പരിപാടി തുടങ്ങുമ്പോള്‍ത്തന്നെ അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവരെ ശാന്തമായി ഒന്നു നോക്കി ഗുരുജി തന്റെ പ്രഭാഷണം ആരംഭിച്ചു. പരിപാടി കലങ്ങുന്നില്ല എന്നുകണ്ട കുട്ടിസഖാക്കള്‍ കല്ലേറ് ആരംഭിച്ചു. വേറൊരു നിവൃത്തിയുമില്ലാതെവന്നപ്പോള്‍ നിശ്ചയിക്കപ്പെട്ട ഒരുപറ്റം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവരെ ദണ്ഡയുമായി നേരിട്ടു. അടികൊണ്ട് എല്ലാ സഖാക്കളും പലായനം ചെയ്തു. പരിപാടി ശാന്തമായി അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെയാണ് ഗുരു ഗോള്‍വല്‍ക്കറോട് ചോദ്യം ചോദിക്കാന്‍ ചെന്ന തങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തല്ലാന്‍ ഉത്തരവിട്ടു എന്ന മട്ടില്‍ കവി എഴുതിപ്പിടിപ്പിച്ചത്.
വസ്തുത എന്താണെന്ന് ഒഎന്‍വി കുറുപ്പിനെക്കാള്‍ മുതിര്‍ന്ന അന്നത്തെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥിനേതാവായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിവച്ചിട്ടുണ്ട്. മാതൃഭൂമി പത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് ആര്‍.എസ്.എസിന്റെ ഒരു ജാഥ തകര്‍ക്കാന്‍ ഞങ്ങള്‍ പോയി. തൈക്കാട്ട് പോലീസ് മൈതാനത്തായിരുന്നു ജാഥ. ആര്‍.എസ്.എസ് നേതാവ് ഗോള്‍വല്‍ക്കറിന് എതിരെ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചുചെന്നതും അടി പൊട്ടി. പരപര അടി. വയ്യാത്ത ഞാന്‍പോലും മതില്‍ചാടി ഓടിക്കളഞ്ഞു. നന്നായി അടികിട്ടി.”
ആര്‍.എസ്.എസ്സിന്റെ പരിപാടി കലക്കുക എന്നത് ജനാധിപത്യത്തിന്റെ പേരില്‍ വാചകമടിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും സ്വഭാവമായിരുന്നു. അന്ന് മലയാറ്റൂരിന്റെയും ഒ.എന്‍.വിയുടെയും കൂടെ മറ്റു പലരുമുണ്ടായിരുന്നു. വൈക്കം ചന്ദ്രശേഖരന്‍നായര്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍ ഒക്കെ അതില്‍പെട്ട കുട്ടി സഖാക്കളായിരുന്നു. പിന്നീട് പ്രായം വര്‍ദ്ധിക്കുകയും ബുദ്ധി പാകപ്പെടുകയും ചെയ്തപ്പോള്‍ ഇവരെല്ലാം ഈ ചെയ്തതിനെ തള്ളിപ്പറയുകയോ ആര്‍.എസ്.എസിന്റെ വേദികളില്‍ പങ്കാളികളാവുകയോ ചെയ്തിട്ടുമുണ്ട്.
ഈ ആക്രമണത്തില്‍ പങ്കാളിയായ സി.എന്‍. ശ്രീകണ്ഠന്‍നായര്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് ഈ സംഭവത്തെക്കുറിച്ച് കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണനോട് (എം.എ.സാര്‍) വിവരിച്ചിട്ടുണ്ട്. ‘1947 ഡിസംബറില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ ആദ്യമായി തിരുവനന്തപുരത്ത് വരുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ അതിനെ എതിര്‍ക്കണമെന്ന് വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ഇടയില്‍ പ്രചരണം ഉണ്ടായി.’ ഈ പരിപ്പീ നാട്ടില്‍ വേവുകയില്ല മോനേ, ആര്‍.എസ്.എസ്സുകാരാ’ എന്നുതുടങ്ങുന്ന ഒരു പാട്ട് അന്നാണ് പ്രചാരത്തില്‍ വന്നത്. ഗുരുജി പ്രസംഗിച്ചതും തൈക്കാട് മൈതാനിയില്‍ വെച്ച് നടന്നതുമായ ആര്‍.എസ്.എസ് റാലി കലക്കാന്‍ പേട്ടയിലുള്ള കൗമുദി ആഫീസില്‍വച്ചാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഇതിനു നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് നേതാക്കളും അവരുടെ വിദ്യാര്‍ഥികളുമായിരുന്നുവെങ്കിലും തിരിച്ചു തല്ലുകിട്ടിയപ്പോള്‍ കമ്യൂണിസ്റ്റുകള്‍ ഉത്തരവാദിത്തം വിദ്യാര്‍ത്ഥി ലോകത്തിന്റെ തലയില്‍ ചാരുകയാണുണ്ടായത്’ (കേസരി വാരിക, 5 -2- 1978).
ഈ ആരോപണം ഉന്നയിച്ച ഒ.എന്‍.വി കുറുപ്പിനുതന്നെ ഇതു കള്ളത്തരം ആണെന്ന് അറിയാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹമെഴുതിയ ചില ഗാനങ്ങള്‍ ആര്‍.എസ്.എസിന്റെ ശാഖയില്‍ പാടാന്‍ അനുമതി നല്‍കുമായിരുന്നോ? എന്നുമാത്രമല്ല 1984 മുതല്‍ തന്റെ ജീവിതാവസാനംവരെ തപസ്യ കലാസാഹിത്യവേദിയുടെ നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1986 ല്‍ എറണാകുളത്ത് തപസ്യയുടെ പരിപാടിയില്‍വച്ച് മഹാകവി അക്കിത്തത്തിന് സ്വീകരണം നല്‍കിയപ്പോള്‍ അതില്‍ പ്രഭാഷകനായി എത്തിയതും ഇതേ ഒ.എന്‍.വി കുറുപ്പ് തന്നെയായിരുന്നു. അതിനെ ആക്ഷേപിച്ച കമ്മ്യൂണിസ്റ്റ് പത്രത്തിനെതിരെ അദ്ദേഹം പ്രസംഗിച്ചത്, ‘ഞാന്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല ഇതില്‍ പങ്കെടുക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു.
ഗുരുജിയുടെ തിരുവനന്തപുരം പരിപാടിയുടെ മുഖ്യശിക്ഷകന്‍ പി. പരമേശ്വര്‍ജിയായിരുന്നു. അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ, ‘തൈക്കാട് മൈതാനിയില്‍ ഗുരുജി പങ്കെടുത്തിരുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ കരുതിക്കൂട്ടി വന്നിരുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പ്രകോപനപരമായ പ്രതിഷേധ ജാഥ മൈതാനിയില്‍ കടന്ന് കയ്യേറ്റം ആരംഭിക്കുന്നതുവരെ സ്വയംസേവകര്‍ സംയമനം പാലിച്ചു. പിന്നീട് അവര്‍ തിരിച്ചടിച്ചില്ലായിരുന്നുവെങ്കില്‍ പരിപാടി അലങ്കോലപ്പെടുക മാത്രമല്ല ഗുരുജിതന്നെ ആക്രമിക്കപ്പെടുകയും ചെയ്യുമായിരുന്നു. ധീരമായും സംഘടിതമായും സ്വയംസേവകര്‍ അനായാസേന ആ വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത രീതി ഇന്നു പരക്കെ അറിയപ്പെടുന്നതാണല്ലോ.'(കേസരി വാരിക, 21-4-1999)
ഒ.എന്‍.വി എഴുതിയ മറ്റൊരു നുണ, സഖാക്കളുടെ ഈ ആക്രമണത്തിനുശേഷം പിന്നീട് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ മധുരം വിതരണം ചെയ്യുന്നതു കണ്ടു എന്നായിരുന്നു. അതിനെയും അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായും കവി ആദ്യം പറഞ്ഞ നുണയെ അഥവാ കമ്മ്യൂണിസ്റ്റ് ആക്രമണത്തെ ന്യായീകരിക്കാന്‍ മറ്റൊരു നുണകൂടി പറയുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മധുരപലഹാരവിതരണത്തിന്റെ ‘കപിക്കഥ’ രൂപപ്പെടുത്തിയത്. അതും കമ്മ്യൂണിസ്റ്റുകള്‍ പൊതുവേ കേരളത്തില്‍ പറഞ്ഞുണ്ടാക്കിയ മറ്റൊരു നുണയുടെ പ്രചാരണം കൂടിയായിരുന്നു. ഗാന്ധിവധം നടന്ന ദിവസം തലശ്ശേരിയില്‍ ഒരു കല്യാണത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവിടെ പായസം കുടിച്ചതും മധുരം വിതരണം ചെയ്തതും കണ്ട്, അവിടുത്തെ സഖാക്കള്‍ ഇത്തരമൊരു നുണ പറഞ്ഞു പ്രചരിപ്പിക്കുകയുണ്ടായി. ഗാന്ധിവധത്തിന്റെ സന്തോഷത്തില്‍ മധുരം വിതരണം ചെയ്തതാണെന്നും പായസം ഉണ്ടാക്കി കൊടുത്തതാണെന്നും ഒക്കെ നുണ പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ലല്ലോ.
ഗാന്ധിവധത്തോടനുബന്ധിച്ച് മധുരപലഹാരം വിതരണം ചെയ്തു എന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല രാജ്യവ്യാപകമായി കോണ്‍ഗ്രസുകാരും പ്രചരിപ്പിച്ചിരുന്നു. അത്തരം നൂറുകണക്കിന് ആരോപണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കിട്ടിക്കൊണ്ടിരുന്നു. അവര്‍ അതു മുഴുവന്‍ നേരിട്ട് അന്വേഷിച്ചു. ഡി.ഐ. ജി. (ഇന്നത്തെ നിലയ്ക്ക് എ.ഡി.ജി.പി) സഞ്ജീവിയുടെയും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെക്കുറിച്ച് സര്‍ദാര്‍ പട്ടേല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് എഴുതിയിട്ടുണ്ട്, ”അറിയപ്പെടുന്നതും അറിയാത്തതുമായ, യഥാര്‍ത്ഥമായതോ അജ്ഞാതമായതോ അപരനാമമുള്ളതോ ആയ ഉറവിടങ്ങളിലൂടെ ഞങ്ങളുമായി ആശയവിനിമയം നടത്തുന്ന എല്ലാ വിവരങ്ങളും അന്വേഷിക്കുകയാണ്. ഇതില്‍ തൊണ്ണൂറു ശതമാനത്തിലേറെയും വെറും ഭാവന മാത്രമാണെന്ന് കണ്ടെത്തി. ഇവയില്‍ മിക്കതും വിവിധ കേന്ദ്രങ്ങളിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെട്ടവയാണ്. ഞങ്ങള്‍ ഇത് പിന്തുടര്‍ന്നു, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നോ സന്തോഷം പ്രകടിപ്പിച്ചുവെന്നോ ഉള്ള അവ്യക്തമായ ആരോപണങ്ങള്‍ ഒഴികെ, അവയില്‍ കാര്യമായൊന്നും കണ്ടെത്തിയില്ല.”
27-2-1948ല്‍ പട്ടേല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്ത്. (Gandhi’s Assassination, page 150, Makhanlal) വസ്തുതകള്‍ ഇതാണെന്നിരിക്കെ അധികാരത്തിനുവേണ്ടി ജനങ്ങളുടെ മുന്‍പില്‍ എന്തു കള്ളത്തരവും പ്രചരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് മടിയില്ല എന്നതിന്റെ തെളിവാണ് ഈ നുണപ്രചാരണം. എല്ലാ വിവരങ്ങളും തല്പരരായവര്‍ക്ക് നേരിട്ടു ശേഖരിക്കാന്‍ സൗകര്യങ്ങളുള്ള ഇക്കാലത്താണ് സഖാക്കള്‍ ഇതുപറഞ്ഞു പരിഹാസ്യരാകുന്നത്. എന്നുമാത്രമല്ല ഗാന്ധിജി കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരായിരുന്നു എന്ന് മനസ്സിലാക്കാന്‍ 1940കളിലെ അവരുടെ പത്രങ്ങളും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മാത്രം പരിശോധിച്ചാല്‍ മതിയാകും. ‘വാര്‍ദ്ധയിലെ കള്ളദൈവം’, ‘കുരുടന്‍ മിശിഹ’തുടങ്ങിയ വിശേഷണങ്ങളായിരുന്നു ഗാന്ധിജിക്ക് അവര്‍ ചാര്‍ത്തിക്കൊടുത്തത്. ഗാന്ധിജിയോടുള്ള സ്‌നേഹംകൊണ്ടല്ല ഇവര്‍ ഈ നുണക്കഥയുമായി ഇന്നും നടക്കുന്നത്. അവര്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടും ചരിത്രം അവരെ നോക്കി കൊഞ്ഞനംകുത്തുന്നത് കൊണ്ടുമാണ്. അതിന്റെ അപകര്‍ഷതാബോധത്തില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ ശത്രുക്കളായി കാണുന്നവരെ പഴിപറഞ്ഞ് മനസ്സമാധാനം തേടുകയാണ്!കാ.ഭാ. സുരേന്ദ്രന്‍





















