ഒരു സിനിമ നിങ്ങളെ വിനോദിപ്പിക്കാനാണോ, ചിന്തിപ്പിക്കാനാണോ, അല്ലെങ്കില്‍ അസ്വസ്ഥരാക്കാനാണോ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ആദ്യത്തെ ചില ഫ്രെയിമുകള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാം. ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ അതിന്റെ ഉദ്ദേശ്യം വളരെ വേഗത്തില്‍ തന്നെ പ്രഖ്യാപിക്കുന്നു. ഇവിടെ ഒരു വളച്ചുകെട്ടും ഇല്ല. ഒരു ”വാം-അപ്പ് ലാപും” ഇല്ല. മറ്റൊന്ന് കൂടി ആദ്യമേ വ്യക്തമാക്കിയിട്ടാണ് തിരക്കഥാകൃത്തും സംവിധായകനും കഥപറച്ചില്‍ ആരംഭിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ നോക്കൂ, ദ കേരള സ്റ്റോറി 2: ഗോസ് ബീയോണ്ട്. ഇംഗ്ലീഷ് മനസ്സിലാകാത്തത് കൊണ്ടാണോ, മനപ്പൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണോ കേരളത്തിലെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ സിനിമയെ ചൊല്ലി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? കേരള സ്റ്റോറിക്കപ്പുറത്തേക്കുള്ള ഉള്ളടക്കത്തിന്റെ വികാസ പരിണാമങ്ങളെ കുറിച്ചാണ് തങ്ങള്‍ ഇക്കുറി പറയാന്‍ പോകുന്നതെന്ന് ടൈറ്റിലില്‍ തന്നെ വ്യക്തമാക്കപ്പെടുന്നത് വിവാദവ്യവസായികള്‍ കാണുന്നില്ല. ആദ്യ ഫ്രെയിമുകളില്‍ തന്നെ ഹൃദയം നുറുക്കുന്ന കാഴ്ചകള്‍, ജോധ്പൂരിലെ മണല്‍ കുഴിയില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന വിച്ഛേദിക്കപ്പെട്ട ഒരു കൈ. കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ തൂങ്ങിനില്‍ക്കുന്ന തലമുടി മുണ്ഡനം ചെയ്ത ഒരു പെണ്‍ ശരീരം. ഗ്വാളിയോറില്‍ ഒരു മേല്‍ക്കൂരയില്‍ നിന്ന് ചാടി വീഴുന്ന ദേഹമാസകലം അടിച്ച് ചതയ്ക്കപ്പെട്ട ഒരു പെണ്‍കുട്ടി. ഇത് കഥയുടെ വികാസത്തെ മാത്രമല്ല സൂചിപ്പിക്കുന്നത് സിനിമാറ്റിക് വ്യാകരണത്തിന്റെ ദൃശ്യോന്നയനത്തെ കൂടിയാണ് വെളിപ്പെടുത്തുന്നത്. ഭാഷ ദൃശ്യമായി പരിണമിക്കുന്നതിലെ അര്‍ത്ഥപൂര്‍ണത.
ഭാരതവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും നൈതിക അനിശ്ചിതത്വങ്ങളെയും ചുറ്റിപ്പറ്റി നില്‍ക്കുന്ന മുഖ്യധാരാ ഹിന്ദി സിനിമകളുടെ പശ്ചാത്തലത്തില്‍, ഈ സീക്വല്‍ വ്യക്തതയെ തിരഞ്ഞെടുക്കുന്നു. ഇത് വിഷയം നേരിട്ട് അഭിമുഖീകരിക്കുന്നു, വഴിതിരിവുകളില്ലാതെ. ആദ്യ ചിത്രം ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുവെങ്കില്‍, ഈ ഭാഗം ആ ചര്‍ച്ചയുടെ ഘടനയെ ഭൂപടമാക്കാനാണ് ശ്രമിക്കുന്നത് ഭൂമിശാസ്ത്രപരമായി, മാനസികമായി, ഘടനാപരമായി അതിനെ അന്വേഷിക്കുന്നു.
നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായുടെ പിന്തുണയോടെയും, അമര്‍നാഥ് ഝാ എഴുതിയും, ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ് സംവിധാനം ചെയ്തതുമായ ഈ ചിത്രം, ആദ്യ പ്രമേയത്തെ ആഴത്തില്‍ പഠിച്ച് അതിന്റെ വ്യാപ്തി ഒട്ടും ചുരുക്കാതെ സത്യത്തെ കൂടുതല്‍ തെളിമയോടെ വെളിപ്പെടുത്താന്‍ തീരുമാനിച്ച ഒരു സീക്വല്‍ പോലെ അനുഭവപ്പെടുന്നു. ഇത് കേരളത്തിന് പുറത്തേക്കും, ഒരൊറ്റ കഥയ്ക്കു പുറത്തേക്കും, വ്യക്തിഗത സാക്ഷ്യങ്ങളുടെ പരിധിക്ക് പുറത്തേക്കും വ്യാപിക്കുന്നു. സ്വാധീനം (influence), മാനസിക പരിശീലനം (grooming)- അസ്മിതാ വിഘടനം (ശറലിശേ്യേ ളൃമരൗേൃല) തുടങ്ങിയ ജിഹാദി അടവുകളെ പല സംസ്ഥാനങ്ങളിലായി, പല കഥാപാത്രങ്ങളിലായി പരിശോധിക്കുന്ന ഒരു സിനിമയായി മാറുന്നു.
ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത് ഘടനാപരമായ ആത്മവിശ്വാസമാണ്. തിരക്കഥ കൃത്യമായി ആര്‍ക്കിടെക്റ്റ് ചെയ്തിരിക്കുന്നു. കൊച്ചി, ജോധ്പൂര്‍, ഗ്വാളിയോര്‍ എന്നിവ വെറും ചില അനന്യ പശ്ചാത്തലങ്ങള്‍ അല്ല. അവ കൃത്യമായ ആശയസൂചകങ്ങളാണ്. അംബേദ്കറുടെ ചിത്രം ഭിത്തിയില്‍ തൂങ്ങിയിരിക്കുന്ന ഒരു പിന്നാക്ക കുടുംബം, നിറപ്പകിട്ടോടെ ആഘോഷിക്കുന്ന ഗംഗൗര്‍ ഉത്സവം, വിശ്വാസത്തെയും ആധുനികതയേയും തമ്മില്‍ സമീകരിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ തീരദേശ കുടുംബം വ്യത്യസ്തതകളെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ ദൃശ്യങ്ങള്‍ തീവ്രതരമായ വൈകാരിക പരിസരങ്ങളിലേക്ക് കഥ വളരുന്നതിന് ആവശ്യമായ സാമൂഹിക-സാംസ്‌കാരിക അടിത്തറ സ്ഥാപിക്കുന്നു. ഇവിടെ പ്രകൃതിയെ തന്നെ ഒരു കഥാപാത്രമായി മാറ്റുകയാണ്.
തിരക്കഥയിലെ പ്രതിഭ വെളിവാക്കുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു, കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിലെ ഒറ്റപ്പെട്ട സ്വഭാവ വിശേഷങ്ങളെ അടര്‍ത്തിമാറ്റി കൃത്രിമമായി അവതരിപ്പിക്കാന്‍ (Caricature Manipulation) തിരക്കഥാകൃത്ത് ഒരു സന്ദര്‍ഭത്തിലും ശ്രമിക്കുന്നില്ല. പ്രണയത്തെ പ്രകടനാത്മകമായ സ്വയംപീഡനത്തിലൂടെ നാടകീയമാക്കുന്ന രംഗം പ്രേക്ഷകമനസ്സിനെ അസ്വസ്ഥമാക്കുന്നത്, അത് മന:ശാസ്ത്രപരമായി യാഥാര്‍ഥ്യമാണെന്ന് അനുഭവപ്പെടുന്നതിനാലാണ്. തീവ്രമായ ‘ആശയ’ സ്വാധീനം സ്വന്തം പേരുപറഞ്ഞ് വരാറില്ല. അത് പലപ്പോഴും മറ്റൊരാളുടെ മുഖംമൂടി അണിഞ്ഞ്, മൃദുവായ വാക്കുകളുടെ നിഴലില്‍, സൗഹൃദത്തിന്റെ സ്വരത്തില്‍, അനുഭവങ്ങളുടെ വാതില്‍ക്കല്‍ മുട്ടിയാണ് എത്തുന്നത്. അത് അംഗീകാരമായി, പ്രണയമായി, സ്വന്തമായി മാറാനുള്ള വാഗ്ദാനമായി എത്തുന്നു. ഈ സൂക്ഷ്മത ഗവേഷണത്തിന്റെ കൃത്യതയെ അടയാളപ്പെടുത്തുന്നു . ഫലത്തെ മാത്രം നോക്കാതെ പ്രക്രിയയെ പഠിച്ച എഴുത്തുകാരുടെ സാന്നിധ്യം അത് തെളിയിക്കുന്നു.
അമര്‍നാഥ് ഝാ, വിപുല്‍ എ. ഷാ എന്നിവര്‍ കഥയുടെ ഗതിയെ കൃത്യമായി നിയന്ത്രിക്കുന്നു. പരസ്പരം പ്രതിധ്വനിക്കുന്ന സമാന്തര കഥാഖണ്ഡങ്ങളിലൂടെ സിനിമ മുന്നേറുന്നു. പക്ഷേ അത് ഒരിക്കലും ഏറ്റുമുട്ടി ശിഥിലമാകുന്നില്ല. ഓരോ കഥക്കും സ്വന്തം വികാരഭാരം ഉണ്ട്. പക്ഷേ അവ എല്ലാം ചേര്‍ന്ന് ഒരു വലിയ ആഖ്യാന വ്യവസ്ഥയെ (ecosystem) നിര്‍മ്മിക്കുന്നു. ഈ ചിത്രം വേറിട്ട് നില്‍ക്കുന്നത് അതിന്റെ ആഴത്തിലുള്ള ഗവേഷണം കൊണ്ടാണ്. കേട്ടുകേള്‍വികളെയോ ഉദ്വേഗം സൃഷ്ടിക്കുന്ന തലക്കെട്ട് വാര്‍ത്തകളെയോ ആശ്രയിക്കാതെ, ഉദാഹരണങ്ങള്‍, സാക്ഷ്യങ്ങള്‍, കേസ് സ്റ്റഡികള്‍, മാനസിക ഘടനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ രചന നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. മാനസികമായ പരുവപ്പെടുത്തലിന്റെ (grooming) ഘട്ടങ്ങള്‍ വികാരപരമായ ഒറ്റപ്പെടുത്തല്‍, തിരിച്ചറിവിന്റെ പുനര്‍നിര്‍മ്മാണം, പ്രണയത്തിന്റെ ദുരുപയോഗം, ആശയപരമായ പ്രോഗ്രാമിംഗ് ഓരോന്നും സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു. സാംസ്‌കാരിക വിശദാംശങ്ങള്‍ പൊതുവായതല്ല, വ്യക്തമായവയാണ്. സ്ഥാപനങ്ങളുടെ പ്രതികരണങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. കഥാപാത്രങ്ങളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങള്‍ പോലും സൂക്ഷ്മമായി അടരടരുകളായി സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നു. ഇത് വിഷയത്തെ ആഴത്തില്‍ പഠിച്ച ഗവേഷണത്തിന്റെ പ്രതിഫലനമാണ്.
സംഭാഷണങ്ങള്‍ മൂര്‍ച്ചയുള്ളതും സ്വാഭാവികവുമാണ്. ‘Sabko apne vishwas ke sath jeene ka haq hai…’ (എല്ലാവര്‍ക്കും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്) എന്ന വാചകം ഒരു മുദ്രാവാക്യമായി അല്ല, ഒരു സ്വാഭാവിക സംഭാഷണമായി അനുഭവപ്പെടുന്നു. ഇന്നത്തെ യുവതലമുറ തിരിച്ചറിയുന്ന ഭാഷയിലാണ് ഈ സിനിമ സംസാരിക്കുന്നത്. വികാരപരമായി തല്‍ക്ഷണം പ്രതികരിക്കുന്ന, ആശയപരമായി ജാഗ്രതയുള്ള, സ്വന്തം തിരിച്ചറിവ് അന്വേഷിക്കുന്ന ഒരു തലമുറയുടെ ഭാഷ. ട്രെന്‍ഡ് പിന്തുടരുന്ന കൃത്രിമത ഇല്ല. പകരം, വിശ്വാസം, പ്രണയം, കലാപം, അംഗീകാരം എന്നിവയുമായി പോരാടേണ്ടിവരുന്ന യുവത്വത്തിന്റെ നിസ്സഹായതയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
അഭിനയം പ്രത്യേകം പ്രശംസനീയമാണ്. നാടകീയതയ്ക്ക് പകരം നിയന്ത്രിതമായ അവതരണമാണ് അഭിനേതാക്കള്‍ തിരഞ്ഞെടുക്കുന്നത്. യുവതികള്‍ നിര്‍മലതയില്‍ നിന്ന് ആശയക്കുഴപ്പത്തിലേക്കും, അവിടെ നിന്ന് ഭയത്തിലേക്കും മാറുന്ന വികാരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. പുരുഷ കഥാപാത്രങ്ങള്‍ സമ്മോഹനത്തെ, ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുന്നു. മാതാപിതാക്കളുടെ കഥാപാത്രങ്ങള്‍ കഥയ്ക്ക് വൈകാരിക ഗുരുത്വം നല്‍കുന്നു. ഈ സത്യസന്ധതയാണ് സിനിമയുടെ ഉദ്ദേശ്യത്തെ ശക്തിപ്പെടുത്തുന്നത്. സിനിമയുടെ സൗന്ദര്യാത്മകമായ പാകത എടുത്ത് പറയേണ്ടിയിരിക്കുന്നു.. കേരളത്തിന്റെ തീരങ്ങള്‍ ശാന്തതയോടെ, രാജസ്ഥാനിലെ ഉത്സവങ്ങള്‍ നിറപ്പകിട്ടോടെ, നഗരത്തിലെ ഇടങ്ങള്‍ ശ്വാസംമുട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ക്യാമറ ഒരിക്കലും അമിതമായി അലങ്കാരങ്ങള്‍ കൊണ്ട് കാല്പനികതയുടെ മിഥ്യാദൃശ്യങ്ങളില്‍ അഭിരമിക്കുന്നില്ല. അത് നിരീക്ഷിക്കുന്നു, അത് അനുഭവിക്കുന്നു, അത് കാലത്തെയും ഇടത്തെയും (time and space) മാനിക്കുന്നു. ഈ നിയന്ത്രണം വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.
പ്രൊഡക്ഷന്‍ ഡിസൈന്‍ കഥയെ തൊട്ടറിയാവുന്ന (tactile റിയാലിറ്റി) യാഥാര്‍ത്ഥ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ജീവനുള്ളത് പോലെ തോന്നുന്ന വീടുകള്‍. ആചാരസ്ഥലങ്ങള്‍ സാംസ്‌കാരികമായി വ്യക്തമാണ്. സ്ഥാപന ഇടങ്ങള്‍ ബ്യൂറോക്രാറ്റിക് ഭാരവുമായി അനുഭവപ്പെടുന്നു. വസ്ത്രധാരണം കഥാപാത്രങ്ങളുടെ മാനസിക മാറ്റങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്നു. സമാന്തരങ്ങളായി നീങ്ങുന്ന കഥകളെ സുന്ദരമായി സംയോജിപ്പിക്കുന്നതില്‍ എഡിറ്റിംഗ് സ്തുത്യര്‍ഹമാം വിധത്തില്‍ വിജയിച്ചിരിക്കുന്നു.
കാമാഖ്യ നാരായണ്‍ സിംഗിന്റെ സംവിധാനമാണ് ഏറ്റവും ശ്രദ്ധേയമായത്. അദ്ദേഹം അമിത നാടകീയത ഒഴിവാക്കുന്നു. പ്രയാസകരമായ വിഷയങ്ങളെ കാഴ്ചയുടെ ഗൗരവത്തോടെ അവതരിപ്പിക്കുന്നു. നിശ്ശബ്ദത, ഇടവേള, ഒരു നോട്ടം ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന ഉപകരണങ്ങള്‍. ഈ നിയന്ത്രണം സിനിമയെ അമിത വികാരത്തിലേക്ക് വഴുതിപ്പോകുന്നതില്‍ നിന്ന് തടയുന്നു.
സിനിമ അവസാനിക്കുമ്പോള്‍, ഒരു അസ്വസ്ഥമായ ചിന്ത അവശേഷിക്കുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മാനസികമായും വികാരപരമായും ഇരപ്പെടാം, കുടുംബങ്ങള്‍ അതറിയുന്നില്ല. ഇത് ജാഗ്രതയിലേക്ക് ഉള്ള ആഹ്വാനമാണ്. സുരക്ഷ വേണ്ടത് ഭൗതികമായി മാത്രമല്ല ആ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കേണ്ടത് മാനസികവും ആശയപരവുമായി കൂടിയാണെന്ന് ഈ സിനിമ സമൂഹത്തോട് പറയുന്നു. മാതാപിതാക്കളോട് ഇത് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുന്നു, അവരുടെ മക്കളുടെ ലോകത്തെ മനസ്സിലാക്കാന്‍, സാംസ്‌കാരിക അടിത്തറ ശക്തിപ്പെടുത്താന്‍, സമൂഹബന്ധം ഉറപ്പിക്കാന്‍.
ആശയപരമായി, ഈ സിനിമ ഒരു വസ്തുത മുന്നോട്ട് വെക്കുന്നു, സാമൂഹിക ഘടനകളിലെ വിള്ളലുകള്‍ ചില ശക്തികള്‍ ഉപയോഗപ്പെടുത്തുന്നു, അതിനെ സമൂഹം നേരിടണം. ഉള്ളടക്കത്തിന്റെ ആശയ തീക്ഷ്ണത കൊണ്ട് മാത്രമല്ല ഈ സിനിമ മഹത്തരമാകുന്നത്. കലാപരമായ ശില്‍പ ഭദ്രതയാണ് അതിനെ വേറിട്ട് നിര്‍ത്തുന്നത്. ഇത് സിനിമയുടെ വേഷം ധരിച്ചൊരു പാംഫ്‌ലെറ്റ് അല്ല. ചിന്തയുടെ വിത്ത് വിതറി, ഘടനയുടെ അച്ചുതണ്ടില്‍ നന്നായി ഉറപ്പിച്ചു നിര്‍ത്തിയ, മുഖ്യധാരയുടെ വിശാല പാതയിലൂടെ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നൊരു ചിത്രം.
ദൃശ്യങ്ങളുടെ വ്യാകരണം ഇതറിഞ്ഞിരിക്കുന്നു.ഫ്രെയിമുകള്‍ സംസാരിക്കുന്ന ഭാഷയും, മൗനങ്ങളില്‍ പോലും അര്‍ത്ഥം നിറക്കുന്ന രഹസ്യലിപിയും. കഥയുടെ ലയതാളം ഇതറിഞ്ഞിരിക്കുന്നു. ഗതിവേഗവും മന്ദചലനവും എപ്പോള്‍ വേണമെന്ന അന്തഃരംഗ സംഗീതബോധം ഇതിലുണ്ട്. കഥാപാത്രങ്ങളുടെ ആഴം ഇതറിഞ്ഞിരിക്കുന്നു. അവരെ കരിയും വെള്ളയുമായി പിരിച്ചിടാതെ, ജീവിതത്തിന്റെ സര്‍വരസങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയിരിക്കുന്നു.
ഒരു ചലച്ചിത്രം പൂര്‍ണത ആര്‍ജ്ജിക്കുന്നത് അതിന്റെ പിന്നണിയില്‍ കലയുടെ മര്‍മ്മമറിയാവുന്ന ഒരു സംഘം ഏകമനസ്സോടെ അവരവരുടെ മേഖലയില്‍ സൃഷ്ടിയിലേര്‍പ്പെടുമ്പോഴാണ്. ഈ സര്‍ഗ്ഗാത്മക പിന്തുണ ആണ് സംവിധായകന്റെ സങ്കല്‍പത്തെ സഫലമാക്കുന്നത്. കേരള കഥ സഹ്യന്റെ അതിര്‍ത്തി കടന്ന് ഒരു സിംഫണിയായി മനസ്സാക്ഷി ഉള്ളവരുടെ ഹൃദയത്തില്‍ നോവിന്റെ ഓളക്കുത്തുകള്‍ തീര്‍ക്കുന്നത് അതുകൊണ്ടാണ്.
ഛായാഗ്രാഹകനായ അഭിജീത് ചൗധരി ആഡംബരങ്ങളുടെ നിറച്ചാര്‍ത്തുകള്‍ക്ക് പിന്നാലെ പോകാതെ സംയമിതമായ ദൃശ്യഭാഷ ഉപയോഗിക്കുന്നു. എഡിറ്റര്‍ സഞ്ജയ് ശര്‍മ്മ കഥയുടെ സുതാര്യമായ ഋജു പ്രവാഹം ഉറപ്പാക്കുന്നു. മന്നന്‍ ഷാഹിന്റെയും രാഹുല്‍ സുഹാസിന്റെയും സംഗീതം ചിത്രത്തിന്റെ ഭാവതാളം നിലനിര്‍ത്തുകയും, അകത്തളങ്ങളില്‍ ഒരു അസ്വസ്ഥതയുടെ നിശ്ശബ്ദ സ്പന്ദനം സൃഷ്ടിക്കുകയും ചെയ്യുന്നു. കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛാബ്ര യാഥാര്‍ത്ഥ്യബോധമുള്ള സ്വഭാവിക പ്രകടനങ്ങള്‍ ഉറപ്പാക്കുമ്പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജൂഹി തല്‍മാക്കി ആധികാരികമായ രംഗപടം സൃഷ്ടിക്കുന്നു. വസ്ത്രാലങ്കാര നിര്‍മ്മാതാവായ രാധിക മെഹ്ര കഥാപാത്രങ്ങളുടെ മനശ്ശാസ്ത്രം സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീകാന്ത് ദേശായി അതിശയോക്തിയില്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ സ്പര്‍ശം അനുഭവവേദ്യമാക്കുന്നു.
ദി കേരള സ്റ്റോറി 2 യു ടെ സംഗീതം അതിശയകരമാം വണ്ണം വിപുലവും വിവിധ തലങ്ങളില്‍ ഉള്ളതുമായ ഒരു സംഗീതലോകം തുറന്നിടുന്നു. മന്നന്‍ ഷാഹ് ഒരുക്കിയ സംഗീതം എത്ര അനായാസമായാണ്, ശ്രേയ ഘോഷാല്‍ ആലപിച്ച ”ഓ മായി റി”യുടെ ഘനീഭൂതമായ ദുഃഖത്തിന്റെ നിമ്‌നസ്ഥായിയില്‍ നിന്നും, വിഷാല്‍ മിശ്ര ആലപിച്ച ”സാഥി റെ”യുടെ ആഴമുള്ള വൈകാരികൗന്നത്യത്തിലേക്ക് സഞ്ചരിക്കുന്നത്ത്. രാഹുല്‍ സുഹാസ് ചിട്ടപ്പെടുത്തി, പാലക് മുച്ഛലും സുഹാസും ആലപിച്ച ”കാന്ഹാ” എന്ന ഗാനത്തിന്റെ ഭക്തിസാന്ദ്രത, കഥയുടെ ആത്മീയ താളത്തെ കൂടുതല്‍ അഗാധമാക്കുന്നു. മനോജ് മുന്തശിര്‍ രചിച്ച ആശയത്തിന്റെ അടരുകളേറെയുള്ള വരികള്‍, ഈ ഗാനശില്‍പത്തെ വൈവിധ്യമുള്ളതെങ്കിലും ഏകീകൃതമായൊരു അനുഭൂതിയാക്കി മാറ്റുന്നു കേവലാലങ്കാരമെന്നതിലുപരി, ഗാനങ്ങള്‍ എങ്ങനെയാണ് കഥയുടെ പ്രാണപ്രവാഹമായി മാറുന്നത് എന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു.
പ്രകാശവും നിഴലും ചേര്‍ന്നൊരു ജീവിച്ചിരിക്കുന്ന പ്രപഞ്ചമാണീ സിനിമ. ഇത് ഗവേഷണത്തിന്റെ മണ്ണ് തൊട്ടറിഞ്ഞിരിക്കുന്നു. വസ്തുതകളുടെ നാരിഴകളില്‍ സൂക്ഷ്മമായി നടന്നുപോയ ഒരു അന്വേഷണത്തിന്റെ ഗന്ധമുണ്ടിതിന്. ഇത് ഈ കാലത്തിന്റെ ശബ്ദം കേള്‍ക്കുന്നു. ഇന്നിന്റെ ഭാഷയില്‍ സംസാരിക്കുന്ന, ഇന്നിന്റെ ഹൃദയമിടിപ്പോടെ മുഴങ്ങുന്ന ഒരു ചിത്രം.
ആദ്യ ചിത്രം ഒരു മുറിവ് തുറന്നുകാട്ടിയിരുന്നെങ്കില്‍, ഈ സീക്വല്‍ ആ മുറിവിന്റെ നാരായവേരിനെ പിന്തുടരുന്നു. ഇത് സംഭവത്തെ മാത്രമല്ല, അതിന്റെ വ്യവസ്ഥയെ കൂടി ആണ് പരിശോധിക്കുന്നത്.

അവസാനമായി, ”ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്:” മുന്‍കഥയുടെ വികാസ ഗതിയുടെ അനിവാര്യത മനസ്സിലാക്കിയ ഒരു തുടര്‍ച്ചയായി നിലകൊള്ളുന്നു. മുമ്പത്തെ കഥയുടെ നിഴലില്‍ നില്‍ക്കാതെ, അതിന്റെ പരിധികളെ കടന്നുയരാന്‍ ധൈര്യം കാണിക്കുന്ന ശരിയായ ഒരു രണ്ടാം അധ്യായമാണിത്. അമര്‍നാഥ് ഝാ, വിപുല്‍ അമൃത്‌ലാല്‍ ഷാ എന്നിവരുടെ കൃത്യമായ തിരക്കഥയും, കാമാഖ്യ നാരായണ്‍ സിംഗിന്റെ ആത്മവിശ്വാസമുള്ള സംവിധാനവും ചേരുമ്പോള്‍, സിനിമ അതിന്റെ ആശയപരമായ വ്യാപ്തി വര്‍ധിപ്പിക്കുന്നു, സിനിമാറ്റിക് സത്യസന്ധത നഷ്ടപ്പെടുത്താതെ.
അതിലൂടെ, മുഖ്യധാരാ ഹിന്ദി സിനിമയ്ക്കും വിവാദപരമായ യാഥാര്‍ത്ഥ്യങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ അഭിമിഖീകരിക്കാനും, അതേസമയം ദൃശ്യപരമായി ആകര്‍ഷകവും ആഖ്യാനപരമായി പക്വവുമായിരിക്കാനും കഴിയുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.
(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമാണ് ലേഖകന്‍)






















