ഒടുവില്‍,
രണ്ടു നില വീടായി.
ഗൃഹപ്രവേശനത്തിന്റന്ന്
പാല്‍ കാച്ചുമ്പോള്‍ ഭാര്യ മൊഴിഞ്ഞു:
എത്ര പെട്ടന്ന്
വൃദ്ധരാവുന്നു നാം.
പോര്‍ച്ചിലിന്ന്
മുന്തിയ ജാതി കാറായി.
മുറ്റം വരെ താറിട്ട റോഡായി.
രണ്ടാള്‍ പൊക്കത്തില്‍
ചുറ്റിലും മതിലായി.
സ്വിച്ചിട്ടാല്‍ തുറക്കുന്ന ഗെയ്റ്റില്‍
പാറാവുകാര്‍ രണ്ടായി.
അന്ന് പാല്‍ കാച്ചിയ അടുപ്പ്
പിന്നീട് അധികമെരിഞ്ഞില്ല.
വേണ്ടതെല്ലാം
ഒരു വിളിപ്പുറത്തായി.
അയല്‍ക്കാരോ, ഭിക്ഷക്കാരോ
ബുദ്ധിമുട്ടിക്കില്ലല്ലോ എന്ന് സമാധാനിച്ച്
ഒരു രാത്രി കിടന്നതാണവര്‍..
പിറ്റേന്ന്,
അതിനും പിറ്റേന്ന്
മണം പൊന്തിയ ഒരു നട്ടുച്ചയ്കാണ്
ആ രണ്ട് നില വീട്
അലറിക്കരഞ്ഞ്
മൂക്ക് പൊത്തി
നെഞ്ചത്തടിക്കാന്‍ തുടങ്ങിയത്.






















