Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വന്ദേമാതരം ഒരു പരിസ്ഥിതിവായന

എ.കെ.സനൻഎ.കെ.സനൻ
20 February 2026

ഭരണഘടനപരമായി ദേശീയഗീതമാണെങ്കിലും ഭാരത സംസ്‌കൃതിയുടെ ആത്മാവ് തൊട്ടറിഞ്ഞ ദേശീയതയുടെ മന്ത്രധ്വനിയായ വന്ദേമാതരം പിറന്നിട്ട് നൂറ്റമ്പത് വര്‍ഷം പിന്നിടുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങുന്നതിനും പത്ത് വര്‍ഷം മുമ്പ് 1875 നവംബര്‍ ഏഴാം തീയതിയാണ് വന്ദേമാതരം പ്രസിദ്ധീകരിക്കുന്നത്. സംസ്‌കൃത – ബംഗാളി ഭാഷകളിലായി പ്രശസ്ത കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബങ്കിം ചന്ദ്ര ചതോപാദ്ധ്യായയുടെ തൂലികയിലാണ് വന്ദേമാതരം പിറന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സന്യാസി സമരത്തെ ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച ആനന്ദമഠം എന്ന ചരിത്ര നോവലിലൂടെയാണ് 1882 ല്‍ വന്ദേമാതരം ജനസമക്ഷം എത്തുന്നത്. പില്‍ക്കാലത്ത് വന്ദേമാതര ഗാനം സ്വാതന്ത്ര്യസമര സേനാനികളുടെ ആവേശവും പ്രേരണാസ്രോതസ്സും ദിവ്യമന്ത്രവുമായി മാറി.

Google NewsAdd Kesari Weekly as a preferred source on Google

വേദങ്ങളിലാണ് പൗരാണിക ഭാരതത്തിന്റെ പൃഥ്വീസൂക്തം കാണുന്നത്. നവഭാരതത്തിന്റെ പൃഥ്വീസൂക്തമായ വന്ദേമാതര ഗാനം ഇന്ന് ദേശസ്‌നേഹികളുടെ ആവേശമായി മാറിയിരിക്കുന്നു. നാല് ചരണങ്ങളിലായാണ് വന്ദേമാതര ഗാനം രചിക്കപ്പെട്ടിരിക്കുന്നത്. ഭാരതമാതാവ് എന്ന സങ്കല്പം എത്രത്തോളം ജീവസ്സുറ്റതാണെന്ന് ഈ നാല് ചരണങ്ങളിലൂടെ കവി വിവരിക്കുകയാണ്. ഒന്നാം ചരണം ഭൂമിയെയും പ്രകൃതിയെയും സംബന്ധിക്കുന്നതാണ്. രണ്ടാംചരണമാകട്ടെ ജനസംബന്ധമായതും. മൂന്നാം ചരണത്തില്‍ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചു പറയുന്നു. നാലാമത്തെ ചരണം ഈ ദേശത്തിന്റെ ദൗത്യത്തെ ഉദ്‌ഘോഷിക്കുകയാണ്.

‘സുജലാം സുഫലാം മലയജ ശീതളാം സസ്യശ്യാമളാം മാതരം….’ എന്ന ആദ്യഭാഗം ഭാരതത്തിന്റെ ജലസമൃദ്ധിയും, ഭൂസമൃദ്ധിയും, ഹരിതസമൃദ്ധിയും, പരിശുദ്ധിയും ഉള്‍പ്പെടെ ഭാരതത്തിന്റെ ഭൂപ്രകൃതിയുടെ വര്‍ണ്ണനയാണ്. ഈ ഭൂമിയെ, പ്രകൃതിയെ നാമോരോരുത്തരും എങ്ങനെ നോക്കിക്കാണണമെന്നും സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് ഈ വരികളില്‍.

ADVERTISEMENT

സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ പാശ്ചാത്യ പര്യടനം കഴിഞ്ഞ് തിരിച്ചു വരാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹത്തോട് ഇംഗ്ലീഷുകാരനായ ഒരു സുഹൃത്തു ചോദിക്കുകയുണ്ടായി: ‘ഇവിടുത്തെ സുഖലോലുപവും ഉജ്ജ്വലവുമായ നാലു വര്‍ഷത്തെ അനുഭവത്തിനു ശേഷം ഇപ്പോള്‍ സ്വാമിജി ഏതു തരത്തിലാണ് അങ്ങയുടെ നാടിനെ കാണുന്നത്?’ സ്വാമിജിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘ഇങ്ങോട്ട് പുറപ്പെടുന്നതിനു മുമ്പു ഭാരതത്തെ ഞാന്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഭാരതത്തിന്റെ ഓരോ മണല്‍ത്തരിയും എനിക്ക് പവിത്രമാണ്, ഇപ്പോള്‍ അവിടുത്തെ വായു പുണ്യമാണെനിക്ക്, ഇപ്പോഴെനിക്ക് ഭാരതം പുണ്യഭൂമിയാണ് തീര്‍ത്ഥസ്‌നാനമാണ്.’ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഇതേകാഴ്ചപ്പാടു തന്നെയാണ് വന്ദേ മാതര ഗാനത്തിലൂടെ കവി ബങ്കിം ചന്ദ്രന്‍ അവതരിപ്പിക്കുന്നത്.

പ്രകൃതി പ്രത്യക്ഷ ഈശ്വരന്‍

മാതര്‍മ്മേദിനി താത മാരുത സ
തേജ: സുബന്ധോ ജല
ഭ്രാതര്‍ വ്യോമ നിബദ്ധ ഏവ
ഭവതാ മന്ത്യ: പ്രണമാഞ്ജലി:

‘അല്ലയോ മാതൃഭൂമേ! അല്ലയോ പിതാവായ മാരുത! സുഹൃത്തായ അഗ്‌നിദേവ! ബന്ധുവായ ജലമേ! സഹോദരനായ ആകാശമേ! ഞാന്‍ നിങ്ങളെ അവസാനമായി വന്ദിച്ചുകൊള്ളുന്നു.’ മഹാപണ്ഡിതനായ ഭര്‍തൃഹരിയുടെ വൈരാഗ്യ ശതകത്തിലെ അവസാന ശ്ലോകത്തിലുള്ള വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. അനാദികാലങ്ങളായി പ്രകൃതിയോടുള്ള ഭാരതീയരുടെ കാഴ്ചപ്പാടാണ് ഈ വരികളിലൂടെ വ്യക്തമാകുന്നത്. ഈ പ്രകൃതിവീക്ഷണത്തിന്റെ ആധുനിക വ്യാഖ്യാനം തന്നെയാണ് വന്ദേമാതരത്തിന്റെ ആരംഭത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രാചീനകാലം മുതല്‍ തന്നെ പ്രകൃതിയെ ഈശ്വരന്റെ പ്രത്യക്ഷരൂപമായും മാതൃഭാവത്തിലും ഭക്ത്യാദരവോടു കൂടിയും സമീപിക്കുന്നതാണ് ഭാരതത്തിന്റെ പ്രകൃതി വീക്ഷണം. അതുകൊണ്ടുതന്നെയാണ് ഭാരതമാതാവിന്റെ പ്രത്യക്ഷരൂപങ്ങളെ സുജലയും സുഫലയും സുഗന്ധ ശീതളമാരുതനായും സസ്യശ്യാമള ഭൂമിയായും വിവരിക്കുന്നത്.

പരിശുദ്ധവും സമൃദ്ധവുമായ ജലം
ജലസമൃദ്ധമായ ഭാരതത്തെക്കുറിച്ചാണ് സുജലാം എന്ന ശബ്ദത്തിലൂടെ വിശദമാക്കുന്നത്. അരുവികളും നദികളും കുളങ്ങളും തടാകങ്ങളുമടങ്ങിയ ഭാരതത്തിന്റെ ശുദ്ധജല സമ്പത്തിനെ പ്രകീര്‍ത്തിക്കുകയാണിവിടെ. ഗംഗയും, സിന്ധുവും, നര്‍മ്മദയും, യമുനയും, ബ്രഹ്മപുത്രയും, കൃഷ്ണയും, നിളയും, പമ്പയും, കാവേരിയുമുള്‍പ്പടെ ചെറുതും വലുതുമായ 650 ഓളം നദികള്‍ ഭാരതത്തില്‍ ഉണ്ട്. 150 വര്‍ഷം മുമ്പ് വന്ദേമാതരം എഴുതുന്ന കാലഘട്ടത്തിലെ ജലശുദ്ധിയും ജലസമൃദ്ധിയും ജലത്തിനോടുള്ള നമ്മുടെ സമീപനവുമാണ് ‘സുജലാം’ എന്ന ഒറ്റ ശബ്ദത്തിലൂടെ ബങ്കിം ചന്ദ്രന്‍ നമ്മെ ബോധ്യമാക്കുവാന്‍ ശ്രമിച്ചത്. ജീവന്റെ ആധാരമായ ജലസ്രോതസ്സുകളെ അങ്ങേയറ്റം ആദരവോടു കൂടി കാണുന്നതാണ് നമ്മുടെ പാരമ്പര്യം.
ഋഗ്വേദത്തിലെ ജലസൂക്തത്തില്‍ ജലത്തിന്റെ മഹത്വം ഇപ്രകാരമാണ് ഋഷി വര്‍ണ്ണിക്കുന്നത്:

‘ആപോ ഹി ഷ്ഠാ മയോഭുവ സ്താ ന ഊര്‍ജ്ജേ ദധാതന ്യു മഹേ രണായ ചക്ഷസേ
യോ വ: ശിവതമോ രസസ്തസ്യ ഭാജയതേഹ ന:
ഉശതീരിവ മാതര:

‘അല്ലയോ ജലമേ, നിങ്ങള്‍ ഭൂമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവരാണ്. ഞങ്ങളുടെ കണ്ണിന് അങ്ങേയറ്റം സന്തോഷമുള്ളതായി ഭവിക്കട്ടെ. എപ്രകാരമാണോ അമ്മ കുട്ടികളെ മുലപ്പാലൂട്ടി വളര്‍ത്തുന്നത്, അതുപോലെ ഭൂമിയാകുന്ന അമ്മയുടെ മുലപ്പാലായ ജലം കുടിച്ചാണ് സകല ജീവജാലങ്ങളും ഊര്‍ജ്ജസ്വലമാകുന്നത്. തുടര്‍ന്നുള്ള വരികളില്‍ ജലം ഔഷധം നിറച്ചുവച്ചിരിക്കുന്നതാണെന്നും അമൃതിനു തുല്യമാണെന്നും രോഗനിവാരണം നടത്തുന്നതാണെന്നും പറയുന്നു. ഇതെല്ലാം കൊണ്ടാണ് പ്രാചീന കാലം മുതല്‍ ജലത്തിന് ദേവതാ ഭാവം കല്പിച്ചു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭാരതമാതാവിന്റെ പര്‍വ്വത സ്തനങ്ങള്‍ ചുരത്തുന്ന അമൃത ജലസ്രോതസ്സുകളെല്ലാം മലിനമാക്കാതെ പരിശുദ്ധിയോടെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട് എന്നാണ് വന്ദേമാതരത്തിലൂടെ കവി നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍, ഈ ജലസ്രോതസ്സുകളെല്ലാം കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2025 ആഗസ്റ്റ് 5 ലെ ‘ദ ഹിന്ദു’ ദിനപത്രത്തില്‍, കേരളത്തിലെ കിണറുകളെപ്പറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് – ശുദ്ധജലം ലഭിക്കേണ്ട കിണറുകളില്‍ അമ്പത് ശതമാനവും രോഗാണുക്കള്‍ നിറഞ്ഞതാണ് എന്നാണ്. ജലം അമൃതിനു തുല്യമാണ് എന്നു കരുതിയ തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് ജലത്തെ വിഷമയമാക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ചെറുതോടുകള്‍ മുതല്‍ സമുദ്രംവരെ പരിശുദ്ധമായിരിക്കേണ്ട ജലസ്രോതസ്സുകളെല്ലാം തന്നെ മനുഷ്യകുലം മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു.

ശാകംഭരിയായ ഭാരതമാതാവ്
വന്ദേമാതര ഗീതത്തില്‍ ഭാരതമാതാവിന്റെ വൈശിഷ്ട്യത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ ശബ്ദമാണ് ‘സുഫലാം’ എന്നത്. ഈ മണ്ണ് നമുക്ക് കേവലം ഫലസമൃദ്ധിയുടെ ഭൂമി മാത്രമല്ല, ഇവിടുത്തെ ഓരോ മണല്‍ത്തരിയും നമുക്ക് ശ്രേഷ്ഠ ഫലങ്ങള്‍ നല്‍കുന്ന പവിത്ര ഭൂമി കൂടിയാണ്. ഭാരതഭൂമിയിലെ കാര്‍ഷിക സമ്പത്തിനെക്കുറിച്ചും, ഫലഭൂയിഷ്ഠവും സകല ധാതുക്കളുടേയും മൂലകങ്ങളുടേയും അമൂല്യങ്ങളായ വസ്തുക്കളുടേയും ഇരിപ്പിടവുമായ ഈ മണ്ണിനെക്കുറിച്ചാണ് അഥവാ, സര്‍വ്വശ്രേഷ്ഠയായ നമ്മുടെ മാതൃഭൂമിയെക്കുറിച്ചാണ് ഈ ശബ്ദത്തിലൂടെ വര്‍ണ്ണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മേല്‍പ്പറഞ്ഞ സകല സമ്പത്തിന്റെയും ഇരിപ്പിടമായ ഈ മണ്ണിനെ നാം ‘രത്‌നഗര്‍ഭ’ എന്നും വിളിച്ചു വരുന്നത്.

പത്മപുരാണത്തില്‍ പറയുന്ന ദുര്‍ഗാദേവിയുടെ ശാകംഭരി എന്ന ഭാവം യഥാര്‍ത്ഥത്തില്‍ രത്‌നഗര്‍ഭയായ ഭാരതമാതാവിന്റേ തു തന്നെയാണ്. ദുര്‍ഗമന്‍ എന്ന അസുരന്റെ അതിക്രമത്താല്‍ ജനജീവിതം ദുസ്സഹമാവുകയും കടുത്ത വരള്‍ച്ചയും ദാരിദ്ര്യവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും ചെയ്തു. പരിഹാരത്തിനായി സകലരും ചേര്‍ന്ന് ജഗന്മാതാവായ ദേവിയെ പ്രാര്‍ത്ഥിക്കുകയും എല്ലാവരുടേയും കഷ്ടത കണ്ട ദേവിയുടെ നൂറുകണക്കിനു നേത്രങ്ങളില്‍ (ശതാക്ഷി) നിന്നുമുണ്ടായ ജലപ്രവാഹത്താല്‍ വരണ്ട ജലാശയങ്ങളൊക്കെ നിറയുകയും സകല ജീവജാലങ്ങള്‍ക്കുമാവശ്യമായ ഭക്ഷണം(ശാകം) ദേവി തന്നെ വിതരണം ചെയ്യുകയും ചെയ്തു എന്നാണ് പത്മപുരാണം പറയുന്നത്. എല്ലാവര്‍ക്കും ശാകം വിതരണം ചെയ്തതിനാല്‍ ദേവി ശാകംഭരിയായി. സകലര്‍ക്കും ഭക്ഷണവും ജലവും വായുവുമെല്ലാം നല്‍കുന്ന സുഫലയായ ഭാരതമാതാവു തന്നെയല്ലേ നമുക്കു ശാകംഭരി ദേവി!

ദുര്‍ഗമനെപ്പോലുള്ള അസുരജന്മങ്ങളാണ് ഫലസമൃദ്ധമായിരിക്കേണ്ട ഈ ഭൂമാതാവിനെ ദുരുപയോഗം ചെയ്യുകയും മലിനപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധനവിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസനവും പുതിയ സംരംഭങ്ങളും നിര്‍മ്മിതികളും ആവശ്യമായി വരും. പക്ഷേ, അത് പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചു കൊണ്ടും അമിതമായി ചൂഷണം ചെയ്തു കൊണ്ടുമാകരുത്. ഫലസമൃദ്ധമായ ഈ ഭൂമിയിലെ വിഭവങ്ങള്‍ വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ്. ‘നമ്മുടെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയില്‍ ഉണ്ട്. അത്യാഗ്രഹത്തിനായി ഒന്നും കരുതി വച്ചിട്ടില്ല.’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഈയവസരത്തില്‍ കൂടുതല്‍ പ്രസക്തമാണ്. അതിനാല്‍,സുഫലയായ ഭാരത ഭൂമിയെ മരുഭൂമിയാകാതെ കാത്തുസൂക്ഷിക്കേണ്ട ചുമതല വര്‍ത്തമാനകാല തലമുറയില്‍ നിക്ഷിപ്തമാണ് എന്നു നാം തിരിച്ചറിയുക.

ചന്ദന സുഗന്ധമുള്ള വായു
ഏറ്റവും വിശിഷ്ടമായ ചന്ദനമരങ്ങളാല്‍ സമൃദ്ധമാണ് ദക്ഷിണഭാരതത്തിലെ മലയപര്‍വ്വതം. മലയപര്‍വ്വതത്തില്‍ നിന്നും വീശുന്ന ചന്ദന സുഗന്ധമുള്ള ശീതളവായു ഭാരതത്തെ തഴുകിയെത്തുന്നു എന്ന് കവി ബങ്കിം ചന്ദ്രന്‍ വന്ദേമാതരത്തിലൂടെ വര്‍ണ്ണിക്കുമ്പോള്‍ ഭാരത ഭൂമിയിലെ വായുവിന്റെ പരിശുദ്ധിയെയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെപ്പോലെ അന്തരീക്ഷമലിനീകരണം നടക്കാത്ത ഒരു കാലത്തേയും ഇതിലൂടെ വരച്ചുകാട്ടുന്നു. ജൈവ വൈവിദ്ധ്യമാര്‍ന്ന പര്‍വ്വതനിരകളാണ് ശുദ്ധവായുവിന്റെ ഉറവിടം എന്നും ഇവിടെ വിവക്ഷിക്കുന്നു. ഭക്ഷണവും, ജലവുമൊക്കെ നിശ്ചിത ഇടവേളകളിലാണ് നാം ഉപയോഗിക്കുന്നതെങ്കില്‍, ഓരോ ജീവിയും തന്റെ ജീവന്റെ അവസാന തുടിപ്പു വരെ ഉപയോഗിക്കുന്നത് പ്രാണവായുവാണ്. അത് പരിശുദ്ധമാകണം, വിഷമയമാകരുത് എന്ന് ഈ ഗാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഓരോ പര്‍വതനിരക്കും അവിടുത്തെ ജൈവ വൈവിദ്ധ്യത്തിനും അതിന്റേതായ തനിമയുണ്ട്. അതു നശിപ്പിക്കാതെ നിലനിര്‍ത്തുമ്പോഴാണ് ഏറ്റവും ശുദ്ധമായ വായുവും നമുക്ക് ലഭിക്കുക. എന്നാല്‍, വനനശീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ഫലമായി ഭാരതത്തിലെ വായു മലിനീകരണത്തിന്റെ തോത് ഡബ്ലു.എച്ച്.ഒ. പറഞ്ഞതിലും 10.1 മടങ്ങ് കൂടുതലാണ്. വ്യാവസായിക മലിനീകരണം 51 ശതമാനവും, വാഹന പുകമലിനീകരണം27 ശതമാനവും, കാര്‍ഷിക വസ്തുക്കള്‍ കത്തിക്കുന്നതിന്റെ ഫലമായി 17 ശതമാനവും ഭാരതത്തില്‍ നടക്കുന്നു. വായുമലിനീകരണത്തിന്റെ ഫലമായി മാത്രം പ്രതിവര്‍ഷം 20 ലക്ഷം പേരാണ് നമ്മുടെ നാട്ടില്‍ അകാല ചരമമടയുന്നത്. കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ വേറേയും. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ മലിനമായ നൂറു നഗരങ്ങള്‍ എടുത്താല്‍ അതില്‍ 83 ഉം ഭാരതത്തില്‍ ആണ് എന്നതാണ്. വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ താപത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുഖ്യകാരണം വനനശീകരണവും മലിനീകരണവുമാണെന്നതില്‍ സംശയമില്ല. പരിശുദ്ധ വായു നല്‍കിയിരുന്ന ഭാരത മാതാവിനെ വിഷമയമാക്കി മാറ്റി എന്നതാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാം പ്രകൃതിയോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.

ഹരിത മനോഹരമാകേണ്ട ഭാരതം
ഇടതൂര്‍ന്ന വനങ്ങളും പര്‍വ്വതവും വൃക്ഷലതാദികളും നദികളുമെല്ലാം ചേര്‍ന്ന പ്രകൃതി മനോഹാരിതയേയും ഹരിത സമൃദ്ധിയേയുമാണ് ‘സസ്യശ്യാമളാം മാതരം’ എന്ന വാക്കിലൂടെ ഭാരത മാതാവിന്റെ രൂപസൗന്ദര്യത്തെ വന്ദേമാതര ഗാനത്തില്‍ ഭാവാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. വനങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്നു പറയുന്നതിനൊപ്പം തന്നെ സനാതന സംസ്‌കൃതിയുടെ കളിത്തൊട്ടിലുകളായിരുന്നു ആരണ്യകങ്ങള്‍ എന്നു കൂടി തിരിച്ചറിയണം. അനാദിയായ നമ്മുടെ രാഷ്ട്ര ജീവിതത്തിന്റെ ബലവും ഓജസ്സുമെല്ലാം രൂപപ്പെട്ട്, ഭാരതീയ വിജ്ഞാനത്തിന്റെ ആദി ഉഷസ്സുകളെല്ലാം വിരിഞ്ഞതും പൂത്തുലഞ്ഞതും ഇത്തരം ആരണ്യകങ്ങളിലായിരുന്നു. മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതിയിലൂടെ പള്ളിക്കൂടങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളാകുന്നതുവരെ, സസ്യശ്യാമളമായ ആരണ്യകങ്ങളും പ്രാന്തപ്രദേശങ്ങളുമായിരുന്നു ഗുരുകുല വിദ്യാഭ്യാസത്തിന്റെ കളരികളും ഭാരതീയ വിജ്ഞാന പരമ്പരകളുടെ സ്വാദ്ധ്യായ കേന്ദ്രങ്ങളും.

വിജ്ഞാന കേന്ദ്രങ്ങളും മോക്ഷദായകങ്ങളുമായ ഒമ്പത് ആരണ്യകങ്ങളെപ്പറ്റി ദേവി പുരാണത്തില്‍ പറയുന്നുണ്ട്. സൈന്ധവം, നൈമിഷം, ദണ്ഡകം, കുരുജാംഗലം, ഉത്പ്പലാവര്‍ത്തം, ജംബുമാര്‍ഗ്ഗം, പുഷ്‌ക്കരം, ഹിമവാന്‍, അര്‍ബുദാരണ്യം എന്നിവയാണ് ഒമ്പത് ആരണ്യകങ്ങള്‍. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം ഈ ആരണ്യകങ്ങളെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങളും കാണാവുന്നതാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ ആയിരത്താണ്ടുകളായി ഭാരതത്തിന്റെ പ്രധാന വനങ്ങള്‍ എവിടെയെല്ലാം വ്യാപിച്ചു കിടക്കുന്നു എന്ന ധാരണ നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്നു. പാശ്ചാത്യനാടുകളിലും മറ്റും വനങ്ങള്‍ എന്നത് വെറും പ്രാകൃതന്മാര്‍ മാത്രം ജീവിച്ചിരുന്ന അന്ധകാര മേഖലകളായിരുന്നു. എന്നാല്‍, ഭാരതത്തില്‍ അത് തപോ കേന്ദ്രങ്ങളും വിജ്ഞാന കേന്ദ്രങ്ങളും ലോക നന്മയ്ക്കായി നടക്കുന്ന സത്സംഗങ്ങളുടേയും യജ്ഞങ്ങളുടേയും കേന്ദ്രങ്ങളുമായിരുന്നു എന്ന് ആരണ്യകങ്ങളെപ്പറ്റി അറിയുമ്പോള്‍ നമുക്ക് ബോധ്യമാകും. അതുകൊണ്ടുതന്നെ വനങ്ങളെയും ജൈവവൈവിധ്യത്തേയും സംരക്ഷിച്ചു വന്ന ഒരു ജീവിത സമ്പ്രദായമാണ് ഇന്നാട്ടില്‍ എക്കാലവും ഉണ്ടായിരുന്നത്.

അതുപോലെ, വനങ്ങളും, വൃക്ഷങ്ങളും, സസ്യലതാതികളുമെല്ലാം പ്രാണവായുവിനും ഭക്ഷണത്തിനും ഔഷധത്തിനും മറ്റു ജീവനോപാധികള്‍ക്കുമായി നമുക്കു വളരെയധികം പ്രയോജനം ചെയ്യുന്നു. ഇതെല്ലാം ബോധ്യമായതു കൊണ്ടാണ് പൂര്‍വ്വിക കാലം മുതല്‍ അവയെയെല്ലാം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പാരമ്പര്യത്തിന്റെ വക്താക്കളായി നാം മാറിയത്. കാവുകളും കുളങ്ങളുമൊക്കെ ഓരോ കുടുംബത്തിലേയും ജൈവ വൈവിധ്യ കേന്ദ്രങ്ങളായിരുന്നു. വൃക്ഷങ്ങളും സസ്യങ്ങളും ജീവിവര്‍ഗ്ഗങ്ങളുമൊക്കെ ഈ പ്രകൃതിയുടെ ഭാഗമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബാലപാഠങ്ങളാണ് ഓരോ കുടുംബത്തില്‍ നിന്നും നാം പഠിച്ചു വളര്‍ന്നത്. ഇതിലൂടെയെല്ലാമാണ് ഭാരതം സസ്യശ്യാമളവും ഹരിത മനോഹരവുമായി മാറിയത്. ഭാരതമാതാവിന്റെ ഹരിത ചേലയിലെ നൂലിഴകളായ കാവുകള്‍ സംരക്ഷിക്കണമെന്നതുകൊണ്ടാണ് ‘കാവുതീണ്ടിയാല്‍ കുളം വറ്റുമെന്ന്’ നമ്മുടെ പഴമക്കാര്‍ പറഞ്ഞു വന്നത്. കമ്മ്യൂണിസ്റ്റ് പുരോഗമനവാദം തലയ്ക്കു പിടിച്ചപ്പോഴാണ് ഓരോ ഗ്രാമത്തിന്റെയും ശ്വാസകോശമായ കാവുകളെ അന്ധവിശ്വാസ കേന്ദ്രങ്ങളെന്നു പറഞ്ഞ് ഇല്ലാതാക്കിയത്.

യൂറോപ്യന്‍ ശക്തികളുടെ ആധിപത്യകാലം മുതല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും വികസനത്തിന്റെ പേരിലും ധനസമ്പാദനത്തിനായും, പുതിയ ആവാസ വ്യവസ്ഥക്കു വേണ്ടിയും വനം കൊള്ളയും വനനശീകരണവും വ്യാപകമായി. 1880 നും 1920 നുമിടയില്‍ 108.6 ദശലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന ഭാരതത്തിന്റെ വനവിസ്തൃതി 98.9 ദശലക്ഷം ഹെക്ടറായി ചുരുങ്ങി. 1985 ല്‍ 74 ശതമാനം ഉണ്ടായിരുന്ന വനപ്രദേശം 2020 ആയപ്പോഴേക്കും 33 ശതമാനമായി ചുരുങ്ങി എന്നു പറയുമ്പോള്‍ ഹരിത ചേലയുടുത്ത് പ്രൗഢിയോടെ നിലകൊണ്ടിരുന്ന ഭാരതമാതാവിനെ നമ്മളിന്ന് എത്രത്തോളം വിവസ്ത്രയാക്കി എന്ന് ഊഹിച്ചാല്‍ മതി.

വീക്ഷണത്തിലെ വൈകല്യം
പ്രകൃതി സൗഹൃദമായി മാത്രം ജീവിച്ചു വന്ന സുദീര്‍ഘ പാരമ്പര്യമായിരുന്നു നമ്മുടേത്. എന്നാല്‍, പില്‍ക്കാലത്ത് കടന്നുവന്ന പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യ വികസന കാഴ്ചപ്പാടുകളുടേയും ഫലമായി സുജലയും സുഫലയും സസ്യശ്യാമളയുമായ ഭാരതം ഇന്ന് ഊഷരഭൂമിയായും മാലിന്യക്കൂമ്പാരമായും മാറിക്കൊണ്ടിരിക്കുന്നു.

ഉയരങ്ങളില്‍ ഇരിക്കുന്ന ദൈവത്തിന് പ്രകൃതി ശക്തികളുമായി ബന്ധമില്ലായെന്നുള്ള എബ്രഹാമിക് മതങ്ങളുടെ ചിന്ത തന്നെയാണ് പില്‍ക്കാലത്തുണ്ടായ പാശ്ചാത്യ വീക്ഷണങ്ങളുടേയും ഇസങ്ങളുടേയും അടിസ്ഥാനം, ദൈവം തന്റെ തൊട്ടുതാഴെയായി സൃഷ്ടിച്ച മനുഷ്യന്, ഈ ഭൂമിയിലുള്ള സര്‍വ്വാധീശത്വമാണ് ബൈബിളും മറ്റും വിവരിക്കുന്നത്. ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും, ജീവജാലങ്ങളുമെല്ലാം തനിക്കു സുഖിക്കുവാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന മനുഷ്യന്റെ അഹങ്കാരവും ചൂഷണമനോഭാവവും ഇതില്‍ നിന്നും ഉടലെടുത്തതാണ്. സ്വാര്‍ത്ഥപരവും, പരസ്പരാശ്രിതമല്ലാത്തതും പ്രകൃതിവിരുദ്ധവുമായ പ്രത്യയശാസ്ത്രങ്ങളായ കമ്യൂണിസവും മുതലാളിത്തവും മനുഷ്യനും പ്രകൃതിയും വേറിട്ടതാണെന്നു കരുതുന്നവയാണ്. സെമറ്റിക് മതങ്ങളും ഇതേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ഇത്തരം പരാജയപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇന്ന് ലോകം നേരിടുന്ന മിക്ക പ്രശ്‌നങ്ങളും പ്രതിസന്ധികളും.

ഹിന്ദുത്വം അഥവാ സനാതന ധര്‍മ്മം പ്രകൃതി സൗഹൃദമായ ജീവിത ശൈലിയും വികസനവുമാണ് മുന്നോട്ടു വയ്ക്കുന്നത്. ‘സര്‍വഭൂതഹിതേ രതാ:’ (ഗീത 5:25) സര്‍വ്വ ജീവജാലങ്ങള്‍ക്കും ഹിതകരമായിരിക്കുന്നവനാകണം നാം എന്നാണ് ഗീതാകാരന്‍ നമ്മെ പഠിപ്പിക്കുന്നത്. അതാണ് ഭാരതീയ ദര്‍ശനങ്ങളുടെ പ്രകൃതിയോടുള്ള സമീപനവും. പ്രകൃതിയെ ഈശ്വരന്റ പ്രത്യക്ഷരൂപമായി കണ്ടുകൊണ്ട്, മനുഷ്യനും സര്‍വ്വ ജീവജാലങ്ങളും, ജലവും, സസ്യങ്ങളുമെല്ലാം തന്നെ പ്രകൃതിയുടെ ഭാഗമാണ്, ഒരേ ഈശ്വര ചൈതന്യമാണ് എന്നതാണ് ഭാരതീയ വീക്ഷണം. സമഗ്രവും സന്തുലിതവും ഏകാത്മകവുമായ ഈ പ്രപഞ്ച വീക്ഷണവും അതിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുമാണ് ഹിന്ദുത്വത്തിന്റേത്. അതുതന്നെയാണ് ഇന്നത്തെ, ആഗോള പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കുള്ള ശാശ്വത പരിഹാരവും.

വന്ദേമാതരത്തിന്റെ ആഹ്വാനം
പ്രകൃതിയെ സന്തുലിതമായി നോക്കിക്കാണാനും ഒന്നായിക്കാണാനുമുള്ള പ്രകൃതി വീക്ഷണമാണ് അഥവാ പ്രകൃതി സാക്ഷരതയാണ് വളര്‍ന്നു വരേണ്ടത്. വന്ദേമാതര ഗീതത്തിന്റെ ആദ്യഭാഗത്തുള്ള പ്രകൃതി വര്‍ണ്ണന അവസാന ഭാഗത്ത് വീണ്ടും അവര്‍ത്തിച്ചു കൊണ്ട്, നമ്മുടെ പവിത്ര മാതൃഭൂമിയെ നാം എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനമാണ് ‘അമലാം അതുലാം സുജലാം സുഫലാം മാതരം’ എന്ന വരിയിലൂടെ കവി ആവര്‍ത്തിക്കുന്നത്. നമ്മുടെ മാതൃഭൂമിയെ മാലിന്യരഹിതമായും (സുന്ദരമായി), അജയ്യമായും, ശുദ്ധജല സമൃദ്ധിയോടും, ഫലഭൂയിഷ്ഠമായും കാത്തുസൂക്ഷിക്കുവാന്‍ ഓരോ പൗരനുമുള്ള ദൗത്യബോധമാണ് ഫലശ്രുതി പോലെ നമ്മോട് പറയുന്നത്.

ദുഃഖിതയും, അപമാനിതയും, രോഗാതുരയും, ദരിദ്രയും, സര്‍വ്വത്ര പരാജിതയുമായ ഭാരത മാതാവിന്റെ ചിത്രമല്ല വന്ദേമാതര ഗീതത്തിലൂടെ ബങ്കിം ചന്ദ്രന്‍ വരച്ചുകാട്ടുന്നത്. മറിച്ച്, സമര്‍ത്ഥവും സമൃദ്ധവും കരുത്തുറ്റതും സ്വയംപര്യാപ്തവും ധര്‍മ്മാധിഷ്ഠിതവും സ്വാഭിമാനശാലിയുമായ സ്വതന്ത്ര ഭഗവതിയായിട്ടാണ് ഭാരത മാതാവിനെ കവി ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ വര്‍ണ്ണിച്ചിരിക്കുന്നത്. അതിന്റെ സാക്ഷാത്ക്കാരമാണ് ഓരോ ഭാരതീയന്റെയും കടമ.

അതിനായി, പ്രകൃതി സംരക്ഷണത്തിന്റെയും പോഷണത്തിന്റെയും യഥാര്‍ത്ഥ സാക്ഷരതയാണ് സമൂഹത്തില്‍ വ്യാപകമാക്കേണ്ടത്. ഈ ഭൂമിയെ മാതൃതുല്യം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു കൊണ്ട് ജീവിക്കുവാനുള്ള സാക്ഷരതയാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടത്. പ്രകൃതി സംരക്ഷണം ശീലമാക്കുന്ന കുടുംബ ജീവിതവും വിദ്യാഭ്യാസ പദ്ധതിയും പൗരബോധവും വളര്‍ന്നു വരണം. അപ്പോഴേ, ഈ ഭൂമിയെ സുജലയും, സുഫലയും, ശുദ്ധവായു നിറഞ്ഞതും, സസ്യശ്യാമളവും, മാലിന്യമുക്തവുമാക്കിത്തീര്‍ക്കുവാന്‍ സാധിക്കൂ. വൈദിക കാലം മുതല്‍ ഈ പ്രകൃതിക്ക് ആരാധ്യവും ആദരണീയവും സര്‍വ്വ പ്രഥമവുമായ സ്ഥാനം നല്‍കി വന്നിരുന്നതായിരുന്നു നമ്മുടെ സംസ്‌കാരം. നവഭാരതത്തില്‍ ആ സന്ദേശം നല്‍കുവാന്‍ ഏറ്റവും ഉചിതം വന്ദേമാതര ഗീതം തന്നെയാണ്. അതുകൊണ്ടുതന്നെ, ആധുനിക ഭാരതത്തിന്റെ പൃഥ്വീസൂക്തമാണ് വന്ദേമാതരം എന്നു പറയാം. പ്രകൃതി സംരക്ഷണത്തിന്റെയും പോഷണത്തിന്റെയും സന്ദേശമായി വന്ദേമാതര ഗീതം എക്കാലവും ഭാരതഹൃദയങ്ങളില്‍ പ്രേരണാസ്രോതസ്സായി വര്‍ത്തിക്കട്ടെ.

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍: സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ്

രാജ്യത്ത് ഇനിമുതല്‍ എല്ലാ സര്‍ക്കാര്‍ പരിപാടികളിലും, എല്ലാ സ്‌കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ദേശീയഗീതമായ ”വന്ദേ മാതരം” പൂര്‍ണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘വന്ദേമാതരം’ ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആറ് ചരണങ്ങളുള്ള വന്ദേമാതരത്തിന്റെ പ്രത്യേക പതിപ്പാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ പതിപ്പ് ആലപിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഔദ്യോഗിക ചടങ്ങുകളില്‍ ഐകരൂപ്യവും കൃത്യമായ പ്രോട്ടോക്കോളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പത്മ അവാര്‍ഡുകള്‍ പോലുള്ള സിവിലിയന്‍ അവാര്‍ഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റ് എല്ലാ പരിപാടികളിലും വരവിലും പോക്കിലും ദേശീയ ഗീതം ആദ്യവും ദേശീയ ഗാനം രണ്ടാമതും ആലപിക്കണം. സിനിമാ ഹാളുകള്‍ പോലുള്ള പൊതു ഇടങ്ങളിലും ഇത് ആലപിക്കും. ഈ സാഹചര്യത്തില്‍ എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമല്ലെങ്കിലും. 1937-ല്‍ കോണ്‍ഗ്രസ് നീക്കം ചെയ്ത നാല് സ്റ്റാന്‍സ ഉള്‍പ്പെടെ വന്ദേ മാതരം പൂര്‍ണ്ണമായും ആലപിക്കും. ഔദ്യോഗിക ചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ കൃത്യത വരുത്താനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അംഗീകൃതമായ പതിപ്പിനെക്കുറിച്ചും അതിന്റെ ദൈര്‍ഘ്യത്തെക്കുറിച്ചുമുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു.

(പ്രകൃതി രക്ഷ സുപോഷണവേദി ദക്ഷിണകേരള സംയോജക് ആണ് ലേഖകന്‍)

Tags: വന്ദേമാതരം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies