വിശ്വനാഥന്‍ വാഴുന്ന
വാരാണസിയില്‍
പവിത്രയാം ഗംഗാതടത്തില്‍
രാവും പകലുമൊരുപോലെ
ഉറങ്ങാത്ത സ്‌നാനഘട്ടുകള്‍.
പകലെരിയും സൂര്യനും
രാത്രിയിലെ നക്ഷത്ര ചിരാതുകളും
ഘട്ടുകളില്‍ പകല്‍ വിരിക്കുന്നു.
എത്രയോ മനുകുലജന്മങ്ങള്‍
പുണ്യപാപ ഭാണ്ഡങ്ങളെ
സമര്‍പ്പിച്ചിട്ടുണ്ടിവിടെ.
രാത്രിയിലുറങ്ങാത്ത
നിബിഡമാം തെരുവിലൂടെ
അലങ്കൃത പല്ലക്കില്‍
മരിച്ചവരുടെ ദേഹങ്ങളെ
പൂമാല ചാര്‍ത്തി
മേളപ്പകിട്ടോടെ
എഴുന്നെള്ളിക്കുന്ന
വിസ്മയക്കാഴ്ചകള്‍.
ജീവിതയാത്ര തന്‍
അരങ്ങിലാടിത്തീര്‍ന്ന
മഹത്പുരുഷന്മാരനവധി
അരങ്ങൊഴിയാന്‍
ജലസമാധി പൂണ്ടിട്ടുണ്ടിവിടെ.
ഘട്ടുകളില്‍ നിന്നിറങ്ങി
അങ്ങകലെ ജലപ്പരപ്പില്‍
ഒഴുകുന്ന ചങ്ങാടത്തില്‍
നിര്‍ജ്ജീവ ദേഹങ്ങള്‍
എരിഞ്ഞടങ്ങി നോക്കെത്താ
വിദൂരതയിലെവിടെയോ
ലയിച്ചു ചേരുന്നു.
പരിശുദ്ധയാം ഗംഗാമാതാവിന്‍
മടിത്തട്ടില്‍ അര്‍പ്പിച്ച ജീവന്മാര്‍
വാരാണസിയിലൂടെ
വൈതരണി കടന്നിട്ടുണ്ടാവും.
ചിതയിലെ മഞ്ഞവെളിച്ചത്തില്‍
പിണഞ്ഞും പുണര്‍ന്നും പുളഞ്ഞും
ചുരുളുകളായ് മേല്‌പോട്ടുയരുന്ന
പുകയുടെ നൂലിന്‍ തിളക്കം
ഓര്‍മ്മകളാകുന്നു.






















