വികസനരാഷ്ട്രീയത്തില്‍ അടിയുറച്ച നയപരിപാടികളുമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നേറുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം, സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ വികസിതഭാരതം യാഥാര്‍ത്ഥ്യമാക്കുകയെന്ന ഭവ്യമായ ലക്ഷ്യവുമായാണ് ഒരു ദശാബ്ധത്തിലേറെയായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പോയകാലത്തിന്റെ വികസനാനുഭവങ്ങളുമായാണ് അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നാം മുന്നോട്ട് കുതിക്കുന്നത്. മൂന്നാമത്തെ ഏറ്റവും വലിയ ലോക സാമ്പത്തികശക്തിയായി വളരാനുള്ള എല്ലാ കരുത്തും ഭാരതം കൈവരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍മ്മലാ സീതാരാമന്റെ ഒമ്പതാമത്തെ തുടര്‍ച്ചയായ ബജറ്റവതരണത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ചത്. ചരിത്രവും പാരമ്പര്യവും ഇഴചേരുന്ന പട്ടുസാരികള്‍ ധരിച്ച് ബജറ്റവതരണത്തിനെത്തുന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. മനോഹരമായ കാഞ്ചീവരം പട്ടു സാരിയണിഞ്ഞാണ് ധനമന്ത്രി തന്റെ നവഭാരത ബജറ്റവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. സ്വന്തം സംസ്ഥാനമായ തമിഴ്‌നാടിന്റെ നെയ്ത്ത് പാരമ്പര്യത്തിനുള്ള ധനമന്ത്രിയുടെ ആദരം കൂടിയാണ് പര്‍പ്പിള്‍ നിറത്തിലുള്ള കാഞ്ചീവരം ചെക്ക് ഡിസൈനുള്ള പട്ടുസാരി.
വികസിതഭാരത സ്വപ്‌നം
വികസിത ഭാരത സ്വപ്‌നങ്ങള്‍ക്കും ഭാരതത്തിന്റെ വികസന വീക്ഷണങ്ങള്‍ക്കും ചിറകുകള്‍ നല്‍കുന്നതും രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനും, ഉത്പാദനമികവിനും ഊര്‍ജ്ജം പകരുന്നതുമാണ് ധനമന്ത്രിയുടെ നവഭാരത ബജറ്റ് നിര്‍ദ്ദേശങ്ങള്‍. വര്‍ത്തമാന കാല ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന്റെ സവിശേഷതയാണ്. 53.5 ലക്ഷം കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഏറ്റവും കൂടുതല്‍ വിഹിതം പ്രതിരോധ മന്ത്രാലയത്തിനാണ് (7.85 ലക്ഷം കോടി രൂപ) നീക്കിവെച്ചിട്ടുള്ളത്.
ആദായ നികുതിയില്‍ ഇത്തവണ ധനമന്ത്രി മാറ്റമൊന്നും വരുത്തിയിട്ടില്ല. കാലഹരണപ്പെട്ട നികുതി ഒഴിവുകള്‍ക്ക് പകരം നിര്‍മ്മലാ സീതാരാമന്‍ എന്ന കരുത്തും, കാര്യക്ഷമതയുമുള്ള വനിതാ ധനമന്ത്രി ഊന്നല്‍ കൊടുക്കുന്നത് സരളവും സുതാര്യവുമായ ഒരു നികുതി സംവിധാനത്തിനാണ്. അത് സര്‍ക്കാരിനും സാധാരണക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണപ്പെരുപ്പം ഒറ്റ സംഖ്യയില്‍ നിര്‍ത്തി, ധന കമ്മി ജിഡിപിയുടെ 4.4 ല്‍ നിന്നും 4.3 ആയി കുറവ് വരുത്തിയ ധനമന്ത്രിയുടെ നടപടി ചെറുതാണെങ്കിലും ആശ്വാസപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുസ്ഥിരമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്കായുള്ള നിര്‍ദ്ദേശങ്ങളില്‍ 2000 കോടി രൂപ UPI-ക്കും RuPayയ്ക്കുമായി നീക്കിവെച്ചത് ശ്രദ്ധേയമാണ്. ഇത് പണമിടപാടുകള്‍ കുറയ്ക്കാനും ഇടപാടുകളുടെ വേഗതയും സുതാര്യതയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. ഡിജിറ്റല്‍ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം വെച്ചുള്ള ഡാറ്റാ സെന്ററുകള്‍ക്കും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തിനുമായുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഭാരതത്തിന്റെ നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം ഏറെ പ്രയോജനപ്രദമാണ്.
അതിവേഗ റെയില്‍ ഇടനാഴി മൊത്തം ഭാരതത്തിനും വടക്ക് കിഴക്കന്‍ മേഖലയ്ക്കും പ്രയോജനപ്പെടുന്നതാണ്. പശ്ചാത്തല വികസനവും, റെയില്‍ കണക്ടിവിറ്റിയും, ബുദ്ധിസ്റ്റ് സര്‍ക്യൂട്ടും വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ ഭാരതത്തിന്റെ വികസന പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കും. വാരാണസിയെയും പാറ്റ്‌നയെയും ബന്ധിപ്പിച്ചുള്ള ഉള്‍നാടന്‍ ജലപാതയും മുംബെ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്- ചെന്നൈ, ദല്‍ഹി – വാരാണസി, വാരാണസി-സിലിഗുരി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയില്‍ ഇടനാഴികളും ഈ പ്രദേശങ്ങളുടെ വികസനത്തെ ഏറെ സ്വാധീനിക്കുന്നതാണ്. ഈ ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ റെയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരി വിപണിയില്‍ കാര്യമായ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഇതുവരെ ഇല്ലാത്തത്രയും വലിയ തുകയാണ് റെയില്‍വെ മന്ത്രാലയത്തിനായി വകയിരുത്തിയിരിക്കുന്നത്. 2,78,030 കോടി രൂപയെന്നത് ഒരു സര്‍വകാല റെക്കാര്‍ഡാണ്. അതിനു പുറമെയാണ് 2,03,030 കോടി രൂപയുടെ മൂലധന ചെലവിനായുള്ള തുക. റോഡ്, റെയില്‍, മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി, ചരക്ക് നീക്കം, നഗരവികസനം എന്നിവയ്ക്കായി ഈ തുക പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് റെയില്‍വെ വികസനത്തിനും മന്ത്രാലയത്തിന്റെ വികസിത ഭാരത ലക്ഷ്യത്തിലേയ്ക്കുള്ള കുതിപ്പിനും കരുത്തുപകരാന്‍ സഹായിക്കുന്നതാണ്.
വളരുന്ന ഭാരതം തളരുന്ന കേരളം
പത്ത് വര്‍ഷം കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഏറെ പിന്നോട്ടടിച്ചപ്പോള്‍ തമിഴ്‌നാട്ടുകാരിയായ നിര്‍മ്മലാ സീതാരാമന്‍ വികസിത ഭാരതം എന്ന സ്വപ്‌നവുമായി ഭാരതത്തെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന കേരള ജനത ഒരു മൂന്നാം ബദലിനെ സ്വീകരിക്കാനുള്ള മനസ്സൊരുക്കത്തിലാണ്. അഞ്ച് ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള രാജ്യമായി ഉയരാന്‍ ഭാരതം പരിശ്രമിക്കുമ്പോള്‍ കേരളം അഞ്ച് ലക്ഷം കോടി രൂപയുടെ കടബാധ്യതയുമായാണ് മുന്നോട്ട് പോകുന്നത്. വാങ്ങിക്കുന്ന കടം കേരളം വിനിയോഗിക്കുന്നത് പലിശയും പെന്‍ഷനും കൊടുക്കാന്‍ വേണ്ടിയാണ്.
പ്രവാസികളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ കൈമാറ്റത്തിന് നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് കേരളത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. ബയോഫാര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഒരെണ്ണം കേരളത്തിന് ന്യായമായും ലഭിക്കാവുന്നതാണ്. പുതിയ മൂന്ന് അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും എന്ന പ്രഖ്യാപനം കേരളത്തിന് പ്രതീക്ഷയാണ്. ചെറുകിട ഇടത്തരം സംരംഭകരുടെ വളര്‍ച്ചയ്ക്ക് 10000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാരത്തിനും ഉത്തേജനം നല്‍കുന്ന കേന്ദ്ര ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്കും കൃഷിക്കും സുസ്ഥിരവികസനത്തിനും സഹായകരമാണ്. നാളികേര വികസന പദ്ധതികള്‍ കേരളത്തിനും ഗുണം ചെയ്യുന്നതാണ്. കശുവണ്ടി, കൊക്കോ എന്നിവയുടെ ഉത്പാദനം മൂല്യവര്‍ദ്ധിത സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പദ്ധതികളും കേരളത്തിന് ഗുണം ചെയ്യുന്നതാണ്.
കേന്ദ്ര വരുമാനത്തില്‍ നിന്നു സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം 40 ശതമാനമായി നിലനിര്‍ത്തണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം 2026-27 സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കായി 1.40 ലക്ഷം കോടി രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി വകയിരുത്തി. ഇതില്‍ ഗ്രാമീണ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകളും ദുരന്തനിവാരണ ഗ്രാന്റുകളും ഉള്‍പ്പെടുന്നു.
ഏഴ് അതിവേഗ ഇടനാഴികളിലും, ജലപാതകളിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ലെങ്കിലും, അപൂര്‍വ ഭൗമ ധാതു ഖനനം വികസിപ്പിക്കാനുദ്ദേശിച്ചുള്ള ധാതു ഇടനാഴി കേരളത്തിന്റെ കരിമണല്‍ പോലുള്ള ധാതുഖനന വികസനത്തിന് ഏറെ സഹായകരമാകുന്നതാണ്. തീരദേശ സമുദ്രവികസനം ലക്ഷ്യമിട്ടുള്ള കടലാമ പ്രജനനത്തിനും പരിചരണത്തിനുമായുള്ള കേന്ദ്രം കേരളത്തിന് ഗുണം ചെയ്യുന്നതാണ്. കേരളത്തിന്റെ പേര് പ്രത്യേകമായി എടുത്തു പറഞ്ഞില്ലെങ്കിലും കേര കര്‍ഷകര്‍ക്കും, മത്സ്യമേഖലയ്ക്കുമായുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിനു കൂടി പ്രയോജനപ്പേടുന്നവയാണ്.

സമഗ്രവികസനം ലക്ഷ്യം
ഉയര്‍ന്ന മൂലധന ചെലവിനുള്ള വിഹിതം (Capex) വലിയ വളര്‍ച്ചയ്ക്കും തികഞ്ഞ സന്തുലിതാവസ്ഥക്കും കാരണമാകുന്നതാണ്. പുതിയ കാലത്ത് ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഊര്‍ജ്ജം പകരാന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഭാരതത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സഹായകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പ്രതിഫലനം നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ കാണാവുന്നതാണ്. വികസനത്തിന്റെ ചൂളം വിളിയുമായി കുതിച്ചു പായുന്ന അതിവേഗ ഭരണ തീവണ്ടിയുടെ ലക്ഷ്യം വികസിത ഭാരതമാണ്.
സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് രണ്ട് ശതമാനമായി ഉയര്‍ത്തിയത് വിപണിയില്‍ വിപരീതമായ പരിതഃസ്ഥിതിക്ക് കാരണമായി എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഹരികള്‍, ഡെറിവേറ്റീവുകള്‍, ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ സര്‍ക്കാര്‍ ചുമത്തുന്ന പ്രത്യക്ഷ നികുതിയായ STT വിപണിയില്‍ പ്രതികൂല ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന തീരുവയുള്ള എല്ലാ ഉത്പന്നങ്ങളുടെയും താരിഫ് നിരക്ക് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചിട്ടുണ്ട്. എല്‍ആര്‍ഏസ് പദ്ധതി പ്രകാരം വിദ്യാഭ്യാസം നേടുന്നതിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമുള്ള ടിഡിഎസ് നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി കുറച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ നികുതി അവധിയും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
പ്രധാന വ്യവസായ ഇടനാഴികള്‍ക്ക് സമീപം അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് സ്ഥാപിക്കും എന്ന പ്രഖ്യാപനം വിദ്യാഭ്യാസ വികസനത്തിനും വ്യവസായ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. രാജ്യത്തുടനീളം 15,000 സ്‌കൂളുകളില്‍ കണ്ടന്റ് ക്രിയേഷന്‍ ലാബുകള്‍ സ്ഥാപിക്കും എന്ന പ്രഖ്യാപനം കുട്ടികളിലെ ക്രിയാത്മക ചിന്തയെ പരിപോഷിപ്പിക്കാനും നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും സഹായിക്കുന്നതാണ്.
അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘ബയോഫാര്‍മ ശക്തി’- പദ്ധതി ഈ രംഗത്തെ അറിവ്, സാങ്കേതിക സഹകരണം എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ ആരോഗ്യ പരിപാലന മേഖലയെ ശാക്തീകരിക്കാനും മുന്നേറ്റം കൈവരിക്കാനും ലക്ഷ്യമിടുന്നു. സെമി കണ്ടക്ടര്‍ മിഷന്‍ 0.2, ഇലക്ട്രോണിക് ഘടക നിര്‍മ്മാണ പദ്ധതി, അപൂര്‍വ ധാതു ഇടനാഴിയുടെ സൃഷ്ടി, നിര്‍ണായ ധാതുക്കള്‍ക്ക് ഊന്നല്‍, തുണി മേഖലയ്ക്കൂള്ള പുതിയ പദ്ധതികള്‍, ഹൈടെക് കളിപ്പാട്ട നിര്‍മ്മാണം, എംഎസ്എംഇ കളുടെ വികസനം തുടങ്ങിയ നടപടികള്‍ രാജ്യത്തിന്റെ ഇപ്പോഴത്തെയും വരുംകാല വികസനത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
യുവശക്തി ബജറ്റെന്ന് വിളിക്കാവുന്ന നിര്‍മ്മലാ സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റ് മികച്ച ഭരണത്തിനായുള്ള സാങ്കേതിക വിദ്യക്ക് ഊന്നല്‍ നല്‍കുന്നു, ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ലോകരാഷ്ടങ്ങളുടെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള നരേന്ദ്രമോദിയുടെ ക്രിയാത്മക നടപടികള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സാധാരണക്കാര്‍ക്കും മദ്ധ്യവര്‍ഗ്ഗത്തിനും ഗുണകരമായ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും, മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിനും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ബജറ്റില്‍ നല്‍കിയിട്ടുള്ള പ്രാധാന്യം, ആഗോളമായി ഭാരതം കൈവരിച്ച സാമ്പത്തികവും ഡിജിറ്റല്‍ പൊതു സംവിധാനത്തിന്റെയും കരുത്ത് വിളിച്ചോതുന്നതാണ്. ഉത്പാദന ക്ഷമതയും, മത്സരക്ഷമതയും വര്‍ദ്ധിപ്പിച്ച്, വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്, ജനാഭിലാഷം നിറവേറ്റുകയും, അതില്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതും നമ്മുടെ കര്‍ത്തവ്യമാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വിശ്വാസം വര്‍ദ്ധിപ്പിച്ച് എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നത് സര്‍ക്കാര്‍ മുമ്പേ ഏറ്റെടുത്ത കര്‍ത്തവ്യമാണ്. ബജറ്റ് അവതരണത്തിലൂടെയും ഭരണനിര്‍വഹണത്തിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കര്‍ത്തവ്യ നിര്‍വഹണത്തിലൂടെയുള്ള, വികസിത ഭാരതപ്രാപ്തിയാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)





















