മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍, കൃത്യമായി പറഞ്ഞാല്‍ പത്രാധിപര്‍ എന്ന നിലയിലാണ് കേരളത്തിലേക്ക് 2026ലെ ഗണതന്ത്ര ദിവസത്തില്‍, രാജ്യത്തെ പരമപൗരത്വ ബഹുമതികളില്‍ ശ്രേഷ്ഠമായ പത്മവിഭൂഷണ്‍ ബഹുമതികളിലൊന്ന് എത്തിയത്. അത് പത്രാധിപര്‍ക്ക്, പത്രത്തിന്, പത്രം വളര്‍ത്തുന്ന ആദര്‍ശത്തിന്, കാഴ്ചപ്പാടിന് ഉള്ള ബഹുമതി കൂടിയാവുകയാണ്. അങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ ദിനപത്രങ്ങളില്‍ ഒന്നായ ജന്മഭൂമി ദിനപത്രത്തിന് അമ്പതു വര്‍ഷം തികയുന്ന സുവര്‍ണ്ണ വര്‍ഷാഘോഷവേളയില്‍, അതിന്റെ ബീജാങ്കുരം നടത്തിയ പ്രമുഖരില്‍ പ്രധാനിയായ നാരായണ്‍ജി എന്നറിയപ്പെടുന്ന പി. നാരായണനെ രാഷ്ട്രം ആദരിച്ച് ബഹുമാനിച്ചപ്പോള്‍ ഒരു ആദര്‍ശം ആഘോഷിക്കപ്പെടുക കൂടിയാണ്.
മാധ്യമങ്ങളുടെ എണ്ണം പെരുകുകയും ആരും മാധ്യമപ്രവര്‍ത്തകരാവുകയും അവര്‍ക്ക് ചുരുക്കപ്പേരായി ചാര്‍ത്തിക്കിട്ടിയ ‘മാപ്ര’ എന്ന വിശേഷണം ട്രോളോ അശ്ലീലമോ ആയി മാറിക്കഴിയുകയും ചെയ്ത ഇക്കാലത്ത്, അരനൂറ്റാണ്ടിലേറെ ഒരു മാധ്യമത്തിന്റെ ഭാഗമായി തുടരുന്ന പി. നാരായണന്‍ വാസ്തവത്തില്‍ ഈ രംഗത്തെ അസാമാന്യനാണ്, അസാധാരണനാണ്. ‘എന്റെ പത്രാധിപര്‍’ എന്ന് ഞാന്‍ അഭിമാനത്തോടെ പറയുമ്പോള്‍, അത് ആ ജീവിതത്തിന്റെ സകലതല വൈഭവവും അറിഞ്ഞതിന്റെ ഗര്‍വ്വം കൊണ്ടുതന്നെയാണ്.
പത്രപ്രവര്‍ത്തകര്‍ എന്നായിരുന്നു പണ്ട് പൊതു പേര്. മാധ്യമങ്ങള്‍ പല മേഖലയില്‍ വളര്‍ന്ന്, അച്ചടിയില്‍ നിന്ന് ‘അശരീരി’യിലൂടെ, ദൃശ്യമാധ്യമ വഴിയിലൂടെ, അനന്തപ്രതലത്തിലേക്ക് വളര്‍ന്നപ്പോഴാണ് ‘മാപ്ര’ ആയത്. അങ്ങനെ അതൊരു ആള്‍ക്കൂട്ടത്തിന്റെ ആരവമായപ്പോള്‍ ആര്‍ക്കും ആരെയും ഗുണപരമായി സ്വാധീനിക്കാനാകാത്ത സ്ഥിതിയായി. പലര്‍ക്കും പലരെയും വിശ്വാസമില്ലാതായി. മാധ്യമപ്രവര്‍ത്തനത്തില്‍, അടിസ്ഥാനസ്വഭാവമായ ‘അറിയിക്കുക’യെന്ന ധര്‍മ്മം മറന്ന് മറ്റു പലതിലേക്കും പടര്‍ന്നപ്പോള്‍ പൊതുജനത്തിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പലരും അപഹാസ്യരായി. പരമ്പരാഗത മാധ്യമ സമ്പ്രദായങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്, അവര്‍ അവഗണിച്ച ഒരു മഹാമേളയെ-തിരുനാവായയില്‍ നടന്ന മഹാമാഘ മഹോത്സവത്തെ-ജനങ്ങള്‍ ആഘോഷമാക്കിയത് പുതിയൊരു മാധ്യമ സംസ്‌കാരത്തിന്റെ കേരളോദയമായിരിക്കുകയാണല്ലോ. മാധ്യമങ്ങള്‍ പലതും ആസൂത്രിതമായി ഗൗനിക്കാതെ വിട്ട മേളയുടെ വിജയമാണ് അവിടെ കണ്ടത്.
ഇത്തരത്തിലൊരു സാഹചര്യം അര നൂറ്റാണ്ടിനു മുമ്പ്, കേരളത്തില്‍ നാവാമാഹോത്സവത്തിന്റെ സംസ്‌കാരവും ധര്‍മ്മവും ആത്മാവില്‍ അന്നും കൊണ്ടുനടന്ന ഒരു ജനത അനുഭവിച്ചപ്പോഴാണ്, കേരളത്തിലെ മാധ്യമലോകത്ത് സ്വന്തം ശബ്ദം കേള്‍പ്പിക്കാനും എത്തിക്കാനും ഒരു വഴി തേടിയത്. കേസരി വാരികയുടെയും ജന്മഭൂമിദിനപത്രത്തിന്റെയും പിറവിക്ക് ഇടയാക്കിയ സാഹചര്യം അതായിരുന്നല്ലോ. അതില്‍ ജന്മഭൂമിയുടെ തറക്കല്ലിടല്‍ മുതല്‍ എന്നല്ല, അതിന്റെ ആശയരൂപീകരണത്തിലും ഇന്നും, ഈ കുറിപ്പെഴുതുന്നവേളയിലും ഒപ്പമുള്ളയാളാണ് പി. നാരായണന്‍.
‘നാരായണ്‍ജി’ ജന്മഭൂമിയുടെ ഓഹരിക്കാരെ കണ്ടെത്താന്‍ കേരളം ചുറ്റിനടന്നയാളാണ്. പത്രത്തിന് ആ പേര് ലഭിക്കാന്‍ സംസ്ഥാനത്തിന്റെ തെക്കു വടക്ക് ആളെക്കണ്ടും അര്‍ത്ഥം തേടിയും ആഫീസുകള്‍ കയറിയും നടന്നു. പത്രത്തിന്റെ റിപ്പോര്‍ട്ടറായി, അച്ചുനിരത്തി, പത്രാധിപരായി. വിര മിച്ചശേഷവും കോളമെഴുത്ത് തുടരുന്നു; പ്രായം 90 കഴിഞ്ഞുവെങ്കിലും.
പത്രാധിപര്‍ സര്‍വ്വജ്ഞാനിയായിരിക്കണമെന്നായിരുന്നു പണ്ടത്തെ രീതി. ഇന്ന് അല്‍പ്പജ്ഞാനം പോലും അധികപ്പറ്റായവരും ചില സ്ഥാപനങ്ങളില്‍ ഇരുന്ന് ‘ഗോ ഗ്വാ’ വിളിക്കുന്നുണ്ടെന്നത് മറ്റൊരാക്ഷേപം. നാരായണ്‍ജിക്ക് നാലഞ്ചു ഭാഷകള്‍ എഴുതാനുമറിയാം. ഓര്‍ഗനൈസര്‍ എന്ന ഇംഗ്ലീഷ് വാരികയിലും പാഞ്ചജന്യം എന്ന ഹിന്ദി വാരികയിലും അതത് ഭാഷകളില്‍ അദ്ദേഹം സ്വയം എഴുതിയിരുന്നു. പ്രസംഗങ്ങളുടെ തത്സമയവിവര്‍ത്തനം എന്ന, അത്ര എളുപ്പമല്ലാത്ത ജോലിയില്‍ നിപുണനാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി ‘എവിടെ നാരായണ്‍’ എന്ന് അന്വേഷിച്ച് തന്റെ വിവര്‍ത്തകനായി നാരായണ്‍ജിയെ വേദിയില്‍ കയറ്റിയ ചരിത്രമുണ്ട്. ഏത് വിഷയത്തിലും പഠിക്കുക, പഠിച്ചത് ഓര്‍മ്മിക്കുക ആവശ്യം വരുമ്പോള്‍ ഉദ്ധരിക്കുകയെന്നതില്‍ അസാമാന്യ വൈഭവം കാണിച്ചു; ഇന്നും കാണിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം, നാവാ മാഘമഹോത്സവത്തോടനുബന്ധിച്ചുള്ള സംഭാഷണത്തിനിടെ, നാവാ തീരപ്രദേശത്തെ സാമ്പത്തിക ഗണിത ശാസ്ത്രജ്ഞരുടെ പേരും പ്രദേശവും നാരായണ്‍ജി ഓര്‍മ്മയില്‍ നിന്നു പറഞ്ഞു. അവരെക്കുറിച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് പറഞ്ഞു. ഓര്‍മ്മയുടെ കാര്യത്തില്‍ നാരായണ്‍ജി പ്രതിഭാസമാണ്.
പത്രാധിപര്‍ക്ക് ഭാഷ വേണം, ആ ഭാഷയ്ക്ക് ശൈലിവേണം, അതിന് ശാസ്ത്രീയാടിത്തറവേണം, സാമൂഹ്യപശ്ചാത്തലം വേണം. നാരായണ്‍ജിയുടെ ഭാഷയും പ്രയോഗവും ശൈലിയും ആ തരത്തില്‍ നോക്കുമ്പോള്‍ ‘ക്ലാസിക്’ ആണ്. മലയാള ഭാഷയുടെ ‘ക്ലാസിക്’ പദവിക്ക് മാതൃകപോലെ.
മാധ്യമപ്രവര്‍ത്തകന്റെ സാമൂഹ്യവീക്ഷണവും കാഴ്ചപ്പാടും നിറഞ്ഞ എഴുത്തുലോകമാണ് അദ്ദേഹത്തിനെ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനാക്കിയത്.
രാഷ്ട്രീയം, സാംസ്‌കാരികം, ഭാഷാ, ചരിത്രം, സാമൂഹ്യം, വിദേശകാര്യം, രാഷ്ട്രതന്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലായി നാരായണ്‍ജിയുടെ എഴുത്തുലോകം പരന്നതാണ്. വിവര്‍ത്തനം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പ് എന്നിങ്ങനെ വിവിധ അക്ഷര സര്‍ഗ്ഗപ്രവര്‍ത്തന മേഖലയുണ്ട്. പുസ്തകങ്ങളുടെ നീണ്ട പട്ടിക നിരത്തുന്നില്ല. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ അവിടത്തെ സൈന്യം സ്വന്തം ജനതയെ തെരുവില്‍ കൊന്നു തള്ളിയ കൂട്ടക്കുരുതിയാണ്. ആ ഭീതിദ സംഭവങ്ങള്‍ പത്രത്തിലൂടെ വായനക്കാരെ അറിയിച്ചതും അത് പിന്നീട് വിസ്തൃത പുസ്തകമാക്കിയതും മലയാള അക്ഷരലോകചരിത്രത്തിലെ അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനയാണ്. ഇന്ന് പലരും പഠിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കേരളത്തിലെ ദേശീയ രാഷ്ട്രീയത്തിന്റെ സുദീര്‍ഘ ചരിത്രം ഗവേഷണതുല്യമായി ആഴത്തിലും പരപ്പിലും രചിച്ച പുസ്തകങ്ങള്‍ നാരായണ്‍ജിയുടേതാണ്. അതില്‍ നല്ലൊരു പങ്ക് സ്വജീവിതത്തിന്റെ ഭാഗവുമാണ്. 1936ല്‍ ജനിച്ച പി. നാരായണന്‍ സ്വാതന്ത്ര്യത്തിനു മുമ്പും പിന്‍പും ഇപ്പോഴും ഭാരതത്തിന്റെയും കേരളത്തിന്റെയും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ വളര്‍ച്ച നേരില്‍ കണ്ടറിഞ്ഞയാളാണ്.
പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ സാമൂഹ്യ ചരിത്രം കണ്ടു പഠിച്ച്, ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ സാഹിത്യവും ചരിത്രവും ശാസ്ത്രവും ആത്മീയതയും ധര്‍മ്മവും ആഴത്തില്‍ തിരിച്ചറിഞ്ഞ്, ദേശീയതയുടെ ഭാഗമായി മാറിയ ജീവിതത്തില്‍ അധ്യാപനം ഒരു ചെറുകാലത്തെ ഇടവേള മാത്രം. പിന്നെ സമര്‍പ്പിത സമാജ ജീവിതം.
ദേശീയപ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുസമയ പ്രചാരകനായി. കേരളത്തിലെ ആദ്യകാല പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കാളിയായി. ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ സക്രിയ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിലെ അമരക്കാരില്‍ ഒരാളായി. കേരളത്തില്‍ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും സാമാന്യജനത്തിനൊപ്പം പ്രവര്‍ത്തിച്ച, കേരള മനസ്സറിഞ്ഞ, സാമൂഹ്യ വിജ്ഞാനധാരിയായി. നാരായണ്‍ജി എന്തല്ല എന്നു പറയുന്നതാവും എളുപ്പം എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഏത് പരിഗണിച്ചാണ്, രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമ പൗര സമ്മാനത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് എന്ന് ചോദിച്ചാല്‍ മറുപടിക്ക് വിഷമിക്കും. എന്നാല്‍ എന്താണ് അതിനുള്ള യോഗ്യതയെന്നാണ് ചോദ്യമെങ്കില്‍ മറ്റൊന്നില്ല മറുപടി. അത്, നാരായണ്‍ജിയിലെ സ്വയംസേവകത്വമാണ് എന്നതുതന്നെ. മറ്റെന്തിലും മീതെ രാഷ്ട്രം എന്ന തിരിച്ചറിവും അതിന്റെ പ്രയോഗവും. ഭാരതീയതയുടെ ഉള്‍ക്കൊള്ളല്‍. നാരായണ്‍ജിയുടെ ഈ ജീവിത മാതൃകയാണത്. അങ്ങനെ അത് എനിക്കല്ല, ‘ഇദം ന മമഃ’ എന്റേതല്ല, എന്റേതുമാത്രമല്ല എന്ന ഉത്തരത്തിലെത്തും. ഈ പുരസ്‌കാരം ആദര്‍ശത്തിന് വ്യക്തിയിലൂടെക്കിട്ടിയ ആദരമായി മാറുന്നത് അങ്ങനെയാണ്; അതിന് നാരായണ്‍ജി ഒരു നിമിത്തമാവുകയാണ് ചെയ്തത് എന്നു പറയാം.





















