നിളയുടെ തീരത്ത് ശംഖൊലികള്‍ ഉയരുമ്പോള്‍, ആലവട്ടങ്ങളും വെഞ്ചാമരങ്ങളും നിളാ പുളിനങ്ങളെ തഴുകുമ്പോള്‍, അസ്തമന സൂര്യന്റെ ചെങ്കതിരുകള്‍ ആഴിയാഴങ്ങളില്‍ പരക്കുമ്പോള്‍ ഇങ്ങ് നിളയുടെ കല്ലോലങ്ങള്‍ വേദമന്ത്രധ്വനികളെ മാറ്റൊലി കൊള്ളുന്നു
അതേ, കേരളം ഭാരതപ്പുഴയുടെ തീരത്തേക്ക് വന്നണയുകയായിരുന്നു. നീണ്ടകാലത്തെ വിസ്മൃതിയില്‍ നിന്നും കേരളം അതിന്റെ സ്വത്വത്തെ വീണ്ടെടുക്കുകയാണ്. ആയിരത്താണ്ടുകളായി നിളാ തീരത്ത് ഒത്തുകൂടിയ പൂര്‍വികരുടെ സ്മരണകളെ പുതുക്കുകയാണ്. മാമാങ്കം…പലകുറി കൊണ്ടാടി.. നിളയുടെ തീരത്ത് നാവായില്‍…. എന്ന ഗാനം പാടി നടന്ന മലയാളിക്ക് മാമാങ്കം എന്നത് ചാവേറുകളുടെ യുദ്ധഗാഥകള്‍ ആയിരുന്നു. എന്നാല്‍ ആ യുദ്ധം പോലും മഹത്തായ ഒരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ അവകാശ തര്‍ക്കമായിരുന്നു എന്നറിയുമ്പോഴാണ് മാഘമകം സവിശേഷമാകുന്നത്. പവിത്രമായ നിളാ നദിയുടെ മണല്‍പ്പരപ്പുകളില്‍ ഉറങ്ങിക്കിടന്നിരുന്ന പാരമ്പര്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കേരളക്കരയെ പിടിച്ചു കുലുക്കുകുണ്ടായി. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പരാക്രമവീര്യത്തിന്റെ സിംഹഗര്‍ജ്ജനങ്ങളും വിശുദ്ധ സ്‌നാനത്തിന്റെ ആത്മീയോല്‍ക്കര്‍ഷവും ജ്ഞാന വിജ്ഞാനത്തിന്റെ സംവാദസരണികളും വിദ്വല്‍ സദസ്സുകളും കൊണ്ട് നിളയുടെ പാരമ്പര്യം പുനര്‍ജനിക്കുകയാണ്. ഈ വര്‍ഷത്തെ മാഘമകമഹോത്സവം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ നവോന്മേഷം പകര്‍ന്നിരിക്കുന്നു എന്നതില്‍ സംശയമില്ല. എതിര്‍ക്കുവാന്‍ പരിശ്രമിച്ചവരെയും കുളിരണിയിച്ചുകൊണ്ട് നിള ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടുപോയ പുണ്യചരിതങ്ങളെ മാറോടു ചേര്‍ത്തു കേരളത്തിലെ ഹൈന്ദവ സമൂഹം ഈ വീണ്ടെടുപ്പിനെ വര്‍ണ്ണാഭമാക്കുന്നു.
മാഘമാസത്തില്‍ ഭാരതത്തിലെ തീര്‍ത്ഥ സ്ഥാനങ്ങളില്‍ നടന്നുവന്നിരുന്ന ആധ്യാത്മിക സാംസ്‌കാരിക കൂട്ടായ്മകളാണ് മാഘ മേളകള്‍. അത്തരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവന്നിരുന്ന മാഘ മേളകളാണ് കുംഭമേളകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ത്രിവേണി സംഗമമായ പ്രയാഗ രാജില്‍ നടന്ന മഹാകുംഭമേള ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങള്‍ ആത്മീയ പുണ്യം തേടി ഗംഗാസ്‌നാനത്തിനായി ഒത്തുചേര്‍ന്നു. വൈദികവിചാരസത്രങ്ങളും പൗരാണികമായ ജ്ഞാന യജ്ഞങ്ങളും കലാപരിപാടികളും കായിക പ്രദര്‍ശനങ്ങളും വാണിജ്യ മേളകളും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ബഹുജന കൂട്ടായ്മയായി കുംഭമേള മാറി. അത്തരത്തി ല്‍ കേരളത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് നൂറ്റാണ്ടുകളായി നിലനിന്നു വന്നിരുന്ന സാംസ്‌കാരിക ഉത്സവമായിരുന്നു മാമാങ്കം. ആഢ്യത്വവും പ്രതാപവും കൊണ്ട് സര്‍വ്വാരാധ്യമായിരുന്ന മാമാങ്കത്തിന്റെ അധികാര സ്ഥാനത്തിനു വേണ്ടിയായിരുന്നു സാമൂതിരിയുടെയും വള്ളുവക്കോനാ തിരിയുടെയും ചാവേറു യുദ്ധങ്ങള്‍. കാലാന്തരത്തില്‍ അധികാര ഗര്‍വിന്റെ പടക്കളങ്ങളായി മാമാങ്കം മാറിയെങ്കിലും അതിന്റെ പ്രൗഢിക്ക് കുറവു വന്നിരുന്നില്ല.
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേര്‍ന്ന് അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും സാംസ്‌കാരിക പരിപാടികളും വാണിജ്യമേളകളും പുണ്യ സ്‌നാനവും ത്രിമൂര്‍ത്തി ക്ഷേത്രദര്‍ശനവുമായി മാഘ മകം കൊണ്ടാടിയിരുന്നു. പെരുമാക്കന്മാരുടെ കാലത്ത് രാജ തെരഞ്ഞെടുപ്പിന്റെ അവസരമായും അവരുടെ അധീനതയിലും വിപുലമായി നടന്നിരുന്ന മാമാങ്കത്തിന്റെ ചുമതല പിന്നീട് വള്ളുവനാതിയിലെത്തുകയുമായിരുന്നു. പിന്നീട് സര്‍വ്വശക്തനായ തീര്‍ന്ന സാമൂതിരിയുടെ അധീനതയില്‍ നടന്നുവന്ന മാഘ മകം ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇല്ലാതായത്. രണ്ടര നൂറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്നിരുന്ന കേരളത്തിന്റെ സാംസ്‌കാരിക മേളയാണ് പുനര്‍ജനിച്ചിരിക്കുന്നത്.

തിരുന്നാവായ
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍പ്പെട്ട നിളാതീരത്തുള്ള പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് തിരുന്നാവായ.
‘കന്യാകുമാരി ക്ഷിതി യാദിയായി
ഗോകര്‍ണാന്തമായി തെക്കുവടക്കു നീളെ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ട മേറ്റുണ്ടൊരു നല്ല രാജ്യം’
എന്ന കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പാടിയ കേരള ദേശത്തിന്റെ മധ്യഭാഗത്തായി വരുന്നതാണ് തിരുന്നാവായ. അതുകൊണ്ടുതന്നെ അന്നത്തെ കേരളത്തിന്റെ തലസ്ഥാനം എന്ന് കരുതാം. പെരുമാക്കന്മാരുടെ ഭരണകാലത്ത് അവരെ തെരഞ്ഞെടുത്തിരുന്നത് തിരുന്നാവായയില്‍ മാഘ മഹോത്സവത്തില്‍വച്ചായിരുന്നു. അതിനായി എല്ലാ ജനങ്ങളും അവിടെ എത്തിച്ചേരുമായിരുന്നു. അവരവരുടെ നാട്ടുരാജ്യങ്ങളുടെ അധികാരികളെ തെരഞ്ഞെടുത്തതിനുശേഷമായിരുന്നു പെരുമാക്കളുടെ തെരഞ്ഞെടുപ്പ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ രാജാക്കന്മാരെയും 12 വര്‍ഷത്തിലൊരിക്കല്‍ പെരുമാക്കന്മാരെയും തിരഞ്ഞെടുത്തിരുന്നു. സര്‍വ്വദേവതകള്‍ക്കും ആസ്ഥാനമായ പുണ്യഭൂമിയായി തിരുന്നാവായയെ കരുതുന്നതു കൊണ്ടായിരുന്നു സുപ്രധാനമായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക് വേദിയായി ഇവിടം മാറിയത്. ത്രിമൂര്‍ത്തി സംഗമം കൂടിയാണ് തിരുന്നാവായ. നാവാമുകുന്ദന്റെ അടുത്തുള്ള ശിവ ഭഗവാനും അക്കരെയുള്ള ബ്രഹ്മദേവനും കുടികൊള്ളുന്ന ത്രിമൂര്‍ത്തി സംഗമം. ഇവര്‍ക്കിടയിലൂടെ ഭാരതപ്പുഴ സമൃദ്ധമായി ഒഴുകിയിരുന്നു. ഈ ത്രിമൂര്‍ത്തി സംഗമം ഒരു ശ്രീചക്ര ത്രികോണ സമാനമാണ്. ആ ചക്രത്തെ സജീവമാക്കുന്ന ശക്തി കേന്ദ്രമായി ഭാരതപ്പുഴയെ കണക്കാക്കാം. അതുകൊണ്ടുതന്നെ നാവാമുകുന്ദനോടൊപ്പം മഹാലക്ഷ്മിയും അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഒപ്പം മൃത്യുഞ്ജയനായ പരമശിവനും. നവയോഗികളായ സന്യാസിന്മാരാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടതാണ് നാവാമുകുന്ദ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ബലിതര്‍പ്പണത്തിനും ശ്രാദ്ധക്രിയകള്‍ക്കും പ്രസിദ്ധമായ നാവായിലേക്ക് എക്കാലത്തും ഭക്തജനപ്രവാഹം ഉണ്ടായിരുന്നു.
അവതാരമൂര്‍ത്തിയായ പരശുരാമന്റെ അപേക്ഷയില്‍ ബ്രഹ്മാവ് മാഘമാസത്തില്‍ 28 ദിവസത്തെ യാഗം നടത്തിയ ഭൂമിയായാണ് തവനൂര്‍ കണക്കാക്കപ്പെടുന്നത്. താപസന്നൂര്‍ എന്നായിരുന്നത്രേ തവനൂരിന്റെ പഴയ നാമം. മാഘമാസത്തിലെ മകം നാളുവരെ നീണ്ടു നിന്ന ഈ യാഗത്തിന്റെ വിശുദ്ധിക്കായി ഗംഗയടക്കമുള്ള പുണ്യനദികളുടെ സാന്നിധ്യം ഈ കാലഘട്ടത്തില്‍ നിളയിലുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. മാത്രവുമല്ല ഉത്തര ഭാരതത്തിലെ കുംഭമേളകള്‍ക്ക് കാരണമായി വിശ്വസിക്കപ്പെടുന്ന അമൃതിന്റെ സാന്നിധ്യവും നിളാതീരത്ത് കാണാം. അമൃത കലശം ഏന്തി നില്‍ക്കുന്ന ദേവപ്രതിഷ്ഠകള്‍ നിളാതീരങ്ങളില്‍ കാണപ്പെടുന്നത് ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നു. ഇതിനെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ സംഘകാല കൃതികളിലും കാണാവുന്നതാണ്. ‘നാവാ ക്ഷേത്രത്തിങ്കല്‍ തിരുന്നാവായ ഭഗവാന്റെ ഉത്സവത്തിനായി കൊണ്ട് ഗംഗാദേവി എഴുന്നള്ളും ദിവസം തെളിഞ്ഞ ആളെ രാജാവാക്കി പേരാറ്റിലെ വെള്ളം കൊണ്ട് അഭിഷേകവും ചെയ്തു കൊള്ളുക എന്ന് അരുളിച്ചെയ്തു എന്ന് കേരളോല്പത്തിയില്‍ സൂചിപ്പിക്കപ്പെടുന്നത് കാണാം.
പെരുമാക്കന്മാരുടെ കാലഘട്ടം കണക്കാക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ട് വരെയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്ന ചേരവംശ രാജാക്കന്മാരാണ് പെരുമാക്കന്മാര്‍. പെരുമാക്കന്മാരുടെ തെരഞ്ഞെടുപ്പ് നൂറ്റാണ്ടുകളോളം നടന്നിരുന്ന മാഘമേള എല്ലാ വിഭാഗം ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും കൊണ്ട് കേരളത്തിന്റെ ദേശീയോത്സവമായിരുന്നു. ഏതാണ്ട് ഒരു മാസക്കാലം ഭാരതപ്പുഴയുടെ തീരങ്ങളില്‍ യജ്ഞങ്ങളും താന്ത്രിക പൂജകളും കളരി അഭ്യാസങ്ങളും കലാപ്രകടനങ്ങളും കച്ചവടമേളകളുമായി സജീവമായിരുന്നു. അതില്‍ നിളാ നദിയിലെ സ്‌നാനം ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമായിരുന്നത്. വിശേഷ ദിവസങ്ങളിലെ സ്‌നാന കര്‍മ്മത്തിന് അതീവ പ്രാധാന്യം ലഭിച്ചിരുന്നു.

ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരേയൊരു നദിയാണ് ഭാരതപ്പുഴ. പേരാര്‍,കോരയാര്‍, വരട്ടാര്‍ എന്നിങ്ങനെ മലയാളത്തിലും നിള, ഗായത്രി, മംഗലം നദി എന്നിങ്ങനെ സംസ്‌കൃതത്തിലും അറിയപ്പെട്ടത് ഭാരതപ്പുഴ തന്നെയാണ്. പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്ന് ആരംഭിച്ച് പൊള്ളാച്ചി വഴി ഒഴുകി പൊന്നാനിയില്‍ ചെന്ന് കടലില്‍ പതിക്കുന്ന 209 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഭാരതപ്പുഴയുടെ യാത്രാപഥത്തിനുള്ളത്. തൂതപ്പുഴയും കുന്തിപ്പുഴയും ഗായത്രി പുഴയും ചുള്ളിയാറും മംഗലം നദിയും കല്‍പ്പാത്തി പുഴയും കണ്ണാടി പുഴയും കോരയാറുമെല്ലാം ഭാരതപ്പുഴയെ പോഷിപ്പിക്കുന്നവയാണ്. മഹാകവി വള്ളത്തോള്‍ നിളയെ പാടി പുകഴ്ത്തുന്നതിങ്ങനെയാണ്.
‘ആ രംഗം സര്‍വ്വമാഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യക്കാരന്‍ തന്‍ പിഞ്ചികോച്ചാലനമുലകില്‍ വന്നില്ല എന്തെന്തു മാറ്റം
നേരമ്പോക്കെത്ര കണ്ടു ഭവതി ഇഹപദം തോറുമെന്നൊക്കെ മേലില്‍
സൈ്വരം കാണും ത്രിലോകപ്രഥിതനദി നിളാ ദേവി നിത്യം നമസ്‌തേ’
കേരളത്തിന്റെ കലാപാരമ്പര്യത്തിന്റെയും ആത്മീയ പൈതൃകത്തിന്റെയും വേരുകള്‍ പടര്‍ന്നത് നിളയുടെ തീരഭൂമികളിലാണ്. തുഞ്ചത്ത് ആചാര്യനും കുഞ്ചന്‍ നമ്പ്യാരും കാവ്യ ചിലമ്പൊലി മുഴക്കിയത് ഭാരതപ്പുഴയുടെ മണല്‍ തിട്ടകളിലാണ്. എം.ടിയും വി.കെ.എന്നും എന്‍.ഗോവിന്ദനും നിളയുടെ കാറ്റേറ്റ് വളര്‍ന്നവരാണ്. നിളയുടെ മണല്‍ പരപ്പില്‍ കാവ്യ കലയുടെ നിത്യകന്യകയെ തേടിയലഞ്ഞ പി.കുഞ്ഞിരാമന്‍ നായര്‍ നിളയുടെ ഗായകനാണ്. തുഞ്ചന്‍ പെരുമാളുടെ പഞ്ചവര്‍ണ്ണക്കിളിയോട് എന്ന കവിതയില്‍ അദ്ദേഹം ഇങ്ങനെ എഴുതി.
മഞ്ജുള കോമള കാകളി തൂകുമെന്‍
മംഗള പൈങ്കിളി പെണ്‍കിടാവേ
ആയത കൈലാസക്കോവിലില്‍ വാഴുമാ-
ത്തായ തന്നോമല്‍ക്കുമാരിമാരില്‍
ചാരുത ചേരുമിരുവന്‍ പറന്നെത്തി
ഭാരത ദക്ഷിണ ഭൂഖണ്ഡത്തില്‍
കമ്പര്‍ പുലവന്‍തന്‍ വമ്പുറ്റ കാവിലെ
ച്ചമ്പകം കുമ്പിടും പൊന്‍ പറവ
ചോളനിലങ്ങളെത്തേവി നനയ്ക്കുവാന്‍
ചേലില്‍ പൂംകാവേരിയാറു തീര്‍ത്തു
ചില്ലൊളി ചാര്‍ത്തിതത്തീരത്തെത്തേനല
തല്ലുന്ന മുന്തിരിത്തോപ്പുകളില്‍
ഗംഗയും വിന്ധ്യനും വന്ദ്യ ഗോദാവരീ
മംഗളവാരിയും കാവേരിയും
പൊന്മണി ഗോപുരം പൊക്കിയ സഹ്യനും
പമ്പയും പൂംപെരിയാറലയും
പിന്നിട്ടു പൊന്നാനി പൊന്നണികത്തമണി
ച്ചെന്തെങ്ങില്‍തങ്ങിയ നിന്‍ നിനദം
കേരള ക്ഷേത്രനിലങ്ങള്‍ നനയ്ക്കുവാന്‍
പേരറ്റ പേരാറുറവതീര്‍ത്തു’
കമ്പരിലൂടെയും എഴുത്തച്ഛനിലൂടെയും ദക്ഷിണാപഥത്തിന്റെ വരണ്ട ഭൂനിലങ്ങളില്‍ അമൂല്യധാരയായി പടര്‍ന്നിറങ്ങിയത് ഗംഗയുടെയും ഗോദാവരിയുടെയും കാവേരിയുടെയുമെല്ലാം സ്വച്ഛന്ദ നീരുറവകള്‍ തന്നെയായിരുന്നു. അതേ തെളിനീരുറവ തന്നെയാണ് പമ്പയിലും പെരിയാറ്റിലും പിറവിയെടുത്ത് കേരളത്തിന്റെ ദാഹം തീര്‍ത്തത്. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തിലിരുന്നു പാടിയ പൈങ്കിളിക്ക് ഉണര്‍വ്വ് പകര്‍ന്നത്.
അസ്തമന സൂര്യന്റെ ചെങ്കതിരുകളേറ്റ് ജീവിതസായാഹ്‌നങ്ങളിലേക്ക് നടന്നു കയറിയ പി.ക്ക് നിള ജീവസന്ധായനിയായിരുന്നു.
പുണ്യനിളാപുളിനത്തിലന്തസ്സൊടു-
മിന്നുപുലര്‍ന്നു മാമാങ്ക മഹോത്സവം.
യഥാര്‍ത്ഥത്തില്‍ പൂര്‍വ്വകാലവൈഭവത്തിന്റെ വീരസ്മൃതികളെ കവിതയില്‍ ആവാഹിച്ച് കേരളക്കരയില്‍ ദേശീയതയുടെ മാമാങ്കച്ചുവടുകള്‍ ഉറപ്പിക്കുക എന്നത് മലയാളത്തിന്റെ കാവ്യധാരയുടെ ദൗത്യമായിരുന്നു.
തിരുവില്വാമലയിലെ വില്വാദ്രിനാഥന്റെ പുണ്യസ്ഥലിയില്‍ പുനര്‍ജനി നൂഴ്ന്ന് സായൂജ്യം തേടിയെത്തിയവര്‍ നിളാപ്പുണ്യം അറിഞ്ഞവരായിരുന്നു. കഥകളി മുദ്രകളും ആട്ട ശീലുകളും താളവൃന്ദവും ഒരുക്കുന്ന കലാമണ്ഡലത്തിന്റെ പിറവിയും നിളാതീരത്ത് തന്നെയായത് യാദൃച്ഛികമല്ല. അങ്ങനെ കേരളത്തിന്റെ സാംസ്‌കാരിക തീരഭൂമിയായി ഭാരതപ്പുഴ മാറുകയായിരുന്നു.
കേരളത്തിന്റെ പൈതൃക ഭൂമിയായി മലപ്പുറം ജില്ലയെ കാണാം. മലയാള മണ്ണിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ ഈറ്റില്ലമായ ഒട്ടേറെ ദേശങ്ങള്‍ മലപ്പുറത്തിന്റെ മഹിമ വളര്‍ത്തുന്നു. സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പും കൊച്ചിയുടെ തലസ്ഥാനമായിരുന്ന പെരുമ്പടപ്പും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആതവനാടും വള്ളുവനാടിന്റെ ആസ്ഥാന ദേശമായ അങ്ങാടിപ്പുറവും ഈ ജില്ലയിലാണ്. തിരുവിതാംകൂര്‍ രാജവംശത്തിലേക്ക് അനന്തരാവകാശികളെ ദത്തെടുത്തിരുന്ന പരപ്പനാട് രാജവംശം നിലനിന്നിരുന്ന പരപ്പനങ്ങാടിയും കൊച്ചി രാജ്യത്തിന് അവകാശികളെ സംഭാവന ചെയ്തിരുന്ന വെട്ടത്ത് സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന താനൂരും മലപ്പുറത്തിന്റെ പൈതൃകമാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും രാജരാജവര്‍മ്മയും രാജാരവിവര്‍മ്മയും പരപ്പനാട്ട് വംശക്കാരായിരുന്നു. നിലമ്പൂര്‍ കോവിലകവും നിലമ്പൂര്‍ കാടുകളിലെ വനവാസി ഗോത്ര വിഭാഗങ്ങളും ഇവിടുത്തെ പാരമ്പര്യത്തിന് ഗരിമ കൂട്ടുന്നു.
ഭഗവത് ഭക്തികൊണ്ട് മലയാളക്കരയ്ക്ക് അക്ഷര പുണ്യം പകര്‍ന്ന പൂന്താനത്തിനും ഗഹനതത്വാവിഷ്‌കാരത്തിലെ പ്രൗഢഭാവമായ മേല്‍പ്പത്തൂരിനും ജന്മം നല്‍കിയ മണ്ണാണിത്. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രവും തൃപ്രങ്ങോട്ടു ശിവക്ഷേത്രവും ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രവും കാടാമ്പുഴ ഭഗവതി ക്ഷേത്രവും നിലമ്പൂര്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രവുമടക്കം കീര്‍ത്തികേട്ട ഒട്ടേറെ ദേവാലയങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലപ്പുറം.
കേരളത്തിന്റെ സാമൂഹികമണ്ഡലത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടമാണ് ഏറനാടിന്റെയും വള്ളുവനാടിന്റെയും സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്തു കളഞ്ഞത്. അപരമത വിദ്വേഷത്തിന്റെ കാടത്തത്തി ല്‍ ഇല്ലാതായത് മലയാളമണ്ണിന്റെ സ്വത്വ ഭൂമികയായിരുന്നു. മഹാക്ഷേത്രങ്ങള്‍ തച്ചുടയ്ക്കപ്പെട്ടും സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടും ക്രൂരമായ മതപീഡനങ്ങള്‍ കൊണ്ടും ഹൈന്ദവ സമൂഹം വിറങ്ങലിച്ചു നിന്ന നാളുകളായിരുന്നു അത്. മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ അധിനിവേശമായിരുന്നു ടിപ്പുവിന്റേത്. തുടര്‍ച്ചയായി നടന്ന അധിനിവേശങ്ങളിലൂടെ ഹൈന്ദവ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവാഘോഷങ്ങളുടെയും നിറം മങ്ങി. 1921ലെ മാപ്പിള ലഹളയില്‍ അരങ്ങേറിയ ഹിന്ദു വംശഹത്യയും മതം മാറ്റങ്ങളും സാംസ്‌കാരിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
സ്വാതന്ത്ര്യാനന്തരം നടന്ന പൈതൃക വീണ്ടെടുപ്പിന്റെ ആദ്യ പരിശ്രമം ആയത് അങ്ങാടിപ്പുറം തളി ക്ഷേത്രസമരം ആയിരുന്നു. അന്യാധീനമായിരുന്ന ക്ഷേത്രം വീണ്ടെടുക്കാന്‍ സാധിച്ചത് സമൂഹത്തിന്റെ ആത്മവിശ്വാസം വളര്‍ത്തി. എങ്കിലും ജനസംഖ്യാനുപാതത്തിലെ വര്‍ദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥ സംസ്‌ക്കാരത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിളാ നദിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. ആ മഹായജ്ഞത്തിന്റെ സഫലതയാണ് ഇന്ന് മാഘ മഹോത്സവത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിന് ഒരു ചെറിയ തൊട്ടുണര്‍ത്തല്‍ മാത്രം മതിയായിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍തെറ്റിച്ചുകൊണ്ട് കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി ആയിരങ്ങളാണ് മാമാങ്ക മണ്ണിലേക്ക് പ്രവഹിക്കുന്നത്. നൂറുകണക്കിന് സേവകരാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഊണുറക്കമുപേക്ഷിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തിരുന്നാവായ എന്ന കൊച്ചു ഗ്രാമം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മതഭേദമെന്യേ തീര്‍ത്ഥാടകരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ നാട്ടുകാരും സജ്ജമായിരിക്കുന്നു. കേരളക്കര നൂതനമായൊരു പരിവര്‍ത്തനത്തിന്റെ ആവേശത്തിലാണ്. പ്രയാഗയിലെ കുംഭമേളയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മലയാളികള്‍ ഒഴുകിയെത്തിയത് അപശകുനമായി വിലയിരുത്തിയവരുണ്ട്. അതുകൊണ്ടുതന്നെ മാഘ മഹോത്സവത്തെ വിലകുറച്ചുകണ്ടവരേറെയായിരുന്നു. ആര്‍ക്കും അവഗണിക്കാനാവാത്ത ആത്മീയ ഉണര്‍വായി നിളാ ആരതി മാറിക്കഴിഞ്ഞു. മാമാങ്കത്തിന്റെ വീരസ്മൃതികളുടെ മാറ്റൊലികള്‍ ഇനി എന്നെന്നും മലയാളിക്ക് അനുഭവിക്കാനാകും.






















