കരടിയപ്പൂപ്പന്‍ പോപ്പുവിന് സുഹൃത്തുക്കളാരുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ മൃഗങ്ങളും പക്ഷികളും സമപ്രായക്കാരോടൊപ്പം കൂട്ടുകൂടി കളിച്ചുരസിക്കുമ്പോള്‍ പോപ്പു തന്റെ കുട്ടിക്കാലമോര്‍ത്ത് ദീര്‍ഘനിശ്വാസത്തോടെ നോക്കിനില്‍ക്കും. ഒരു ദിവസം പോപ്പു നടന്നുവരുമ്പോള്‍ എന്തോ ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അവശനായിക്കിടക്കുന്ന ഒരു അണ്ണാന്‍കുഞ്ഞിനെ കാണാന്‍ കഴിഞ്ഞു.
പോപ്പു ആ അണ്ണാന്‍കുഞ്ഞിനെ വേദനിപ്പിക്കാതെ കൈകളില്‍ കോരിയെടുത്ത് ഗുഹയില്‍ കൊണ്ടുപോയി, തൂവല്‍ക്കിടക്കയില്‍ കിടത്തിയശേഷം പച്ചമരുന്നുകള്‍ പറിച്ചുകൊണ്ടുവന്ന് മുറിവുകളില്‍ പുരട്ടി,
ചുണ്ടില്‍ തേനിറ്റിച്ചുകൊടുത്തു.
ഇലകള്‍കൊണ്ട് വീശി ആശ്വാസം നല്‍കി.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അണ്ണാന്റെ കൂട്ടുകാര്‍ അവനെ അന്വേഷിച്ചുവന്നുനോക്കുമ്പോള്‍, സ്വന്തം കുഞ്ഞിനെയെന്നോണം പരിചരിക്കുന്ന പോപ്പുവിനെയാണ് കണ്ടത്.
അവര്‍ മൂത്തുപഴുത്ത വിത്തുകളും പഴങ്ങളും കൊണ്ടുവന്ന് കരടിയപ്പൂപ്പനും അണ്ണാന്‍കുഞ്ഞിനും സമ്മാനിച്ചു.
അടുത്തദിവസം അണ്ണാന്റെ കൂട്ടുകാരായ മുയലുകളും കുട്ടിക്കുരങ്ങന്മാരും അവിടെയെത്തി.
അവര്‍ക്കെല്ലാം കരടിയപ്പൂപ്പനോട് സ്‌നേഹവും കടപ്പാടും തോന്നി.
ഞങ്ങടെ പുന്നാര കൂട്ടുകാരന്‍ അണ്ണാറക്കണ്ണന്‍ ചിക്കുവിനെ, കുഞ്ഞിനെപ്പോലെ പരിചരിച്ച അപ്പൂപ്പനെ ഞങ്ങള്‍ മറക്കുകയില്ല.
ഞങ്ങളുടെ കൂട്ടുകാരനെ സ്‌നേഹത്തോടെ പരിചരിച്ച അപ്പൂപ്പനും ഇനി മുതല്‍ ഞങ്ങളുടെ കൂട്ടുകാരനാണ്.
അന്നുമുതല്‍ ആ കൂട്ടുകാര്‍ പോപ്പുവിനെയും അവരുടെ കൂടെക്കൂട്ടി.
പ്രായഭേദമില്ലാത്ത സൗഹൃദത്തിലലിഞ്ഞ് കൂട്ടുകാരില്ലാത്ത ദുഃഖംമറന്ന് കരടിയപ്പൂപ്പന്‍ അവരോടൊപ്പം ആടിപ്പാടി രസിച്ചു.






















