വീട് വൃത്തിയാക്കുമ്പോള്‍
അമ്മ പറയാറുണ്ട്
വേട്ടാളന്റെ കൂട്
അടര്‍ത്തിക്കളയേണ്ടെന്ന്
അമ്മയുടെ വാക്കില്‍
വേട്ടാളനെ ഞാന്‍
വെറുതെ വിടും
മാറാമ്പല്‍ തൂക്കാന്‍
ചൂല് കൈയിലെടുക്കുമ്പോഴേക്കും
അമ്മ വിലക്കും,
‘അവറ്റകളെ പാടേ
തൂത്ത് കളയണ്ടാ’ന്ന്.
ഞാന്‍ ചൂലെറിഞ്ഞ്
പിണങ്ങിയോടും.
കടന്നലിന്റെ കൂട്
തൂണിനു മറവില്‍
വിഷപ്പൂക്കളായി
പൂത്തു നില്‍ക്കുമ്പോഴും
അമ്മ പറയും,
‘ഇനി നീയായിട്ട് അവയെ
ഇളക്കി വിടേണ്ടെ’ന്ന്.
അമ്മ കൂടൊഴിഞ്ഞ്
കാലങ്ങള്‍ പോകെ,
വേനലിന്റെയും
വര്‍ഷത്തിന്റെയും
ശിശിരത്തിന്റെയും
കൂടുകളില്‍ ഞാന്‍
പൊള്ളിയും
നനത്തൊലിച്ചും
വിറുങ്ങലിച്ചും
താമസം തുടര്‍ന്നു.
ഇപ്പോള്‍,
മീറ്റര്‍ ബോക്‌സിനുള്ളില്‍
തേനീച്ചകള്‍ കൂടു വച്ച്
പൊറുക്കുമ്പോഴും
സണ്‍ഷേഡിന്റെ വിടവില്‍
പ്രാവുകള്‍ കൂട് മെനഞ്ഞ്
കുറുകിയിരിക്കാന്‍
തുടങ്ങുമ്പോഴും
അമ്മ പറയാതെ തന്നെ
ഞാനവറ്റയെ വെറുതേ വിടും.
ഒരു വീടിനുള്ളില്‍ത്തന്നെ
പല വീടുകള്‍
താമസിക്കുന്നുണ്ടെന്നും
ഒരു വീടും
നമുക്കുള്ളതല്ലെന്നുമുള്ള
തിരിച്ചറിവിലേക്ക്
എന്നിലെ സിദ്ധാര്‍ത്ഥന്‍
വളര്‍ന്നു കഴിഞ്ഞു.






















