തിരുവാതിരയുടെ പൊന്‍വെളിച്ചത്തില്‍, ഇളംമഞ്ഞിന്റെ കുളിരില്‍ അംഗനമാര്‍ ആടിയും പാടിയും ആഘോഷരാവ് അവസ്മരണീയമാക്കി. കേരളീയ വേഷം ധരിച്ച് പാതിരാപ്പൂ ചൂടി, നൂറ്റൊന്ന് വെറ്റില മുറുക്കി മഹിളകള്‍ കേസരി മുറ്റത്തെ നാട്ടുമാവില്‍ കൊമ്പില്‍ ഊഞ്ഞാലാടി. മഞ്ഞുപെയ്യുന്ന ധനുമാസ രാവില്‍ പാര്‍വ്വതീ പരമേശ്വര സ്തുതിയോടെ ചുവടുവെച്ച് കുമ്മിയടിച്ച് കുവ്വ പായസവും എട്ടങ്ങാടി പുഴുക്കും(തിരുവാതിരപ്പുഴുക്ക്) കഴിച്ച് ആചാര വിശുദ്ധിയോടെ നൂറുകണക്കിന് മഹിളാരത്നങ്ങളാണ് കേസരി ഭവനില്‍ കേസരിയമ്മന്റെ തിരുനടയില്‍ തിരുവാതിര ആഘോഷിച്ചത്. നവരാത്രി സര്‍ഗ്ഗോത്സവ സമിതി മാതൃസമിതിയുടെയും മാതംഗി ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന തിരുവാതിര ആഘോഷത്തിന് വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 25ല്‍ പരം തിരുവാതിര സംഘങ്ങള്‍ വേദിയില്‍ തിരുവാതിര അവതരിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര നടി വിധുബാല, ഡോ. അനുശ്രീ, ജെ.നന്ദകുമാര്‍, ടി.പി. വേണുഗോപാല്‍, കെ.പി. അനില്‍കുമാര്‍(ചാലപ്പുറം കൗണ്‍സിലര്‍) എന്നിവര്‍ തിരുവാതിര ആഘോഷത്തിന്ആശംസകള്‍ നേര്‍ന്നു.




ഫോട്ടോ: അനീഷ് മേലയില്‍





















