2047ല്‍ സ്വാതന്ത്യത്തിന്റെ നൂറാം വര്‍ഷമാകുമ്പോഴേക്കും വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് ഭാരത ഗ്രാമീണ റോസ്ഗാര്‍ & അജീവിക് (വിബി-ജി. റാം-ജി) നിയമം. മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കുന്നതിന്റെ ഭാഗമായി, എല്ലാ ഗ്രാമങ്ങളും സമഗ്രമായി വികസിപ്പിക്കുകയും ഗ്രാമീണര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പ്രസ്തുത നിയമം ആവിഷ്‌കരിച്ചത്. എന്നാല്‍ പതിവുപോലെ അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ഈ നിയമത്തെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി വികസിതഭാരതം എന്ന ലക്ഷ്യം അട്ടിമറിക്കാനുമുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേത്. 2005-ല്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓരോ ഗ്രാമീണ കുടുംബത്തിനും 100 ദിവസത്തെ തൊഴില്‍ ഉറപ്പു നല്‍കുന്നതാണെങ്കില്‍ 125 ദിവസത്തെ തൊഴിലുറപ്പാണ് പുതിയ നിയമം വാഗ്ദാനം ചെയ്യുന്നത്. അതുപോലെ ജോലിക്കുള്ള കൂലി കൃത്യസമയത്ത് നല്‍കാനും പുതിയ നിയമത്തില്‍ കൃത്യമായ വ്യവസ്ഥയുണ്ട്.
യുപിഎ ഭരണകാലത്ത് ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന സത്യം ബജറ്റില്‍ നീക്കിവെച്ച പണവും ചിലവഴിച്ച തുകയും താരതമ്യം ചെയ്താല്‍ ബോധ്യപ്പെടും. പത്തു വര്‍ഷത്തില്‍ 2.13 ലക്ഷ കോടി രൂപയാണ് ബജറ്റില്‍ തൊഴിലുറപ്പിനു വേണ്ടി യുപിഎ സര്‍ക്കാര്‍ നീക്കിവെച്ചത്. എന്നാല്‍ ചിലവഴിച്ചതാകട്ടെ എത്രയോ കുറവാണ്. 2009 -10 ല്‍ 39000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതില്‍ 33,539.38 കോടി രൂപയാണ് ചെലവഴിച്ചത്, അതായത് 5460.62 കോടി രൂപ പാഴാക്കി. 2011- 12 ല്‍ 40,000 കോടിയില്‍ 35,847.41 കോടി രൂപയും 2011-12 സാമ്പത്തിക വര്‍ഷം 40,400 കോടിയില്‍ 29,212.92 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്. ആ വര്‍ഷം 10188.08 കോടി രൂപ ലാപ്‌സാക്കി കളഞ്ഞു. 2009 -10 മുതല്‍ 2012 -13 കാലഘട്ടത്തില്‍ 1,85,300 കോടി രൂപ ബജറ്റില്‍ നീക്കിവെച്ച യുപിഎ സര്‍ക്കാര്‍ ചിലവഴിച്ചത് 1,61,861.26 കോടി രൂപ മാത്രം. അതായത് 23438.74 കോടി രൂപ നഷ്ടപ്പെടുത്തി.
കൃത്യമായ ആസൂത്രണമില്ലായ്മ മൂലമാണ് യുപിഎ ഭരണകാലത്ത് പണം ചെലവഴിക്കാനാവാതെ പോയത്. ചിലവഴിച്ച പണമാകട്ടെ വ്യാജ ജോബ് കാര്‍ഡുകള്‍ ഉണ്ടാക്കി പൊതു ഖജനാവ് കൊള്ളയടിക്കാന്‍ കാരണമായി. 2013 ല്‍ സിഎജി റിപ്പോര്‍ട്ട് പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ 4.33 ലക്ഷം വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചു. പക്ഷേ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികള്‍ ആകെ മാറി.
2014 -15 ല്‍ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ യുപിഎ സര്‍ക്കാരിനെക്കാള്‍ 1000 കോടി രൂപ അധികം, എന്നുവച്ചാല്‍ 34000 കോടി രൂപ പദ്ധതിക്ക് വേണ്ടി നീക്കിവെച്ചു. കൊറോണ ബാധിച്ച് 2020 – 21 വര്‍ഷത്തില്‍ മാത്രം 11,11,500 കോടി റിവൈസ്ഡ് എസ്റ്റിമേറ്റില്‍ തുക അനുവദിച്ചു. ആ വര്‍ഷം ബജറ്റ് നീക്കിയിരിപ്പ് 61,500 കോടി രൂപയാണെങ്കിലും 49500 കോടി രൂപ അധികമനുവദിച്ചുകൊണ്ട് രാജ്യത്തിന്റെ ഗ്രാമീണരെ പട്ടിണിയില്‍ നിന്നും മോദി സര്‍ക്കാര്‍ രക്ഷിച്ചു.
യുപിഎ സര്‍ക്കാര്‍ 153 ലക്ഷം തൊഴില്‍ ദിനങ്ങളാണ്‌നല്‍കിയതെങ്കില്‍ 862 ലക്ഷ തൊഴില്‍ ദിനങ്ങളള്‍ നല്‍കി. മോദി സര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.
2014 -15 മുതല്‍ 2024 -25 വരെയുള്ള സാമ്പത്തിക വര്‍ഷം 7.81 ലക്ഷം കോടി രൂപ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി മോദി സര്‍ക്കാര്‍ നീക്കിവെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 86000 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ അനുവദിച്ചത്. അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതി മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന വിമര്‍ശനത്തിന് യാതൊരു അടിസ്ഥാനവുമില്ല.
മറ്റൊരു വിമര്‍ശനം, പുതിയ പദ്ധതിയില്‍ ചിലവ് 60:40 എന്നാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കൂടുമെന്നാണ്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സാഹചര്യമല്ല രാജ്യത്ത് നിലവിലുള്ളത്. 2005-06 സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം 30.5% മാത്രമായിരുന്നു. പിന്നീട് 13-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് അത് 32 % ആയി ഉയര്‍ത്തി. യുപിഎ ഭരിച്ച് 10 വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് മൊത്തം നല്‍കിയ തുക 8.30 ലക്ഷം കോടി രൂപയായിരുന്നു.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രൂപീകരിച്ച 14-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 42 ശതമാനം കേന്ദ്ര വിഹിതം നല്‍കാന്‍ ശുപാര്‍ശ ചെയ്തു. 15-ാം കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് 41 ശതമാനമാക്കി. ഒന്നാം മോദി സര്‍ക്കാര്‍ 36.5 ലക്ഷം കോടി രൂപയും രണ്ടാം മോദി സര്‍ക്കാര്‍ 53 ലക്ഷം കോടി രൂപയും നല്‍കി സംസ്ഥാനങ്ങളെ സാമ്പത്തികമായി വളരെ അധികം സഹായിച്ചു. അതുകൊണ്ട് തന്നെ 60: 40 അധിക ബാധ്യത എന്ന മുറവിളി അടിസ്ഥാനരഹിതമാണ്. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ പല മടങ്ങ് കൂടുതല്‍ പണം മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നത് വാസ്തവമാണ്. കൂടാതെ 16-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്. അതില്‍ വരുമാനത്തിന്റെ 49% തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതായാണ് വിവരം. ഇതെല്ലാം കണക്കിലെടുത്താവണം പുതിയ നിര്‍ദ്ദേശം.
പുതിയ നിയമത്തില്‍ തൊഴില്‍ ഉറപ്പില്ല എന്നും മറിച്ച് കേന്ദ്ര പദ്ധതി അനുസരിച്ച് മാത്രം തൊഴില്‍ നല്‍കുന്നതാണെന്നുമുള്ള വാദം ശരിയല്ല. കാരണം ഈ നിയമത്തിലെ 11-ാം വകുപ്പു പ്രകാരം തൊഴിലിന് അപേക്ഷിച്ചവര്‍ക്ക് 15 ദിവസത്തിനകം തൊഴില്‍ നല്‍കിയിരിക്കണം. അല്ലാത്തപക്ഷം,അവര്‍ക്ക് തൊഴിലില്ലായ്മ വേതനം നിര്‍ബന്ധമായും നല്‍കാന്‍ ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. കാര്‍ഷിക വിളയെടുപ്പ് കാലത്ത് 60 ദിവസത്തെ ഇടവേള നല്‍കണമെന്ന വ്യവസ്ഥ കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പു വരുത്താന്‍ സഹായിക്കും. ഗ്രാമീണര്‍ക്ക് ആ സീസണിലല്ലാതെയും തൊഴില്‍ ഉറപ്പു വരുത്തുകയും ചെയ്യും. ഇത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമാണ്.
പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ആരോപണം ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് സംബന്ധിച്ചാണ്. ബിജെപിക്ക് ഗാന്ധിജിയോട് എന്നും ബഹുമാനവും ആദരവും മാത്രമേ ഉള്ളു. ബിജെപിയുടെ പ്രധാനപ്പെട്ട അഞ്ച് തത്വങ്ങളില്‍ ഒന്ന് ഗാന്ധിയന്‍ സോഷ്യലിസമാണ്. പിന്നെങ്ങനെ ബിജെപി ഗാന്ധി വിരുദ്ധമാകും?
ഗാന്ധി സ്‌നേഹം കോണ്‍ഗ്രസ്സില്‍ നിന്ന് പഠിക്കേണ്ട ആവശ്യം ബിജെപിക്കില്ല. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നെഹ്‌റു കുടുംബത്തിന്റെ പേരില്‍ നൂറുകണക്കിനു സ്ഥാപനങ്ങളും പദ്ധതികളും തുടങ്ങിട്ടുണ്ട്. പക്ഷെ ഇതിന്റെ അഞ്ചിലൊന്ന് പോലും ഗാന്ധിജിയുടെ പേരിലില്ല. ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച് മാസങ്ങള്‍ക്കകം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തുടങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹാത്മഗാന്ധിയുടെ പേരില്‍ സര്‍വ്വകലാശാല തുടങ്ങിയത് 1983ല്‍ മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗാന്ധിജിയുടെ പേര് മാത്രമാണ് വേണ്ടത്. അദ്ദേഹത്തിന്റെ ആദര്‍ശമോ തത്വങ്ങളോ വേണ്ട. ഗാന്ധിജിയുടെ സബര്‍മതി ആശ്രമം പുനരുദ്ധാരണത്തിനായി 1200 കോടി രൂപയുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് ലോകം മുഴുവനും മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അതുകൊണ്ട് ഗാന്ധി നിന്ദ എന്ന ആരോപണം പ്രതിപക്ഷത്തിന്റെ കുപ്രചാരണമായി തള്ളിക്കളയേണ്ടതാണ്.
മഹാത്മ ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യം സാക്ഷാല്‍കരിക്കരിക്കുന്നതിനായാണ് പുതിയ വികസിത് ഭാരത് – ജി- റാം ജി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പതിവ് മുതല ക്കണ്ണീര്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ മോദി സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും ഉറപ്പാണ്.
(ലേഖകന്‍ ബിജെപി, കോഴിക്കോട് മേഖലാ പ്രസിഡന്റാണ്)





















