ഒറ്റയ്ക്കിരിക്കുമ്പോളെന്‍
മനസ്സിലോടിയെത്തുന്നു
ഇരുട്ടു ചാലിച്ചുള്ള
വാര്യത്തെ കുട്ടിക്കാലം
അകത്തും പുറത്തും
നടുമുറ്റത്തും ചുറ്റും
നനുത്ത വെളിച്ചം മാത്രം
വാര്യത്തെ ധാരാളിത്തം
ചിമ്മിണി വിളക്കിന്റെ
കടും പുകച്ചുരുള്‍ തീര്‍ക്കും
കറുത്ത ചുമര്‍ ചിത്ര
ഭീകര സമസ്യകള്‍
അമ്മൂമ്മ വര്‍ണ്ണിച്ചങ്ങു
പെരുത്ത മാരീചന്റെ
കരാള രൂപം
പടിഞ്ഞാറ്റയി
ലൊളിക്കുന്നു
കോമ്പിരയ്ക്കുള്ളില്‍
കാവലിരിപ്പുണ്ടു
കുട്ടിച്ചാത്തന്‍
ചില്ലറത്തുട്ടില്‍ തൊട്ടാല്‍
കൈവിരല്‍ പൊള്ളിക്കുന്നോന്‍
അമ്പലപ്പറമ്പിലെ
ആല്‍മരച്ചില്ല മേളില്‍
ആയിരം മിന്നാ മിന്നി
ച്ചൂട്ടുകള്‍ പറക്കുന്നു
ചൂട്ടുകളാടിപ്പാടി
നാട്ടിട കടക്കുമ്പോള്‍
അച്ഛന്റെ ചുമയും
മൂളിപ്പാട്ടുമെന്‍ കൂടെക്കൂടും
തിണ്ണയിലിരുന്നച്ഛന്‍ വലിക്കും
ബീഡിച്ചുരുള്‍
ചുവട്ടിലിരുന്നു ഞാന്‍
പഠിച്ച പാഠം ചൊല്ലും
അച്ഛന്റെ വെളിച്ചത്തില്‍
ഇരുണ്ട ഭൂഖണ്ഡങ്ങള്‍
കടന്നു കിനാവിന്റെ
താഴ്‌വര പൂകുന്നുണ്ടാം
കണ്‍ തുറക്കുമ്പോള്‍ ചുറ്റും
വെളിച്ചം!
അച്ഛന്നൊപ്പം നടന്നു
കരേറി ഞാനിരുട്ടിന്‍
മഹാഗര്‍ത്തം
കളിച്ചും ചിരിച്ചും മെല്ലെ
തിരിച്ചു വരുമ്പോഴേക്കും
പകച്ചു പോകുന്നയ്യോ
ഇരുട്ടത്തായീ വീണ്ടും!
ദൂരേക്കു നോക്കിക്കൊണ്ടേ
യിരിപ്പാണിരുട്ടത്ത്
കൂരിരുള്‍ ഛേദിക്കുന്ന
വെളിച്ചം
വന്നെങ്കിലോ?






















