ക്രൈസ്തവ സഭകള്‍ ആഗോള വ്യാപകമായി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുപ്രസിദ്ധമാണ്. ഏഷ്യ ഭൂഖണ്ഡം മൊത്തമായി സുവിശേഷവല്‍ക്കരിക്കാനാണ് വത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഭൂഖണ്ഡത്തില്‍എല്ലായിടത്തും, കുരിശു നാട്ടാനും, മറ്റു മതവിശ്വാസികളെ കുരിശിന്റെ വഴിക്കു കൊണ്ടുവരാനും, ആത്മാക്കളെ കൊയ്‌തെടുക്കുവാനും ലക്ഷ്യമാക്കി മാര്‍പാപ്പ തയ്യാറാക്കിയ പദ്ധതിയാണ് ഡോമിനോ ജീസസ്.
ക്രൈസ്തവ സഭകള്‍ സുവിശേഷവല്‍ക്കരണത്തിനു തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിത്യോപയോഗ വസ്തുക്കള്‍ വില്‍ക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികളും സ്വദേശി കമ്പനികളും മത്സരിച്ചു നടത്തുന്ന വിപണനതന്ത്രങ്ങളെ തോല്‍പ്പിക്കുന്നവയാണ്. അത്ഭുതരോഗശാന്തി ശുശ്രൂഷയും സംഗീതവിരുന്നും ആണ് ഒരു തന്ത്രം. ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുന്ന പാസ്റ്റര്‍. അദ്ദേഹത്തെ തിരക്കി വേദിയിലെത്തുന്ന ഹൈന്ദവമത വിശ്വാസിയായ വനിത. ദശാബ്ദങ്ങളായി നട്ടെല്ലിന് തീവ്രമായ വേദന അനുഭവിച്ചുവരുന്ന വനിത ഒരിക്കല്‍ പാസ്റ്ററുടെ ടെലിവിഷന്‍ പ്രോഗ്രാം കാണാനിടവന്നു. അന്നുമുതല്‍ അവര്‍ യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു. പ്രാര്‍ത്ഥന തുടങ്ങി. ഈ വേദനക്കു മരുന്നോ ചികിത്സയോ ഇല്ല എന്നുപറഞ്ഞു കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തന്നെ തിരിച്ചയച്ചതാണെന്നും, യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ തന്റെ വേദന പമ്പ കടന്നു എന്നും പറയുന്നു ഈ ഭക്ത. ഇത് ശരിയാണെങ്കില്‍ നമുക്ക് എന്തിനാണ് ജില്ലകള്‍ തോറും മെഡിക്കല്‍ കോളേജ് ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും?
ഒരുപക്ഷെ ബിജെപി നേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയതും മോശമായി ചിത്രീകരിച്ചതുമായ സംഭവമാണ് ഒറീസ്സയിലെ ഗ്രഹാം സ്റ്റെയിന്‍സ് വധം. ആസ്‌ട്രേലിയന്‍ സുവിശേഷവേലക്കാരനായ സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ടു മക്കളും 1999 ല്‍ ഒറീസ്സയിലെ മനോഹര്‍ പുരില്‍ ‘ഹൈന്ദവ മതഭ്രാന്തന്മാരാല്‍’ വധിക്കപ്പെട്ടു എന്നായിരുന്നു വാര്‍ത്ത, മനോഹര്‍പുരിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ സാമൂഹ്യ സേവനം നടത്തിവരികയായിരുന്നുപോലും ഗ്രഹാം സ്റ്റെയിന്‍സ്. അതില്‍ കുപിതരായ ഹൈന്ദവരാണ് സ്റ്റെയ്ന്‍സിനെയും മക്കളെയും വകവരുത്തിയത് എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പക്ഷെ സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും വന്‍തോതിലുള്ള മതപരിവര്‍ത്തനമാണ് ഒറീസ്സയില്‍ നടത്തിവന്നിരുന്നത്. ആസ്‌ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്ന ടൈഡിങ് എന്ന ക്രൈസ്തവ വാരികയില്‍ തന്റെയും പത്‌നി ഗ്ലാഡിസിന്റെയും മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങളെക്കുറിച്ചു സ്റ്റെയ്ന്‍സ് തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതിവന്നു. കുഷ്ഠരോഗികളെ സേവിക്കുന്നു എന്ന അവകാശവാദം വെറും തട്ടിപ്പ്. തങ്ങള്‍ മാമോദിസ മുക്കിയ വനവാസികളുടെയും ഹരിജന്‍ വിഭാഗക്കാരുടെയും എണ്ണം, പുതിയതായി പണിയുന്ന പള്ളികളുടെ എണ്ണം ഇവയെല്ലാമാണ് ടൈഡിങ്‌സ് എന്ന സുവിശേഷ വാരികയ്ക്ക് സ്റ്റെയ്ന്‍സ് അയച്ച റിപ്പോര്‍ട്ടുകള്‍. തെഹല്‍ക എന്ന വാരികയുടെ ഉദ്ഘാടന പതിപ്പിന്റെ കവര്‍ സ്റ്റോറി തന്നെ ഭാരതത്തിലെ സുവിശേഷവല്‍ക്കരണത്തെ കുറിച്ചായിരുന്നു. 2004 ഫെബ്രുവരി മാസമായിരുന്നു തെഹല്‍ക പ്രസിദ്ധീകരണം ആരംഭിച്ചത്. പ്രതിദിനം പതിനായിരത്തില്‍ അധികം സനാതനധര്‍മ്മ വിശ്വാസികളാണ് ക്രിസ്തു മതം സ്വീകരിക്കുന്നതെന്ന് ആദ്യ ലക്കത്തില്‍ത്തന്നെ അവര്‍ എഴുതി. ഏതു മതത്തിലും വിശ്വസിക്കാനും, അത് പ്രചരിപ്പിക്കാനും ഭാരതത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പക്ഷെ ആരെയും നിര്‍ബന്ധിച്ചും കബളിപ്പിച്ചും മതപരിവര്‍ത്തനത്തിനു വിധേയരാക്കരുത് എന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്.
1977 ല്‍ അധികാരമേറ്റ മൊറാര്‍ജി ദേശായി സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ ക്രൈസ്തവ സഭയും ഉണ്ടെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തതു? ഓ.പി.ത്യാഗി എന്ന ജനതാപാര്‍ട്ടി അംഗം അവതരിപ്പിച്ച സ്വകാര്യ ബില്ല്, മതപരിവര്‍ത്തന നിയന്ത്രണ ബില്ല് (Freedom of Religion Bill)- സഭാ നേതാക്കന്മാരെ ക്രുദ്ധരാക്കി, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചിട്ടും, കറുത്ത കൊടികള്‍ കെട്ടി ഉപവാസം ഇരുന്നുമാണ് ക്രൈസ്തവ സഭാനേതാക്കള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ത്യാഗി അവതരിപ്പിച്ച ബില്ലില്‍ ഒരിടത്തും, ഏതെങ്കിലും മതത്തില്‍പ്പെട്ടവരെ കുറിച്ച് ഒരുസൂചനപോലും ഇല്ലായിരുന്നു. ‘ഒരു മതത്തില്‍ പെട്ടവര്‍ മറ്റു മത വിശ്വാസികളെ സമ്മര്‍ദ്ദത്തിലൂടെയോ, നിര്‍ബന്ധിച്ചോ, ഭീഷണിപ്പെടുത്തിയോ, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തോ മതം മാറ്റരുത്’ എന്നായിരുന്നു ബില്ലിന്റെ ഉള്ളടക്കം. പക്ഷെ ക്രൈസ്തവര്‍ ഈ ബില്ലിനെ ബഹുസ്വരതയ്ക്കു ഭീഷണിയായികണ്ടു!
ഉപവികളുടെ സഹോദരി അഥവാ sisters of destitute വിഭാഗവും കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ രംഗത്തിറങ്ങി. അവരുടെ മേധാവി ആയിരുന്ന തെരേസയാണ് ബില്ലിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിന് നേതൃത്വം നല്‍കിയത്. അശരണരെയും നിരാലംബരെയും സേവിക്കുകമാത്രമാണ് തന്റെ ജീവിതലക്ഷ്യം എന്ന് ദിവസംതോറും പ്രഖ്യാപിച്ച ഈ മാതാവിന് മതപരിവര്‍ത്തന നിരോധന ബില്ലിനോട് എതിര്‍പ്പ് വരാനുള്ള കാരണം ആരും ചോദിച്ചിട്ടില്ല. തെരേസയെക്കുറിച്ച് യൂറോപ്പില്‍ അനേകം പുസ്തകങ്ങളും, ഡോക്യൂമെന്ററികളും സുലഭമാണ്. നോബല്‍ സമാധാന സമ്മാനം, ഭാരത രത്‌ന തുടങ്ങി അനേകം ബഹുമതികള്‍ അവരെ തേടി എത്തി. ഒരുകാര്യം വ്യക്തം. മതപരിവര്‍ത്തനത്തിനു വത്തിക്കാന്‍ ഭാരതത്തിലേക്ക് നിയോഗിച്ച ആളായിരുന്നു അവര്‍.
ക്രൈസ്തവ മതവിശ്വാസികള്‍ നല്ലവരാണ്. പക്ഷെ അവരുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നത് പാതിരിമാരും, ബിഷപ്പുമാരും കര്‍ദിനാളന്മാരുമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യങ്ങള്‍ അല്ല. തിരഞ്ഞെടുപ്പിലൂടെ ലോകത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരം നടത്തി അട്ടിമറിച്ച സഭയുടെ കുത്സിത പ്രവൃത്തികളെ കുറിച്ച് മുന്‍മന്ത്രിയും, വിമോചന സമരത്തില്‍ പ്രധാന പങ്കുവഹിച്ച നേതാവുമായ ലോനപ്പന്‍ നമ്പാടന്‍ തന്റെ ആത്മകഥയില്‍ (സഞ്ചരിക്കുന്ന വിശ്വാസി) വിവരിക്കുന്നുണ്ട്. കാത്തോലിക്ക സഭയ്ക്ക് വത്തിക്കാനില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ ആയി ധനസഹായം ലഭിച്ചതും, കൂടാതെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ സഭാ നേതൃത്വത്തിന് നല്‍കിയ ധനസഹായത്തെ കുറിച്ചുമെല്ലാം നമ്പാടന്‍ വിശദമാക്കിയിട്ടുണ്ട്. അക്കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രി, രാജ്യസഭയില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടതായി നമ്പാടന്‍ പറയുന്നുണ്ട്. 1959 ജനുവരി മുതല്‍ ഡിസംബര്‍ വരെ 14 ലക്ഷം രൂപക്കുള്ള ഡോളര്‍ ചെക്കുകള്‍ കേരളത്തില്‍ മാറിയതായി പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി വിശദീകരിച്ചുവത്രെ. ഇത് ഇഎംഎസ് നമ്പൂതിരിപ്പാട് മന്ത്രിസഭയോടുള്ള ദയവുകൊണ്ട് എഴുതിയതല്ല. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണകാലത്തു പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫീസുകളായി രൂപാന്തരം പ്രാപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചൊതുക്കാന്‍ പോലീസ് സേനയെ ഉപയോഗപ്പെടുത്തി. ജീവിതം ദുസ്സഹമായപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങി. പക്ഷെ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഭ നേതൃത്വം വത്തിക്കാന്‍, സിഐഎ എന്നിവരെ ആശ്രയിച്ചത് മൂന്നാംതരം ഇടപാടുതന്നെയാണ്. നമ്പാടന്‍ മാത്രമല്ല, സഭയുടെ ഈ കുടില തന്ത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഭാരതത്തിലെ അക്കാലത്തെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന എല്‍സ് വര്‍ത് ബങ്കര്‍, പിന്നീട് അംബാസിഡര്‍ ആയിരുന്ന ഡാനിയേല്‍ പാട്രിക് മൊയ്‌നിഹാന്‍ എന്നിവരും കേരളത്തിലെ തന്നെ ഫാദര്‍ വടക്കന്‍ എന്ന പാതിരിയും, വത്തിക്കാന്‍, സിഐഎ തുടങ്ങിയവര്‍ 1957 -1959 കാലഘട്ടത്തില്‍ കേരളത്തില്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്, മൊയ്‌നിഹാന്‍ തന്റെ ഓര്‍മക്കുറിപ്പുകളായ എ ഡേഞ്ചറസ് പ്ലേസ് എന്ന പുസ്തകത്തില്‍ ഈ വിവരങ്ങള്‍ വിശദമായി എഴുതിയിരിക്കുന്നു. ഈ പാപഭാരം പേറുന്ന സഭാ പിതാക്കന്മാര്‍ക്ക് ബഹുസ്വരതയോടും, മതേതരത്വത്തോടും ഉള്ള അവജ്ഞ വര്‍ണനാതീതമാണ്. ഹൈന്ദവ സന്യാസിമാര്‍ ക്രൈസ്തവ രാജ്യങ്ങളില്‍ച്ചെന്നു അന്നാട്ടിലെ ക്രൈസ്തവരെ ഹൈന്ദവരാക്കുന്നു എന്നാണ് കത്തോലിക്ക സഭയുടെ പരാതി. ഏതെങ്കിലും ഹൈന്ദവ സന്യാസിമാര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ചെന്ന് അവിടങ്ങളില്‍ മതപരിവര്‍ത്തനം നടത്തിയതായി ഇന്നേവരെ ആരും പരാതിപ്പെട്ടതായി അറിവില്ല. പക്ഷെ, പാതിരികളും സുവിശേഷക്കാരും നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനത്തിന് വിധേയനാക്കിയ ഹൈന്ദവ മതവിശ്വാസികളെ തിരികെ സനാതനധര്‍മ്മത്തിന്റെ മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന എത്രയോ സന്ന്യാസിവര്യന്മാരെയാണ് ക്രിസ്ത്യന്‍ തീവ്രവാദികള്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ കൊന്നൊടുക്കിയത്. വന്ദ്യവയോധികനായ ലക്ഷ്മണാനന്ദ സരസ്വതി സ്വാമിയെ വധിച്ചതിന് പിന്നില്‍ സ്റ്റാന്‍ സാമി എന്ന ക്രൈസ്തവ വര്‍ഗീയവാദി പ്രധാന പങ്കു വഹിച്ചിരുന്നു. മതപരിവര്‍ത്തന മാഫിയകളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.





















