സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വ്യാപകമായ പരിവര്‍ത്തനത്തിന് തൊഴില്‍ മേഖല സാക്ഷ്യം വഹിക്കുകയാണ്. പഴയ തൊഴില്‍ നിയമങ്ങളെ കേവലം ഏകീകരിക്കുകയും, ക്രമീകരിക്കുകയും ചെയ്യുക എന്നതില്‍ ഒതുങ്ങാതെ, സാമ്പത്തിക ഉന്നതി, തൊഴിലിന്റെ മാന്യത, നീതി, ക്ഷേമം തുടങ്ങിയവ അവസാന തൊഴിലാളിക്കു വരെ ഉറപ്പുവരുത്തുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളവയാണ് ഈ പുതിയ നിയമങ്ങള്‍. രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്‍ നല്‍കിയ ഗൗരവതരമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പുതിയ തൊഴില്‍ നിയമ സംഹിതകള്‍ നിലവില്‍ വന്നിട്ടുള്ളത്.
രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി അതിലെ തൊഴില്‍ ചെയ്യുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസംഖ്യം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സ്വപ്‌നങ്ങള്‍ക്ക് കുഴിമാടം തീര്‍ക്കുന്ന തൊഴില്‍ നിയമങ്ങളാണ് നിലവില്‍ ഉള്ളത്. അവയിലാണ് ചരിത്രപരവും വിപ്ലവകരവുമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. നിലവിലുള്ള മൗലിക തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കി ഏതാണ്ട് എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവയെല്ലാം പിന്‍വലിച്ചുകൊണ്ട് പകരം നാല് പുതിയ ലേബര്‍ കോഡുകള്‍ അഥവാ തൊഴില്‍ നിയമ സംഹിതകള്‍ സപ്തംബര്‍ 21 മുതല്‍ നടപ്പിലാക്കിയിരിക്കുകയാണ്. അവസാനത്തെ തൊഴിലാളിയില്‍ വരെ പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ എത്തിക്കുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ആ നാല് നിയമ സംഹിതകള്‍ ഇവയാണ്: വേതന സംഹിത 2019, സാമൂഹ്യ സുരക്ഷാ സംഹിത 2020, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച സംഹിത 2020, വ്യവസായ ബന്ധ സംഹിത 2020. അസംഘടിത മേഖലയില്‍ ഉള്‍െപ്പടെയുള്ള തൊഴിലാളികളെ ശാക്തീകരിക്കുന്ന പുതിയ നിയമ വ്യവസ്ഥയെ വ്യത്യസ്ത ഭാഗങ്ങളായി വിലയിരുത്തുന്നതിന് പകരം സമഗ്രമായി വിലയിരുത്തുന്നതാണ് ഏറെ പ്രയോജനകരം.
അന്ത്യോദയത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പ് ചുരുങ്ങിയ വേതനത്തിന്റെ സാര്‍വത്രീകരണം
സ്വാതന്ത്ര്യത്തിന് ശേഷം എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭാരതത്തില്‍ ഇപ്പോള്‍ ചുരുങ്ങിയ വേതനത്തിന്റെ സാര്‍വത്രീകരണം യാഥാര്‍ത്ഥ്യമായിട്ടുള്ളത്. രാജ്യത്തിന്റെ ഏറ്റവും അകലെയുള്ള പ്രദേശത്തെ ഏതൊരു കുഗ്രാമത്തിലെയും അവസാനത്തെ തൊഴിലാളിക്കു വരെ ഇപ്പോള്‍ ചുരുങ്ങിയ വേതനം നിയമപരവും, നടപ്പാക്കാവുന്നതുമായ അവകാശമെന്ന നിലയില്‍ ലഭിച്ചിരിക്കുകയാണ്. ഇതിലൂടെ നിയമം മൂലമുള്ള വന്‍ സാമ്പത്തിക ശാക്തീകരണമാണ് രാജ്യത്തു നടപ്പിലായിരിക്കുന്നത്. മുന്‍കാലത്ത് ചുരുങ്ങിയ വേതന നിയമത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളും വൈരുദ്ധ്യങ്ങളും എല്ലാം തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. അതായത് ചില നിര്‍ദ്ദിഷ്ട മേഖലകളില്‍ മാത്രം കുറഞ്ഞ വേതനം ബാധകമായിരുന്നത്, വ്യത്യസ്ത വ്യവസായങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വേതന നിരക്കുകള്‍, ഒരേ മേഖലയില്‍ തന്നെ സമാന ജോലിക്ക് പോലും വേതന വ്യത്യാസങ്ങള്‍, ഇവയെല്ലാമാണ് ചുരുങ്ങിയ വേതനത്തിന്റെ സാര്‍വത്രീകരണത്തിലൂടെ തിരുത്തപ്പെട്ടിട്ടുള്ളത്.
വേതന സംഹിത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ വേതനം നിര്‍ബന്ധമായും പുതുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു, അതുവഴി സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളോട് വേതനവ്യവസ്ഥ പൊരുത്തപ്പെടും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ വേതനം നല്‍കുന്നതില്‍ മാത്രമാണ് ഇതുവരെ തുല്യത നിയമപരമായി ഉറപ്പുവരുത്തിയിരുന്നത്. പുതിയ സംഹിതയില്‍ അത് കൂടാതെ നിയമനം മുതല്‍ തൊഴില്‍ വ്യവസ്ഥകളിലെ എല്ലാ ഘട്ടങ്ങളിലും അവസാനം വരെ ലിംഗവിവേചനം പൂര്‍ണ്ണമായും നിരോധിക്കുന്നു. വേതനം ബാങ്ക് മുഖേന നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കുന്നു. ചുരുങ്ങിയ വേതനം ലഭിക്കാതെ വരികയാണെങ്കില്‍ ക്രിമിനല്‍ പരാതികള്‍ക്ക് തൊഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കണമെന്ന ഇന്നുള്ള വ്യവസ്ഥ മാറ്റി, തൊഴിലാളികള്‍ക്കും അവരുടെ യൂണിയനുകള്‍ക്കും ക്രിമിനല്‍ പരാതികള്‍ നേരിട്ടു നല്‍കാനുള്ള അവകാശം നല്‍കിയിരിക്കുകയാണ്. തൊഴിലാളികളെ സാമ്പത്തിക ഉന്നമനത്തിന്റെ പടവുകള്‍ കയറാന്‍ സ്വയം ശാക്തീകരിക്കുന്ന വിപ്ലവകരമായ വ്യവസ്ഥയാണിത്. ചുരുങ്ങിയ വേതനം ലഭിക്കാതെ വന്നാല്‍ പരാതി നല്‍കാനുള്ള കാലാവധി ആറുമാസത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി നീട്ടിയിട്ടുണ്ട്; ഇതുവഴി നിരക്ഷരരായ തൊഴിലാളികള്‍ക്ക് ശ്രദ്ധക്കുറവ് കൊണ്ട് നീതി നിഷേധിക്കുന്ന സ്ഥിതിവിശേഷം തടയുന്നു.
അവസാനത്തെ തൊഴിലാളിക്ക് വരെ കുറഞ്ഞ വേതനം ഉറപ്പ് വരുത്തുന്നത് വഴി സാധാരണ പൗരന്റെ ശരാശരി വാങ്ങല്‍ ശേഷി വര്‍ദ്ധിക്കും. അത് വിപണികളെ ഉണര്‍ത്തുകയും, നിര്‍മ്മാണ മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ ഒരു ചാക്രിക പ്രക്രിയയിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാനുള്ള ശേഷി സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ”വേതനാധിഷ്ഠിത സാമ്പത്തിക വളര്‍ച്ച” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ചക്കുള്ള പാത ഇതാണെന്നാണ് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും വ്യക്തമാക്കിയിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെ ഉദയം
സാമൂഹ്യ സുരക്ഷാ സംഹിത ഭാരതത്തിലെ വൈവിധ്യമാര്‍ന്ന തൊഴിലാളി വിഭാഗങ്ങളെയെല്ലാം സാമൂഹ്യ സംരക്ഷണത്തിന്റെ കവചത്തിനുള്ളിലേക്ക് നയിക്കുന്ന വിപ്ലവകരമായ പരിഷ്‌കരണ നിയമമാണ്. മുന്‍കാലത്ത് ഇഎസ്‌ഐ, ഇപിഎഫ് പദ്ധതികള്‍, ആ നിയമങ്ങളുടെ അവസാന ഭാഗത്ത് ചേര്‍ത്തിട്ടുള്ള പട്ടികയില്‍ പറയുന്ന നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്ക് മാത്രം ബാധകമായിരുന്നു. അതിനാല്‍ കഴിഞ്ഞ 78 വര്‍ഷങ്ങളായി സംഘടിത മേഖലയിലെ ചുരുങ്ങിയ വിഭാഗത്തിന് മാത്രം ഈ സുപ്രധാന പദ്ധതികള്‍ ഒതുങ്ങി നിന്നു. ആ പട്ടികകള്‍ നീക്കം ചെയ്തതോടെ, അവസാനത്തെ തൊഴിലാളിയിലേക്കെത്താനുള്ള സുവര്‍ണ്ണ പാത ഇഎസ്‌ഐക്കും, ഇപിഎഫിനും തുറന്നു തന്നിരിക്കുകയാണ്.
പുതിയ നിയമമനുസരിച്ച് അപകടകരമായ തൊഴില്‍ മേഖലകളില്‍ ഒരു തൊഴിലാളി മാത്രമേയുള്ളുവെങ്കിലും ഇ.എസ്.ഐ. ബാധകമാണ്. പത്ത് തൊഴിലാളികളോ അതിലധികമോ ഉള്ള മറ്റ് സകലവിധ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ചുരുങ്ങിയ വിഹിതം നല്‍കിക്കൊണ്ട് ആറ് ആനുകൂല്യങ്ങള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കുന്ന ഏറ്റവും വ്യാപകവും ഗുണകരവുമായ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ലോകത്ത് തന്നെ മറ്റൊന്നില്ല. തൊഴില്‍ മേഖലയിലെ ചിരകാലാഭിലാഷങ്ങള്‍ക്ക് സാക്ഷാത്കാരമായി ഇന്നുള്ള അസംഘടിത മേഖലയിലെ വലിയ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും വലിയ അസംഘടിത മേഖലയുള്ള ഭാരതത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. മുന്‍കാലത്ത് 565 ജില്ലകളില്‍ പൂര്‍ണ്ണമായും 103 ജില്ലകളില്‍ ഭാഗികമായും മാത്രമേ ബാധകമായിരുന്നുള്ളു, എന്നാല്‍ ഇപ്പോള്‍ ഭാരതത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഇ.എസ്.ഐ. വ്യാപകമാക്കിയിരിക്കുന്നു. മുമ്പ് ഒഴിവാക്കിയിരുന്ന ഖനി തൊഴിലാളികളെയും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് ആ മേഖലയില്‍ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിട്ടുള്ളത്. തൊഴിലുടമ തൊഴിലാളിയെ ഇന്‍ഷൂര്‍ ചെയ്യാതിരുന്നാലും, ആവശ്യമായ വിഹിതം അടക്കാതിരുന്നാലും, തൊഴിലാളിക്ക് മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ഇ.പി.എഫ്., പെന്‍ഷന്‍, ഇ.ഡി.എല്‍.ഐ. എന്നിവ ഇരുപത് തൊഴിലാളികളോ അതിലധികമോ ഉള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ രീതിയില്‍ ബാധകമായി. നിലവില്‍ പട്ടികയില്‍ പറയുന്ന ചുരുങ്ങിയ വ്യവസായ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ നിയമങ്ങള്‍ ബാധകമായിട്ടുണ്ടായിരുന്നത്.
തൊഴില്‍ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ക്കും ഇനി നഷ്ടപരിഹാരം തൊഴിലുടമയില്‍ നിന്നും ലഭിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമപരമായ ആശയക്കുഴപ്പം ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു.
അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി
തൊഴില്‍ സ്വഭാവത്തിലെ മാറ്റങ്ങളെ അംഗീകരിച്ചു കൊണ്ട്, ഗിഗ് തൊഴിലാളികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍, അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍, ഗൃഹാധിഷ്ഠിത തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, നിശ്ചിത കാലാവധി തൊഴിലാളികള്‍ എന്നിവരെ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ട് വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ ഗിഗ് തൊഴിലാളികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ആറു പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു. കരാര്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ വിഹിതം കരാറുകാരന്‍ നല്‍കാതിരുന്നാല്‍, അത് നല്‍കാന്‍ തൊഴിലുടമ ഉത്തരവാദിയാണ്. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആധാറുമായി ബന്ധിപ്പിച്ച സാമൂഹ്യ സുരക്ഷാ നമ്പറുകള്‍ നല്‍കികൊണ്ട്, ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ആ തൊഴിലാളി പോയാല്‍ ഒപ്പം ആനുകൂല്യങ്ങളുടെയും കൈമാറ്റം ഉറപ്പാക്കുന്നു. നിശ്ചിത കാലാവധി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഗ്രാറ്റ്വിറ്റി ലഭ്യമാണ്.
പുതിയ തൊഴില്‍ നിയമ സംഹിതകള്‍ തൊഴില്‍ നിയമങ്ങളുടെ ആനുകൂല്യ-സംരക്ഷണ വലയത്തിനുള്ളിലേക്ക് പുതുതായി ഏതാണ്ട് അന്‍പത്-അമ്പത്തഞ്ചു കോടി വരുന്ന വലിയൊരു തൊഴിലാളി ജനവിഭാഗത്തെയാണ് കൊണ്ടുവരുന്നത്. ഇത്രയും വലിയ ഒരു സംഖ്യ ജനങ്ങളെ നേരിട്ടു കൈകാര്യം ചെയ്യാന്‍ ഇന്നുള്ള തൊഴില്‍ വകുപ്പിന്റെ പരിമിത ശേഷിക്കു സാധ്യമല്ല. അതിനാല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളിലേക്കുള്ള രജിസ്‌ട്രേഷന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും സമീപത്ത് തന്നെയുള്ള ”തൊഴിലാളി സഹായ കേന്ദ്രങ്ങള്‍” വഴി വികേന്ദ്രീകൃത രീതിയില്‍ ചെയ്യാന്‍ ഇനി സൗകര്യമുണ്ടാകും. ക്രമേണ ഇവ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
തൊഴിലാളികളുടെ എണ്ണമെത്രയായാലും, എല്ലാ സ്ഥാപനങ്ങളും മേലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഓരോ തൊഴിലാളിക്കും നിയമന സമയത്ത് ഔപചാരികമായ നിയമനരേഖ നല്‍കണമെന്ന് പുതിയ സംഹിത നിര്‍ബന്ധമാക്കുന്നു. ഈ നിയമ വകുപ്പുകള്‍ വഴി തൊഴിലാളികളുടെ തിരിച്ചറിയലും, അടിസ്ഥാനാവകാശങ്ങളും നിഷേധിക്കുന്ന ഇന്നുള്ള അനൗപചാരിക തൊഴില്‍ ക്രമീകരണങ്ങള്‍ അവസാനിക്കുന്നു.
സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആഗോള മാനദണ്ഡങ്ങള്‍
തൊഴില്‍ സുരക്ഷയും, ആരോഗ്യവും, തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച സംഹിത തൊഴിലാളി സുരക്ഷയും, ആരോഗ്യവും ഭാരതത്തിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുന്നു. ഈ സംഹിത ഭാരതത്തിലെ നിയമങ്ങള്‍ തൊഴില്‍സ്ഥല സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നു. പത്ത് തൊഴിലാളികളോ അതിലധികമോ ഉള്ള എല്ലാ സ്ഥാപനങ്ങളും സുരക്ഷാ-ആരോഗ്യ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. തൊഴിലിടത്തിലെ അപകടസാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകാനുള്ള അവകാശവും, ഭയപ്പെടാതെ സുരക്ഷാ സംവിധാനങ്ങളിലുള്ള പോരായ്മകള്‍ പരിശോധന ഉദ്യോഗസ്ഥനോട് പരാതിപ്പെടാനുമുള്ള അവകാശവും സംഹിത ഓരോ തൊഴിലാളിക്കും നല്‍കുന്നു. ആരോഗ്യപരിപാലനം ശക്തിപ്പെടുത്താനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ തൊഴിലാളികള്‍ക്ക് സമയാസമയങ്ങളില്‍ മെഡിക്കല്‍ പരിശോധനയും മേലില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വ്യവസായ ബന്ധങ്ങള്‍ സംഘര്‍ഷത്തില്‍നിന്ന് സഹകരണത്തിലേക്ക്
വ്യവസായ ബന്ധ സംഹിത സംഘര്‍ഷത്തില്‍ നിന്ന് സഹകരണത്തിലേക്കുള്ള തത്ത്വത്തിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ വ്യവസായ ”തര്‍ക്ക” നിയമം എന്ന പേരിനു പകരം ”വ്യവസായ ബന്ധ” സംഹിത എന്ന പേര് സ്വീകരിച്ചതുതന്നെ ഉടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര ചര്‍ച്ചയും, സാമഞ്ജസ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ ഒരു സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
”ബദലി” എന്ന പേരില്‍ തൊഴിലാളികളെ നിരവധി വര്‍ഷം ചൂഷണം ചെയ്യുന്ന വ്യാപകമായ രീതിക്ക് അവസാനം കുറിച്ചുകൊണ്ട്, അത് പരമാവധി ഒരു വര്‍ഷം വരെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്ന് നിയമം അനുശാസിക്കുന്നു. അത് കഴിഞ്ഞാല്‍ സ്ഥിരം തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ നല്കണം. നിലവില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ പരാതിയിലും തൊഴില്‍ വകുപ്പിലേക്ക് പരിഹാരത്തിനായി ഓടേണ്ട സാഹചര്യം ഒഴിവാക്കുവാന്‍ വേണ്ടി ”ദ്വികക്ഷി വേദികള്‍” എന്ന ഒരു പുതിയ അധ്യായം തന്നെ സംഹിതയില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ തൊഴിലാളിയും തൊഴിലുടമയും നേരിട്ടു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള സംവിധാനമാണ് നിര്‍ദ്ദേശിക്കുന്നത്.
അനുരഞ്ജന ഉദ്യോഗസ്ഥര്‍ക്ക്, ഇരുപാര്‍ട്ടികളെയും അനുരഞ്ജന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിപ്പിക്കാനുള്ള അധികാരം മേലില്‍ ഉണ്ടാകും. ഇനി ഏതെങ്കിലും പാര്‍ട്ടി ഹാജരാകാത്തതിനാല്‍ അനുരഞ്ജന നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. പരാജയ റിപ്പോര്‍ട്ടുകള്‍ നേരിട്ട് ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് അയക്കുന്നു. പഴയ കൊളോണിയല്‍ രീതിയില്‍ നിലവിലുള്ള സര്‍ക്കാര്‍ വഴിയുള്ള ”റഫറന്‍സ്” ഏര്‍പ്പാട് ഇത് ഒഴിവാക്കുന്നു. അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടാല്‍, സര്‍ക്കാര്‍ ”റഫര്‍” ചെയ്യുന്നത് വരെ കാത്തിരിക്കാതെ പാര്‍ട്ടികള്‍ക്ക് നേരിട്ട് വ്യവസായ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ വിധികള്‍ നേരിട്ട് പാര്‍ട്ടികള്‍ക്ക് നല്കുന്നു. അങ്ങിനെ വിധികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന പഴയ രീതി അവസാനിപ്പിച്ചിരിക്കുകയാണ്.
ഇന്നുള്ള ലേബര്‍ കോടതികളും വ്യവസായ ട്രൈബ്യൂണലുകളും തമ്മിലുള്ള വിഭജനം ഇല്ലാതാക്കി, പുതിയ നിയമപ്രകാരം രണ്ടും ഒന്നിച്ച് ”വ്യവസായ ട്രൈബ്യൂണല്‍” മാത്രമായി അറിയപ്പെടും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി യൂണിയനുകളെ അംഗീകരിക്കാനും, യൂണിയന്‍ അംഗസംഖ്യാ പരിശോധനക്കുമുള്ള വ്യവസ്ഥകളും സംഹിതയില്‍ പുതുതായിട്ടുണ്ട്. ട്രൈബ്യൂണലിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരവും സംഹിത നല്‍കുന്നു.
ഇത്രയും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്ന സംഹിതകളില്‍ തൊഴിലാളികള്‍ക്ക് ആശങ്കയുളവാക്കുന്ന ചില വകുപ്പുകളുമുണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പല സംസ്ഥാന സര്‍ക്കാരുകളും ഇതിനകം തന്നെ സംഘടിത മേഖലയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന സംഹിതയിലെ അത്തരം പല വകുപ്പുകളും നടപ്പാക്കി കഴിഞ്ഞു എന്നത് തൊഴില്‍ മേഖലയില്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭാരതീയ മസ്ദൂര്‍ സംഘം (ബി.എം.എസ്.) വ്യവസായ ബന്ധ സംഹിതയുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പ്രധാന ആശങ്കകളും, തൊഴില്‍ സുരക്ഷയും, ആരോഗ്യവും, തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച സംഹിതയുമായി ബന്ധപ്പെട്ട് മറ്റു പന്ത്രണ്ടു എതിര്‍പ്പുകളും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യൂണിയന്‍ തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഈ വിഷയങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ച് പരിഹരിക്കുമെന്ന് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രതിനിധികളോട് ഉറപ്പുനല്‍കുകയും ചെയ്തു. കാലതാമസമില്ലാതെ അത്തരം ആശങ്കകള്‍ ദുരീകരിക്കേണ്ട ചുമതലയും ഇനി ബാക്കിയുണ്ട്.
ചരിത്രപരമായ നിമിഷം
വേതന സംഹിതയും, സാമൂഹ്യ സുരക്ഷാ സംഹിതയും തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും ചരിത്രപരവും വിപ്ലവകരവുമായ പങ്ക് വഹിക്കുമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം വിശേഷിപ്പിച്ചു. ഭാരതത്തിലെ തൊഴില്‍ പരിഷ്‌കാരങ്ങളുടെ ചരിത്രത്തില്‍ ഇവ ഒരു വഴിത്തിരിവാണ്.
ഇനി ശേഷിക്കുന്ന മഹത്തായ ദൗത്യം, ഈ ചരിത്രപരമായ പരിവര്‍ത്തനം രാജ്യത്തിലെ അവസാനത്തെ തൊഴിലാളിയിലേക്കും എത്തിക്കുക എന്നതാണ്. ഭാരതത്തിലെ തൊഴില്‍ ജനസംഖ്യ ഇന്ന് അമ്പത്/അമ്പത്തഞ്ച് കോടിയില്‍ അധികമാണെന്നത് നമ്മെ വ്യാകുലപ്പെടുത്തുന്നു. അവരില്‍ ഓരോരുത്തരിലേക്കും എത്താന്‍ ഏകോപിതമായ ദേശീയ ശ്രമം ആവശ്യമാണ്. തൊഴിലാളി യൂണിയനുകളും, തൊഴിലുടമ സംഘടനകളും, സര്‍ക്കാരും, ഒന്നിച്ചു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റ് സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ അവരുടേതായ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ കൂട്ടായ്മയിലാണ് യഥാര്‍ത്ഥ ദേശീയ പുനര്‍ നിര്‍മ്മാണത്തിന്റെ അനന്തമായ സാധ്യത നിലനില്‍ക്കുന്നത്.






















