തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നായിരുന്നു അളകാപുരിയില്‍ കൃഷ്‌ണേട്ടന്റെ ശതാഭിഷേകം. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഗേറ്റില്‍ ശശിയേട്ടന്‍. ‘വീട്ടിലേക്കല്ലേ? ഞാനും ഉണ്ട് എന്നെ നടയ്ക്കല്‍ വിട്ടാല്‍ മതി’ എന്ന് പറഞ്ഞ് കാറില്‍ കയറി. ശശിയേട്ടന്‍ ഉത്സാഹത്തിലാണ്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥി ജയിച്ചു. ‘നമ്മടെ സ്ഥാനാര്‍ത്ഥി ജയിച്ചു അല്ലെ?’ എന്ന് ഞാന്‍ വണ്ടി വിട്ടപ്പോള്‍ ചോദിച്ചു.
‘പിന്നെല്ല്യ.. കള്ളന്മാര്‍ തോല്‍പ്പിക്കാന്‍ വേണ്ടി വാര്‍ഡിന്റെ രൂപം മാറ്റിയെങ്കിലും ജയിച്ചു. മാര്‍ജിന്‍ മുമ്പത്തെ അത്ര തന്നെ ഇല്ലെങ്കിലും ജയിച്ചു. ഒരു സീറ്റുകൂടി അധികം കിട്ടിയിരുനെങ്കില്‍ 14 ആയേനെ. സീറ്റിന്റെ എണ്ണത്തില്‍ 100 ശതമാനം വര്‍ദ്ധനവ് എന്ന് പറയാമായിരുന്നു.’
‘അത് സാരല്ല്യ. കോര്‍പറേഷനില്‍ നിര്‍ണ്ണായക ശക്തി ആയാലും മതി. നല്ല കാര്യം തന്നെ. പത്ത് കിട്ടിയാല്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം.. ആശയാകുന്ന പാശം തല്‍ക്കാലം മുറ്റത്തെ മാവിന്മേല്‍ കെട്ടിയിട്ടോളൂ. നന്നായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് അടുത്ത തവണ അത് 38 സീറ്റ് ആക്കാം..ഭരണം പിടിക്കണം.’
അത് പറഞ്ഞപ്പോള്‍ ശശിയേട്ടന് ഉത്സാഹം വര്‍ദ്ധിച്ചു.
‘ഹ.ഹ.ഹ.. ഇത്തവണ ഇടതന്മാര്‍ക്ക് മാത്രമേ വോട്ടില്‍ ഇടിവ് ഉണ്ടായിട്ടുള്ളു. ശബരിമല പ്രശ്‌നം യഥാര്‍ത്ഥ ഹിന്ദുക്കളെ തുണച്ചില്ല. പഴയതുപോലെ കോണ്‍ഗ്രസ്സ് ‘വോട്ട് ചോരി’ നടത്തി അവരുടെ വോട്ട് വര്‍ദ്ധിപ്പിച്ചു. അല്ല, അവര്‍ പറയുമ്പോലെ ആര്‍ക്കും പറയാമല്ലോ? മനുഷ്യന്റെ മനസ്സും ബുദ്ധിയും സ്ഥിരമാണ്, അഭിപ്രായം മാറ്റമില്ലാത്തതാണ് എന്നൊക്കെയാണു കോണ്‍ഗ്രസ്സുകാര്‍ ധരിച്ചു വെച്ചിക്കുന്നത്. അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടിട്ടും അത് മനസ്സിലാക്കുന്നില്ല. വോട്ട് ചോരിയാണത്രെ! വോട്ട് ചോരി!”ശരിയാണ്. കേരളത്തില്‍ ഇസ്ലാമിക ശക്തികളുടെ ഊര്‍ജ്ജമാണ് കോണ്‍ഗ്രസ്സിന്റെ വിജയത്തിന് പിന്നില്‍.
ബി.ജെ.പി.യുടെ വളര്‍ച്ചയില്‍ അപകടം മണക്കുന്നവര്‍ മലപ്പുറത്ത് 33 ല്‍ 33 ലീഗ് ഉം ജയിച്ചത്തില്‍ അപകടം കാണുന്നില്ല. ലീഗ് ഒരു പെരുമ്പാമ്പ് ആണ് അതിന്റെ വളര്‍ച്ചയില്‍ അപകടം കാണാത്തവര്‍ പെരുമ്പാമ്പിനെ വളര്‍ത്തിയ ആളെപ്പോലെയാവും.’
‘അതെന്താ അയാള്‍ക്ക് പറ്റിയത്?’
‘ഹ..അത് കേട്ടിട്ടില്ലേ ? അമേരിക്കയില്‍ ഒരാള്‍ പെരുമ്പാമ്പിനെ, വലിയ അനക്കൊണ്ടയെ, വളര്‍ത്തി വരുകയായിരുന്നു. കിടത്തം സ്വന്തം മുറിയില്‍ തന്നെ. കുറച്ചു നാള്‍ ചെന്നപ്പോള്‍ പാമ്പ് ഭക്ഷണം കഴിക്കാതെയായി. ഇയാള്‍ പാമ്പുമായി വെറ്ററിനറി ഹോസ്പിറ്റലില്‍ പോയി. പാമ്പ് ഭക്ഷണം കഴിക്കുന്നില്ല എന്ന് ഡോക്ടറോട് പരാതി. എന്തൊക്കെയാ അതിന്റെ മറ്റു ചേഷ്ടകള്‍? എന്ന് ഡോക്ടര്‍. ഈയിടെയായി അത് എന്റെ അടുത്താണ് കിടക്കുന്നത്. എന്റെ കട്ടിലില്‍. വേറെ കുഴപ്പമൊന്നുമില്ല എന്നയാള്‍. ഡോക്ടര്‍ പറഞ്ഞു ‘ഹേ മിസ്റ്റര്‍, അത് പട്ടിണി കിടക്കുന്നത് വലിയ ഒരു ഇരയെ കണ്ണ് വെച്ചത് കൊണ്ടാണ് ആ ഇര നിങ്ങളാണ്. ഒപ്പം കിടക്കുന്നത് നിങ്ങളുടെ സൈസ് അളക്കാനാണ്.”ശരിക്കും, ഡോക്ടര്‍? അതെന്നെ തിന്നുമോ?
‘തീര്‍ച്ചയായും. വിഡ്ഢിത്തം കാണിക്കാതെ അതിനെ വല്ല മൃഗശാലയ്ക്കും നല്‍കൂ.’
അതുപോലെ ലീഗ് കോണ്‍ഗ്രസ്സിനെ അളന്ന് അളന്ന് പാതി വിഴുങ്ങിയ മട്ടാണ് ഇപ്പോള്‍. ഇസ്ലാമിസ്റ്റുകള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും കോണ്‍ഗ്രസ്സിന് ഇനി പറയാനേ പറ്റില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗിന്റെ വയറ്റിലാവും കോണ്‍ഗ്രസ്സ്. പെങ്ങളൂട്ടി വയനാട്ടില്‍ മത്സരിക്കണമോ വേണ്ടയോ എന്ന് ലീഗ് തീരുമാനിക്കും.’
ശശിയേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു ‘ശരിയാണ്. അതേ പോലെ വേറൊരു പെരുമ്പാമ്പ് കമ്മ്യൂണിസ്റ്റുകളെ വിഴുങ്ങാന്‍ നില്‍ക്കുന്നുണ്ടാകുമോ?’
‘ഇല്ല അത് സ്വയം നശിക്കും. ബംഗാളില്‍ നശിച്ച പോലെ കേരളത്തിലും നശിക്കും. തദ്ദേശ സംസ്‌കാരത്തിനും വിശ്വാസത്തിനും നേരെ തിരിഞ്ഞാല്‍ ഉറപ്പായും അത് നശിക്കും. അതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അജയ് ഡെ എന്ന ലോക പ്രശസ്ത ബംഗാളി ചിത്രകാരന്‍ 2009 ല്‍ ‘ദ ലാസ്റ്റ് കമ്മ്യൂണിസറ്റ് സീരീസ്’ എന്ന ചിത്ര പരമ്പര വരച്ചു. കമ്മ്യൂണിസത്തിന്റെ ഭാവി പ്രവചിച്ചു. 2011 ആയപ്പോഴേയ്ക്കും ജനം ബംഗാളിലെ കമ്മ്യൂണിസ്റ്റുകളെ തൂത്തെറിഞ്ഞു. അജയ് ഡേ യുടെ പെയിന്റിങ്ങുകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ചാര്‍ക്കോള്‍, ചുകപ്പ്, ഗ്രേ എന്ന കളര്‍ മാത്രം ഉപയോഗിച്ച് വരച്ച ഓരോ പെയിന്റിങ്ങും അര്‍ത്ഥവത്തും മനോഹരവുമാണ്. അതില്‍ ‘ചിതലരിച്ച ചെങ്കൊടി’ , ‘പരേഡ് ഗ്രൗണ്ട്’ എന്നീ ചിത്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ അര്‍ത്ഥ ശൂന്യത ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നു. ‘പരേഡ് ഗ്രൗണ്ട്’ എന്ന ചിത്രം വളരെ ജന ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്. കൊല്‍ക്കത്ത നഗരത്തിലെ വിശാലമായ ഗ്രൗണ്ട് ആണ് പരേഡ് ഗ്രൗണ്ട്. എത്രയോ കമ്മൂണിസ്റ്റ് സമ്മേളനങ്ങള്‍ക്ക് വേദിയായ സ്ഥലം, ശൂന്യമായി കിടക്കുന്നു. അതില്‍ കുറച്ചു കാക്കകള്‍ ഒരു ചെങ്കൊടി കൊത്തി വലിക്കുന്നു. അജയ് ഡെ ഈ സീരീസ് കൊണ്ട് വിശ്വപ്രശസ്തി നേടി. ജപ്പാനിലും മറ്റും ഈ സീരീസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഏഴു ലക്ഷം രൂപയ്ക്കാണ് ഈ സീരീസിലെ ചിത്രങ്ങള്‍ വിറ്റ് പോയത്.
വിധി വൈപരീത്യം നോക്കണേ.. ഇതേ പരേഡ് ഗ്രൗണ്ടിലാണ് ഇപ്പോള്‍ മമതയെ വിറപ്പിച്ച് കൊണ്ട് വമ്പിച്ച ‘ഗീത ജ്ഞാനയജ്ഞം’ നടന്നത്. 5 ലക്ഷം പേര് പങ്കെടുക്കും എന്ന് പറഞ്ഞെങ്കിലും 7 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. വരാന്‍ പോകുന്നതിന്റെ നാന്ദി.’
‘അപ്പോള്‍ അവസാന കമ്മ്യൂണിസ്റ്റ് യാഥാര്‍ത്ഥ്യമാകുമോ?’ ശശിയേട്ടന് സംശയം.
‘തീര്‍ച്ചയായും! ലോകം മുഴുവനും പരീക്ഷിച്ച് ഉപേക്ഷിച്ച ഒരു വരട്ടു വാദമാണ്. അതിനു ഇനി അധികം ആയുസ്സില്ല.’
വണ്ടി നടയ്ക്കലെത്തിയത് ഞങ്ങള്‍ അറിഞ്ഞില്ല.
‘എന്നാല്‍ ആ ശുഭ സന്തോഷ വാര്‍ത്തയോടെ ഞാന്‍ ഇറങ്ങിക്കൊള്ളട്ടെ’ എന്ന് പറഞ്ഞു ശശിയേട്ടന്‍ ബൈ പറഞ്ഞു.
‘സ്വസ്തി’ എന്ന് ഞാനും.





















