അപ്പുണ്ണി എന്നും അതിരാവിലെ എഴുന്നേല്‍ക്കും. മുറ്റത്തിറങ്ങി കിളികളെ ഓരോന്നിനെയായി സൂക്ഷിച്ചു നോക്കും. ചുറ്റും നടന്ന് പേര് വിളിച്ച് ഓരോന്നിനെയും മനസ്സിലാക്കും അവയുടെ ശബ്ദങ്ങള്‍ ആസ്വദിക്കും.
‘ചെക്കന് പ്രാന്താ’
ചേട്ടന്‍ പറയും.
കോഴികളുടെ കൂവലും, കാക്കയുടെ കരച്ചിലും മരങ്ങളുടെ ദലമര്‍മ്മരവും അവന്‍ ആസ്വദിച്ചു.
മഴവെള്ളത്തില്‍ മത്സ്യം പിടിക്കാനും മരത്തില്‍ കയറി പക്ഷികളുടെ കൂട് നോക്കാനും അവന് വലിയ ഇഷ്ടമായിരുന്നു.
ശാസ്ത്ര അധ്യാപിക മാലിനി ടീച്ചര്‍ പറഞ്ഞു: ”നാളെ നമ്മള്‍ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്ക് പോകുകയാണ്. എല്ലാവരും ബൈനോക്കുലര്‍, നോട്ട് ബുക്ക്, പേന, കുടിക്കാനുള്ള വെള്ളം തുടങ്ങിയവ കൊണ്ടുവരണം.”
ടീച്ചറുടെ വാക്കുകള്‍ ഏറ്റവും ആവേശത്തോടെ സ്വീകരിച്ചത് അപ്പുണ്ണിയാണ്. അവന്‍ അതിരാവിലെ തന്നെ തയ്യാറായി ആവേശത്തോടെ സ്‌കൂളിലെത്തി.
കുറച്ച് അകലെയുള്ള ഗ്രാമത്തിന് പുറത്തുള്ള പുഴയുടെ തീരത്തെ ചെറുവനത്തിലേക്കായിരുന്നു അവരുടെ യാത്ര. പുഴയുടെ തീരത്ത് അവര്‍ കണ്ട പക്ഷിയെ അപ്പുണ്ണി പോലും ആദ്യമായിട്ടാണ് കാണുന്നത്. അതിന്റെ വാലിന്റെ ആകൃതിയും എണ്ണക്കറുപ്പാര്‍ന്ന നിറവും കുട്ടികളില്‍ ആവേശം പകര്‍ന്നു.
മധുരശബ്ദം മുഴക്കുന്ന കൊക്കുകള്‍, നീര്‍ക്കാക്കകള്‍, ചെമ്പോത്തുകള്‍ തുടങ്ങി പലതരം പക്ഷികളെ അവര്‍ കണ്ടു
പോകും വഴി ടീച്ചര്‍ പറഞ്ഞു.
”കുട്ടികളേ ഈ പക്ഷികള്‍ നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്. ഇവ മരങ്ങളുടെ വിത്തുകള്‍ എല്ലായിടത്തും എത്തിക്കുകയും കീടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.”
അങ്ങനെ അവര്‍ മുന്നോട്ട് പോയപ്പോള്‍, ഒരു വലിയ മരത്തിനടിയില്‍ നിലത്തു വീണു കിടക്കുന്ന ഒരു ചെറിയപക്ഷിയെക്കണ്ടു. അതിന്റെ ചിറകിനു പരിക്കേറ്റിരുന്നു. അപ്പുണ്ണി അതിനെ സാവധാനം എടുത്ത് സമീപത്തെ വനംവകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി.
കുട്ടികളുടെ നല്ല പ്രവൃത്തി കണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു: ”മക്കളേ നിങ്ങളുടെ പ്രവൃത്തി ഏറ്റവും ഉചിതമായി. ഈ പക്ഷി ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. നിങ്ങളെപ്പോലെയുള്ള കുട്ടികള്‍ കാണിച്ച ജാഗ്രതയാണ് ഇവയെ രക്ഷിക്കാന്‍ വേണ്ടത്.” അപ്പുണ്ണിയോട് അദ്ദേഹം പറഞ്ഞു.
”കിളികളെ സ്‌നേഹിക്കുന്ന മോനെപ്പോലെയുള്ളവര്‍ക്ക് ഇടയ്‌ക്കൊക്കെ ഇവിടെ വരാനുള്ള അനുവാദം തരാം.”
അപ്പുണ്ണിക്ക് ആ വാക്കുകള്‍ വലിയ ആഹ്ലാദം നല്‍കി. അവന്‍ മനസ്സില്‍ പറഞ്ഞു
”ഞാന്‍ പക്ഷിനിരീക്ഷണം തുടരും. പ്രകൃതിയെ സംരക്ഷിക്കുന്നതും പക്ഷികള്‍ക്ക് സുരക്ഷിതമായ ലോകം നല്‍കുന്നതും എന്റെ കടമയാണ്.”
അന്ന് മുതല്‍ മിക്കവാറും എല്ലാ ഞായറാഴ്ചയും തന്റെ നിരീക്ഷണ പുസ്തകം സഹിതം കാട്ടിലേക്കു പോകും. ഫോണില്‍ പരമാവധി ചിത്രങ്ങള്‍ എടുക്കും. പക്ഷികളുടെ പേരും നിറവും ശബ്ദവും കുറിച്ചിടും. ചിലപ്പോള്‍ പുതുതായി വരുന്ന ദേശാടനപ്പക്ഷികളെയും കണ്ടെത്തും. അവയെല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
പക്ഷിമൃഗാദികളെക്കുറിച്ചുള്ള പഠനത്തിന് അവന്‍ കൂടുതല്‍ സമയം കണ്ടെത്തി.
അവന്റെ കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ വലിയ പാഠപുസ്തകം പോലെ മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു.
ജന്തുശാസ്ത്രത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്ന അപ്പുണ്ണി ക്രമേണ ആ വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്തു.
ഇന്ന് അവന്‍ ഡോ: അപ്പുണ്ണിയാണ്. പക്ഷികളെ സ്‌നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന നന്മയുള്ള ഡോക്ടര്‍!






















