ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ നോവലിന്റെ 143-ാം വാര്‍ഷികവും ഒപ്പം ‘വന്ദേമാതര’ത്തിന്റെ നൂറ്റിഅന്‍പതാം വാര്‍ഷികവും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാര്‍ഷികവും ഒന്നിച്ച് ആഘോഷിക്കപ്പെടുന്നത് തികച്ചും ആകസ്മികമാണ്. 1925 ലെ വിജയദശമി ദിവസം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപം കൊടുക്കാന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന് പ്രേരണയായതു കൊല്‍ക്കത്ത വിദ്യാഭ്യാസ കാലവും, ‘അനുശീലന്‍ സമിതി’യിലെ പ്രവര്‍ത്തനവും ആണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിലെ ദേശീയ പ്രക്ഷോഭകാരികളില്‍ ആവേശം ഉണര്‍ത്തിയ രചനയാണ് ‘ആനന്ദമഠം’. പ്ലാസി യുദ്ധാനന്തരം ഉണ്ടായ കൃത്രിമ ഭക്ഷ്യക്ഷാമത്തെ പ്രതിരോധിക്കാനായി, ലിംഗഭേദമെന്യേ ധീര യുവാക്കളെ സന്നദ്ധരാക്കാനുള്ള മഹാത്മാ സത്യാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ നേതൃപാടവം, ഭാരതത്തെ മാതൃഭൂമിയായും സ്വന്തം മാതാവായും കാണുന്നതിനുള്ള പരിശീലനങ്ങള്‍, അതിനുള്ള വ്രതനിഷ്ഠകള്‍, തുടര്‍ന്നുള്ള പ്രവര്‍ത്തന കുശലതകള്‍ എന്നിവയെല്ലാമാണ് ആനന്ദമഠത്തിന്റെ ഇതിവൃത്തം. ബ്രിട്ടീഷ് ഭരണത്തെ ഭാരതമണ്ണില്‍ നിന്നും നിഷ്‌കാസനം ചെയ്യുന്നതിനു, ജാതി-ലിംഗ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രേരണ അതില്‍ അടങ്ങിയിട്ടുണ്ട്.
ഭാരതാംബയെ സ്വന്തം അമ്മയായികണ്ടു സ്വജീവിതം മുഴുവന്‍ മാതൃഭൂമിക്കായി സമര്‍പ്പിക്കാന്‍ ത്യാഗ മനസ്സുള്ള യുവാക്കളാണ്, ആനന്ദമഠത്തിലെ ഓരോ കഥാപാത്രങ്ങളിലും തിളങ്ങുന്നത്. അതിനു നേതൃത്വം കൊടുത്ത മഹാത്മാ സത്യാനന്ദന്‍ കണ്ടുമുട്ടുന്ന യുവാക്കളോടുള്ള ചോദ്യങ്ങളും, അവര്‍ തമ്മിലുള്ള ചര്‍ച്ചകളും സംഘസ്ഥാപകനായ ഡോക്ടര്‍ജിയില്‍ വളരെയധികം ഉത്സാഹവും ആവേശവും ഉണര്‍ത്തിയിരിക്കാം. പ്രസ്തുത നോവലിലെ ഭവന്‍, മഹേന്ദ്രന്‍ എന്നീ കഥാപാത്രങ്ങളുടെ സംവാദങ്ങള്‍ സംഘ ആശയങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമേറുന്നതാണ്.
വന്ദേമാതര ഗാനം ഭവന്‍ എന്ന കഥാപാത്രത്തിന്റെ ചുണ്ടുകളില്‍ ഉണര്‍ന്നപ്പോള്‍, ആ ഗാനത്തിന്റെ മുഴുവന്‍ വരികളും അര്‍ത്ഥവും കേള്‍ക്കുവാന്‍ മഹേന്ദ്രന്‍ ആവശ്യപ്പെടുന്നു. അതിനുള്ള ഭവന്റെ മറുപടി വളരെ ശ്രദ്ധേയമാണ്. ‘ഇതൊരു രാജ്യത്തെ കുറിച്ചുള്ളതാണ്. അല്ലാതെ മനുഷ്യ ശരീരം പൂണ്ട ഒരമ്മയെ കുറിച്ചല്ലെന്ന് എനിക്ക് തോന്നുന്നു….’ ഞങ്ങള്‍ മറ്റൊരമ്മയെ അംഗീകരിക്കുന്നില്ല. ‘മാതൃഭൂമി മാത്രമാണ് ഞങ്ങളുടെ ഏക മാതാവ്. ഞങ്ങളുടെ മാതൃഭൂമി സ്വര്‍ഗത്തേക്കാള്‍ ഉന്നതമാണ്, ഭാരതമാതാവാണ് ഞങ്ങളുടെ മാതാവ്. ഞങ്ങള്‍ക്ക് മറ്റൊരമ്മയില്ല, പിതാവില്ല, സഹോദരനില്ല, സഹോദരിയില്ല, ഭാര്യയില്ല, കുട്ടികളില്ല, ഭവനമില്ല, കുടുംബമില്ല. ഞങ്ങള്‍ക്ക് ആകെയുള്ളത്, സുജലയും, സുഫലയും, മലയജശീതളയും, സസ്യശ്യാമളയും ആയ മാതാവാണ്.’ ഈ വിവരണവും, പൂര്‍ണ ‘വന്ദേമാതരം’ ഗാനാലാപനവും ശ്രവിച്ച മഹേന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടുവെങ്കിലും പല സംശയങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ‘നിങ്ങള്‍ ആരാണ്’ എന്ന മഹേന്ദ്രന്റെ ചോദ്യത്തിന്, ഭവന്റെ മറുപടി ‘ഞങ്ങള്‍ ഭാരതമാതാവിന്റെ സന്താനങ്ങളാണ്’ എന്നാണ്. സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന സന്താനങ്ങളുടെ രീതി, ഇഷ്ടപ്പെടാത്ത മഹേന്ദ്രനോട് ഭവന്‍ പറയുന്ന മറുപടി ശ്രദ്ധേയമാണ്-‘സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതൊന്നും സന്താനങ്ങള്‍ക്ക് തെറ്റല്ല. രാജാവിന്റെ പണമല്ല ഇതൊന്നും. മറിച്ച് ഈ രാജ്യത്ത് അന്യായമായി ഭരണം നടത്തുന്ന ഒരു രാജാവ് രാജാവേയല്ല.’ സന്താനങ്ങളുടെ ചെറിയ കൂട്ടങ്ങളെ മാത്രം പ്രത്യക്ഷത്തില്‍ കണ്ട മഹേന്ദ്രന്‍ അതിലും സംശയം ചോദിച്ചപ്പോള്‍ അതിനുള്ള ഉത്തരമായിട്ടു, വന്ദേമാതര ഗാനത്തിലെ ‘കോടി കോടി കണ്ഠ നിനാദ കരാളേ’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ചരണം ചൊല്ലിക്കൊണ്ട്, തീവ്ര വ്രതമെടുത്ത യുവാക്കളെ പരാമര്‍ശിക്കുന്നു. ഇത്രയൊക്കെ ആയിട്ടും മഹേന്ദ്രന്റെ അവിശ്വസനീയമായ സമീപനം, മറ്റൊരു കാര്യവും കൂടി സൂചിപ്പിക്കുവാന്‍ ഭവനെ നിര്‍ബന്ധിതമാക്കി. ഭവന്‍ പറയുന്നുണ്ട്-ബ്രിട്ടീഷുകാരില്‍ നിന്നും നാം പഠിക്കേണ്ട രണ്ടു കാര്യങ്ങള്‍ – ക്ഷമാപൂര്‍വമുള്ള പരിശ്രമവും, വിട്ടുവീഴ്ചയില്ലാത്ത സ്ഥിരം പരിശീലനവുമാണ്. ഈ സംവാദങ്ങള്‍ക്കിടയില്‍ മഹാത്മാ സത്യയുടെ ഭാരത് മാതാ ആശ്രമത്തില്‍ മഹാത്മയെ ഭവന്‍ എത്തിക്കുന്നു. ആ സന്ന്യാസി മഹേന്ദ്രയെ ഒരു മുറിയില്‍ കൊണ്ടുപോയി, ഭാരതാംബയുടെ ഉജ്ജ്വല ശോഭയുള്ള, പ്രൗഢ ഗംഭീരമായ ഒരു വലിയ ചിത്രവും, മറ്റൊരു മുറിയില്‍ അന്നത്തെ ദുഃഖവും, നിരാശയും നിറഞ്ഞ മുഖത്തോടെ, കീറത്തുണിയുടുത്തു കണ്ണീര്‍ വാര്‍ക്കുന്ന അന്നത്തെ ഭാരതാംബയെയും കാണിച്ചു കൊടുത്ത് മഹാത്മാ പറഞ്ഞു. ‘അമ്മ ഇന്ന് ഭക്ഷ്യക്ഷാമം, രോഗം, മരണം, അപമാനം, നാശനഷ്ടങ്ങള്‍ എന്നിവയിലുള്ള ദുഃഖത്തിലാണ്.’ പ്രതിമകളുടെ മുകളില്‍ തൂക്കിയിട്ടുള്ള വാള്‍ കണ്ടിട്ട്, മഹേന്ദ്ര ചോദിച്ച സംശയത്തിന്, മഹാത്മയുടെ മറുപടി – ‘വാളു കൊണ്ടാണ് ഇന്ന് ബ്രിട്ടീഷുകാര്‍ ഭാരതത്തെ ഭരിക്കുന്നത്. അതുകൊണ്ടു അമ്മയെ മോചിപ്പിക്കുന്നതും വാള് കൊണ്ടുതന്നെയായിരിക്കണം. മഹാത്മാ തുടര്‍ന്നു: ‘ഭാരതത്തിന്റെ സ്വാതന്ത്ര്യം സമാധാനപരമായ വഴികളിലൂടെ നേടാന്‍ കഴിയുമെന്ന് പറയുന്നവര്‍ക്ക് ബ്രിട്ടീഷുകാരെ അറിഞ്ഞുകൂടാ…’ മഹേന്ദ്രയെകൊണ്ട് ‘വന്ദേമാതരം’ ഉച്ചരിപ്പിച്ചു മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി, എങ്ങനെയാണ് നമ്മുടെ അമ്മ ആയിരിക്കേണ്ടതെന്നു കാണിച്ചുകൊടുത്തു. സ്വര്‍ണ്ണമയിയായ, ഭാരതമാതാവിന്റെ തിളക്കമാര്‍ന്ന, മനോഹരമായ അന്തസ്സും പ്രൗഢിയും നിറഞ്ഞ ചിത്രം! മഹാത്മാ പറയുന്നു, എങ്ങനെ ഇരിക്കേണ്ടവളാണോ നമ്മുടെ ‘അമ്മ, അതാണിത്’. തുടര്‍ന്ന് രണ്ടുപേരും ‘വന്ദേമാതരം’ മുഴക്കി. വികാരനിര്‍ഭരനായി മഹേന്ദ്ര ഗുരുവിനോട് ചോദിക്കുന്നു. ‘എപ്പോഴാണ് നമ്മുടെ ഭാരത മാതാവിനെ നമുക്ക് ഈ രൂപത്തിലും ഭാവത്തിലും ഇത്രയും ഉജ്ജ്വലയായി പ്രസന്നവദനയായി വീണ്ടും കാണാന്‍ കഴിയുക?’ പിന്നീട് മഹേന്ദ്ര തന്റെ കുടുംബത്തെ വേര്‍പിരിഞ്ഞുകൊണ്ടു, സന്താനങ്ങളുടെ പ്രസ്ഥാനത്തില്‍ ചേരാന്‍ തീരുമാനിക്കുകയാണ്.
വാറണ്‍ ഹേസ്റ്റിംഗ് എന്ന ബ്രിട്ടീഷ് ജനറലിന്റെ കീഴില്‍ ക്യാപ്റ്റന്‍ തോമസ് നയിച്ച ബ്രിട്ടീഷ് പട്ടാളത്തെ, ത്യഗോജ്വലവും കൂട്ട വീരമൃത്യുവിനും വിധേയമായിക്കൊണ്ട്, വിജയക്കൊടി പാറിച്ച സന്താനങ്ങള്‍ മഹാത്മായുടെ നേതൃത്വത്തില്‍ സമ്മേളിക്കുന്ന ഭാഗം ഈ നോവലില്‍ ഉണ്ട്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത പ്രദേശത്തെ രാജാവായി മഹാത്മയെ വഴിക്കാനുള്ള നിര്‍ദ്ദേശം അവരില്‍ ചിലര്‍ മുന്നോട്ടുവെച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം ശ്രദ്ധേയമാണ്. ‘നാമാരും തന്നെ രാജാവാകാന്‍ പോകുന്നില്ല, നാമെല്ലാം സര്‍വ്വസംഗപരിത്യാഗികളാണ്. രാഷ്ട്രത്തിന്റെ രാജാവ് ദൈവം തന്നെയാണ്. അദ്ദേഹമാണ് നമ്മുടെ രക്ഷകന്‍. നാം തലസ്ഥാനം പിടിച്ചെടുത്തതിന് ശേഷം ഒരു രാജാവിനെ വാഴിക്കാം. ഒരു ഉറച്ച സന്ന്യാസിയുടേതല്ലാതെ, മറ്റൊരു ചുമതലയും ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റെടുക്കുകയില്ല. നിങ്ങളോരുത്തര്‍ക്കും നിങ്ങളുടെ ചുമതലയിലേക്ക് മടങ്ങാം.’
ആദര്‍ശധീരരാവേണ്ട പൗരന്മാര്‍ക്കുവേണ്ടിയിട്ടുള്ള പല ഉദ്‌ബോധനങ്ങളും ഈ നോവലിലെ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം. ഉദാഹരണമായി, ജീവന്‍ എന്നു പേരുള്ള സന്താനത്തിലെ അംഗം, ശാന്തിയോട് പറയുന്നു. ‘ആര് എന്തൊക്കെ പറഞ്ഞാലും നിസ്വാര്‍ത്ഥമായി മാതൃഭൂമിയെ സേവിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം. ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ അതുമിതും പറഞ്ഞുകൊള്ളട്ടെ. എനിക്ക് നമ്മുടെ ഭാരതമാതാവിനെ തുടര്‍ന്നും സേവിച്ചേ മതിയാവൂ. മാതൃഭൂമിയുടെ സേവനത്തില്‍ ഒരു സേവകനെന്ന നിലയില്‍ എന്റെ കടമകള്‍ നിര്‍വഹിക്കുന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നാം അമ്മയുടെ സേവനം ഉപേക്ഷിച്ചാല്‍ തീര്‍ച്ചയായും നമുക്ക് നമ്മുടെ ഭവനത്തില്‍ സന്തോഷമുണ്ടാവില്ല.’ ഇത്തരത്തില്‍ നിശ്ചയദാര്‍ഢ്യവും ധര്‍മ്മനിഷ്ഠയും മുറുകെ പിടിക്കുക മാത്രമല്ല, മാതൃഭൂമിയുടെ ആത്മാഭിമാനം, ആത്മനിര്‍ഭരത, ആത്മശക്തി, സമ്പത്‌സമൃദ്ധി, ശീതളിമ, ഉണര്‍വ്, ധര്‍മബോധം ഇവയ്‌ക്കൊക്കെ പ്രഥമസ്ഥാനം കൊടുക്കുന്ന കഥാപാത്രങ്ങളാണ് (സ്ത്രീ-പുരുഷ ഭേദമെന്യേ) ഈ നോവലില്‍ ഉള്ളത്. ഭാരതത്തിന്റെ തനതായ ‘സാംസ്‌കാരിക ദേശീയത’ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക്, ഇത്തരം നോവലുകളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അക്കൂട്ടര്‍ക്ക് ഇപ്പോഴും ദേശീയത എന്നാല്‍, നാസിസം, ഫാസിസം, ലെനിനിസം ഇവയൊക്കെയാണ്. ഇത്തരം വിദേശ കാഴ്ചപ്പാടുകളെ ആശ്രയിക്കുന്ന പാശ്ചാത്യ മനസ്സാണല്ലോ നമ്മുടെ നാടിന്റെ ദുര്യോഗം.
1770 കളിലെ ദാരിദ്യം, 1857 ലെ സ്വാതന്ത്ര്യസമരം, ഇവയ്ക്കു മുന്‍പ് നടമാടിയിരുന്ന കലാപങ്ങള്‍ എന്നിവയില്‍ നിന്നും ഊര്‍ജം പകര്‍ന്നു 1875 ല്‍ എഴുതപ്പെട്ട ‘വന്ദേമാതരം’, 1882ല്‍ എഴുതിയ ‘ആനന്ദമഠം’ നോവലിന്റെ ഉള്ളടക്കം, അതില്‍ നിന്നുള്ള പ്രചോദനവും, അന്നത്തെ വംഗദേശ വിഭജന നീക്കങ്ങളും, ‘അനുശീലന്‍ സമിതി’യുടെ ആശയങ്ങള്‍ എന്നിവയെല്ലാമാണ് ഡോക്ടര്‍ജിയെ സംഘസ്ഥാപനത്തിനായി പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം. ഡോക്ടര്‍ജി, അദ്ദേഹത്തിന്റെ ജീവിതദൗത്യത്തെ കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘ഈ ജീവിതത്തില്‍ എനിക്ക് രാജ്യത്തിനുവേണ്ടി, പ്രവര്‍ത്തിക്കുകയല്ലാതെ, വേറൊരു കാര്യവും ചെയ്യാനില്ല. ഈ ജന്മം എന്റെ ദേശത്തിനു വേണ്ടിയുള്ളതാണ്. സ്വന്തം സുഖത്തെപ്പറ്റി അടുത്ത ജന്മത്തില്‍ ആലോചിക്കാമെന്നു പ്രതിജ്ഞ എടുക്കുന്നു.’
സംഘ പ്രവര്‍ത്തനം ശാഖോപശാഖകളായി വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സംഘത്തിന്റെ അടിത്തറ ഉറപ്പാക്കാനുള്ള കാര്യങ്ങളെപ്പറ്റിയുള്ള കൂടിയാലോചനകള്‍ക്കിടയില്‍, ഡോക്ടര്‍ജി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. സംഘത്തില്‍ മാതൃവന്ദനത്തിനു ശേഷം അവിടുത്തെ പാദപദ്മങ്ങളില്‍ സകലതും അടിയറവെക്കുന്നു എന്ന് ഓരോരുത്തരും ഉറപ്പുകൊടുക്കുന്നു. വ്യക്തിയുടെ ഹൃദയത്തില്‍ ദേശഭക്തി ഉളവാക്കുകയും ഉജ്വലമാക്കുകയും ചെയ്യുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ടു നമ്മുടെ പ്രവര്‍ത്തനത്തിന്റെ അടിത്തറ ഭാരതാംബയോടുള്ള ഭക്തിയാണ്. ഈ ആത്മവിശ്വാസത്തില്‍ സംഘം വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.
എന്താണോ ‘ആനന്ദമഠം’ നല്‍കുന്ന സന്ദേശം, അത് ഉള്‍ക്കൊള്ളുന്ന ഒരു മഹനീയ പ്രസ്ഥാനമായിട്ടേ രാഷ്ട്രീയ സ്വയംസേവക സംഘത്തെ കാണാന്‍ സാധിക്കൂ. ഇവയോടൊപ്പം, സ്വാമി വിവേകാനന്ദന്റെ ‘പ്രായോഗിക വേദാന്ത’വും, മഹര്‍ഷി അരവിന്ദന്റെ ‘ഭാരത ഭവാനി’ സങ്കല്‍പ്പവും കൂടി ചേര്‍ന്നപ്പോള്‍, സംഘത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായി. ഭാരതത്തിന്റെ സ്വത്വവും ശരിയായ സ്വാതന്ത്ര്യവും യാഥാര്‍ഥ്യമാക്കാനുള്ള സ്വര്‍ഗീയ ഡോക്ടര്‍ജിയുടെ ഈ ദീര്‍ഘവീക്ഷണമാണല്ലോ, സംഘ രൂപീകരണത്തിന് പ്രേരിപ്പിച്ചതും, ശ്രീ ഗുരുജിയിലൂടെ പടര്‍ന്നുപന്തലിച്ചതും ഇപ്പോഴും ആ പ്രയാണം തുടരുന്നതും.
അവലംബം
1. ആനന്ദമഠം – ബങ്കിം ചന്ദ്ര ചാറ്റര്‍ജി, വിവര്‍ത്തനം – പി.കെ. സുകുമാരന്‍, കുരുക്ഷേത്ര പ്രകാശന്‍.
2. ആര്‍.ഹരി, രചന സമാഹാരം
(സാമൂഹികം) വോള്യം -7, കുരുക്ഷേത്ര പ്രകാശന്‍.





















