ശകുന്തളയെന്നു പേരുള്ള,
തോനെ പാലു തരുന്ന
പുള്ളി പയ്യ്ണ്ടായിന് ഞങ്ങള്‍ക്ക്..
മുറ്റത്തെ തൊഴുത്തില്‍ക്കിടന്ന്
പയ്യ് ഞങ്ങളോട് തലയാട്ടും.
കൊമ്പുഴിഞ്ഞ്, നെറ്റിയിലൂടെ
കയ്യോടിക്കുമ്പോള്‍
സ്‌നേഹത്തോടെയെന്തോ പറയും.
നേരം വെളുക്കുമ്പോള്‍
ഓട്ടുപാത്രത്തിലേക്ക് പാല്‍ചുരത്തും.
ചവിട്ടും കുത്തുമില്ല
അനുസരണയോടെ നിന്നുതരും.
ശങ്കരവിലാസം ഹോട്ടലിലെ
ചായയുടെ രഹസ്യം
ശകുന്തളയുടെ പാലാണ്.
അമ്മയുടെ ഓപ്പറേഷന്
പണം തികയാതെ വന്നപ്പോള്‍
പയ്യിനെ വിറ്റത്
വല്യ സങ്കടമായി ഞങ്ങള്‍ക്ക്.
പയ്യിനെ വില്‍ക്കണ്ടായിരുന്നു
പാകമാവാത്ത പ്രായത്തില്‍
അമ്മയുടെ ഓപ്പറേഷനോട്
അരിശം തോന്നിയിരുന്നു.
കടോത്തെ നാണുവേട്ടനാണ്
പയ്യിനെ കൊണ്ടുപോയത്.
അന്നുമുതല്‍ ശങ്കരവിലാസം ഹോട്ടലിലെ
ചായപ്പൊലിമ വെറും കഥയായി.
ബെല്ലില്ലാത്ത സൈക്കിളുമായി
കടോത്തെ അങ്ങാടിയിലൂടെ
ഞങ്ങള്‍ ശകുന്തളയെ തിരഞ്ഞുപോയി.
മാസങ്ങളോടിപ്പോയി.
ശകുന്തളയുടെ തലമുറകള്‍
പേരറിയാത്ത ദേശങ്ങളില്‍
ഇപ്പോഴും തോനെ പാല്‍
ചുരത്തുന്നുണ്ടാവുമെന്ന്
ഓര്‍ക്കുവാനിഷ്ടം…….






















