1925 മാര്‍ച്ചിലെ ഒരു ഉച്ചയ്ക്ക്, വൈക്കം സത്യഗ്രഹത്തിന്റെ തീപ്പൊരി ഒരു തീ മലയായി പരിണമിക്കുന്ന ഘട്ടത്തിലാണ്, കേരളത്തില്‍ കെട്ടിപ്പൊക്കിയ ജാതിമത ചട്ടക്കൂടുകളില്‍ തീര്‍ത്തും ആഴത്തില്‍ പിടിച്ചിരുന്ന ജാതി ജീര്‍ണ്ണതയെ ഇല്ലായ്മ ചെയ്യാന്‍, ആ സാമൂഹ്യവ്യവസ്ഥയുടെ ഇരുട്ട് പൊളിക്കാനായി, അഹിംസയും സത്യവും ആയുധങ്ങളാക്കിയ മഹാത്മാഗാന്ധി കൊച്ചി രാജ്യത്തിലേക്ക് നീങ്ങുന്നത്.
അദ്ദേഹം എത്തിയത് ഒരു പ്രാചീന നമ്പൂതിരി കുടുംബമായ ഇണ്ടന്‍തുരുത്തി മനയിലാണ്. ലക്ഷ്യം ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിനുള്ള പരിഹാരം തേടാനുള്ള സംവാദത്തിനായാണ്. എന്നാല്‍ അതിനായെത്തിയ മഹാത്മാവിനെ മനയുടെ അകത്തേക്കു കയറാന്‍ അനുവദിച്ചില്ല.
മഹാത്മാവിനെ അകത്ത് കടക്കാന്‍ അനുവദിച്ചില്ല; പകരം വാതിലിനുമുന്നില്‍ പന്തല്‍ കെട്ടി അവിടെ ഇരുത്തി. അകത്ത് ആചാരത്തിന്റെ പ്രതീകം. പുറത്തു മനുഷ്യസമത്വത്തിന്റെ ശബ്ദം.
അതായിരുന്നു കേരളത്തിന്റെ സാമൂഹ്യ മനസ്സിന്റെ യഥാര്‍ത്ഥ ദൃശ്യരേഖ. മതിലുകള്‍ക്കുള്ളില്‍ ആചാരം, മതിലുകള്‍ക്കിപ്പുറം സത്യം.
മനയുടെ അകത്ത് ആചാരം കാക്കുമ്പോള്‍, പന്തലിനു കീഴില്‍ ഇരുന്ന ഗാന്ധിജി മതിലുകള്‍ക്കപ്പുറം മനുഷ്യന്റെ ആത്മാവിനെ അവര്‍ക്ക് കാണിക്കാന്‍ ശ്രമിച്ചു. അദ്ദേഹം പറഞ്ഞില്ലെങ്കിലും, ആ നിശ്ശബ്ദ നിമിഷം ചരിത്രം മുഴുവന്‍ കേട്ട ഒരു വാക്കായി മാറി ”സമത്വം മതം കാത്തുസൂക്ഷിക്കുന്നതല്ല; അത് മതത്തിന് ജീവന്‍ പകരുന്നതാണ്.”
അന്ന് അടച്ചത് ഒരു വീടിന്റെ വാതിലല്ല, ഒരു കാലഘട്ടത്തിന്റെ മനസ്സായിരുന്നു. എന്നാല്‍ ആ അടഞ്ഞ വാതിലിനുമുമ്പില്‍ ഇരുന്ന മഹാത്മാവ് തന്നെ, ആ മനസ്സിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോല്‍ ആണ് അവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത്. വൈക്കം സത്യഗ്രഹം അതിനുശേഷം നിയമപരമായ പ്രസ്ഥാനമല്ലാതെ, മനുഷ്യന്റെ ആത്മവിമോചനത്തിന്റെ വിളക്കായി തെളിഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പി സ്വാമിയുടെയും മഹാത്മാഅയ്യങ്കാളിയുടെയും ചിന്തകള്‍ ചേര്‍ന്ന് തീര്‍ത്ത ഹിന്ദു നവോത്ഥാനത്തിന്റെ വിത്ത് അതായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, 1935-ല്‍, അതേ മഹാത്മാവ് ഭാരതത്തിന്റെ ഹൃദയഭൂമിയായ നാഗ്പൂരിനടുത്തുള്ള വാര്‍ദ്ധയിലെ മണ്ണില്‍ ഒരു നവയൗവന പ്രസ്ഥാനത്തെ നേരില്‍ കാണാന്‍ എത്തി. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ആത്മീയവും ധാര്‍മ്മികവുമായ സംഘടനയുടെ വാര്‍ഷിക ശിബിരത്തിലേക്കാണ് അദ്ദേഹം പോയത്. മഹാത്മജി അവിടെ കണ്ടത് മറ്റൊരു ആത്മീയ വിപ്ലവത്തിന്റെ മനോഹര ദൃശ്യമായിരുന്നു.
നൂറുകണക്കിന് യുവാക്കള്‍ ജാതി, മത, വര്‍ണ്ണ വ്യത്യാസമില്ലാതെ ഒരേ നിരയില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ഒന്നിച്ചുറങ്ങുകയും ചെയ്യുന്നു. ഗാന്ധിജി അവരോട് അടുത്തുള്ള ആളുടെ ജാതി ഏതെന്ന് ചോദിച്ചു ‘അറിയില്ലെന്ന’ ഏക ഉത്തരം ഗാന്ധിജിയില്‍ വിസ്മയമുണ്ടാക്കി. ഒരേ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണം ഒരേ സ്ഥലത്ത് ജാതി വ്യത്യാസമില്ലാതെ ഒന്നിച്ചിരുന്നു കഴിക്കുന്നു എന്നറിഞ്ഞ മഹാത്മാവിന് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കാരണം അദ്ദേഹത്തിന്റെ സഞ്ചാര പാതയില്‍ മുഴുവന്‍ ഈ കാഴ്ചക്ക് വിരുദ്ധമായതാണല്ലോ എപ്പോഴും അദ്ദേഹം കണ്ടിരുന്നത്.
അവിടെ, ഇണ്ടന്‍തുരുത്തി മനയിലെ മതിലുകള്‍ക്കപ്പുറം ഇരുന്ന അതേ മഹാത്മാവ്, മനുഷ്യസമത്വം പ്രവര്‍ത്തനത്തിന്റെ ആകാരം പൂണ്ട് ഉയര്‍ന്നു നില്‍ക്കുന്നത് വാര്‍ദ്ധയില്‍ ദര്‍ശിച്ചു.
അദ്ദേഹം പറഞ്ഞു: ”സേവാഭാവം ശുദ്ധമായിരിക്കട്ടെ; അതില്‍ ജാതിയോ വര്‍ണ്ണമോ മതമോ ഇടപെടരുത്. മനുഷ്യസ്‌നേഹം തന്നെയാണ് യഥാര്‍ത്ഥ സേവാധര്‍മ്മം.” സംഘ പ്രവര്‍ത്തകരില്‍ അദ്ദേഹം കണ്ടത് സമത്വത്തിന്റെ ആത്മീയ ശക്തിയായിരുന്നു. ആ ആത്മീയശക്തി പിന്നീട് സംഘടനയുടെ പ്രാണനായി. ജാതി, മതം, ഭാഷ, പ്രദേശം എന്നിവ എല്ലാം മറികടന്ന് ഒരൊറ്റ ചിന്തയില്‍ അവര്‍ ഉറച്ചു: ”നാം എല്ലാം ഭാരതമാതാവിന്റെ പുത്രന്മാരാണ്.”
ഗാന്ധിജിയുടെ വാര്‍ദ്ധ ശിബിര സന്ദര്‍ശനത്തോടെ ജാതി-മത-രഹിത കാഴ്ചപ്പാടോടെ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചിടപഴകി ഇവിടെ ജീവിക്കുന്നു എന്ന് ലോകം അറിയാന്‍ തുടങ്ങി. അതുകൊണ്ടു തന്നെ 1935-ലെ വാര്‍ദ്ധ ശിബിരം സംഘചരിത്രത്തിലെ തിലകക്കുറിയായി. അവിടെ ജാതി എന്ന പഴമയുടെ ചുറ്റുവലയം ഭേദിച്ച്, സേവയും സഹജീവിതവും മാത്രമായ ഒരു ആശയം ഉയര്‍ന്നിരുന്നു. സ്വയംസേവകര്‍ അതില്‍ നിശ്ശബ്ദമായി ജീവിച്ചു കാണിക്കുകയായിരുന്നു, ഒരു നിശ്ശബ്ദ പരിഷ്‌കരണ പ്രസ്ഥാനം.
അത് വാക്കുകളില്‍ അല്ല, പ്രവര്‍ത്തനങ്ങളില്‍ തെളിഞ്ഞു. ഗ്രാമങ്ങളില്‍ സേവന സന്നദ്ധ കേന്ദ്രങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, ഏകാധ്യാപക വിദ്യാലയങ്ങള്‍, എല്ലായിടത്തും സംഘ പ്രവര്‍ത്തകര്‍ ജാതിയെന്ന മതിലുകള്‍ക്കപ്പുറം മനുഷ്യനെ മാത്രം കണ്ടു. അവിടെ, സമത്വം പ്രയോഗമായി, ധര്‍മ്മം ജീവിതമായി. ചരിത്രം അതിനാല്‍ ഒരു അത്ഭുതാവഹമായ സമാന്തരരേഖയാക്കി ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്നു, 1925-ലെ ഇണ്ടന്‍തുരുത്തി മനയും, 1935-ലെ വാര്‍ദ്ധ ശിബിരവും. ഒന്നില്‍ സത്യം മതിലിന് പുറത്ത് നില്‍ക്കുകയായിരുന്നു; രണ്ടാമത്തേതില്‍ അതേ സത്യം മനുഷ്യഹൃദയത്തില്‍ വസിച്ചു. ഒന്നില്‍ സമൂഹം ഭയത്തെ ആരാധിച്ചു; രണ്ടാമത്തേതില്‍ അത് ധൈര്യത്തെ പുണര്‍ന്നെടുത്തു. ഒന്നില്‍ മഹാത്മാവ് പുറത്ത് ഇരിക്കേണ്ടി വന്നു; രണ്ടാമത്തേതില്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ആ സംഘടനയുടെ ഹൃദയത്തില്‍ സത്യത്തെ ദര്‍ശിച്ചു.
ഇണ്ടന്‍തുരുത്തി മനയിലെ പന്തല്‍ ഒരു ആത്മപരിശോധനയുടെ അടയാളമായിരുന്നെങ്കില്‍, വാര്‍ദ്ധയിലെ ശിബിരം അതിന്റെ ഉത്തരം ആയിരുന്നു. അത് സംഘം അവിടെ നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു. ജാതി എന്ന ജീര്‍ണ്ണതയ്ക്ക് ഇവിടെ സ്ഥാനമില്ല സമത്വം തന്നെയാണ് ഭാരതത്തിന്റെ പ്രാണവായു എന്ന്.
ഗുരുക്കന്മാരായ ഋഷി പരമ്പരകളുടെ നവോത്ഥാനത്തിന്റെ പ്രവര്‍ത്തനരൂപം ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിലൂടെ ഉദയം കൊള്ളുകയായിരുന്നു. ഇതു തന്നെ ആയിരുന്നു ഗാന്ധിജിയുടെ സത്യധര്‍മ്മത്തിന്റെ പൊരുളും.
സാമൂഹ്യപരിഷ്‌കാരം പ്രസംഗത്തില്‍ അല്ല, പ്രവര്‍ത്തനത്തില്‍ തുടങ്ങണം എന്ന സംഘ നിശ്ചയത്തെ ജീവിതവ്രതമാക്കി ദേശീയ ജീവിതത്തിന്റെ ഊടും പാവും നെയ്ത അനേകര്‍.
അത് ‘രാഷ്ട്രീയ സംഘടന’ക്കായല്ല മറിച്ച് മാതൃഭാവത്തിലുള്ള രാഷ്ട്ര ആരാധനയുടെ നൈസര്‍ഗ്ഗികമായ ആവിഷ്‌ക്കാരത്തിനായിരുന്നു. ആത്മീയവും ബൗദ്ധികവുമായ ശാസനയുടെ ജീവിതപാഠവുമായിരുന്നു.
ഇണ്ടന്‍തുരുത്തി മനയിലെ പന്തലിന്റെ നിഴലും, വാര്‍ദ്ധ ശിബിരത്തിലെ പ്രഭാത വെളിച്ചവും ഭാരതത്തിന്റെ ആത്മാവിനെ പ്രകാശിപ്പിക്കുന്നു. ഒന്നില്‍ മനുഷ്യനെ ജാതി തടഞ്ഞപ്പോള്‍, രണ്ടാമത്തേതില്‍ സംഘ ആശയം മനുഷ്യനെ ജാതി ചിന്തയില്‍ നിന്നും മോചിപ്പിച്ചു.
ഒന്നില്‍ മതിലുകള്‍ തടഞ്ഞപ്പോള്‍, രണ്ടാമത്തേതില്‍ മനസ്സുകള്‍ തുറന്നു.
മനയുടെ വാതിലിനുമുമ്പില്‍ ഇരുന്ന മഹാത്മാവ്, ഒരു ദശകത്തിനുശേഷം, വാര്‍ദ്ധ ശിബിരത്തിന്റെ പടി വാതില്‍ക്കല്‍ സംഘ പ്രവര്‍ത്തകരുടെ ജ്വലിക്കുന്ന ജീവിതങ്ങള്‍ സേവയിലും സമത്വത്തിലും ഊന്നി, മൗനത്തില്‍ മറഞ്ഞ് നിശ്ശബ്ദമായി മഹത്തായ ധര്‍മ്മത്തില്‍ ചരിക്കുന്നത് കണ്ട് ആനന്ദാനുഭൂതിയിലായിട്ടുണ്ടാവണം.
ഇണ്ടന്‍തുരുത്തി മനയിലെ പന്തല്‍ സത്യത്തിന്റെ ശബ്ദത്തെ പുറത്ത് നിര്‍ത്തേണ്ടി വന്ന സ്ഥലമായി ചരിത്രം രേഖപ്പെടുത്തുമ്പോള്‍, വാര്‍ദ്ധ ശിബിരം ആ സത്യത്തിന്റെ ശബ്ദം ഹൃദയങ്ങളില്‍ പടര്‍ന്ന സ്ഥലമായി ചരിത്രം വിലയിരുത്തുന്നു.
മഹാത്മാഗാന്ധി ആ കാലഘട്ടത്തില്‍ തന്നെ ഒരു മഹാത്മാവായി പരിഗണിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. എന്നിട്ടും ഈ ജാതി – സാമൂഹ്യ മതിലിന്റെ മുന്നില്‍ അദ്ദേഹത്തിനും നില്‍ക്കേണ്ടിവന്നു. ജാതിവ്യവസ്ഥയുടെ അഗാധമായ ഇരുട്ട് എത്ര കാതം വ്യാപിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച്ചയായി.
ഇന്ന് നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇണ്ടന്‍തുരുത്തി മനയുടെ പന്തല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, സമൂഹ്യപരിഷ്‌കാരം വാക്കുകളിലൂടെ തുടങ്ങുന്നില്ല; അത് മനസ്സിന്റെ വാതില്‍ തുറക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എ ന്നാണ്.
ഇണ്ടന്‍തുരുത്തി മനയിലെ ആ ഉച്ചയിലും, വാര്‍ദ്ധയിലെ ആ പ്രഭാതത്തിലും ഒരേ വെളിച്ചം പടര്‍ന്നിരുന്നു.
”ജാതിയെന്ന ഭ്രാന്തിനെ മറികടന്ന് മനുഷ്യനെ കാണാനുള്ള വെളിച്ചം.”





















