1959ല്‍ ആണെന്നു തോന്നുന്നു മാമാങ്കത്തിന്റെ സമാപനം അസാധാരണമായ ഒരു സാംസ്‌കാരിക സമ്മേളനത്തോടുകൂടിയായിരുന്നു. ഞങ്ങള്‍ 4 പേര്‍ ക്ലാസ്സ് കട്ട് ചെയ്ത് അത് കാണാന്‍ പോയത് ഓര്‍മ്മയില്‍ നിന്നു മായ്ച്ചാലും മായില്ല.
അഞ്ചാറു കി.മീ. നടന്ന് രാജാസ് ഹൈസ്‌കൂളിലെത്തി ആദ്യത്തെ ഇന്റര്‍വല്‍ ബെല്ലടികാത്തു ഞങ്ങളിരുന്നു. തലേന്നു പത്രത്തില്‍ കണ്ടതനുസരിച്ച് മലയാളത്തിലെ ഉന്നത ശീര്‍ഷരായ ആറുപേര്‍ പങ്കെടുക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കുട്ടിക്കൃഷ്ണമാരാര്, എസ്.കെ. പൊറ്റേക്കാട്, എന്‍.വി. കൃഷ്ണവാരിയര്‍, ഉറൂബ്, വൈലോപ്പിള്ളി. പോരെ പൂരം. ചില പൊട്ടിത്തെറികള്‍ നടക്കുമെന്നു പറഞ്ഞ് ഞാനാണ് അടുത്ത മൂന്ന് സുഹൃത്തുക്കളെയും കൂട്ടി മുന്നില്‍ നടന്നത്. കൃഷ്ണന്‍ നായര്‍ക്ക് സാഹിത്യവാസനയുണ്ട്, ഹംസയും വിശ്വനാഥനും എന്തിനും തയ്യാറായി എപ്പോഴും കൂടെയുണ്ടാവും. ബസ്സ് സര്‍വീസുതുടങ്ങാത്ത കാലം. പുത്തനത്താണി വരെ (8 കി. മീ.) ജീപ്പുണ്ട്. അവിടെ നിന്നു 8 കി.മീ നടന്നു തിരുന്നാവായ ആലിന്‍ ചുവട്ടിലെത്തിയപ്പോള്‍ മണി മൂന്ന്. ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിലേക്കു നോക്കിയാല്‍ കണ്ണു മഞ്ഞളിക്കും. തിളക്കുന്ന ആവി വായുവില്‍ തത്തിക്കളിക്കുന്നതും നോക്കി ഞങ്ങള്‍ ഇരുന്നു. വരാന്‍ പോകുന്ന വിഭവസമൃദ്ധമായ മീറ്റിംഗിനെപ്പറ്റി ഓര്‍ത്തു വിശപ്പുമാറിനിന്നു. വെയിലാറുന്നതു കാത്തിരുന്ന ചിലര്‍ പുഴയിലിറങ്ങി സ്റ്റേജിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയതോടെ ഞങ്ങളും കനലാട്ടത്തിന് ഇറങ്ങുന്ന പോലെ പിന്തുടര്‍ന്നു. അവരെല്ലാം ചെരുപ്പിട്ടവരായതുകൊണ്ടു മെല്ലെയാണ് നീങ്ങിയത്. ഞങ്ങള്‍ 5 മിനിറ്റില്‍ സ്റ്റേജിനു മുന്നിലെത്തി. ആ ചെറിയ നിഴലിലും മണല് ചൂടുവിട്ടിട്ടില്ല. ചുട്ട മണല്‍ നീക്കി ഇരിപ്പിടം ശരിയാക്കി. ഒന്നുരണ്ടു പേര്‍ സ്റ്റേജില്‍ മീറ്റിംഗിനൊരുക്കുന്നുണ്ട്. 4.30 ക്ക് ഗാന്ധിത്തൊപ്പി വെച്ചൊരാള്‍ വടക്കോട്ടു നോക്കി മൈക്കിനടുത്തുവന്നു. കുടയും പിടിച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ വരുന്നത് നോക്കി മീറ്റിംഗ് തുടങ്ങുകയായി എന്ന് മൂന്നു തവണ വിളിച്ചു പറഞ്ഞു. അപ്പോഴെക്കും എസ്.കെ പൊറ്റെക്കാടും, ഉറൂബും ഉറക്കെ പറഞ്ഞു കൊണ്ടും മാരാരും, കൃഷ്ണവാരിയരും മറ്റുചിലരും പിന്നിലായി സ്റ്റേജില്‍ കയറി.
എല്ലാവരും വടക്കോട്ടു തലതിരിച്ചു നോക്കുന്നതുകണ്ടപ്പോഴാണ് ഓര്‍ത്തത് ജി. ശങ്കരക്കുറുപ്പെത്തിയിട്ടില്ലെന്ന്. അപ്പോഴക്കും അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. വടക്കു നിന്നും തെക്കു നിന്നും ആള്‍ക്കാര്‍ വന്നു കൊണ്ടിരുന്നു.
സ്റ്റേജില്‍ ഗൗരവമായ ചര്‍ച്ചക്കു ശേഷം ഒരാള്‍ മൈക്കിനടുത്തെത്തി. അദ്ദേഹം എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷം ജി വരാത്തതു കൊണ്ട മാരാര് അധ്യക്ഷനാവുമെന്നു പറഞ്ഞു മാറി നിന്നു.
ജി വരാത്തതില്‍ സ്വതസിദ്ധമായ ശൈലിയില്‍ നീരസമറിയിച്ചു കൊണ്ടു മാരാര് മുണ്ടു മുറുക്കിയുടുത്ത് അധ്യക്ഷ പ്രസംഗം തുടങ്ങി. തലശ്ശേരി നടന്ന സാഹിത്യ സമ്മേളനത്തിനെ അധികരിച്ചാണ് മാരാര് വിമര്‍ശനം അഴിച്ചു വിട്ടത്. പെട്ടന്നാണ് ജി.സ്റ്റേജിനു മുന്നിലെത്തിയത്. മാരാര് ജാള്യത കലര്‍ന്ന പുഞ്ചിരിയോടെ താന്‍ ജി യെപ്പറ്റി പറഞ്ഞതെല്ലാം പിന്‍വലിച്ചു എന്നുരച്ചു പ്രസംഗം നിര്‍ത്തി, എല്ലാവരും എഴുന്നേറ്റു. ജി. കയറി, തിരിഞ്ഞു സദസ്സിനെ തൊഴുതു. സാവധാനം മൈക്കിനടുത്തെത്തി. പിന്നീടങ്ങോട്ടു 45 മിനിറ്റു അനര്‍ഗള ധാര, നിളയുടെ ഒഴുക്കുപോലെത്തന്നെ. കേള്‍ക്കുമ്പോള്‍ എല്ലാം മനസ്സിലാവുമെങ്കിലും ഒടുവില്‍ പ്രസംഗത്തിന്റെ സാരം ഹംസ ചോദിച്ചപ്പോള്‍ കൃഷ്ണനോ എനിക്കോ പറയാനായില്ല.
പിന്നീട് എല്ലാവരും സംസാരിച്ചു യോഗം അവസാനിച്ചപ്പോള്‍ മണി 7.30. നിളയിലെ തെളിനീര്‍ ദാഹമൊടുക്കിയെങ്കിലും വിശപ്പുകാര്‍ന്നുതിന്നാന്‍ തുടങ്ങി ആറേഴു ഓല മേഞ്ഞ ചായപ്പീടികകള്‍ പെട്രോമാക്‌സ് വെളിച്ചത്തില്‍ കുളിച്ചു നില്‍പുണ്ട്. ഒന്നുരണ്ടു കടക്കാര്‍ എല്ലാം തീര്‍ന്നതു കൊണ്ടു കെട്ടുകെട്ടി ‘പായ്ക്കപ്പ്’ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഞങ്ങള്‍ നടന്നു നോക്കി. പെട്ടന്നാണ് കണ്ടത്. ഒരു കടയില്‍ മാരാര്, ഉറൂബ്, പൊറ്റെക്കാട്, കൃഷ്ണവാരിയര്‍ അടുത്തടുത്ത് ഇരുന്നു കട്ടന്‍ചായ കുടിക്കുന്നു. ഒരു നിധി കിട്ടിയ അത്ഭുതവും, സന്തോഷവുമായി പതുക്കെ അവരുടെ മുന്നിലൂടെ, കരുതലോടെ നടന്നു പിന്നിലെത്തി. അവരുടെ പിന്നില്‍ പഴയ സാരി കെട്ടി വേര്‍തിരിച്ചതിനോടു ചേര്‍ന്ന് ബഞ്ചിട്ടതില്‍ അരികില്‍ കുട്ടികൃഷ്ണമാരാരുടെ പുറംപറ്റി ഞാന്‍ സീറ്റുപിടിച്ചു. ഉറൂബും പൊറ്റെക്കാടും ഉറക്കെ വാശി പിടിച്ച ചര്‍ച്ചയിലാണ്. കൃഷ്ണവാരിയര്‍ പുറത്ത് ഇരുട്ടു പുതച്ച മണല്‍ പരപ്പിലേക്കു നോക്കി കട്ടന്‍ മൊത്തുന്നുണ്ട്. എന്താവും മനസ്സില്‍. ഇവരുടെ വാദത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നുതോന്നിയില്ല. മാരാര് ചില സമയത്ത് തല കുലുക്കുന്നുണ്ട്. അഴിക്കോട് മാരാരുമായി കൊമ്പു കോര്‍ത്ത സമയമായിരുന്നു അത്. അന്നു ഇത്രയൊന്നും വാരികകളില്ലാത്ത കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് വാദവും മറുവാദവും കൊണ്ടു മുഖരിതമായിരുന്നു. യോഗത്തില്‍ അഴിക്കോടുമായുള്ള തര്‍ക്കത്തെപ്പറ്റി മാരാര് സൂചിപ്പിക്കുമെന്നു കരുതി ഞാന്‍ കാതോര്‍ത്തിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല.
എനിക്കേറെ ആദരവുള്ള പണ്ഡിത വരേണ്യനായ ശ്രീ. മാരാരെ തൊട്ടു പുറം ചാരിയിരിക്കുമ്പോള്‍ ഒരു തെറ്റു ചെയ്യുന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. പത്തുപതിനഞ്ചുമിനിറ്റു നേരം അവരുടെ ചര്‍ച്ച തുടര്‍ന്നു. ഉറൂബിന്റ വാദത്തോടാണ് മാരാര്‍ക്കു യോജിപ്പെന്നാണ് എനിക്കു തോന്നിയത്.
അന്നുരാത്രി മണല്‍ പരപ്പില്‍ മലര്‍ന്നു കിടന്ന് ആകാശം നോക്കി മാമാങ്ക സ്മരണകള്‍ അയവിറക്കി. പിറ്റേന്നു സൂര്യന്‍ നാലു നാഴിക പൊന്തിയപ്പോഴേക്കും പൊടിയില്‍ കുളിച്ചു ഞങ്ങള്‍ നാലും വീട്ടിലെത്തി. പിന്നീടു മാമാങ്കം ഞങ്ങളിലെന്നും ഉണര്‍ത്തുക അന്നത്തെ നേരനുഭവങ്ങളാണ്. തുടര്‍ന്നു ആറര ദശകങ്ങളില്‍ ഞാന്‍ കേട്ടതും പഠിച്ചതുമായ മാമാങ്കത്തെ ഈ നേരനുഭവങ്ങളുമായി ചേര്‍ത്തു വായിക്കുന്നത് രസകരമായിരിക്കും.
ചരിത്രം
മധ്യ കേരളത്തില്‍ പേരാര്‍ നദീതീരത്ത് തിരുന്നാവായയില്‍ 12 വര്‍ഷം കൂടുമ്പോള്‍ കര്‍ക്കടക വ്യാഴക്കാലത്ത് ആഘോഷിച്ചിരുന്ന ദേശീയോത്സവമാണ് മാമാങ്കം. ഇത് ക്രിസ്തുവര്‍ഷാരംഭം മുതല്‍ 1755 ലെ മേളവരെ ഭംഗിയായി നടന്നു വെന്നു കെ.വി. കൃഷ്ണയ്യര്‍ ‘സാമൂരിന്‍സ് ഓഫ് കാലിക്കറ്റ്’ എന്ന ഗ്രന്ഥത്തില്‍ കുറിച്ചിട്ടുണ്ട്. (1765-66 ലും ആഘോഷിച്ചുവെന്ന് ‘കേരള ചരിത്രശില്പികള്‍’ എന്ന പുസ്തകത്തില്‍ എ. ശ്രീധരമേനോന്‍ രേഖപ്പെടുത്തി കാണുന്നു). 28 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഉത്സവം വിപുലമായ സന്നാഹങ്ങളോടെ കൊണ്ടാടി വന്നു. വിവിധ കാലങ്ങളില്‍ കേരളം സന്ദര്‍ശിച്ച അനേകം വിദേശസഞ്ചാരികള്‍ ഈ മേളയെപ്പറ്റി മിന്നുന്ന ശൈലിയില്‍ പുകഴ്ത്തിയിട്ടുണ്ട്. അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ തുടങ്ങിയ ചില പാശ്ചാത്യര്‍ അബന്ധ ജടിലമായ കാല്പനിക (Fanciful)കഥകളും മാമാങ്കത്തെപ്പറ്റി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഹാമില്‍ട്ടണ്‍ 1695 ലെ മേള കണ്ടിട്ടുണ്ടത്രെ.
‘കേരളത്തിലെ രാജാവ് നാട്ടാചാര പ്രകാരം 12 കൊല്ലം മാത്രമെ ഭരിക്കാവൂ. 12 വര്‍ഷത്തെ ഭരണത്തിന് ശേഷം ബ്രാഹ്മണ സഭക്ക് മുന്നില്‍വെച്ചു പൊതുവേദിയില്‍ നിന്നു കൊണ്ടു സ്വന്തം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാണ്. പിന്നീട് ആര്‍ഭാടത്തോടെ ആചാരപൂര്‍വം രാജാവിന്റെ മൃതശരീരം ദഹിപ്പിക്കുന്നു. പുതിയ രാജാവിനെ (പെരുമാള്‍)അവിടെ വെച്ചു തന്നെ തിരഞ്ഞെടുക്കുന്നു.’ (A new account of the east Indies.Vol 1 )
ഇത്തരം അബദ്ധജടിലമായ, തെറ്റായ വിവരണങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. ഡ്യൂറേറ്റ് ബൊര്‍ബോസയുടെ വിചിത്രമായ കഥനത്തില്‍ പെരുമാളാദ്യം ക്ഷേത്രക്കുളത്തില്‍ കുളിച്ചു ശുദ്ധനാവുന്നുണ്ട്. ബാക്കിയെല്ലാം ഏറെക്കുറെ ഒന്നു തന്നെ. ജയിംസ് ഫ്രേസര്‍ തുടങ്ങിയ മറ്റുചിലരും ഈ കഥകളെ ആശ്രയിച്ചു കാണുന്നു. 16-ാം നൂറ്റാണ്ടിലാദ്യം കേരളത്തില്‍ വന്ന ബൊര്‍ബോസയെ പിന്തുടര്‍ന്നതാവാം മറ്റുള്ളവര്‍. ജയിംസ് ഫ്രേസര്‍ ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു. അവസാനത്തെ പെരുമാള്‍ രാമവര്‍മ്മ കുലശേഖരന്‍ (1089-1124) മൂന്ന് ഊഴം ഭരിച്ച ശേഷം പുതിയ പെരുമാള്‍ക്ക് യുദ്ധം ചെയ്തു നേടേണ്ടി വന്നു എന്നു കൂടെ കൂട്ടിച്ചേര്‍ത്തു.
ഒരു പഴയ സംസ്‌കൃതകാവ്യമായ ‘കേരള മാഹാത്മ്യ’ത്തില്‍ പരശുരാമന്‍ കേരളത്തില്‍ ബ്രാഹ്മണ കുടിയേറ്റം നടത്തിയ ശേഷം തിരുന്നാവായയാണത്രെ തന്റെ തലസ്ഥാനമായി സ്വീകരിച്ചത്. കേരളത്തിന്റെ ഏതാണ്ടു മധ്യത്തിലാണ് തിരുന്നാവായ. പ്രബലരായ പന്നിയൂര്‍ ശുകപുരം ഗ്രാമങ്ങള്‍ ഇവിടെ അടുത്താണ്. നവയോഗികള്‍ പ്രതിഷ്ഠ നടത്തിയ നാവാമുകുന്ദ ക്ഷേത്രം ദക്ഷിണ ഗംഗയെന്നറിയപ്പെടുന്ന പേരാര്‍ (നിള) നദിയുടെ വടക്കെ കരയിലാണ്. ശ്രീനവയോഗിപുരം എന്നറിയപ്പെട്ടിരുന്ന ഇവിടം ‘തിരുന്നാവായ’യായി ലോപിച്ചു. നിളയെന്ന ഈ പുണ്യനദിയുടെ ഇരുകരയിലുമായി ത്രിമൂര്‍ത്തികളുടെ – ബ്രഹ്മാവ്, ശിവന്‍, വിഷ്ണു – ക്ഷേത്രങ്ങളുടെ അപൂര്‍വസംഗമം കൂടിയുണ്ട്. മാഘമാസത്തിലെ നിളാസ്‌നാനം സാക്ഷാല്‍ ഗംഗയില്‍ മുങ്ങിക്കുളിച്ച ഫലം കിട്ടുമെന്നാണ് വിശ്വാസം.
ഉല്‍പ്പത്തിയും കാലഘട്ടവും
കെ.വി. കൃഷ്ണയ്യര്‍ ‘കോഴിക്കോട്ടെ സാമൂതിരിമാര്‍’ എന്ന പുസ്തകത്തിലെഴുതി. ‘പെരുമാള്‍ ആധ്യക്ഷ്യം വഹിച്ചിരുന്ന ഈ മാമാങ്കമെന്ന മേള അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നിരിക്കണം. ചുരുങ്ങിയത് പെരുമാള്‍ ഭരണം തുടങ്ങുന്നതിനു മുമ്പു തന്നെ’ എന്നു ഫ്രാന്‍സിസ് റീഡ്, (An account of the festival of Mamangom) രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുവെ ചരിത്രകാരന്മാര്‍ മാമാങ്കത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റി ഏകാഭിപ്രായക്കാരല്ല. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ചരിത്രസംഭവങ്ങള്‍ എന്നും തര്‍ക്ക ഗ്രസ്തമായിരിക്കും. കേരളത്തില പഴയ നമ്പൂതിരി ഗ്രാമഭരണവും തളിയാതിരി വ്യവസ്ഥകളും സഭായോഗവും മറ്റും നിലനിന്നിരുന്ന ആദികാലത്ത് ആരംഭിച്ച 12 ദിവസത്തെ ഭരണ സഭായോഗം പിന്നീട് പെരുമാള്‍ ഭരണം തുടങ്ങുന്നതിനു മുന്നു തന്നെ കുംഭമേളയെ അനുസ്മരിപ്പിക്കുന്ന മാതൃകയില്‍ ആരംഭിച്ചതാവാം 28 ദിവസം നീണ്ടു നില്‍ക്കുന്ന മാമാങ്കം. തുടക്കത്തില്‍ ബ്രാഹ്മണര്‍ക്കായിരുന്നുവല്ലൊ മേല്‍ക്കോയ്മ. പക്ഷേ, ഭക്തിയോ പുണ്യമോ ആയിരുന്നില്ല ഈ മഹാമേളയുടെ ലക്ഷ്യം. രാജകല്‍പനകളും ഭരണകാര്യങ്ങളും, പുതിയ ആചാര വിശേഷങ്ങളും നാടുമുഴുവന്‍ ഏകോപിപ്പിച്ച് അറിയിക്കുക കൂടി ലക്ഷ്യമായിരുന്നു. കേരളത്തിന്റെ പ്രത്യേക ഭൂഘടന, നദികള്‍, മലകള്‍, വെള്ളക്കെട്ടുകള്‍ എന്നിവ ദ്രുതഗതിയിലുള്ള വാര്‍ത്താ വിനിമയത്തിനു വിഘാതമായിരുന്നു. മധ്യകേരളത്തിലെ തിരുന്നാവായ മാമാങ്കത്തില്‍ അവതരിപ്പിക്കുന്ന തീട്ടൂരങ്ങളും, മറ്റാചാരങ്ങളും അറിവുകളും പങ്കെടുക്കുന്ന പ്രതിനിധികള്‍ മൂലം വേഗം നാടൊട്ടുക്കുമറിയാനാവും. ഉദാഹരണത്തിന് എ.ഡി. 683 ലെ മാമാങ്കത്തിലാണ് ഹരിദത്തന്‍ തന്റെ പിന്നീട് പുകഴ്‌പെറ്റ ‘പരഹിത ഗണിത’സമ്പ്രദായം അവതരിപ്പിച്ചത്. 499 ല്‍ ആര്യഭടന്‍ തന്റെ 23-ാമത്തെ വയസ്സില്‍ പ്രകാശനം ചെയ്ത ‘ആര്യഭടീയ’ത്തിലെ പല ഗണിതപദ്ധതികളും ശരിയാവുന്നില്ലെന്നും, അങ്ങനെ മുഹൂര്‍ത്തം, ഗ്രഹണം തുടങ്ങിയവ ഒത്തുപോകുന്നില്ലെന്നും കണ്ടു ഹരിദത്തന്‍ പുതിയൊരു ഗണിത പദ്ധതി നടപ്പാക്കിയതാണ് ‘പരഹിതസിദ്ധാന്തം’. പിന്നീട് ഈ രീതിയിലാണ് ഗണിതം കേരളത്തില്‍ ചെയ്തുവന്നിരുന്നത്. 1430 ല്‍ കൂടതല്‍ സൂക്ഷ്മതയേറിയ വടശ്ശേരി പരമേശ്വരന്റെ ‘ദൃഗ്ഗണിത പദ്ധതി’ നടപ്പില്‍ വരുന്നതുവരെ.
ക്രമേണ തളിയാതിരി ഭരണം മാറി പെരുമാള്‍ വാഴ്ച വന്നതോടെ അദ്ദേഹമായി മാമാങ്കത്തിലെ മേല്‍ക്കോയ്മ. 1124 ല്‍ ചേരമാന്‍ പെരുമാള്‍ നാടു വീതിച്ചു കൊടുത്തപ്പോഴാണ് വെള്ളാട്ടിരി രാജാവിനായി തിരുന്നാവായയുടെ മേല്‍ക്കോയ്മയും മാമാങ്കത്തിന്റെ അധീശത്വവും കൈമാറിയത്. ഏറെ അഭിലഷണീയമായ ആ സ്ഥാനമാണ് സാമൂതിരി വര്‍ഷങ്ങളായി കൊതിച്ചതും പിന്നീടു കരസ്ഥമാക്കിയതും.
ആ കഥയും ചരിത്ര പ്രാധാന്യമുള്ളതാണ്. വളരെ പണിപ്പെട്ട് കൊല്ലങ്ങളോളം വള്ളുവനാട് രാജാവുമായി പടവെട്ടി അങ്കത്തില്‍ രണ്ടു യുവ രാജാക്കന്മാരെ വധിച്ച ശേഷമാണ് സാമൂതിരി വിജയിച്ചത്. അതിനു സഹായകമായത്, ചുറ്റുമുള്ള 46 ദേശങ്ങളുടെ നാടുവാഴിയായ തിരുമനശ്ശേരി നമ്പൂതിരിക്കെതിരായി ആറങ്ങോട്ടു, പെരുമ്പടപ്പു നാടുവാഴികള്‍ കയ്യേറ്റത്തിനു തുനിഞ്ഞപ്പോള്‍ അദ്ദേഹം സാമൂതിരിയോടു സഹായം അഭ്യര്‍ത്ഥിച്ചു. പൊന്നാനി സാമൂതിരിക്കു കൊടുക്കാമെന്ന വ്യവസ്ഥയിലാണ് സാമൂതിരി ഇടപെട്ടതും വമ്പിച്ച വിജയം നേടിയതും. മാമാങ്കത്തിന്റെ അധീശത്വവും, വമ്പിച്ച വാണിജ്യ സാധ്യതയുള്ള പൊന്നാനി തുറമുഖവും, ഭാരതപ്പുഴയിലൂടെയുള്ള ഉള്‍നാടന്‍ വ്യാപാര നേട്ടവും സാമൂതിരിക്കു സ്വന്തമായി. കോഴിക്കോട്ടെ മുസ്ലിംകച്ചവടക്കാരുടെ സഹായം വളരെ നിര്‍ണ്ണായകമായിരുന്നു, അന്തിമ പോരാട്ടത്തില്‍. പ്രത്യുപകാരമായി മാമാങ്കത്തില്‍ കോഴിക്കോട്ടെ കോയമാര്‍ക്ക് പ്രത്യേക പദവികളും സാമൂതിരി അനുവദിച്ചു. തിരുമനശ്ശേരി നമ്പൂതിരിക്കും ലഭിച്ചു ആനുകൂല്യങ്ങളും, പദവികളും. പുറമെ മാമാങ്കത്തില്‍ പങ്കെടുക്കുന്ന കച്ചവടക്കാരില്‍ നിന്നു ചുങ്കം പിരിക്കാനുള്ള അവകാശവും നേടി.
എ.ഡി. ആദ്യ ശതകത്തില്‍ കേരളം സന്ദര്‍ശിച്ച പ്ലിനി, പെരിപ്ലസ് തുടങ്ങിയവര്‍ പുകഴ്ത്തിയിട്ടുള്ള നവോറ (NAOURA), ടിണ്ടിസ്, പൊന്നാനിയാണെന്നു ചില ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ടിണ്ടിസ് കടലുണ്ടിയാണെന്നാണ് എം.ജി.എസ്സും, എന്‍.വി. കൃഷ്ണവാരിയരും കണ്ടെത്തിയിട്ടുള്ളത്.
ഇവിടെ ഉല്‍പത്തിയെപ്പറ്റി തല പൊക്കുന്ന വൈരുധ്യം ചരിത്രത്തെ 2 വഴിയില്‍ തിരിച്ചു വിടുന്നു. പെരുമാള്‍ ഭരണത്തെപ്പറ്റി കെ.പി. കൃഷ്ണയ്യരുടെ പുസ്തകത്തില്‍ (Z amorins of Calicut) അദ്ദേഹം ‘കേരളോല്‍പത്തി’യെ അടിസ്ഥാനമാക്കി 21 പെരുമാക്കന്മാരുടെ ഭരണകാലത്തെയും പേരും കാലവും എ.ഡി. 216 മുതല്‍ എ.ഡി. 430 വരെ വിശദമാക്കുന്നുണ്ട്. പെരുമാള്‍ ഭരണത്തിനു കാരണമായി പറയുന്നത് കുടിയേറിയ നമ്പൂതിരി ഗ്രാമവാസികള്‍ക്ക് സമാധാനം ലഭിക്കാത്തതിനാലും, രാജ്യ ഭരണം ബ്രാഹ്മണര്‍ക്കു വിധിച്ചത് അല്ലാത്തതുകൊണ്ടും തമിഴ്‌നാട്ടില്‍ കേയാപുരത്തുനിന്നു കേരളം ഭരിക്കാന്‍ കൃഷ്ണരായരുടെ നിര്‍ദ്ദേശപ്രകാരം ചേരമാന്‍ പെരുമാളെത്തുന്നത്. അദ്ദേഹം തുടരെ 36 കൊല്ലം വാണപ്പോള്‍ കൃഷ്ണരായര്‍ കേരളം കീഴടക്കാന്‍ സൈന്യമായെത്തിയെന്നും പെരുമാളുടെ വിശ്വസ്തരായ മാനിച്ചനും വിക്കിരനും കൃഷ്ണരായരെ തോല്‍പിച്ചെന്നുമാണ് കഥ. ചേരമാന്‍ പെരുമാള്‍ രാജ്യം വിഭജിച്ചു കൊടുത്ത ശേഷം സന്യസിച്ചു തീര്‍ത്ഥയാത്ര പോയെന്നും, അല്ല മൈലാപ്പൂരില്‍ പോയി ക്രിസ്തുമതം സ്വീകരിച്ചുവെന്നും, അതുരണ്ടുമല്ല, മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ചു വെന്നും കാണുന്നു. (പേജ് 64, കോഴിക്കോട്ടെ സാമൂതിരിമാര്‍). പോര്‍ച്ചുഗീസ് ചരിത്രകാരനായ ബൊര്‍ബോസയും (1521) തുടര്‍ന്നു വന്ന ബാരോസും ഡോ കൂട്ടോയും (Do couto), ചെറിയ മാറ്റങ്ങളോടെ പെരുമാള്‍ കഥ ആവര്‍ത്തിച്ചു പോന്നു. ഡോ കൂട്ടൊ എ.ഡി. 588 വരെ ചേരമാന്‍ പെരുമാള്‍ വാഴ്ചയായിരുന്നുവെന്നു രേഖപ്പെടുത്തിയുണ്ട്(പേജ് 68).
ഇവിടെയാണ് കേരള ചരിത്രത്തിലെ വൈരുദ്ധ്യമോ അനിശ്ചിതത്വമോ തീര്‍പ്പാകാതെ കിടക്കുന്നത്. പൊതുവായ മറ്റൊരു ധാരണ കേരളത്തിലെ പെരുമാള്‍ ഭരണം എ.ഡി. 800 -1124 വരെയാണെന്നാണ്. അവസാനത്തെ പെരുമാള്‍ തന്റെ സാമ്രാജ്യം സാമന്തന്മാര്‍ക്കു വിഭജിച്ചു കൊടുത്തു. വിദേശികളും സ്വദേശികളുമായിട്ടുള്ള ചരിത്രകാരന്മാര്‍ നാലാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെ വിവിധ കാലഘട്ടങ്ങള്‍ ഈ വിഭജനത്തിനു കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തീയ മിഷണറിമാരും യഹൂദരും ഒന്നാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ ആദരവോടെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വ്യവസ്ഥാപിതമായ ഒരു ഭരണക്രമവും രാജാക്കന്മാരും ഇവിടെ ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ പെരുമാള്‍ ഭരണം തുടങ്ങിയതും അവസാനിച്ചതും ഏഴാം നൂറ്റാണ്ടിനു മുമ്പായിരിക്കണം. എങ്കില്‍ അന്തിമ പെരുമാളുടെ ഇസ്ലാം മത പ്രവേശം ശരിയാവില്ല. മുഹമ്മദ് നബി നിര്യാതനാവുന്നത് എ.ഡി.632 ലാണല്ലൊ.
ഇനി പെരുമാള്‍ ഭരണം 800 – 1124 സ്വീകരിച്ചാല്‍ ആ പ്രശ്‌നത്തിന് പരിഹാരമായി. ഇന്ന് പൊതുവെ സ്വീകരിച്ചിരിക്കുന്ന കാലഗണന ഇതാണ്. ഇവിടെ വിഷയം മാമാങ്കമാണല്ലൊ. അപ്പോള്‍ പെരുമാള്‍ ഭരണം കഴിഞ്ഞു സാമൂതിരി വെള്ളാട്ടിരി രാജാവില്‍നിന്നു മാമാങ്കത്തിന്റെ അധീശത്വം പിടിച്ചു പറ്റിയ ശേഷമാണ് മാമാങ്കം പ്രസിദ്ധിയാര്‍ജിക്കുന്നതും പുറംലോകമറിയുന്നതും. മുമ്പു സൂചിപ്പിച്ചപോലെ ഭരണകാര്യങ്ങളും മറ്റു തീട്ടൂരങ്ങളും ചര്‍ച്ച ചെയ്യുന്നതിനപ്പുറം ചാവേറുകളുടെ ത്രസിപ്പിക്കുന്ന പയറ്റും അങ്കവും കൂടി ചേര്‍ന്നപ്പോള്‍ കാടന്‍ ചേരി നമ്പൂതിരി പ്രസ്താവിച്ച പോലെ ‘കാത്തിരുന്നു കാണേണ്ട’ ഒരു മഹാസംഭവമായി മാറി. സാധാരണ 18 ചാവേറുകളാണ് ആദ്യകാലത്ത് വന്നിരുന്നെങ്കില്‍ പിന്നീട് ചില ഘട്ടങ്ങളില്‍ 3 വരെ ചുരുങ്ങി. ഒരു നേര്‍ച്ചപോലെ 30 ചാവേറുകള്‍ വീരമൃത്യു വരിച്ച മാമാങ്കവും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് അനന്യ പ്രഭവനായ ഒരു പതിനാറുകാരന്‍ അമ്മാവനോടൊപ്പം വന്നു ചാവേറായ കഥ മാമാങ്ക ചരിത്രത്തിലെ തന്നെ നീറി മനസ്സലിയിക്കുന്ന ഒരു സംഭവമാണ്. നാലാം വയസ്സുമുതല്‍ വല്യമ്മാമയുടെയും പണിക്കരാശാന്റെയും കീഴില്‍ കളരിയിലെ കടും പരിശീലനത്തിലൂടെ മെയ് വഴക്കവും തഴക്കവും പതിനെട്ടടവുകളും കരസ്ഥമാക്കിയ കഥ വായ്‌മൊഴിയായി വള്ളുവനാട്ടില്‍ തലമുറകളെ പുളകം കൊള്ളിച്ച് ഒഴുകി നടന്നു. അടുത്ത മാമാങ്കത്തിന് ആയിരക്കണക്കിനു കുന്തക്കാരെയും വാള്‍ക്കാരെയും ഒഴിഞ്ഞും മാറിയും തടുത്തും പഴുതു നോക്കി മുന്നേറി ഒരു തീപ്പൊരി പോലെ മണ്ഡപത്തിന്റെ താഴത്തെത്തി. പടവുകളില്‍ നില്‍ക്കുന്ന ഭടന്മാരുടെ ആയുധങ്ങള്‍ ഇളകുന്നതിനു മുമ്പ് ഒരു മിന്നല്‍ കണക്കിന് ബാലന്‍ വാള്‍ സാമൂതിരിയുടെ കഴുത്തിനു ഉന്നം വെച്ചു വീശി. വാള്‍ തട്ടിയത് സിംഹാസനത്തിനു മുന്നില്‍ വെച്ചിരുന്ന വലിയ നിലവിളക്കിനാണ്. രണ്ടാമതൊന്നു ഓങ്ങുമ്പോഴെക്കും അംഗരക്ഷകരുടെ വാളുകള്‍ ആ യോദ്ധാവിന്റെ ഹൃദയത്തിലും കഴുത്തിലും കേറി ഇറങ്ങിയിരുന്നു. വലതുകയ്യില്‍ വാളും പിടിച്ചു സ്ഥൂലശരിയായ സാമൂതിരി ഞെട്ടി എഴുനേല്‍ക്കാന്‍ കയ്യൂന്നി, ഒരു നിമിഷം തരിച്ചിരുന്നിട്ടുണ്ടാവും, വിശ്വസിക്കാനാവാതെ. ശ്വാസംവിടാതെ മണ്ഡപത്തില്‍ നിന്നിരുന്ന പത്തുപന്ത്രണ്ടു പേര്‍ നിന്നിടത്തു നിന്നു ഒന്നിളകി ശ്വാസം വിട്ടു. അങ്ങനെ കേരള ചരിത്രത്തില്‍ ഒരു വഴിത്തിരിവാകാനിടയാകുമായിരുന്ന സംഭവത്തിനുടമ ഒരു ചാവേറിനു വിധിക്കപ്പെട്ട മണിക്കിണറില്‍ തന്നെ അടക്കപ്പെട്ടു.
‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന പുസ്തകത്തില്‍ സി. രാധാകൃഷ്ണന്‍ ചാവേറുകള്‍ ‘മണിത്തറ’യിലിരിക്കുന്ന സാമൂതിരിയെ ഉന്നം വെച്ചു നിങ്ങുന്നതിന്റെ ഒരു വിവരണം തെളിവായി വരച്ചുവെച്ചിട്ടുണ്ട്. പൂയത്തിന്റ അന്ന് സല്‍ക്കാരസദ്യ കഴിഞ്ഞു മേലാകെ ഭസ്മം പൂശി, കച്ചകെട്ടി വാളും പരിചയുമായി തിരുമാന്ധാംകുന്നിലമ്മയെ തൊഴുതിറങ്ങുന്നു, ചാവേറുകള്‍.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലായിരുന്നോ എന്നറിയില്ല. ചെറിയൊരു വ്യത്യാസം കണ്ടത് ചില ഗ്രന്ഥങ്ങളില്‍ ഇവര്‍ ചെറിയ സംഘങ്ങളായി അധികവും രാത്രികളില്‍ യാത്ര ചെയ്യുന്നു എന്നുള്ളതിലാണ്. പ്രസിദ്ധമായ വഴികള്‍ ഒഴിവാക്കി പാങ്ങ്, കരേക്കാട്, കാടാമ്പുഴ, പുത്തനത്താണി വഴിയാണ് യാത്ര. പകല്‍ പരിചിതരായവരുടെ വീടുകളില്‍ വിശ്രമിക്കുന്നു. സാമൂതിരിയുടെ പടയാളികളുടെ ശ്രദ്ധയില്‍ പെടാതെ വേണം തിരുന്നാവായ എത്താന്‍. ചിലപ്പോള്‍ വഴിയില്‍ വെച്ചു ചാവേര്‍മാരെ അപായപ്പെടുത്താന്‍ അവര്‍ കാത്തിരിപ്പുണ്ടാവും.

തിരുന്നാവായ മേള സ്ഥലത്തെത്തിയാല്‍, തിരക്കില്‍ നടക്കുമ്പോഴും മനസ്സിനെ ഏകാഗ്രമാക്കണം. അവസാന ദിവസം മകം നാളിലാണ് സാമൂതിരിയെ വധിച്ചു തിരുന്നാവായ തിരിച്ചു പിടിക്കാനുള്ള ചാവേറാക്രമണം. ക്ഷേത്രത്തിനു പടിഞ്ഞാറ് പരന്നുകിടക്കുന്ന നിരപ്പായ സ്ഥലത്തിനപ്പുറം ചെങ്കല്‍മേട്ടില്‍ കെട്ടി പൊന്തിച്ച വിശാലമായ മണ്ഡപത്തിലാണ് ഇരുവശവും ചുറ്റും കനത്ത സുരക്ഷയോടെ രാജാവു വാളും പിടിച്ചിരിക്കുന്നത്. (ഈ ‘വാള്‍’ പണ്ടു പെരുമാള്‍ ‘ചത്തും കൊന്നും’ പിടിച്ചടക്കാന്‍ ഉപദേശിച്ചു മാനിച്ചനു സമ്മാനിച്ച അധികാര ചിഹ്നം കൂടിയാണെന്നു ചില ചരിത്രകാരമാര്‍ പറയാറുണ്ട്. അതു ശരിയല്ലെന്നു എം.ജി.എസ്. രേഖപ്പെടുത്തിയിട്ടുണ്ട്). ഇവിടെ വെച്ചു തന്നെയാണ് ഒരു വ്യാഴവട്ടത്തിലേറെ നീണ്ട യുദ്ധത്തില്‍, കൊല്ലങ്ങള്‍ക്കു മുമ്പ് വെള്ളാട്ടിരി രാജാവിന്റെ രണ്ടു യുവ രാജാക്കന്മാരെ സാമൂതിരിയുടെ ആള്‍ക്കാര്‍ ഗൂഢാലോചനയിലൂടെ ചതിച്ചു കൊന്ന് വിജയം കൊയ്തത്.
ക്ഷേത്രത്തിന്റ പടിഞ്ഞാറെ നടയില്‍ നിന്നു നേരെ ചൊവ്വെ 600 കുന്തപ്പാടകലെയാണ് മണ്ഡപം. ചാവേറിനു പോകാനായി ഇവിടെ നിന്നുതന്നെ രണ്ടു വശവും കവുങ്ങലകും മുളയും കൊണ്ടു രണ്ടുവശവും വേലി കെട്ടിയിട്ടുണ്ട്, സുമാര്‍ രണ്ടു കുന്തപ്പാടു വീതിയില്‍. രണ്ടുവശവും നിരന്നു ആര്‍ത്തു വിളിച്ച് സാമൂതിരിയുടെ കുന്തധാരികളും വാളേന്തിയ ഭടന്മാരും, ചാവേറുകളുടെ ചോരയൊഴുക്കി ചരല്‍പാത ചോന്ന പരവതാനിയാക്കാന്‍ വേലിയില്‍ മുന്നോട്ടാഞ്ഞു തുടിച്ചു നില്‍ക്കയാണ്. തിളങ്ങുന്ന കുന്തമുനകളും വാളലകുകളും കത്തുന്ന ഉച്ചവെയിലിന്റെ ഉദിപ്പില്‍ മിന്നിത്തിളങ്ങി കടലലകളെ പോലെ കാണികളെ പ്രതീക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി.
18 ചാവേറുകള്‍ അച്ചടക്കത്തോടെ വേലി തുടങ്ങുന്നയിടത്ത് നിന്നു വടക്കോട്ടു നോക്കി തിരുമാന്ധാംകുന്നിലമ്മയെ തൊഴുതു. വേലിക്കുള്ളിലേക്കു നീണ്ട ആയിരം കുന്തങ്ങള്‍ക്കപ്പുറത്ത് മണ്ഡപത്തില്‍ സാമൂതിരിയും രക്ഷാഭടന്മാരും, കോഴിക്കോട്ടു കോയയും, വാളേന്തിയ തലച്ചെന്നോരും കുറഞ്ഞൊരങ്കലാപ്പോടെ മുന്നില്‍ കണ്ണുനട്ടു അക്ഷമരായി നില്‍ക്കുന്നു. ഓരോ ചാവേറിനും അറിയാം ആദ്യത്തെ 100 കുന്തക്കാരേയും വാള്‍ക്കാരേയും കടക്കുന്നവര്‍ തങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാവുമെന്ന്. ആരെയും കാക്കാനും നോക്കാനും രക്ഷിക്കാനും നിക്കാതെ നൂഴ്ന്നു, പഴുതുനോക്കി പതുങ്ങി പറന്നു ചാടി മുന്നേറാന്‍ കളരിയില്‍ ആയിരം വട്ടം പരിശീലിച്ചതാണ്. അത്തവണ കുന്തക്കാരുടെ കണ്ണും കയ്യും വെട്ടിച്ചു ഒരു യുവാവു മണ്ഡപത്തിന്റെ അഞ്ചാം പടവിലേക്കു കുതിച്ചെത്തി. മൂന്നു കുന്തമുനകള്‍ ആ മെലിഞ്ഞ പേശി മുറ്റിയ ശരീരത്തില്‍ കൂട്ടിമുട്ടി.
ഉല്‍പ്പത്തിയും കാലഘട്ടവും പോലെ അവ്യക്തമാണ് മാമാങ്കമെന്ന പേരിന്റെ ഉത്ഭവവും. 12 വര്‍ഷം കൂടുമ്പോള്‍ വ്യാഴം കര്‍ക്കിടകത്തില്‍ നില്‍ക്കുമ്പോള്‍ ശകവര്‍ഷം പുഷ്യമാസത്തില്‍ (മകരം – കുംഭം) ആണ് മാമാങ്കം അരങ്ങേറുന്നത്. പുഷ്യമാസത്തില്‍ പൂയം നക്ഷത്രത്തിലാരംഭിച്ചു മാഘമാസത്തിലെ (കുംഭം) വെളുത്ത പക്ഷത്തില്‍ വരുന്ന മകം വരെയാണ് ആഘോഷം. പക്ഷേ, വിശ്വവിജ്ഞാനകോശത്തില്‍ മകരത്തിലെ അമാവാസി മുതല്‍ കുംഭത്തിലെ അമാവാസിവരെയെന്നു കാണുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തില്‍ വരുന്ന മകം നക്ഷത്രം സംബന്ധിച്ചുള്ള അടിയന്തര’മെന്ന ഒരൊഴുക്കന്‍ പ്രസ്താവനയാണ് പുരാണിക് എന്‍സൈക്ലോപീഡിയയില്‍. ‘മാഘമക’മാണ് ‘മാമാക’വും മാമാങ്കവുമായത്.
മാഘമാസത്തിലെ മകം നക്ഷത്രത്തില്‍ നടക്കുന്നതുകൊണ്ട് ‘മാഘമകം’ എന്നു ശ്രീധരമേനോന്‍. ‘മഹാമഘ’മെന്നും മാഘമാസത്തിലെ മക ഉത്സവമെന്നും കെ.വി. കൃഷ്ണയ്യര്‍. ‘മാഘമകം’ മഹാമഘം’ ഇവ ലോപിച്ചാണ് മാമാങ്കമെന്നു പക്ഷം പിടിക്കുന്നവര്‍ ഏറെയുണ്ട്. ‘കേരള മാഹാത്മ്യം’ എന്ന സംസ്‌കൃത കാവ്യത്തില്‍ –
മഹാമഖേ മഹാദിവ്യേ
ബൃഹന്നദ്യേ മനോഹരെ
നവയോഗി പുരേ ഹിത്വാ – (അധ്യായം70 ല്‍ 1 ശ്ലോകം). എന്നാണു കാണുന്നത്. പിന്നീട് 71 ല്‍24 ശ്ലോകത്തില്‍ ’12 വര്‍ഷം കൂടുമ്പോള്‍ രാജാവിനെ നിങ്ങള്‍ പരീക്ഷിക്കണ’മെന്നും പറയുന്നുണ്ട്. മഖമെന്നാല്‍ യാഗമെന്നാണര്‍ത്ഥം. മകം നക്ഷത്രം ‘മഘ’മാണ്. ‘മാഘ’ മെന്നാല്‍ മകരം – കുംഭമാസ കാലത്തെ സൂചിപ്പിക്കുന്നതാണെന്നു ശബ്ദതാരാവലി. മലബാര്‍ മാന്വലില്‍ ലോഗന്‍ ‘മഹാമഹം’എന്നാണു സ്വീകരിച്ചത്.
ഇതില്‍ നിന്നെല്ലാം ഊറിവരുന്നതിതാണ്. മാഘമകമാണ് കൂടുതല്‍ സ്വീകാര്യം. മഹാമകവുമാവാം. കാടഞ്ചേരി നമ്പൂതിരി എഴുതിയിട്ടുളള മാമാങ്കത്തെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകത്തില്‍ ‘മാമാകം’ എന്ന പേരാണ്. അദ്ദേഹത്തിന്റെ വിവരണം വിശ്വസനീയവും യഥാതഥവുമാണ്. മാമാകം ‘മാമാങ്ക’മായത് ഉച്ചാരണ സൗകര്യം കൊണ്ടാവാം. അല്ലെങ്കില്‍ ഇടതടവില്ലാതെ എല്ലാ മാമാകത്തിനും വെള്ളാട്ടിരിയുടെ ‘ചാവേര്‍ അങ്കം’ നടക്കുന്നതു മൂലവുമാവാം.
1694, 1695 വര്‍ഷങ്ങളില്‍ കര്‍ക്കടക വ്യാഴത്തിലും ചിങ്ങ വ്യാഴത്തിലും മാമാങ്കം നടന്നിട്ടുണ്ട്. കാടഞ്ചേരി നേരിട്ടു കണ്ടത് രേഖപ്പെടുത്തിയതാണ്. ചില ശുഷ്‌കമായ ഗ്രന്ഥവരികളെ മാറ്റിയാല്‍ ഇതാണ് ഒരേയൊരു ദൃക്‌സാക്ഷി വര്‍ണ്ണന. 1695 ലെ അലക്‌സാണ്ടര്‍ ഹാമില്‍ട്ടന്റ മൊഴി വായിച്ചാല്‍ അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നുതോന്നും. അദ്ദേഹത്തിന്റെ നിരങ്കുശമായ തിയറികള്‍ ഊതിവീര്‍പ്പിച്ച കേട്ടുകേള്‍വികളെ പെരുപ്പിച്ചു പാശ്ചാത്യ വായനക്കാരെ ത്രസിപ്പിക്കാന്‍ പടച്ചതാണെന്നു കരുതിയാല്‍ തെറ്റില്ല.
1766 ഏപ്രിലില്‍ ഹൈദരാലിയുടെ കുതിരപ്പട ‘പാളയ’ത്തില്‍ തമ്പടിച്ച ശേഷം, സാമൂതിരി ഗത്യന്തരമില്ലാതെ മരുന്നറയ്ക്കു തീകൊടുത്തു പ്രാണത്യാഗം ചെയ്തു. പിന്നീട് 26 വര്‍ഷത്തെ ഹൈദര്‍ -ടിപ്പുമാരുടെ കിരാത ഭരണം 1792 ലെ ടിപ്പുവിന്റെ ബ്രിട്ടീഷുകാരുമായുള്ള മംഗലാപുരം ഉടമ്പടി വരെ നീണ്ടു. തുടര്‍ന്നു ഭരണം ഈസ്റ്റ് ഇന്ത്യകമ്പനി നേരിട്ടായി, മാമാങ്കം, പട്ടത്താനം തുടങ്ങിയ സാമൂതിരിയുടെ മേല്‍ക്കോയ്മയുടെ അടയാളങ്ങള്‍ അപ്രസക്തമായി മാഞ്ഞില്ലാതായി. പിന്നീട് ഒരു സാംസ്‌കാരിക സമ്മേളനം പോലെ 1950 കളില്‍ മാമാങ്കം പുനര്‍ജനിച്ചു.





















