നവംബര്‍ 14ന് വൈകിട്ട് ബിജെപിയുടെ കേന്ദ്ര കാര്യാലയത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹോരാത്രം പ്രവര്‍ത്തിച്ച കാര്യകര്‍ത്താക്കള്‍ക്ക്കൃതജ്ഞത പറയുവാനാണ് അദ്ദേഹം ബിജെപി കാര്യാലയത്തില്‍ എത്തിയത്. എല്ലാ അര്‍ത്ഥത്തിലും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം. എല്ലാ തിരഞ്ഞെടുപ്പിലും ബൂത്ത് പിടിച്ചെടുക്കുന്ന മാഫിയ സംഘങ്ങളെയും നക്‌സലൈറ്റ് തീവ്രവാദികളെയും ഇത്തവണ പൂര്‍ണമായി നിയന്ത്രിക്കാനായതുകാരണം, പതിവിനു വിപരീതമായി ഒരൊറ്റ മണ്ഡലത്തിലും റീ-പോളിങ് വേണ്ടിവന്നില്ല എന്നതു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ പതിവുപോലെ തമസ്‌കരിച്ച പ്രസംഗമായിരുന്നു ഇത്.
ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനോ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കോ സംശയം ഇല്ലായിരുന്നു. കാരണമുണ്ട്. ലാലു യാദവിന്റെ ഇളയപുത്രനായ തേജസ്വി പ്രസാദ് യാദവ് രണ്ടു വട്ടം ഉപമുഖ്യമന്ത്രി ആയിരുന്ന കാലം ബിഹാര്‍ ജനത മറക്കില്ല. അന്ന് ആര്‍ജെഡിയുടെ വിശ്വരൂപമാണ് കാണാന്‍ കഴിഞ്ഞത്. ലാലു പ്രസാദ് യാദവ് കേവലം, ഒരു നോക്കുകുത്തിയായിരുന്നു അക്കാലത്ത് പാര്‍ട്ടിയും സംസ്ഥാനവും ഭരിച്ചിരുന്നത് സിവാന്‍ ലോക് സഭ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിരുന്ന മുഹമ്മദ് ശഹാബുദീന്‍ എന്ന അധോലോക നേതാവായിരുന്നു. അതും ജയിലില്‍ നിന്നും. ശഹാബുദ്ദീനും ലാലു പ്രസാദ് യാദവും നടത്തിയ ടെലിഫോണ്‍ സംഭാഷണം ലീക്കായി. റിപ്പബ്ലിക്ക് ടിവി ചാനല്‍ ആയിരുന്നു ഈ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. മദ്യനിരോധന നിയമം ലംഘിച്ചതിന് അറസ്റ്റിലായ തന്റെ സുഹൃത്തുക്കളെ ഉടനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ശഹാബുദ്ദീന്‍ ലാലുവിനെ ‘വിരട്ടുന്ന’ സംഭാഷണ ശകലമാണ് റിപ്പബ്ലിക്ക് ടിവി പ്രക്ഷേപണം ചെയ്തത്. അതിനുശേഷമാണ് ആര്‍ജെഡി – ജനതാ ദള്‍ ബന്ധം വഷളായതും, നിതീഷ് കുമാര്‍ വീണ്ടും ബിജെപി ക്യാമ്പില്‍ എത്തിയതും. അന്ന് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നില്ല എങ്കില്‍, അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടമായേനെ.
സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ കുടുംബവും അധോലോക നായകന്‍ ശഹാബുദ്ദീന്റെ വേലക്കാരാണ് എന്ന സത്യം ബിഹാറിലെ ജനതയ്ക്ക് നാണക്കേടായേനെ. ലാലുവിന് ലജ്ജ, നാണം തുടങ്ങിയ വികാരങ്ങള്‍ തീരെ പരിചയമില്ലല്ലോ.
2025ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് ജാതിരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തുകൂടി ആയിരുന്നു. ലാലു പ്രസാദ് കരുതിയത് മുസ്ലിം-യാദവ സഖ്യം തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടും എന്നാണ്. എം-വൈ സഖ്യം തങ്ങളെ അധികാരത്തിലെത്തിക്കും എന്ന ലാലുവിന്റെ വിശ്വാസത്തെ തകര്‍ത്തത് ആ സഖ്യം തന്നെയാണ്. പക്ഷേ അത് മോദി ആവിഷ്‌കരിച്ച മഹിളാ-യുവ (എം-വൈ) സഖ്യം ആയിരുന്നു എന്ന് മാത്രം. സംസ്ഥാനത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കുന്നതിന് രാഷ്ട്രീയ ജനതാദള്‍ -കോണ്‍ഗ്രസ് സഖ്യത്തിനു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. വോട്ട് ചോരി (വോട്ട് മോഷണം) എന്ന ആരോപണത്തില്‍ ഊന്നിയായിരുന്നു അവരുടെ പ്രചാരണം. പക്ഷേ, വോട്ട് ചോരിക്കു പകരം മോദിയും സഖ്യകക്ഷികളും ദില്‍ ചോരി (ഹൃദയം മോഷ്ടിക്കുക) യാണ് നടത്തിയത്.
സൂശാസന്‍ ബാബു അഥവാ സദ്ഭരണത്തിന്റെ നേതാവ് എന്നാണ് നിതീഷ് കുമാറിനെ ബിഹാര്‍ ജനത വിശേഷിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തില്‍ കൂടുതലായി ബിഹാര്‍ സംസ്ഥാനത്തെ നയിക്കുന്ന നിതീഷ് ഇതുവരെ അഴിമതി ആരോപണങ്ങള്‍ നേരിട്ടിട്ടില്ല, അതുതന്നെ വലിയ നേട്ടമല്ലേ? ഒരുകാലത്തു ബിഹാര്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അറിയപ്പെട്ടിരുന്നത് ബീമാരു സംസ്ഥാനങ്ങള്‍ എന്ന പേരിലായിരുന്നു. അനാരോഗ്യത്തിനു ഹിന്ദിയിലുള്ള വാക്കാണ് ബീമാര്‍. ബീമാരു സംസ്ഥാനങ്ങള്‍ എന്നാല്‍ അനാരോഗ്യം അഥവാ രോഗ ബാധിതരായ സംസ്ഥാനങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാത്ത സംസ്ഥാങ്ങള്‍ ആയിരുന്നു ഇവയെല്ലാം. ഇന്ന് കഥ മാറി. അനാരോഗ്യ സംസ്ഥാനങ്ങള്‍ എന്ന വിശേഷണത്തില്‍ നിന്നും അവയെല്ലാം മുക്തമായി. ഈ സംസ്ഥാനങ്ങള്‍ ഒരുകാലത്തും പച്ച പിടിക്കരുതെന്നായിരുന്നു നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ആഗ്രഹം. കാരണമുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും നേടുമ്പോള്‍ പ്രതിഭകള്‍ പുതിയതായി ഉദയം ചെയ്യും. അത് നെഹ്‌റു-ഗാന്ധി കുടുംബത്തിന് ഭീഷണിയാകും. അതുമാത്രമല്ല. ലാലു പ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, ദിഗ്‌വിജയ് സിംഗ്, തുടങ്ങിയവരുടെ കുടുംബാധിപത്യം നിലനില്‍ക്കണമെങ്കില്‍, ജനങ്ങള്‍ എല്ലാകാലത്തും എഴുത്തും വായനയും അറിയാത്തവരായി തുടര്‍ന്നേ മതിയാകൂ. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ പുത്രന്‍ റെയ്ഹന്‍ വദ്ര തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വളര്‍ന്നു വരുന്നത് സോണിയ ഗാന്ധി സഹിക്കുമോ? അതുതന്നെയാണ് മുലായം സിംഗ്, ലാലു യാദവ്, എം.കെ. സ്റ്റാലിന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ കക്ഷികളും പിന്തുടരുന്നത്.
കുടുംബാധിപത്യം ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനാപകടത്തിലും, റോഡ് അപകടത്തിലും, ബോംബ് സ്‌ഫോടനങ്ങളിലും അകാലമൃത്യു പ്രാപിച്ച എത്രയോ ഉദാഹരണങ്ങള്‍ ഭാരതത്തിലുണ്ട്. ബീഹാറിലെ പ്രമുഖ നേതാവായിരുന്ന ലളിത് നാരായണ്‍ മിശ്ര (അദ്ദേഹം ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ റെയില്‍വേ മന്ത്രി ആയിരുന്നു) 1975 ലെ സമസ്തിപൂര്‍ ബോംബ് സ്‌ഫോടനത്തില്‍ വധിക്കപ്പെട്ടതിനെ കുറിച്ച് പുതിയ തലമുറയിലെ യുവാക്കള്‍ കേട്ടിരിക്കില്ല. ആ സ്‌ഫോടനത്തിനു ഉത്തരവാദിയായി ഇന്ദിരഗാന്ധി ചൂണ്ടിക്കാട്ടിയത് ആനന്ദ മാര്‍ഗി സന്യാസികളെയാണ്. ആനന്ദ മാര്‍ഗികള്‍ എന്തിനു മിശ്രയെ വധിക്കണം എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. സനാതനധര്‍മ്മ പ്രചരണവും, വേദ പഠനവും, യോഗാഭ്യാസവും ചെയ്തു ജീവിക്കുന്ന ആനന്ദ മാര്‍ഗികളെ ഇല്ലാതാക്കുക എന്നത് ഇന്ദിര ഗാന്ധിയുടെ ആവശ്യമാണ്. സോവിയറ്റ് യൂണിയനിലെ ചാരസംഘടനയായ കെജിബിയുടെ നിര്‍ദേശപ്രകാരമാണ് എല്‍.എന്‍. മിശ്രയെ വധിച്ചതെന്നും അതിനു ഇന്ദിര ഗാന്ധി നല്ലൊരു തുക ഈടാക്കിയെന്നും കെജിബി ഏജന്റ് മിത്രോഖിന്‍ തന്റെ ഡയറി കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് എന്തെങ്കിലും ആകട്ടെ. നിതീഷ് കുമാറിന്റെ ഭരണകാലത്താണ് ബിഹാറില്‍ നിലവാരമുള്ള റോഡുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചത്. ജംഷെഡ്പൂരില്‍ ടാറ്റ ആരംഭിച്ച ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയാണ് ബിഹാറിലെ ഏക വന്‍ വ്യവസായ യൂണിറ്റ്. ജംഷെഡ്പൂര്‍ നഗരം ഇന്ന് ഛത്തീസ് ഗഡിലാണ്. കാലാകാലങ്ങളില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ പരമാവധി കൊള്ള അടിച്ചതിനുശേഷമാണ് കളം വിട്ടത്. സ്വാത്രന്ത്യാനന്തര ഭാരതത്തെ എങ്ങനെ ഒരു കറവപ്പശു ആയി ഉപയോഗിക്കാം എന്ന ചിന്തയിലായിരുന്നു കോണ്‍ഗ്രസ്. 1977 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് ആണ് ബിഹാര്‍ ഭരിച്ചത്. പക്ഷേ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ നെഹ്‌റു കുടുംബത്തിനോ ഉണ്ടായിരുന്നില്ല. പ്രാഥമിക വിദ്യാലയങ്ങള്‍, ഹൈസ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഇവയെല്ലാം ബീഹാറിനെ സംബന്ധിച്ച് തികച്ചും അന്യമായിരുന്നു. നിതീഷ് കുമാറിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് വികസന പ്രക്രിയ ആരംഭിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ബീഹാറിന്റെ അവസ്ഥ വ്യക്തമാക്കുന്നതായിരുന്നു. മട്രിക്കുലേഷന്‍ പരീക്ഷ നടക്കുന്ന ക്ലാസ് മുറിക്കകത്തേക്കു ചുവരിനു മുകളില്‍ പിടിച്ചുകയറിയ ദല്ലാളുകള്‍ ചോദ്യപേപ്പറിലെ ഉത്തരം വിശദീകരിച്ചു കൊടുക്കുന്നു!
നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോ ള്‍ ബിഹാറില്‍ മൊത്തം 1000 കിലോമീറ്റര്‍ റോഡുകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇന്ന് അത് ഒരു ലക്ഷം കിലോമീറ്റര്‍ ആണ്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് 58 ലക്ഷം ഭവനങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കി. തിരഞ്ഞെടുപ്പിന് മുന്‍പ് ബിഹാറില്‍ പര്യടനം നടത്തിയ പത്ര ലേഖകന്‍ ആര്‍. ജഗന്നാഥന്‍ പറയുന്നത് കൗതുകകരമായ വസ്തുതകളാണ്. സര്‍ക്കാരിന് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകില്ല എന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവര്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദില്ലി എന്നീ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ അന്വേഷിച്ചു വണ്ടി കയറി.
കേരളത്തില്‍ ഇന്ന് കാണുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ല ശതമാനവും ബംഗ്ലാദേശുകാരാണ്. പക്ഷേ, ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ അവരെല്ലാം ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ് എന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ തൊഴിലാളികള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഇക്കൂട്ടര്‍ നല്ല തുക നല്‍കി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കിയിരിക്കുന്നു.
പരീക്ഷയ്ക്കു നല്ലതുപോലെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കി വിജയിക്കുന്നത് നമുക്ക് സുപരിചിതമാണ് . അതുപോലെ ആയിരുന്നു ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ വിജയവും. നിതീഷ് ഭരണത്തില്‍ അഴിമതി ആരോപണങ്ങള്‍ തീരെ ഇല്ലായിരുന്നു എന്നുതന്നെ പറയാം. തന്റെ അനാരോഗ്യം കണക്കിലെടുക്കാതെ നിതീഷ് ഭരണ നിര്‍വഹണം നടത്തി. ലഭ്യമായ ധന സ്രോതസ്സ് പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ വികസനപാതയിലൂടെ നയിച്ചു.
ലാലു പ്രസാദ് യാദവും കുടുംബവും സംസ്ഥാനം ഭരിച്ച കാലത്തു വികസനം എന്നത് കേട്ടുകേള്‍വി മാത്രം ആയിരുന്നു. അക്കാലത്തു പ്രചാരത്തിലിരുന്ന ഒരു കഥയുണ്ട്. ബിഹാറിലേക്ക്ഒരു ജാപ്പനീസ് സംഘം പഠനത്തിനായി എത്തുന്നു. ഇത്രമാത്രം പ്രകൃതിസിദ്ധമായ പ്രദേശം അവര്‍ ആദ്യമായാണ് കാണുന്നത്. നിരത്തുകളുടെ അഭാവം, കുടിവെള്ള ക്ഷാമം, ആരോഗ്യ കേന്ദ്രങ്ങളുടെ അപര്യാപ്തത, വിദ്യാലയങ്ങള്‍, കോളേജുകള്‍ എന്നിവയുടെ അഭാവം ഇവയെല്ലാം കണ്ട ജാപ്പനീസ് വിദഗ്ധര്‍ ലാലു പ്രസാദിനോട് പറഞ്ഞു. ‘നിങ്ങള്‍ക്ക് എല്ലാ പ്രകൃതി വിഭവങ്ങളും ലഭ്യമാണല്ലോ. എന്നിട്ടും സംസ്ഥാനം ശോച്യാവസ്ഥയില്‍ തുടരുന്നത് ഞെട്ടിപ്പിക്കുന്നു. ഒരു കാര്യം ചെയ്യൂ. ഈ സംസ്ഥാനം വികസിപ്പിക്കാനുള്ള ചുമതല ഞങ്ങളെ ഏല്‍പ്പിക്കൂ. മൂന്ന് വര്‍ഷം കൊണ്ട് ഞങ്ങള്‍ ബിഹാറിനെ മറ്റൊരു ജപ്പാന്‍ ആക്കി മാറ്റിത്തരാം.’
ഇതുകേട്ട് പൊട്ടിചിരിച്ചുകൊണ്ടു ലാലു പറഞ്ഞു- ‘നിങ്ങള്‍ ജപ്പാനെ ഞങ്ങളെ ഏല്‍പ്പിക്കൂ. മൂന്ന് മാസംകൊണ്ട് ജപ്പാനെ ഞങ്ങള്‍ ബിഹാര്‍ ആക്കി മാറ്റിത്തരാം’… കെട്ടുകഥയാണോ എന്ന് നിശ്ചയമില്ല. ഒരു രാഷ്ട്രീയ കോമാളിയുടെ ഭാവങ്ങള്‍ മാത്രമുള്ള ലാലു കഥാനായകനായതുകൊണ്ടു ഈ കഥ സത്യമായിരിക്കണം.
ജാതി രാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ലാലു-രാഹുല്‍ ഗാന്ധി- കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ജാതി-മത സമവാക്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണ്. ഇതല്ലേ ഇരട്ടത്താപ്പ്? ബിജെപിയെ വര്‍ഗീയ കക്ഷി എന്ന് ആക്ഷേപിക്കുന്നവര്‍ വര്‍ഗീയതയില്‍ ഊന്നി സ്ഥാനാര്‍ഥി നിര്‍ണയവും, മണ്ഡല നിര്‍ണയവും നടത്തുന്നു. ബംഗ്ലാദേശില്‍ നിന്നു അനധികൃതമായി കുടിയേറിയവര്‍ സ്ഥാനാര്‍ത്ഥികളാവുന്നു. വോട്ടര്‍മാരാകുന്നു. ഇവരെല്ലാം ലാലു യാദവിന്റെ ‘ഫിക്‌സഡ് ഡെപ്പോസിറ്റ്’ വോട്ടുകളാണ്. അതല്ലേ, ഇക്കൂട്ടര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ട എസ്‌ഐആറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ വോട്ടര്‍മാരെ കണ്ടുപിടിക്കാനുള്ള ശ്രമമാണ് എസ്.ഐ.ആര്‍.
നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത് 2005 ലാണ്. ആ സമയത്ത്, ബിഹാര്‍ എല്ലാ അര്‍ത്ഥത്തിലും ബീമാരു (രോഗ ബാധിത) സംസ്ഥാനം ആയിരുന്നു. ലോകത്തിലെ ഏറ്റവും അധികം നിരക്ഷരരായ പെണ്‍കുട്ടികള്‍, തകര്‍ന്ന ക്രമസമാധാന നില (ലാലുവിനും കുടുംബത്തിനുമാണ് അതിന്റെ ഖ്യാതി), നിരത്തുകളുടെയും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അഭാവം തുടങ്ങി നൂറുകൂട്ടം പോരായ്മകള്‍ അനുഭവിച്ചു വന്നിരുന്ന സംസ്ഥാനമായിരുന്നു ബിഹാര്‍. രത്തന്‍ ടാറ്റ തന്റെ കമ്പനിയില്‍ ടാറ്റ സിയറ എന്ന കാര്‍ രൂപകല്‍പന ചെയ്തതുതന്നെ മധ്യപ്രദേശ് ബിഹാര്‍ സംസ്ഥാനങ്ങളിലെ നിരത്തുകള്‍ കണക്കിലെടുത്തായിരുന്നു എന്ന് രസികന്മാര്‍ പറയുമായിരുന്നു. സിയറ കാറിന്റെ പരസ്യ വാചകം ഇതിനു തെളിവാണ്. ‘മേക്ക് യുവര്‍ ഓണ്‍ റോഡ്’ എന്നായിരുന്നു പ്രസ്തുത വാഹനത്തിന്റെ പരസ്യ വാചകം. മധ്യപ്രദേശില്‍ ഉമാ ഭാരതിയും, ബിഹാറില്‍ ബിജെപി പിന്തുണയോടെ നിതീഷും ഭരണം ഏറ്റെടുത്തതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. ഉമാഭാരതി തിരഞ്ഞെടുപ്പിന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ബിഎസ്പി (ബിജ്‌ലി, സഡക്, പാനി) എന്നത്. വൈദ്യുതി, നിരത്തുകള്‍, ജലം എന്നിവ അവര്‍ ഉറപ്പുനല്‍കി. രണ്ടു വട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയിരുന്ന ദിഗ്‌വിജയ് സിംഗ് സംസ്ഥാനത്തെക്കാളും കൂടുതല്‍ മുന്‍ഗണന നല്‍കിയത് ദില്ലിയിലെ 10 ജന്‍പഥ് ഭവനിലെ ഉടമസ്ഥയെയും മക്കളെയും സേവിക്കുന്നതിനാണ്. റോഡ് എന്നത് എന്താണെന്നു മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് പരിചയമില്ലാതായി. ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രി ആയതോടെ സ്ഥിതിഗതികള്‍ മാറി. അതേപോലെ ബീഹാറിലും നിതീഷ് കുമാര്‍ മാറ്റങ്ങള്‍ക്കു തുടക്കമിട്ടു, പെണ്‍കുട്ടികളെ നിര്‍ബന്ധമായും വിദ്യാലയങ്ങളില്‍ എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭരണം വിജയിച്ചു. സംസ്ഥാനത്ത് ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാചകം ചെയ്ത ഉച്ച ഭക്ഷണം നല്കിത്തുടങ്ങി. നിരത്തുകള്‍ നിര്‍മ്മിച്ചു. ഇത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു.
നേരത്തെ സൂചിപ്പിച്ചപോലെ, നിതീഷ് കുമാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നില്ല. തന്റെ പരിമിതികള്‍ മനസ്സിലാക്കാന്‍ പരാജയപ്പെട്ടതാണ് നിതീഷിന്റെ ഏക പരാജയം. അതുകൊണ്ടുതന്നെ അദ്ദേഹം അപ്രതീക്ഷിതമായി മുന്നണികള്‍ മാറുകയും, പുതിയ സഹപ്രവര്‍ത്തകരില്‍നിന്നും തിക്താനുഭവങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. ലാലു പ്രസാദ് തന്നെയാണ് നിതീഷ് കുമാറിന് പാല്‍ത്തു റാം എന്ന ഇരട്ടപ്പേര് നല്‍കിയത്. ബിജെപി മ്രന്തിമാരില്‍നിന്നും അദ്ദേഹത്തിന് ഒരിക്കലും നേരിയ പ്രശ്‌നംപോലും നേരിടേണ്ടിവന്നിട്ടില്ല. പത്താമതും മുഖ്യമന്ത്രിപദം ഏറ്റെടുത്ത നിതീഷിന് ഒരു കാര്യം മനസ്സിലായിട്ടുണ്ട്. തനിക്കു പ്രധാനമന്ത്രി പദം അപ്രാപ്യമാണ്. അതുകൊണ്ടുതന്നെ തനിക്കു ലഭിച്ച പദവി വളരെ ആത്മാര്‍ത്ഥമായി പ്രയോജനപ്പെടുത്താനായിരിക്കും നിതീഷ് ശ്രമിക്കുക.
ഒരുകാര്യം കൂടി പറയാതിരിക്കാന്‍ വയ്യ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആര്‍ജെഡി നേതാവും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന തേജസ്വി പ്രസാദ് യാദവ് നടത്തിയ പ്രഖ്യാപനം: ‘ഞാന്‍ മുഖ്യമന്ത്രി ആയാല്‍ വഖഫ് ഭേദഗതി നിയമം റദ്ദാക്കും.’ ആര്‍ജെഡി മുന്നണിക്ക് ലഭിക്കുമായിരുന്ന ഹൈന്ദവ വോട്ടുകള്‍ ഈ പ്രഖ്യാപനത്തോടെ ഇല്ലാതായി. കൂടാതെ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പ്രഖ്യാപനം. ‘കോണ്‍ഗ്രസ് എന്നാല്‍ മുസ്ലിം. മുസ്ലിം എന്നാല്‍ കോണ്‍ഗ്രസ്.’ ബിഹാറില്‍ കോണ്‍ഗ്രസ് നിലംതൊടാതെ പോയതിന് കൂടുതല്‍ കാരണം എന്തെങ്കിലും വേണോ!





















