ഇരുണ്ട ഭൂഖണ്ഡമെന്നത് ഒരു പഴയ പ്രയോഗമാണ്. വെളിച്ചവും വികസനവും വേണ്ടത്ര എത്തിച്ചേരാത്ത ആഫ്രിക്കന്‍ ഭൂപ്രദേശങ്ങളാണ് പരാമര്‍ശവിഷയം. എന്നാല്‍ ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ വികസനത്തിന്റെ പാതയിലാണ്. ഈ പശ്ചാത്തലത്തിലാണ് 2023 ല്‍ ദല്‍ഹിയില്‍ വെച്ച് നടന്ന പതിനെട്ടാം ജി-20 ഉച്ചകോടിയില്‍ അമ്പത്തിയഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കന്‍ യൂണിയന് ജി-20 എന്ന സമ്പന്ന രാജ്യ കൂട്ടായ്മയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നത്. ഈ സമ്പന്ന രാഷ്ട്ര കൂട്ടായ്മയില്‍ ആദ്യമായി അംഗത്വം ലഭിച്ച ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിലാണ് ഇരുപതാമത്തെ ജി 20 ഉച്ചകോടി ജൊഹനാസ്ബര്‍ഗ്ഗില്‍ വെച്ച് നവംബര്‍ മാസം 22-23 തീയതികളില്‍ നടന്നത്. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷപദവി ആ രാജ്യങ്ങളുടെ വികസനത്തിലും ലോകരാഷ്ട്രങ്ങളുടെ വിശിഷ്യാ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ വികസനത്തിലും ദൂരവ്യാപകമായ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസയുടെ നേതൃത്വം ആഗോളവികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വേണം കരുതാന്‍. സമഗ്രവികസനം സുസ്ഥിരവികസനം എന്നതാണ് പുതിയ മുദ്രാവാക്യം. ഐക്യം (Solidarity), സമത്വം (Equality),സുസ്ഥിരത (sustainability) എന്നതാണ് ഇരുപതാം ജി-20 യുടെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
പുതിയതായി ചേര്‍ന്ന ആഫ്രിക്കന്‍ യൂണിയനടക്കം ഇരുപത്തിയൊന്ന് വന്‍രാജ്യങ്ങളുടെ കൂട്ടായ്മയായ ഇരുപതാമത്തെ ഉച്ചകോടിയില്‍ അമേരിക്ക ഒഴിച്ച് എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് സമ്മേളനത്തോടുള്ള തന്റെ വിപ്രതിപത്തി വ്യക്തമാക്കിയിട്ടുമുണ്ട്. ആസ്‌ത്രേലിയന്‍ പ്രസിഡന്റ് ആന്റണി അല്‍ബനീസ്, ബ്രസീലിയന്‍ പ്രസിഡന്റ് ലൂലാ ഡാസില് വാ, കനേഡിയന്‍ പ്രസിഡന്റ് മാര്‍ക്ക് കാര്‍ണി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്റെ പ്രഥമ വനിതാ പ്രധാനമന്ത്രി സനായി തകിയാച്ചി, സൗദി അറേബ്യന്‍ രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ഉന്നത നേതാക്കന്മാരാണ്. ലോക വനിതാ നേതാക്കളെ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ജി 20 ഉച്ചകോടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജീയോ മെലോനി, ജപ്പാന്‍ പ്രധാനമന്ത്രി സനായി തകിയാചി, മെക്‌സിക്കോ പ്രസിഡന്റ് ക്ലൌഡിയ ഫീന്‍ബാം, യൂറോപ്യന്‍ കമ്മീഷന്റെ അധ്യക്ഷ ഉര്‍സല വോണ്‍ ഡേര്‍ ലോയന്‍, ഡന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക് സെന്‍ എന്നിവരുടെ ശക്തമായ സ്ത്രീ സാന്നിധ്യം ഇവരില്‍ ഉള്‍പ്പെടുന്നു
ഭാരതം മുന്നോട്ട് വെച്ച മാതൃക
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നാലാമത്തെ ആഗോള ശക്തിയായി മാറിയ ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്താന്‍ സാധിച്ച ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു 2023 ലെ ദല്‍ഹിയില്‍ വെച്ച് നടത്തപ്പെട്ട ജി-20 ഉച്ചകോടി. പുതുതായി പണി കഴിച്ച ദല്‍ഹിയിലെ ഭാരത് ഭവനില്‍ വെച്ചായിരുന്നു ജി-20 യുടെ പതിനെട്ടാമത് സമ്മേളനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളന നടപടികള്‍ ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. സാധാരണ ഗതിയില്‍ ആഗോള സാമ്പത്തിക-പാരിസ്ഥിതിക ഭൗമ-രാഷ്ട്രീയ കാര്യങ്ങള്‍ വിരസമായി ചര്‍ച്ച ചെയ്യപ്പെടുന്ന വേദികള്‍ പക്ഷെ ഭാരത് ഭവനില്‍ വ്യത്യസ്തവും തീര്‍ത്തും സജീവങ്ങളുമായിരുന്നു. ഉത്സാഹഭരിതരായ പ്രതിനിധികള്‍ ഉത്സവലഹരിയിലായിരുന്നു. ഭാരതം ഉത്സവങ്ങളുടെ നാടാണ്. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പതിനെട്ടാം ജി-20 ഉച്ചകോടി ഒരു രാജ്യോത്സവമായി മാറുകയായിരുന്നു.
രാജ്യ തലസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ലോക ഉച്ചകോടിയെ ജനകീയവും, സംഭവബഹുലവുമാക്കിത്തീര്‍ത്തത് നരേന്ദ്ര മോദിയുടെ നേതൃത്വ പാടവമായിരുന്നു. അറുപത് പ്രധാന നഗരങ്ങളില്‍ നടന്ന 220 പ്രത്യേക സമ്മേളനങ്ങള്‍, 45 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ വരുന്ന പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് സമൃദ്ധമായിരുന്നു. ഉച്ചകോടിയെ ഒരു ഉത്സവമായി മാറ്റുകയായിരുന്നു നയതന്ത്രജ്ഞനായ നരേന്ദ്രമോദി.
ലോകമിന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വികസിപ്പിച്ചെടുത്ത ഈ അന്താരാഷ്ട്ര കൂട്ടായ്മയെ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ലോകം ആരാധിക്കുന്ന ഒരു നേതാവെന്ന നിലയില്‍ നരേന്ദ്ര മോദിക്കു സാധിച്ചു. പ്രത്യേകിച്ചും ആഗോള പ്രശ്‌നങ്ങള്‍ക്ക് ഭാരതത്തിന്റെ മാതൃക ലോകം ഉറ്റു നോക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍.

ഗ്ലോബല്‍ സൗത്ത് ഫോക്കസ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഊന്നല്‍ കൊടുത്ത ഗ്ലോബല്‍ സൗത്ത് വികസനം തന്നെയാണ് മോദിയുടെ അടുത്ത സുഹൃത്തും ആരാധകനുമായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയും മുന്നോട്ട് കൊണ്ട് പോകുന്നത്. മോദിയുടെ ഗ്ലോബല്‍ സൗത്ത് ഫോക്കസ് തുടര്‍ക്കഥയാകുന്നതാണ് പിന്നീട് നടന്ന സമ്മേളനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2024 ല്‍ ബ്രസീലിലെ റിയോയില്‍ വെച്ച് നടന്ന പത്തൊമ്പതാം ഉച്ചകോടിയിലെയും പ്രധാനവിഷയം ഗ്ലോബല്‍ സൗത്ത് വികസനമായിരുന്നു.
കൊളോണിയല്‍ വാഴ്ചയും കടുത്ത സാമ്പത്തിക പ്രയാസങ്ങളും കൊടിയ ദാരിദ്ര്യവും കാരണം വികസനം മുരടിച്ച ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള വികസന അജണ്ടയാണ് പുതിയ ഭൗമ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജി-20 ഉച്ചകോടികള്‍ മുന്നോട്ട് വെച്ചത്. ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്ന ഇരുപതാം ജി-20 ഉച്ചകോടിയിലും അധഃസ്ഥിത രാജ്യങ്ങളുടെ വികസന അജണ്ടക്കാണ് മുന്‍തൂക്കം കൊടുത്തത്.
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്വോഗസ്ഥരുടെ കൂട്ടായ്മയായിട്ടാണ് പശ്ചിമേഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1997-ല്‍ ജി-20 ഉച്ചകോടി ആരംഭിച്ചത്. 2008 ലാണ് ഈ ഉച്ചകോടി ഇന്നത്തെ രീതിയില്‍ ഒരു സര്‍വരാജ്യ സമ്മേളനമായി മാറിയത്. ഇന്നത് ലോകത്തിലെ അതിസമ്പന്നവും അതിവേഗം വളരുന്നതുമായ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. ഇതില്‍ അതിസമ്പന്നമായ അമേരിക്ക, ജപ്പാന്‍, ചൈന, ഇറ്റലി, ഫ്രാന്‍സ് എന്നിവയ്‌കൊപ്പം അതിദാരിദ്ര്യമനുഭവിക്കുന്ന പ്രദേശങ്ങളില്‍പ്പെടുന്ന ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളും ഉള്‍പ്പെടുന്നു. വികസിത-വികസ്വര രാഷ്ട്രങ്ങളുടെ സഹകരണം ആഗോള പ്രശ്‌നപരിഹാരത്തിന് അത്യന്താപേക്ഷിതമാണ്.
സമഗ്ര വികസനം സുസ്ഥിര വികസനം
ആഫ്രിക്കന്‍ രാജ്യങ്ങളുടെയും, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെയും സമഗ്രവികസനത്തിനാണ് ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിലുള്ള ഇരുപതാമത്തെ ജി-20 ഉച്ചകോടി ഊന്നല്‍ നല്‍കിയത്. ഭാരത-ബ്രസീലിയന്‍ – ഇന്തോനേഷ്യന്‍ അധ്യക്ഷന്മാര്‍ സ്വീകരിച്ചു വന്ന വികസന അജണ്ടയുടെ തുടര്‍ച്ചയായിരുന്നു ഈ ഉച്ചകോടിയുടെ ചര്‍ച്ചകള്‍. ഭാരതത്തിന്റേത് ഈ കാര്യത്തില്‍ നല്ലൊരു മാതൃകയാണ്. ആഗോളമായി വിവിധ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക പ്രയാസങ്ങളും വികസന മുരടിപ്പും പുതിയ ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില്‍ ചര്‍ച്ചാവിഷയമായി.
രാജ്യങ്ങളുടെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വികസനം, തൊഴിലവസരങ്ങളും പുതിയ തൊഴില്‍ സാധ്യതകളും, സാമ്പത്തിക അസമത്വം എന്നിവയും ചര്‍ച്ചചെയ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയും രാജ്യസുരക്ഷയും വര്‍ത്തമാനകാല സാഹചര്യത്തില്‍ പ്രസക്തമാണ്. വികസന കാര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യയും, ഭാരതം വികസിപ്പിച്ചെടുത്ത നവീന സാമ്പത്തിക ഡിജിറ്റല്‍ സംവിധാനങ്ങളായ യൂണിവേഴ്‌സല്‍ പെയ്‌മെന്റ് ഇന്റര്‍ ഫെയ്‌സ് (യുപിഐ) പോലുള്ള സംവിധാനങ്ങളുടെ സാധ്യതകളും, സാങ്കേതിക വിദ്യയിലെ സ്വാശ്രയത്വവും ചര്‍ച്ച ചെയ്യപ്പെട്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങളും ഭക്ഷ്യസുരക്ഷയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും യുദ്ധവും സമാധാനവും, താരിഫ് ഭീഷണിയും കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ്.
ഭാരതത്തിന്റെ സനാതനമൂല്യങ്ങളിലൂന്നിയുള്ള വികസനസങ്കല്‍പ്പവും, മാനവികതയും, വിശ്വസാഹോദര്യവും, സമത്വ ചിന്തയും, സമഗ്രവികസന ചിന്തകളും, വസുധൈവകുടുംബകം എന്ന വിശ്വസന്ദേശവും ഇരുപതാം ജി-20 ഉച്ചകോടിക്ക് വഴികാട്ടിയായി. വികസിത ഭാരതം ലോകനന്മയ്ക്ക് ഒരു പ്രത്യാശയാണ്. ഭാരതം വളരുന്നത് ലോക വികസനത്തിലേയ്ക്കാണ്. പൗരാണിക സങ്കല്‍പ്പങ്ങളായ ലോകഹിതം മമ കരണീയം, ലോകാ സമസ്താ സുഖിനോ ഭവന്തു, ലോക സംഗ്രഹം എന്നിവ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകക്രമം പടുത്തുയര്‍ത്താന്‍ ജി-20 ഉച്ചകോടി പോലുള്ള സംവിധാനങ്ങളിലൂടെ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നതാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മാനേജ്‌മെന്റ് വകുപ്പ് മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍.)





















