ശിവഗിരിയി-
ലെത്തുമ്പോള്‍
പലതാളമേളങ്ങള്‍
ഒരു നാദമായ് മാറിയൊഴുകുന്നു.
ഞാന്‍ എന്നിലെ
എന്നെത്തിരയുന്നു.
അനാദി ചൈതന്യ-
മൊരു കാറ്റു മൂളലാല്‍
കര്‍ണ്ണപുടങ്ങളെ തഴുകുന്നു.
ഞാന്‍ എന്നിലെ നാരായം തിരയുന്നു.
ആയിരമിതളുള്ള താമരപ്പൂ
വാനില്‍ ആരോ വരച്ചത്
കാണുന്നു.
ഞാന്‍ ആത്മദളങ്ങളെ
തേടുന്നു.
ഭേദങ്ങളെല്ലാം മറന്നുള്ളിലൊന്നെന്ന
ഭാവന താനേ നിറയുന്നു.
ഞാന്‍ ദീനാനുകമ്പയിലലിയുന്നു.
പല്ലനയാറ്റിലെയോളങ്ങള്‍
കൈകൂപ്പി
നാരായണയെന്നു ചൊല്ലുന്നു.
ഞാന്‍ ആശാനെക്കണ്ടു വണങ്ങുന്നു.
ശിവഗിരിക്കുന്നിലുദിച്ചസ്തമിക്കുന്ന
പരമാര്‍ത്ഥ ചൈതന്യ സൂര്യന്‍
അറിവാണ് ദൈവമെന്നുച്ചത്തിലോങ്കാര
ധ്വനിയോടെ കീര്‍ത്തിച്ചിടുന്നു.
പുതുയുഗ ദര്‍ശന യുക്തി പകര്‍ന്നൊരാ
നാരായണ സ്വാമി ധന്യന്‍
ഒരു ജാതി, ഒരു മത, മൊരു ദൈവമെന്നു തന്‍ ഹൃദയം
തുറന്നു പാടുന്നു.






















