Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതം ആഗോള ശക്തിയാകുമ്പോള്‍

ജെ. നന്ദകുമാർജെ. നന്ദകുമാർ
21 November 2025

അമേരിക്കയുടെ തീരുവ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയത്തിന്റെ വ്യത്യസ്ത വശങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതില്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. അതേസമയം പാശ്ചാത്യരുള്‍പ്പെടെ പല പണ്ഡിതന്മാരും, ഭാരതത്തെ അങ്ങനെ നിസ്സാരവല്‍ക്കരിക്കാനാവില്ലെന്നും അതൊരു നാഗരിക ശക്തിയാണെന്നും അംഗീകരിക്കുന്നതോടൊപ്പം, ഈ വിഷയത്തില്‍ ഭാരതം കൈക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പില്ലാത്ത നിലപാടിനെ വിലമതിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ആഗോളതലത്തില്‍ തന്നെ അനേകം വേദികളില്‍ ഇത്തരത്തിലുള്ള ഒരവബോധം ഉണ്ടായിക്കൊണ്ടിരിക്കുന്നതില്‍ നമുക്ക് സംതൃപ്തിയുണ്ട്. ലോകത്ത് ആധിപത്യം സ്ഥാപിക്കുവാനോ ലോകപോലീസിന്റെ അങ്കിയണിയാനോ ഭാരതം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, മറിച്ച്, ഒരു ധാര്‍മ്മികശക്തിയുടെ രൂപത്തില്‍, നൈതികശക്തിയുടെ രൂപത്തില്‍ (നിഗ്രഹാനുഗ്രഹശക്തി), ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ സൗഹാര്‍ദ്ദത്തിലും സമാധാനത്തിലും കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതു മാത്രമായിരിക്കും ഭാരതത്തിന്റെ ദൗത്യം.

Google NewsAdd Kesari Weekly as a preferred source on Google

വ്യത്യസ്തമായ നമ്മുടെ വീക്ഷണത്തെയും അഭിപ്രായത്തെയും നമ്മുടെ പ്രിയപ്പെട്ട വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”നാം ആരുടെയും പക്ഷത്തല്ല എന്നു പറയുന്നതിന്റെ അര്‍ത്ഥം നാം കയ്യാലപ്പുറത്ത് ഇരിക്കുന്നു എന്നതല്ല. മറിച്ച്, നാം നമ്മുടെതായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്.” സമാജത്തില്‍ ദൃഢവിശ്വാസവും വ്യക്തതയും ആത്മവിശ്വാസവും ഉണര്‍ത്തുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഓരോ ദിവസവും സംഘത്തിന്റെ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് നാം ഈ ദേശീയാദര്‍ശത്തിനുവേണ്ടി നമ്മെ സ്വയം സമര്‍പ്പിക്കുന്നു.

”അജയ്യാം ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലം ജഗദ്യേന നമ്രം ഭവേത്”

ADVERTISEMENT

അതായത്, നാം ആര്‍ക്കും ജയിക്കാനാകാത്ത ശാരീരികവും ഭൗതികവുമായ ശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കുവാനോ അവരുടെ മേല്‍ ആധിപത്യം നേടാനോ വേണ്ടിയല്ല. നമ്മുടെ ഉല്‍കൃഷ്ടങ്ങളായ ഗുണങ്ങളിലൂടെ ലോകത്തെ ജയിക്കാനാണ്. ലോകത്തെമ്പാടുമുള്ളവര്‍ നമ്മെ ഗുരുവായി കണ്ടതിന്റെ ഫലമായി നാം വിശ്വഗുരുവെന്ന് അറിയപ്പെട്ടു. ചൈനയിലെ ഭാരത സ്ഥാനപതി മാവോ സേതൂങ്ങിനെ ഒരിക്കല്‍ കാണുവാന്‍ ചെന്നപ്പോള്‍. ”ഈ ജന്മത്തില്‍ ചൈനക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അടുത്ത ജന്മം ഭാരതത്തിലായിരിക്കും” എന്ന വിശ്വാസം അവിടെ നിലനില്‍ക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അങ്ങനെ, അറിവ് സമ്പാദിക്കാന്‍ ആഗ്രഹിച്ചവര്‍ക്കു മാത്രമല്ല, സമ്പത്ത് നേടാന്‍ ആഗ്രഹിച്ചവര്‍ക്കും സ്വപ്‌നസാഫല്യം നേടാന്‍ പോന്ന ദേശമായിരുന്നു ഭാരതം.

ഭാരതം നേരിട്ടത്ര ആക്രമണങ്ങള്‍ മാനവചരിത്രത്തില്‍ മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല. അലക്‌സാണ്ടര്‍ തൊട്ടു മുഗളന്മാരും യൂറോപ്യന്മാരും വരെ സമ്പത്ത് തേടി ഇവിടെയെത്തി. ഭൂതകാലത്ത് നാം എത്താതിരുന്ന ഒരു ഭൂഖണ്ഡം പോലും ഈ ഭൂമിയിലുണ്ടായിരുന്നില്ല. എന്നാല്‍ അത്തരം പ്രദേശങ്ങളോ രാജ്യങ്ങളോ പിടിച്ചടക്കുക എന്നത് ഒരിക്കലും നമ്മുടെ ലക്ഷ്യമായിരുന്നില്ല. ”കൃണ്വന്തോ വിശ്വമാര്യം” – നമ്മുടെ സ്‌നേഹത്താലും വാത്സല്യത്താലും അവരെ ഉദാത്തവല്‍ക്കരിക്കുകയായിരുന്നു നമ്മുടെ ഉദ്ദേശ്യം. ഇതെന്തിനായിരുന്നു? എല്ലാവര്‍ക്കും സുഖമായും സമാധാനത്തോടെയും ജീവിക്കുവാനുള്ള സാഹചര്യം ഈ ഭൂമിയില്‍ സൃഷ്ടിക്കുന്നതിനുവേണ്ടി. അതിന്റെ ഫലമായി ഇപ്പോഴും ഇന്തോനേഷ്യ, ജപ്പാന്‍ മുതലായ രാജ്യങ്ങള്‍ നമ്മെ ആദരവോടെയാണ് കാണുന്നത്.

”ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന മഹത്തായ ചിന്തകളില്‍ ഭൂരിപക്ഷവും അങ്കുരിച്ചത് ഭാരതത്തിന്റെ മണ്ണിലാണ്. എന്നാല്‍ ലോകത്തെ പ്രഗത്ഭങ്ങളായ സര്‍കലാശാലകളില്‍ ഒന്നിലും ഈ കാര്യം പഠിപ്പിക്കുന്നില്ല.” എന്ന് ഒരു പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ അവസരത്തില്‍ പ്രശസ്ത, ബ്രിട്ടീഷ് എഴുത്തുകാരന്‍ വില്യം ഡാല്‍റിബിള്‍ പറയുകയുണ്ടായി.

”വസുധൈവ കുടുംബകം” (ലോകം ഒരു കുടുംബമാണ്), ”മാതാ ഭൂമി പുത്രോƒഹം പൃഥിവ്യാ” (ഭൂമി എന്റെ അമ്മയാണ്; ഞാന്‍ പുത്രനും) മുതലായ കാലാതീതങ്ങളായ ആദര്‍ശങ്ങള്‍ ഉടലെടുത്തത് ഭാരതത്തിലാണ്. എല്ലാ ജീവജാലങ്ങളേയും ആര്‍ദ്രതയോടെയും ബന്ധുഭാവത്തോടെയും പുല്‍കുന്ന, തികച്ചും സാര്‍വ്വലൗകികമെന്ന് വിശേഷിപ്പിക്കാവുന്ന ലോക വീക്ഷണം ഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണ്. ചിക്കാഗോയിലെ വിശ്വമത സമ്മേളനത്തില്‍ വിവേകാനന്ദ സ്വാമികള്‍ സദസ്സിനെ ”അമേരിക്കയിലെ സഹോദരീസഹോദരന്മാരെ” എന്നു അഭിസംബോധന ചെയ്തപ്പോള്‍, അതിലൂടെ പ്രകടമായത് എല്ലാമനുഷ്യരെയും ബന്ധുഭാവത്തോടെ കാണുന്ന ഭാരതപാരമ്പര്യത്തിന്റെ പ്രതിധ്വനിയാണ്. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. വേദാന്തത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരന്റെ വ്യത്യസ്ത രൂപങ്ങളിലുള്ള അഭിവ്യക്തിയാണ്. ഛാന്ദോഗ്യ ഉപനിഷത്ത് പറയുന്നു: ”തദൈക്ഷത ബഹു സ്യാം” (എനിക്ക് പലതായിത്തീരണം). അതായത് ഭാരതീയ പാരമ്പര്യത്തില്‍ ജനിക്കുകയും വളരുകയും ചെയ്തവരെ സംബന്ധിച്ച് പ്രപഞ്ചത്തിലെ മനുഷ്യരെ മാത്രമല്ല, സമസ്ത ജീവജാലങ്ങളേയും അജൈവ വസ്തുക്കളെയും ഈശ്വരന്റെ അഭിവ്യക്തി എന്ന നിലയില്‍ മാത്രമെ കാണാനാകൂ.

‘ദ എബ്‌സോര്‍ബന്റ് മൈന്‍ഡ്’ എന്ന തന്റെ കൃതിയില്‍ മരിയ മോണ്ടിസോറി പറയുന്നു: ”മൃഗങ്ങളോടുള്‍പ്പെടെ ജീവനോട് ഭാരതം കാഴ്ചവെക്കുന്ന ആദരവ് അവിടത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടിയ ആരാധനാഭാവത്തിന്റെ പ്രതിഫലനമാണ്. നേരത്തെതന്നെ വളര്‍ന്നു കഴിഞ്ഞ ഒരു തലമുറയ്ക്ക് ഈ മനോവികാരം കൈവരിക്കാനാകില്ല. ‘ജീവന്‍ ആദരവ് അര്‍ഹിക്കുന്നു’ എന്നു ചിന്തിക്കുന്നതുകൊണ്ടുമാത്രം ആ മനോവികാരം നമുക്ക് സ്വായത്തമാണെന്ന് അവകാശപ്പെടാനാവില്ല. ഭാരതീയരുടെ കാഴ്ചപ്പാട് ശരിയാണ്. ഞാനും മൃഗങ്ങളെ ആദരിക്കണം എന്ന് ഞാന്‍ ഒരുപക്ഷേ ചിന്തിച്ചാലും അത് കേവലം ഒരു യുക്തിവാദമായി അവശേഷിക്കും, പക്ഷേ, ഒരിക്കലും എന്റെ മനോവികാരത്തെ ഉത്തേജിപ്പിക്കില്ല. ഉദാഹരണത്തിന്, ഗോക്കളോട് ഹിന്ദുക്കള്‍ക്കുള്ള ആദരവ് യൂറോപ്യന്മാര്‍ക്ക് ഒരിക്കലും അനുഭവപ്പെടില്ല. ഭാരതീയനെ സംബന്ധിച്ചാകട്ടെ, അവന്‍ യുക്തിയുടെ ആധാരത്തില്‍ അങ്ങേയറ്റം ചിന്തിച്ചാലും ഈ വികാരത്തില്‍ നിന്ന് മോചനം ലഭിക്കില്ല! ഈ മാനസിക സ്വഭാവവിശേഷം അവനെ സംബന്ധിച്ച് പരമ്പരാസിദ്ധമാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍, ശൈശവാവസ്ഥയില്‍ തനിക്കു ചുറ്റുപാടുമുള്ള സാഹചര്യത്തില്‍ നിന്നുമാണ് അവന് ഇത്തരം ചിന്തകള്‍ ലഭിക്കുന്നത്.

ഒരിക്കല്‍, ഒരു പ്രാദേശിക മോണ്ടിസോറി വിദ്യാലയത്തിന്റെ പൂന്തോട്ടത്തില്‍ ഏകദേശം രണ്ടു വയസ്സ് പ്രായമുള്ള ഒരു ഹിന്ദുബാലന്‍ സൂക്ഷ്മമായി നിലത്തുനോക്കി തന്റെ വിരലുകൊണ്ട് മണ്ണില്‍ വരക്കുന്നതു കണ്ടു. തൊട്ടടുത്ത് രണ്ടു കാലുകള്‍ നഷ്ടപ്പെട്ടതുകൊണ്ട് നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു ഉറുമ്പിനെയും കണ്ടു. ആ ഉറുമ്പിന്റെ ദുരവസ്ഥ കണ്ട്, അതിനെ സഹായിക്കാന്‍ മണ്ണില്‍ വരച്ചുകൊണ്ടു അതിനു നീങ്ങാന്‍ വഴിയൊരുക്കുകയായിരുന്നു ആ ബാലന്‍. ജീവജാലങ്ങളോടുള്ള ഈ മമത ആ ബാലന് പാരമ്പര്യമായി ലഭിച്ചതാണെന്ന് ആരും സമ്മതിക്കും! ഈ രംഗം കണ്ട് ആകൃഷ്ടനായിത്തീര്‍ന്ന മറ്റൊരു ബാലന്‍ അവിടെയെത്തി തന്റെ കാല്‍കൊണ്ട് ആ ഉറുമ്പിനെ ചവട്ടിയരച്ചു. ഇത് ഒരു മുസ്ലിം ബാലനായിരുന്നു. ഒരു ക്രിസ്ത്യന്‍ ബാലനായിരുന്നെങ്കില്‍ അവനും ഒരുപക്ഷേ ഇപ്രകാരം തന്നെ ചെയ്യുകയോ, നിസ്സംഗതയോടെ കടന്നുപോവുകയോ ചെയ്യുമായിരുന്നു” (പുറം 73).

ആഗോള രാഷ്ട്രീയക്രമം എന്ന കെട്ടുകഥയെ സംബന്ധിക്കുന്ന സാഹിത്യത്തിന്റെ വേലിയേറ്റം തന്നെ നമുക്കിന്ന് കാണാനാകുന്നു. അത്തരമൊരു വ്യവസ്ഥയുടെ ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തിനോക്കാം. ഇത്തരം ഒരു ആഗോള ക്രമം എപ്പോഴെങ്കിലും നിലനിന്നിരുന്നോ? വാസ്തവത്തില്‍, മാനവചരിത്രത്തില്‍ ആകമാനം – വിശിഷ്യാ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ – ലോകം അങ്ങേയറ്റത്തെ അരാജകത്വത്തിനും നിരന്തര സംഘര്‍ഷങ്ങള്‍ക്കും അസന്തുഷ്ടതയ്ക്കുമാണ് സാക്ഷ്യം വഹിച്ചത്. ഈ സാഹചര്യത്തില്‍ ആഗോളരാഷ്ട്രീയക്രമം എന്ന സങ്കല്‍പം തന്നെ ഒരു തരത്തില്‍ വൃഥാ സ്വപ്‌നമാണെന്ന് പറയേണ്ടിവരും; നിയാമകമായ സങ്കല്‍പമാണെന്ന് വിലയിരുത്തേണ്ടിവരും.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നിയാമകമായ ഈ സങ്കല്‍പം കേവലം അമൂര്‍ത്തമായ പ്രസ്താവനകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല; മറിച്ച്, ആഗോള തലത്തില്‍ തന്നെ നിയമസംബന്ധിയും നയതന്ത്രപരവുമായ സിദ്ധാന്തങ്ങളില്‍ തന്നെ ഉള്‍ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, ആഗോളക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ആരുടെ ലോകം? അതാര്‍ക്കുവേണ്ടി നിലകൊള്ളുന്നു? എന്ന ചോദ്യങ്ങള്‍ അത്യന്തം പ്രസക്തമാണ്. ആഗോളക്രമം എന്ന പേരിലറിയപ്പെടുന്ന പ്രതിഭാസത്തെക്കുറിച്ച് ആഗോളതലത്തില്‍ ഒരു സമവായമോ, ലോകത്തെ വിഭിന്നമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥമായ പുനരാലോചനയോ ഉണ്ടായിട്ടില്ല. വാസ്തവം പറഞ്ഞാല്‍, പാശ്ചാത്യ സാംസ്‌കാരിക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപം പൂണ്ട നിയാമക സങ്കല്‍പമാണ് ആഗോളക്രമം.

ഇത്തരമൊരു ആഗോളക്രമം കെട്ടിപ്പടുക്കാന്‍ നടക്കുന്ന ശ്രമം വിശിഷ്യാ കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലത്ത് ഹിംസാത്മകമായ വിച്ഛിനതയിലാണ് കലാശിച്ചത്. ലോകത്തിലെ അതിര്‍ത്തികള്‍ പുനര്‍രചിക്കപ്പെട്ടു. പലപ്പോഴും അലക്ഷ്യമായാണ് ഈ പുനര്‍രചന നടത്തിയത്. ഇരിപ്പറകളിലിരുന്ന് കേവലം കടലാസുകളില്‍ വരകള്‍ മാറ്റി വരച്ച് അതിര്‍ത്തികള്‍ നിര്‍ണയിച്ചാണ് ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്! ഇതിന്റെ ആശാസ്യതയെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. ഭാരതത്തില്‍ സാധാരണ ജനങ്ങളില്‍ ഈ ആഗോളക്രമം ഏതുതരം പ്രതികരണമാണ് സൃഷ്ടിക്കുക? എന്തു പ്രതികരണമാണ് പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടാക്കുക? ഈ ആഗോളക്രമം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് എന്നെല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു!

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, കോവിഡ്19 മഹാമാരിയുടെ ആവിര്‍ഭാവത്തിനു ശേഷം പാശ്ചാത്യലോകത്തിലെ സ്ഥാപനങ്ങളും അവരുടെ നിയാമക സങ്കല്‍പങ്ങളും ദയനീയമായ പരാജയം ഏറ്റുവാങ്ങിയതിന് ലോകം ദൃക്‌സാക്ഷ്യം വഹിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങളുടെയും നിയാമകസങ്കല്‍പങ്ങളുടെയും പേരിലാണ് അവര്‍ ലോകത്തിനുമേല്‍ അവരുടെ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഭരിക്കപ്പെട്ടവരോട് കൂടിയാലോചിക്കുകപോലും ചെയ്യാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലമായി ഏത് ഭരണസംവിധാനമാണ് ”ഞങ്ങള്‍ക്ക്” അനുയോജ്യം എന്ന് ഏകപക്ഷീയമായി തീരുമാനിച്ചിരുന്നത് അവരാണ്! ദേശീയ ഭരണകൂട (Nation-State) സംവിധാനം സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതരായി. നമ്മുടെ സ്ഥാപനങ്ങളുടെ സ്വഭാവം നിശ്ചയിച്ചിരുന്നത് മറ്റുള്ളവരായിരുന്നു. സ്വയം തകര്‍ന്നു വീഴുന്ന സാഹചര്യത്തിലും ഇത്തരം രാഷ്ട്രീയ ഔദ്ധത്യം ലോകത്ത് അധീശത്വം പുലര്‍ത്തുന്നു. എല്ലായിടത്തും അതതു ജനങ്ങളുടെ പരമാധികാരം നിലനില്‍ക്കണമെന്ന് ശഠിക്കുമ്പോള്‍ തന്നെ ഈ ശക്തികള്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ ലോകത്തെമ്പാടും യുദ്ധങ്ങളും ബോംബ് വര്‍ഷവും നടത്തുന്നു. അതോടൊപ്പംതന്നെ. അന്താരാഷ്ട്ര ബന്ധങ്ങളില്‍ പരമാധികാരമെന്ന ആദര്‍ശത്തിന്റെ വിശുദ്ധി നിലനിര്‍ത്തുന്നതിനെക്കുറിച്ചു വാതോരാതെ പറയുകയും ചെയ്യുന്നു!

ഇത്തരം രാഷ്ട്രീയ ആദര്‍ശങ്ങള്‍ നിരര്‍ത്ഥമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ലോകത്തെ പ്രായോഗിക അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റെന്ത് പോംവഴിയാണുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. നിലനില്‍പ്പിനെക്കുറിച്ചുള്ള പുനര്‍ചിന്തനം ഏതു രൂപത്തിലാണ് നടത്തേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി തേടിക്കൊണ്ടുളള യാത്ര ആരംഭിക്കേണ്ടത് നാം ഇപ്പോള്‍ ഉള്ളിടത്തുനിന്നാണ്. മനുഷ്യര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കണം എന്നാണ് നമ്മോട് പറയുന്നത്. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവയാകണം നമ്മുടെ രാഷ്ട്രീയ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ എന്നാണ് നമ്മോട് ആവശ്യപ്പെടുന്നത്. തുടര്‍ന്ന്, ആധുനിക ദേശീയ ഭരണകൂടങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ എന്ന രീതിയില്‍ ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെ പരിപോഷിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. കാരണം, ഈ സങ്കല്പങ്ങള്‍ ഗൗരവത്തോടെ കാണുമ്പോള്‍, ആഗോളതലത്തില്‍ ജനാധിപത്യം കെട്ടിപ്പടുക്കാനെന്ന വ്യാജേന ‘സഹായധന’മെന്ന പേരില്‍ വന്‍ ശക്തികള്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയും (ഉദാ: അമേരിക്കന്‍ സഹായം). തത്വത്തില്‍ ഇത്തരം സഹായങ്ങള്‍ ഉദാത്തമെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ ”ജനാധിപത്യത്തെ ശക്തിപ്പെടുത്തല്‍” എന്ന പേരില്‍ നടക്കുക സര്‍ക്കാരുകളെ മറിച്ചിടല്‍, രാജ്യങ്ങളെ തകര്‍ക്കല്‍, ആഭ്യന്തരയുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളായിരിക്കും.

ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും പ്രകടമായ മനുഷ്യാവകാശ ലംഘനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതേസമയം, ഇസ്ലാമിക രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖ്കാര്‍ക്കും അന്യമതക്കാര്‍ക്കും നേരിടേണ്ടിവരുന്ന ധ്വംസനങ്ങള്‍ മനുഷ്യാവകാശത്തിന്റെ വക്താക്കളെ ഒരിക്കലും അലോസരപ്പെടുത്താറില്ല. നീതിപൂര്‍ണമായ സ്ഥാപനങ്ങള്‍ക്ക് നീതിപൂര്‍വ്വമായ പരിണതിയുണ്ടാകും എന്നാണ് നമ്മോടു പറയുന്നതും പ്രസംഗിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍, ആഗോള സ്ഥാപനങ്ങളെല്ലാം നീതിയുക്തമായിരുന്നെന്ന് പറയുമ്പോള്‍, അവയുടെ പരിണതിയെക്കുറിച്ച് എന്താണ് പറയുക? അതായത്, ഇതെല്ലാം ഗൗരവമായ ഒരു പ്രാധാന്യവുമില്ലാത്ത കേവലം ഒരു കൂട്ടം അനുമാനങ്ങള്‍ ആണെന്ന് കാണാനാകും.

നീതിപൂര്‍ണമല്ലാത്ത അനന്തരഫലങ്ങള്‍ കൈവരുന്ന സാഹചര്യത്തിലും ഇത്തരം സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്! താരിഫുകളും വ്യാപാരവും സംബന്ധിച്ച പൊതുഉടമ്പടി (GATT), ലോക വ്യാപാര സംഘടന (WTO) മുതലായ ആഗോള സംഘടനകള്‍ എന്തു ചെയ്തു എന്ന് നാം കണ്ടതാണ്. അതുകൊണ്ട്, 21-ാം നൂറ്റാണ്ടില്‍ ഇത്തരം ആശയങ്ങളെ നമ്മുടെ നിലനില്‍പ്പിനെ മുന്‍നിര്‍ത്തി പുനര്‍ മൂല്യനിര്‍ണയം നടത്തേണ്ടത് അനുപേക്ഷണീയമാണ്. ഇന്നത്തേതിന്റെ ഭാവിയെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണിത്.

അന്തര്‍ദേശീയ ബന്ധങ്ങള്‍, ഭൂരാഷ്ട്രതന്ത്രം (Geopolitics)എന്നിവയെ സംബന്ധിക്കുന്ന ആശയങ്ങളെ കുറിച്ചുള്ള നമ്മുടെ അടിസ്ഥാന സമീപനത്തെ പുനര്‍മൂല്യനിര്‍ണയം നടത്തേണ്ട സമയം സമാഗതമായിരിക്കയാണ്. ഭാരതീയ ചിന്തയില്‍ അധിഷ്ഠിതമായ ഒരു ലോകക്രമം എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന് വിശദീകരിക്കേണ്ട അവസരമാണിത്. ഭാരതീയ ധര്‍മ്മചിന്തയുടെ അടിസ്ഥാനത്തില്‍ അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ പുനഃക്രമീകരിച്ചാല്‍ ഉണ്ടാകുന്ന ഫലമെന്തായിരിക്കും? അതിന് നമ്മുടെ ബൗദ്ധിക പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആഴത്തില്‍ ചിന്തിക്കേണ്ടത് ആവശ്യമാണ്.

അല്‍പസമയത്തേക്ക്, ശക്യമായ വികല്‍പങ്ങളെ കണ്ടെത്താന്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. രാജനൈതികതയെ സംബന്ധിക്കുന്ന ഭാരതീയ വീക്ഷണത്തെ വ്യക്തമാക്കുന്ന കൗടില്യന്റെ അര്‍ത്ഥശാസ്ത്രവും അനേകം ശിലാശാസനങ്ങളും നമ്മുടെ മുന്നിലുണ്ട്. ഭാരതത്തില്‍ അനേകം രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അത് ആധുനിക കാഴ്ചപ്പാടിലുള്ള ദേശീയ-ഭരണകൂട (nationstate)-മായിരുന്നില്ല. മറിച്ച്, ഒരു നാഗരിക-ഭരണകൂട (civilization state) മായിരുന്നു. ഒരേ സംസ്‌കാരത്താലും നാഗരികതയാലും ഇണക്കപ്പെട്ട അനേകം രാജക്കന്മാര്‍.

പാസ്‌പോര്‍ട്ടുകളും രാജ്യാതിര്‍ത്തികളുമായിരുന്നില്ല, മറിച്ച് പരസ്പരവിശ്വാസവും മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു അതിന്റെ നിദാനം. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ അനേകം ചര്‍ച്ചാബിന്ദുക്കള്‍ നമുക്ക് ലഭിക്കും. അതില്‍ സുപ്രധാനമായ കാര്യം അത് നിയാമക ആദര്‍ശത്തില്‍ അധിഷ്ഠിതമല്ലെന്നതാണ്. കൗടില്യന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രീയത്തിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടാകണമെന്നതോടൊപ്പം അതിന് പ്രയോഗിക പ്രവര്‍ത്തനത്തിലൂടെ, നേരിടുന്ന പ്രശ്‌നങ്ങളെ അപ്പപ്പോള്‍ പരിഹരിക്കാനാകണം. മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അത് പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കുന്നു. അതിന്റെ രാജനൈതിക ദര്‍ശനം സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവയില്‍ മാത്രം കേന്ദ്രിതമല്ല. ഈ കാര്യങ്ങളെ കൗടില്യന്‍ പൂര്‍ണ്ണമായും അവഗണിച്ചില്ല. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച്, ഈ ഭൂമിയില്‍ ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് ആനന്ദം തേടാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ കേന്ദ്രലക്ഷ്യം. ജനങ്ങള്‍ക്ക്, അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കെല്ലാം അതീതമായി ആനന്ദം തേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനെ ചുറ്റിയാണ് ഭാരതത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിലനില്‍പ്പ്. സാധാരണ ജനങ്ങളുടെ ആനന്ദത്തെ ബാധിക്കാത്തവിധം കാര്യനിര്‍വഹണം നടത്തുക എന്നതാണ് ഭരണകൂടത്തിന്റെ കര്‍ത്തവ്യം. ഒരു രാജാവിന്റെ കര്‍ത്തവ്യങ്ങളെന്ത്, മറ്റ് രാജാക്കന്മാരുമായുളള അദ്ദേഹത്തിന്റെ ബന്ധം ഏതുവിധമായിരിക്കണം എന്നതെല്ലാം ആനന്ദമെന്ന കേന്ദ്രബിന്ദുവില്‍ അധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ആനന്ദം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഒരു ഭാവി ലോകക്രമം നമുക്ക് വിഭാവനം ചെയ്യാനാകുമോ? അതിനുപോന്ന അന്തര്‍ദേശീയ ബന്ധങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതു തരത്തിലുള്ള അടിസ്ഥാന സ്ഥാപനങ്ങളാണ് ആവശ്യം? ഈ ചോദ്യം അടിയന്തരമായി ഉത്തരം തേടുന്നു.

‘പരമാധികാരം’ എന്ന പാശ്ചാത്യ സങ്കല്‍പത്തെക്കുറിച്ച് ഭാരതീയ ചിന്തക്ക് വലിയ അഭിനിവേശമൊന്നുമില്ല. ഇപ്പോഴത്തെ ആധുനിക ദേശീയ ഭരണകൂടങ്ങള്‍ക്കുള്ള അക്രമം നടത്താനുള്ള കുത്തകാധികാരം സ്വന്തം ജനങ്ങള്‍ക്കെതിരെയുള്ള അക്രമത്തില്‍ കലാശിച്ചേക്കാം. അന്തര്‍ദേശീയ ബന്ധങ്ങള്‍ പരമാധികാരത്തില്‍ അധിഷ്ഠിതമായ ഉടമ്പടികള്‍, നയതന്ത്രം എന്നിവയെക്കുറിച്ച് വാചാലമാകുന്നു. എന്നാല്‍, ഫലത്തില്‍ ശക്തമായ ഭരണകൂടങ്ങള്‍ ഈ തത്വങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതിന്റെ നഗ്നചിത്രമാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലമായി പാശ്ചാത്യശക്തികള്‍ പാശ്ചാത്യരല്ലാത്ത ജനസമൂഹങ്ങള്‍ക്ക് നേരെ നടത്തിയ മൃഗീയമായ അക്രമങ്ങളിലൂടെ നാം കാണുന്നത്. രാജാവ് ‘സാര്‍വഭൗമ’നാണെന്ന സന്ദേശം അര്‍ത്ഥശാസ്ത്രം വിദൂരമായിപ്പോലും നല്‍കുന്നില്ല. ഒരു പ്രത്യേക പദ്ധതി അതില്‍ നമുക്ക് കാണാം: അതിലെ വാക്യം, രാജാവ് എങ്ങിനെ ആയിരിക്കണം എന്ന് നിര്‍ണയിക്കുന്നതോടൊപ്പം, മാന്യമായ രാഷ്ട്രീയം, അന്തര്‍ദേശീയ ബന്ധങ്ങള്‍ എന്നിവയേയും നിര്‍വചിക്കുന്നു. അത്തരം നിലവാരത്തിന്റെ അഭാവത്തിലാണ് ഈ ലോകത്ത് അസിം മുനീര്‍മാരേയും ഡോണള്‍ഡ് ട്രംപിനെയും മാവോ സേതൂങ്ങിനെയും പോലുള്ളവര്‍ രാഷ്ട്രീയ രംഗത്ത് ഉടലെടുക്കുന്നത്. ഈ സാഹചര്യത്തില്‍, ദേശീയ-ഭരണകൂടം എന്ന സങ്കല്‍പത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതിന്റെ യുക്തിയെന്ത്? ഒരേ മാതൃകയിലുള്ള ഭരണകൂടം എല്ലായിടത്തും അടിച്ചേല്‍പിക്കുന്നതിന്റെ യുക്തിയുക്തതയെന്ത്?

അനേകം രാജാക്കന്മാര്‍, സങ്കീര്‍ണമായ ബന്ധങ്ങള്‍ പുലര്‍ത്തുമ്പോഴും ഒരേ ഭാരതവര്‍ഷത്തിന്റെ ഭാഗമായി നിന്നുകൊണ്ട് വിദേശശക്തികളെ കൈകാര്യം ചെയ്യുന്നത്, വൈവിധ്യമാര്‍ന്ന യാന്ത്രികവിദ്യയുടെ യോഗ്യതയെയാണ് പരിചയപ്പെടുത്തുന്നത്. ചരിത്രത്തിലെ ഭാരതത്തിലെ രാജനൈതികമായ വൈവിധ്യത്തെയാണ് നാമിവിടെ ദര്‍ശിക്കുന്നത്. ഇപ്പോള്‍ ആഗോളതലത്തില്‍ കമ്പോളങ്ങളെ സമന്വയിപ്പിക്കുന്നതിനെക്കുറിച്ചു നാം പറയുന്നു. എന്നാല്‍ മുതലാളിത്തം, കമ്മ്യൂണിസം, സോഷ്യലിസം എന്നിവയുടെ അഭാവത്തില്‍, നടപ്പുകാലത്തെ സാമ്പത്തിക സ്ഥാപനങ്ങളുടെ അഭാവത്തില്‍ ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) ത്തില്‍ പ്രധാനമായ അംശദാതാവായും ഭാരതത്തിന്റെ നേട്ടത്തെ അനുകരിക്കാനാകുമോ, മാതൃകയാക്കാനാകുമോ എന്നാണ് ലോകം ചിന്തിക്കേണ്ടത്.

നമ്മുടെ പൂര്‍വ്വികര്‍ക്ക് ആഗോള സമന്വയം ഇപ്രകാരം യാഥാര്‍ത്ഥ്യമാക്കാനായതെങ്ങനെ? ഭാരതത്തിന്റേതല്ലാത്ത മറ്റേത് സ്രോതസ്സില്‍ നിന്നാണ് ഈ ആദര്‍ശങ്ങള്‍ ലോകത്തിന് നേടാനാവുക? മാത്രമല്ല, അവ ലോകത്ത് വെച്ചേറ്റവും സമാധാനപരവും ആനന്ദകരവുമാണെന്നതുകൊണ്ട് ലോകത്തിന് അത് ലാഭകരമായിരിക്കും. ഇതിലും മെച്ചപ്പെട്ട, ആനന്ദപ്രദവും ഫലപ്രദവും പ്രശ്‌നപരിഹാരവുമായ അന്തര്‍ദ്ദേശീയബന്ധം മറ്റേതെന്നാണ് നമുക്ക് വിഭാവനം ചെയ്യാനാവുക? ഇപ്പോഴത്തെ ആഴത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് നമുക്കുണ്ടോ? കേവലം ഭാരതീയമാണെന്നതുകൊണ്ടോ, പൗരാണികമാണെന്നതുകൊണ്ടോ അല്ല, മറിച്ച് സഹസ്രാബ്ദങ്ങളായി വിജയകരമായി ഇതു പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ കൂടിയാണ് ലേഖകന്‍ ഇതിനുവേണ്ടി വാദിക്കുന്നത്.

”ഇതൊരു രാജനൈതികമോ, സാമ്പത്തികമോ ആയ ഒരു മാതൃകയല്ല, മറിച്ച് സാമ്പത്തികതയ്ക്കും രാഷ്ട്രീയത്തിനും രൂപം നല്‍കുന്ന ഒരു സമ്പ്രദായമാണ്. നമുക്ക് ഒരു രാജനൈതികവും രാഷ്ട്രീയവുമായ മാതൃക ഉണ്ടെന്ന പേരില്‍ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പോന്ന സാമ്പത്തികവും രാഷ്ട്രീയവുമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്കാവും എന്നതാണ് വസ്തുത. ലോകനീതിക്കനുസരിച്ചല്ല രാജനീതി പ്രവര്‍ത്തിക്കുന്നത്; മറിച്ച്, ലോകനീതി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് രാജനീതി ആജ്ഞാപിക്കുന്ന ഒരു സാഹചര്യം എങ്ങനെയോ ഭാരതത്തില്‍ ഉണ്ടായിരിക്കുന്നു” എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതിലൂടെ ജയപ്രകാശ് നാരായണന്‍ വ്യക്തമാക്കിയതും ഇതേ കാര്യമാണ്. അന്തര്‍ദേശീയ ബന്ധങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ഇതുതന്നെയാണ്.

പരമ്പരാഗത രാഷ്ട്രീയം അന്തര്‍ദേശീയ ബന്ധങ്ങള്‍ തുടങ്ങിയ ഇടപാടുകള്‍ പ്രായോഗികമായിരിക്കണം. യാഥാര്‍ത്ഥ്യമാകാത്തതും നിയാമകവുമായ ആദര്‍ശങ്ങളായി അവശേഷിക്കരുത്. എന്തായിരിക്കണം ഭാവി ഇടപാടുകളുടെ സ്വരൂപം? ഭാരതീയ പാരമ്പര്യത്തില്‍ നിന്നും സ്വീകരിക്കാവുന്ന വിഭവങ്ങളേത്? ധര്‍മ്മം, ന്യായം, പാപം, പുണ്യം, ആനന്ദം, സുഖം, ദുഃഖം, ഋണം തുടങ്ങിയ സാമാന്യസങ്കല്പങ്ങള്‍ ലോകത്തിന്റെ ഭാവി പുനരാഖ്യാനം ചെയ്യാനും ലോകക്രമം രൂപീകരിക്കുന്നതിനും അടിസ്ഥാനപരമായി പ്രശ്‌നപരിഹാരത്തിന് ഉതകുന്നതും പ്രായോഗികവുമായ ഒരു ബദല്‍സംവിധാനമെന്ന നിലയ്ക്ക് തീര്‍ച്ചയായും സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട്, ഈ തത്വങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടും നമ്മുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടും തദ്വാരാ നൂതനവും ധാര്‍മ്മികവും യഥാര്‍ത്ഥത്തില്‍ തന്നെ ബഹുസ്വരവുമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള സമയം സമാഗതമായിരിക്കുന്നു.

Tags: ഭാരതംഅമേരിക്കതാരിഫ്
ജെ. നന്ദകുമാർ
ജെ. നന്ദകുമാർ
(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമാണ് ലേഖകന്‍) [Read more]
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies