ഭാരതത്തിന്റെ അയല്‍ രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ആഴ്ചകളായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അര്‍ദ്ധ ജുഡീഷ്യല്‍ അന്വേഷണ ഏജന്‍സിയായ കസ്റ്റംസിന്റെ കൊച്ചിയിലെ കമ്മീഷണര്‍ ആണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 30 സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലുകളില്‍ ഭൂട്ടാനില്‍ നിന്നുള്ള 40 ആഡംബര കാറുകള്‍ പിടിച്ചെടുത്തു. പഴയ വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ വ്യക്തികള്‍ മൂന്നു വര്‍ഷത്തിലധികം ഉപയോഗിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അതിന് 160% ഇറക്കുമതി ചുങ്കം നല്‍കണം. വിദേശ നാണയ വിനിമയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അങ്ങനെ വാഹനങ്ങള്‍ കൊണ്ടുവരാവൂ. ഈ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഭൂട്ടാനില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കു വാഹനങ്ങള്‍ പൊളിച്ചു കണ്ടെയ്‌നറുകളില്‍ വനാതിര്‍ത്തിയിലൂടെ കള്ളക്കടത്തായി കൊണ്ടുവന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. വാഹനങ്ങളോടൊപ്പം കണ്ടെയ്‌നറുകളില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്ന് നാര്‍കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നു. ഇങ്ങനെ കടത്തിയ വാഹനങ്ങള്‍ 15 നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തി.
ഹിമാചല്‍ പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് നിയമവിരുദ്ധമായി 200 ല്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് അഴിമതിയിലൂടെയും ഉന്നത സ്വാധീനം ഉപയോഗിച്ചുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണം സംസ്ഥാനസര്‍ക്കാരിനാണ്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ഇങ്ങനെ കള്ളക്കടത്ത് നടത്തി കൊണ്ടുവന്ന വാഹനങ്ങള്‍ വീണ്ടും സംയോജിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതോടെ ഈ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയ മോട്ടോര്‍ വാഹന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ‘വിന്‍'(VIN)- -ല്‍ ലഭ്യമാണ്. ഇപ്രകാരം വിദേശ നാണയ വിനിമയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 5 ലക്ഷം രൂപ വിലയുള്ള ഉപയോഗിച്ച വാഹനങ്ങള്‍ 40 ലക്ഷത്തിലധികം രൂപയ്ക്ക് കേരളത്തില്‍വിറ്റു. അധോലോക മാഫിയ ബന്ധമുള്ള ഹിമാചല്‍ പ്രദേശ് സംഘങ്ങളും കോയമ്പത്തൂര്‍ സംഘങ്ങളും ചേര്‍ന്നാണ് കേരളത്തില്‍ സമ്പന്നരായ ആളുകളെ തേടിപ്പിടിച്ച് 200 വാഹനങ്ങള്‍ വിറ്റതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഭരണം നടത്തുന്നത് ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയാണ്. കേരളം കഴിഞ്ഞ 9 വര്‍ഷത്തില്‍ അധികമായി ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ്. ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പും സംസ്ഥാന സര്‍ക്കാരുകളും അറിയാതെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. 54 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തഴച്ചു വളര്‍ന്ന അധോലോക മാഫിയകള്‍ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളില്‍ നിന്നും വ്യക്തമാകുന്നത്.
കേരളത്തില്‍ നടത്തിയ പരിശോധനകളില്‍ 40 വാഹനങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ബാക്കി 160 വാഹനങ്ങള്‍ പൊളിച്ചു നശിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ‘പരിവാഹന്‍’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ കള്ളക്കടത്ത് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കൃത്രിമ രേഖകള്‍ ചമച്ചാണെന്ന് കണ്ടെത്തി. സൈന്യത്തിന്റെയും വിദേശകാര്യ വകുപ്പിന്റെയും അമേരിക്കന്‍ എംബസിയുടെയും പേരിലാണ് കൃത്രിമ രേഖകള്‍ ചമച്ചിരിക്കുന്നത്. അധോലോക മാഫിയ നടത്തിയ ഭൂട്ടാനില്‍ നിന്നുള്ള വാഹന കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനം തന്നെയാണ്. കള്ളപ്പണവും ഹവാലാ പണവും ഉപയോഗിച്ച് ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്ക് നടത്തിയ വാഹന കള്ളക്കടത്ത് 1999 ലെ വിദേശ നാണയ വിനിമയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും 2002 ലെ കള്ളപ്പണ നിരോധന നിയമങ്ങളുടെയും (PMLA-)- ലംഘനമാണ്. അതിനാല്‍ ഇഡി അന്വേഷണത്തില്‍ പങ്കാളികളാവുകയും 17 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി രേഖകള്‍ കണ്ടെടുക്കുകയും ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങളില്‍ പ്രമുഖ സിനിമാ താരങ്ങളുടെയും വാഹനങ്ങള്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇപ്പോഴത്തെ ഉടമകള്‍ക്ക് വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ചിലത് 19 ലക്ഷത്തിലധികം ജാമ്യ തുക വാങ്ങി താല്‍ക്കാലികമായി വിട്ടുനല്‍കുന്ന നടപടി സ്വീകരിച്ചു വരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കി വിചാരണ നടത്തിയാല്‍ മാത്രമേ ഈ വാഹനങ്ങളെ സംബന്ധിച്ച് അവസാന തീര്‍പ്പ് ഉണ്ടാവുകയുള്ളൂ. ഇത് സംബന്ധിച്ച കേസുകളുടെ വിധിപ്രതികള്‍ക്കും ഇപ്പോഴത്തെ ഉടമകള്‍ക്ക് എതിരായാല്‍ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുന്നത് കൂടാതെ ജയില്‍ ശിക്ഷ ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കൃത്രിമരേഖങ്ങള്‍ ചമച്ചത് സംബന്ധിച്ച കേസുകള്‍ സിബിഐയും പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിക്കുന്നത്. കള്ളപ്പണവും ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകള്‍ ഇഡി ആണ് അന്വേഷിക്കുന്നത്. ആദായനികുതി വകുപ്പിനും നിയമപരമായി അന്വേഷണം നടത്താന്‍ അധികാരമുണ്ട്. വാഹനകള്ളക്കടത്തില്‍ നിന്നുള്ള വരുമാനം തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്താല്‍ എന്‍ഐഎ അന്വേഷണം നടത്തും
ഇപ്പോള്‍ ഹിമാചല്‍പ്രദേശ്, കോയമ്പത്തൂര്‍, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് കസ്റ്റംസ്, ഇഡി, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവ നേതൃത്വം നല്‍കുന്നതായി വാര്‍ത്തകള്‍ വരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഐ ബി നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് കസ്റ്റംസ് കേസെടുത്തതെന്ന് വാര്‍ത്തകള്‍ വന്നു. സിബിഐ, എന്‍ഐഎ, ആദായ നികുതി വകുപ്പ് എന്നിവയുടെ അന്വേഷണവും നടപടികളും ഏത് നിമിഷവും ഉണ്ടാകും. ഇത്രയധികം അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള അന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് നടത്തി നടപടികള്‍ സ്വീകരിക്കുന്നത് ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങളുടെ കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതുകൊണ്ടാണ്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കി വിചാരണ നടത്തുന്ന നിയമ നടപടികളാണ് ഇനി സ്വീകരിക്കാന്‍ ഉള്ളത്.
2014 -ല്‍ ഭാരതത്തിന്റെ കേന്ദ്രവാര്‍ഷിക ബഡ്ജറ്റ് അടങ്കല്‍ 16 ലക്ഷം കോടിയുടേതായിരുന്നെങ്കില്‍ 2025-26-ല്‍ 60 ലക്ഷം കോടിയുടേതാണ്. കഴിഞ്ഞ 11 വര്‍ഷമായി ഭാരതത്തിന് ഉണ്ടായ സാമ്പത്തിക വളര്‍ച്ച ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. രാജ്യം ജപ്പാനെ മറികടന്ന് നാലാം സാമ്പത്തിക ശക്തിയായി വളര്‍ന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെക്കാള്‍ വളര്‍ച്ചനേടി മൂന്നാം സാമ്പത്തിക ശക്തിയായി മാറും എന്ന് ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. തുടര്‍ച്ചയായി 7% സാമ്പത്തിക വളര്‍ച്ച നിരക്ക് നേടുന്ന ഏക രാജ്യം ഭാരതമാണ്. 2047ല്‍ രാജ്യം വികസിത രാഷ്ട്രം ആയി മാറുന്നതിനുള്ള കര്‍മ്മ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെ അട്ടിമറിക്കാന്‍ രാജ്യവിരുദ്ധ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണം.
മയക്കുമരുന്ന് കടത്ത്, സ്വര്‍ണ്ണ കടത്ത്, ഡോളര്‍ കടത്ത്, ഖുര്‍ആന്‍ കടത്ത്, ഈന്തപ്പഴ കടത്ത് ഹവാല കടത്ത് എന്നിവയുടെ തുടര്‍ച്ച തന്നെയാണ് ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്ത്. അന്തര്‍ദേശീയ തലത്തിലുള്ള അധോലോക തീവ്രവാദ മയക്കുമരുന്ന് മാഫിയ സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് കടത്ത്, സ്വര്‍ണ്ണ കടത്ത് എന്നിവയില്‍ നിന്നുള്ള കള്ളപ്പണമാണ് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന അഴിമതിയും തീവ്രവാദവും കള്ളപ്പണവും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ.് അതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അംഗബലം ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം.
1947- ല്‍ ഭാരതത്തിലെ ജനസംഖ്യ 34 കോടി മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ജനസംഖ്യ 146 കോടിയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യം ഭാരതമാണ്. സാമ്പത്തിക ശക്തിയും ജനസംഖ്യയും വര്‍ദ്ധിച്ചത് പ്രകാരം ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 60 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി വര്‍ദ്ധിപ്പിക്കണം. 14 ലക്ഷം ഉള്ള സൈന്യത്തിന്റെ അംഗസംഖ്യ 20 ലക്ഷമാക്കി ഉയര്‍ത്തണം. കേന്ദ്ര പോലീസ് സേന (സിആര്‍പിഎഫ്), അതിര്‍ത്തി സംരക്ഷണ സേന, വ്യവസായ സംരക്ഷണ സേന എന്നിവയുടെ അംഗബലം വര്‍ദ്ധിപ്പിക്കണം. രാജ്യത്തിന്റെ സമ്പത്ത് അധോലോക തീവ്രവാദ മയക്കുമരുന്ന് കള്ളപ്പണ കള്ളക്കടത്ത് മാഫിയസംഘങ്ങള്‍ കൊള്ളയടിക്കാതെ സൂക്ഷിക്കണം.





















