കൂകിപാഞ്ഞും പറന്നും ഞാനെത്തുമ്പോഴേക്ക്..
കടലിനെ മുത്താന്‍ ചുണ്ടു ചേര്‍ത്തു നില്‍ക്കുന്ന
സൂര്യനെ നോക്കി,
ചോര വാര്‍ന്നു പിടയുന്ന പകലില്‍,
വീടിന്റെ വരാന്തയില്‍,
എണ്‍പതുകാരനും എഴുപത്തഞ്ചുകാരിയും
എപ്പോഴോ ഉറച്ചു പോയിട്ടുണ്ടാവണം.
കണ്ണുകളില്‍ കലങ്ങിമറിയുന്ന കടലും,
കാതുകളില്‍ കൂടു തകര്‍ന്നൊരു കാക്കക്കരച്ചിലുമായി.
കൂകി പാഞ്ഞും പറന്നും ഞാനെത്തുമ്പോഴേക്ക് ,
അയാളുടെ കണ്ണുകളില്‍ നിന്നും ഒരു പുഴ അവളുടെ
വിണ്ടുകീറിയ വിളനിലങ്ങളെ പുഷ്പിച്ചിട്ടുണ്ടാവണം.
കൂകി പാഞ്ഞും പറന്നും ഞാനെത്തുമ്പോഴേക്ക്
വെന്തടിഞ്ഞ ചോറ് ആരോ നാക്കിലയില്‍
ഉരുട്ടി വെച്ചിട്ടുണ്ടാവണം.
ആകാശത്തേക്കു നോക്കി നനഞ്ഞ കൈകൊട്ടി
വിളിക്കുമ്പോഴേക്കും
കൂകി പാഞ്ഞും പറന്നും ഞാനവിടെ
എത്തുമായിരിക്കും…
അപ്പോഴേക്കും തൂണിനോട് ചേര്‍ത്ത് ആരോ നിര്‍മ്മിച്ചു വെച്ച വയസ്സന്‍ മെഴുകുപ്രതിമ
സ്വയം വെന്തു വെന്ത് ഉരുകിയൊലിക്കാന്‍
തുടങ്ങിയിട്ടുണ്ടാവണം.






















