പുഴപഠിപ്പിച്ചുവെന്നെപ്പലതുമേ,
പുറകിലേക്കുമിടയ്ക്ക് നടക്കുവാന്‍
പഴയയോര്‍മ്മക്കാലത്തേക്കിടയ്ക്കിടെ
തിരികെ ഞാനും മടങ്ങുന്നതങ്ങനെ
വെറുതെയൊട്ടിരിക്കുന്നേരമല്ലത്,
വെളിവു മങ്ങിക്കിടക്കുമ്പൊഴല്ലത്,
തിരിവെളിച്ചമായെന്റെ മാര്‍ഗ്ഗങ്ങളില്‍
ത്തരികയാണവ ലക്ഷ്യങ്ങളൊക്കെയും.
ചെറുതരംഗം, അനക്കങ്ങള്‍ കോളുകള്‍
നിറയുമുച്ചലജ്ജീവിതസ്പന്ദമായ്,
പറയുമാറുണ്ടതെന്നോട് നീള്‍പ്പുഴ
പഴയ നാടിന്‍ ചരിത്രങ്ങളങ്ങനെ.
പുഴ കരയ്‌ക്കൊപ്പമായൊഴുകുന്നുവോ
കരകളുണ്ടാക്കിയങ്ങു പോകുന്നുവോ
ഇരുകരയ്ക്കിടെ തമ്മിലകറ്റലോ
ഇരുകരകളെ ഒന്നിച്ചു നിര്‍ത്തലോ?
കരയിടയ്ക്കുള്ള സംസാര സാഗരം,
അതിലടങ്ങുന്നു ജീവന്റെയുത്ഭവം,
അവിടെയാരാണു തോണിയില്‍ കൂട്ടിരു-
ന്നരിയ കൈവര്‍ത്തകക്കരുത്താവിത്!
തുഴയുമാറില്ലവന്‍ തോണി, നീളെയോ
കുറുകെയോ പോകുവാനായൊരിക്കലും
അമരമാണവന്‍ കാക്കുന്നു നിത്യവും,
തുഴയെറിഞ്ഞങ്ങുപോകേണ്ടതുണ്ടുനാം
ഒരു കരയ്ക്കല്‍, മറുതീരഭൂമിയോ
മതിയെനിക്കെന്ന് ഞാന്‍ നിനച്ചെങ്കിലോ!
”ഇനിയുമുണ്ട്, നീ നീളെ നോക്കീ”ടെന്നു
പറയുമാറുണ്ട് മൗനത്തിനാലവന്‍
അത് ശ്രവിക്കുവാന്‍ കാതു കൂര്‍പ്പിക്കണം
അമരമാളുന്നവന്നില്‍ ലയിക്കണം
അമരമെന്നാല്‍ മരത്തുഴയല്ലെന്നൊ-
രമരകോശം രസിച്ചു പഠിക്കണം.
പുഴ പഠിപ്പിക്കുമെന്തുമെക്കാലവും
പഴയ കാലത്തതൊക്കെയാചാരവും
അതനുഷ്ഠാനമാക്കും പ്രകാരവും
അതിനകത്താണ് ശ്വാസ വിശ്വാസവും
പുഴയരികത്ത് നന്നേ പുലര്‍ച്ചയില്‍
പുതിയ വെട്ടം പിറക്കാന്‍ തുടിക്കവേ,
പുതിയ പാഠം പഠിപ്പിച്ചു കുഞ്ഞിനെ;
സ്മരണയില്‍ക്കാലമങ്ങനുണരുന്നു
ഒരു കുടന്ന ജലം കോരിയച്ഛനും
ചെറിയ കൈയെന്റെ ചോര്‍ന്നു തീര്‍ന്നീടവേ,
”വിരലു ചേര്‍ത്ത് കൈവെള്ള കുഴിക്കുനീ
അതില്‍ നിറയ്ക്കാം”; ചിരിമൊഴി പാഠമായ്.
ഒരു പുതുപാഠമന്നു തുടങ്ങി ഞാ,-
നതുവരേയ്ക്കുമറിയാത്ത കൗതുകം,
പതിയെ ചെന്തുടുപ്പങ്ങുയരുന്നതാ,
പതിയെ, ‘ഗായത്രി’ കേട്ടു പഠിക്കുന്നു.
അതി’ലഹ’ത്തോട് ഞാനപേക്ഷിക്കുന്നു,
തരിക ബുദ്ധിയെനിക്ക്, ഞങ്ങള്‍ക്കെന്നും,
അതിന് ചേരട്ടെ ചൂടും വെളിച്ചവും,
സുഖദ വായുവാകാശവും ഭൂമിയും.
ലളിതപാഠം പ്രപഞ്ചത്തിനൊക്കെയും
മഹിതമായിപ്പറഞ്ഞ വിജ്ഞാനമേ,
അതിനെയങ്ങൊളിപ്പിച്ച ഹയഗ്രീവ
വികൃതിയെത്തീര്‍ത്ത മീനപ്രകൃതിയെ
അവയതൊക്കെയും പ്രാര്‍ത്ഥനാപൂര്‍ണമായ്
തരികയാണോര്‍മ്മമായാതെയെന്‍ പുഴ
അതിനിടയ്‌ക്കൊരു മീനം ജലോപരി
ഞൊടിയില്‍ വന്നങ്ങു പൊങ്ങിമുങ്ങുന്നുവോ!
ഇഹപരങ്ങളില്‍, ലൗകികാലൗകിക-
പ്രചലവേഗപ്രവാഹ ഭ്രമങ്ങളില്‍
വിലയമാകുന്ന വിജ്ഞാനവീചിയാല്‍
വിമലമാക്കും വിശേഷ പ്രബോധമേ,
പറയുവാന്‍പണി നന്ദി, യെന്‍ ജീവനെ
പരിണയിപ്പിച്ച് കാക്കും പ്രമോദമേ
പറകയാണിന്ന് ഞാനെന്‍ യുഗത്തോട്;
പുഴ മരിക്കാതിരിക്കുവാനോര്‍ക്കണം…






















