പണിക്കരേട്ടനെ കാണാന്‍ നടയ്ക്കല്‍ വരെ പോയതായിരുന്നു.
ആര്‍മി സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച പണിക്കരേട്ടന്‍ ഇപ്പോള്‍ അധികസമയവും വീട്ടില്‍ തന്നെയാണ്.
ഭാരതത്തിന്റെ മുക്കിലും മൂലയിലും ആന്‍ഡമാനിലും ലക്ഷദ്വീപിലുമടക്കം താമസിച്ച പണിക്കരേട്ടന് എന്തൊക്കെ അനുഭവങ്ങളാണ്. അത്തരം അനുഭവങ്ങളും അറിവുകളും ശേഖരിക്കാന്‍ വേണ്ടി ഇടയ്ക്ക് ഒന്ന് പോയി കാണുക തന്നെ വേണം.
ചെന്ന പാടെ ‘ഒക്ടോബര്‍ 10 കഴിഞ്ഞല്ലോ, മോദിജിയ്ക്ക് നോബല്‍ സമ്മാനം കിട്ടിയില്ലല്ലോ’ എന്ന് ഒരു ചിരിയോടെ പണിക്കരേട്ടന്‍. അത് പറഞ്ഞപ്പോഴാണ് കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ ആ കാര്യം ചര്‍ച്ച ചെയ്തതായി ഓര്‍ത്തത്.
‘വെനിസുവേലന്‍ പ്രതിപക്ഷ നേതാവിനാണ് ഇത്തവണ സമാധാന നോബല്‍ സമ്മാനം. രാഷ്ട്രീയക്കാരിയാണ്. ആരും അധികം അറിയപ്പെടാത്ത രാഷ്ട്രീയക്കാരി. എങ്കിലും സമാധാന സമ്മാനം ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ അതിനര്‍ഹന്‍ ലോകാരാധ്യനായ നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. പോപ്പുലാരിറ്റി നോക്കൂ. ലോകത്ത് ഏതു നേതാവുണ്ട് ഇത്രയും കീര്‍ത്തിമാനായി?’.
പണിക്കരേട്ടന്‍ ചിരിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍, ഘര്‍ മേം ഗുസ്സ് കര്‍ മാരേംഗേ.. എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ കിട്ടും? ട്രംപാണെങ്കില്‍ പാകിസ്ഥാന്റെ സുഹൃത്തും അത് യുദ്ധം നിര്‍ത്താന്‍ സഹായിച്ച മധ്യസ്ഥന്‍ എന്ന നിലയ്ക്ക് നോബല്‍ സമ്മാനം തനിക്ക് സ്വന്തമാണെന്ന് കരുതിയ ആളും.’
‘എന്തായാലും പാക് പ്രധാനമന്ത്രി വിഡ്ഢികൂശ്മാണ്ഡം ശബ്ബാഷ് ശരീഫ് പല തവണ ശുപാര്‍ശ ചെയ്തിട്ടും ട്രംപിന് കിട്ടിയില്ല. കിട്ടിയതോ അമേരിക്ക ശത്രുവായി കരുതുന്ന വെനിസുവേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ശത്രു കൊറിന്‍ മച്ചാഡോയ്ക്കും.! അമേരിക്കയ്ക്ക് സ്വല്‍പ്പം ആശ്വാസം.’ മച്ചാഡോ എന്നെ വിളിച്ചിരുന്നു അവാര്‍ഡ് എനിക്ക് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു’ എന്ന് ട്രംപ്.
‘ഹ.ഹ.ഹ.’
പണിക്കരേട്ടന്‍ പറഞ്ഞു ‘മച്ചാഡോ മോദിയെയും വിളിച്ചിരുന്നു. നേരിട്ട് കാണണം എന്നുണ്ട് എന്ന് പറഞ്ഞു. ഇനിയിപ്പോ ഇവിടെ സമര്‍പ്പിക്കാനാണാവോ? ആര്‍ക്കറിയാം. സമാധാനത്തിനുള്ള സമ്മാനം എപ്പോഴും പാശ്ചാത്യ രാഷ്ട്രീയക്കളികളാണെന്ന് എല്ലാവര്‍ക്കും അറിയാം. കിട്ടിയ ആളുകളുടെ ലിസ്റ്റ് നോക്കൂ – കൊടുത്ത കാരണവും.’
‘ശരിയാണ്, 1939 മുതല്‍ 1947 വരെ നാല് തവണ ഗാന്ധിജിക്ക് ശുപാര്‍ശ ചെയ്യപ്പെടുകയുണ്ടായി. എന്നിട്ടും നല്‍കിയില്ല, അത് ഏതു വകയില്‍ കൊള്ളിക്കും എന്ന് അവര്‍ക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞില്ലത്രേ. ഗാന്ധിജിയുടെ പൂര്‍ണ്ണ അഹിംസാ സിദ്ധാന്തം ശരിയല്ലെന്നും മാത്രമല്ല രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം വഴി ഗാന്ധിജിക്ക് നിലപാടില്‍ ഉറച്ചു നില്‍കാന്‍ കഴിയുന്നില്ല എന്നും അവര്‍ കണ്ടെത്തി. 1948 നു ശേഷം മരണാനന്തര ബഹുമതി എന്ന നിലയ്ക്ക് നല്‍കാം എന്ന് കരുതിയപ്പോള്‍ ആര്‍ക്ക് നല്‍കും? ഒസ്യത്ത് എഴുതി വെച്ചിട്ടില്ല. അനന്തരാവകാശി ആരെന്നറിയില്ല. ഗാന്ധിജി സ്വാതന്ത്ര്യാനന്തരം പിരിച്ചുവിടാന്‍ പറഞ്ഞ സംഘടനയായ കോണ്‍ഗ്രസ്സിന് നല്‍കാനും അവര്‍ക്ക് സമ്മതമായിരുന്നില്ല.’
‘അത് ശരിയായ വിലയിരുത്തല്‍ ആണ്. 1989 ല്‍ ദലായ് ലാമയ്ക്ക് കൊടുത്ത സമ്മാനം ഗാന്ധിജിയ്ക്ക് കൂടി കൊടുത്ത പോലെയായി കണക്കാക്കണം എന്ന് നോബല്‍ കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തിയത്രെ’
‘അത് കൊള്ളാം. കൊക്കിനു വെച്ചത് കുളക്കോഴിക്ക് കൊണ്ടു എന്ന ചൊല്ല് മാറ്റി കുളക്കോഴിക്കുള്ളത് കൊക്കിനു കൂടി ആണേ എന്ന പോലെ കണക്കാക്കിയാല്‍ മതി എന്ന്. അല്ലെ?’
‘ഹ ഹ.ഹ.’
‘1947 ലെ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി ഉപദേശക സമിതി ഗാന്ധിജിയെ ഇങ്ങനെ വിലയിരുത്തി: നല്ല മനുഷ്യന്‍, ആത്മീയവാദി, സംസ്‌കാരമുള്ളയാള്‍. ജനകോടികള്‍ ഇഷ്ടപ്പെടുന്നയാള്‍ എങ്കിലും ഉപദേശക സമിതി അംഗം പ്രൊഫ. ഡബ്‌ള്യു. മുള്ളര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഗാന്ധിജി ഒരു സ്വാതന്ത്ര്യ സമര നായകനാണ് അതേസമയം ഒരു സ്വേച്ഛാധിപതിയും. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ല.’
‘കോണ്‍ഗ്രസ്സുകാര്‍ ഇന്നെന്ന പോലെ അന്നും കഴിവ് കെട്ടവരായിരുന്നു. അല്ലെ? ഇന്ത്യാ വിഭജനം എന്റെ ശവശരീരത്തിന്മേല്‍ ആയിരിക്കും എന്ന് പറഞ്ഞ ആള്‍ അതിനു സമ്മതിക്കുക മാത്രമല്ല കാശ്മീരില്‍ അവര്‍ നമ്മോട് യുദ്ധം ചെയ്തുകൊണ്ടിരിക്കെ അവര്‍ക്ക് കൊടുക്കാനുള്ള പണത്തിന്റെ വീതം കൊടുക്കണം എന്ന് പറഞ്ഞു വാശി പിടിച്ച് സത്യഗ്രഹം ചെയ്യുക. അവരോ… ഒരിക്കലും ഗാന്ധിജിയുടെ ആ സാഹസമൊന്നും കാര്യമായി എടുത്തതേയില്ല. ഗാന്ധിജി ശരിക്കും പാകിസ്ഥാന്റെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടേതല്ല എന്ന് പലരും പറയാനുള്ള കാരണം മറ്റൊന്നല്ല’
‘അല്ലെങ്കിലും ഇന്ത്യ പണ്ടേ ഉണ്ടല്ലോ പാകിസ്ഥാനല്ലേ പിന്നീടുണ്ടായത്’ പണിക്കരേട്ടന്റെ ശബ്ദത്തിനു കനമുണ്ടായിരുന്നു.
‘എന്തായാലും അക്കാലത്തെ ചര്‍ച്ചകള്‍ വായിക്കുമ്പോള്‍ നോബല്‍ സമ്മാനത്തിന്റെ ഉദ്ദേശശുദ്ധിയും ഇടുങ്ങിയ കാഴ്ച്ചപ്പാടും വ്യക്തമാകുന്നുണ്ട്.’
‘2014 ല്‍ പാകിസ്ഥാനില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനായി സമരം നയിച്ച 17 കാരി മലാലയ്ക്കും ഇന്ത്യയിലെ ബാലവേലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കൈലാഷ് സത്യാര്‍ത്ഥിയ്ക്കുമാണ് നല്‍കിയത്. ആ അവാര്‍ഡില്‍ ചില സൂചനകള്‍ ഉണ്ടെന്നു മാത്രമല്ല, പാശ്ചാത്യ മാധ്യമങ്ങള്‍ പാകിസ്ഥാനിലെ ഒരു മുസ്ലീമും ഇന്ത്യയിലെ ഒരു ഹിന്ദുവും നോബല്‍ സമ്മാനം പങ്കുവെച്ചു എന്നെഴുതി. എത്ര മോശം അല്ലെ?’
‘ങാ.. അതിനാണ് എഴുത്തില്‍ കുത്ത്’ എന്ന് പറയുക. പണിക്കരേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു.
‘യാസര്‍ അറാഫത്, മ്യാന്‍മറിലെ ആങ് സാന്‍ സൂ കി, ബറാക് ഒബാമ ഇവര്‍ക്കൊക്കെ നോബല്‍ സമ്മാനം കൊടുത്തത് രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നു’
‘ശരിയാണ്. ചരിത്രത്തില്‍ അനേകം പേര് നോബല്‍ സമ്മാനം തിരസ്‌ക്കരിക്കുകയോ അവരുടെ സ്വന്തം രാജ്യം അത് വാങ്ങാന്‍ വ്യക്തികളെ സമ്മതിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഇല്ലേ?’
‘ഉവ്വ് 1925ല്‍ പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ബെര്‍ണാഡ് ഷാ ആദ്യം അത് നിരസിച്ചു. പിന്നീട് സ്വീകരിച്ചു എങ്കിലും സമ്മാന തുക വേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറഞ്ഞു. 1970 ല്‍ പ്രശസ്ത സാഹിത്യകാരന്‍ അലക്സാണ്ടര്‍ സോള്‍ഷെനിറ്റസിന്‍ സോവിയറ്റ് യൂണിയന് പുറത്ത് കടന്നാല്‍ മടങ്ങി വരാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു അവാര്‍ഡ് വാങ്ങാന്‍ പോയില്ല. പിന്നീട് സോവിയറ്റ് യൂണിയന്‍ നാട് കടത്തിയതിന് ശേഷമേ അദ്ദേഹം അത് വാങ്ങിയുള്ളൂ.
1964ല്‍ സാഹിത്യകാരന്‍ ഴാങ് പോള്‍ സാര്‍ത്രെ സമ്മാനം വാങ്ങാന്‍ കൂട്ടാക്കിയില്ല. 1973 ല്‍ വിയറ്റ്‌നാം യുദ്ധ കാലത്ത് ‘യുദ്ധം കഴിയുന്നതിനു മുന്‍പേ’ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഹെന്റി കിസ്സിങ്ര്‍ക്കും വിയറ്റ്‌നാം നയതന്ത്രകാര്യ വിദഗ്ധനായ ലെ ഡക് തോ യ്ക്കും ചേര്‍ന്നാണ് ലഭിച്ചത്. ലെ ഡക് തോ സമ്മാനം നിരസിച്ചു. രണ്ട് അവാര്‍ഡ് കമ്മിറ്റി മെമ്പര്‍മാരും അക്കാലത്ത് രാജി വെച്ചു.
യുദ്ധകാലത്ത് ജര്‍മ്മനിയിലെ ശാസ്തജ്ഞമാര്‍ക്ക് കിട്ടിയ സമ്മാനം വാങ്ങരുതെന്ന് പറഞ്ഞു ഹിറ്റ്‌ലര്‍ അവരെ പോകാനനുവദിച്ചില്ല.
അനേകം വിവാദങ്ങളില്‍ കുടുങ്ങിയ നോബല്‍ കമ്മിറ്റിയെ കളിയാക്കി കൊണ്ട് പല കാര്‍ട്ടൂണുകളും ലേഖനങ്ങളും വരാറുണ്ട്. ട്രംപിന്റെ അവാര്‍ഡ് ദാഹം നമ്മള്‍ കണ്ടതല്ലേ.’
‘ശരിയാണ് ഇതിനു ബദലായോ മറ്റോ തുടങ്ങിയതല്ലേ ഇഗ് നോബല്‍?’
‘അതെ. അമേരിക്കയിലെ ഒരു ഹാസ്യമാസികയുടെ പത്രാധിപര്‍ മാര്‍ക് അബ്രഹാംസ് തുടങ്ങിയതാണ് ഇഗ് നോബല്‍ (Ig Nobel) അവാര്‍ഡുകള്‍. വിഖ്യാത നൊബലിനൊരു പാരഡി. ‘ആദ്യം ജനങ്ങളെ ചിരിപ്പിക്കൂ പിന്നെ ചിന്തിപ്പിക്കൂ’ എന്നതാണ് അവാര്‍ഡിന്റെ ഉദ്ദേശ്യം. വിചിത്രവും വിഡ്ഢിത്തവും കലര്‍ന്ന ഗവേഷണവും മറ്റു കാര്യങ്ങളുമാണ് ഇഗ് നൊബലിന് അര്‍ഹമാകുന്നത്. നല്ല തമാശയ്ക്കുള്ള വക, വിചിത്രമായ സമ്മാനങ്ങള്‍ എന്നിവ കൊണ്ട് ഈ ഇഗ് നോബല്‍ സമ്മാനദാന ചടങ്ങു വളരെ പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുന്നു. ധാരാളം ആളുകളെ ആകര്‍ഷിക്കുന്നു.’
‘എന്നാല്‍ ഇതിലെങ്കിലും ഇന്ത്യക്കാര്‍ക്ക് വല്ലതും കിടയ്ക്കുമോ?’
‘ശ്രമിച്ചാല്‍ കിട്ടും. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇന്ത്യാക്കാര്‍ എത്രയോ കാര്യങ്ങള്‍ക്ക് ഇടം പിടിച്ചിട്ടില്ലേ? ഏറ്റവുമധികം നീളമുള്ള നഖം വളര്‍ത്തിയ ആള്‍, മീശ വളര്‍ത്തിയ ആള്‍, അട്ടത്ത് തൂങ്ങി നിന്ന ആള്‍, ചെണ്ട കൊട്ടിയ ആള്‍, ഒറ്റക്കാലില്‍ നിന്ന ആള്‍, അധികസമയം കക്കൂസിലിരുന്ന ആള്‍ ഇതൊക്കെ ഇന്ത്യക്കാര്‍ക്കായിരിക്കും. ഇഗ്നൊബേലിന് കുറച്ചു കൂടി ബുദ്ധി ഉപയോഗിക്കണം. അങ്ങേയറ്റത്തെ അസംബന്ധമായിരിക്കണം. എന്നാല്‍ അതില്‍ കാര്യവും ഉണ്ടായിരിക്കണം.’
‘ഉദാഹരണം: പറയൂ.’
‘2025 ലെ ഒരു ഇഗ് കെമിസ്ട്രി അവാര്‍ഡ് ജപ്പാനിലെ ഗവേഷകര്‍ക്ക് ലഭിച്ചത് പശുക്കളുടെ മേല്‍ സീബ്രയുടെ മേലുള്ള പോലെ ഡിസൈന്‍ വരച്ചാല്‍ പ്രാണി ശല്യത്തിന് 50 ശതമാനം കുറവുണ്ട് എന്ന കണ്ടുപിടുത്തത്തിനാണ്.’
‘ഹ..ഹ..ഹ’
‘നമ്മുടെ നാട്ടില്‍ അവാര്‍ഡിന് അര്‍ഹരായ പലരും ഉണ്ട്. ശരിക്ക് നിരീക്ഷിച്ചു ഗവേഷണം ചെയ്ത് റിപ്പോര്‍ട്ട് കൊടുത്താല്‍ ബോസ്റ്റണ്‍ വരെ പോയി വരാം. അനേകം പാരിതോഷികങ്ങളും ലോകപ്രശസ്തിയും നേടാം.’
‘നിരീക്ഷകന്മാര്‍ക്കും കേരളത്തില്‍ ക്ഷാമമില്ലല്ലോ.’
‘മോദിജിയ്ക്ക് നോബല്‍ സമ്മാനം കിട്ടിയില്ല. പോട്ടെ. ഇനി ഇഗ് നോബലിന് അര്‍ഹനായ ഒരാളുണ്ട്’
പണിക്കരേട്ടന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. ‘അതാരാ ?’
‘ഹൈഡ്രജന്‍ ബോംബ് പോക്കറ്റില്‍ ഇട്ട് നടന്ന ആള്‍. അയാളുടെ കയ്യില്‍ ഒരു മെഷീന്‍ ഉണ്ട്. ഒരു വശത്ത് ഉരുളക്കിഴങ്ങിട്ടാല്‍ മറു വശത്ത് സ്വര്‍ണ്ണക്കട്ടി വരുന്ന സാധനം.’
‘ഹ ഹ ഹ.. സ്വര്‍ണ്ണമെന്ന വാക്കേ പറയേണ്ട അത് കേട്ടാല്‍ കേരള മന്ത്രി സഭയും പാര്‍ട്ടിക്കാരും അവിടെ ഓടിയെത്തും’
‘അവര്‍ക്കും ഇഗ് നൊബേലിന് അപേക്ഷിക്കാവുന്നതാണ് സ്വര്‍ണ്ണത്തില്‍ ചെമ്പ് പൂശിയതിനെ വീണ്ടും ചെമ്പാക്കി വെക്കുന്നതിന്..! ഫയങ്കരം!’
‘ഹ ഹ ഹ’
പണിക്കരേട്ടന്‍ കുമ്പ കുലുക്കി ചിരിച്ചപ്പോള്‍ ഞാന്‍ എണീറ്റു.
സ്വസ്തി പറഞ്ഞു പിരിഞ്ഞു.





















