ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കള്ളക്കടത്ത് നടത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്ളയെ കര്‍ണ്ണാടക പോലീസ് വെടിവെച്ചു പിടികൂടി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരു സംശയം – കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പോലീസ് വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷക ജോലി ഏറ്റെടുത്തോ? അതിലും അതിശയകരമായത് ഇതിനെതിരെ ഒരു മതേതര രാഷ്ട്രീയക്കാരും പ്രതികരിച്ചില്ല എന്നതാണ്. ഇതേ സംഭവം യു.പിയില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു കോലാഹലം? പതിനൊന്നു കന്നുകാലികളുമായി ട്രക്കില്‍ വരുമ്പോള്‍ പോലീസ് കൈകാണിച്ചിട്ടും അബ്ദുള്ള നിര്‍ത്താതെ പോയി .പത്തു കി.മീ പിന്തുടര്‍ന്ന പോലീസ് തടഞ്ഞപ്പോള്‍ ജീപ്പില്‍ ട്രക്കിടിച്ച് പോലീസിനെ അപായപ്പെടുത്താനും ശ്രമിച്ചു. അബ്ദുള്ള ഓടിരക്ഷപ്പെടാന്‍ ശ്രമിക്ച്ചപ്പോള്‍ വെടിവെച്ച് പിടികൂടി എന്നാണ് പോലീസ് പറയുന്നത്. നിരപരാധിയായ മുസ്ലിം ബീഫ് വ്യാപാരിയെ പോലീസ് വെടിവെച്ചു എന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ദ് നടത്താന്‍ ഇത് നല്ല അവസരമായിരുന്നു. എന്നാല്‍ അവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ ഇത്തരം ഒരു നാടകവും ഉണ്ടായില്ല.
ഒരു മാസം മുമ്പാണ് യു.പിയിലെ പ്രയാഗ് രാജില്‍ ബിര്‍ഹ ഗ്രാമത്തില്‍ കന്നുകാലികളെ കുത്തിനിറച്ചു കൊണ്ടുപോയ ഒരു ട്രക്ക് മണ്ണില്‍ പൂണ്ടു പോയതും ട്രക്കിലുണ്ടായിരുന്ന അഞ്ച് കന്നുകാലികള്‍ ശ്വാസംമുട്ടി ചത്തതും. പശുക്കടത്തുകാരന്‍ അഖില്‍ അറസ്റ്റിലായി. ഉടനെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും പശുക്കടത്തുകാരനു വേണ്ടി രംഗത്തെത്തി. ഗോരഖ്പൂര്‍ ജില്ലയിലെ പിപ്രായിച്ച് ഗ്രാമത്തില്‍ തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളെ മോഷ്ടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച പശുഹത്യക്കാരെ പിന്തുടര്‍ന്ന പത്തൊമ്പതുകാരന്‍ ദീപക് മിശ്രയെ അവര്‍ കൊലപ്പെടുത്തി. യു.പിയില്‍ പശുക്കടത്തുകാര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവന്നതിന്റെ പേരില്‍ യോഗിസര്‍ക്കാരിനെതിരെ വന്‍ അധിക്ഷേപവര്‍ഷമാണ് നടക്കുന്നത്. യോഗി ഗോരക്ഷകരുടെ നേതാവാണെങ്കില്‍ സിദ്ധരാമയ്യ യോഗിയേക്കാള്‍ വലിയ ഗോരക്ഷകനല്ലേ?





















