ഭാരതത്തിനു പുറത്തുവെച്ച് തൂക്കിലേറ്റപ്പെട്ട ആദ്യ ഭാരതീയനായ വിപ്ലവകാരിയാണ് മദന്‍ലാല്‍ ധിംഗ്ര (1883-1909). 1883 സപ്തംബര്‍ 18 ന് അമൃതസറിലാണ് മദന്‍ലാല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, അമൃതസറിലെ പ്രശസ്തനായ നേത്ര രോഗ വിദഗ്ദ്ധനും, സിവില്‍ സര്‍ജനുമായിരുന്നു. ഏഴുമക്കളില്‍ ആറാമനായായിരുന്നു മദന്‍ലാല്‍ ജനിച്ചത്.
1906 ലാണ് സിവില്‍ എഞ്ചിനീയറിംഗ് പഠനത്തിനായി മദന്‍ലാല്‍ ലണ്ടനിലേക്കുപോകുന്നത്. അമൃതസറിലെ ധിംഗ്രകുടുംബം, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിശ്വസ്തരും, അഭ്യുദയകാംക്ഷികളുമായിരുന്നു. അതുകൊണ്ടുതന്നെ, ആദ്യനാളുകളില്‍, സ്വാതന്ത്ര്യസമരവും, വിപ്ലവുമൊന്നും മദന്‍ലാലിന്റെ മനസ്സില്‍ ഒരു വലിയ കാര്യമേ ആയിരുന്നില്ല. എന്നാല്‍ ലണ്ടനില്‍വച്ച് സാവര്‍ക്കറുടെ സ്വാധീനത്താലാണ് അദ്ദേഹം ഒരു വിപ്ലവകാരിയായി മാറുന്നത്.
സര്‍ വില്യം ഹട്ട് കഴ്‌സണ്‍ വില്ലി (Sir William Hutt Curson Wylle) എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനായിരുന്നു മദന്‍ലാല്‍ തൂക്കിലേറ്റപ്പെട്ടത്. ബ്രിട്ടീഷ് ഇന്ത്യയിലെ സേവനത്തിനുശേഷം, ബ്രിട്ടനില്‍ മടങ്ങിയെത്തിയ കഴ്‌സണ്‍ വില്ലി, ബ്രിട്ടീഷ് ഇന്ത്യയുടെ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി (Secretary of State for India) ലോര്‍ഡ് ജോര്‍ജ് ഹാമില്‍ട്ടന്റെ (Lord George Hamilton)സഹായിയായി നിയമിക്കപ്പെട്ടു. ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍, രാജാവിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവോ എന്ന് നിരീക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല.
ബ്രിട്ടനില്‍ എത്തിയിരുന്ന എല്ലാ വിദ്യാര്‍ത്ഥികളും കഴ്‌സണ്‍ വില്ലിയുടെ നിരീക്ഷണവലയത്തിലായിരുന്നു. അഭ്യുദയകാംക്ഷി എന്ന വ്യാജേന അവരില്‍ പലരുമായി അദ്ദേഹം വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. അവരെ അത്താഴത്തിനും മറ്റും ക്ഷണിക്കുകയും, അവരില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം വിവരങ്ങള്‍ ശേഖരിക്കുകയും, എന്തെങ്കിലും ‘പ്രയോജനകരമായ’ വിവരം ലഭിച്ചാല്‍, അത് ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയും ചെയ്യുകയായിരുന്നു കഴ്‌സണ്‍ വില്ലിയുടെ രീതി.
ലണ്ടനില്‍ എത്തുന്ന ഭാരതീയ വിദ്യാര്‍ത്ഥിക്കുവേണ്ടി, അഭിഭാഷകനും, ദേശീയവാദിയുമായ ശ്യാംജികൃഷ്ണ വര്‍മ്മ ആരംഭിച്ച വിദ്യാര്‍ത്ഥി വസതി (Students Hostel) ആയിരുന്നു ‘ഇന്ത്യാഹൗസ്’ (India House). ഒരു വിദ്യാര്‍ത്ഥി വസതി എന്നതിലുപരി, നിരവധി ദേശീയ പ്രസ്ഥാനങ്ങളുടെ കേന്ദ്രവും കൂടിയായിരുന്നു ‘ഇന്ത്യാഹൗസ്’. വിനായക ദാമോദര്‍ സാവര്‍ക്കര്‍, ലാലാ ഹര്‍ദയാല്‍, എം.പി.ടി ആചാര്യ, വി.വി.എസ്. അയ്യര്‍ തുടങ്ങി നിരവധി വിപ്ലവകാരികള്‍ ‘ഇന്ത്യാ ഹൗസി’ലെ അന്തേവാസികള്‍ ആയിരുന്നു. ലണ്ടന്‍ നഗരത്തില്‍ ബേസ്‌വാട്ടര്‍ (bayswater) എന്ന പ്രദേശത്തായിരുന്നു മദന്‍ലാല്‍ താമസിച്ചിരുന്നത്. അദ്ദേഹവും ‘ഇന്ത്യാഹൗസി’ലെ നിത്യസന്ദര്‍ശകനായിരുന്നു.

‘ഇന്ത്യാഹൗസും’ അവിടുത്തെ അന്തേവാസികളും, കഴ്‌സണ്‍ വില്ലിയുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ‘ഇന്ത്യാഹൗസി’നു ബദലയായി ഒരു ഹോസ്റ്റല്‍ ആരംഭിക്കുവാനുള്ള ശ്രമവും കഴ്‌സണ്‍ വില്ലി നടത്തിയിരുന്നു. ലണ്ടനിലേക്കു വരുന്ന ഭാരതീയ വിദ്യാര്‍ത്ഥികളെ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് അടുപ്പിക്കുവാന്‍ ഇതുസഹായിക്കും എന്ന് അദ്ദേഹം കരുതി. എന്നാല്‍ കഴ്‌സണ്‍ വില്ലിയുടെ ഹോസ്റ്റല്‍ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ സാവര്‍ക്കറെ ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കിയതും, കഴ്‌സണ്‍ വില്ലിയുടെ ഇടപെടലുകളായിരുന്നു.
ഭാരതത്തില്‍ സേവനത്തിലിരിക്കുമ്പോള്‍ കഴ്‌സണ്‍ വില്ലി, ധിംഗ്ര കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ലണ്ടനില്‍ എത്തിയ മദന്‍ലാലിന്, സാവര്‍ക്കറു മായും, ‘ഇന്ത്യാഹൗസ്’ ലെ മറ്റുള്ളവരുമായും ബന്ധമുണ്ടെന്നു മനസ്സിലാക്കിയ, മദന്‍ലാലിന്റെ ജ്യേഷ്ഠന്‍, തന്റെ സഹോദരനെ ഉപദേശിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴ്‌സണ്‍ വില്ലിക്ക് കത്തെഴുതിയിരുന്നു. അതേതുടര്‍ന്ന്, മദന്‍ലാലില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുവാനൊരു കുതന്ത്രം, കഴ്‌സണ്‍ വില്ലി പരീക്ഷിച്ചുവെങ്കിലും, മദന്‍ലാല്‍ അതിനോടൊന്നും പ്രതികരിക്കാത്തതുകാരണം വിജയിച്ചില്ല.
1909 ജൂലായ് ഒന്നിന് സൗത്ത് കെന്‍സിംഗ്ടണിലെ (South Ken sington)ജഹാംഗീര്‍ ഹാളില്‍ വച്ചാണ് മദന്‍ലാല്‍, കഴ്‌സണ്‍ വില്ലിയെ വധിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി, നാഷണല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (The National Indian Association-NIA) എന്ന ബ്രിട്ടീഷ് സംഘടന നടത്തി വന്നിരുന്ന പതിവ് ഒത്തുചേരലില്‍ ഒന്നില്‍ വച്ചായിരുന്നു കഴ്‌സണ്‍ വില്ലി വധിക്കപ്പെടുന്നത്. കഴ്‌സണ്‍ വില്ലി, അസോസിയേഷന്റെ ഖജാന്‍ജി (Treasurer) ആയിരുന്നു.
രാത്രി 9.30 ഓടെ മദന്‍ലാല്‍ ജഹാംഗീര്‍ ഹാളില്‍ എത്തി. ചടങ്ങില്‍ എത്തിയ മിക്കവരും അദ്ദേഹത്തിന് മുന്‍പരിചയമുള്ളവരായിരുന്നു. അവരുമായി ഇടപഴകി തന്റെ ഇരക്കുവേണ്ടി, മദന്‍ലാല്‍ കാത്തു നിന്നു. 11 മണിയോടെ കഴ്‌സണ്‍ വില്ലി ജഹാംഗീര്‍ ഹാളില്‍ എത്തി. മദന്‍ലാലിനെ കണ്ടതോടെ, ഒരു ദീര്‍ഘസംഭാഷണത്തിനെന്നപോലെ, കഴ്‌സണ്‍ വില്ലി മദന്‍ലാലിനടുത്തേക്കെത്തി. പെട്ടെന്ന്, മദന്‍ലാല്‍ ഒരു ചെറിയ കോള്‍ട്ട് പിസ്റ്റള്‍ (Colt Pistol) പുറത്തെടുത്ത്, കഴ്‌സണ്‍ വില്ലിയുടെ കണ്ണുകളിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ (Point Blank Range) നാല് വെടിയുതിര്‍ത്തു. കഴ്‌സണ്‍ വില്ലി തല്‍ക്ഷണം മരിച്ചു വീണു. കഴ്‌സണ്‍ വില്ലിയുടെ സഹായത്തിന് ഓടിയെത്തിയ ഡോ. കാവാസ് ലാല്‍ കാക്കയും (Dr. Cawas lalcaca) മദന്‍ലാലിന്റെ വെടിയുണ്ടയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിനുശേഷം, സ്വയം വെടിയുതിര്‍ത്ത് മദന്‍ലാല്‍ ആത്മഹത്യക്കു ശ്രമിച്ചു. തന്റെ പിസ്റ്റളിലെ വെടിയുണ്ടകളെല്ലാം ഉപയോഗിച്ചു തീര്‍ന്നിരുന്നതിനാല്‍, ആ ശ്രമം പരാജയപ്പെട്ടു.
അപ്പോഴേക്കും അവിടെ കൂടിയവര്‍ മദന്‍ലാലിനെ കടന്നുപിടിച്ച് കീഴ്‌പ്പെടുത്തിയിരുന്നു. ഉടന്‍തന്നെ പോലീസ് എത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആറ് അറകളുള്ള ഒരു ബെല്‍ജിയം റിവോള്‍വറും (Belgium Revolver), പോലീസ് മദന്‍ലാലില്‍ നിന്നും പിടിച്ചെടുത്തു. പിന്നീട്, മദന്‍ലാലിന്റെ ബേസ്‌വാട്ടര്‍ വസതിയില്‍ നടത്തിയ തിരച്ചിലില്‍, എഴുപതോളം വെടിയുണ്ടകളും, മറ്റൊരു റിവോള്‍വറും കണ്ടെടുക്കുകയുണ്ടായി.
മദന്‍ലാലിന്റെ മുറിയില്‍ നിന്നും അദ്ദേഹത്തിന്റെ ഷൂട്ടിങ് പരിശീലനത്തിന്റെ ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. കഴ്‌സണ്‍ വില്ലി കൊല്ലപ്പെടുന്നതിന് ആറുമാസം മുന്‍പ്തന്നെ മദന്‍ലാല്‍, ഒരു തോക്ക് ലൈസന്‍സും (Gun License), അതുപയോഗിക്കുവാനുള്ള പരിശീലനവും ആരംഭിച്ചിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം, മദന്‍ലാല്‍ ടോട്ടന്‍ഹാം കോര്‍ട്ട് റോഡിലെ (Tottenham Court Road) പരിശീലന കേന്ദ്രത്തില്‍ പോയിരുന്നു. കഴ്‌സണ്‍ വില്ലി വധിക്കപ്പെട്ട ദിവസംപോലും, അദ്ദേഹം പരിശീലനകേന്ദ്രത്തില്‍ എത്തി അവസാനവട്ട പരിശീലനം നടത്തിയിരുന്നു. അന്നേദിവസം, 18 അടി അകലെ നിന്ന്, 12 വെടിയുതിര്‍ത്തു പരിശീലിച്ചതിനുശേഷമാണ് മദന്‍ലാല്‍ ജഹാംഗീര്‍ ഹാളിലേക്കു പോകുന്നത്.
കഴ്‌സണ്‍ വില്ലിയുടെ വധത്തിന്റെ ബൗദ്ധിക തന്ത്രജ്ഞനും, സൂത്രധാരനും സാവര്‍ക്കര്‍ ആയിരുന്നു. അവരുടെ ആദ്യ ലക്ഷ്യം കഴ്‌സണ്‍ വില്ലി ആയിരുന്നില്ല. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം, ബംഗാള്‍ വിഭജിച്ച, ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ജോര്‍ജ് കഴ്‌സണ്‍ പ്രഭുവും, അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ മോര്‍ലിയും ആയിരുന്നു. അവര്‍ രണ്ടുപേരും, ബ്രിട്ടീഷ് ഇന്ത്യയിലെ സേവനത്തിനുശേഷം ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയിരുന്നു. കഴ്‌സണ്‍ വില്ലി വധിക്കപ്പെടുന്നതിന്റെ തലേദിവസം വൈകുന്നേരം നോട്ടിംഗ് ഹില്‍ ഗേറ്റ് സ്റ്റേഷനില്‍ വച്ച് (Notting Hill Gate) സാവര്‍ക്കറും, മദന്‍ലാലും കണ്ടുമുട്ടി. അവര്‍ യാത്രപറഞ്ഞുപിരിയുമ്പോള്‍, ‘ഇത്തവണ പരാജയപ്പെട്ടാല്‍, താങ്കള്‍ എന്നെ മുഖം കാണിക്കരുത്’ എന്ന് സാവര്‍ക്കര്‍ മദന്‍ലാലിനോട് കര്‍ശനമായി പറഞ്ഞു.
വധത്തിനുശേഷം, മദന്‍ലാലിനെ മെര്‍ലിബോണ്‍ (Mary lebone) പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കുറ്റപത്രം തയ്യാറാക്കി. തൊട്ടടുത്ത ദിവസം (ജൂലായ് 2) വെസ്റ്റ് മിനിസ്റ്റര്‍ പോലീസ് കോടതി (West Minister Police Court) മദന്‍ലാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡ് ചെയ്യുന്നതിനു തൊട്ടു മുന്‍പ്, മദന്‍ലാല്‍ മജിസ്‌ട്രേറ്റിനോടായി ഇപ്രകാരം പറഞ്ഞു. ‘ഡോ.ലാല്‍കാക്കയുടെ കൊലപാതകം മനഃപൂര്‍വ്വമല്ല, എന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. എന്നെ പിടി കൂടുവാന്‍ അദേഹം മുന്നോട്ടുവന്നപ്പോള്‍, ഞാന്‍ സ്വയരക്ഷക്കുവേണ്ടി വെടിയുതിര്‍ക്കുകയായിരുന്നു.’
നിര്‍ഭാഗ്യവശാല്‍, വിപ്ലവകാരികള്‍ ഒഴികെ, എല്ലാവരും മദന്‍ലാലിനെ തള്ളിപ്പറഞ്ഞു. തന്റെ മകനെ തള്ളിപ്പറഞ്ഞുകൊണ്ട് മദന്‍ലാലിന്റെ പിതാവ് ഡോ. സാഹിബ് ദത്ത ധിംഗ്ര, മോര്‍ലി പ്രഭുവിന് (Lord Morley)- കത്തയച്ചു. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘പയനിയര്‍’ (Pioneer) എന്ന പത്രത്തിലൂടെ തന്റെ മകന്റെ പ്രവൃത്തിയെ ഡോ.സാഹിബ് പരസ്യമായി തള്ളിപ്പറഞ്ഞു. മദന്‍ലാലിന്റെ രണ്ടു സഹോദരന്‍മാരും അന്ന് ലണ്ടനില്‍ വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നു (ഭജന്‍ലാല്‍ ധിംഗ്രയും, ബെഹാരിലാല്‍ ധിംഗ്രയും). അവരും പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലണ്ടനിലെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ മദന്‍ലാലിനെ തള്ളിപ്പറഞ്ഞു.
ഭാരതത്തിലും, ബ്രിട്ടനിലുമുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം മദന്‍ലാലിനെ അപലപിച്ചുകൊണ്ടൊരു പരമ്പര തന്നെ തുടങ്ങി. സുരേന്ദ്രനാഥ് ബാനര്‍ജിയുടേയും, ഗോപാലകൃഷ്ണ ഗോഖലയുടേയും നേതൃത്വത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് കഴ്‌സണ്‍ വില്ലിയുടെ വധത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും, മദന്‍ലാലിനെ അപലപിക്കുകയും ചെയ്തു. മദന്‍ലാലിനെ അപലപിച്ചതിന്, ഗോഖലെയെപ്പോലുള്ള നേതാക്കളെ മാഡം കാമ (പില്‍ക്കാലത്ത് അവര്‍ ‘ഇന്ത്യന്‍ വിപ്ലവങ്ങളുടെ മാതാവ്’ എന്ന പേരില്‍ അറിയപ്പെട്ടു) നിശിതമായി വിമര്‍ശിച്ചു. 1909 സപ്തംബര്‍ 10 നു പുറത്തിറങ്ങിയ ‘വന്ദേമാതര’ത്തില്‍ കാമ എഴുതി (Savarkar: Echos from a forgotton Past Page. 112) ‘പൂനയിലെ ഗോഖലെയേപ്പോലുള്ളവര്‍, നമ്മുടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുവാന്‍ പരമാവധി ശ്രമിക്കുന്നു. ഈ കപട ദേശസ്‌നേഹികളെല്ലാം, ഗവണ്‍മെന്റിന്റെ പ്രീതി നേടാനും, രാജ്യത്തിന്റെ പൊതുവായ നാശത്തിനിടയിലും, തങ്ങളുടെ സ്വകാര്യ സുരക്ഷ ഉറപ്പാക്കുവാനും പല തന്ത്രങ്ങള്‍ അവലംബിക്കുന്നു…. ഗോഖലെ ജനങ്ങളോട് നല്ല പ്രസംഗങ്ങള്‍ നടത്തുവാന്‍ മിടുക്കനാണ്. സുരേന്ദ്രനാഥ് ബാനര്‍ജി, ബ്രിട്ടീഷ് ജനതയുടെ ചെരുപ്പ് നക്കി ലോകത്തിന്റെ കണ്ണില്‍ പരിഹാസ്യനാകുന്നു.’
ജൂലായ് 5 ന് (1909) കഴ്‌സണ്‍ വില്ലിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനും, മദന്‍ലാലിനെ അപലപിക്കുവാനും ഇന്ത്യന്‍ സമൂഹം, ലണ്ടനിലെ കാസ്റ്റണ്‍ ഹാളില്‍ (Caxton Hall) ഒത്തുകൂടി. ആ യോഗത്തില്‍ സംസാരിച്ചവരില്‍ സുരേന്ദ്രനാഥ് ബാനര്‍ജി, ബിപിന്‍ ചന്ദ്രപാല്‍, ജി.എസ്. ഖാപര്‍ഡെ തുടങ്ങിയ വിശിഷ്ടനേതാക്കള്‍ ഉണ്ടായിരുന്നു. ഹിസ് ഹൈനസ് ആഗാഖാന്‍ ആയിരുന്നു സദസ്സിന്റെ അധ്യക്ഷന്‍. അനുശോചന പ്രഭാഷകര്‍, മദന്‍ലാലിനെതിരെ, ‘ക്രൂരന്‍’, ‘വഞ്ചകന്‍’, ‘ഭീരു’ തുടങ്ങി നിന്ദ്യമായ പല പദങ്ങളും ഉപയോഗിച്ചു.
അനുശോചന പ്രസംഗങ്ങള്‍ക്കുശേഷം, സംഘാടകരിലൊരാള്‍, മദന്‍ലാലിന്റെ, ലണ്ടനില്‍ ഉണ്ടായിരുന്ന സഹോദരന്മാരില്‍ ഒരാളെ, പ്രേക്ഷകര്‍ക്കിടയില്‍ നിന്നും സ്റ്റേജിലേക്കു കൊണ്ടുവന്നു. അയാളെ ഒന്നും സംസാരിക്കുവാന്‍ അനുവദിച്ചില്ല. ധിംഗ്രകുടുംബത്തിനുവേണ്ടി, സംഘാടകര്‍ തന്നെ മദന്‍ലാലിനെ വേദിയില്‍ വച്ച് തള്ളിപ്പറഞ്ഞു. മദന്‍ലാലിന്റെ സഹോദരന്‍, അതിനെല്ലാം സമ്മതം മൂളി സ്റ്റേജില്‍ നിന്നതേയുള്ളു.
അതിനുശേഷം, മദന്‍ലാലിന്റെ പ്രവൃത്തിയെ അപലപിക്കുന്ന പ്രമേയം, ഏകകണ്ഠമായി യോഗം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. അപ്പോള്‍ പിന്നില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചുപറഞ്ഞു, ‘ഇല്ല! ഏകകണ്ഠമായല്ല!’ സഭ നിശബ്ദമായി. ആരാണീ ധീരമായ പ്രസ്താവന നടത്തിയത് എന്നവര്‍ തിരിഞ്ഞുനോക്കി. തന്റെ സുഹൃത്തായ മദന്‍ലാലിനെ പിന്തുണച്ച് രംഗത്തെത്തിയത്, സാവര്‍ക്കറായിരുന്നു. അവിടെ കൂടിയിരുന്നവര്‍ സാവര്‍ക്കര്‍ക്കുനേരേ പാഞ്ഞടുത്തു. കൈകള്‍ മടക്കി, തലയുയര്‍ത്തി, സാവര്‍ക്കര്‍ ശാന്തനായി നിന്നു. സാവര്‍ക്കറെ അവര്‍ തലങ്ങും, വിലങ്ങും അടിച്ചു. മൂക്കിലൂടെ രക്തം വാര്‍ന്നൊഴുകി. സാവര്‍ക്കര്‍ക്കൊപ്പം, വിപ്ലവ സുഹൃത്തുക്കളായ വി.വി.എസ്. അയ്യരും (V.V.S. Aiyar), എം.പി.റ്റി ആചാര്യയും (M.P.T. Acharya), ഗ്യാന്‍ചന്ദ് വര്‍മ്മയും ഉണ്ടായിരുന്നു. ആള്‍ക്കൂട്ടം സാവര്‍ക്കറെയും, സുഹൃത്തുക്കളെയും ഹാളില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെറിഞ്ഞു. അപ്പോഴും, താന്‍ പ്രമേയത്തെ എതിര്‍ക്കുന്നു എന്ന് സാവര്‍ക്കര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
നിരായുധരായ സാവര്‍ക്കറോടും, സുഹൃത്തുക്കളോടും പെരുമാറിയ രീതി വേദിയിലുണ്ടായിരുന്ന സുരേന്ദ്രനാഥ ബാനര്‍ജിക്കും, ആഗാഖാനും ഇഷ്ടമായില്ല. ബാനര്‍ജി, പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. തൊട്ടടുത്ത ദിവസത്തെ ടൈംസില്‍ (ബ്രിട്ടീഷ് ദിനപത്രം) സാവര്‍ക്കര്‍ എഴുതിയ വിശദമായ ഒരു കത്ത് പ്രസിദ്ധീകരിച്ചു. വിചാരണ നേരിടുന്ന ഒരാളെ, പൊതുയോഗത്തില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് നിയമത്തിന്റെയും, കോടതിയുടേയും അധികാരത്തിലുള്ള കടന്നുകയറ്റമാണന്ന്, സാവര്‍ക്കര്‍ എഴുതി. പ്രമേയത്തെ താന്‍ എതിര്‍ത്തതോടെ, ഏകകണ്ഠമായി പാസാക്കിയതായി പ്രഖ്യാപിക്കുവാന്‍ കഴിയില്ലെന്ന വസ്തുത അധ്യക്ഷന്റെ ശ്രദ്ധയില്‍ പെടുത്തിയത്, ഒരു വോട്ടര്‍ എന്ന നിലയില്‍ തന്റെ അവകാശമാണന്നു സാവര്‍ക്കര്‍ വാദിച്ചു. സാവര്‍ക്കറുടെ കത്തിലെ ഉള്ളടക്കവും, അതില്‍ ഉയര്‍ത്തിക്കാട്ടിയ നിയമപരമായ നിലപാടും, ലണ്ടനിലെ നിരവധി പ്രമുഖ പത്രങ്ങള്‍ ചര്‍ച്ച ചെയ്തു.

1909 ജൂലായ് 10 ന് മദന്‍ലാലിന്റെ വിചാരണ ആരംഭിച്ചു. കഴ്‌സണ്‍ വില്ലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. തോമസ് നെവില്‍ ഉള്‍പ്പെടെ, ധാരാളം സാക്ഷികളെ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മദന്‍ലാലിന്റെ പിതാവിനുവേണ്ടി ടിന്‍ഡാല്‍ അറ്റ്കിന്‍സണ്‍ എന്ന അഭിഭാഷകന്‍ ഹാജരായി. അറ്റ്കിന്‍സന്‍, തന്റെ കക്ഷിക്കുവേണ്ടി മദന്‍ലാലിനെ കോടതിയില്‍ തള്ളിപ്പറഞ്ഞു.
മദന്‍ലാല്‍ സ്വയം കേസ് വാദിക്കുകയാണുണ്ടായത്. തനിക്കെതിരെ കോടതിയില്‍ നിരത്തിയ സാക്ഷിമൊഴികളൊന്നും, അദ്ദേഹം എതിര്‍ത്തില്ല. എന്നാല്‍ അദ്ദേഹം ചരിത്രപരമായ ഒരു പ്രസ്താവന കോടതിയില്‍ നടത്തി. അതിന്റെ പൂര്‍ണ്ണ പരിഭാഷ താഴെ ചേര്‍ക്കുന്നു.
‘എന്റെ പ്രതിരോധത്തിനായി ഞാന്‍ ഒന്നും പറയുവാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് എന്റെ പ്രവൃത്തിയുടെ നീതി തെളിയിക്കുവാനാണ് ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ച്, ഒരു ഇംഗ്ലീഷ് കോടതിക്കും എന്നെ അറസ്റ്റ് ചെയ്യുവാനോ, ജയിലില്‍ അടയ്ക്കുവാനോ, അല്ലെങ്കില്‍ വധശിക്ഷക്കു വിധിക്കുവാനോ അധികാരമില്ല. അതുകൊണ്ടാണ് എനിക്കുവേണ്ടി വാദിക്കുവാന്‍ ആരെയും ഏര്‍പ്പാടാക്കാതിരുന്നതും.
ജര്‍മന്‍കാര്‍ ഈ രാജ്യം (ബ്രിട്ടന്‍) പിടിച്ചടക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പോരാടുന്നത് ഒരു ഇംഗ്ലീഷുകാരന് ദേശസ്‌നേഹമാണെങ്കില്‍, എന്റെ കാര്യവും, ന്യായവും, ദേശസ്‌നേഹപരവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ 80 ദശലക്ഷം ഇന്ത്യന്‍ ജനതയെ കൊലപ്പെടുത്തിയതിന് ഉത്തരവാദികള്‍ ഇംഗ്ലീഷുകാരാണെന്ന് ഞാന്‍ കരുതുന്നു. കൂടാതെ ഇന്ത്യയില്‍ നിന്നും ഓരോ വര്‍ഷവും 100,000,000 പൗണ്ട് ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടു പോകുന്നതിനും അവര്‍ ഉത്തരവാദികളാണ്. എന്റെ ദേശസ്‌നേഹികളായ നാട്ടുകാരെ തൂക്കിലേറ്റുന്നതിനും, നാടുകടത്തുന്നതിനും, ഞാന്‍ അവരെ ഉത്തരവാദികളാക്കുന്നു.
ജര്‍മന്‍കാര്‍ക്ക് ഈ രാജ്യം പിടിച്ചടക്കുവാന്‍ അവകാശമില്ലാത്തതുപോലെ, ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യ കൈവശപ്പെടുത്തുവാനും അവകാശമില്ല. നമ്മുടെ പുണ്യഭൂമിയെ മലിനമാക്കുന്ന ഇംഗ്ലീഷുകാരനെ വധിക്കുന്നത്, നമ്മുടെ ഭാഗത്തുനിന്നും തികച്ചും ന്യായമാണ്. ഇംഗ്ലീഷുകാരുടെ ഭയാനകമായ കാപട്യം, പ്രഹസനങ്ങള്‍, പരിഹാസം എന്നിവയില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. അടിച്ചമര്‍ത്തപ്പെട്ട മാനവികതയുടെ ചാമ്പ്യന്മാരായി അവര്‍ വേഷം കെട്ടുന്നു. ഒന്നോ, രണ്ടോ, ജര്‍മന്‍കാരെ കൊന്ന ഇംഗ്ലീഷുകാരെ ഈ രാജ്യം (ബ്രിട്ടന്‍) ദേശസ്‌നേഹികളായി കണക്കാക്കുന്നു. എങ്കില്‍ തീര്‍ച്ചയായും എന്റെ മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഞാനും തയ്യാറാണ്.
ഈ പ്രസ്താവന, ഞാന്‍ ദയക്കോ, മറ്റെന്തങ്കിലും അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല. ഇംഗ്ലീഷുകാര്‍ എന്നെ വധശിക്ഷക്കു വിധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, അത് എന്റെ നാട്ടുകാരുടെ പ്രതികാരം കൂടുതല്‍ തീക്ഷ്ണമാക്കും. ലോകത്തിന്റെ മുന്‍പില്‍, പ്രത്യേകിച്ചും, അമേരിക്കയിലും, ജര്‍മനിയിലുമുള്ള ഞങ്ങളുടെ അനുഭാവികളുടെ മുന്‍പില്‍, എന്റെ നീതി വെളിപ്പെടുത്തുവാനാണ് ഞാന്‍ ഈ പ്രസ്താവന മുന്നോട്ടു വയ്ക്കുന്നത്.’
മദന്‍ലാല്‍ പറഞ്ഞവസാനിച്ചപ്പോള്‍, കോടതിമുറി പൂര്‍ണ്ണമായും നിശബ്ദമായിരുന്നു. മദന്‍ലാലിനെ തൂക്കിലേറ്റുവാന്‍ കോടതി വിധിച്ചു. വിധികേട്ട മദന്‍ലാല്‍, ജഡ്ജിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ‘നന്ദി, വിധി ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.’
ബ്രിക്‌സ്ടണ്‍ (Brixton) ജയിലിലായിരുന്നു മദന്‍ലാലിനെ പാര്‍പ്പിച്ചിരുന്നത്. സ്വന്തം കുടുംബവും, സമൂഹവും തള്ളിപ്പറഞ്ഞപ്പോഴും, സാവര്‍ക്കര്‍ മദന്‍ലാലിനോടൊപ്പം ഉറച്ചുനിന്നു. സാവര്‍ക്കര്‍ അദ്ദേ ഹത്തെ പല പ്രാവശ്യം ജയിലില്‍ ചെന്നു കണ്ടു. വികാരനിര്‍ഭരമായ കൂടിക്കാഴ്ചകളായിരുന്നു അവയൊക്കെ. സാവര്‍ക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍, മദന്‍ലാല്‍ ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചു. തനിക്ക് ഒരു ചെറിയ കണ്ണാടി ലഭിക്കണം, കഴുമരത്തിലേക്കു പോകുന്നത്, പ്രസന്നമായ മുഖത്തോടെയാണ് എന്ന് ഉറപ്പുവരുത്തുവാന്‍. ഹിന്ദു ആചാരങ്ങള്‍ക്കനുസൃതമായി വേണം തന്നെ സംസ്‌ക്കരിക്കുവാന്‍. അഹിന്ദുവായ ആരെയും തന്റെ ശരീരത്തില്‍ തൊടുവാന്‍ അനുവദിക്കരുത്. തന്റെ വസ്ത്രങ്ങളും, മറ്റു വസ്തുക്കളും വിറ്റുകിട്ടുന്ന പണം ദേശീയ ലക്ഷ്യത്തിനായി വിനിയോഗിക്കണം.
എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന കോടതിയില്‍ വായിക്കുവാന്‍ മദന്‍ലാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പോലീസ് അതിന് അനുമതികൊടുത്തില്ല. മദന്‍ലാലിന്റെ പ്രസ്താവന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുവാന്‍ സാവര്‍ക്കര്‍ തീരുമാനിച്ചു. മദന്‍ലാലിന്റെ രക്തസാക്ഷിത്വത്തിനു മുന്‍പ്, അദ്ദേഹത്തിനു പറയുവാനുള്ളത് ലോകം കേള്‍ക്കണം എന്ന് സാവര്‍ക്കര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഗ്യാന്‍ചന്ദ് വര്‍മ എന്ന വിപ്ലവകാരിയെ, പ്രസ്താവനയുമായി, സാവര്‍ക്കര്‍ പാരീസിലേക്കു പറഞ്ഞയച്ചു. അവിടെനിന്നും അത് വിവിധ അമേരിക്കന്‍, ഐറിഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. തന്റെ രണ്ട് ഇംഗ്ലീഷ് സുഹൃ ത്തുക്കളുടെ സഹായത്തോടെ, ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഡെയ്‌ലി ന്യൂസ് (Daily News) ല്‍ ആഗസ്റ്റ് 16ന് (1909), മദന്‍ലാലിന്റെ പ്രസ്താവന സാവര്‍ക്കര്‍ പ്രസിദ്ധീകരിച്ചു. മദന്‍ലാലിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു അത്. ‘വെല്ലുവിളി’ (Challenge) എന്ന തലക്കെട്ടോടുകൂടി ഡെയ്‌ലി ന്യൂസ് പ്രസിദ്ധീകരിച്ച മദന്‍ലാലിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം താഴെചേര്‍ക്കുന്നു.
‘ഇന്ത്യന്‍ യുവാക്കളെ മനുഷ്യത്വരഹിതമായി തൂക്കിലേറ്റിയതിനും, നാടുകടത്തിയതിനും ഉള്ള എളിയ പ്രതികാരമായി ഇംഗ്ലീഷ് രക്തം ചൊരിയുവാന്‍ ഞാന്‍ ശ്രമിച്ചു എന്നു സമ്മതിക്കുന്നു. ആ ശ്രമത്തില്‍, എന്റെ മനഃസാക്ഷിയോടല്ലാതെ, മറ്റാരോടും ഞാന്‍ കൂടിയാലോചിച്ചിട്ടില്ല. എന്റെ കടമയോടല്ലാതെ, മറ്റാരുമായും ഞാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല.
അടിമത്തത്തില്‍ കഴിയുന്ന ഒരു രാജ്യം, ശാശ്വതമായ യുദ്ധാവസ്ഥയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിരായുധരായ ഒരു വംശത്തിന് തുറന്ന യുദ്ധം അസാധ്യമായതിനാല്‍, ആകസ്മികമായി ഞാന്‍ ആക്രമിച്ചു. ആയുധങ്ങള്‍ എനിക്ക് നിഷേധിക്കപ്പെട്ടതിനാല്‍, ഞാന്‍ എന്റെ പിസ്റ്റള്‍ (Pistol) എടുത്തു വെടിവെച്ചു.
ഒരു ഹിന്ദു എന്ന നിലയില്‍, എന്റെ രാജ്യത്തോട് ചെയ്യുന്ന തെറ്റുകള്‍, ദൈവത്തെ അപമാനിക്കുന്നതിനു തുല്യമാണ് എന്നെനിക്കു തോന്നുന്നു. ബുദ്ധിയും, ആരോഗ്യവും മോശമായ എന്നെപ്പോലെ ഒരു മകന്, സ്വന്തം രക്തമല്ലാതെ മറ്റൊന്നും അമ്മയ്ക്കുവേണ്ടി സമര്‍പ്പിക്കാനില്ല. അതിനാല്‍ ഞാന്‍ അത് അവളുടെ ബലിപീഠത്തില്‍ ത്യജിച്ചു. അവളുടെ വിശേഷണം ശ്രീരാമന്റെ വിശേഷണമാണ്. അവളെ സേവിക്കുന്നത്, ശ്രീകൃഷ്ണനുള്ള സേവനങ്ങളാണ്. ഇന്ത്യക്കും ഇംഗ്ലണ്ടിനുമിടയിലെ ഈ സ്വാതന്ത്ര്യസമരം, ഹിന്ദുക്കളും, ഇംഗ്ലീഷുകാരും നിലനില്‍ക്കുന്നിടത്തോളം തുടരും.
ഇന്ത്യയില്‍ ഇപ്പോള്‍ ആവശ്യമുള്ള ഒരേയൊരു പാഠം, എങ്ങിനെ മരിക്കണം എന്ന് പഠിക്കുക എന്നതാണ്. അതു പഠിക്കുവാനുള്ള ഏകമാര്‍ഗം, സ്വയം മരിക്കുക എന്നതാണ്. അതുകൊണ്ട് ഞാന്‍ മരിക്കുകയും, എന്റെ രക്തസാക്ഷിത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തോടുള്ള എന്റെ ഒരേ ഒരു പ്രാര്‍ത്ഥന ഇതാണ്. ‘ഞാന്‍ ഇതേ അമ്മയില്‍ നിന്ന് പുനര്‍ജനിക്കട്ടെ. അവള്‍ സ്വതന്ത്രയാകുന്നതുവരെ, ഇത്ര പവിത്രമായ ലക്ഷ്യത്തിനുവേണ്ടി വീണ്ടും മരിക്കുവാന്‍ സാധിക്കട്ടെ, വന്ദേമാതരം.’
1909 ആഗസ്റ്റ് 17 ന് രാവിലെ ഒന്‍പതുമണിക്ക് മദന്‍ലാല്‍ ധിംഗ്ര സന്തോഷത്തോടെ മരണത്തെ ആശ്ലേഷിച്ചു. ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ അപേക്ഷ ബ്രിട്ടീഷുകാര്‍ നിരസിച്ചു. അദ്ദേഹത്തെ ജയിലിനുള്ളില്‍ തന്നെ അടക്കം ചെയ്തു. ഗ്യാന്‍ ചന്ദ് വര്‍മ, ജയിലിനു പുറത്ത്, ആചാരങ്ങള്‍ അനുഷ്ഠിക്കുകയും, തല മുണ്ഡനം ചെയ്യുകയും ചെയ്തു. 1976 ഡിസംബര്‍ 13 ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മദന്‍ലാല്‍ ധിംഗ്രയുടെ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ ജന്മനാടായ അമൃതസറിലേക്ക് കൊണ്ടുവരുന്നതും, അവിടെ ഒരു സ്മാരകം പണിയുന്നതും. മദന്‍ലാല്‍ ധിംഗ്രയുടെ അവസാന വാക്കുകളെ ‘ദേശസ്‌നേഹത്തിന്റെ പേരില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മഹത്തരം’ എന്നാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്.
അവലംബം: ‘Savarkar: Echos from a forgotten Past’ By Dr. Vikram Sampath.





















