സ്ത്രീയെ അടിക്കാനും കീഴടക്കാനും പറയുന്നത് സ്രഷ്ടാവായ ഏകദൈവം അല്ലാഹുവാണ്. ഈ അല്ലാഹു മുഹമ്മദ് നബിയിലൂടെയുള്ള സമുദായ പ്രബോധനം കൂടാതെ മുഹമ്മദിന്റെ വീട്ടുകാര്യങ്ങളിലും പ്രബോധനം നടത്തിയിരുന്നു. സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പര്യമുള്ള വ്യക്തികള്‍ മറ്റുള്ളവരും തന്നെപ്പോലെയാണെന്ന ധാരണയില്‍ പുരുഷന്മാരെ സ്തീകളില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്. ഇതൊരു മാനസിക പ്രശ്‌നമാണ്. മുഹമ്മദിന്റെ വീട്ടില്‍ വരുന്ന മുഹമ്മദിന്റെ അനുയായികള്‍ വീട്ടില്‍ അധികം നേരം നില്‍ക്കുന്നതും തന്റെ ഭാര്യമാരോട് അടുത്ത് പെരുമാറുന്നതും മുഹമ്മദ് ഇഷ്ടപ്പെട്ടിരുന്നില്ല. മുഹമ്മദ് മുഹമ്മദിന്റെ വളര്‍ത്ത് മകന്റെ ഭാര്യ സൈനബയെ കണ്ട് ഇഷ്ടപ്പെട്ട് വളര്‍ത്തുമകനെ കൊണ്ട് അവളുമായിട്ടുള്ള വിവാഹബന്ധം വേര്‍പെടുത്തി മുഹമ്മദ് അവളെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്ന സാഹചര്യമായിരുന്നു അത്. നിരവധി ഭാര്യമാര്‍ മുഹമ്മദിന് ഉള്ളപ്പോഴായിരുന്നു ഈ വിവാഹവും. തന്റെ കൂടെ യുദ്ധത്തിലും തൊട്ട് എല്ലാത്തിലും വരുന്ന വിശ്വസ്തരെ തന്റെ സംശയത്തിന്റെ പേരില്‍ വീട്ടില്‍ വരുന്നത് തടയുവാന്‍ മുഹമ്മദിന് കഴിയുമായിരുന്നില്ല. അവര്‍ വീട്ടില്‍ വരുന്നതും തന്റെ ഭാര്യമാരോട് വാചകമടിച്ച് അധികം നേരം ഇരിക്കുന്നതും മുഹമ്മദ് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുവാന്‍ ഉടനെ ഏകദൈവമായ അള്ളാഹു മുഹമ്മദിന് വേണ്ടി ആയത്ത് ഇറക്കിക്കൊടുത്തു. ഇതാണ് ആയത്ത് 32:53. മുഹമ്മദ് ലജ്ജ മൂലം നിങ്ങളോട് പറയുവാന്‍ മടിക്കുന്ന കാര്യങ്ങള്‍ അള്ളാഹു നിങ്ങളോട് പറയുന്നുവെന്നുള്ളതാണ്. ‘സത്യവിശ്വാസികളെ, വല്ല ഭക്ഷണവും കഴിക്കാന്‍ ക്ഷണിച്ചു കൊണ്ട് നിങ്ങള്‍ക്ക് അനുവാദം കിട്ടിയാല്‍ അല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. അത് (ഭക്ഷണം ) പാകമാകുന്നത് നോക്കിയിരിക്കുന്നവരാകാത്ത നിലക്ക് വേണം പ്രവേശിക്കാന്‍. പക്ഷേ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞ് പോകുകയും ചെയ്യുക. വല്ല വര്‍ത്തമാനത്തിനും വേണ്ടി രസം കൊള്ളുന്നവരായി അവിടെ നില്‍ക്കരുത്. തീര്‍ച്ചയായും നബിയെ അതെല്ലാം ശല്യം ചെയ്യുന്നതാണ്. നിങ്ങളോട് അപ്പോള്‍ അത് തുറന്ന് പറയുവാന്‍ അദ്ദേഹം ലജ്ജിക്കുന്നു. സത്യം തുറന്ന് പറയുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല. നബിയുടെ ഭാര്യമാരോട് വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ മറയുടെ പിന്നില്‍ നിന്നുകൊണ്ടും അവരോടത് ചോദിക്കുക. നിങ്ങളുടെയും അവരുടെയും ഹൃദയങ്ങള്‍ക്കു കൂടുതല്‍ ശുദ്ധി നല്‍കുക അതാണ്. അള്ളാഹുവിന്റെ ദൂതനെ ശല്യം ചെയ്യുവാന്‍ പാടില്ല. നബിക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ ഒരിക്കലും നിങ്ങള്‍ വിവാഹം ചെയ്യുവാനും പാടില്ല. തീര്‍ച്ചയായും അതെല്ലാം അള്ളാഹുവിങ്കല്‍ വളരെ ഗൗരവമുള്ള കാര്യമാണ് (ഖുര്‍ആന്‍ 32:53).
വളര്‍ത്തുമകനെ സ്വന്തം മകനായി കാണുകയും ഇയാളുടെ ഭാര്യയെ സ്വന്തം മരുമകളുമായി കാണുന്ന രീതി തന്നെയായിരുന്നു അറേബ്യയിലും ഉണ്ടായിരുന്നത്. സൈദ് എന്നയാള്‍ മുഹമ്മദ് നബിയുടെ വളര്‍ത്തുമകനായിരുന്നു. സൈദ്ബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. സൈനബിയായിരുന്നു ഇയാളുടെ ഭാര്യ. എന്നാല്‍ പിന്നിട് മുഹമ്മദിന് സൈദിന്റെ ഭാര്യ സൈനബിനോട് താല്‍പര്യം തോന്നുകയും ഇത് മനസ്സിലാക്കിയ സൈദ് സൈനബിനെ ഒഴിവാക്കി മുഹമ്മദ് നബിക്ക് വിവാഹത്തിന് അവസരം ഒരുക്കുകയും ചെയ്തു. പക്ഷേ നാട്ടുകാര്‍ മുഹമ്മദ് മരുമകളെ കെട്ടുന്നതായി ആക്ഷേപം ഉന്നയിച്ചു. അപ്പോഴാണ് ഈ ആയത്ത് ഇറങ്ങുന്നത്. മരുമകളെന്ന് കണക്കാക്കിയവളെ കെട്ടുന്ന കാര്യം നിങ്ങളോട് പറയുവാന്‍ മുഹമ്മദിന് ലജ്ജ തോന്നുന്ന കാരണത്താല്‍ അള്ളാഹു പറയുന്നുവെന്നാണ് പറയുന്നത്. അള്ളാഹു പറയുന്നുവെന്നും പറഞ്ഞ് പറയുന്നത് മുഹമ്മദ് തന്നെയാണ്. പറഞ്ഞതിന്റെ ചുരുക്കം ഇത്രയേയുള്ളു. നബിയുടെ വീട്ടിലേക്ക് വിളിക്കാതെ ഒരുത്തനും വരരുത്. ക്ഷണിച്ചിട്ട് വന്നാല്‍ ഭക്ഷണം കഴിച്ച് സ്ഥലം വിട്ടോളണം. ഭക്ഷണം പാകമാകുന്ന സമയം നോക്കി വന്നാല്‍ മതി.
സ്ത്രീകള്‍ പൊതുരംഗത്ത് വരരുത്, സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്, ചാടരുത്, ഓടരുത്, ആടരുത്, പാടരുത് എന്ന് തുടങ്ങി സ്ത്രീക്ക് നേരെ അരുതുകളുടെ വിലക്കുകള്‍ പ്രഖ്യാപിക്കുന്ന സൂക്തങ്ങളും സന്ദര്‍ഭങ്ങളും ധാരാളമായി മുസ്ലിം പ്രമാണങ്ങളിലുണ്ട്. ഇസ്ലാം അങ്ങിനെയാണ്. മത പണ്ഡിതന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഖുര്‍ആന്‍ പറയുന്നു ‘സ്വന്തം വീടുകളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നിസ്‌കാരം മുറപോലെ അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരെ, നിങ്ങളില്‍ നിന്നും മാലിന്യം നീക്കികളയുവാനും നിങ്ങളെ നല്ലത് പോലെ ശുദ്ധീകരിക്കുവാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത് (ഖുര്‍ആന്‍ 33:33).
ഈ ആയത്തില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചാണ്. അവര്‍ വീടിന് പുറത്തുള്ള സമൂഹത്തിലും സ്വതന്ത്രയായിരുന്നുവെന്നും അവര്‍ ലോകത്തിലുള്ള മറ്റ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് ജീവിച്ചിരുന്നുവെന്നുമാണ്. അങ്ങിനെ സ്ത്രീകള്‍ ശാസനകള്‍ക്ക് വിധേയമായാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലഘട്ടത്തെയാണ് ഈ ഖുറാന്‍ വാക്യം ആ കാലഘട്ടത്തെ അജ്ഞാനകാലം എന്ന് വിളിക്കുന്നത്. ഇത് അജ്ഞാനകാലം ആയിരുന്നില്ല എന്നുള്ളതിന് ഇസ്ലാമിക ചരിത്രം തന്നെയാണ് തെളിവ്. അക്കാലത്ത് മക്കയിലെ കച്ചവടക്കാരിയായ ഒരു സമ്പന്ന വനിതയായിരുന്നു ഖദിജ. ഇവരുടെ കടയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയും വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. മുഹമ്മദിന് 25 -ഉം ഖദിജക്ക് 40-ഉം ആയിരുന്നു വയസ്സ്. ഖദിജയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. അതായത് മുഹമ്മദിന്റെ ആദ്യ വിവാഹത്തിന് മുന്‍കൈ എടുത്തത് ഭാര്യയായ സ്ത്രീ തന്നെയായിരുന്നു. പിന്നീട് ഖദിജയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു മുഹമ്മദ്. കാരണം ഖദിജയുടെ മരണം വരെ മുഹമ്മദ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തില്ല. അത്രയും പ്രാപ്തിയും ശേഷിയുമുളള ഒരു സ്ത്രീയായിരുന്നു ഖദിജ എന്ന് മനസ്സിലാക്കണം. എന്നാല്‍ ഖദിജയുടെ മരണശേഷം 10 സ്ത്രീകളെ മുഹമ്മദ് ഭാര്യമാരാക്കി.
ഖദിജ മുന്‍കൈ (കൈകാര്യധികാരം) എടുത്താണ് മുഹമ്മദിനെ വിവാഹം കഴിച്ചത്. ഇത് ഖദിജയുടെ മൂന്നാമത്തെ വിവാഹമായിരുന്നു. ഇതേ മുഹമ്മദ് തന്നെ വിവാഹത്തില്‍ സ്ത്രീയുടെ കൈകാര്യാധികാരം അല്ലാഹു പറഞ്ഞുവെന്നും പറഞ്ഞ് നിര്‍ത്തലാക്കി.
സ്ത്രീകളോട് സൗമ്യ ഭാവത്തോടെ പെരുമാറണമെന്ന് മുഹമ്മദ് നബിയുടെ ഉപദേശമുണ്ട്. ഇതിന് കാരണം സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വാരിയെല്ലില്‍ നിന്നാണ്. വാരിയെല്ലില്‍ ഏറ്റവും വളവുള്ളത് മുകള്‍ ഭാഗത്തുളളതാകുന്നു. അത് നിവര്‍ത്തി നേരെയാക്കാന്‍ നോക്കിയാല്‍ പൊട്ടിപ്പോകും. അതേപടി ഉപേക്ഷിച്ചാലോ വളഞ്ഞ് തന്നെ ഇരിക്കും. അതുകൊണ്ട് സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു (സ്വഹീഹു മുസ്ലിം 844).
പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന മുസ്ലിം ജനസംഖ്യ ഇന്ന് ലോകത്തിലെ വലിയൊരു സംഭവമാണ്. ഇതിനും മതവിധികളുണ്ട്. പതിവുപോലെ കഷ്ടപ്പാട് പെണ്ണിനാണ് ‘ഇസ്ലാമില്‍ വിവാഹത്തിന്റെ പ്രധാനോദ്ദേശ്യമായി കണക്കാക്കുന്നത് സന്താനലബ്ധിയാണ്. അതിനാല്‍ ഭാര്യ വീര പ്രസുവായിരിക്കണം. മുഹമ്മദ് നബി പറയുന്നു. ‘കൂടുതല്‍ സ്‌നേഹിക്കുകയും കൂടുതല്‍ പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക.’
ഭര്‍ത്താവിന്റെ ശരീരവും ധനവും സംരക്ഷിക്കേണ്ടതും അയാള്‍ക്ക് വിഷമം ഉണ്ടാക്കുന്ന യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കേണ്ടതും ഭാര്യയുടെ ബാധ്യതയാകുന്നു. അവള്‍ അയാളുടെ നെറ്റി ചുളിയുവാന്‍ ഇടയാക്കികൂട. ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത നിലയില്‍ അവള്‍ പ്രത്യക്ഷപ്പെടുകയുമരുത്. ആഇശ പറയുന്നു. ഞാന്‍ നബിയോട് ചോദിച്ചു. സ്ത്രീക്ക് ആരോടാണ് ഏറ്റവും വലിയ കടപ്പാട്? അവിടന്ന് പറഞ്ഞു. അവളുടെ ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു പുരുഷന് ഏറ്റവും വലിയ കടപ്പാട് ആരോടാണ്? അവിടുന്ന് പറഞ്ഞു അവന്റെ മാതാവിനോട്. സ്ത്രീക്ക് ഭര്‍ത്താവിനോടും പുരുഷന് അമ്മയോടുമാണ് കടപ്പാടെങ്കില്‍ പുരുഷന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് കൂട്ടുകയും അവന്റെ ഗൃഹകാര്യങ്ങള്‍ അവന്റെ ഇച്ഛക്കനുസരിച്ച് മാത്രം നിര്‍വഹിക്കുവാനും വിധിക്കപ്പെട്ട ഭാര്യയോട് കടപ്പാടില്ലെങ്കിലും ഭര്‍ത്താവിന്റെ പരിഗണനയെങ്കിലും വേണ്ടേ?
സ്ത്രീയോട് ഭര്‍ത്താവിനെ അനുസരിക്കാനാണ് മതം പഠിപ്പിക്കുന്നത്. നബി പറഞ്ഞു. സ്ത്രീ അഞ്ചു നമസ്‌ക്കാരങ്ങള്‍ നിര്‍വഹിക്കുകയും റമദാന്‍ മാസം നോമ്പ് അനുഷ്ഠിക്കുകയും അവളുടെ ചാരിത്ര്യം സംരക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ ഇഷ്ടമുള്ള വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെടുന്നതാകുന്നു.
ഉമ്മു സലമയില്‍ നിന്ന് നിവേദനം: നബി പറഞ്ഞു. ഏതൊരു സ്ത്രീയും ഭര്‍ത്താവ് അവളെക്കുറിച്ച് സംതൃപ്തനായിരിക്കേ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാകുന്നു.
സ്ത്രീയെ ഭര്‍ത്താവിന് മുമ്പില്‍ അനുസരണയുള്ളവളാക്കി സ്വര്‍ഗത്തിലേക്ക് കയറ്റി വിടുന്നത് പോലുള്ള പരിപാടികളൊന്നും പുരുഷന്മാര്‍ക്ക് ഇല്ല. പുരുഷന്മാരോട് സ്ത്രീയെ അനുസരണ പഠിപ്പിക്കുവാന്‍ അടിച്ചു കൊള്ളുവെന്നാണ് മതം പഠിപ്പിക്കുന്നത്.
സ്വത്തു സംബന്ധിച്ച് ഇസ്ലാമിക അനന്തരവകാശ നിയമങ്ങളില്‍ പുരുഷന്റെ പകുതിയേ സ്ത്രീക്ക് ഉള്ളു. ഖുര്‍ആന്‍ പുത്രിമാരുടെ വിഹിതത്തെക്കുറിച്ച് പറഞ്ഞു. ‘നിങ്ങളുടെ സന്തതികളെക്കുറിച്ച് അല്ലാഹു നിങ്ങളോട് ഉപദേശിക്കുന്നു. രണ്ട് സ്ത്രീകളുടെ വിഹിതം ഒരു പുരുഷനുണ്ടായിരിക്കും. രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മൊത്തം ദയാധനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ഒരു മകള്‍ മാത്രമേയുള്ളുവെങ്കില്‍ നേര്‍പകുതി അവര്‍ക്ക് നല്‍കണം.
ഇസ്ലാമിലെ അനന്തരാവകാശത്തെക്കുറിച്ച് ചെറുതായി സൂചിപ്പിക്കാം. കര്‍മശാസ്ത്രയില്‍ അനന്തരവകാശത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. ‘മക്കള്‍ക്ക് ലഭിക്കേണ്ട ദായധനത്തെക്കുറിച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷ സന്തതിക്ക് രണ്ട് സ്ത്രീ വിഹിതത്തിന് തുല്യമായ വിഹിതത്തിനവകാശമുണ്ട്. മക്കള്‍ സ്ത്രീകള്‍ മാത്രവും അവര്‍ രണ്ടില്‍ കൂടുതലുമാണെങ്കില്‍ മൊത്തം സ്വത്തിന്റെ മുന്നില്‍ രണ്ട് ഭാഗം അവര്‍ക്ക് നല്‍കണം. ഒരു സ്ത്രീ മാത്രമേ സന്തതിയായിട്ടുള്ളുവെങ്കില്‍ മൊത്തം സ്വത്തിന്റെ പകുതി അവര്‍ക്കുള്ളതാണ്. പരേതന് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും മൊത്തം സ്വത്തിന്റെ ആറിലൊന്നു വീതം നല്‍കണം. മക്കളില്ലാതെ മാതാപിതാക്കള്‍ മാത്രം അവകാശികളാകുമ്പോള്‍ മാതാവിന് മൂന്നിലൊന്ന് പരേതന് സഹോദരന്മാരുള്ളപ്പോള്‍ മാതാവിന് ആറിലൊന്നെ വരൂ. പരേതന് കടമോ വസ്യത്തോ ഉണ്ടെങ്കില്‍ അത് കഴിച്ച ശേഷമാണ് വീതം വെപ്പ്. മാതാപിതാക്കളോ മക്കളോ ആരാണ് പ്രയോജനം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവരെന്ന് നിങ്ങളറിയുന്നില്ല. ഇത് അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ട വിഹിതമാകുന്നു.
ഭാര്യയുടെ ദായധന വിഹിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങള്‍ക്ക് മക്കളില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ ശേഷിപ്പിച്ച സ്വത്തിന്റെ നാലില്‍ ഒന്ന് ഭാര്യമാര്‍ക്കുള്ളതാകുന്നു. നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ ശേഷിപ്പിച്ചതിന്റെ എട്ടില്‍ ഒന്നാണ് അവര്‍ക്കുള്ളത്. വിവിധ ബന്ധങ്ങളുടെ സ്വത്തവകാശത്തെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങളില്‍ രണ്ട് സ്ത്രീക്ക് ഒരു പുരുഷന്‍ എന്നത് തന്നെയാണ് പൊതു മാനദണ്ഡം (കര്‍മശാസ്ത്ര 1088, 89)
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡിനെതിരെ ബഹളം വെക്കുന്നത് മുഴവനും മുസ്ലിം പണ്ഡിതന്മാരാണ്. ഈ പണ്ഡിതന്മാരൊക്കെ ആണുങ്ങളാണ്. പണ്ഡിതനെയുള്ളു. എന്റെ അറിവില്‍ പണ്ഡിത ഇല്ല. ഈ അറബി നിയമം മാറ്റി ഏകീകൃത സിവില്‍കോഡ് വന്നാല്‍ കുടുംബ സ്വത്തുകള്‍ സ്ത്രീ-പുരുഷ ലിംഗ വ്യത്യാസമില്ലാതെ വീതിക്കപ്പെടും. മതത്തിലെ പുരുഷ മേധാവിത്വം തകരും.
ഈ ലിംഗ വിവേചനം കോടതി കേസുകളിലെ സാക്ഷികള്‍ക്കും ഉണ്ട്. ഇസ്ലാമില്‍ സാക്ഷികള്‍ക്ക് പ്രത്യേകതകള്‍ ഉണ്ട്. ഒരു കാര്യം ഒരേ സമയം ഒരാണും പെണ്ണും ഒരുമിച്ച് കണ്ടാലും ആണ്‍ പറയുന്നതിന്റെ പകുതി വിലയേ പെണ്ണ് പറയുന്നതിനുള്ളു. വ്യഭിചാര കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് നാലു സാക്ഷികള്‍ വേണം. ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍ നടത്തത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിങ്ങളില്‍പ്പെട്ട നാലു സാക്ഷികളെ ഹാജരാക്കണം. (അതായത് വ്യഭിചാരം നാലാള്‍ കാണ്‍കേ നടന്നാല്‍ മാത്രമേ ശിക്ഷയുള്ളുവെന്ന് ചുരുക്കം – ലേഖകന്‍) എന്നാല്‍ ളാഹിരിയ്യാ വിഭാഗം വ്യഭിചാര കേസുകളില്‍ സ്ത്രീകളുടെ സാക്ഷ്യം അനുവദിച്ചിരുന്നു. ഒരു പുരുഷന് പകരം രണ്ട് സ്ത്രീകളുടെ സാക്ഷ്യം വേണമെന്നാണ് അവരുടെ വാദം. എട്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടെങ്കില്‍ കുറ്റം തെളിഞ്ഞു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും സാക്ഷികളാണെങ്കില്‍ സ്വീകാര്യമാകുമെന്ന് മതപണ്ഡിതന്മാരായ അത്വഇന്റെയും ഹമ്മാദിന്റെയും അഭിപ്രായം.
സ്ത്രീകളെ കൂടാതെ രണ്ട് പുരുഷന്മാരുടെ സാക്ഷ്യം വ്യഭിചാര കേസല്ലാത്ത എല്ലാ സിവില്‍ ക്രിമിനല്‍ കേസുകളിലും സ്വീകാര്യമാകുന്നു. ക്രിമിനല്‍ കേസുകളില്‍ സ്ത്രീകളുടെ സാക്ഷ്യം സ്വീകാര്യമല്ലെന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അള്ളാഹു പറയുന്നു. ‘നിങ്ങളില്‍ നിന്നുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളാക്കുക. രണ്ട് പുരുഷന്മാര്‍ ഇല്ലെങ്കില്‍ സാക്ഷ്യത്തിന് പറ്റിയവരായി നിങ്ങള്‍ക്ക് തോന്നുന്ന ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും സാക്ഷികളാക്കുക. ഒരു സ്ത്രീ മറന്നാല്‍ മറ്റേ സ്ത്രീ ഓര്‍മിപ്പിക്കുന്നതിന് വേണ്ടിയാണ്.’
സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് ഇസ്ലാമില്‍ തര്‍ക്കങ്ങള്‍ ഉണ്ട്. മതപണ്ഡിതന്മാരായ മാലിക്കും ശാഫിഈ മദ്ഹബുമെല്ലാം അതിനോടനുബന്ധിച്ചതുമായ കാര്യങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യം അനുവദിച്ചിരിക്കുന്നു. ശിക്ഷകള്‍, പ്രതിക്രിയകള്‍ ( ചെയ്തത് തിരിച്ച് ചെയ്യുന്ന ശിക്ഷാരീതി) വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യം സ്വീകാര്യമല്ല. മുതലുമായി അഭേദ്യമായി ബന്ധപ്പെട്ട വക്കാലത്ത്, വസ്യത്ത് തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ സാക്ഷ്യം സ്വീകാര്യമല്ല. മുതലുമായി അഭേദ്യമായി ബന്ധപ്പെട്ട വക്കാലത്ത് വസ്യത്ത് തുടങ്ങിയ കാര്യങ്ങളില്‍ ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും സാക്ഷ്യം സ്വീകാര്യമാണെന്നാണ് പക്ഷം. രണ്ട് പുരുഷന്മാരുടെ സാക്ഷ്യം മാത്രമേ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കാവു എന്നാണ് മറുപക്ഷം.
സ്ത്രീ ശരീരത്തെ മൂടി പുതപ്പിച്ച്, ഭോഗിക്കാനും സുഖിക്കാനുമുള്ള ഒരു സ്വകാര്യ സ്വത്തായി കൊണ്ടുനടക്കുകയും അതേസമയം അവളുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് ഇസ്‌ലാമില്‍ കാണുന്നത്. ഇസ്‌ലാം സ്ത്രിയുടെ ബുദ്ധിയേയോ ചിന്തകളെയോ അംഗീകരിക്കുന്നില്ല. ഇന്ത്യ പോലെ ഒരു രാജ്യത്ത് നിലവിലുള്ള ഒരു മനുഷ്യാവകാശവും ഇസ്‌ലാമില്‍ ആണിനോ പെണ്ണിനോ ഇല്ല. മനുഷ്യാവകാശം എന്ന് പറയുന്നത് ഇസ്ലാമില്‍ ഇല്ല എന്ന് തന്നെ പറയാം. കാരണം വിശ്വാസികളെല്ലാം അള്ളാഹുവിന്റെ അടിമകളാണ്. അടിമക്കെന്ത്അവകാശം. അടിമ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് ഉടമ തീരുമാനിക്കും. ഒരു ചെരുപ്പ് എങ്ങിനെ ധരിക്കണമെന്ന് പോലും ഇസ്ലാമില്‍ മതവിധിയുണ്ട്. റസൂല്‍ പറഞ്ഞു. ‘ആരെങ്കിലും ചെരുപ്പ് ധരിക്കുകയാണെങ്കില്‍ വലത്തെ ചെരുപ്പ് ആദ്യം ധരിക്കണം. ചെരുപ്പ് ഊരുമ്പോള്‍ ഇടത്തേത് ആദ്യം ഊരുക. വലത്തേതാകട്ടെ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും (ഹദീസ് 1900). ഇനി കക്കുസില്‍ ഇരിക്കുന്നതിനുമുണ്ട് വിധിവിലക്കുകള്‍. ബുഖാരി ഹദീസ്. നബി പറഞ്ഞു. ‘നിങ്ങളാരെങ്കിലും മലമുത്ര വിസര്‍ജന സ്ഥലത്ത് പ്രവേശിച്ചാല്‍ ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ ഇരിക്കരുത്. നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരിക്കുക’ (ഹദീസ് 117). ഇനി ഇതുമായി ബന്ധപ്പെട്ട് ഉമറിന് പറയാനുള്ളത് (ഹദീസ്118). നീ വിസര്‍ജന സ്ഥലത്തിരുന്നാല്‍ ഖിബ്‌ലക്കും ബൈതുല്‍ മഖ്ദിസിനും അഭിമുഖമായി ഇരിക്കരുത് എന്ന് ചിലര്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ ഞങ്ങളുടെ വീടിന്റെ മുകളില്‍ കയറി. അപ്പോള്‍ നബി ബൈതുല്‍ മഖ്ദിസിന് അഭിമുഖമായി രണ്ട് ഇഷ്ടികയുടെ മുകളില്‍ വിസര്‍ജനത്തിന് ഇരിക്കുന്നത് കണ്ടു.
(തുടരും)





















