രാവിലെ ഓണ്‍ലൈന്‍ സത്സംഗം കഴിഞ്ഞു താഴെ ഇറങ്ങിയതായിരുന്നു. ചുണ്ടിലെ ചിരി കണ്ട് പ്രാതല്‍ തയ്യാറാക്കി എന്നെ കാത്തിരുന്ന ശ്രീമതി ചോദിച്ചു ‘ഇന്നെന്താ ഒരു ചിരി? എന്താ വായിച്ചത്?’
സത്‌സംഗത്തില്‍ യോഗയ്ക്ക് ശേഷം ഞങ്ങള്‍ ഓരോരുത്തരും ഏതെങ്കിലും അധ്യാത്മ ഗ്രന്ഥത്തില്‍ നിന്ന് എന്തെങ്കിലും സ്വല്പം വായിക്കുക എന്നത് ഒരു പതിവാണ്. എന്തും വായിക്കും. സുഭാഷിതം, വ്യക്തിത്വ വികാസത്തിന് പ്രചോദനം നല്‍കുന്ന ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളില്‍ നിന്നുള്ളതടക്കം.
‘ഞാന്‍ ഇപ്പൊ വായിക്കുന്നത് സുരേഷ് ശ്രീകണ്ടേശ്വരത്ത് എന്നയാള്‍ എഴുതിയ ബുദ്ധ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന പുസ്തകമാണ്. നന്നായി എഴുതിയിരിക്കുന്നു. അതില്‍ ബുദ്ധന്‍ പുത്രനായ രാഹുലന് ഉപദേശം നല്‍കുന്ന ഭാഗമാണ് ഇന്ന് വായിച്ചത്.’
‘നല്ലത് തന്നെ അതില്‍ ചിരിക്കാനെന്താ?’
‘നുണ പറയുന്ന രാഹുലന് അച്ഛന്റെ ഉപദേശം എന്നത് വായിച്ചിട്ടു തന്നെ’
പത്രത്തില്‍ പ്രതിപക്ഷ നേതാവ് പൊട്ടിച്ച ഹൈഡ്രജന്‍ ബോംബിന്റെ കഥ കേട്ടിട്ടായിരിക്കും അവള്‍ അര്‍ത്ഥം വെച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ങാ ഹ ഹ.. അങ്ങനെ അല്ലെ? എന്നിട്ട് ‘ആ കഥ എന്താ?’ എന്നൊരു ചോദ്യവും.
‘കഥ അവിടെ നില്‍ക്കട്ടെ എന്താ ഇന്ന് ബ്രെയ്ക്ക്ഫാസ്റ്റ്? ഇതെന്താദ്? ഗോതമ്പ് ദോശയോ?’
‘ഗോതമ്പല്ല മില്ലറ്റ് ദോശയാണ് പോര്‍സോ മില്ലറ്റ് എന്ന് വെച്ചാല്‍ പനിവരക് എന്ന് മലയാളം. മില്ലെറ്റുകളുടെ ഉപയോഗം കൂട്ടണം എന്ന് മോദിജി പറഞ്ഞിട്ടുണ്ടല്ലോ? കഴിച്ച് നോക്കൂ’
‘ഹമ്പടി..’ മില്ലറ്റുകളുടെ ഇംഗ്ലീഷ് – മലയാളം പേരുകള്‍ ഞാന്‍ പഠിച്ചു വരികയാണ്..പുതിയ ദോശ സ്വല്‍പ്പം പൊട്ടിച്ചെടുത്ത് തേങ്ങാചട്ടിണിയിലും ഉള്ളിച്ചമ്മന്തിയിലും നനച്ച് കഴിച്ചിട്ട് ഞാന്‍ പറഞ്ഞു
‘കൊള്ളാം.. ടേസ്റ്റുണ്ട്.’
‘അപ്പൊ രാഹുല്‍ നുണ?’ പുള്ളിക്കാരിയ്ക്ക് അതറിയാന്‍ തിടുക്കമായി.
‘ങാ..അപ്പൊ അമ്മ യശോധരയുടെ ഉപദേശപ്രകാരം രാഹുലന്‍ ബുദ്ധനില്‍നിന്ന് നേരിട്ട് ദീക്ഷ സ്വീകരിച്ച് സംഘത്തില്‍ ചേര്‍ന്നു. കുട്ടിയല്ലേ? എല്ലാവരുടെയും കണ്ണിലുണ്ണി. അച്ഛന്റെ ‘കമ്പനി’യാണെന്ന് കരുതി വല്ലാതെ ഞെളിയുന്നുണ്ടോ എന്ന് ബുദ്ധന് സംശയം. നമ്മളാണെങ്കിലും അങ്ങനെയാണല്ലോ. സ്വല്‍പ്പം ജാഡ കാട്ടുമല്ലോ ബുദ്ധന്റെ പ്രമുഖ ശിഷ്യന്മാരിലൊരാളായ സാരീപുത്രനായിരുന്നു രാഹുലന്റെ ഗുരു. നിത്യ പരിചയം കൊണ്ട് ഗുരുവിനോടുള്ള പെരുമാറ്റത്തില്‍ പന്തികേടുണ്ടോ, നില വിട്ട് പെരുമാറുന്നുണ്ടോ എന്ന് ബുദ്ധന് സംശയം. കൗമാര യൗവ്വനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രാഹുലന്റെ മനസ്സിന് സ്ഥൈര്യം നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു, എന്നിട്ടും ചിലപ്പോഴെല്ലാം രാഹുലന്‍ നുണ പറയുന്നതായി ബുദ്ധന്‍ കണ്ടെത്തി. ഇതൊരു ‘ശീലവൈകൃത’ മാകയാല്‍ ഒരു നാള്‍ ബുദ്ധന്‍ കുമാരനെ അരികിലേക്ക് വിളിച്ചു. അവന്റെ കയ്യില്‍ ഒരു ഭിക്ഷാപാത്രം നല്‍കി കുറച്ചു വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. രാഹുലന്‍ അത് ‘അക്ഷരംപ്രതി’ അനുസരിച്ചു. ബുദ്ധന്‍ രാഹുലനോട് ആ പാത്രത്തിലേക്ക് നോക്കാന്‍ പറഞ്ഞു. വളരെ കുറച്ചു വെള്ളമേ അതിലുണ്ടായിരുന്നുള്ളു. ബുദ്ധന്‍ പറഞ്ഞു: ‘നോക്കൂ, കുമാരാ ഈ പാത്രത്തില്‍ കുറച്ചു ജലം മാത്രമേയുള്ളു. ഒരാള്‍ നിരന്തരമായി നുണ പറയുകയും അതില്‍ അയാള്‍ക്ക് ലജ്ജ തോന്നാതിരിക്കയും ചെയ്യുന്നുവെങ്കില്‍, ആ വ്യക്തിയും ഇതുപോലെ തന്നെയാണ്. അയാളില്‍ കുറച്ചു നന്മകള്‍ മാത്രമേ അവശേഷിക്കയുള്ളൂ.’
രാഹുലന്റെ മുഖത്ത് ലജ്ജയുടെ ഭാവപ്പകര്‍ച്ച ബുദ്ധന്‍ കണ്ടു.
‘ഈ പാത്രത്തിലെ ജലം കളയൂ’ ബുദ്ധന്‍ ആവശ്യപ്പെട്ടു. രാഹുലന്‍ അനുസരിച്ചു.
ബുദ്ധന്‍ പറഞ്ഞു ‘ഇത് മറ്റൊരു ദൃഷ്ടാന്തമാണ്. ആരാണോ ലജ്ജയില്ലാതെ നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, അയാളിലെ അവശേഷിക്കുന്ന നന്മയും ഇത് പോലെ നഷ്ടമാകും’
രാഹുലന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി, ബുദ്ധന്‍ ആ ഭിക്ഷാപാത്രമെടുത്ത് കമിഴ്ത്തി വെച്ചു.
‘രാഹുലാ, ഒഴിഞ്ഞ ഈ പാത്രം നീ കണ്ടില്ലേ? ലജ്ജയേതുമില്ലാതെ അറിഞ്ഞുകൊണ്ട് നുണ പറയുന്ന വ്യക്തി ഒരൊഴിഞ്ഞ പാത്രമാണ്. അയാള്‍ ശൂന്യനാണ്. ഇത് നീ നിത്യവും ഓര്‍ക്കുക’
രാഹുലന്‍ നിശ്ശബ്ദനായി നിന്നു.
ഒരു കണ്ണാടിയിലെന്നപോലെ അവന് എല്ലാം മനസ്സിലായി. ജാഗരൂകതയുടെ പുതിയ പാഠങ്ങള്‍ അവന്‍ അതില്‍ പഠിച്ചെടുത്തു.
മറ്റൊരു അവസരത്തില്‍ ബുദ്ധന്‍ ചോദിച്ചു ‘രാഹുലാ കണ്ണാടിയുടെ ഉപയോഗമെന്താണ്?’
ലളിതമായ ഈ ചോദ്യത്തില്‍ ആന്തരാര്‍ത്ഥങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന് രാഹുലനറിയാമായിരുന്നു.
എങ്കിലും അവന്‍ ലളിതമായി തന്നെ ഉത്തരം പറഞ്ഞു.
‘ഭഗവന്‍, കണ്ണാടി ഒരാള്‍ക്ക് അയാളുടെ പ്രതിബിംബ ദര്‍ശനത്തിനുള്ളതാണ്’
ഉത്തരത്തില്‍ ബുദ്ധന്‍ സന്തുഷ്ടനായി എന്നിട്ട് പറഞ്ഞു.
‘ശരിയാണ് രാഹുലാ നീ പറഞ്ഞത്. സ്വന്തം പ്രതിബിംബത്തിന്റെ ദര്‍ശനം ഒരനിവാര്യതയാണ്. അത് ദര്‍ശിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം നമ്മുടെ പ്രവൃത്തികളാണ്. ഒരാളുടെ പ്രവൃത്തി ആ വ്യക്തിയെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് ഏതൊരു പ്രവൃത്തിക്കു മുമ്പും നന്നായി ചിന്തിക്കണം. ഈ പ്രവൃത്തി തനിക്ക് ഗുണകരമോ ദോഷകരമോ എന്ന്. ഈ പ്രവൃത്തി അപരന് ഗുണകരമോ ദോഷകരമോ എന്ന്. തനിക്കും അന്യനും മാത്രമല്ലാ ഏവര്‍ക്കും ഗുണകരമായ പ്രവൃത്തി മാത്രമേ അനുഷ്ഠിക്കാവൂ’
പറഞ്ഞതിന്റെ പൊരുള്‍ രാഹുലനില്‍ ആഴത്തില്‍ പതിയാന്‍ ബുദ്ധന്‍ അല്‍പ്പനേരം നിശ്ശബ്ദനായി.
അദ്ദേഹം തുടര്‍ന്നു ‘രാഹുലാ വാക്കുകള്‍ കണ്ണാടിയാണ്. വാക്കുകളിലൂടെ നാം നമ്മെ പ്രതിഫലിപ്പിക്കുന്നു. അതിനാല്‍ വാക്കുകളില്‍ ശ്രദ്ധ വേണം. അവനവനും അപരനും ഏവര്‍ക്കും ഗുണം ചെയ്യുന്നതാകണം വാക്കുകള്‍,’
രാഹുലന്റെ കണ്‍വെളിച്ചത്തില്‍, അവനെല്ലാം ഗ്രഹിക്കുന്നുണ്ടെന്നു ബുദ്ധന് മനസ്സിലായി. എങ്കിലും ഒരു നിമിഷത്തെ മൗനത്തിനു ശേഷം ബുദ്ധന്‍ പറഞ്ഞു.
‘രാഹുലാ, ചിന്തകള്‍ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. വ്യക്തിക്കനുസൃതമായാണ് അയാളില്‍ ചിന്തകള്‍ ഉണരുന്നത്. അതുകൊണ്ടു ചിന്തകളെ കരുതിയിരിക്കുക. ചിന്തകള്‍ തിന്മകളുടെ വിളനിലമാകരുത്. അവിടെ വിളയേണ്ടത് നന്മകളാണ്. സ്വയം നശിപ്പിക്കുന്ന ചിന്തകള്‍ ഒരു നാളും അരുത്. എല്ലാവരുടെയും നന്മ; അതാകണം ചിന്തകളുടെ ആധാരം. അതില്ലാത്തതെല്ലാം വര്‍ജ്ജ്യം. ബഹുജനഹിതായ ബഹുജനസുഖായ അത് മറക്കാതിരിക്കുക.’
‘ഇതൊക്കെയാണ് ഇന്ന് വായിച്ചതില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ നമ്മുടെ നാട്ടില്‍ പോക്കറ്റില്‍ ഹൈഡ്രജന്‍ ബോംബുമായി നടക്കുന്ന ആളെക്കുറിച്ചും അയാളുടെ പിതാശ്രീയെക്കുറിച്ചും ഓര്‍ത്ത് ചിരി വന്നു.
ശ്രീമതി ചിരിച്ചിട്ട് പറഞ്ഞു:
‘എന്തായാലും രാജീവ് ഗാന്ധിക്ക് ഒരു ബുദ്ധത്വം ഉണ്ടായിരുന്നു. പ്രസന്നവദനം. സൗമ്യഭാവം. പക്ഷേ തന്റെ മകന് ഒന്നും പകര്‍ന്നു കൊടുക്കാനായില്ല.’
‘ഭാവഹാവാദികള്‍ കൊണ്ടായില്ല ബുദ്ധത്വം വേണ്ടേ? എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ? ചിലപ്പോള്‍ തോന്നും ആ കുടുംബം മൊത്തം ഭാരതീയതയില്‍ നിന്ന് എത്രയോ അകലെയായിരുന്നെന്ന്.. ഇന്നും. നെഹ്റു തൊട്ട് അങ്ങനെയാണ്. അല്ലെങ്കില്‍ ആരെങ്കിലും തന്റെ വധുവിനെ ബാറില്‍ നിന്ന് കണ്ടെത്തുമോ?’
‘ശരി.. ഇപ്പൊ സ്വയം പരദൂഷണം പറയുന്നത് നോക്കൂ. അപ്പൊ വായിച്ചിട്ടെന്താ കാര്യം?’
‘ഇതില്‍ എവിടെ ദൂഷണം? ഉള്ള കാര്യമല്ലെ പറഞ്ഞത്? ആളുകളുടെ കണ്ണ് തുറപ്പിക്കുന്നത് നല്ല കാര്യമല്ലേ?’
‘നോക്കൂ മോദിജിയെക്കുറിച്ച് ഗാന്ധി കുടുംബവും കോണ്‍ഗ്രസ്സുകാരും പറഞ്ഞ ചീത്ത വാക്കുകള്‍ ചൗക്കിദാര്‍ ചോര്‍, മരണത്തിന്റെ വ്യാപാരി, രക്തത്തിന്റെ ഏജന്റ്, നീച്, നുണകളുടെ ആശാന്‍, പാമ്പ്, തേള്‍ അങ്ങനെ അനവധി. നൂറിലേറെയുണ്ട് ഈയിടെ അതിന്റെ ഒരു ലിസ്റ്റ് കണ്ടു. ഇതൊക്കെയല്ലേ അവരെ നന്മയില്ലാത്തവരാക്കി മാറ്റിയത്. മോദിജി അങ്ങോട്ട് വിളിച്ചത് നോക്കൂ ‘രാജകുടുംബം’ ‘ശരിയായ പരിവാര്‍’ ‘യുവരാജ്’ എല്ലാം നല്ല ഭാഷ. ഒരു അഭദ്ര ഭാഷയും ഒരിക്കലും അദ്ദേഹം ഉപയോഗിക്കില്ല.’
‘എന്നാലും’ സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം’ എന്നല്ലേ പ്രമാണം. അതുകൊണ്ട് എന്തിനാ അപ്രിയ സത്യങ്ങള്‍ നാം പറയുന്നത്?.
‘നല്ല കാര്യം.. അതെവിടെ പറഞ്ഞതാ എന്ന് അറിയോ? സകല യുക്തിവാദികളും നിരീശ്വരരും ഹിന്ദു വിരുദ്ധരും എടുത്തിട്ടലക്കുന്ന ഈ വരി അവര്‍ കത്തിക്കണം എന്ന് പറഞ്ഞു നടക്കുന്ന മനുസ്മൃതിയിലെയാണ്.’
‘ഹ..ഹ..ഹ’ അവള്‍ ചിരിച്ചു.
‘വോട്ടു ചോരി’ എന്ന മഹാ നുണ മാത്രമല്ല മറ്റനേകം ശൈലീവൈകൃതങ്ങളും ഒരു പാര്‍ട്ടി തങ്ങളുടെ കുടുംബസ്വത്താക്കി കയ്യടക്കി വെച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ചും. ശൈലി വൈകൃതത്തില്‍ ലൈംഗിക വൈകൃതവും കൂട്ടാം. ഒരു ഗുരുവില്ല. നല്ല നേതാവില്ല. അണികളോ നീര്‍ക്കോലിയെയും തവളയെയും പേടിച്ച് നടക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍!.’
‘ഹ ഹ ഹ..’ രണ്ടാളും ചിരിച്ചപ്പോള്‍ ഞാന്‍ പുസ്തകത്തിലെ ബാക്കി വരികള്‍ കൂടി പറഞ്ഞു.
ബുദ്ധന്‍ രാഹുലനെ വിളിച്ചു എന്നിട്ട് പറഞ്ഞു ‘രാഹുലാ നീ ഇനിയും ശുദ്ധീകരിക്കപ്പെടാനുണ്ട്. അവനവനൊഴികെ മറ്റാര്‍ക്കും അത് സാധ്യമല്ല. അതിനു വേണ്ടത് സത്യസന്ധതയാണ്, ആര്‍ജ്ജവമാണ്, ശ്രദ്ധയാണ്, നിതാന്ത ജാഗ്രതയാണ്. രാഹുലന്റെ മുഖത്ത് സന്തോഷത്തിന്റെ ‘കമല ദളങ്ങള്‍’ വിടരുന്നത് ബുദ്ധന്‍ ദര്‍ശിച്ചു.
അപ്പോള്‍ അവള്‍ എഴുന്നേറ്റിട്ട് പറഞ്ഞു:
‘പയ്യന്‍സ് പെട്ടെന്ന് എഴുന്നേറ്റ് മുഷ്ടി ചുരുട്ടി ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിച്ചു എന്ന് കൂടി കൂട്ടിക്കോളൂ..
‘ഹ ഹ ഹ.’
സ്വസ്തി, സ്വസ്തി.





















