ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത, ബോറിസ് പാസ്റ്റര്‍ നാക്കിന്റെ നോവലിനെ അവലംബമാക്കി എടുത്ത ചലച്ചിത്രമാണ് ഡോ. ഷിവാഗോ. ലോക സിനിമാ ചരിത്രത്തില്‍, ഇതിഹാസ ചരിത്ര പ്രണയ ചിത്രമായാണ് ഡോ. ഷിവാഗോയെ വിലയിരുത്തപ്പെടുന്നത്. ഈ സിനിമയിലെ, രണ്ടു പേര്‍ തമ്മിലുള്ള ഒരു സീന്‍ ദൃശ്യഭാഷയുടെ സാധ്യതകള്‍ കൊണ്ട് കാഴ്ചക്കാരനോട് സംഭാഷണത്തിനപ്പുറം പലതും സംവദിക്കുന്നതിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളിലൊന്നാണ്. ഒരു സാഹിത്യ രചനക്കപ്പുറം ചില സന്ദര്‍ഭങ്ങളില്‍ ഒരു ചലച്ചിത്രം എങ്ങനെ വാചകങ്ങള്‍ക്ക് മേലെ സഞ്ചരിക്കുന്നുവെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി ഇത് പലപ്പോഴും തന്റെ പ്രഭാഷണങ്ങളില്‍ പറയാറുള്ള വ്യക്തി സാക്ഷാല്‍ എം.ടി വാസുദേവന്‍ നായര്‍ തന്നെയായിരുന്നു. എന്തിനിതിപ്പോള്‍ പറയുന്നുവെന്നാല്‍, വരികള്‍ കൊണ്ട് മലയാളിയെ വിസ്മയം കൊള്ളിച്ച സമയത്ത് തന്നെ എം.ടി എന്ന സാഹിത്യകാരന്‍ ഒരു ചലച്ചിത്രകാരനിലേക്ക്, വഴിമാറി നടന്നു എന്നുള്ളതിനുള്ള ഉത്തരവും ഇതിലുണ്ട് എന്നതിനാലാണ്. വരികള്‍ക്കപ്പുറം തനിക്ക് സംവദിക്കുവാന്‍ ചിലപ്പോള്‍ ചലച്ചിത്രമെന്ന മാധ്യമത്തിന് ഏറെ സാധിക്കുമെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണിത്. സിനിമ നല്കുന്ന ആഘോഷപ്പൊലിമക്കും താര പരിവേഷത്തിനുമപ്പുറം എം.ടിയുടെ സിനിമാക്കാരനാകലാണത്.
തിരക്കഥാകൃത്തായാണ് എം.ടിയും ആദ്യം ചലച്ചിത്ര ലോകത്തിന്റെ ഭൂമികയിലേക്ക് കാലെടുത്തുവെക്കുന്നത്. ഇതിന് കാരണക്കാരനായതാകട്ടെ ഒരു നിര്‍മാതാവിനപ്പുറം ഹോളിവുഡിലെ പോലെ സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും അറിവുണ്ടായിരുന്ന മലയാളത്തിലെ ചുരുക്കം ചില സിനിമാ നിര്‍മ്മാതാക്കളിലൊരാളായിരുന്ന ശോഭനാ പരമേശ്വരന്‍ നായരുമായിരുന്നു.
സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന എം.ടിയുടെ ചെറുകഥ ചലച്ചിത്രമാക്കുവാന്‍ തിരക്കഥ തയ്യാറാക്കി തരണമെന്ന അഭ്യര്‍ത്ഥനയുമായാണ് അദ്ദേഹം വന്നത്. എന്നാല്‍ കഥയുടെ റൈറ്റ് വേണമെങ്കില്‍ എടുത്തോളൂ, തിരക്കഥ തോപ്പില്‍ ഭാസി പോലെ ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കുവാനായിരുന്നു എം.ടിയുടെ ഉപദേശം. എന്നാല്‍ പരമേശ്വരന്‍ നായര്‍ അതിന് തയ്യാറായില്ല എം.ടിയുടെ തിരക്കഥ കിട്ടിയേ തീരൂവെന്ന നിലക്ക് കോഴിക്കോട്ട് നിലയുറപ്പിച്ചു. അങ്ങനെയാണ് സ്‌നേഹത്തിന്റെ തീരവും മറ്റൊരു കഥയും കൂടി കൂട്ടി മുറപ്പെണ്ണിന് എം.ടി തിരക്കഥയെഴുതുന്നത്. പ്രേംനസീര്‍, മധു, കെ.പി.ഉമ്മര്‍ തുടങ്ങി മൂന്ന് പ്രഗത്ഭ നടന്മാര്‍ അണിനിരന്ന മുറപ്പെണ്ണ് സിനിമാ ലോകത്ത് എല്ലാനിലക്കും ശ്രദ്ധിക്കപ്പെട്ടു. അതിനപ്പുറം സാഹിത്യ മേഖലയില്‍ നിന്ന് വന്ന നവാഗത തിരക്കഥാകൃത്തും ശ്രദ്ധിക്കപ്പെട്ടു. ഇതോടു കൂടി മലയാള ചലച്ചിത്ര ലോകത്ത് എം.ടി എന്ന ഒരധ്യായവും തുറക്കപ്പെടുകയായിരുന്നു.
താന്‍ സജീവമായിരുന്ന കാലത്തെ കേരളത്തിന്റെ സമകാലിക ജീവിതത്തിലെ സാമൂഹിക, സാംസ്‌കാരിക പ്രതിസന്ധിയുടെ ചിത്രീകരണത്തിലൂടെയാണ് എം.ടിയുടെ തിരക്കഥകളും പ്രത്യേക ശ്രദ്ധ നേടിയത്. വിശിഷ്യാ എം.ടിയുടെ തന്നെ സാഹിത്യകൃതികളില്‍ കൈകാര്യം ചെയ്തിരുന്ന നായര്‍ തറവാടുകളുടെ ന്യൂക്ലിയര്‍ കുടുംബങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ ഉണ്ടായിട്ടുള്ള സാമൂഹിക മാറ്റം വ്യക്തികളില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധികള്‍ തന്നെയായിരുന്നു മുഖ്യ പ്രമേയങ്ങള്‍. ഇത് സൃഷ്ടിക്കുന്ന മാനുഷിക മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും ശിഥിലീകരണം, നഷ്ടബോധം, മാനുഷികവല്‍ക്കരണം, സ്വന്തം ചുറ്റുപാടില്‍ നിന്നുള്ള അന്യവല്‍ക്കരണം തുടങ്ങിയവയെല്ലാം വളരെ ആഴത്തില്‍ അവതരിപ്പിക്കുവാന്‍ എം.ടിക്ക് സാധിച്ചു. കന്യാകുമാരി, വാരിക്കുഴി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, സദയം, അസുരവിത്ത്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരുഢം എന്നി ചലച്ചിത്രങ്ങള്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. സിനിമാ സംഭാഷണങ്ങളില്‍ കൂടുതല്‍ സാഹിത്യഭാഷ, വള്ളുവനാടന്‍ ശൈലി എന്നിവ കൂടി എം.ടിയുടെ തിരക്കഥകളിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്ത് വ്യാപകമാകുന്നത്. പി. ഭാസ്‌ക്കരനെ പോലെയുള്ളവര്‍ പോലും ഈ ശൈലി പ്രേക്ഷകനിഷ്ടപ്പെടുമോയെന്ന ആശങ്കയുള്ളവരില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായി എന്നതു മാത്രമല്ല, നാടകത്തിലേതു പോലെ അച്ചടിച്ചു വച്ചതുപോലെയുള്ള സംഭാഷണം പറയുന്ന രീതി പോലും മലയാള ചലച്ചിത്ര ലോകത്തു നിന്ന് നീങ്ങി തുടങ്ങുവാനും എം.ടിയുടെ രംഗപ്രവേശം കാരണമായി.
നാടകങ്ങളുടെ തനിപ്പകര്‍പ്പായിരുന്ന ആദ്യകാല മലയാള സിനിമകള്‍ ഇങ്ങനെയാണ് മാറ്റത്തിന്റെ പാതയിലേക്ക് വന്നതെന്ന് ഏറെ നിരീക്ഷിക്കപ്പെട്ട കാര്യമാണ്. മുറപ്പെണ്ണില്‍ തനിക്ക് പരിചിതമായ ചുറ്റുപാടുകളെയും കഥാപാത്രങ്ങളെയുമാണ് എം.ടി പാത്രീകരിച്ചത്. വന്‍ ജനപ്രീതി നേടിയ ഈ ചിത്രത്തിന് ശേഷം പി.ഭാസ്‌ക്കരന്റെ ഇരുട്ടിന്റെ ആത്മാവിനാണ് എം.ടി തൂലിക ചലിപ്പിച്ചത്. അതുവരെയുള്ള മലയാള സിനിമാ സങ്കല്പത്തെയാകെ അട്ടിമറിച്ച ചലച്ചിത്രമായിരുന്നു ഇത്. ഇതേപോലെ 1970-ല്‍ എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ പി.എന്‍. മേനോന്റെ ഓളവും തീരവും മലയാള സിനിമ വഴിത്താരയിലെ ഒരു നാഴികക്കല്ലു തന്നെയാണ്. മദ്രാസിലെ സ്റ്റുഡിയോവിലും പരിസരങ്ങളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സിനിമയെ പൂര്‍ണമായി കേരളത്തിന്റെ പരിസരത്തേക്കിറക്കി കൊണ്ടുവന്ന ഈ ചലച്ചിത്രത്തെ മലയാളത്തിലെ മികച്ച പത്തു ചിത്രങ്ങളിലൊന്നായാണ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.
അങ്ങനെ പത്തോളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം 1973-ല്‍ എം.ടി ആദ്യമായി സംവിധായകന്റെ റോള്‍ കൂടി ഏറ്റെടുത്ത ചിത്രമായിരുന്നു നിര്‍മാല്യം. ഈ സിനിമയുടെ നിര്‍മാതാവും എം.ടിയായിരുന്നു. കഥാകൃത്ത് എന്നതിനപ്പുറം സിനിമയുടെ രണ്ട് ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്ന് സുഹൃത്തുക്കളോടുള്ള എം.ടിയുടെ മറുപടി ഇതായിരുന്നു:- ‘കാശുണ്ടായിട്ടല്ല. ഈ സിനിമ കാലാതിവര്‍ത്തിയായി സംവദിക്കണം. അതിനാണ് സംവിധാനവും നിര്‍മാണവുമൊക്കെ നിര്‍വഹിച്ചത്.’
ഉറഞ്ഞുതുള്ളി ദൈവമായി ജീവിച്ചിട്ടും ജീവിതത്തില്‍ ഗതികെട്ടുപോയ വെളിച്ചപ്പാടിന്റെ കഥ പറയുന്ന ചിത്രമാണിത്.
1973 ലെ മികച്ച ദേശീയ ചലച്ചിത്രത്തിനും വെളിച്ചപ്പാടായി വേഷം കെട്ടിയ പി.ജെ.ആന്റണിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡാണ് ഈ കലാസൃഷ്ടിയെ തേടിയെത്തിയത്.
”എനിക്ക് സിനിമയോടുള്ള പ്രണയം ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്‌നികുണ്ഡമാക്കിയത് എം.ടിയുടെ നിര്‍മാല്യം എന്ന ചലച്ചിത്രമാണ്;” കമലഹാസനെ പോലൊരാള്‍ നിര്‍മാല്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞതു കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ ചലച്ചിത്രത്തിന്റെ പ്രസക്തി കൂടുതല്‍ ബോധ്യമാകുക.

ഇന്ത്യക്ക് പുറത്തും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ എം.ടിയുടെ ചലച്ചിത്രം 1991-ല്‍ പുറത്തുവന്ന കടവ് ആയിരുന്നു. ഏറ്റവും നല്ല തിരക്കഥക്കുള്ള ദേശീയ അവാര്‍ഡും ജപ്പാനില്‍ നിന്നുള്ള ഗ്രാന്‍ പി അവാര്‍ഡും വരെ നേടിയ ചലച്ചിത്രമാണിത്.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, സദയം, അസുരവിത്ത്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, നിര്‍മാല്യം, ബന്ധനം, ഓപ്പോള്‍, വളര്‍ത്തുമൃഗങ്ങള്‍, ആരൂഢം, അനുബന്ധം, അമൃതംഗമയ, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കടവ്, സൂകൃതം, പരിണയം, സദയം വൈശാലി, പഴശ്ശിരാജ തുടങ്ങിയവയാണ് എംടിയുടെ തിരക്കഥയില്‍ പിറവിയെടുത്ത മറ്റു പ്രശസ്ത ചിത്രങ്ങള്‍. ഇതിനിടക്ക് പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ശുഭരാത്രി നിങ്ങള്‍ക്കു നേരുന്നു എന്നതടക്കം നാലു ഗാനങ്ങളും എം.ടി തന്നെ തിരക്കഥയെഴുതിയ വളര്‍ത്തുമൃഗങ്ങളില്‍ ഇദ്ദേഹം രചിച്ചു. ഇതിനെക്കുറിച്ച് പിന്നീട് പലരും ചോദിച്ചപ്പോള്‍ എംടിയുടെ മറുപടി ആ പാട്ടുകളുടെ പേരില്‍ ഞാന്‍ അഹങ്കരിക്കുന്നില്ല, ലജ്ജിക്കുന്നുമില്ല എന്നായിരുന്നു.
1964 മുതല്‍ 2024 വരെ 64 സിനിമകള്‍ക്കാണ് എം.ടി തിരക്കഥ രചിച്ചത്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. രണ്ട് സിനിമകളുടെ നിര്‍മാതാവുമായി. ഈ കാലയളവിനിടക്ക് 39 ഓളം ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും എം. ടി കരസ്ഥമാക്കി. ഇതില്‍ തന്നെ 19 ഓളം പുരസ്‌കാരങ്ങള്‍ മികച്ച തിരക്കഥക്കുള്ളതുമായിരുന്നു.
അവസാനം എം.ടി സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരിയിലൂടെ 2001 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 2009-ല്‍ പഴശ്ശിരാജയിലൂടെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയാണ്, തല്‍ക്കാലം ചലച്ചിത്രങ്ങള്‍ക്കുള്ള ഔദ്യോഗികാംഗീകാരങ്ങളുടെ ഒഴുക്കിന് ഒന്ന് വിരാമമിട്ടത്.

‘തിട്ടപ്പെടുത്തിയ മാര്‍ഗങ്ങളോ സങ്കേതങ്ങളോ തിരക്കഥാരചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാവുന്നു.’
തിരക്കഥയെക്കുറിച്ചുള്ള, ചലച്ചിത്രത്തെക്കുറിച്ചുള്ള ഈ അപൂര്‍വ പ്രതിഭയുടെ നിരീക്ഷണമാണിത്.
എം.ടിയുടെ ചലച്ചിത്രങ്ങളെടുത്ത് പരിശോധിച്ചാല്‍, ഇതു തന്നെയാണ് എം.ടി എന്ന തിരക്കഥാകൃത്തിന്, മലയാള സിനിമ ഉള്ളിടത്തോളം കാലം (സ്വന്തമായ) ഒരിടം ഉണ്ടാക്കി നല്കുന്നതും.





















