‘പാശ്ചാത്യ ലോകത്തില്‍ അഭിനയ കലയുടെ മകുടങ്ങളായി സ്ഥാനം നേടിയ പോള്‍ മുനി, ചാള്‍ട്ടന്‍ ഹെസ്റ്റന്‍, യൂള്‍ ബ്രണ്ണര്‍, മെര്‍ലോണ്‍ ബ്രാന്‍ഡോ തുടങ്ങിയവരൊക്കയും മോഹന്‍ലാല്‍ എന്ന സമുന്നതനായ നടനില്‍ സമ്മേളിക്കുന്നു!’ – ഇത് പറഞ്ഞത് മലയാള സാഹിത്യം കണ്ട ഏറ്റവും മികച്ച നിരൂപകരില്‍ ഒരാളായ അന്തരിച്ച എം.കെ. സാനുമാഷ് ആണെന്നറിയുമ്പോഴാണ് മോഹന്‍ലാല്‍ എന്ന നടനെ നാം എത്രയോ കുറഞ്ഞ നിലയിലാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് തിരിച്ചറിയുക.
‘ലൂയി പാസ്ചറുടെ കഥ’ എന്ന സിനിമയിലൂടെ ഓസ്‌കര്‍ നേടുകയും, അഭിനയിച്ച മറ്റു പല ചിത്രങ്ങള്‍ക്കൊക്കെയും ഓസ്‌കര്‍ നോമിനേഷന്‍ നേടുകയും ചെയ്ത 1920 -1950 കളിലെ അമേരിക്കന്‍ ഭാവ നടനായിരുന്നു പോള്‍ മുനി. ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍ ആവട്ടെ, മറ്റൊരു മികച്ച അമേരിക്കന്‍ ചലച്ചിത്ര, നാടക, ടെലിവിഷന്‍ നടനായിരുന്നു. ദി ടെന്‍ കമാന്‍ഡ്‌മെന്റുകളിലെ മോസസ്, പ്ലാനറ്റ് ഓഫ് ദ ഏപ്‌സിലെ കേണല്‍ ജോര്‍ജ്ജ് ടെയ്‌ലര്‍, എല്‍ സിഡ്, ജൂഡാ ബെന്‍-ഹര്‍ തുടങ്ങിയ സമര്‍പ്പിത വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ഹെസ്റ്റണ്‍ ലോകോത്തര നടനായി അറിയപ്പെട്ടു. യൂള്‍ ബ്രിന്നര്‍ ഒരു റഷ്യന്‍ വംശജനായ വിഖ്യാത അമേരിക്കന്‍ സിനിമാ നാടക നടനാണ്. 1956 ല്‍ സെസില്‍ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെന്‍ കമാന്‍ഡ്‌മെന്‍ഡ്‌സ് എന്ന സിനിമയില്‍ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തില്‍ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ചത്തിലൂടെ ഭാവാഭിനയ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു. അതുപോലെ തന്നെ, ഗോഡ്ഫാദര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മാര്‍ലണ്‍ ബ്രാന്‍ഡോ. സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാവും സ്വാധീനമുള്ള നടന്മാരില്‍ ഒരാളുമായി വ്യാപകമായി കണക്കാക്കപ്പെടുന്ന ബ്രാന്‍ഡോയ്ക്ക് 1920 കള്‍ മുതല്‍ ആറ് പതിറ്റാണ്ടുകളായി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെയൊക്കെ പഠിക്കുകയും അവരുടെയെല്ലാം ഭാവഹാവാദികള്‍ മോഹന്‍ലാല്‍ എന്ന നടനില്‍ സമ്മിശ്രമായി കാണുന്നുണ്ട് എന്നും അത് അവര്‍ക്കൊപ്പം മികച്ചതുമാണെന്ന് എം.കെ. സാനു മാഷിനെ പോലെയുള്ളവര്‍ പറയുമ്പോള്‍, നാം അത്ഭുതപ്പെടുന്നു. അത് പറയുന്നത് വെറുതെയല്ല എന്ന് ചെറിയ ഒരു നിരീക്ഷണത്തിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.
കാര്യഗൗരവമില്ലാതെ രംഗത്ത് വരുന്ന ഒരു കഥാപാത്രം. ജീവിതത്തില്‍ പത്തോ പതിന്നാലോ ദിവസങ്ങള്‍ ഒരു വാടക ഭര്‍ത്താവായി അഭിനയിച്ച് ഉള്ള പ്രതിഫലം വാങ്ങി തിരികെ പോകേണ്ടുന്ന ആള്‍. സിനിമ രസകരമായി ചിത്രീകരിച്ച് അതങ്ങനെ പോവുകയായിരുന്നു. പെട്ടെന്നാണ് നായക കഥാപാത്രം ഒരു ട്രാജിക് സ്റ്റോറിയായി അവതരിക്കുന്നത്. നന്മയുടെ അംശങ്ങള്‍ വിട്ടു പോയിട്ടില്ല എന്ന് ഇടയ്ക്കിടെ തെളിയിച്ച ആ വാടകകഥാപാത്രം, ഒരു വലിയ വേദന നല്‍കുകയാണ് പ്രേക്ഷകര്‍ക്ക്. അയാള്‍ ഒരു കൊലപ്പുള്ളിയാണ്. കൊന്നത് സ്വന്തം ഭാര്യയെയുമാണ്. എന്നാല്‍ ആ കൊലപാതകത്തിനേക്കാള്‍, നിലവില്‍ തൂക്കുകയറില്‍ നിന്ന് മിനിമം കാലത്തേക്ക് രക്ഷപ്പെട്ടു വരുന്ന വിഷ്ണു എന്ന ലാല്‍ കഥാപാത്രം, തൂക്കി കൊല്ലപ്പെടരുതേ എന്ന് ഓരോ പ്രേക്ഷകനും പ്രാര്‍ത്ഥിക്കുന്നു. അവസാനം എല്ലാ ആശ്രയത്വങ്ങളും നഷ്ടപ്പെട്ട, നായകന്‍, തന്നെ തൂക്കിക്കൊല്ലാന്‍ കൊണ്ടു പോകുന്ന പ്രതിനായകനായ സോമനോട് ചോദിക്കുന്നു. ‘…..എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ?’ സദസ്സാകെ ഏങ്ങലടിച്ചു പോകുന്ന നിമിഷം. അത് സൃഷ്ടിക്കുവാന്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ. തുടര്‍ച്ചയായ ഒരു വര്‍ഷത്തിലേറെ ഒരു തീയേറ്ററില്‍ ഓടി റെക്കോഡ് സൃഷ്ടിച്ച ‘ചിത്രം’ എന്ന സിനിമയുടെ കാര്യമാണിത്. അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനകീയമായ ഒരു ചെറിയ ഉദാഹരണം.
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന വാര്‍ത്ത കണ്ടപ്പോള്‍, അഭിനയമല്ലാതൊന്നും ജീവിതമല്ലെന്നു കാട്ടിത്തരുന്ന ഒരു മനുഷ്യന് ഇതിലും വലുതായി ഒന്നും നേടാനില്ലല്ലോ എന്നായിരുന്നു ആദ്യം ഉള്ളില്‍ തോന്നിയ വികാരം. സോഷ്യല്‍ മീഡിയയില്‍ എതിര്‍പക്ഷമില്ലാത്ത അഭിനന്ദന പ്രവാഹം വരുന്നത് കണ്ടപ്പോള്‍, പൊതു സമൂഹം ഇത്രയേറെ ആദരിക്കുന്ന മറ്റൊരു അഭിനേതാവ് ഉണ്ടോ എന്നായി സന്ദേഹം.

വാനപ്രസ്ഥം എന്ന സിനിമ മാത്രം മതി മോഹന്‍ലാലിലെ നടനെ മുഴക്കോലുകൊണ്ട് അളന്നിടുവാന്‍. ഒരു കഥകളി കലാകാരനല്ലാത്ത നടന്‍, കഥകളി മുദ്രകളിലൂടെ ജീവിക്കുന്ന ചിത്രം. അവസാനം തളര്‍ന്നാടുന്ന നിമിഷങ്ങളില്‍ തന്റെ മൂക്ക് മണിയിലൂടെ പോലും വിറയല്‍ കൊണ്ടുവന്ന് സാഹചര്യം പ്രതിഫലിപ്പിച്ച നിമിഷങ്ങള്‍… അത് ആ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നായെന്നു പറയാതെ വയ്യ. മോഹന്‍ലാല്‍ മലയാള സിനിമയിലെ ‘പൂര്‍ണ്ണമായ അഭിനേതാവ്’ (‘ഇീാുഹലലേ അരീേൃ’) എന്നറിയപ്പെടുന്ന അതുല്യനായ കലാകാരനാണ്. അഭിനയ വൈവിധ്യം, സ്വാഭാവികത, സംഭാഷണ ചാതുര്യം, അഭിനയത്തിന്റെ കരുത്ത് എന്നിവ കൊണ്ടാണ് അദ്ദേഹം മലയാള സിനിമയിലെ ഉന്നത സ്ഥാനത്ത് എത്തിയത്.
1980-കളുടെ തുടക്കത്തില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം റിലീസ് ആയതോടെയാണ് മോഹന്‍ലാല്‍, എന്ന ചലച്ചിത്ര നടന്റെ ആരംഭം. മുന്‍പ് അഭിനയിച്ച ‘തിരനോട്ടം’ എന്ന സിനിമ ആദ്യകാല സിനിമാ സംരംഭകരുടെ പോരായ്മകള്‍ മൂലമാവാം, ഇന്നും ഇറങ്ങിയിട്ടില്ല. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ വില്ലനായി രംഗത്ത് അവതരിച്ച മോഹന്‍ലാല്‍ പിന്നീട് നായകനായി ഉയര്‍ന്നു.
പ്രതിനായകനില്‍ നിന്ന് നന്മയുടെ പ്രതീകമായ നായകനായും, ഹാസ്യ താരമായും, അവയേക്കാളുപരി, കാണുന്നവര്‍ കൈയ്യടിച്ച് പോകുന്ന ആക്ഷന്‍ രംഗങ്ങളിലൂടെയും മുന്നേറിയ മോഹന്‍ലാല്‍, ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളില്‍ നിന്നും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ കലാപരമായ വേഷങ്ങളിലേക്കും സ്വാഭാവികമായി മാറുന്നത് അവിസ്മരണീയമായ അഭിനയത്തികവിലൂടെയായിരുന്നു. ഹാസ്യവേഷങ്ങളില്‍ നിന്ന് ദുഃഖഭരിതരംഗങ്ങളിലേക്കും, ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് സംഗീതാത്മകമായ അവതാരങ്ങളിലേക്കും ഒരേ മികവോടെ മാറുന്ന അപൂര്‍വ്വ കഴിവാണ് മോഹന്‍ലാലിന്. പ്രത്യേകിച്ച് കണ്ണുകളുടെ ഭാഷയും മുഖഭാവങ്ങളിലെ പ്രകൃതിസൗന്ദര്യവും അദ്ദേഹത്തിന്റെ അഭിനയത്തെ അനശ്വരമാക്കുന്നു.
മോഹന്‍ലാലിന്റെ അഭിനയശൈലി മലയാള സിനിമയുടെ സ്വാഭാവികതയേയും ജീവിതാനുഭവങ്ങളേയും ശക്തിപ്പെടുത്തിയതാണ്. കഥാപാത്രം അനുസരിച്ച് രൂപം മാറാനും മനസ്സിലാക്കാനുമുള്ള അതുല്യമായ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില പ്രമുഖ ചിത്രങ്ങളെന്നു കരുതുന്ന പാദമുദ്ര, ഉത്സവപ്പിറ്റേന്ന്, നാണയം, വാസ്തുഹാര, കിരീടം, സദയം, ഭരതം, വനപ്രസ്ഥം, ചിത്രം, ദേവാസുരം, ദൃശ്യം, സ്ഫടികം തുടങ്ങി അനവധി ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍, ദശരഥം പോലെയുള്ള വ്യത്യസ്ത പ്രമേയങ്ങള്‍ മലയാളത്തിന് ആസ്വദിക്കാവുന്നവിധം മനോഹരമാക്കിയിട്ടുണ്ട്. മലയാള സിനിമയുടെ കിരീടത്തില്‍ ദീപ്തമായൊരു രത്‌നം പോലെ തിളങ്ങുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വെറും അഭിനേതാവായല്ല, മലയാളിയുടെ ജീവിതാനുഭവങ്ങളെ സിനിമയുടെ പരദൃശ്യമാക്കി തീര്‍ത്ത കലാസാന്നിധ്യമാണ്. സാഹിത്യത്തിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ, അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ വേഷവും ഒരു ജീവിതസങ്കല്പമായി മാറുന്നുണ്ട്. ചില ആക്ഷനുകളും, (ചിത്രത്തിലെ വിരലുകള്‍ കൊണ്ടുള്ള ക്യാമറ) ചില വാചകങ്ങളും, (സവാരി ഗിരി ഗിരി, നീ പോ മോനെ ദിനേശാ) മോഹന്‍ലാല്‍ ജനങ്ങളിലേക്ക് എത്തിച്ചുവെന്നത് മറക്കാനാവില്ല.
മോഹന്‍ലാലിന് തന്നെ പലപ്പോഴും, ഇട്ടിമാണി എന്ന സിനിമയിലെ മാര്‍ഗ്ഗം കളിക്കാരനെപ്പറ്റിയും, കമലദളത്തിലെ നര്‍ത്തകനെ പറ്റിയും, വാനപ്രസ്ഥത്തിലെ കഥകളി നടനെപ്പറ്റിയും, സ്‌ത്രൈണ ഭാവങ്ങളെ പറ്റിയും, താണ്ഡവ നര്‍ത്തനത്തെ പറ്റിയും, അഭിപ്രായം പറയേണ്ടി വന്നിട്ടുണ്ട്. ഈ കലകളൊന്നും അദ്ദേഹം പഠിച്ചിട്ടില്ല, എന്നാല്‍ പരകായ പ്രവേശം സുസാധ്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
അഭിനയശൈലി കൊണ്ട് അത്യന്തം ആഴത്തിലുള്ള സിനിമാ ആസ്വാദനത്തെ മോഹന്‍ലാല്‍ ഉയര്‍ത്തിപ്പിടിച്ചു. ‘മുഖഭാവവും ആ കണ്ണുകളുടെ ഭാവങ്ങളുടെ കരുത്തും കൊണ്ട് വികാരം പ്രകടിപ്പിക്കുന്നതില്‍ അതുല്യന്‍’ എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കാം. പ്രേക്ഷകരിലേക്ക് ആഴത്തില്‍ എത്തിക്കേണ്ട സംവേദനാത്മക രംഗങ്ങളില്‍ അസാധാരണമായ സ്വാഭാവികത കാട്ടുന്നതില്‍ മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്നു. അദ്ദേഹത്തിലെ അഭിനയകലയെ അന്തരിച്ച നിരൂപകന്‍ എം.കെ. സാനുമാഷ് പോലും ഒരു പുസ്തകമാക്കി എഴുതി എന്ന് മനസ്സിലാക്കുമ്പോള്‍, നമുക്ക് മോഹന്‍ലാല്‍ സ്വയം ഒരു ചലച്ചിത്രാഭിനയത്തിന്റെ പഠന ഉപകരണമായിത്തീരുന്നത് കാണാം. ഹാസ്യത്തില്‍ നിന്ന് ട്രാജഡിയിലേക്ക് നാം അറിയാതെ സ്വാഭാവികമായ ഒരു മാറ്റം കൊണ്ടുവരുന്ന അപൂര്‍വ്വ കഴിവ് മോഹന്‍ ലാല്‍ എന്ന നടനുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ചിത്രം’ എന്ന സിനിമയില്‍ അതുണ്ട്.
മലയാളികളുടെ ജീവിതാനുഭവങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വിധം തന്റെ സിനിമാ രംഗങ്ങളെ കോര്‍ത്തിണക്കുന്ന കലാകാരന്‍ കൂടിയാണ് മോഹന്‍ലാല്‍. അതിന്റെ ഉദാഹരണങ്ങളാണ്, വെള്ളാനകളുടെ നാട്, ടി.പി. ബാലഗോപാലന്‍ എംഎ തുടങ്ങിയ ചിത്രങ്ങള്‍. സിനിമയില്‍ യാഥാര്‍ത്ഥ്യവും ജീവിതവും പ്രേക്ഷകനിലേക്ക് അനിര്‍വ്വചനീയമായ അനുഭൂതി പോലെ എത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമയെ ഒരു ഉയര്‍ന്ന കലാരൂപമായി ലോകത്തിന് പരിചയപ്പെടുത്തി. അതാണ് മലയാള സിനിമയ്ക്ക് അദ്ദേഹം സ്വന്തമായി നല്‍കിയ കൈയ്യൊപ്പ്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘വാസ്തുഹാര’ അതിന് ഒരു ഉദാഹരണമാണ്.
അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്തൊരു പേര് തന്നെയാണ് മോഹന്‍ലാല്‍. 1980-കളുടെ തുടക്കത്തില്‍ രംഗപ്രവേശം നടത്തിയ അദ്ദേഹം, നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയെടുത്ത് ഇന്ന് ‘സമ്പൂര്‍ണ്ണ നടന്‍’ (‘Complete Actor’) എന്ന വിശേഷണത്തോടെ ലോകമറിയുന്ന മഹാനടനായി മാറിയിരിക്കുന്നു. യുദ്ധത്തിന് പുറപ്പെടുന്ന കര്‍ണ്ണന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ സിനിമയിലല്ല അദ്ദേഹം അവതരിപ്പിച്ചത്. ഒരു നാടകത്തിലാണ്. സിനിമയില്‍ മികച്ച രംഗങ്ങളില്‍ തിളങ്ങുന്ന ഒരാള്‍ക്ക് നാടകത്തിലേക്ക് ഇറങ്ങിവരുവാന്‍ അത്ര ഏറെ ഉത്സാഹിയായിരിക്കണം. മോഹന്‍ലാല്‍ ആ ഉത്സാഹവും കാഴ്ച വച്ച നടനാണ്.
മോഹന്‍ലാലിന്റെ അഭിനയത്തില്‍ കാണപ്പെടുന്ന ഏറ്റവും വലിയ സവിശേഷത സ്വാഭാവികതയാണ്. അതിനാടകീയത മുറ്റി നില്‍ക്കുവാനിടയുള്ള സന്ദര്‍ഭങ്ങളെ പോലും അദ്ദേഹം സ്വാഭാവികമാക്കുന്നു. സാഹിത്യത്തില്‍ ഒരു കവി ഓര്‍ത്ത് രേഖപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ പോലെ, മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്യുന്നു, അങ്ങനെ പ്രേക്ഷകന്റെ മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു. കിരീടത്തിലെ സേതുമാധവന്‍ ഒരു രോദനമായി യുവാക്കളുടെ കണ്ണുകളിലൂടെ നീറി കരഞ്ഞപ്പോള്‍, ഭരതത്തിലെ ഗായകന്‍ സംഗീതത്തിന്റെ ഹൃദയാഘാതമായി മാറി. വാനപ്രസ്ഥത്തിലെ കഥാപുരുഷന്‍ ദാര്‍ശനികമായ ജീവിതസത്യങ്ങള്‍ തേടിയപ്പോഴൊക്കെ, പ്രേക്ഷകന്‍ അനുഭൂതികാളാടെ സിനിമയെ സ്വീകരിക്കുകയായിരുന്നു. അത് സിനിമയുടെ മുഖം മാറ്റി മറിച്ചു.
സിനിമയെന്ന കലാരൂപം ചിലപ്പോള്‍ സാഹിത്യത്തിന്റെ തുടര്‍ച്ചയെന്നപോലെ തോന്നാറുണ്ട്. വാക്കുകള്‍ക്ക് പകരം മുഖഭാവങ്ങളും, സംഭാഷണങ്ങള്‍ക്ക് പകരം കണ്ണുകളുടെ സംഗീതവും, വരികള്‍ക്ക് പകരം ശരീരഭാഷയുടെ അലങ്കാരവുമാണ് ഇവിടെ. അത്തരമൊരു കലയുടെ കവിയാണു മോഹന്‍ലാല്‍. അദ്ദേഹം അഭിനയിക്കുന്ന ഓരോ വേഷവും പ്രേക്ഷകനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ജീവിതകാവ്യങ്ങളാണ്. കിരീടത്തിലെ സേതുമാധവന്‍ കണ്ണീര്‍തുള്ളികളാല്‍ വരച്ച ദുഃഖഗാനമാകുമ്പോള്‍, ചിത്രത്തിലെ ബാലു ജീവിതത്തിന്റെ രസികനും അതുവഴി രോദനവുമായി മാറുന്നു. ഭരതത്തിലെ ഗായകന്റെ ശബ്ദത്തില്‍ കേള്‍ക്കുന്ന വേദന, ഒരു പഴയ കവിതയുടെ കരച്ചിലു പോലെയാണ്. വാനപ്രസ്ഥത്തിലെ കുഞ്ചികൃഷ്ണ മേനോന്‍ ആത്മാന്വേഷണത്തിന്റെ മഹാകാവ്യത്തെ തന്നെ തിരയുന്ന തത്ത്വചിന്തകനായി ഉയരുന്നുണ്ട് . മോഹന്‍ലാലിന്റെ മുഖം ഒരു കാന്‍വാസാണ്, അതില്‍ സന്തോഷവും വേദനയും, ധൈര്യവും, ദൗര്‍ബല്യവും, സ്‌നേഹവും, വിരഹവും വരകളായി തെളിഞ്ഞു നില്ക്കുന്നു. കണ്ണുകള്‍ അദ്ദേഹത്തിന്റെ മുഖ്യ ആയുധങ്ങളാണ്. ഒരിക്കലും മിഥ്യയില്ലാത്തവിധം പ്രകടിപ്പിക്കുന്ന സത്യത്തിന്റെ കാഴ്ചകളായി അവയെ കാണാം..
സാഹിത്യത്തില്‍ മഹാകാവ്യങ്ങള്‍ പോലെ തലമുറകള്‍ക്ക് മലയാള സിനിമയുടെ മഹാകാവ്യം പറയുന്ന ശാശ്വത നായകനാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ കാണുമ്പോള്‍ പ്രേക്ഷകന്‍ വെറും കഥകളല്ല, സ്വന്തം ജീവിതത്തിന്റെ പ്രതിബിംബങ്ങളാണ് കാണുന്നത്. പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ അലങ്കരിച്ചാലും, യഥാര്‍ത്ഥ പുഷ്പമാല മലയാളികളുടെ ഹൃദയത്തിലാണ്. നാല്പത് വര്‍ഷത്തിലേറെയായി മലയാളിയുടെ മനസ്സിനെ ഓമനിപ്പിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഒരിക്കലും അവസാനിക്കാത്തൊരു കവിതാപ്രവാഹം തന്നെയാണ്. മോഹന്‍ലാല്‍ വെറും നടനല്ല. അദ്ദേഹം മലയാളിയുടെ കണ്ണീരും ചിരിയും, പ്രതീക്ഷയും സ്വപ്‌നവും, കഥയും കവിതയും ചേര്‍ന്നൊരു ജീവിതഗാനം തന്നെയാണ്.
ഇപ്പോള്‍ ‘ഹൃദയപൂര്‍വ്വം’ എന്ന സിനിമ വരെ മുന്നൂറ്റി അന്‍പത്തഞ്ച് അവിസ്മരണീയ പ്രകടനങ്ങളാണ് മോഹന്‍ലാല്‍ മലയാളത്തിന് നല്‍കിയത്. അതില്‍ ‘ചിത്രം’ എന്ന പ്രിയദര്‍ശന്‍ സിനിമ, ഈ ലേഖകന്‍, ആദ്യ ഷോ കണ്ടത് പോലെ തന്നെ, മുന്നൂറ്റി അറുപത്തഞ്ചാം ദിവസം, തീയേറ്ററില്‍ പതിന്നാലാം തവണ വാര്‍ഷിക ദിനത്തില്‍ കാണാനിടയായി എന്ന് പറയുമ്പോള്‍ സിനിമ നല്‍കുന്ന അനുഭൂതി ഊഹിക്കാവുന്നതിനപ്പുറമാണ് എന്ന് ചിന്തിക്കാം. ആ അനുഭൂതി മോഹന്‍ലാല്‍ ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ, പറ്റില്ല അല്ലെ’ എന്ന് ചോദിക്കുന്ന ഡയലോഗില്‍ ആണെന്ന് പറയുമ്പോള്‍ അതിശയോക്തി ഒട്ടുമില്ല. അക്കാലത്തെ സിനിമകളുടെ അത്തരം ഒരു ബാല്യകാല അനുവാചകനാണ്, ഈ വരികള്‍ എഴുതുന്നത് എന്നത് തന്നെ മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നു. പഞ്ചാഗ്‌നി, തൂവാനത്തുമ്പികള്‍, ഭൂമിയിലെ രാജാക്കന്മാര്‍ ഇവയൊക്കെ ഹൃദയത്തില്‍ സ്പര്‍ശിച്ചു പോയ ലാല്‍ ചിത്രങ്ങളാണ്. ഒപ്പം ഇതര ഭാഷാ ചിത്രങ്ങളും, കാലാപാനി പോലുള്ള സ്വാതന്ത്ര്യ സമര ചിത്രങ്ങളും, കടത്തനാടന്‍ അമ്പാടി, ഇത്തിക്കര പക്കി പോലുള്ള കഥാപാത്രങ്ങളും ‘ലാലിസം’ എന്ന സംഗീത പരിപാടിയും എടുത്ത് പറയേണ്ടത് തന്നെ. ഒരു പ്രധാന താരത്തെ അതീവ വ്യത്യസ്തനാക്കുന്നുണ്ട് മോഹന്‍ലാല്‍ എന്ന വ്യതിരിക്തമായ താരം.
തന്മാത്ര എന്ന ചിത്രത്തില്‍ മറവിരോഗം ബാധിച്ച് നമ്മെ കരയിക്കുന്ന, കുശാഗ്ര ബുദ്ധിമാനായ മനഃശാസ്ത്രജ്ഞനായി മണിച്ചിത്രത്താഴില്‍ നമ്മെ രസിപ്പിക്കുന്ന, മറ്റൊരു ഹാസ്യതാരമായും നായകനായും നാടോടിക്കാറ്റില്‍ നമ്മെ ചിരിപ്പിക്കുന്ന, സ്വന്തം നാട്ടില്‍ പരദേശിയായി ജീവിക്കുന്ന വൃദ്ധനായ, പ്രകൃതിയുടെ വെളിച്ച വിധാനത്തില്‍ ആത്മഹത്യ എന്ന സര്‍ക്കസ് കാട്ടുന്ന നിഷ്‌കളങ്കനായ, കഥകളിയിലെ പൂതനയായ, ഒരു ചിത്രം മുഴുവന്‍ ഒരാളുടെ മാത്രം ഭാവത്തില്‍ ഏകനായി നയിച്ച, മോഹന്‍ ലാലിന്, സാഹിത്യലോകത്തില്‍ ദസ്തയേവ്‌സ്‌കിയ്ക്ക് ഉള്ള സ്ഥാനമാണ് കാവാലം നാരായണപ്പണിയ്ക്കരും, എം.കെ. സാനുമാഷും നല്‍കുന്നത്. ‘വിസ്മയത്തുമ്പത്ത്’ എന്ന സിനിമയില്‍ വന്നത് സ്വന്തമായുണ്ടായ അതീന്ദ്രിയാനുഭവത്തില്‍ നിന്നുള്ള ആവിഷ്‌കരണമാണെന്നത് മറ്റൊരു അത്ഭുതം. സദയം എന്ന സിനിമയിലെ ദയാവധം എന്ന തീമിലേക്ക് നയിക്കുന്ന ക്രൗര്യത, ടെറിട്ടോറിയല്‍ ആര്‍മ്മിയിലേക്ക് ക്ഷണം ലഭിക്കുവാനുതകിയ ‘കീര്‍ത്തിചക്ര’, പ്രണയം എന്ന സിനിമയിലെ പക്ഷാഘാതത്തിനിരയായ നായകന്‍, പഞ്ചാഗ്‌നിയിലെ മീശയില്ലാത്ത നായകന്‍, എന്നിങ്ങനെ എന്തൊക്കെ വേഷങ്ങളാണ്, നമ്മുടെ മുന്നിലുള്ളത്.
മാതാ അമൃതാനന്ദമയിയുമായി മോഹന്‍ലാലിന് നല്ല ബന്ധമാണുള്ളത്. ഓഷോയുടെ വചനങ്ങളുടെ ശക്തി അദ്ദേഹം ഏറെ ആസ്വദിച്ച്, പിന്തുടര്‍ന്നു, വായനയുടെ ലോകത്ത് അഭിരമിച്ച്, സംഗീതത്തെ ആസ്വദിച്ച്, ഉപാസിച്ച്, പാടി ആനന്ദിച്ചു, പ്രശസ്ത മജീഷ്യന്‍ മുതുകാടുമൊത്ത് മാജിക് രംഗത്തും ആ നടനവൈഭവം എത്തിച്ചേര്‍ന്നു. ഇതിലൊക്കെ എന്തിരിക്കുന്നു, നടന വൈശിഷ്ട്യത്തിന്റെ ആകാശങ്ങളില്‍, ഇപ്പോഴും പറന്നു നടക്കുന്ന, ഉയരും ഞാന്‍ നാടാകെ എന്ന് പ്രഖ്യാപിക്കുന്ന, മോഹന്‍ലാല്‍, ഒരു പഠന പുസ്തകമായി നമുക്ക് മുന്നില്‍ നില്ക്കുന്നു.





















