ഒരു തരി പഞ്ചാരമണിക്ക് വേണ്ടി ആയിരക്കണക്കിന് ഉറുമ്പുകള്‍ മത്സരിച്ച് ഓടുന്നത് പോലെ, സിവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി പരീക്ഷ എഴുതുവാന്‍ സുന്ദരനും അതിരാവിലെ തന്റെ ഗ്രാമത്തിലെ ബസ്സില്‍ പാഞ്ഞുകയറി.
ഉദ്യോഗാര്‍ത്ഥികളുടെ ചലിക്കുന്ന കോവിലായ ബസ്സിലെ കണ്ടക്ടര്‍ ഒരു പൂജാരിയുടെ ദൈവികഭാവത്തോടെ ഡബിള്‍ ബെല്ലടിച്ചു. പ്രതീക്ഷയോടെ മക്കളെ നോക്കി നില്‍ക്കുന്ന ദുര്‍ഗ്ഗാദേവി ക്ഷേത്രത്തേയും അമ്പലക്കുന്ന് ഗ്രാമത്തേയും പിന്നിലാക്കി ബസ്സ് കരുതലോടെ മുന്നോട്ട് നീങ്ങി.
പാടിയിലെ ആറടിപൊക്കവും ഉദിച്ച മെഴുക് കറുപ്പും ദൃഢഗാത്രനു മായ സുന്ദരന്‍ തെങ്ങ്കയറ്റത്തൊഴിലാളിയായ പരേതന്‍ ആണ്ടവന്റെയും ഭാര്യ വത്സലയുടെയും മകനാണ്. സുന്ദരന്റെ പാടിയിലെ കൂടപ്പിറപ്പിങ്ങള് ആണ്‍പിറന്നോരെല്ലാം വെറ്റില മുറുക്കാനും സിനിമ കാണാനും കണ്ടം ചാടി ഞണ്ട് കുത്തി പിടിക്കാനും നടന്നപ്പോള്‍ സുന്ദരന്‍ പഠിച്ച് ഡിഗ്രി പാസ്സായി. ഒഴിവു സമയത്ത് സിനിമാപാട്ടു പുസ്തകവും വാങ്ങി തോട്ടിന്‍ കരയില്‍ നിന്ന് ഉറക്കെപാടി സ്വരം നന്നാക്കി. വഴിയില്‍ വെച്ച് കാണുമ്പോഴെല്ലാം ഇബ്രാഹിം മാഷ് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ജീവചരിത്രം ഓതികൊടുക്കുമായിരുന്നു.
സുന്ദരന്റെ ബാല്യകാലങ്ങളില്‍ പാടിയിലെ കൂട്ടുകാരൊത്ത് കള്ളനും പോലീസും കളിക്കുമ്പോള്‍ അമ്മ വത്സല വിളിച്ചു പറയും ‘ചെക്കാ നീ പോലീസായാ മതി.’ ഉലക്കയുടെ വണ്ണമുള്ള കയ്യ് കൊണ്ട് കള്ളന്‍മാരായി കളിക്കുന്ന കോളനിയിലെ കൂരിപ്പിള്ളേരുടെ കൂമ്പിനിട്ട് മകന്‍ വീക്കുമ്പോള്‍ ആണ്ടവന്‍ ഭാര്യയോട് പറയും ‘ചെക്കനെ പോലീസിന് പഠിപ്പിക്കണം’.
തെങ്ങ് കയറാന്‍ ചെല്ലുന്നിടത്തെല്ലാം ഒരു നര്‍ത്തകന്‍ ചിലങ്ക അണിയും പോലെ കാലില്‍ തളപ്പിട്ട് തെങ്ങിന്റെ ഊരക്ക് പിടിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ സുന്ദരന്റെ അച്ഛന്‍ പ്രാര്‍ത്ഥനയോടെ പറഞ്ഞിരുന്നു ‘ന്റെ കുട്ടി പോലീസാവും.’
വൈകുന്നേരം വരെ പരീത് മാപ്ലയുടെ തെങ്ങിന്‍തോപ്പില്‍ പണിയെടുത്ത് നാടായ നാടെല്ലാം അത്തറ് വിറ്റ് നടക്കുന്ന ഉറ്റ സുഹൃത്ത് ഇബ്‌നുബത്തൂത്തയുടെ കൂടെ അങ്ങേപാടിയിലെ സോമന്‍ വാറ്റുന്ന സോമരസം കുടിച്ച് കിറുങ്ങി കരിമ്പുഴയില്‍ മുങ്ങിയതാണ് ആണ്ടവന്‍. മൂന്നാംപക്കം ചാലിയാര്‍ പുഴയിലാണ് പൊങ്ങിയത്. കുടിച്ചു മത്തായ ഇബ്‌നുബത്തൂത്ത വാറ്റില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ അളവ് കൂടിയതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ കിടന്ന് ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ചെവിയില്‍ കലിമ ചൊല്ലാനും കൂടി ആളില്ലാതെ അത്തറ് കുപ്പികളെ യത്തീമാക്കി മരണത്തിന് കീഴടങ്ങി. സോമന്‍ ചാത്തന്‍ വക്കീലിനെയും കൂട്ടി നിയമത്തിനും കീഴടങ്ങി.
സുന്ദരന്‍ പരീക്ഷ എഴുതി ഒരു പ്രതീക്ഷയും ഇല്ലാതെ വിശന്ന് വീട്ടിലെത്തിയപ്പോഴാണ് അച്ഛന്റെകൂടെ തേങ്ങ പെറുക്കികൂട്ടാന്‍ നടന്ന ബംഗാളി പയ്യന്‍ തിണ്ണയിലിരുന്ന് മോങ്ങുന്നത് കണ്ടത്. ‘ഇവന്‍ അച്ഛന്‍ മരിച്ചത് അറിഞ്ഞിട്ടില്ലായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസമാണ് നാട്ടിലേക്ക് പോയത്.’ അമ്മയുടെ വിശദീകരണത്തിന് കാത്തുനില്‍ക്കാതെ സുന്ദരന്‍ അടുക്കളയിലേക്ക് പാഞ്ഞുചെന്നു. ചോറ് വിളമ്പി കറിക്കലം ശൂന്യമായിരിക്കുന്നത് നോക്കിനിന്നപ്പോഴാണ് പിറകില്‍ നിന്ന് അമ്മയുടെ സ്വരം കേട്ടത്.കറിയൊന്നും ഉണ്ടാക്കിയിട്ടില്ല കുട്ടിമാപ്ലയുടെ പീടികയിലേക്ക് എനിക്ക് ചെല്ലാന്‍ മടിയാണ്. ‘അച്ഛന്‍ മരിച്ചതില്‍ പിന്നെ പറ്റ് പൈസ കൊടുത്തിട്ടില്ല.’ സുന്ദരന്‍ വിളമ്പിയ ചോറ് അങ്ങനെതന്നെ വെച്ചു. നിത്യവൃത്തിക്ക് ഒരു ജോലി നിര്‍ബന്ധമായിരിക്കുന്നു. ധൃതിയില്‍ പുറത്തേക്കിറങ്ങി നടന്നുനീങ്ങുന്ന ബംഗാളിയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.
നീ പണിക്ക് പോകുന്നേടത്ത് എനിക്ക് പണിയുണ്ടാവോ? അറിയാവുന്ന ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. ബംഗാളി അന്വേഷിക്കാം എന്ന് പറഞ്ഞ് സുന്ദരന്റെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്തു. ആണ്ടവേട്ടനോട് കൂറ് കാട്ടാന്‍ കിട്ടിയ അവസരം പാഴാക്കാതെ ആ ഉദ്യമം ഉത്സാഹത്തോടെ ബംഗാളി ഏറ്റെടുത്തു.
അടുക്കളയില്‍ ചെന്ന് ചോറും ഉപ്പും കൂട്ടി കുഴച്ച് കാന്താരി മുളകും കടിച്ച് സുഭിക്ഷം കഴിച്ചു. ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് ജോലിയുടെ ഭാരവും പേറി ഉറക്കത്തിലേക്ക് ഊളിയിട്ടു.
അതിരാവിലെ തന്നെ മൊബൈല്‍ ഫോണ്‍ ഉണര്‍ന്ന് ശബ്ദമുണ്ടാക്കി അതുകേട്ട് സുന്ദരനും ഉണര്‍ന്നു. മറുതലക്കല്‍ ബംഗാളിയായിരുന്നു. മൂടി പുതച്ചുറങ്ങുന്ന അമ്മയോട് യാത്രപറയാതെ പഴയ കുപ്പായവും മുണ്ടും ഒരു വസ്ത്രശാലയുടെ കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് ഇറങ്ങി. ഗ്രാമത്തിലെ ആദ്യത്തെ ബസ്സില്‍ കയറിയിരുന്നു. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന് മുമ്പില്‍ സി.എന്‍.ജി.റോഡില്‍ മരാമത്ത് പണി നടക്കുന്നേടത്തേക്ക് ബസ്സിറങ്ങി ചെന്നു ബംഗാളി പറഞ്ഞതനുസരിച്ച് സുന്ദരന്‍ മേസ്തിരി അബൂക്കയെ അന്വേഷിച്ചു. പത്രം വായിച്ചുകൊണ്ടിരുന്ന അബൂക്ക വായനയിലൂടെ പണിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തുകൊണ്ടിരി ക്കുന്നു. സുന്ദരനെ കണ്ടതും അബൂക്ക ‘ക്യാ’ എന്ന ചോദ്യം എറിഞ്ഞു.
ഞാന്‍ ബംഗാളി നൂറുല്‍ഹഖ് പറഞ്ഞിട്ട് വന്നതാണ്. അല്‍പം സങ്കോചത്തോടെ സുന്ദരന്‍ പറഞ്ഞു. ദൂരെ വസ്ത്രം മാറുന്ന നൂറുല്‍ഹഖിനെ അബൂക്ക കൈകൊട്ടി വിളിച്ചു. ‘ഉദര്‍ ആവോ ഭായ്’ നൂറുല്‍ഹഖ് ഓടിവന്നു. സുന്ദരനെ കണ്ടതും ഉത്സാഹത്തോടെ പറഞ്ഞു ‘ഞാന്‍ പറഞ്ചിട്ട് വന്നതാണ്.’
‘ഇവനെന്താ പണി കൊടുക്കാ നൂറേ’ അബൂക്ക സംശയത്തോടെ ചോദിച്ചു. ‘ങ്ങ്…ആ ഇവന്‍ കുറേ പഠിച്ചിച്ചുണ്ട് എന്നല്ലേ പറഞ്ഞത് പഠിച്ചിട്ടൊന്നും വലിയ കാര്യമില്ലടോ. നമ്മുടെ ആളുകളെയൊന്നും ഈ പണിക്ക് കിട്ടണ്ല്ലാ. നീ ഒരു കാര്യം ചെയ്യ്. വസ്ത്രം മാറി ജാക്കറ്റ് അണിഞ്ഞ് വാ’ അബൂക്ക നിര്‍ദ്ദേശം നല്‍കി.
സുന്ദരന്‍ വസ്ത്രവും ജാക്കറ്റും അണിഞ്ഞ് അബൂക്കയുടെ അടുത്ത് വന്ന് നിന്നു.
‘ന്നാ……ഈ കൊടികള്‍ പിടിച്ചോ ഇതെന്തിനാ അറിയ്യ്യോ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വണ്ടികളെ നിയന്ത്രിക്കാനാണ്. ഇന്ന് നീ തടി അനങ്ങി പണിയെടുക്കേണ്ടാ. തടി അനങ്ങിയാല്‍ നാളെ നീ വരൂല്ലാ….. നമ്മള്‍ മലയാളികളല്ലേ….’ ഇതു പറഞ്ഞ് പച്ചയും ചുവപ്പും നിറത്തിലുള്ള രണ്ട് കൊടികള്‍ സുന്ദരന്റെ കൈയ്യില്‍ കൊടുത്തു. ആദ്യമായി കൊടി പിടിച്ച ലഹരി അനുഭവിച്ച സുന്ദരന്‍ റോഡിലേക്ക് ഇറങ്ങി നിന്നു. പച്ചകൊടിയും ചുവന്നകൊടിയും വീശി വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. കോണ്‍ക്രീറ്റ് യന്ത്രത്തിന്റെ ശബ്ദവും പൊടിപടലങ്ങളും മെറ്റല്‍ കൂനകളോട് മല്ലിടുന്ന കൈക്കോട്ടുകളുടെ കരകര ശബ്ദവും ചൂടും സുന്ദരന് സഹിക്കാവുന്നതിലും അപ്പുറമായി. സൂര്യന്‍ തലക്കുമീതെ വന്നു. ജാക്കറ്റിനുള്ളില്‍ വിയര്‍പ്പ് കണങ്ങള്‍ പുറംലോകം കാണാതെ തണുത്തുറഞ്ഞു. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വന്നു. സുന്ദരന്‍ ചുവപ്പ്‌കൊടി ആഞ്ഞു വീശി. സഡന്‍ബ്രേക്കിട്ട് നിലമ്പൂര്‍ സബ് ഇന്‍സ്‌പെക്ടറെ വഹിച്ചുകൊണ്ടുവന്ന വാഹനം കരച്ചിലോടെ നിന്നു. മറുതലക്കലില്‍ വണ്ടികള്‍ ബ്ലോക്കാക്കി ബംഗാളി പോലീസ് വാഹനം കടത്തിവിടാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും സുന്ദരന്റെ കര്‍ണ്ണപുടത്തില്‍ പതിഞ്ഞില്ല. പോലീസ് വാഹനത്തെ തന്റെ ആജ്ഞാപനത്തില്‍ പിടിച്ചുകെട്ടിയ സുന്ദരന്‍ ഉന്മാദം പൂണ്ടവനെപോലെ ചുവപ്പുകൊടി വീശിക്കൊണ്ടേയിരുന്നു. തന്റെ നിയമത്തിന് മുമ്പില്‍ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന പോലീസുകാരെ സുന്ദരന്‍ ആവോളം ആസ്വദിച്ചു. അപ്പോഴും റോഡിലൊഴിക്കുന്ന കറുപ്പ് ദ്രാവകത്തിന്റെ തിളച്ചുമറിയുന്ന രൂക്ഷഗന്ധം സുന്ദരന്റെ സിരകളില്‍ പടര്‍ന്നു കയറുന്നുണ്ടായിരുന്നു.