ആഗോളവ്യാപകമായി മുസ്ലിം സമൂഹം എന്നും അസ്വസ്ഥമാണെന്ന് പറയാമെങ്കിലും അമേരിക്ക ഭരണം നിയന്ത്രിക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ അസ്വസ്ഥതയൊന്നും കാണാറില്ല. കാരണം അവര്‍ യഹൂദനും ക്രൈസ്തവനും മറ്റു ബഹുദൈവ വിശ്വാസികളും ലോകക്രമത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക സാമൂഹ്യ മാറ്റങ്ങളെ പൂര്‍ണമായും ഉള്‍കൊള്ളുകയും അത് അവരുടെ സമുദായത്തിന്റെ നന്മക്കും നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുകയും ചെയ്യുന്നു. അവര്‍ മതത്തെ രാജ്യത്തിന്റെ വികസനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടിരിക്കുകയും മതത്തെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഒതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ മാറ്റം തങ്ങളുടെ മുസ്ലിം ഉമ്മത്തിനെതിരാണ്, സുന്നത്തിനെതിരാണ്, മതത്തിനെതിരാണെന്നൊക്കെ പറഞ്ഞു വന്ന് അവിടെ ആരെങ്കിലും മതത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ വരികയും ആക്രമം അഴിച്ചുവിടുകയും ചെയ്താല്‍ നിര്‍ദ്ദാഷിണ്യം അവരെ കൈകാര്യം ചെയ്ത് ഇല്ലാതാക്കുന്നു. ഇവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ വധശിക്ഷയാണ്.
ഒരു മതസമൂഹത്തില്‍ നിന്ന് ലോകം മുഴുവന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആ മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്നതില്‍ തെറ്റില്ല. പ്രവാചകന്‍ മുഹമ്മദ് ലോക സ്രഷ്ടാവായ അള്ളാഹുവിന് വേണ്ടി ലോകത്തോട് പറഞ്ഞതാണ് ഖുര്‍ആന്‍. മുസ്ലിമുകളെ സംബന്ധിച്ചേടത്തോളം അത് പരിശുദ്ധ ഗ്രന്ഥവും അള്ളായുടെ സുക്തങ്ങള്‍ പരിശുദ്ധ വചനങ്ങളുമാണ്. പക്ഷേ മുസ്ലിം സമൂഹത്തിന് പുറത്തുള്ള ആളുകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ പഠിക്കുമ്പോള്‍ പരിശുദ്ധിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. 18 വയസ്സ് പ്രായപൂര്‍ത്തിയായ വിവാഹപ്രായമെത്തിയ മുസ്ലിം അല്ലാത്ത ഏതൊരു ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും മുസ്ലിം മതവിശ്വാസത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്തെന്ന് അറിഞ്ഞിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ രചന നടത്തുന്നത്. ഇസ്ലാമിലെ സ്ത്രീയുടെ അവകാശ അധികാരങ്ങളെക്കുറിച്ചാണ് ഈ ലേഖനം. ചുരുക്കത്തില്‍ കാഫിറുകളെയും അവരോടൊപ്പം അള്ളാഹു എതിര്‍പക്ഷത്ത് നിര്‍ത്തിയിരിക്കുന്നവരെയും ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ഈ മതം രൂപം കൊള്ളുന്ന കാലം തുടങ്ങി ഇന്ന് വരെ ഇതിനെതിരെയുള്ള എല്ലാ നീക്കങ്ങളെയും ചിന്തകളെപ്പോലും ഇല്ലാതാക്കുന്ന രീതിയിലാണ് ഇതിലെ പരിശുദ്ധ സൂക്തങ്ങള്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിനെ വിമര്‍ശിക്കുന്നത് അല്ലാഹുവിനോടും റസൂലിനോടും (പ്രവാചകന്‍) യുദ്ധം ചെയ്യുന്നതായി കണക്കാക്കി അവരെ ആക്രമിക്കുവാനും കൊല്ലാനുമുള്ള നിരവധി തിരുവചനങ്ങള്‍ പരിശുദ്ധ ഖുറാനില്‍ ഉണ്ട്. ഈ ലേഖനത്തിന്റെ വിഷയം ഇതല്ലാത്തതുകൊണ്ട് പേരിന് വേണ്ടി രണ്ടോ മൂന്നോ വചനങ്ങള്‍ എഴുതാം. അല്ലാഹുവിനോടും അവന്റെ റസൂലിനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവരെ കൊല്ലുകയോ ക്രൂശിക്കുകയോ കൈകാലുകള്‍ വ്യത്യസ്ത നിലയില്‍ മുറിക്കുകയോ സ്വദേശത്ത് നിന്നും നാടുകടത്തുകയോ ചെയ്യുക മാത്രമാണ്. അത് അവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്താകട്ടെ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത് ഖുറാന്‍ 5:33). അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ട ജീവികള്‍ സത്യനിഷേധികളാകുന്നു. അതിനാല്‍ അവര്‍ ഒരിക്കലും സത്യത്തില്‍ വിശ്വസിക്കുകയില്ല’ (ഖുറാന്‍ 8:55). അള്ളാഹുവിന്റെ നാമത്തില്‍ മുഹമ്മദ് പറയുന്നതെല്ലാം വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികള്‍. അല്ലാത്തവരാണ് സത്യനിഷേധികള്‍. ഇവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണ്. ഇത്തരത്തിലുള്ള നിരവധി ആയത്തുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ, കഠിനമായ ശിക്ഷ, എന്നീ പദങ്ങള്‍ ഉള്ള ഒരു ഗ്രന്ഥം ഖുറാനാണ്.
മനുഷ്യന്റെ സര്‍വസ്വാതന്ത്ര്യങ്ങളെയും സ്വതന്ത്ര ചിന്തകളേയും പൂര്‍ണമായും നിഷേധിക്കുന്ന സത്യവിശ്വാസികള്‍ (മുഹമ്മദിനെ വിശ്വസിക്കുന്നവര്‍) ഇന്ന് മതം വളര്‍ത്താന്‍ മനുഷ്യന് സര്‍വ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ രാജ്യങ്ങളിലേക്ക് ഇടിച്ച് കയറുകയാണ്. ഇവിടെയെല്ലാം ബഹുദൈവവിശ്വാസികളും മതത്തില്‍ വിശ്വസിക്കാത്തവരുമാണ്. ബഹുദൈവ വിശ്വാസികളെപ്പറ്റിയുള്ള അള്ളായുടെ വചനങ്ങളില്‍ രണ്ടെണ്ണം. ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു. ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി കുടുംബക്കാരായിരുന്നാല്‍ പോലും അവര്‍ നരകക്കാരാണെന്ന് വ്യക്തമാക്കിയ ശേഷം പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നബിക്കോ സത്യവിശ്വാസികള്‍ക്കോ അവകാശമില്ലതന്നെ (9:113). സത്യവിശ്വാസികളെ സ്വന്തം മാതാപിതാക്കളും സഹോദരന്മാരും സത്യവിശ്വാസത്തിനെതിരെ നിഷേധത്തെയാണ് തരെഞ്ഞെടുത്തതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി വെക്കരുത്. ആരെങ്കിലും ബന്ധുക്കളാക്കി വെച്ചാല്‍ അവര്‍ അക്രമികള്‍ തന്നെയാണ് (ഖുറാന്‍ 9:23). അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവരെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല. വേദനാജനകമായ ശിക്ഷയുണ്ട് അവര്‍ക്ക്. ഇസ്‌ലാം മതം വിട്ടവരെ അല്ലാഹു കോപിക്കും. വമ്പിച്ച ശിക്ഷയുണ്ടവര്‍ക്ക് (ഖുറാന്‍ 16:104).
ഇങ്ങനെയുള്ള വളരെ കര്‍ക്കശമായ ഒരു മത സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്തായിരിക്കുമെന്നതിനെക്കുറിച്ച് കേട്ടറിവുകളുടെയും വാര്‍ത്തകളുടെയുമൊക്കെ അടിസ്ഥാനത്തില്‍ അമുസ്ലിമുകള്‍ക്കു പോലും പൊതുധാരണയുണ്ട്. ഇത് എങ്ങിനെയുണ്ടായി എന്ന് അമുസ്ലിമുകള്‍ പലരും പലപ്പോഴും പരസ്പരം ചോദിച്ചിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുസ്ലിം സമൂഹം തന്നെ സംസാരിച്ചിട്ടുണ്ട്. സ്ത്രീകളോടുള്ള ഇത്തരം മതവിധികളെ അനുകൂലിക്കുന്നവരാണ് 90 % മുസ്ലിം പുരുഷന്മാരുമെങ്കില്‍ സ്ത്രീകളില്‍ ഇത് പകുതിയേ വരൂ.
ഖുറാനിലെ രണ്ടാമത്തെ അദ്ധ്യായമായ സുറത്തുല്‍ ബഖറയിലെ 223-ാമത്തെ ആയത്ത് സ്ത്രീകളെപ്പറ്റിയുള്ള ഒരു ഇസ്‌ലാമിക നിര്‍വചനമാണ്. വചനം ഇങ്ങനെയാണ്. ‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതുകൊണ്ട് ഉദ്ദേശിക്കുന്ന വിധം സ്വന്തം കൃഷിയിടത്തിലേക്ക് നിങ്ങള്‍ക്ക് ചെല്ലാം. നിങ്ങള്‍ക്ക് വേണ്ടി സല്‍കര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്ത് വെക്കുക. നിങ്ങള്‍ അല്ലാഹുവേ ഭയപ്പെട്ട് ജീവിക്കുകയും അവനുമായി കണ്ടുമുട്ടുക തന്നെ ചെയ്യുമെന്നും മനസ്സിലാക്കുകയും ചെയ്യുക. ( നബി) സത്യവിശ്വാസികള്‍ക്ക് താങ്കള്‍ സന്തോഷ വാര്‍ത്ത അറിയിക്കുക.’
ഈ ആയത്ത് ഇറങ്ങിയ സാഹചര്യം വ്യക്തമാക്കുന്ന ഹദിസ് സ്വഹീഹു മുസ്‌ലിമില്‍ ആണ്. ഇബ്‌നുല്‍ മുന്‍കദിറില്‍ നിന്ന്: ജാബിര്‍ പറയുന്നതായി അദ്ദേഹം കേട്ടു. ഒരാള്‍ തന്റെ ഭാര്യയെ പിന്‍ഭാഗത്തു കൂടെ മുന്‍ഭാഗത്ത് യോനിയില്‍ സംഭോഗം നടത്തിയാല്‍ അതില്‍ ജനിക്കുന്ന കുട്ടി കോങ്കണ്ണുള്ളതാകുമെന്ന് ജൂതന്മാര്‍ പറയാറുണ്ടായിരുന്നു (സ്വഹിഹൂ മുസ്ലിം ഹദീസ് 829). അങ്ങിനെയാണ് മേല്‍ സുക്തം 223 ഖുറാനില്‍ അവതരിക്കുന്നത്.
മുഹമ്മദ് തന്റെ 40 -ാംമത്തെ വയസ്സ് മുതല്‍ 63 വയസ് വരെയാണ് അവസാന പ്രവാചകനായി ജീവിച്ചത്. ഇതിനിടയില്‍ പലപ്പോഴായി മുഹമ്മദിന്റെ ഏക ദൈവം അള്ളാഹു മുഹമ്മദിന് ഒരു മലക്ക് മുഖാന്തിരം ദിവ്യസന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയുകയും ഓരോ ദിവ്യസന്ദേശവും പറയുവാനുണ്ടായ കാരണവും സഹചര്യവും ഹദീസുകളില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മേല്‍പറഞ്ഞ 223 ആയത്തിന്റെ പശ്ചാത്തലം കര്‍മശാസ്ത്രയിലുമുണ്ട്.
ഇതിന്റെ മറ്റൊരു വിശദീകരണം ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹുസ്സുന്ന:) ഇങ്ങനെയാണ് പറയുന്നത്. ‘വിവാഹത്തിലെ കൈകാര്യാധികാരം പ്രകൃതി വിരുദ്ധമായ മൈഥുനം’ എന്ന ഭാഗത്ത് ഇങ്ങനെയാണ്: വിതയ്ക്കുവാനും നടുവാനുമുള്ള സ്ഥലമാണ് കൃഷിയിടം. ഇവിടെ അതുകൊണ്ടുദ്ദേശിക്കുന്നത് സന്താനോല്‍പ്പാദനമാണ്. സന്താനമാണ് കൃഷിചെയ്യപ്പെടുന്നത് അപ്പോള്‍ കൃഷിയിടത്തെ സമീപിക്കാനുള്ള ശാസന യോനിയില്‍ സംഭോഗം ചെയ്യാനുള്ള ശാസനയാണത്രേ. കവി പാടുകയുണ്ടായി. നമ്മുടെ കൃഷിയോഗ്യമായ ഭൂമികളാണ് ഗര്‍ഭാശയങ്ങള്‍. വിതക്കേണ്ടത് നമ്മുടെ കടമയാകുന്നു. മുളപ്പികേണ്ടത് അള്ളാഹുവിന്റെയും. അള്ളാഹു കല്‍പ്പിച്ചതിന്‍ പടി നിങ്ങളവരെ സമീപിക്കുക എന്ന ഖുര്‍ആന്‍ വചനത്തോടും നിങ്ങള്‍ ഇച്ഛിക്കുംവിധം എന്ന വചനത്തോടും സദൃശ്യമായിരിക്കുന്നു ഇത്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതനുസരിച്ച് ഈ സൂക്തത്തിന്റെ അവതരണ നിമിത്തം ഇതാണ്: പുരുഷന്‍ സ്ത്രീയുടെ പിന്നില്‍ നിന്നുകൊണ്ട് അവളുടെ ജനനേന്ദ്രിയത്തില്‍ സംഭോഗം ചെയ്യുന്ന പക്ഷം അതിലുണ്ടാകുന്ന കുട്ടി കോങ്കണ്ണനായി തീരുമെന്ന് നബിയുടെ കാലത്ത് ജൂതന്മാര്‍ വിശ്വസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു: നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങളുടെ കൃഷിയിടത്തെ സമീപിച്ചുകൊള്ളുക’ എന്ന സൂക്തം അവതരിച്ചത്. മൈഥുനം യോനിയിലും അതിന്റെ ലക്ഷ്യം സന്താനോല്‍പ്പാദനമായിരിക്കുന്നേടത്തോളം കാലം സ്ത്രീയെ സമീപിക്കുന്നത് ഏതു രീതിയിലാകുന്നതു കൊണ്ടും വിരോധമില്ല എന്നര്‍ത്ഥം. സ്ത്രീയുടെ ഗുദത്തിലൂടെ മൈഥുനം നടത്തുന്നത് നിരോധിച്ചുകൊണ്ട് ഖണ്ഡിതമായ ഹദീസുകള്‍ വന്നിട്ടുണ്ട്. നബി പ്രസ്താവിച്ചു.
ഖുറാനിലെ 24-ാം അദ്ധ്യായം സൂറത്തുന്നൂറിലെ മുപ്പത്തി ഒന്നാമത്തെ ആയത്ത് ഇസ്ലാമിക സ്ത്രീകള്‍ക്ക് ഉള്ള വിധിവിലക്കുകളില്‍ ഒന്നാണ്. സത്യവിശ്വാസിനികളോടും തങ്ങളുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും തങ്ങളുടെ സൗന്ദര്യത്തില്‍ നിന്ന് പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്തരുതെന്നും പറയുക. അവര്‍ മക്കനകള്‍ കൊണ്ട് ശിരസ്സും കഴുത്തും മാറിടങ്ങളും മറക്കട്ടെ. ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃ പിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരന്മാരുടെ പുത്രന്മാര്‍, സഹോദരിമാരുടെ പുത്രന്മാര്‍, തങ്ങളെപ്പോലെയുള്ള സ്ത്രീകള്‍, സ്വന്തം അടിമകള്‍, സ്ത്രീകളോട് തീരെ ലൈംഗിക മോഹമില്ലാത്ത പുരുഷന്മാര്‍, സ്ത്രീകളുടെ രഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികള്‍ എന്നിവര്‍ക്കല്ലാതെ അവര്‍ തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്തുവാന്‍ പാടില്ല. തങ്ങളുടെ അലങ്കാരത്തില്‍ നിന്ന് മറച്ചുവെക്കുന്നതു പുറത്തറിയിക്കാനായി അവര്‍ കാലടിച്ച് നടക്കരുത്. സത്യവിശ്വാസികളെ, നിങ്ങള്‍ വിജയം നേടാനായി എല്ലാവരും അല്ലാഹുവിലേക്കു പശ്ചാത്തപിച്ചു മടങ്ങുക (കാലടിച്ച് നടക്കരുതെന്ന് വെച്ചാല്‍ സ്ത്രീ ശബ്ദമുണ്ടാക്കാതെ നിശബ്ദമായി നടക്കണമെന്നര്‍ത്ഥം).
ഇനി വസ്ത്രധാരണത്തെക്കുറിച്ച് മറ്റൊന്ന്. ഔറത്ത് അഥവ മാനം മറയ്ക്കല്‍ എന്നാണ് ഇതിന് കാണുന്ന വിശദീകരണം. മുഖവും മുന്‍കൈയ്യുമൊഴികെ സ്ത്രീയുടെ ശരീരം മുഴുവന്‍ ഔറത്താണ്, മറയ്‌ക്കേണ്ടതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു. പുരുഷനുമുണ്ട് ഔറത്ത്. നമസ്‌ക്കാര സമയത്ത് പുരുഷന്‍ നിര്‍ബന്ധപൂര്‍വം മറയ്‌ക്കേണ്ട നഗ്‌നത ലിംഗവും ഗുദവുമത്രേ.
വസ്ത്രധാരണത്തെക്കുറിച്ചുള്ള അള്ളാഹുവിന്റെ ഒരു സൂക്തം ഇങ്ങനെയാണ്. ‘ആദം സന്തതികളെ, നാം നിങ്ങള്‍ക്ക് ശരീരത്തിന്റെ ഗുഹ്യ ഭാഗങ്ങള്‍ മറയ്ക്കുകയും ശരീരത്തെ അലങ്കരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്ത്രം ഇറക്കി തന്നിരിക്കുന്നു. എന്നാല്‍ തഖ്വയുടെ വസ്ത്രം, അതാണ് ഏറ്റവും ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രേ അത്. ജനം ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെങ്കിലോ.’
ആദം സന്തതികളായ ആണിനോടും പെണ്ണിനോടുമായിട്ടാണ് അള്ളാഹു ഇത് പറയുന്നതെങ്കിലും ഇതിന്റെ ഭാരവും ബാധ്യതയും വന്ന് വീഴുന്നത് സ്ത്രീയുടെ തലയിലാണ്. ഈ ആയത്തിന്റെ കര്‍മശാസ്ത്രയിലെ വ്യാഖാനം ഇങ്ങനെയാണ്. ‘പുരോഗതി പ്രാപിച്ച മനുഷ്യന് വസ്ത്രധാരണം അനിവാര്യമായ ഒരാവശ്യമാണെങ്കില്‍ സ്ത്രീകളെ സംബന്ധിച്ചേടത്തോളം അത് കൂടുതല്‍ അനിവാര്യമാകുന്നു. കാരണം അവളുടെ മതത്തിന്റെയും മാന്യതയുടെയും സദാചാരത്തിന്റെയും ലജ്ജാശീലത്തിന്റെയും രക്ഷാകവചമാണിത്. ഈ ഗുണങ്ങളൊക്കെ പുരുഷനെക്കാളേറെ ഉണ്ടായിരിക്കേണ്ടത് സ്ത്രീകളിലാണ്. അതിനാല്‍ അടങ്ങിയൊതുങ്ങി കഴിയുവാന്‍ കൂടുതല്‍ ബാധ്യസ്ഥയാകുന്നു സ്ത്രീ.’ വ്യാഖ്യാനം തുടരുന്നു. വനിതകളുടെ ഏറ്റവും മഹത്തായ സമ്പത്ത് ചാരിത്യവും മാന്യതയും ലജ്ജാശീലവുമാണ്. ഈ ഗുണങ്ങളെ സംരക്ഷിക്കുകയെന്നാല്‍ സ്ത്രീയിലെ മനുഷ്യത്വത്തെ അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തില്‍ സംരക്ഷിക്കുക എന്നാണര്‍ത്ഥം. സ്ത്രീ അവളുടെ സുരക്ഷിത മേഖലയില്‍ നിന്നോ വസ്ത്രങ്ങളില്‍ നിന്നോ മുക്തയാകുന്നത് അവളുടെയോ അവള്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്റെയോ ഉത്തമ താല്‍പര്യത്തിന് അനുഗണമല്ല. ലൈംഗികത മനുഷ്യന്റെ ജന്മവാസനകളില്‍ അതിശക്തമായ ഒന്നാണെന്ന വസ്തുത പ്രത്യേകം അനുസ്മരണീയമാകുന്നു. നഗ്‌നത ലൈംഗിക വാസനയെ ഉണര്‍ത്തുകയും കെട്ടഴിച്ച് വിടുകയും ചെയ്യുന്നു. പ്രസ്തുത വാസനയെ സംസ്‌കരിക്കുവാനും അതിന്റെ ശക്തിയും മൂര്‍ച്ഛയും കുറയ്ക്കുവാനും അതിന്റെ മുമ്പില്‍ ചില ചട്ടങ്ങളും വ്യവസ്ഥകളും പരിധികളും നിശ്ചയിക്കേണ്ടത് അനിവാര്യമാകുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഇസ്‌ലാം ശ്രദ്ധിച്ചത്. സ്ത്രീയുടെ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിശദമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്.’
ഈ വ്യാഖ്യാനം തന്നെയാണ് മുസ്ലിം മതപണ്ഡിത ലോകം അംഗീകരിച്ചിട്ടുള്ളത്. സ്ത്രീ സദാചാരവും ലജ്ജാശീലവും കാത്തുസൂക്ഷിച്ച് വീടിനുള്ളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവളും അവള്‍ മൂലം പുരുഷന്മാരുടെ അതിശക്തമായ ലൈംഗികത ഉണര്‍ന്ന് കെട്ടഴിഞ്ഞ് പോയി അവരുടെ നിയന്ത്രണം വിടാതിരിക്കുവാന്‍ അവളുടെ വസ്ത്രധാരണത്തിന് ഇസ്ലാം വ്യവസ്ഥകള്‍ വെച്ചിരിക്കുന്നുവെന്നാണ് മുകളില്‍ പറഞ്ഞതിന്റെ സാരം.
ഖുര്‍ആന്‍ സൂക്തം – ഓ നബി, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും വിശ്വാസികളിലെ വനിതകളോടും പറയുക. അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. ഇതത്രെ അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായ മാര്‍ഗം.
അള്ളാഹു പറയുന്നു. ‘സത്യവിശ്വാസിനികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ സൂക്ഷിക്കട്ടെ. ഗുഹ്യസ്ഥാനങ്ങള്‍ കാത്തു കൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. അവര്‍ തങ്ങളുടെ മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ.
സ്ത്രീകള്‍ മുഖം മൂടി നടക്കുക. അപ്പോള്‍ ആരും ശല്യം ചെയ്യില്ല. ആണുങ്ങള്‍ സ്ത്രീകളുടെ ഏതെങ്കിലും ഭാഗങ്ങള്‍ കണ്ടാല്‍ അവരുടെ അതിശക്തമായ ലൈംഗികത ഉണര്‍ന്ന് സ്ത്രീകള്‍ക്കെതിരെ തിരിയുമെന്ന് പറഞ്ഞു വെക്കുന്ന ഏക ദൈവത്തോടും അവന്റെ ദൂതനോടും വിയോജിക്കാതെ വയ്യ. സ്ത്രീ ഋതുമതിയായിക്കഴിഞ്ഞാല്‍ പര്‍ദ്ദ ധരിച്ച് തുടങ്ങണമെന്നാണ് മതശാസന.
മുസ്ലിം വനിതകളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയ സൂക്തം അവതരിപ്പിക്കപ്പെട്ട സഹചര്യത്തെപ്പറ്റി ബുഖാരി ഹദീസില്‍ ഉണ്ട്. ആഇശയില്‍ നിന്ന്: നബി പത്‌നിമാര്‍ രാത്രിയില്‍ വിശാലമായ പറമ്പിലേക്ക് മലമൂത്രവിസര്‍ജനം നിര്‍വഹിക്കുവാന്‍ പോകുമായിരുന്നു. അപ്പോഴെല്ലാം ഭാര്യമാരോട് ഹിജാബ് ധരിക്കുവാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഉമര്‍ നബിയോട് ഉണര്‍ത്തിയിരുന്നു. എന്നാല്‍ നബി അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ നബി പത്‌നി സൗദബിന്‍ അവിടേക്ക് പോയി. അവര്‍ നീളമുള്ളവളായിരുന്നു (ഉയരം). അങ്ങിനെ ഉമര്‍ അവരെ വിളിച്ചു. സൗദാ അറിയുക. ഞാന്‍ നിങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു (ഹദീസ് 119).
കക്കൂസിലേക്ക് പോകുന്ന സ്ത്രീകളെ തിരിച്ചറിയാതിരിക്കുന്നതിലേക്കായിട്ടാണ് ശരീരം മൂടുന്ന ഹിജാബ് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഈ കാര്യത്തിന് വേണ്ടി ഒരു സൂക്തം അള്ളാഹു അവതരിപ്പിച്ചത്. സ്ത്രീകള്‍ ശരീരം മൂടി കക്കൂസിലേക്ക് പോകണമെന്നുള്ളത് ഉമ്മറിന്റെ നിര്‍ബന്ധമായിരുന്നുവെന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും. ചുരുക്കത്തില്‍ ഉമ്മറിന്റെ താല്‍പര്യാര്‍ത്ഥം അള്ളാഹു മുഹമ്മദിന് ഹിജാബിന്റെ ആയത്ത് ഇറക്കി കൊടുത്തു. പിന്നീട് ഈ വസ്ത്രവും മുസ്ലിം വനിതകളുടെ ഒരു പൊതുവസ്ത്രമായി മാറി. സ്ത്രീകള്‍ കക്കൂസിലേക്ക് പോകുമ്പോള്‍ നഗ്‌നത മറയ്കുന്ന വസ്ത്രധാരണത്തിനപ്പുറം ശരീരം മൂടുന്ന വസ്ത്രം വേണമെന്ന് ഉമ്മര്‍ പറഞ്ഞതിന്റെ യുക്തി അറിയില്ലാ. സ്ത്രീകള്‍ക്ക് മാത്രമുള്ള ആയത്താണ്. പുരുഷന്മാര്‍ക്ക് കക്കൂസില്‍ പോകുമ്പോള്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ല.
ഖുര്‍ആന്‍ പറയുന്നു. ഓ നബി താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ മേല്‍വസ്ത്രങ്ങളില്‍ നിന്നു കുറെ ഭാഗം അവരുടെ മേല്‍ താഴ്ത്തിയിട്ടു കൊള്ളണമെന്നു താങ്കള്‍ പറയുക. അതാണവര്‍ തിരിച്ചറിയപ്പെടുവാന്‍ ഏറ്റവും എളുപ്പമായിട്ടുള്ളത്. അപ്പോളവരെ ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു (33:59).
എന്തുകൊണ്ടാണ് ഇസ്‌ലാമില്‍ ഇത്രയും സ്ത്രീവിരുദ്ധമായിട്ടുള്ള മതശാസനകള്‍ ഉണ്ടായതെന്നറിയുവാന്‍ മുഹമ്മദ് നബിയുടെ ഈ വചനം ശ്രദ്ധിച്ചാല്‍ മതി. ‘സ്ത്രീ മുന്നോട്ട് വരുമ്പോഴും പിന്നോട്ട് പോകുമ്പോഴും എല്ലാം അവളുടെ കൂടെ ഒരു പിശാശ് ഉണ്ടായിരിക്കും.’ നബി വചനം ‘നരകാവകാശികളില്‍ രണ്ടു വിഭാഗം – ഞാനവരെ കണ്ടിട്ടില്ല. കൈയ്യില്‍ പശുവാല്‍ പോലുള്ള വടികളുമായി കുറെ പുരുഷന്മാരും വസ്ത്രം ധരിച്ചുകൊണ്ട് തന്നെ നഗ്‌നരും കൊഞ്ചി കുഴയുന്നവരുമായ സ്ത്രീകളും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ സുഗന്ധമാസ്വദിക്കുകയോ ചെയ്യുകയില്ല. അതിന്റെ സുഗന്ധമാകട്ടെ ഇന്നയിന്ന ദൂരം വരെ വാസനിക്കപ്പെടുന്നതാണ്.’
മതശാസനകള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കാത്തവരെ ഇസ്‌ലാം വിളിക്കുന്നത് അഴിഞ്ഞാട്ടക്കാര്‍ എന്നാണ്. അവര്‍ക്ക് കടുത്ത ദൈവശിക്ഷയുണ്ട്.വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് മാറ്റുവാന്‍ കഴിയാത്ത ദൈവിക നിര്‍ബന്ധങ്ങള്‍ ഉള്ളപ്പോള്‍ പുരുഷന് അങ്ങനെയില്ല. പുരുഷന്മാര്‍ വസ്ത്രം അവരുടെ അവസ്ഥയനുസരിച്ചായിരിക്കും ധരിക്കുക. പുരുഷന് എങ്ങനെയും വസ്ത്രം ധരിക്കാം. പക്ഷെ സ്ത്രീ വസ്ത്രം ധരിക്കേണ്ടത് പുരുഷന് ലൈംഗീകാസക്തി തോന്നാത്ത രീതിയിലായിരിക്കണം. പുരുഷന്റെ വസ്ത്രധാരണം കൊണ്ട് സ്ത്രീക്ക് ലൈംഗീകാവേശം ഉണ്ടായാല്‍ എന്തുചെയ്യണമെന്ന മതവിധി കണ്ടില്ല. പുരുഷ വര്‍ഗത്തെപ്പോലെ വികാരവിചാരങ്ങള്‍ ഉള്ള ഒരു വര്‍ഗമാണ് സ്ത്രീയെന്ന് ഇസ്‌ലാം ചിന്തിക്കുന്നില്ല.
കേരളത്തില്‍ മാത്രം എത്രയെത്ര വിവാദങ്ങളാണ് മുസ്ലിം ലോകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എവിടെയും പൊതുസമൂഹവുമായി യോജിക്കാതെ വേറിട്ട് നില്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. കുട്ടികള്‍ ഒരുമിച്ച് നടന്നാല്‍ പ്രശ്‌നം, പഠിച്ചാല്‍ പ്രശനം, ശരീരം അനങ്ങി എന്തെങ്കിലും വ്യായാമം ചെയ്താല്‍ പ്രശ്‌നം. വിവാഹപ്രായം കൂട്ടിയാല്‍ പ്രശ്‌നം, പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാല്‍ പ്രശ്‌നം, സ്‌കൂള്‍ സമയം മാറ്റിയാല്‍ പ്രശ്‌നം, കുടുംബശ്രീയുടെ പ്രതിജ്ഞയില്‍ മോനും മോള്‍ക്കും തുല്യമായി സ്വത്ത് നല്‍കുമെന്നെഴുതിയാല്‍ അതും പ്രശ്‌നം, കാശ്മീരിന്റെ 370-ാം വകുപ്പ് എടുത്ത് മാറ്റിയാല്‍ പ്രശ്‌നം, ഇതിനും പുറമേ യുദ്ധം പോലുള്ള ആഗോള പ്രശ്‌നങ്ങള്‍ വേറെ. പ്രത്യേകിച്ച് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹത്തില്‍ ഇനിയും വിവാദങ്ങള്‍ ഉയര്‍ന്നു വരും. കാരണം മുസ്‌ലിം ചിന്താധാര ഒരു സ്ത്രീ ചിരിക്കുന്നതോ ചിന്തിക്കുന്നതോ പഠിക്കുന്നതോ സ്വന്തമായി അഭിപ്രായം പറയുന്നതോ വസ്ത്രം ധരിക്കുന്നതോ ഒന്നും അനുവദിക്കുന്നില്ല. ഒരു മുസ്ലിം എവിടെ എപ്പോള്‍ എങ്ങനെ ആരൊടൊക്കെ എപ്രകാരം പെരുമാറണമെന്ന് ഈ മതം പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ നടത്തം, കിടത്തം, ഉറക്കം, ഉണര്‍ച്ച, സ്വഭാവം, സമീപനം, സമ്പ്രദായം, പെരുമാറ്റം, സംസാരം, കര്‍മം, വികാരം, വിചാരം, കേള്‍വി, കാഴ്ച, ആരാധന, ആചാരം, പ്രാര്‍ത്ഥന, കീര്‍ത്തനം, മലമൂത്രവിസര്‍ജനം, വിവാഹം, വിവാഹമോചനം, വ്യക്തി ജീവിതം, കുടുംബഘടന, സാമൂഹിക ക്രമം, സാമ്പത്തിക ഇടപാടുകള്‍, സാംസ്‌കാരിക നിലപാടുകള്‍ രാഷ്ട്രീയ വ്യവസ്ഥ, ഭരണ സംവിധാനം ഇവയിലെല്ലാം മുഹമ്മദ് എന്താണോ ചെയ്തത് അതാണ് ഒരു മുസ്‌ലിമിന്റെ ജീവിതചര്യ. അതായത് ഈ മാതൃകകള്‍ എല്ലാം മുമ്പിലുള്ളതിനാല്‍ ഒരു മുസ്‌ലിം ഇത്തരത്തിലുള്ളെ ഒന്നിനെയും പറ്റി ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല. ഇത് വെറുതെ അനുകരിച്ചാല്‍ മതി. അത് പുണ്യമാണ്. സ്വര്‍ഗാവകാശമുള്ളതാണ്. കാര്യകര്‍ത്താക്കളെല്ലാം പുരുഷന്മാരാണ്. അതിനാല്‍ തന്നെ സ്ത്രീയുടെ കാര്യത്തില്‍ ഈ കണിശത വളരെ കൂടുതലാണ്. പെണ്ണ് നടക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നത് പോലും പ്രവാചകന്റെ പ്രബോധനങ്ങള്‍ക്കെതിരാണ്.
(തുടരും)





















