അരുത് വേടാ എന്ന്
വാല്മീകി
പാടൂ വേടാ എന്ന്
വാഴ്ത്തുപാട്ടുകാര്‍
ഇടയില്‍ പെട്ട്
ഇഴയുന്നു
ലഹരി നുണഞ്ഞ
ക്രൗഞ്ചപ്പറവകള്‍.
നീയും ഞാനും
നിന്റെ കണ്ണുകള്‍ കാണാന്‍ ഞാനിനി
സ്വപ്നങ്ങളിലേക്കുള്ള
കിളിവാതിലുകള്‍
ഒന്നൊന്നായി തുറന്നിടും
നിന്റെ മധുരനാദം കേള്‍ക്കാന്‍
ഞാനിനി കിളിയൊച്ചകളിലേക്കു
ചെവി കൂര്‍പ്പിക്കും
നിന്റെ പാദപതനങ്ങള്‍
കേള്‍ക്കാന്‍ ഞാനിനി
മണ്ണില്‍ ചെവി ചേര്‍ത്തുകിടക്കും…
അകത്തേക്കു വലിച്ച ശ്വാസം
പുറത്തേക്കുപോകാതെ
അവിടെത്തന്നെ
തണുത്തു മരവിച്ചു
കിടക്കും വരെ.
കടല്‍
പുല്‍ത്തുമ്പിലെ
ജലകണമിപ്പഴും
അലയടിക്കുന്ന കടലിനെ
കിനാവ് കാണുന്നു
കടല്‍ കാണണമെന്ന
മോഹത്താല്‍
ഒരു ജലകണമായി
പുല്‍ത്തുമ്പില്‍ തങ്ങിനില്‍ക്കാന്‍
വെറുതെ മോഹിക്കുന്നു കടലും!
വാക്ക്
പറഞ്ഞ വാക്കുകള്‍
വലിച്ചെറിഞ്ഞില്ലീ
അജപാലകന്‍
നീട്ടിയ കൈകള്‍
തട്ടി മാറ്റി
നീ തിരികെ നടക്കുമ്പോഴും.






















