Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പഞ്ചസഭയില്‍ നടരാജന്റെ ആനന്ദക്കൂത്ത്‌

ഡോ.ആര്‍. രാമാനന്ദ്ഡോ.ആര്‍. രാമാനന്ദ്
19 September 2025

മൂവുലകങ്ങളെ കാന്തിയാല്‍ വലച്ചവളെ രത്‌നഖചിതമായ പൊന്‍പീഠത്തിലിരുത്തി, കൈലാസ കൊടുമുടിക്ക് മുകളില്‍ ത്രിശൂലമേന്തിയവന്‍ മഹാതാണ്ഡവം ചവിട്ടുകയാണ്. വാണിയവിടെ വീണ മീട്ടുന്നു, ശക്രന്‍ വേണുവൂതുന്നു, വിരിഞ്ചന്‍ കൈമണി കൊട്ടുന്നു, ഇന്ദിരയൊരു ഗാനമുതിര്‍ക്കുന്നു, മാധവന്‍ തകിലു കൊട്ടുന്നു. യക്ഷഗന്ധര്‍വ്വദേവസിദ്ധസാദ്ധ്യചാരണര്‍, അമരര്‍, അപ്‌സരസ്സുകള്‍ തുടങ്ങിയ ത്രിലോകവാസികളവിടെ സന്നിഹിതരാണ് ആ മഹാനടനം കണ്‍പാര്‍ക്കാന്‍.

Google NewsAdd Kesari Weekly as a preferred source on Google

ശിവപ്പെരുമാളിന്റെ താണ്ഡവം പ്രപഞ്ചത്തിന്റെ മുഴുവന്‍ ചാക്രികതയേയും ചൂഴ്ന്നു നില്‍ക്കുന്ന പരമ്പൊരുളാണ്. എന്നാല്‍ കല്പാന്തത്തിലെ മഹാതാണ്ഡവം കണ്‍കൊള്ളാന്‍ നേരത്ത് നാം കണ്ട ദേവലോകവാസികളില്ല, മുനികളില്ല, സിദ്ധരോ ചാരണരോ ഇല്ല. സര്‍വ്വ പ്രപഞ്ചവും അഗ്‌നിയില്‍ ലയിച്ച് വഹ്നിപ്രളയത്തിന്റെ മഹാജ്വാലകളുതിര്‍ക്കുന്ന പ്രാകാരം ത്രിപുരാന്തകന് മുന്നില്‍ സായംസന്ധ്യയിലെ ദീപാരതി തീര്‍ക്കുമ്പോള്‍ ആ മഹാതാണ്ഡവ നടനം കാണുവാന്‍ ഒരാള്‍ മാത്രം ബാക്കി. ലളിതാസഹസ്രനാമം അവളെ മഹേശ്വരമഹാകല്‍പ്പമഹാതാണ്ഡവസാക്ഷിണി എന്ന ഒരൊറ്റപ്പദം കൊണ്ട് വിശേഷിപ്പിക്കുന്നു.

നാദം അരുളായി മൊഴിയായി ആഗമമായി തെളിഞ്ഞപ്പോള്‍ ശിവതാണ്ഡവം ഏഴ് വിധത്തില്‍ ഉണ്ടെന്ന് പറയുന്നു.

ADVERTISEMENT

1.ആനന്ദതാണ്ഡവം: ഏറ്റവും പ്രസിദ്ധമായ ആനന്ദക്കൂത്ത്. ചുടലച്ചുടുചാരം മേലണിഞ്ഞ്, നാലുകൈകളുമായി കൂത്താടുന്ന നടരാജന്‍. വലതു കാല്‍ നിലത്തൂന്നി ഇടതുയര്‍ത്തി, വലതു കൈകളില്‍ നാദമുതിര്‍ക്കുന്ന ഉടുക്കും, നാഗച്ചുറ്റില്‍ അഭയ മുദ്രയും, ഇടതുകൈകളില്‍ പ്രളയാഗ്‌നിയും, ഗജഹസ്ത മുദ്രയും പ്രദര്‍ശിപ്പിച്ച്, അപസ്മാരമൂര്‍ത്തിയെ കാല്‍ക്കലിട്ട് മഥിച്ചു കൊണ്ട് സര്‍വ്വപ്രപഞ്ചത്തെയും വിസ്മയിപ്പിക്കുന്ന നടരാജനൃത്തനില. നടരാജന്റെ ഈ നില്‍പ്പ് വിസ്മയിപ്പിക്കാത്ത കലാവിചക്ഷണര്‍ ഇല്ല. ഇടതുകാലിന്റെ ഉയര്‍ച്ച ഭരതന്റെ നാട്യശാസ്ത്ര പ്രകാരം നൂറ്റിയെട്ട് കരണങ്ങളില്‍ ഒന്നാണ്. ഭുജംഗത്രസിതം എന്നാണ് ആ നിലയെ വിളിക്കുന്നത്. അഭിനവഗുപ്തന്‍ ഈ നിലയെ വ്യാഖ്യാനിക്കുന്നത് എപ്രകാരമാണോ ഒരാള്‍ ഒരു പാമ്പിനെ കണ്ടു വളരെ പെട്ടെന്ന് കാലുയര്‍ത്തുന്നത് അതുപോലെ എന്നാണ്. ഈ നില്‍പ്പ് സാധാരണ ഒരാള്‍ക്ക് അസ്ഥിരമായ ഒരു നില്‍പ്പാണ്, എന്നാല്‍ നടരാജപ്രഭുവിനത് നിത്യമായ മഹാനടന നില.

2. സന്ധ്യാതാണ്ഡവം: അപസ്മാരമൂര്‍ത്തിയെ കാണാനില്ല ഈ നൃത്തനിലയില്‍. ഇടത് കൈകളില്‍ മയില്‍പ്പീലിയും, വിസ്മയമുദ്രയുമുണ്ട്. ആനന്ദകുമാരസ്വാമി ശിവന്റെ മൂന്ന് താണ്ഡവങ്ങളില്‍ ഒന്നായി ഇതിനെ എണ്ണുന്നു. ഭൈരവ സ്വരൂപത്തില്‍ പത്ത് കൈകളോടു കൂടെ കാളിയും കൂളിയും പ്രേത പിശാച ഭൂതരൂപികളുമൊന്നിച്ച് ശ്മശാനത്തില്‍ ആടുന്ന താണ്ഡവമാണ് മറ്റൊന്ന്. എല്ലോറയിലും, എലിഫന്റയിലും ഭുവനേശ്വരത്തിലും ശില്‍പകലകളെ പ്രചോദിപ്പിച്ച ശ്മശാന താണ്ഡവം. തില്ലൈ നടരാജമൂര്‍ത്തി കനകസഭയില്‍ ആടുന്ന നാദാന്ത താണ്ഡവമാണ് മൂന്നാമത്തേത്. സന്ധ്യാതാണ്ഡവം ശിവന്റെ പ്രദോഷ താണ്ഡവമാണ്. കാളകൂട നഞ്ച് ഉണ്ട ശിവന്‍, ദ്വാദശി നാളില്‍ ത്രിശൂലം ചുഴറ്റി ആടിയ താണ്ഡവമാണ് പ്രദോഷ താണ്ഡവം.

3. ഉമാ താണ്ഡവം: ആറു കൈകളോടു കൂടിയ നടരാജ മൂര്‍ത്തി. അധികമുള്ള വലത് കയ്യില്‍ ഒരു ത്രിശൂലം, അധികമുള്ള ഇടത് കൈയ്യില്‍ ഒരു കപാലം. കാലിനടിയില്‍ അപ്‌സ്മാര മൂര്‍ത്തി. പൂര്‍വ്വകാരണാഗമം എന്ന ശൈവസിദ്ധാന്ത ആഗമ പ്രകാരം ശിവന്റെ മുനി താണ്ഡവം ആണ് ഉമാ താണ്ഡവത്തിന് പകരം എണ്ണുന്നത്. കപാലം കയ്യിലുള്ളതിനാല്‍ കാപാലികം, പാശുപതം, ലാകുലം, തുടങ്ങിയ ശൈവ സമ്പ്രദായങ്ങളുമായി ബന്ധമുള്ളതാണോ ഈ താണ്ഡവമെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. കപാലികരുടെ നാമത്തില്‍ സോമ; ഉമയോട് കൂടിയവന്‍ എന്ന വാക്കുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
4. ഗൗരി താണ്ഡവം: ആനന്ദതാണ്ഡവത്തിനു തുല്യമാണ് ഗൗരി താണ്ഡവം, അടുത്ത് ഗൗരിയും നന്ദിയും ഉണ്ട് എന്നതാണ് പ്രധാന വ്യത്യാസം.

5. കാളികാതാണ്ഡവം: എട്ട് കൈകളാണ് താണ്ഡവ മൂര്‍ത്തിക്ക്, മൂന്ന് വലതു കൈകളില്‍ മുസലം, പാശം, ഉടുക്ക്, മൂന്ന് ഇടത് കൈകളില്‍ കപാലം, അഗ്‌നി, കാള. മുന്നിലുള്ള വലത് കൈയില്‍ അഭയം, ഇടത് ഗജഹസ്ത മുദ്ര. ഉമാ താണ്ഡവത്തെ കുറിച്ച് സംശയിച്ചത് പോലെ മൗസലം എന്ന ശൈവ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണോ ഈ താണ്ഡവ നില എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

6. ത്രിപുരതാണ്ഡവം: ത്രിപുരദഹനവുമായി ബന്ധപ്പെട്ട താണ്ഡവം, പതിനാറ് കൈകള്‍, പാര്‍വതിയും മുരുകനും അരികെ.

7. സംഹാര താണ്ഡവം: ഗൗരി താണ്ഡവം പോലെ തന്നെയുള്ള താണ്ഡവ നില, ഗൗരിയും നന്ദിയും അരികെയുണ്ട്. സമസ്ത ലോകവും സംഹരിച്ച താണ്ഡവ നിലയാണ് ഇത്.

നാട്യശാസ്ത്രത്തിലെ കരണങ്ങള്‍ പ്രകാരം ഉള്ള നൂറ്റിയെട്ട് നടനം ചിദംബരത്തില്‍ കൊത്തിവെച്ചിരിക്കുന്നു. എന്നാല്‍ നടരാജന്റെ താണ്ഡവം എത്രയുണ്ട് എന്ന് തിട്ടപ്പെടുത്താന്‍ ഞാന്‍ അശക്തന്‍ എന്ന് ആനന്ദകുമാരസ്വാമി പരിഭവിക്കുന്നു. ശിവഭക്തര്‍ എത്രയുണ്ടോ അത്രയും താണ്ഡവം ആ ഹൃദ്‌സഭകളില്‍ നടരാജന്‍ ആടും.

ആ നൃത്തം കണ്‍കൊള്ളണമെന്ന് മോഹം ഇല്ലാത്തവരുണ്ടോ ഇന്നാട്ടില്‍, ഇല്ല, കാണില്ല, അഗസ്ത്യന്‍ മുതല്‍ ആനന്ദകുമാരസ്വാമിവരെയുണ്ടാകും ആ ആഗ്രഹം ഉള്ളില്‍ പേറിയവരുടെ നിരയില്‍, അതില്‍ ഞാനുമുണ്ട്, എനിക്കറിയാം നിങ്ങളുമുണ്ടാകും.
കാലം കുറച്ചായി നടരാജമൂര്‍ത്തി വിസ്മയമായി ഉള്ളില്‍ കൂടിയിട്ട്, എന്തൊരു നടനമാണത്! ആ കൂത്തന്റെ ആനന്ദക്കൂത്ത് കാണണം. കണ്ണ് കുളിര്‍ക്കെ.

നടരാജന്റെ ഒന്നാം സഭ: ചിത്രസഭ കുറ്റാലം
നടരാജ നൃത്തം കാണുവാന്‍ അഞ്ച് സഭകളുണ്ട് തമിഴകത്ത്, അതിലാദ്യം കുറ്റാലത്ത് നടരാജന്റെ ചിത്രസഭ. ചിത്തിര സഭാപതിയായി കുറ്റാലത്തീശന്‍ ആടുന്ന ഇടമാണത്. കുറ്റാലം നമുക്ക് പരിചിതമായ ഇടമാണ്, മലയാളികള്‍ ധാരാളം വിനോദത്തിനായി ചെല്ലുന്നയിടം. കൊല്ലം-മധുര ദേശീയ പാത പിടിച്ചു പുനലൂര്‍ ചെങ്കോട്ട വഴി ചെന്നാല്‍ കുറ്റാലത്തെത്താം. കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിച്ച് ദേഹം തണുപ്പിക്കാം, കുറ്റാലത്തീശന്റെ ത്രിപുര താണ്ഡവം കണ്ട് മനസ്സും.

കുറ്റാലവുമായുള്ള ബന്ധം നമുക്ക് കുറച്ചുകൂടെ പഴയതാണ്, കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് കുറ്റാലം തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു, കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂക്കില്‍പെട്ടത്. തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ ആയിരത്തി എണ്ണൂറ്റി എണ്‍പത്തിരണ്ടില്‍ കുറ്റാലം കൊട്ടാരം പണികഴിപ്പിച്ചു. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആര്യങ്കാവ് കേരളത്തിനും കുറ്റാലമുള്‍പ്പെടുന്ന മറ്റു ഭാഗങ്ങള്‍ മദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായി. തിരുവിതാംകൂര്‍ രാജാവു പണികഴിപ്പിച്ച കൊട്ടാരത്തിന്റെ അവകാശം ഇന്നും കേരളത്തിന് തന്നെയാണ്.
കുറ്റാലം ക്ഷേത്രത്തിന്റെ കഥ ശിവപാര്‍വ്വതീവിവാഹവുമായി ബന്ധപ്പെട്ടതാണ്. ശിവപാര്‍വ്വതീ വിവാഹത്തിന് സമസ്ത ദേവന്മാരും കൈലാസത്തില്‍ സന്നിഹിതരായി. ദേവന്മാരുടെ ഭാരം കാരണം ഭൂമി വടക്കു വശത്തേക്ക് ചരിഞ്ഞുപോയി, ഇത് നേരെയാക്കാന്‍ ശിവന്‍ അഗസ്ത്യനോട് തെക്കോട്ട് സഞ്ചരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭഗവാന്റെ വിവാഹം നേരില്‍ കാണുവാനുള്ള അവസരം നിഷേധിക്കപ്പെട്ടതില്‍ അഗസ്ത്യന്‍ ഭഗവാനോട് പരിഭവിച്ചു. ആ കാര്യമോര്‍ത്ത് വിഷമിക്കേണ്ട എവിടെയായിരുന്നാലും വിവാഹം കാണുവാനുള്ള സൗകര്യം ഭഗവാന്‍ ഉണ്ടാക്കി തരാം എന്ന ഉറപ്പ് കൊടുത്തു. അപ്രകാരം അഗസ്ത്യന്‍ തെക്കോട്ട് സഞ്ചരിച്ചു, പോകുന്ന വഴി മുരുകന്‍ അഗസ്ത്യനോട് കുറ്റാലം ക്ഷേത്രത്തില്‍ ചെന്ന് അവിടെയുള്ള വിഷ്ണുവിനെ ശിവനായി പൂജിക്കുവാന്‍ ആവശ്യപ്പെട്ടു. അഗസ്ത്യന്‍ അപ്രകാരം ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹത്തെ കൈ കൊണ്ട് പിടിച്ചമര്‍ത്തി ശിവലിംഗമാക്കി തീര്‍ത്തു. അഗസ്ത്യന്റെ ഈ പ്രയോഗം കാരണം കുറ്റാലനാഥന് ഇന്നും മാറാത്ത തലവേദനയുണ്ട് എന്നാണ് വിശ്വാസം. അത് മാറാന്‍ അറുപത്തിനാല് പച്ചമരുന്നുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഒരു കൂട്ട് ഭഗവാന്റെ നെറ്റിയില്‍ അണിയിക്കുന്നുണ്ട്, മാറാത്ത തലവേദനയ്ക്ക് ഔഷധമാണ് ഈ മരുന്ന് എന്ന് പറയപ്പെടുന്നു. കുറ്റാലത്തെ വെള്ളച്ചാട്ടത്തിന്റെ (നിറയെ ശിവലിംഗങ്ങള്‍ ഉള്ള അരുവിയാണ് വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നത്) കരയില്‍ ഭഗവാന്‍ ഇരിക്കുന്നത് കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുള്ള ജലദോഷത്തിനുള്ള മരുന്നും ഭഗവാന് നല്‍കുന്നുണ്ട്. സിദ്ധര്‍ വൈദ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നവര്‍ ആണ് എന്നതിന്റെ തെളിവ് കൂടെയാണ് ഈ കഥകള്‍. വിഷ്ണു മാറി ശിവന്‍ ആയപ്പോള്‍ വിഷ്ണുവിന്റെ ശംഖ് ക്ഷേത്രവും ചക്രം ഗോപുരവുമായി മാറി, ലക്ഷ്മി കുഴല്‍വായ്‌മൊഴിയായി തീര്‍ന്നു, ഭൂദേവി ശ്രീചക്രമായി മാറി. ഇവിടെ വെച്ച് ഭഗവാന്‍ അഗസ്ത്യനു മുന്നില്‍ തന്റെ ത്രിപുര താണ്ഡവം ആടി എന്നാണ് കഥ.

ത്രികൂടാചലം ലോപിച്ചാണ് തിരുക്കുറ്റാലം ആയത് എന്ന് പറയപ്പെടുന്നു, ഇതിനെ ശരിവെക്കുന്ന പോലെ ക്ഷേത്രത്തിനകത്ത് ഒരു ത്രികൂട മണ്ഡപം കാണാം. കുറ്റാലം ക്ഷേത്രം അതിമനോഹരമായ ഒരു നിര്‍മ്മിതിയാണ്, ദ്രാവിഡ വാസ്തുകലയുടെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്ന ഇടം. ശംഖിന്റെ ആകൃതിയെ പിന്‍പറ്റി നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ട് ശംഖക്കോവില്‍ എന്നൊരു പേരുണ്ട് ക്ഷേത്രത്തിന്. ക്ഷേത്ര ഐതിഹ്യവുമായി ചേര്‍ന്നു പോകുന്ന നിര്‍മ്മിതി. എല്ലാ സഭകളിലും സ്ഥലവൃക്ഷമായി ചില വിശിഷ്ട മരങ്ങളുണ്ട്, കുറ്റാലത്തെ സ്ഥലവൃക്ഷം പ്ലാവാണ്, അഥവാ കുറുമ്പിലാവ്. അതുകൊണ്ട് തന്നെ കുറ്റാലനാഥനെ കുറുമ്പലാനാഥര്‍ എന്ന് വിളിക്കാറുണ്ട്. ക്ഷേത്രത്തിനകത്ത് പണ്ട് ഉണ്ടായിരുന്ന പ്ലാവ് ഇന്ന് അവിടെ സംരക്ഷിച്ചിരിക്കുന്നത് കാണാം.
ശൈവസിദ്ധാന്തവും കുറ്റാലവും തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമാണ് അപ്പര്‍, സംബന്ധര്‍, മാണിക്കവാചകര്‍, സുന്ദരര്‍ എന്നീ നാല്‍വരും കുറ്റാലത്തെ കുറിച്ച് പാടിയിട്ടുണ്ട്. എന്തിന് പറയുന്നു നമ്മുടെ സ്വാതിതിരുനാള്‍ ‘ശങ്കര ശ്രീഗിരിനാഥ് പ്രഭു’ എന്ന കീര്‍ത്തനം നടരാജന്റെ ചിത്രസഭാ നടനം വര്‍ണ്ണിച്ച് കൊണ്ട് രചിച്ചിട്ടുണ്ട്.

നടരാജ ഭഗവാന് ഒപ്പം കുഴല്‍വായ്‌മൊഴിയമ്മ, അഗസ്ത്യന്‍ പ്രതിഷ്ഠിച്ച ധരണിപീഠത്തിലെ ശ്രീചക്രം, വിഷ്ണു, വല്ലഭഗണപതി, നെല്ലൈയപ്പരും കാന്തിമതിയും, കാശിവിശ്വനാഥരും വിശാലാക്ഷിയും, മീനാക്ഷി, സുന്ദരേശ്വരന്‍, നവഗ്രഹങ്ങള്‍, മുരുകന്‍ തുടങ്ങിയ ദേവതകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠകളായി ഉണ്ട്. കുറ്റാലത്തെ മുരുകനെ കുറിച്ച് അരുണഗിരിനാഥര്‍ തിരുപ്പുകഴില്‍ പാടുന്നു.

മറ്റുള്ള സഭകളില്‍ കാണുന്നത് പോലെ ഇവിടെ നടരാജന്‍ വിഗ്രഹമായല്ല ചിത്രമായാണ് ഇരിക്കുന്നത്, അതുകൊണ്ടു കൂടെ ആണ് ചിത്രസഭ എന്ന് പേര്. കുടജാദ്രിയിലെ ചിത്രമൂല സിദ്ധര്‍മൂലയാണ്, അതുപോലെ ഈ സഭ ചിത്രസഭ തന്നെയാണോ അതോ അഗസ്ത്യരുള്‍പ്പടെയുള്ള സിദ്ധരുടെ സിദ്ധര്‍സഭയോ?

ചിത്രസഭയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് തെങ്കാശി ക്ഷേത്രം, കാശിവിശ്വനാഥന്‍ ഇരിക്കുന്നത് കൊണ്ട് അത് തെക്കിലെ കാശി അഥവാ തെങ്കാശി. പാണ്ഡ്യര്‍ സര്‍വ്വ പ്രതാപവും നഷ്ടപ്പെട്ടു ചുരുങ്ങിയപ്പോള്‍ അവരുടെ അവസാന തലസ്ഥാനം ആയിരുന്നു തെങ്കാശി.

നടരാജന്റെ താമ്രസഭ തിരുനെല്‍വേലി
കുറ്റാലത്ത് നിന്ന് അമ്പത്തിയാറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനെല്‍വേലിയിലെത്താം. താമ്രപര്‍ണി നദീ തീരത്താണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടരാജന്റെ പ്രപഞ്ച താണ്ഡവം മുനി താണ്ഡവം എന്ന പേരില്‍ ആടിയ ഇടമാണ് താമ്രസഭ. നെല്ലൈയപ്പന്‍ ശക്തിയായ കാന്തിമതിയോടൊപ്പം ഇരുന്നരുളുന്ന ഇടം. നെല്ലൈയപ്പമൂര്‍ത്തിയുടെ പരാമര്‍ശം ത്രേതായുഗം വരെ നീളുന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. പൊന്‍മാന്‍ രൂപം കെട്ടി വന്ന മാരീചാസുരനെ നിഗ്രഹിച്ച പാപം തീരാന്‍ ശ്രീരാമന്‍ പൂജിച്ച മൂര്‍ത്തിയാണ് നെല്ലൈയപ്പന്‍. ക്ഷേത്രത്തിന്റെ ഐതിഹ്യം ശിവഭക്തിയുടെ മഹിമയെ സൂചിപ്പിക്കുന്ന ഒന്നാണ്, വേദശര്‍മ്മന്‍ എന്ന ശൈവന്‍ ഭിക്ഷ യാചിച്ചു ലഭിച്ച നെല്ല് മഴ വന്നപ്പോള്‍ ഒലിച്ചു പോയി, എന്നാല്‍ ഭക്തവത്സലനായ ഭഗവാന്‍ മുളകൊണ്ട് വേലികെട്ടി ആ നെല്ല് സംരക്ഷിച്ചു എന്നാണ് കഥ, അതുകൊണ്ട് ക്ഷേത്രനാമം തിരുനെല്‍വേലി. ഈ കാരണം കൊണ്ട് മുളയാണ് ക്ഷേത്രത്തിന്റെ സ്ഥലവൃക്ഷം. ഭഗവാന്‍ തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ നാല് വേദങ്ങള്‍ മുളയായി വന്നു ഭഗവാന് തണല്‍ നല്‍കി എന്നും പറയപ്പെടുന്നു. മുളങ്കാട്ടില്‍ ഇരിക്കുന്നത് കൊണ്ട് ഭഗവാനെ വേണുവനനാഥര്‍ എന്നും വിളിക്കുന്നു. ശിവ-പാര്‍വതി വിവാഹത്തിന് വിഷ്ണു സാക്ഷ്യം വഹിച്ചത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കുന്നു, വിഷ്ണു നെല്ലൈ ഗോവിന്ദനായി ഇരിക്കുന്നു ഇവിടെ. വൈഷ്ണവര്‍ തങ്ങളുടെ നൂറ്റിയെട്ടു ദിവ്യദേശങ്ങളില്‍ ഒന്നായി തിരുനെല്‍വേലി ക്ഷേത്രത്തെ കാണുന്നു.
പാണ്ഡ്യര്‍, ചോളര്‍, ചേരര്‍ തുടങ്ങിയ മുവേന്തരും മധുര നായ്ക്കരും എല്ലാം ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ ധാരാളം മണ്ഡപങ്ങള്‍ കാണുവാന്‍ സാധിക്കും, ഊഞ്ചല്‍ മണ്ഡപം, തിരുകല്യാണ മണ്ഡപം, ആയിരംകാല്‍ മണ്ഡപം, വസന്തമണ്ഡപം, പൊന്‍താമര കുളത്തിനുള്ളില്‍ നീരാഴി മണ്ഡപം, ശങ്കിലി മണ്ഡപം എന്നിവയൊക്കെയാണ് അവ. ഇതില്‍ ശങ്കിലി മണ്ഡപം നെല്ലൈയപ്പന്റെ ക്ഷേത്രത്തെയും കാന്തിമതി അമ്മയുടെ ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന മണ്ഡപമാണ്.
തിരുനെല്‍വേലിയില്‍ ശിവപ്പെരുമാള്‍ താമ്രസഭാപതിയാണ്, കാന്തിമതി അമ്മയോടൊപ്പം മുനി താണ്ഡവമാടുന്ന അത്ഭുതമൂര്‍ത്തി. കല്ല് കൊണ്ടൊരുക്കിയ ദീര്‍ഘ മണ്ഡപത്തിന്റെ ഒരറ്റത്ത് സൂര്യന്‍ ചെമ്പുമെയ്ത താമ്രസഭയ്ക്ക് മേല്‍ പതിച്ച്, ചെമ്പിച്ച വെളിച്ചമായി മണ്ഡപത്തിലേക്ക് പ്രതിഫലിക്കും. അവ ആ ശാലയുടെ കല്‍ത്തൂണുകളില്‍ വിരിഞ്ഞിരിക്കുന്ന പുഷ്പബോധികകളില്‍ രക്തച്ഛവി പടര്‍ത്തും, ആ കാഴ്ച നമ്മെ മൗനിയാക്കും. മഹാമുനി താണ്ഡവത്തിന്റെ നിമിഷങ്ങള്‍ നമ്മള്‍ അറിയാതെ നമ്മെ വന്നു പുല്‍കും.
തിരുനെല്‍വേലി ക്ഷേത്രം ഹൃദയം നിറയ്ക്കുന്ന അനുഭവങ്ങള്‍ സമ്മാനിക്കും, മനം നിറയ്ക്കുന്ന മറ്റൊന്ന് ക്ഷേത്രത്തിന്റെ പുറത്ത് നമ്മളെ കാത്തിരിക്കുന്നുണ്ട്. നെല്ലൈയപ്പനും ദേവിക്കും നിവേദിക്കാന്‍ ആണ് ആദ്യമായി ഈ വിഭവം ഉണ്ടായത്. ഇന്ന് ആഗോള പ്രശസ്തി നേടിയിരിക്കുന്ന തിരുനെല്‍വേലി ഇരുട്ടുകട ഹല്‍വ. കടയുടെ പേര് പോലെ ഹല്‍വ ഉണ്ടാക്കുന്നത് ഇരുട്ടുമുറിയിലാണ്. പ്രാണികളോ മറ്റൊന്നും വീഴാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്താ സ്വാദ് എന്ന് പറയാന്‍ പോലും നമ്മള്‍ മറക്കും, ഇത് പോലൊന്ന് അന്നനാളം വഴി ഇതുവരെ കടന്നു പോയിട്ടില്ലല്ലോ എന്നോര്‍ത്ത് നിന്നു പോകും അത് വായിലിട്ട ഉടനെ. നല്ല നറു നെയ്യിന്റെ മണം മൂക്കില്‍ വന്നു തട്ടുമ്പോള്‍ തന്നെ ആ സ്വാദ് ഉള്ളിലേക്ക് പടര്‍ന്നു കയറും. ഈ ഹല്‍വ ധാരാളം പോഷകങ്ങളും, മൂലകങ്ങളും അടങ്ങിയിരിക്കുന്നതാണ് എന്ന് പറയുന്നു, മധുരത്തിന്റെ അസുഖമുള്ളവര്‍ക്ക് ഭയക്കാതെ കഴിക്കാന്‍ ആകുന്ന ഒന്ന്, ഇത് രക്തത്തിലെ പഞ്ചസാരയിലെ അളവ് നിയന്ത്രിക്കും എന്ന് പറയപ്പെടുന്നു.

നടരാജന്റെ മൂന്നാം സഭ: രജതസഭ മധുരൈ
‘മധുരൈ കാണാത്തവന്‍ മാട്’- പറഞ്ഞിരിക്കുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. ലോകാത്ഭുമാണ് മധുരൈ. കല്ലില്‍ തീര്‍ത്ത കാവ്യം. ശിവപെരുമാളിന്റെ ചരിതം ഹാലാസ്യ മാഹാത്മ്യം ആയി പറഞ്ഞു പഴകിയ ഹാലാസ്യമാണ് മധുരൈ. മധുരയുടെ കഥ നീണ്ടു കിടക്കുന്നത് ഇന്ദ്രന്റെ വൃത നിഗ്രഹത്തിലേക്കാണ്. ബ്രാഹ്മണകുലത്തില്‍ പിറന്ന വൃതനെ കൊന്ന പാപഭാരം ഇറക്കിവെക്കാന്‍, ഇന്ദ്രന്‍ കണ്‍കണ്ട ലോകങ്ങളെല്ലാം താണ്ടി. ഒടുവില്‍, വൈഗൈ നദിയുടെ ഓളങ്ങള്‍ ഏറ്റു തരളിതവും കദംബവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞരിക്കുന്നതുമായ ഒരു വനത്തിലെത്തി. അവിടെ, ആ വനത്തിന്റെ ഹൃദയത്തില്‍ ഇന്ദ്രന്‍ സ്വയംഭൂവായ ഒരു ശിവലിംഗം കണ്ടു. ഉടനടി ശിവപെരുമാളിന് പൊന്‍താമരപ്പൂക്കള്‍ പറിച്ചെടുത്ത് ആ ദിവ്യലിംഗത്തില്‍ സമര്‍പ്പിച്ചു. ആ നിമിഷത്തില്‍, ഇന്ദ്രന്റെ പാപക്കറകള്‍ അലിഞ്ഞുമാഞ്ഞുപോയി എന്ന് ഹാലാസ്യ മാഹാത്മ്യം. ആ പുണ്യസ്ഥലത്തിന് ചുറ്റും ഒരു വന്‍നഗരം ഉയര്‍ന്നു വന്നു, അമൃതത്തിന്റെയും സുഗന്ധത്തിന്റെയും നഗരമായ മധുരയെന്ന് അത് അറിയപ്പെട്ടു തുടങ്ങി, ശിവപെരുമാളിന്റെ സാന്നിധ്യത്താല്‍ പവിത്രമാക്കപ്പെട്ട മധുരാ നഗരം. കാലമേറെ കടന്നു പോയി മധുരൈ തിരുവിളയാടലിനു തയ്യാറായി. അന്ന് മധുരൈ ഭരിച്ച, പാണ്ഡ്യരാജാവായ മലയധ്വജനും രാജ്ഞി കാഞ്ചനമാലയും ഒരു പിന്തുടര്‍ച്ചാവകാശിക്കായി നൊന്തു. അവര്‍ ഒരു മഹായജ്ഞം നടത്തി. യാഗാഗ്‌നിയില്‍ നിന്ന് അതീവ തേജസ്സുള്ള പെണ്‍കുട്ടി ഉയര്‍ന്നുവന്നു മീനാക്ഷി. എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്ക് മൂന്ന് സ്തനങ്ങളുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക് ആശങ്കയായി. എന്നാല്‍ ഉടനടി ഒരശരീരി ഉണ്ടായി. ”അവള്‍ അവള്‍ക്കായി വിധിക്കപ്പെട്ട നാഥനെ കാണുമ്പോള്‍, ഒരു സ്തനം അപ്രത്യക്ഷമാകും.”

രാജ്ഞിയായി അഭിഷിക്തയായ മീനാക്ഷി അജയ്യയായ ഒരു യോദ്ധാവായി വളര്‍ന്നു. അവള്‍ ഭൂമിയിലെ സര്‍വ്വരാജ്യങ്ങളും കീഴടക്കി, അഷ്ടദിക്കുകളും കീഴ്‌പ്പെടുത്തി, എന്തിന് സ്വര്‍ഗ്ഗത്തിലേക്ക് പോലും തന്റെ സൈന്യത്തെ നയിച്ചു. ഒടുവില്‍, സാക്ഷാല്‍ ശിവപെരുമാളിനെ തന്നെ വെല്ലുവിളിക്കാനായികൊണ്ട് അവള്‍ കൈലാസത്തില്‍ എത്തി. എന്നാല്‍, സുന്ദരേശ്വരന്റെ നേരെ അവളുടെ കണ്ണുകള്‍ പതിഞ്ഞ ആ നിമിഷം, അവളുടെ മൂന്നാമത്തെ സ്തനം മാഞ്ഞുപോയി. അവളുടെ വിജയങ്ങളുടെയെല്ലാം പൊരുളിതാണെന്നും ഇതാണ് തന്റെ പ്രാണനാഥനെന്നും അവള്‍ തിരിച്ചറിഞ്ഞു. ഭഗവാന്‍ അവളോടൊപ്പം മധുരയിലേക്ക് യാത്ര ചെയ്തു. അവിടെവെച്ച് സമസ്തപ്രപഞ്ചവും സാക്ഷ്യം വഹിച്ച അവരുടെ വിവാഹം നടന്നു, മീനാക്ഷി കല്യാണം. ശിവശക്തികളുടെ ഐക്യത്തിന് സാക്ഷ്യം വഹിക്കാന്‍ ദേവന്മാരും ഋഷിമാരും സ്വര്‍ഗ്ഗവാസികളും ഒത്തുകൂടി. മീനാക്ഷി മധുരയുടെ നിത്യരാജ്ഞിയായി, സുന്ദരേശ്വരന്‍, ചൊക്കനാഥന്‍ എന്നും അറിയപ്പെട്ടു. അവര്‍ ഒരുമിച്ച് മധുരൈ ഭരിച്ചു.

മീനാക്ഷി-സുന്ദരേശ്വര പ്രണയത്തിന്റെ നഗരമായ മധുരൈ ആളിക്കത്തുന്ന പ്രതികാരാഗ്‌നിയുടെ നിത്യമായ ഓര്‍മ്മ കൂടിയാണ്, സംഘ സാഹിത്യത്തിലെ ചിലമ്പിന്റെ കഥ ഇളങ്കോയുടെ തൂലികയില്‍ ചിലപ്പതികാരം ആയി പിറന്നപ്പോള്‍ അതിന് പശ്ചാത്തലമൊരുങ്ങിയത് മധുരാനഗരത്തിലാണ്. കണ്ണകി വീശിയെറിഞ്ഞ ചിലങ്കയുടെ കിലുക്കം മലയാളദേശത്തിലേക്ക് പോലും അനുരണനങ്ങള്‍ തീര്‍ത്ത ഒന്നാണ്, മധുരയിലൂടെ സഞ്ചരിക്കുമ്പോള്‍ പാണ്ഡ്യനഗരം ചുട്ട കണ്ണകിയുടെ ചരിതം നെഞ്ചില്‍ കിടന്നു വിങ്ങും. ശിവപെരുമാളിന്റെ രജതസഭയാണ് മധുരൈ, ക്ഷേത്രവൃക്ഷം കദംബമാണ്, ആയതുകൊണ്ട് കദംബവനവാസിനിയായ ലളിതാംബികയാണ് മധുരൈ മീനാക്ഷി എന്ന് ചിലര്‍ വിശ്വസിക്കുന്നു. വൈഗൈ നദിയുടെ തെക്കേ കരയിലുള്ള മീനാക്ഷി ക്ഷേത്രം, ഒരു സഹസ്രാബ്ദത്തിലധികമായി തമിഴ് സംസ്‌കാരത്തിന്റെയും ശൈവസിദ്ധാന്തത്തിന്റെയും ഒരു പ്രധാന കേന്ദ്രമാണ്. മുന്‍സൂചിപ്പിച്ചപോലെ സംഘസാഹിത്യത്തില്‍ പോലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. രജതസഭയെ കുറിച്ച് പലവിധ ഐതിഹ്യങ്ങള്‍ ഉണ്ട്, വളരെ പ്രസിദ്ധമായത് മഹര്‍ഷിമാരായ പതഞ്ജലിയെയും വ്യാഘ്രപാദനെയും ബന്ധപ്പെടുത്തിയുള്ളതാണ്. ഇവര്‍ ചിദംബരത്തില്‍ ശിവന്റെ നൃത്തത്തിന് സാക്ഷ്യം വഹിച്ചശേഷം, മീനാക്ഷിയുടെയും സുന്ദരേശ്വരന്റെയും ദിവ്യവിവാഹ വേളയില്‍ മധുരയില്‍ വെച്ച് ആ പ്രപഞ്ചനൃത്തം വീണ്ടും കാണാന്‍ ആഗ്രഹിച്ചു. ഭഗവാന്‍ അവരുടെ ആഗ്രഹം നിറവേറ്റുകയും, രജതസഭയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തു എന്നാണ് കഥ. മറ്റൊരു കഥ രാജശേഖര പാണ്ഡ്യന്‍ എന്ന രാജാവിന്റെ ഭക്തിയെക്കുറിച്ചുള്ളതാണ്. ഒരു മികച്ച നര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം, ശിവന്റെ ഇടതുകാല്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നൃത്തം കണ്ട് ഭഗവാന്റെ ‘ക്ഷീണത്തില്‍’ സഹതപിച്ചു. ഭഗവാന്റെ കാലുകള്‍ക്ക് വിശ്രമം നല്‍കാനായി നൃത്തത്തിന്റെ ശൈലി മാറ്റണമെന്ന് അദ്ദേഹം ഭക്തിയോടെ പ്രാര്‍ത്ഥിച്ചു. ഭക്തന്റെ ഭക്തിയില്‍ സംപ്രീതനായ ഭഗവാന്‍ തന്റെ വലതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യാന്‍ തുടങ്ങി. ഈ രൂപം ഈ ക്ഷേത്രത്തില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്. പിന്നീട്, ഭഗവാന്റെ വിഗ്രഹം വെള്ളി കൊണ്ട് പൊതിയുകയും, അങ്ങനെ ഈ നൃത്തവേദിക്ക് വെള്ളി സഭ എന്ന പേര് ലഭിക്കുകയും ചെയ്തു. രജതസഭയില്‍ ഭഗവാന്‍ സാന്ധ്യതാണ്ഡവം ആടുന്നു എന്നാണ്.

നടരാജന്റെ നാലാം സഭ: ചിദംബരം എന്ന പൊന്നമ്പലം
ഭൂമിയില്‍ ഏതെങ്കിലും ഒരു ക്ഷേത്രനടയില്‍ പോയി ആ വിഗ്രഹത്തെ നോക്കി നില്‍ക്കുമ്പോള്‍ അതീതമായൊരു അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കത് ചിദംബരം ആണ്. ചിദിനെ അഥവാ ബോധത്തെ അംബരമാക്കിയ മൂര്‍ത്തിയാണ് തില്ലൈ നടരാജന്‍. ആനന്ദതാണ്ഡവ മൂര്‍ത്തി. തില്ലൈ കാളി നൃത്തത്തില്‍ മത്സരിച്ച് തോറ്റുപോയ മഹാനടനമൂര്‍ത്തി.

ചിദംബരം തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. ഇവിടം ശിവന്റെ സ്വര്‍ണ്ണസഭ അഥവാ കനകസഭയാണ്. ചിദംബരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, ഇവിടെ ഭഗവാന്‍ ഒരു ശിലാമൂര്‍ത്തിയോ വെങ്കലവിഗ്രഹമോ ആയി മാത്രം കാണിക്കുന്നില്ല; ശിവനെ സാകാര (രൂപത്തോട് കൂടിയും) നിരാകാര (രൂപമില്ലാതെയും) ഒരുമിച്ച് ആരാധിച്ചു വരുന്നു. നിരാകാരമായി എങ്ങനെ ആരാധിക്കും? അതൊരു ചോദ്യമാണ്, ബോധത്തിന്റെ രൂപമെന്ത്? രൂപരഹിതമാണത്. നടരാജ വിഗ്രഹത്തോടൊപ്പം ഇവിടെ പ്രശസ്തമായ ഒരു രഹസ്യമുണ്ട് ചിദംബര രഹസ്യം ഉണ്ട് ഒരു മറശ്ശീലയ്ക്കപ്പുറം ആ രഹസ്യമിരിക്കുന്നു അത് മാറ്റുമ്പോള്‍ നാം കാണുന്നത് ശൂന്യതയാണ്, ശിവം!

ചിദംബര നടരാജന്റെ കഥ അപസ്മാര മൂര്‍ത്തിയുടെ നിഗ്രഹത്തിലേക്ക് നീണ്ടു പോകുന്നു. പുരാണപ്രകാരം, ദാരുകവനത്തിലെ ഋഷിമാര്‍ യാഗാദിക്രിയകളുടെ അഹങ്കാരത്തില്‍ മുങ്ങിയപ്പോള്‍ ശിവന്‍ നടരാജരൂപിയായി അവരെ വിനയപ്പെടുത്താന്‍ പ്രത്യക്ഷപ്പെട്ടു. അന്നേരം അദ്ദേഹം അപസ്മാരന്‍ അഥവാ മുയലകന്‍ (അജ്ഞാനം) എന്ന അസുരനെ കാലിനടിയില്‍ ചവിട്ടി ആനന്ദതാണ്ഡവം ചെയ്തു എന്നാണ്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം ശിവന്റെ ഈ അഞ്ചു കൃത്യങ്ങള്‍ തന്നെയാണ് ചിദംബരത്തിലെ നടരാജന്റെ നൃത്തത്തില്‍ പ്രതിഫലിക്കുന്നത്.

ക്ഷേത്രത്തിന്റെ ശില്പകലയും അതിന്റെ ശൈവതത്ത്വചിന്തയും ഒരുമിക്കുകയാണ് ചിദംബരം ക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍. ചിദംബരം ക്ഷേത്രത്തിന്റെ ശില്പകല തന്നെ മനുഷ്യശരീരത്തിന്റെ പ്രതീകമായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. യോഗദര്‍ശനത്തിലെ ‘പഞ്ചകോശങ്ങള്‍’ (അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ കോശങ്ങള്‍) ക്ഷേത്രത്തിന്റെ വിവിധ മണ്ഡപങ്ങളും ഗര്‍ഭഗൃഹങ്ങളെയും സൂചിപ്പിക്കുന്നു. ഓരോ ഭാഗവും മനുഷ്യശരീരത്തിലെ ചക്രങ്ങളെ ഭക്തന് അനുഭവിപ്പിക്കുന്ന വിധമാണ് നിര്‍മ്മിതി. മനുഷ്യശരീരത്തിനുള്ളിലെ ഒമ്പത് ദ്വാരങ്ങള്‍ പോലെ, ചിദംബരം ക്ഷേത്രത്തിനും ഒമ്പത് വാതിലുകള്‍ ഉണ്ട്. സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞിരിക്കുന്ന സഭ ശുദ്ധബോധമാണ്. ശരീരത്തിലെ നാഡികളെ പ്രതിനിധീകരിച്ച് 72000 സുവര്‍ണ്ണ ആണികള്‍ കൊണ്ട് ചേര്‍ത്ത് നിര്‍ത്തുന്ന, ആരോഗ്യവാനായ മനുഷ്യന്‍ ഒരു ദിവസത്തില്‍ എടുക്കുന്ന 21600 ശ്വാസങ്ങള്‍ക്കുള്ള പ്രതീകമായ പൊന്‍പാളികള്‍ മേഞ്ഞിരിക്കുന്നു. ഗര്‍ഭഗൃഹം ‘പൊന്നമ്പലം’ നേരെ കേന്ദ്രത്തിലല്ല, മനുഷ്യന്റെ ഹൃദയത്തിന്റെ സ്വാഭാവിക സ്ഥിതിയെ പ്രതിനിധാനം ചെയ്തുകൊണ്ട് അല്പം ഇടത്തോട്ട് ചരിഞ്ഞാണ് വെച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തിലെത്താന്‍ കയറേണ്ടത് പഞ്ചാക്ഷരപ്പടി ‘ന-മ-ശി-വാ-യ” എന്ന പഞ്ചാക്ഷരമന്ത്രത്തെ സൂചിപ്പിക്കുന്ന അഞ്ചു പടികള്‍. ഇതിലെ അവസാന പടിയായിരുന്നു ലോകത്തെ ഏറ്റവും വലിയ (ചോള) സാമ്രാജ്യത്തിന്റെ പട്ടാഭിഷേക സ്ഥാനം എന്ന് കൂടെ നാം ഓര്‍ക്കണം. ഗര്‍ഭഗൃഹത്തെ താങ്ങുന്ന നാലു തൂണുകള്‍ ചതുര്‍വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ 28 തൂണുകള്‍ 28 ആഗമങ്ങള്‍ക്കും ആരാധനാവിധികള്‍ക്കും പ്രതീകമാണ്. മേല്‍ക്കൂരയിലെ 64 കുടമ്പുകള്‍ 64 കലകള്‍ക്കും പ്രതീകമായി നിര്‍മ്മിച്ചിരിക്കുന്നു. മുകളില്‍ കാണുന്ന ഒമ്പത് കലശങ്ങള്‍ തന്ത്രശാസ്ത്ര പ്രകാരമുള്ള ഒമ്പത് വ്യൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അര്‍ത്ഥമണ്ഡപത്തിലെ ആറ് തൂണുകള്‍ ആറ് ശാസ്ത്രങ്ങളെയും തന്ത്രത്തിലെ ആറ് മാര്‍ഗ്ഗങ്ങളെയും സൂചിപ്പിക്കുന്നു. അതിനു ചേര്‍ന്ന മണ്ഡപത്തിലെ 18 തൂണുകള്‍ 18 പുരാണങ്ങള്‍ക്കും പ്രതീകമാണ്.

ചിദംബരം ക്ഷേത്രത്തിന് പുറത്ത് തില്ലൈ കാളിയമ്മന്‍ ക്ഷേത്രം ഉണ്ട്. രസകരമായ ഒരു മത്സരത്തിന്റെ കഥയാണ് ഇതിന്റെ പിന്നിലുള്ളത്. ചിദംബരത്തില്‍ ഒരിക്കല്‍ ശിവനും കാളിയും തമ്മില്‍ ആരാണ് വലിയ നടനമാടുന്നത് എന്ന തര്‍ക്കമുണ്ടായി. ഇതില്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ ഇരുവരും നൃത്തമാടി. മത്സരത്തിനായി ഇരുവരും നിരവധി തന്ത്രങ്ങളും അടവുകളും പ്രദര്‍ശിപ്പിച്ചു. അവസാനം, ശിവന്‍ തന്റെ കാലില്‍ ”ഊര്‍ധ്വതാണ്ഡവം” (കാലിനെ മുകളിലേക്ക് ഉയര്‍ത്തുന്ന പ്രയാസകരമായ ഒരു നൃത്തച്ചുവട്) ചെയ്തു. സ്ത്രീയായിരുന്ന കാളിക്ക് ആ അടവ് ചെയ്യുന്നത് അഭംഗിയായിരിക്കും എന്ന് കരുതി കാളി അത് ചെയ്യാതെ നിന്നു പരാജയപ്പെട്ടു. ജയത്തോടെ നടരാജസ്വരൂപനായ ശിവന്‍ ചിദംബരത്തിലെ പൊന്നമ്പലത്തില്‍ നൃത്തം തുടര്‍ന്നു, അതാണ് ഇന്നത്തെ നടരാജ സന്നിധി. തോറ്റ കാളി ദേവി, അതിക്രോധത്തോടെ ക്ഷേത്രത്തിനപ്പുറത്ത് പോകുകയും അവിടെ സ്ഥിരമായി തപസ്സ് ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് കാണുന്ന തില്ലൈ കാളിയമ്മന്‍ ക്ഷേത്രം.

ചിദംബര നാടരാജ ക്ഷേത്രത്തിലെ ക്ഷേത്രവൃക്ഷം ആണ് തില്ലൈ/കണ്ടല്‍. മനുഷ്യശരീരത്തിനുള്ളിലെ പ്രാണശക്തി നാഡികളിലൂടെ പരക്കുന്നതു പോലെ തില്ലൈ മരത്തിന്റെ വേരു വെള്ളത്തിനും ചെളിക്കും അടിയില്‍ പരക്കുന്നു എന്നതിനാല്‍ തില്ലൈ ക്ഷേത്രവൃക്ഷമാകുന്നു. ചിദംബരം നിലനിന്നിരുന്ന സ്ഥലത്ത് ഒരുകാലത്ത് തില്ലൈ വൃക്ഷങ്ങള്‍ നിറഞ്ഞിരുന്ന ഒരു വനമായിരുന്നു എന്നും പറയുന്നു.

നടരാജന്റെ അഞ്ചാം സഭ: രത്‌നസഭ തിരുവാലങ്കാട്
തിരുവാലങ്കാടിനെ കുറിച്ച് ഞാന്‍ ആദ്യം വായിക്കുന്നത് ‘ചിദഗ്‌നികുണ്ഡസംഭൂതാ’ എന്ന സുജാതാ ദേവി ടീച്ചറുടെ പുസ്തകത്തില്‍ ആണ്. കാരയ്ക്കല്‍ അമ്മയ്ക്ക് ഊര്‍ധ്വതാണ്ഡവത്തിലൂടെ ദര്‍ശനം നല്‍കിയ ശിവ പെരുമാളിന്റെ കഥ ടീച്ചര്‍ അതില്‍ പറയുന്നു. 63 ശൈവനായന്മാരുടെ പരമ്പരയില്‍ ഉജ്ജ്വലശോഭയോടെ വിളങ്ങുന്ന സിദ്ധവനിതയാണ് കാരയ്ക്കല്‍ അമ്മ. മല്ലികാര്‍ജുനനെ അക്ക മഹാദേവി പ്രാണനാഥന്‍ ആയാണ് കണ്ടെതെങ്കില്‍ കാരയ്ക്കല്‍ അമ്മ ഭഗവാനെ അച്ഛന്‍ ആയാണ് കണ്ടത്. ശിവഭക്തിയുടെ തീവ്രതയില്‍ ജലപാനംപോലും ഉപേക്ഷിച്ച് പല്ലും നഖവും നീണ്ട് ഒരു പേയ് കണക്കിന് തലകീഴായി നടന്ന കാരക്കല്‍ അമ്മയെ കാരയ്ക്കല്‍പേയ് എന്നാണ് വിളിക്കാറ്. പേയും പിശാചുക്കളും കൂട്ടായുള്ള ശിവപെരുമാളിനൊപ്പം അമ്മ തിരുവാലങ്കാടില്‍ ഇരിക്കുന്നു. വടവൃക്ഷക്കാട്ടിലൊരു മഹാശ്മശാനം, ആയതു കൊണ്ട് ശിവന്‍ അവിടെ വടാരണ്യേശ്വരന്‍ ആണ്. ക്ഷേത്രവൃക്ഷമാകട്ടെ വടവൃക്ഷവും. പഴയന്നൂര്‍ കടന്നു വേണം തിരുവാലങ്കാട്ടിലെത്താന്‍. പഴയന്നൂര്‍ നീലി എന്ന ഉഗ്ര യക്ഷിയുടെ കഥകള്‍ നമ്മുടെ ചെവിയില്‍ വന്നു മൂളും, ആ മണ്ണിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകളുടെ ചൂളം കുത്തല്‍ കേട്ടുകൊണ്ട് സഞ്ചരിച്ചാല്‍. തിരുവാലങ്കാടില്‍ ഒരു സന്ധ്യക്കാണ് ഞാന്‍ എത്തി ചേര്‍ന്നത്, ഒരു ഘനഗാംഭീര്യത മുട്ടി നില്‍കുന്ന ഭൂമി. കനപ്പെട്ട മൗനം ഉള്ളില്‍ എന്തെന്നില്ലാത്ത ഒരു ഭയം സൃഷ്ടിക്കും. ഭഗവാനെ കാണുവാന്‍ ചെല്ലുമ്പോള്‍ ഉള്ളില്‍ ആ അനുഭവം നിറഞ്ഞു നിറഞ്ഞു വരും. ചിദംബരത്തിലെ ഊര്‍ധ്വതാണ്ഡവത്തിന്റെ കഥ അതിന്റെ പൂര്‍ണതയില്‍ ഇവിടെയാണ് ദര്‍ശിക്കാന്‍ പറ്റുന്നത്. ഇവിടെയാണ് ഭഗവാന്‍ ഊര്‍ധ്വതാണ്ഡവം ആടുന്നത്, ആയതുകൊണ്ട് ഇവിടെയും പരാജിതയായ കാളിയെ കാണാം. ക്ഷേത്രം ചോളരാജാക്കന്മാര്‍ പണിത ദ്രാവിഡ ശൈലിയുടെ ശില്പകല കൊണ്ടു പ്രശസ്തമാണ്. പ്രധാനമണ്ഡപങ്ങള്‍, കൊത്തുപണികള്‍, ദ്വാരപാലകര്‍, ദേവികളുടെ പ്രതിഷ്ഠ ഇവയെല്ലാം ദ്രാവിഡത്തനിമ വിളിച്ചോതുന്നവയാണ്. തിരുവാലങ്കാട്ടില്‍ നടരാജസ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍, ജീവിതത്തിലെ ഭാരങ്ങള്‍ എല്ലാം വിട്ടുമാറും; മനസ്സ് ആനന്ദത്താല്‍ നിറയും എന്നാണ് ഇന്നും ഭക്തര്‍ വിശ്വസിക്കുന്നത്. നൃത്തത്തിലൂടെ തന്നെ ഭഗവാന്‍ ലോകത്തെ മോചിപ്പിക്കുന്ന സ്ഥലമാണിത്.

സഭാനാമം, സ്ഥലം, വേദി/സഭയുടെ സ്വഭാവം, ശിവന്റെ നൃത്തം

രത്‌നസഭ തിരുവാലങ്കാട് രത്‌നംകൊണ്ടുള്ള സഭ ഉര്‍ദ്ധ്വതാണ്ഡവം.
രജതസഭ മധുരൈ വെള്ളി/രജതംകൊണ്ടുള്ള സഭ സാന്ധ്യതാണ്ഡവം.
ചിത്രസഭ കുറ്റാലംചിത്രഭിത്തികളാല്‍ അലങ്കരിച്ച സഭ ത്രിപുരതാണ്ഡവം.
കനകസഭ ചിദംബരം പൊന്നുകൊണ്ടുള്ള സഭ ആനന്ദതാണ്ഡവം.
താമ്രസഭ തിരുനെല്‍വേലി താമ്രംകൊണ്ടുള്ള സഭ മുനിതാണ്ഡവം

[email protected]

Tags: നടരാജതാണ്ഡവംപഞ്ചസഭ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies