ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ബ്ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ശബ്ദമുയര്‍ത്തിയ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ 2008, ആഗസ്റ്റ് 23ന്, അവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു. ഒഡിഷയിലെ കന്ധമാല്‍ ജില്ലയിലെ വനവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സ്വാമിജി, മിഷണറിമാര്‍ നിസ്സഹായരായ വനവാസികളെ ചൂഷണം ചെയ്ത് മതംമാറ്റുന്നതിനെ എതിര്‍ത്തു.
വനഭൂമി കൂടുതലുള്ള ഫൂല്‍ബനി (കന്ധമാല്‍) ജില്ലയിലെ ഗുര്‍ജംഗ് ഗ്രാമത്തിലാണ് 1924ല്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ഭൂജാതനായത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ സമാജത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുവാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഗൃഹസ്ഥനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നിട്ടും തന്റെ ആഗ്രഹസാഫല്യത്തിനായി അദ്ദേഹം ഹിമാലയത്തില്‍ തപസ്സനുഷ്ഠിക്കാന്‍ പോയി. 1965ല്‍ ഹിമാലയത്തില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹം ഗോരക്ഷാ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ആരംഭത്തില്‍ അദ്ദേഹം തന്റെ കര്‍മ്മഭൂമിയായി തിരഞ്ഞെടുത്തത് കണ്ഡമാല്‍ ജില്ലയിലെ തന്നെ ചക്പാദ് ഗ്രാമമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കകം തന്നെ അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല മുഴുവന്‍ വനവാസി മേഖലകളിലേക്കും വ്യാപിപ്പിച്ചു. വനവാസികളുടെ സാമാജിക ഉന്നമനത്തോടൊപ്പം തന്നെ അവരെ സശക്തരാക്കുന്നതിനുള്ള ശ്രമങ്ങളും നാല് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. കന്ധമാല്‍ ജില്ലയില്‍ നിന്നും വളരെ ദൂരെയായി സ്ഥിതി ചെയ്യുന്ന ചക്പാദില്‍, ഗുരുകുല വിദ്യാഭ്യാസരീതിയില്‍ പഠനം നടത്തുന്നതിന് ഒരു വിദ്യാലയവും കോളേജും അദ്ദേഹം സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുവേണ്ടി ശങ്കരാചാര്യ കന്യാശ്രം എന്ന പേരില്‍ ഒരു വിദ്യാലയം കൂടി സ്വാമിജി സ്ഥാപിച്ചു. 1969ല്‍ സ്വാമിജി ചക്പാദില്‍ ഒരു ആശ്രമം സ്ഥാപിക്കുകയും ഇത് വനവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രമാവുകയും ചെയ്തു. അതോടൊപ്പം ബിരൂപാഖ്യ, കുമാരേശ്വര്‍, ജോഗേശ്വര്‍ തുടങ്ങിയ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണവും നടത്തി.
വേദാന്ത ദര്‍ശനത്തിലും സംസ്‌കൃത വ്യാകരണത്തിലും വിദ്വാനായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ‘വേദാന്ത കേസരി’ എന്ന പേരിലും അറിയപ്പെട്ടു. അദ്ദേഹം വളരെക്കാലം ഫുല്‍ബനി ജില്ലയില്‍ തന്നെ താമസിച്ച് വനവാസികളുടെ സംസ്‌കാരം, മതം ഇവ സംരക്ഷിക്കുന്നതിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നു. പുരി ഗോവര്‍ദ്ധന പീഠം ശങ്കരാചാര്യര്‍ അദ്ദേഹത്തിന് ‘വിധര്‍മി കുചക്ര് വിദാരണ്‍ മഹാരഥി’ (അന്യമതത്തിന്റെ ഗൂഢാലോചനയെ ഇല്ലാതാക്കുന്ന മഹാരഥി) എന്ന ബിരുദം നല്‍കി ആദരിച്ചു.
കന്ധമാലില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രചാരകന്‍ രഘുനാഥ് സേഠിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അദ്ദേഹം തുടക്കത്തില്‍ ചക്പാദ് ഗ്രാമമാണ് തന്റെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്; കാരണം പ്രസിദ്ധമായ ബിരൂപാഖ്യാ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്. തുടര്‍ന്ന് അദ്ദേഹം ജലേസ്‌പേട്ടയില്‍ കന്യാശ്രമവും തുളസീപുരില്‍ സേവാസ്‌കൂളും കടക് ജില്ലയിലെ ബാംകിയിലും അംഗുല്‍ ജില്ലയിലെ പാണിഗ്രോലയിലും ആശ്രമങ്ങളും സ്ഥാപിച്ചു.
ചക്പാദിലെ ബിരൂപാഖ്യാ ക്ഷേത്രം കന്ധമാല്‍ (ഫുല്‍ബനി) ജില്ലയില്‍ സമുദ്രത്തില്‍ നിന്നും 800 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനരികില്‍ കൂടി ബുരുടംഗാ നദി ഒഴുകുന്നു. ഈ പ്രദേശം പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്. രാമായണത്തിലും ചക്പാദിനെപ്പറ്റി പരാമര്‍ശമുണ്ട്. ഈ സ്ഥലത്തിന്റെ പ്രാചീന നാമമായ ഏകചക്രനഗരി രാമായണവുമായി ബന്ധപ്പെട്ടതാണ്. തെക്ക് ദിശയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ശിവലിംഗമുള്ള ശിവക്ഷേത്രവും ഇവിടെയുണ്ട്. അതിനടുത്തുള്ള എല്ലാ വൃക്ഷങ്ങളും തെക്ക് ദിശയെ നമിച്ചാണ് നില്‍ക്കുന്നത്
സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ദീര്‍ഘദര്‍ശിയായിരുന്നു. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കന്ധമാലിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി. വയോജനവിദ്യാഭ്യാസത്തിനുവേണ്ടി രാത്രികാല വിദ്യാലയങ്ങള്‍ തുറന്നു. 1969ല്‍ അദ്ദേഹം ചക്പാദില്‍ സ്ഥാപിച്ച കല്യാണാശ്രമം എന്ന സംസ്‌കൃത വിദ്യാലയം ഇന്ന് സംസ്‌കൃത കോളേജായി ഉയര്‍ത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1988ല്‍ കന്ധമാലിലെ ജലേസ്‌പേട്ടായില്‍, ഹോസ്റ്റല്‍ സൗകര്യത്തോടുകൂടി സ്ഥാപിച്ച ശങ്കരാചാര്യ കന്യാശ്രമത്തില്‍ 250 ഓളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നുണ്ട്. അംഗുല്‍ ജില്ലയിലെ ബാംകിയില്‍ ഒരു സ്‌കൂളും പാണ്ഡിഗോളയില്‍ ഒരു ആശ്രമവും സ്ഥാപിച്ചു.
വിദ്യാര്‍ത്ഥികളെ വ്യാകരണത്തോടൊപ്പം തന്നെ കൃഷിയെക്കുറിച്ചുള്ള അറിവുകളും (ധാന്യങ്ങളും പച്ചക്കറികളും എപ്പോള്‍, എങ്ങിനെ കൃഷി ചെയ്യണമെന്നും) ക്ലാസ്സ്മുറികളില്‍ നിന്ന് പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഉദയഗിര്‍, രായ്കിയാ എന്നീ ബ്ലോക്കുകളില്‍ ഒഡിഷയിലെ കര്‍ഷകര്‍, മികച്ച ഗുണനിലവാരമുള്ള അമര പയര്‍ ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. കടിംഗിയായില്‍ പച്ചക്കറി സഹകരണ സംഘം രൂപീകരിച്ചു. അങ്ങനെ അദ്ദേഹം തന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ ഫലമായി വനവാസി മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്ത നേടിക്കൊടുത്തു.
ഇന്ന് മറ്റു പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി കന്ധമാല്‍ ഹരിതാഭയാല്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഇതൊക്കെ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ പ്രവര്‍ത്തനഫലമാണ്. ജില്ലയിലെ പല ഭാഗങ്ങളിലും പര്‍വ്വത ശിഖരങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ചു. പര്‍വ്വതങ്ങളിലെ വൃക്ഷങ്ങളും മഠങ്ങളും വനവാസികളുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷാമകാലമാണെങ്കില്‍ പോലും ഏതെങ്കിലും ഗ്രാമസമിതിയുടെ അനുവാദം കൂടാതെ മരം മുറിക്കാനോ വിറക് ശേഖരിക്കാനോ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിയുടെ ഇത്തരം പദ്ധതികള്‍ വനവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായി തീര്‍ന്നു. ഗവണ്‍മെന്റ് ഇന്ന് നടപ്പില്‍ വരുത്തിയ ‘സംയുക്ത് വന്‍ പ്രബന്ധന്‍ പ്രണാലി’, ലക്ഷ്മണാനന്ദ സരസ്വതി 1970ല്‍ തന്നെ ആരംഭിച്ചതാണ്.
വനവാസികളുടെ സംസ്‌കാരവും പാരമ്പര്യവും കാത്തുരക്ഷിക്കുന്നതിനും അതോടൊപ്പം അവരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം സ്വജീവിതം തന്നെ സമര്‍പ്പിച്ചു. വനവാസികളുടെ ദേവസ്ഥാനങ്ങള്‍ (ധര്‍മ്മാണി പേനു) സ്ഥാപിക്കുകയും ജീര്‍ണ്ണോദ്ധാരണം നടത്തുകയും ചെയ്തു. ഗജപതി, കന്ധമാല്‍ ജില്ലകളില്‍കൂടി അദ്ദേഹം നടത്തിയ രഥയാത്ര, അനേകം വനവാസികളെ സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരുവാന്‍ പ്രേരിപ്പിച്ചു.
കണ്ണുനീരും രക്തവും വീണ് കുതിര്‍ന്ന സ്ഥലത്ത് ഒരിക്കലും ഐശ്വര്യം ഉണ്ടാകില്ലെന്ന് അദ്ദേഹം മിക്കപ്പോഴും പറയുമായിരുന്നു. ഗോഹത്യയെ എതിര്‍ത്ത അദ്ദേഹം മൃഗങ്ങളെ കൊല്ലരുതെന്ന് ജനങ്ങളെ ഉപദേശിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പ്രദര്‍ശനികള്‍, ധര്‍ണ്ണ, നിരാഹാര സമരം എന്നിവ സംഘടിപ്പിച്ചു. നിരവധി സാമാജിക, സാംസ്‌കാരിക, മത സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം ഒഡിഷയുടെ മിക്ക സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും നാശോന്മുഖമായവയെ നവീകരിക്കുകയും ചെയ്തു.
വനവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനുവേണ്ടി പരിശ്രമിച്ച അദ്ദേഹം, സ്വധര്‍മ്മത്തിലേക്ക് വനവാസികളെ മടക്കിക്കൊണ്ടുവരുന്നതിനും പരിശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ നിരവധി പേര്‍ ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വിശാലവും നിരവധി ലക്ഷ്യങ്ങള്‍ ഉള്ളതുമായിരുന്നു. വനവാസി യുവാക്കളെ ശക്തരും ധീരരും ആക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വിദ്യാഭ്യാസവും സാമ്പത്തിക സ്വയംപര്യാപ്തതയും നല്‍കി. തങ്ങളുടെ പാരമ്പര്യ വിശ്വാസത്തില്‍ തന്നെ, ഉറച്ചുനില്‍ക്കാനും സ്വസഹോദരങ്ങളെ മതംമാറ്റുന്നത് തടയാനും മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരുവാനും അദ്ദേഹം പ്രേരണ നല്‍കി.
സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ഗോരക്ഷാ പദ്ധതി ജനശ്രദ്ധ നേടി. 1986ലും 2007ലും ചക്പാദില്‍ നടന്ന രണ്ട് വലിയ പരിപാടികളിലും ലക്ഷക്കണക്കിന് പേര്‍ ദൂരദേശങ്ങളില്‍ നിന്നുപോലും എത്തിച്ചേര്‍ന്നു. വനവാസി യുവതീയുവാക്കളില്‍ സ്വാഭിമാനം വളര്‍ത്തുന്നതിനുവേണ്ടി കന്ധമാല്‍ ജില്ലയിലെ ഗ്രാമങ്ങള്‍ തോറും പദയാത്രകള്‍ നടത്തി. ഒഡിഷയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ സ്വാമിയുടെ ആരാധകരായി തീര്‍ന്നു. നൂറുകണക്കിന് ഗ്രാമങ്ങളില്‍ ഭാഗവതകഥാ പാരായണം സംഘടിപ്പിച്ചു. 1986ല്‍ സ്വാമിജി പുരി ജഗന്നാഥക്ഷേത്രത്തിലെ ജഗന്നാഥ സ്വാമിയേയും ദേവീ-ദേവന്മാരെയും രഥത്തില്‍ കയറ്റി മൂന്ന് മാസക്കാലം ഒഡിഷയിലെ വനവാസി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു. ഈ യാത്രയുടെ ഫലമായി 10 ലക്ഷത്തോളം വനവാസികള്‍ ജഗന്നാഥദര്‍ശനം നടത്തുകയും അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ജനജാഗരണം നടത്തുകയും ഗോസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. ഇത് വനവാസികള്‍ക്കിടയില്‍ ഉണര്‍വ്വിനും ഭക്തിക്കും ഇടയാക്കി.
1970 ഡിസംബര്‍ മുതല്‍ 2007 വരെ സ്വാമിജിക്കുനേരെ എട്ട് പ്രാവശ്യം ആക്രമണമുണ്ടായി. എന്നാല്‍, വനവാസികളെ മതപരിവര്‍ത്തനത്തില്‍ നിന്നും രക്ഷിക്കുമെന്ന സ്വാമിജിയുടെ ദൃഢപ്രതിജ്ഞയ്ക്ക് ഇതുകൊണ്ടൊന്നും ഇളക്കം തട്ടിയില്ല. തന്റെ ദിവ്യമായ കര്‍മ്മത്തിന് ഇതൊന്നും തടസ്സമാവില്ലെന്ന് സ്വാമിജി പറയുമായിരുന്നു.
2008 ആഗസ്റ്റ് 10നും 21നുമിടയില്‍, സ്വാമിജിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള മൂന്ന് കത്തുകള്‍ ലഭിച്ചു. 2008 ആഗസ്റ്റ് 23ന് ഒഡിഷയിലെ കന്ധമാല്‍ ജില്ലയിലെ കന്യാശ്രമത്തില്‍, പ്രാര്‍ത്ഥനയ്ക്കുശേഷം വൈകുന്നേരം 7.30 ഓടെ സ്വാമിജി അന്തേവാസികളുമായി സംസാരിച്ചിരിക്കുകയായിരുന്നു. എ.കെ. 47 തോക്കുകളും മറ്റ് ആയുധങ്ങളുമായി, മുഖംമൂടി ധരിച്ചെത്തിയ 15 യുവാക്കള്‍ ആശ്രമത്തിലേക്ക് അതിക്രമിച്ചുകയറി. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെന്ന് തെറ്റിദ്ധരിച്ച് ബാബാ അമൃതാനന്ദിനെ വെടിവെച്ചു. മറ്റൊരു ശിഷ്യയായ മാതാഭക്തിമയി, പിറകിലെ വാതിലില്‍ക്കൂടി പുറത്തേക്ക് ഓടി സ്വാമിജിയുടെ മുറിയില്‍ എത്തുകയും മുറിയുടെ വാതില്‍ അടച്ച്, സ്വാമിജിയെ രക്ഷിക്കുന്നതിനുവേണ്ടി ശൗചാലയത്തിലേയ്ക്ക് തള്ളുകയും ചെയ്തു. അക്രമികള്‍ വാതില്‍ പൊളിച്ച് മാതാ ഭക്തിമയിയെ കൊലപ്പെടുത്തി. അവരെ രക്ഷിക്കുന്നതിനായി ഓടിയെത്തിയ കിശോര്‍ ബാബായ്ക്കു നേരെയും വെടിയുതിര്‍ത്തു. സ്വാമിജിയുടെ മുറിയില്‍ കയറിയ അക്രമികള്‍ അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ശൗചാലയത്തിന്റ വാതില്‍ തുറന്ന് അവര്‍ സ്വാമിജിക്കുനേരെ നിറയൊഴിച്ചു. സ്വാമിജി സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. എണ്‍പത്തിരണ്ട് വയസ്സായ അദ്ദേഹത്തെ അക്രമികള്‍ നിര്‍ദ്ദയം കൊലപ്പെടുത്തുകയായിരുന്നു. പൈശാചികമായ രീതിയില്‍, ആയുധങ്ങളുപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ വെട്ടിമുറിച്ചു.
കൊലയ്ക്കു പിന്നിലെ കാരണം
ക്രിസ്ത്യന്‍ മിഷണറിമാര്‍ നിയമവിരുദ്ധമായും വഞ്ചനയിലൂടെയും വനവാസികള്‍ക്കിടയില്‍ നടത്തിവരുന്ന മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിനുവേണ്ടി 40 വര്‍ഷത്തോളം സ്വാമിജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍ മിഷണറിമാരെ ക്രുദ്ധരാക്കി. ഗോഹത്യയ്‌ക്കെതിരെ സ്വാമിജി നടത്തിയ പ്രവര്‍ത്തനങ്ങളും, ക്രിസ്ത്യന്‍ മിഷണറിമാര്‍ നിയമവിരുദ്ധമായി വനവാസി ഭൂമി കയ്യേറിയതിനെ ചോദ്യം ചെയ്തതും അവര്‍ക്ക് രസിച്ചില്ല. നിസ്സഹായരായ വനവാസികളെ പ്രലോഭിപ്പിച്ച് മതംമാറ്റുന്ന മിഷണറി പ്രവര്‍ത്തകര്‍ക്ക്, വനവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി, ഒരു വെല്ലുവിളിയായിത്തീര്‍ന്നു. സ്വാമിജിയെ ഇല്ലാതാക്കിയാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും വനവാസികളെ കൂട്ടത്തോടെ മതംമാറ്റാമെന്നും അവര്‍ കണക്ക് കൂട്ടി.
സ്വാമിജിയുടെ നേര്‍ക്കുള്ള ആക്രമണ പരമ്പര
ലക്ഷ്മണാനന്ദ സരസ്വതിയെ വധിക്കുന്നതിന് മുമ്പുതന്നെ എട്ട് പ്രാവശ്യം അദ്ദേഹത്തിനു നേരെ വധശ്രമം നടന്നിരുന്നു. 1969ല്‍ രൂപ്ഗാവില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലെ പാതിരിയുടെ നേതൃത്വത്തില്‍ ജനക്കൂട്ടം ആക്രമിച്ചു. 1970ല്‍ പശു മോഷ്ടാക്കളും 1978ല്‍ ബടിംഗിയായില്‍ നടന്ന മതസമ്മേളനത്തില്‍ വച്ചും 1981ല്‍ ഖിംഗിയായില്‍ വെച്ച് ക്രിസ്ത്യന്‍ തീവ്രവാദികളും 1983ല്‍ കാംബഗിരിയില്‍ വെച്ചും 1999ല്‍ ഫിരംഗിയായില്‍ വെച്ചും ക്രിസ്ത്യാനികളുടെ ആക്രമണവും അദ്ദേഹത്തിന് നേര്‍ക്ക് ഉണ്ടായി. 2002ല്‍ കലിംഗത്തുവെച്ച് നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റു. 2007ല്‍ ബ്രാമണിഗാവിലേക്ക് പോകുന്നതിനിടയില്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
സ്വാമിജിക്കു നേരെ എട്ട് ഭീകരമായ വധശ്രമങ്ങളുണ്ടായിട്ടും അദ്ദേഹത്തിന് മതിയായ സുരക്ഷ, ഭരണകൂടം നല്‍കിയില്ല. കൊല നടന്ന ദിവസം, സ്വാമിജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കിയിരുന്നു.
സ്വാമിജി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഡ് ഉപരോധിക്കുകയും പല സ്ഥലങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ജലേസ്‌പേട്ടയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സന്യാസിമാരുടെ ഭൗതികശരീരവും വഹിച്ചുകൊണ്ട് ആഗസ്റ്റ് 24ന് ജനങ്ങള്‍ പ്രകടനം നടത്തി. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ആഗസ്റ്റ് 25ന് സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചു. ചക്പാദില്‍ സ്വാമിജിയുടെ ഭൗതികശരീരം ദഹിപ്പിച്ചു.
കന്ധമാലിലെ പ്രതിഷേധ സംഭവങ്ങളുടെ പേരില്‍ ആഗസ്റ്റ് 28ന് ഭാരതത്തിലെ എല്ലാ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. സ്വാമിജിയുടെ കൊലപാതകത്തിനു പിറകിലുള്ള ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്കാളിത്തം മറച്ചുവെക്കുന്നതിനുവേണ്ടി, ആഗസ്റ്റ് 25 തൊട്ട് സപ്തംബര്‍ 1 വരെയുള്ള കാലയളവില്‍, നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടുകള്‍ സ്വയം അഗ്നിക്കിരയാക്കി പള്ളികളിലേക്ക് താമസം മാറി. ഇതിനെ തുടര്‍ന്ന് ഒഡിഷയില്‍ നിരവധി ഹിന്ദുക്കളെ അന്യായമായി അറസ്റ്റ് ചെയ്തു. അത്യന്തം നിന്ദ്യവും കള്ളത്തരങ്ങള്‍ നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളാണ് ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍, കണ്ഡമാലിലെ ക്രിസ്ത്യാനികളുടെ നേര്‍ക്കുള്ള ആക്രമണത്തെ അപലപിച്ചു. സപ്തംബര്‍ 3ന് ബിഷപ്പ് റാഫേല്‍ ചേനാഥ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സപ്തംബര്‍ 5ന്, 453 നിരപരാധികളായ ഹിന്ദുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സപ്തംബര്‍ 6ന് ആയിരക്കണക്കിന് സന്ന്യാസിമാര്‍ ഭൂവനേശ്വരില്‍ ഒത്തുകൂടി അറസ്റ്റ് വരിച്ചു.
സംഘര്‍ഷത്തിനു പിന്നിലെ കാരണം
വനവാസികളെ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. പിന്നീട് ഈ മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പരിവര്‍ത്തനം ചെയ്യാത്ത നിരവധി പട്ടികജാതി പട്ടികവിഭാഗക്കാരുടെ ഭൂമി അന്യായമായി പള്ളികള്‍ കൈവശപ്പെടുത്തിയിരുന്നു. വനവാസികളെ മതംമാറ്റുന്നതിന് മുന്നോടിയായി അവരുടെ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും മാറ്റാനുള്ള ശ്രമങ്ങള്‍ മിഷണറിമാര്‍ നടത്തിയപ്പോള്‍, സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് തടസ്സമായി. 1967ല്‍ ഗവണ്‍മെന്റ് പാസ്സാക്കിയ മതസ്വാതന്ത്ര്യ നിയമം, ഗോഹത്യാ നിരോധന നിയമം എന്നിവ ഒഡിഷയില്‍ നടപ്പിലാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു.
യുപിഎ ഭരണകൂടത്തിന്റെ പങ്ക്
സ്വാമിജിയുടെ കൊലപാതകത്തിനെപ്പറ്റി യുപിഎ സര്‍ക്കാര്‍ ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നുമാത്രമല്ല അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും കന്ധമാലിലെ ക്രിസ്ത്യാനികളുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്നത് തുടര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളും അവരുടെ ക്യാമ്പുകളും സന്ദര്‍ശിച്ചു. എന്നാല്‍ ആശ്രമത്തിന്റെ പരിസരത്തേക്കുപോലും ആരും സന്ദര്‍ശനം നടത്തിയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ ഹിന്ദുകുടുംബങ്ങള്‍ക്ക് ഒരു ചില്ലിക്കാശ് പോലും നല്‍കിയില്ല.
കൊലയ്ക്ക് ഉത്തരവാദികളായ ക്രിസ്ത്യന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്യാനോ, അനധികൃതമായി അവര്‍ കൈവശം വെച്ച ആയുധങ്ങള്‍ പിടിച്ചെടുക്കാനോ സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഒരു ശ്രമവും നടത്തിയില്ല. കൊലപാതകത്തില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷണം നടത്തിയില്ല. ക്രിസ്ത്യാനികള്‍ക്ക് എല്ലാ സഹായവും നല്‍കി അവരെ രക്ഷിക്കുകയും ഹിന്ദുക്കളെ അന്യായമായി ഉപദ്രവിക്കുകയും ചെയ്യുന്ന നയമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നൂറുകണക്കിന് ഹിന്ദുക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതേയുള്ളൂ. അവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി പള്ളികള്‍ക്കും ക്രിസ്ത്യന്‍ സംഘടനകള്‍ക്കും നഷ്ടപരിഹാരമെന്ന പേരില്‍ ലക്ഷക്കണക്കിന് തുക നല്‍കി.
2008 ആഗസ്റ്റ് 23ന് രാത്രി 8 മണിക്ക്, ശ്രീകൃഷ്ണജന്മദിനോത്സവ വേളയിലാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി, ഭക്തിമയി മാതാ, അമൃതാനന്ദ് ബാബ, കിശോര്‍ ബാബ, കന്യാശ്രമത്തിലെ സുരക്ഷാചുമതലയുള്ള വ്യക്തി എന്നീ അഞ്ച് പേരെ, ക്രിസ്ത്യന്‍ തീവ്രവാദികള്‍ നിര്‍ദ്ദയമായി കൊലപ്പെടുത്തിയത്.
(ഒഡിഷ വിശ്വസംവാദ കേന്ദ്രം പ്രസിദ്ധീകരിച്ച ‘ട്രൂത്ത് ബിഹൈന്‍ഡ് ദി മര്‍ഡര്‍ ഓഫ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി’ എന്ന പുസ്തകത്തില്‍ നിന്ന്)
വിവര്‍ത്തനം-
ഡോ.പി.വി. സിന്ധുരവി





















