തിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനൊരുങ്ങുകയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനെ രാഷ്ട്രീയ വേദിയാക്കി മാറ്റിയ പ്രൊഫ. ഇര്ഫാന് ഹബീബ്, കെ.കെ. രാഗേഷ് എം.പി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. മുഹമ്മദ് റഷാല് എസ്. എന്നിവര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇന്ത്യന്‍ ചരിത്രത്തെ വക്രീകരിക്കുകയും ചില നിക്ഷിപ്ത താല്പര്യങ്ങള്ക്ക് ഇന്ത്യന്‍ ചരിത്ര കോണ്‍ ഗ്രസ്സിന്റെ സംഘാടക സമിതി വഴങ്ങുന്നതും അപലപനീയമാണ്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന് നല്കുന്ന എല്ലാ ഗ്രാന്റുകളും കേന്ദ്ര ഗവണ്മെന്റ് നിര്‍ത്തലാക്കണം. ഇന്ത്യന്‍ ചരിത്രത്തെ പക്ഷപാതപരമാക്കി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കളമൊരുക്കുകയാണ് സംഘാടക സമിതി ചെയ്യുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.