യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന മുറി സാമ്പത്തിക വിദഗ്ദ്ധന്റെ പകരച്ചുങ്കം എന്ന കുറിപ്പട കഴിച്ച് സാമ്പത്തിക അരാജക അവസ്ഥയെ കാത്തിരിക്കയാണ് ഇപ്പോള്‍ ലോക വിപണി. ട്രംപ്-ചൈന വ്യാപാര പോരാട്ടം ആഗോള സാമ്പത്തിക ഭൗതികശാസ്ത്രത്തില്‍ (global economic geopolitics) വന്‍ തരംഗം ആകുകയാണ്. ട്രംപ് തുറന്നുവിട്ട ‘താരിഫ്ഭൂതം’ ലോകമാകെ ആശങ്ക വിതയ്ക്കുകയാണ്. അമേരിക്കയുടെ ശത്രുരാജ്യമാകുന്നതാണോ നല്ലത്, അതോ മിത്രരാജ്യമാകുന്നതാണോ നല്ലത് എന്നത് അപ്രസക്തമാണ്. ചൈന അമേരിക്കയുടെ ഒന്നാം നമ്പര്‍ ശത്രുരാജ്യമാണ്. ചൈനയുടെമേല്‍ ശരാശരി 30 ശതമാനം തീരുവയാണ് നിലവിലുള്ളത്. ഭാരതം മിത്രരാജ്യമാണെന്നാണ് വയ്പ്. പക്ഷേ, ഭാരതത്തിനുമേല്‍ 50 ശതമാനമാണ് ഇപ്പോഴത്തെ തീരുവ. 25 ശതമാനമാണ് അടിസ്ഥാന തീരുവ. 25 ശതമാനം റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയതിനുള്ള പിഴയും. ട്രംപിന്റെ ഈ നീക്കം ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി പുട്ടിന്റെ വാര്‍ മെഷീന്‍ ഫൈനാന്‍സ് ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയില്‍ ആണ് ഭാരതം എന്ന് ആരോപിച്ച് ഭാരതത്തിന്റെ മേല്‍ 25% അധിക താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ചിലപ്പോള്‍ പിന്‍വലിക്കപ്പെട്ടേയ്ക്കാം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തുമെന്ന ഭീഷണി റഷ്യയെ ബാധിക്കുമെന്നും അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപയോക്താക്കളായ ഭാരതത്തിന് അധികത്തീരുവ പ്രഖ്യാപിച്ചത് പുടിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ട്രംപ് വീമ്പടിച്ചിരുന്നു. അത് ഉച്ചകോടിയില്‍ നടന്ന ഭൗമ, രാഷ്ട്രീയപോരാട്ടത്തില്‍ ഭാരതത്തെ അദൃശ്യപങ്കാളിയാക്കി. വിലകുറഞ്ഞ റഷ്യന്‍ എണ്ണ രാജ്യത്തെ ഇന്ധനവിലയെയും പണപ്പെരുപ്പത്തെയും പിടിച്ചുനിര്‍ത്തി. ആഭ്യന്തര ഉപയോഗത്തിനു പുറമേ, യൂറോപ്പടക്കമുള്ള വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും അത് ഭാരതത്തില്‍ എണ്ണ ശുദ്ധീകരണശാലകളെ സഹായിച്ചു. ഈ ശൃംഖലയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് ട്രംപ് അധികത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. നടപ്പായാല്‍ കനത്ത നഷ്ടമുണ്ടാവുമെങ്കിലും ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് ഭാരതത്തിന്റെ തീരുമാനം. ട്രംപ് തീരുവ അമേരിക്കയില്‍ മാത്രമല്ല, നമ്മുടെ നാട്ടിലും വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഭാരതത്തിന്റെ കയറ്റുമതി വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവുമൂലം വിദേശനാണ്യ ലഭ്യത കുറയും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കും. ജനുവരിയില്‍ ഒരു ഡോളറിന്റെ മൂല്യം 83.12 രൂപ ആയിരുന്നു. ആഗസ്ത് 7ന് 87.70 രൂപയായി. ഈ തീരുവ തുടര്‍ന്നാല്‍ നവംബര്‍ ആകുമ്പോഴേക്കും രൂപയുടെ മൂല്യം 95 ആയി വീണ്ടും ഇടിയും. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി വിലകള്‍ ഉയരുന്നതിന് ഇടയാക്കും.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഭാരതത്തിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതവുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. ഭാരതം ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഭാരതവുമായി യുഎസിനുള്ളത് വന്‍ വ്യാപാരക്കമ്മിയാണെന്നും വ്യക്തമാക്കിയാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് നേരത്തെ ഭാരതത്തെ ‘നികുതി രാജാവ്’ എന്നും വിളിച്ചിട്ടുണ്ട്. അതേസമയം, വ്യാപാരക്കരാര്‍ ചര്‍ച്ചയില്‍ ഭാരതം വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് ട്രംപ് ഏകപക്ഷീയമായി ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചനകള്‍. ഭാരതത്തിന്റെ ക്ഷീര, കാര്‍ഷിക വിപണികള്‍ തുറന്നുകിട്ടണമെന്നും ജനിതകമാറ്റം വരുത്തിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പന അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതനുവദിച്ചാല്‍ രാജ്യത്തെ കര്‍ഷകര്‍ക്കത് വന്‍ തിരിച്ചടിയാകുമെന്നും കടുത്ത പ്രക്ഷോഭങ്ങളുണ്ടാകുമെന്നും വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍, ട്രംപിനു മുന്നില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് എടുത്തിരുന്നു. വിയറ്റ്‌നാമിന് 56%, ഇന്തോ നേഷ്യക്ക് 47% എന്നിങ്ങനെയായിരുന്നു ട്രംപ് താരിഫ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 44 ശതമാനവുമായിരുന്നു. പിന്നീടിതെല്ലാം 3 മാസത്തേക്ക് മരവിപ്പിച്ചശേഷം ട്രംപ് വ്യാപാര ഡീല്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കുകയായിരുന്നു. ഇതുപ്രകാരം വിയറ്റ്‌നാമിന് 20%, ജപ്പാന് 15%, യൂറോപ്യന്‍ യൂണിയന് 15%, ഫിലിപ്പീന്‍സിന് 19%, ഇന്തോനേഷ്യക്ക് 19% എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇവരേക്കാള്‍ കുറഞ്ഞ തീരുവയാണ് ഭാരതം ആവശ്യപ്പെട്ടത്. എന്നാല്‍, ട്രംപ് പ്രഖ്യാപിച്ചത് ഇതിനേക്കാളെല്ലാം ഉയര്‍ന്ന തീരുവ; ഇതിനുപുറമെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് പിഴയും. മരുന്ന്, സമുദ്രോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ളവയടക്കമുള്ള ഭാരത കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ തീരുവ തിരിച്ചടിയാകും. കയറ്റുമതി വരുമാനം കുറയാനിടയാക്കും. ഇത് ഈ കമ്പനികളുടെ ഓഹരികളെയും ഉലച്ചേക്കാം. പ്രതിവര്‍ഷം 10,000 ചെമ്പ് (കോപ്പര്‍) യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഭാരതം. കോപ്പറിനുമേല്‍ 40% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടുതല്‍ തിരിച്ചടി നേരിട്ടേക്കാവുന്നത് മരുന്നു കമ്പനികളാണ്. 200% തീരുവ ഈടാക്കാനാണ് ട്രംപിന്റെ നീക്കം. ഭാരതത്തിന്റെ മൊത്തം മരുന്നു കയറ്റുമതിയില്‍ ഏതാണ്ട് പകുതിയോളവും യുഎസിലേക്കാണ്. ശരാശരി 70,000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ഈയിനത്തില്‍ ഭാരതം നേടുന്നത്. 2022ല്‍ യുക്രെയന്‍ – റഷ്യ യുദ്ധം ആരംഭിക്കുകയും യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തശേഷമായിരുന്നു ഭാരതം വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. അതിനുമുമ്പ് ഭാരതത്തിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 40 ശതമാനമായി കൂടുകയും ഭാരതത്തിന്റെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്രോതസ്സായി റഷ്യ മാറുകയും ചെയ്തു. റഷ്യന്‍ എണ്ണ വാങ്ങുന്ന ഭാരതത്തിനും ചൈനയ്ക്കുംമേല്‍ 500% ഇറക്കുമതി തീരുവ ചുമത്തണമെന്ന് നിര്‍ദേശിക്കുന്ന ഒരു ബില്‍ യുഎസിന്റെ പരിഗണനയിലുണ്ട്. യുഎസ് സെനറ്റര്‍മാരായ റിച്ചാഡ് ബ്ലുമെന്താല്‍, ലിന്‍സെ ഗ്രഹാം എന്നിവര്‍ ബില്‍ കൊണ്ടുവന്നിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ ട്രംപിന്റെ സമ്മതമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ബില്‍ പാസായാലും നടപ്പാക്കുന്നത് അത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ട്രംപ് ആണ്. 500ന് പകരം 100% തീരുവ ഈടാക്കാനാണ് സാധ്യത. ഭാരതത്തിന്റെ മൊത്തം ആയുധ ഇറക്കുമതിയില്‍ 13% ഇപ്പോള്‍ യുഎസില്‍ നിന്നാണ്. ഒരുദശാബ്ദം മുന്‍പ് യുഎസിന്റെ വിഹിതം 8 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം പ്രതിദിനം 2.08 മില്യന്‍ ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ഭാരതം വാങ്ങിയത്. കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയര്‍ന്നതാണിത്. വിപണി വിലയേക്കാള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ട് നല്‍കിയാണ് റഷ്യ ഭാരത വിപണി പിടിച്ചെടുത്തത്.
ഭാരതമടക്കം പല രാജ്യങ്ങളുമായും യുഎസിനുള്ള വാണിജ്യക്കമ്മി കുറയ്ക്കാനോ നികത്താനോ ഉള്ള ശ്രമമെന്ന നിലയിലാണ് പകരച്ചുങ്കമെന്ന ആശയം ഡൊണാള്‍ഡ് ട്രംപ് ആദ്യമേ അവതരിപ്പിച്ചത്. ഇതുവഴി ആഭ്യന്തരവ്യവസായങ്ങളെ സംരക്ഷിക്കാമെന്നും കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം കരുതുന്നു. മറ്റൊരു രാജ്യത്തുനിന്നുള്ള ഇറക്കുമതി ആ രാജ്യത്തേക്കുള്ള കയറ്റുമതിയെക്കാള്‍ കൂടുതലായിരിക്കുന്നതിനെയാണു വാണിജ്യക്കമ്മിയെന്നു പറയുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് യുഎസിലെത്തുന്ന ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം വളരെക്കുറവും ആ രാജ്യങ്ങളില്‍ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന ചുങ്കം കൂടുതലുമാണെന്നതാണ് വാണിജ്യക്കമ്മിയുടെ കാരണമായി ട്രംപ് മനസ്സിലാക്കുന്നത്. ഓരോ രാജ്യവും യുഎസ് ഉല്‍ പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവ-തീരുവേതരബാധ്യതകള്‍ കണക്കാക്കി അതിന്റെ പകുതി, ആ രാജ്യത്തിന്റെ ഇറക്കുമതിക്കുമേല്‍ പകരച്ചുങ്കമായി ചുമത്തുന്ന രീതിയാണ് ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതനുസരിച്ച്, യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഭാരതം ഏര്‍പ്പെടുത്തുന്ന തീരുവ-തീരുവേതരബാധ്യതകള്‍ 52 ശതമാനമെന്നു കണക്കാക്കി, ഇപ്പോള്‍ 27 ശതമാനമാണ് നമുക്ക് പകരച്ചുങ്കമായി നിശ്ചയിച്ചത്. ചൈനയ്ക്ക് 34 ശതമാനമാണ്; പക്ഷേ, നേരത്തേ ചുമത്തിയ ഇരുപതുശതമാനമടക്കം ഇത് 54 ശതമാനമായി ഉയരും. യൂറോപ്യന്‍ യൂണിയന് ഇരുപതുശതമാനമാണ്. ഇന്ധനം, ഔഷധം, സെമികണ്ടക്ടര്‍, സ്വര്‍ണം, ചില ധാതുക്കള്‍ എന്നിവയെ പകരച്ചുങ്കത്തില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പാലുല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതിചെയ്യുന്ന അമേരിക്കയുമായുള്ള വ്യാപാരക്കരാറും പാലുല്‍പ്പന്ന ഇറക്കുമതിയും ഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും തീക്ഷ്ണമായ പ്രശ്‌നമാണ്. പാലുല്‍പ്പാദകര്‍ക്ക് അമേരിക്ക 1200 കോടി ഡോളര്‍ സബ് സിഡി നല്‍കുന്നു. ഈ ഉയര്‍ന്ന സബ്‌സിഡി ഒരുവശത്ത് സ്വന്തം കര്‍ഷകരെ സംരക്ഷിക്കുകയും കയറ്റുമതി വിപണികളില്‍ അമേരിക്കന്‍ പാലിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വ്യാപാരയുദ്ധം കയറ്റുമതി വിപണിയുടെ വലിയ നഷ്ടത്തിനും പാലുല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതിനും കാരണമായി. അമേരിക്കയില്‍ ആറുലക്ഷം ടണ്‍ പാലുല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. ഇതിന് ഭാരതം പോലുള്ള വികസ്വരരാജ്യങ്ങളില്‍ വിപണി തേടുന്നു. പാല്‍ക്കട്ടി ഉണ്ടാക്കുന്ന പ്രക്രിയയിലെ ഉപോല്‍പ്പന്നമാണ് വേ പൊടി (Whey Powder). കൂടുതല്‍ പാല്‍ക്കട്ടി ഉണ്ടാക്കുന്ന രാജ്യമായതിനാല്‍ അമേരിക്കയ്ക്ക് ഉത്പാദിപ്പിക്കുന്ന വേ പൊടി കൂടുതല്‍ പുറന്തള്ളേണ്ടതുണ്ട്. വിലകുറഞ്ഞ വേ പൊടി പാല്‍പ്പൊടിക്കു പകരമായി ഉപയോഗിക്കാന്‍ ഇറക്കുമതിക്കാര്‍ അമേരിക്കയില്‍നിന്നു കുറഞ്ഞ തീരുവനിരക്കില്‍ ഇറക്കുമതി തുടരുകയാണ്. ചെഡ്ഡാര്‍ പാല്‍ക്കട്ടിയുടെ (അന്താരാഷ്ട്രവിപണിയിലെ പ്രധാന വ്യാപാര ഉത്പന്നം) അന്താരാഷ്ട്രവില കിലോഗ്രാമിന് ഏകദേശം 300 രൂപയാണ്, ഇന്ത്യന്‍ വില കിലോയ്ക്ക് 475 രൂപയാണ്. ഇപ്പോഴത്തെ ഇറക്കുമതിത്തീരുവയായ 30 ശതമാനം നല്‍കി ഒട്ടേറെ പഞ്ചനക്ഷത്രഹോട്ടലുകള്‍ പ്രതിമാസം നൂറുകണക്കിന് ടണ്‍ ഇറക്കുമതിചെയ്യുന്നു. ഈ ഇറക്കുമതികള്‍ ആഭ്യന്തര പാലുത്പന്ന വിലയെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപാരക്കരാറിന്റെ പേരില്‍ ഇറക്കുമതിത്തീരുവ കുറച്ചാല്‍ കര്‍ഷകന് ആത്മഹത്യയല്ലാതെ മറ്റു വഴിയൊന്നുമില്ല.
വിദേശത്ത് പരമ്പരാഗത രീതിയില്‍ പാല്‍ക്കട്ടിയുടെ ഭൂരിഭാഗവും ഉണ്ടാക്കുന്നത് കാളക്കുട്ടിയെ കൊന്ന് കുടലില്‍നിന്ന് ദഹനരസം എടുത്ത് പാല്‍ പുളിപ്പിച്ചാണ്. അമേരിക്കയില്‍ വ്യാപകമായി മാംസാഹാരം കലര്‍ന്ന ഭക്ഷണം പശുക്കള്‍ക്ക് നല്‍കുന്നു. ഈ കാരണം പറഞ്ഞാണ് ഭാരത സര്‍ക്കാര്‍ ഇതേവരെ അമേരിക്കയില്‍ നിന്നുള്ള പാലുത്പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന പാല്‍ക്കട്ടിയും മാംസാഹാരിയായ അമേരിക്കയിലെ പശുവിന്റെ പാലുത്പന്നങ്ങളും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനുവഴങ്ങി ഇറക്കുമതിചെയ്ത് ഈ നാട്ടിലെ പശുക്കളുടെ പാല്‍ വിറ്റഴിക്കാനാകാതെ അവയെ അറവുശാലകളിലേക്ക് തള്ളിവിടുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് ആശങ്ക. മറ്റൊരു വലിയ ഭീഷണി ഭക്ഷ്യ എണ്ണയുടേതാണ്. സോയാബീന്‍ എണ്ണ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് അമേരിക്ക. ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്കയുടെ എണ്ണക്കുരു കയറ്റുമതിയെ ബാധിക്കുകയും 2017-നെ അപേക്ഷിച്ച് 2018-ല്‍ സോയാബീന്റെ വില 11 ശതമാനം കുറയുകയും ചെയ്തു. 2019 ഡിസംബര്‍ മൂന്ന് എത്തിയപ്പോള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സോയാബീന്‍ ശേഖരം 46.3 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു. ഇത് സോയാബീന്‍ ഉത്പാദനത്തില്‍ കുറവുവരുത്തിക്കൊണ്ടിരിക്കുന്നു. വിറ്റഴിക്കാന്‍ കഴിയാത്ത സോയാബീന്‍ 2025-ല്‍ കുറവാണെങ്കിലും, ഉത്പാദനം കൂട്ടണമെങ്കില്‍ അമേരിക്കയ്ക്ക് ഭാരതത്തിന്റെ വലിയ വിപണി ആവശ്യമുണ്ട്. അമേരിക്കയുമായി കരാറുണ്ടാക്കി സോയാബീന്‍ എണ്ണയുടെ ഇറക്കുമതിത്തീരുവ കുറച്ചാല്‍ തേങ്ങയുള്‍പ്പെടെയുള്ള എണ്ണക്കുരുക്കളുടെ കൃഷിയെ അത് തകര്‍ക്കും. കൂടുതല്‍ സോയാബീന്‍ ഉത്പാദിപ്പിക്കാന്‍ ഭാരതത്തിന് കഴിവുണ്ട്. ഗോതമ്പ് കയറ്റുമതിചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് അമേരിക്ക. 2024-ല്‍ അമേരിക്ക 21.57 ദശലക്ഷം ടണ്‍ കയറ്റുമതിചെയ്തു. അതിന്റെ മൂല്യം 587 കോടി ഡോളര്‍, മൊത്തം ലോക ഗോതമ്പുകയറ്റുമതിയുടെ 13.1 ശതമാനം. 2016 ഡിസംബര്‍ ഒന്‍പതിന് ഭാരത സര്‍ക്കാര്‍ തീരുവ നീക്കംചെയ്തതിന്റെ ഫലമായി 2016-’17 ല്‍ 5.9 ദശലക്ഷം ടണ്‍ ഇറക്കുമതി രേഖപ്പെടുത്തി. ആഭ്യന്തരവിപണിയിലെ ഗോതമ്പുവിലയില്‍ രണ്ടര രൂപയുടെ കുറവുണ്ടായി. അമേരിക്ക-ഇന്ത്യ വ്യാപാരക്കരാറിനുകീഴിലുള്ള ഇറക്കുമതിത്തീരുവയില്‍ കുറവുണ്ടായാല്‍ അമേരിക്കയില്‍ നിന്ന് ഭാരതത്തിലേക്ക് ഗോതമ്പിന്റെ കുത്തൊഴുക്കുണ്ടാകും ഇത് വിലത്തകര്‍ച്ചയിലേക്ക് നയിക്കും. ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ചോളത്തിന്റെ കാര്യത്തില്‍, ഭാരതം ഇറക്കുമതിചെയ്യുന്ന രാജ്യമായി മാറുകയാണ്. ഇറക്കുമതിത്തീരുവ കുറയ്ക്കുകയും അളവുനിയന്ത്രണം എടുത്തുകളയുകയും ചെയ്താല്‍ വില കുറഞ്ഞ അമേരിക്കന്‍ ചോളം, നമ്മുടെ കൃഷിയെ ഇല്ലാതാക്കുമെന്നു പറയേണ്ടതില്ലല്ലോ.
ലോകവ്യാപാരസംഘടനയിലെ തര്‍ക്കത്തില്‍ ഭാരതം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2018-ല്‍ അമേരിക്കയില്‍നിന്ന് കോഴിയുത്പന്ന ഇറക്കുമതി ആരംഭിച്ചു. ഇവ പ്രധാനമായും ശീതീകരിച്ച കോഴിക്കാലുകളാണ്. അമേരിക്കയില്‍ കോഴിയുടെ തുടയിലെ മാംസം കഴിക്കുന്നവര്‍ വിരളമാണ്. അവരെസംബന്ധിച്ച് ഉപയോഗപ്രദമല്ലാത്ത ഭാഗങ്ങള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ലാഭകരമാണ്. ഭാരതത്തില്‍ കോഴിയുടെ തുടയിറച്ചിക്ക് പ്രിയമേറെയാണ്. വാണിജ്യ ചര്‍ച്ചകളനുസരിച്ച് ഇറക്കുമതിത്തീരുവ കുറച്ചാല്‍, അവര്‍ക്ക് വേണ്ടാത്ത കോഴിയുടെ ഭാഗങ്ങള്‍ ഭാരതത്തിലേക്ക് തുച്ഛമായ വിലയ്ക്ക് കയറ്റിയയച്ചാല്‍ കോഴിക്കൃഷിമേഖലയെ സംബന്ധിച്ചിടത്തോളം അത് വിനാശകരമാണ്. കോഴിക്കൃഷിയിലെ ഏതെങ്കിലും ആഘാതം സോയാബീന്‍, ചോളം കര്‍ഷകരെ സാരമായി ബാധിക്കും, കാരണം കോഴിവ്യവസായം ചോളത്തിന്റെയും സോയയുടെയും പ്രധാന ഉപഭോക്താക്കളാണ്. വെള്ളക്കടല, മുതിര എന്നിവയുടെ പ്രധാന ആഗോള ഉത്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക. 2023 സപ്തംബര്‍ മുതല്‍ വെള്ളക്കടല, മുതിര എന്നിവയുടെ ഇറക്കുമതിത്തീരുവ നമ്മള്‍ കുറച്ചു. ഇതുകാരണം 2023-24 സാമ്പത്തികവര്‍ഷം പയറുവര്‍ഗങ്ങളുടെ ഇറക്കുമതി 45 ലക്ഷം ടണ്ണിലെത്തി. ഇത് 2023-24 വര്‍ഷത്തെ 24.5 ലക്ഷത്തിന്റെ ഏകദേശം ഇരട്ടിയാണ്. 2025 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ പയറുവര്‍ഗങ്ങളുടെയും ഇറക്കുമതിത്തീരുവ കൂട്ടി. കര്‍ഷകര്‍ ആശ്വസിച്ചിരിക്കേയാണ് യുഎസുമായുള്ള വ്യാപാരച്ചര്‍ച്ചപ്രകാരം തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പഴങ്ങളും പച്ചക്കറികളും ഭാരതം അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. ഭാരതം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ആപ്പിളിന്റെ തീരുവയുടെ സ്വാധീനം മനസ്സിലാക്കാന്‍, ഇതിന്റെ ഇറക്കുമതിത്തീരുവ 50 ശതമാനമായി കുറച്ചതിനുശേഷം 2023-നെ അപേക്ഷിച്ച് 2024-ല്‍ ഇറക്കുമതി 16 ഇരട്ടി വര്‍ധിച്ചതായുള്ള ഇക്കണോമിക് ടൈംസിന്റെ 2024 ഫെബ്രുവരി 21-ലെ റിപ്പോര്‍ട്ട് ശ്രദ്ധിച്ചാല്‍മതി.
പരുത്തിയുടെ കാര്യത്തിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ പരുത്തിയുത്പാദിപ്പിക്കുന്ന ഭാരതത്തിലേക്ക് അമേരിക്കന്‍ പരുത്തി എത്തി നമ്മുടെ പരുത്തിക്കൃഷിയെ ഇല്ലാതാക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരത്തില്‍നിന്ന് ഭാരത കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ഭീഷണികൂടാതെ, വിത്ത്, നടീല്‍വസ്തുക്കള്‍ എന്നിവയ്ക്കുള്ള അവരുടെ സ്വാഭാവികവും നിയമപരവുമായ അവകാശങ്ങളും അപകടത്തിലാണ്. 2019-ല്‍ അമേരിക്കയുമായി ആരംഭിച്ച സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച ആ രാജ്യത്തിന്റെ പുതിയ നയവും വ്യാപാരയുദ്ധവുംകാരണം പുതിയതലത്തില്‍ എത്തിയിരിക്കുകയാണ്. കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്തോ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് തിടുക്കത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഭാരതം ഇതേവരെ ഒപ്പിട്ട 17 സ്വതന്ത്രവ്യാപാരക്കരാറുകളെക്കാള്‍ അപകടമാണ് അമേരിക്കയുമായി ഒപ്പിടാന്‍പോകുന്ന കരാര്‍. ഭാരതം അമേരിക്കയുമായി വ്യാപാര ഇടപാടില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഏറ്റവുംവലിയ പ്രശ്‌നം സബ്‌സിഡികളാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന സബ്‌സിഡി നല്‍കുന്ന രാജ്യം അമേരിക്കയാണ്. ഉയര്‍ന്ന സബ്‌സിഡിയുള്ള കാര്‍ഷികോത്പന്നം കരാറിന്റെ ഭാഗമായി ഭാരതത്തിലെത്തിയാല്‍ ഭാരത കാര്‍ഷികമേഖലയെ പൂര്‍ണമായി തകര്‍ക്കും.
1930-ല്‍ ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അമേരിക്ക ഒരു നിയമം ഉണ്ടാക്കി. സ്മൂട്ട് ഹോലി (Smoot Hawley) നിയമം. അമേരിക്കയിലേക്കുള്ള ഇറക്കുമതികള്‍ക്ക് 20 ശതമാനം അധികചുങ്കം ചുമത്തുന്നതായിരുന്നു അത്. അക്കാലത്തെ പ്രമുഖ ധനശാസ്ത്രജ്ഞരും ബാങ്കര്‍മാരും ഇത് അപകടകരമാണെന്ന് പറഞ്ഞിട്ടും പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂവര്‍ ബില്ലില്‍ ഒപ്പുവെച്ചു നിയമമാക്കി. ഒരുദശകത്തോളം നീണ്ട വലിയ മാന്ദ്യത്തിന്റെ ദുരന്തത്തിലേക്ക് അമേരിക്കയും ലോകവും വീണു. 1971-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ എല്ലാ ഇറക്കുമതിക്കും 10 ശതമാനം ചുങ്കം ചുമത്തി. ക്രൂഡ് ഓയില്‍ വില അഞ്ചിരട്ടിയാക്കിയ പെട്രോളിയം ഷോക്കിന് പിന്നാലെയായിരുന്നു ഇത്. ഒരുവര്‍ഷത്തിനുശേഷം വീണ്ടും പെട്രോളിയം വില കൂടി. വളര്‍ച്ച തീരേ കുറഞ്ഞും വിലക്കയറ്റം കുതിച്ചുയര്‍ന്നും നീങ്ങുന്ന സ്റ്റാഗ്ഫ്‌ലേഷന്‍ എന്ന ദുരവസ്ഥയിലേക്ക് അമേരിക്ക ചെന്നുപെട്ടു.
കുറഞ്ഞ വിലക്ക് അമേരിക്കയില്‍ സുലഭമായി ലഭിക്കുന്ന കോഴിക്കാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് ആഭ്യന്തര ഇറച്ചിക്കോഴി വിപണിയെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭാരത സര്‍ക്കാര്‍ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തി കോഴിക്കലിന്റെ വരവ് നിയന്ത്രിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം ഭാരതം, അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ വിലകുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിക്കാനിടവരും. ഇത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കും. 2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 1946.42 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ 9981.26 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഭാരതം ഇറക്കുമതി ചെയ്തിരുന്നു. തീരുവ ഉയര്‍ത്തി ഉത്പന്ന കയറ്റുമതി കുറയ്ക്കാനുള്ള അമേരിക്കയുടെ തന്ത്രങ്ങള്‍, കാര്‍ഷിക, വ്യവസായ മേഖലകളെ ബാധിക്കാനിടയുണ്ട്. കൃഷി എന്നത് അഗ്രി ബിസിനസിലേക്കു മാറുമ്പോള്‍ കാര്‍ഷിക, ഫിഷറീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടാകുന്ന കുറവ് രാജ്യത്തെ കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. അശാസ്ത്രീയ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം ആഗോള വ്യാപാരത്തെ ബാധിക്കും. ഇത് ലോകവ്യാപാര കരാറിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളാണ്. അടുത്തകാലത്ത് നടന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് തീരുവയിലൂടെ സൃഷ്ടിക്കുന്ന അശാസ്ത്രീയ നയങ്ങള്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ നികുതിയും ചുങ്കവുമൊക്കെ പുട്ടിന് പീര എന്ന രീതിയില്‍ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വരുമാനം കൂട്ടാന്‍ വേണ്ടി പല സര്‍ക്കാരുകളും പല ന്യായങ്ങളുടെ പേരില്‍ ഈ നിയമങ്ങള്‍ തെറ്റിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സമ്പന്നര്‍ക്ക് തൊണ്ണൂറു ശതമാനം വരെ ആദായനികുതി നിലനിന്നിരുന്ന രാജ്യമാണ് ഭാരതം. അതായത്, രണ്ടു രൂപ ലാഭമുണ്ടാക്കിയാല്‍ നികുതിയായി ഏതാണ്ട് അതിന്റെ പകുതി സര്‍ക്കാരിനു നല്‍കണം. ഇത് വെറും അസംബന്ധമാണെന്ന് വര്‍ഷം തോറും നടത്തുന്ന ബഡ്ജറ്റ് പ്രസംഗത്തിലും മറ്റും നാനി പല്‍ക്കിവാലയെപ്പോലുള്ളവര്‍ വിമര്‍ശിച്ചെങ്കിലും സോഷ്യലിസത്തിന്റെ ഗര്‍വില്‍ കഴിഞ്ഞിരുന്ന സര്‍ക്കാര്‍ അനങ്ങിയിരുന്നില്ല. എന്നാല്‍ അക്കാലങ്ങളിലാണ് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടന്നിരുന്നത്! ന്യായമായ നികുതി നിശ്ചയിച്ചാല്‍ ആളുകള്‍ അത് പാലിക്കാന്‍ തയാറാകും. അന്യായമായത് നിശ്ചയിച്ചാല്‍ അത് എങ്ങനെയെങ്കിലും വെട്ടിക്കാനാവും വലിയ ശതമാനം പേരും ശ്രമിക്കുക. പിന്നീട് ഭാരതം യില്‍ ആദായനികുതിയുടെ പരിധി കുറച്ചപ്പോഴാണ് ആദായനികുതിയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് കൂടിയത്. ഇപ്പോഴത് അതിസമ്പന്നര്‍ക്ക് പരമാവധി മുപ്പത് ശതമാനമാണ്. അതായത് ഒരു രൂപ ലാഭമുണ്ടാക്കിയാല്‍ 30 പൈസ സര്‍ക്കാരിന് നല്‍കിയാല്‍ മതി. ഒരു വസ്തുവിന്റെ യഥാര്‍ത്ഥ വിലയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം നികുതിയായി ചുമത്തുന്നത് ന്യായീകരിക്കാനാവുന്നതല്ല. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഭാരതം ചുമത്തുന്ന ശരാശരി തീരുവ 37.7 ശതമാനമാണ്. ചില കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതു ന്യായമല്ലെങ്കിലും, അത് കുറയ്ക്കാന്‍ തുനിഞ്ഞാല്‍ ഭാരതത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങും. അതിനാല്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഭാരതത്തിന് അത് കുറയ്ക്കാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി വിശദീകരിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ വരുമ്പോള്‍ ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള ചുങ്കം അമേരിക്ക ഉയര്‍ത്തുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മിക അവകാശം ഭാരതത്തിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയുമായി വാണിജ്യത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്നതാണ് ട്രംപിന്റെ പകരച്ചുങ്കം നടപടി. ഇത് എത്രമാത്രം വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭാരത കാര്‍ഷികോത്പന്നങ്ങള്‍ക്ക് യു.എസില്‍ 5.3 ശതമാനമാണ് ശരാശരി തീരുവ. ഇതൊക്കെ കരാര്‍ പ്രകാരമുള്ളതാണെങ്കിലും ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താം. അതാണ് ട്രംപ് ഇപ്പോള്‍ ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പോലും ശിഥിലമാക്കാന്‍ അമേരിക്കയുടെ ഈ താരിഫ് യുദ്ധം ഇടയാക്കും. ചുങ്കവും താരിഫുമൊക്കെ ഒരു വസ്തുവിന്റെ അല്ലെങ്കില്‍ ഉത്പന്നത്തിന്റെ യഥാര്‍ത്ഥ വിലയുടെ നിശ്ചിത ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നുള്ള തത്വമാണ് പൊതുവെ ലോകരാജ്യങ്ങള്‍ അംഗീകരിക്കേണ്ടത്. അല്ലെങ്കില്‍ ചുമത്താവുന്ന താരിഫിന്റെ പരമാവധി ഇത്ര ശതമാനമെന്ന് ലോക വ്യാപാര സംഘടനകളും മറ്റും നിശ്ചയിക്കണം. അങ്ങനെ വരുന്നതിന്റെ ഗുണം ഏതു രാജ്യത്തുമുള്ള ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഉടനെ സംഭവിക്കാനും ഇടയില്ല. യു.എസ് നടപടിയുടെ ആഘാതം രാഷ്ട്രീയമായും സാമ്പത്തികമായും തടയാനുള്ള നീക്കങ്ങളാണ് ഭാരതം അടിയന്തരമായി നടത്തേണ്ടത്.
പ്രതികാര ചുങ്കത്തിന് അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കാന്‍ മറ്റു രാജ്യങ്ങള്‍ നീങ്ങുന്നത് ഗുരുതര പ്രത്യാഘാതമാണ് ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കുക. ഈ നീക്കത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈനയും കാനഡയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വ്യാപാരം വലിയ തോതില്‍ മന്ദീഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഭാരതം ഉള്‍പ്പെടെ വിദേശവിപണികളെ കാര്യമായി ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങള്‍ക്കാണ് ഇത് കനത്ത ആഘാതമേല്‍പ്പിക്കുക. പ്രതിസന്ധി മറികടക്കുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറുകളിലേക്കും ഏതാനും രാജ്യങ്ങള്‍ ചേര്‍ന്നുള്ള ചുങ്ക കൂട്ടായ്മകളിലേക്കും (കസ്റ്റംസ് യൂണിയന്‍) വഴിതുറക്കും. അത്യന്തം സങ്കീര്‍ണമായ വ്യാപാര ക്രമത്തിലേക്കാണ് ഇത് ലോകത്തെ നയിക്കുക. രാജ്യാന്തര വ്യാപാരത്തിന് ഒരു ക്രമം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ലോക വ്യാപാര സംഘടനയുടെ ഉദകക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ഗാട്ട് കരാറിനും ഉറുഗ്വേ റൗണ്ടിനും ദോഹ ഉച്ചകോടിക്കും ഒടുവില്‍ ഡബ്‌ള്യുടിഒ നിലവില്‍വന്ന മാരക്കേഷ് ഉച്ചകോടിക്കുംവേണ്ടി ഒഴുക്കിയ വിയര്‍പ്പും സമയവും പാഴായിരിക്കുന്നു. ലോക വ്യാപാര സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന ശരാശരി ചുങ്കം 3.3 ശതമാനവും ഭാരതം തിരികെ ഏര്‍പ്പെടുത്തിയിരിക്കുന്നത് 17 ശതമാനവുമാണ്. ഭാരതം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന ശരാശരി ചുങ്കം 39 ശതമാനവും അമേരിക്കയുടേത് 5 ശതമാനവുമാണ്. ഈ നിരക്ക് തുല്യമാക്കുന്നതിനോ, നിലവിലുള്ളതില്‍ വര്‍ധന വരുത്തുന്നതിനോ ഉള്ള ട്രംപിന്റെ ശ്രമം ഭാരതത്തിന് വലിയ തിരിച്ചടിയാകും. ഒരു രാജ്യത്തിനുമേല്‍ ഏകപക്ഷീയമായി തീരുവ ചുമത്തുമ്പോള്‍ അത് ആ രാജ്യത്തിന്റെ വികസിതാവസ്ഥയോ, വ്യാപാരക്കമ്മിയുടെ സ്ഥിതിയോ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യങ്ങള്‍ ട്രംപ് ഭരണകൂടം കണക്കിലെടുക്കുന്നേയില്ല. ഇത് പൊതുവില്‍ ഒരു രാജ്യത്തിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കും. തിരിച്ച് ആഭ്യന്തര രംഗത്തെ വരുമാന മാര്‍ഗങ്ങളും നിക്ഷേപവും തൊഴിലിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് സ്വയം കുഴിച്ച കുഴിയില്‍ വീണ ജാള്യത മറയ്ക്കാന്‍ ചൈനയ്ക്ക് മേലെ കേട്ട് കേള്‍വി ഇല്ലാത്ത 125% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി. ചൈനയും അതേ നാണയത്തില്‍ തിരിച്ചടിച്ച് അമേരിക്കയുടെ ഉല്പന്നങ്ങള്‍ക്ക് മേലെ 125 % ഉടനെ ഏര്‍പ്പെടുത്തി. തുടര്‍ന്ന് ചൈനീസ് പ്രീമിയര്‍ ആയ ഷീ ഒരു മുന്നറിയിപ്പ് കൂടി നല്‍കി, ഇനി മുന്നോട്ട് അമേരിക്ക എന്ത് ചെയ്താലും ഞങ്ങള്‍ പരിഗണിക്കില്ല. അമേരിക്കയുടെ ട്രഷറി ബില്‍സില്‍ ഏതാണ്ട് 800 ബില്യണ്‍ ഡോളര്‍ ആണ് ചൈന ഹോള്‍ഡ് ചെയ്യുന്നത്. ചൈന അതെടുത്ത് വീശിയാല്‍ ഫെഡ് അത് വാങ്ങേണ്ടി വരും. അതായത് അമേരിക്കയുടെ ട്രെഷറി ബില്ലിന്റെ പത്ത് ശതമാനത്തോളം ഉള്ള തുക ആണ് ചൈനയ്ക്ക് കൊടുക്കേണ്ടി വരിക. അത് ഓര്‍ത്ത് ഫെഡ് ചെയര്‍മാന്‍ പോലും വിറച്ചിരിക്കുകയാണ്. ഇതെല്ലം മൂലമാണെന്ന് തോന്നുന്നു സ്വന്തം സമ്പാദ്യം 800 ബില്യണ്‍ ഡോളറില്‍ നിന്ന് 300 ലേക്ക് താഴ്ന്ന് വടി കൊടുത്ത് അടി വാങ്ങിയ എലോണ്‍ മസ്‌ക് ഇതൊന്നും എന്റെ ആശയം ആയിരുന്നില്ല, മറ്റുള്ള ഉപദേശികള്‍ ഉണ്ടാക്കിയതാണ് എന്ന ലൈന്‍ സ്വീകരിച്ചത്. ട്രംപിന്റെ ഇപ്പോഴത്തെ അവസ്ഥ വെറുതെ ഇരുന്നപ്പോള്‍ ചുണ്ണാമ്പ് എടുത്ത് ആസനത്തില്‍ തേച്ച് പൊള്ളിച്ചത് പോലെയാണ്. ഇതിനെയാണ് വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത്.
ട്രംപ് തുറന്നുവിട്ട ‘താരിഫ്ഭൂതം’ ലോകമാകെ ആശങ്ക വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണനിക്ഷേപ പദ്ധതികളിലേക്ക് ‘സുരക്ഷിത നിക്ഷേപം’ എന്നോണം നിക്ഷേപമൊഴുകുന്നതാണ് ഇ പ്പോള്‍ സ്വര്‍ണവില കൂടാന്‍ മുഖ്യകാരണം. ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ് ഓഹരികള്‍ (ഫ്യൂചേഴ്‌സ്) കനത്ത നഷ്ടം നേരിട്ടു. യുഎസ് ഡോളറും യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീല്‍ഡ്) ഇടിഞ്ഞു. ഏഷ്യന്‍ ഓഹരി വിപണികളും കനത്ത നഷ്ടത്തിലാണുള്ളത്. ലോക ചരിത്രത്തില്‍ ഒരു രാജ്യവും ഇന്ന് വരെ ഉണ്ടാക്കാത്ത കട ബാധ്യതയായ 37 ട്രില്യണ്‍ ഡോളറില്‍ ട്രംപ് സര്‍ക്കാര്‍ എത്തിച്ചു. അത് അമേരിക്കന്‍ ജിഡിപിയുടെ 125 % എന്ന ഞെട്ടിക്കുന്ന ലെവലില്‍ ആണ്. ആ ലെവലില്‍ 2030 കഴിഞ്ഞു മാത്രമേ എത്തൂ എന്നായിരുന്നു ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ബാങ്ക് പറഞ്ഞിരുന്നത്. ആ ലെവല്‍ 5 വര്‍ഷം മുന്നേ തന്നെ എത്തിയത് കൊണ്ട് നികുതി കൂട്ടാതെയും ജിഡിപി ഉയരാതെയും കടക്കെണിയില്‍ നിന്ന് പുറത്ത് വരാന്‍ ബുദ്ധിമുട്ടാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.





















