ഭാരതീയമായ എന്തിനെയും താഴ്ത്തികെട്ടുക എന്നത് വര്‍ത്തമാന കേരളത്തില്‍ ഒരു ചര്യയായി മാറിയിരിക്കുന്നു. പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി ലജ്ജ ലവലേശമില്ലാതെ, വേണ്ടത്ര പഠനം പോലും നടത്താതെ വിരുദ്ധാഭിപ്രായങ്ങള്‍ പടച്ചുവിടുന്ന സാംസ്‌കാരിക നായകന്മാരാല്‍ മലീമസമായിരിക്കുന്നു നമ്മുടെ സാംസ്‌കാരിക രംഗം. മ്ലേച്ഛപണ്ഡിതന്മാര്‍ എന്ന് വളരെക്കാലം മുമ്പ് മഹായോഗി അരവിന്ദഘോഷ് സൂചിപ്പിച്ചത് ഇവരുടെ കാര്യത്തിലും യോജിക്കും. സാംസ്‌കാരിക നായകര്‍ എന്ന മേലങ്കി എടുത്തണിയാനുള്ള അടിസ്ഥാനയോഗ്യത നമ്മുടെ പ്രാമാണികഗ്രന്ഥങ്ങളെ വക്രീകരിച്ച് സത്യത്തെ വളച്ചൊടിക്കുക, സാംസ്‌കാരിക ബിംബങ്ങളെ ഇടിച്ചു നിരത്തുക എന്നതൊക്കെയായി മാറിയിരിക്കുന്നു. ഇതിഹാസ പുരുഷന്മാരുടെ യോഗ്യതയെ അവനവന്റെ ബുദ്ധിക്കനുസരിച്ച് താഴ്ത്തികെട്ടുന്ന ഒരു പ്രവണത ശീലമായി മാറിയിരിക്കുന്നു. രാമന്റെയും കൃഷ്ണന്റെയും ധര്‍മ്മസമര പാരമ്പര്യത്തെക്കാളും രാവണനെയും കംസനെയും ഉയര്‍ത്തിക്കാട്ടിയ ഭാവനകള്‍ക്ക് അവാര്‍ഡുകളും അംഗീകാരങ്ങളും കൊടുത്ത് പ്രോത്സാഹിപ്പിക്കാന്‍ നിരവധി സംഘടനകളും അവയ്ക്ക് കുഴലൂതാന്‍ ചില മാധ്യമങ്ങളും.
രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണല്ലോ. എന്താണ് ഇതിഹാസ പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം? അത് പുരുഷാര്‍ത്ഥങ്ങള്‍ നേടുക എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നതാണ് നാല് പുരുഷാര്‍ത്ഥം. ഇത് കൃത്യമായി മനസ്സിലാക്കിയാല്‍ ഇതിഹാസ പുരാണങ്ങളുടെ നേര്‍ക്കുള്ള സകല കൂരമ്പുകളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും. അതിന് നമ്മുടെ അടിസ്ഥാനഗ്രന്ഥങ്ങളായ വേദങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഋഗ്, യജ്ജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ പകുത്തുകിടക്കുന്ന വേദം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമാണ്. സംസ്‌കൃത ഭാഷയിലുള്ള പ്രാവീണ്യക്കുറവ് തന്നെ മുഖ്യം.
‘സത്യം വദ ധര്‍മ്മം ചര’ എന്ന ആപ്തവാക്യത്തില്‍ ‘സത്യം പറയണം ധര്‍മ്മം ആചരിക്കണം’ എന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ മനസ്സിലാവില്ല. എന്നാല്‍ മനോഹരമായ ഒരു കഥയിലൂടെ സത്യം പറഞ്ഞാലുള്ള ഗുണത്തേയും അസത്യം പറഞ്ഞാലുള്ള ദോഷത്തെയും വിവരിച്ചാലോ, സംശയമില്ല ദഹനക്കേട് കൂടാതെ തന്നെ മനസ്സിലാവും. ഈ കഥാഭാഗങ്ങളെ പുരാണേതിഹാസങ്ങളായി ചുരുക്കത്തില്‍ മനസ്സിലാക്കാം. വേദവ്യാസന്‍ അരുളുന്നു.
‘ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്’
ഇതിഹാസ പുരാണങ്ങളെക്കൊണ്ട് വേദത്തെ നല്ലവണ്ണം വിശദീകരിക്കണം. അപ്പോള്‍ വേദസാരമാണ് ഇതിഹാസം എന്ന് നമ്മള്‍ക്ക് മനസ്സിലായി. ഇതിഹാസങ്ങളുടെ സഹായത്തോടെ എന്ന് പറയുമ്പോള്‍ വീണ്ടും ഒരു വിശദീകരണം ആവശ്യമായി വരുന്നു.
‘ബിഭേത്യല്പശ്രുതാദ്
വേദോങ്കയം മാം പ്രഹരിഷ്യതി’
അല്പശ്രുതനില്‍ നിന്ന് ഇവന്‍ എന്നെ മര്‍ദ്ദിക്കുമല്ലോ എന്ന് വേദം ഭയപ്പെടുന്നു. എന്തെന്നാല്‍ വേദത്തെ വേദാംഗങ്ങളുടെ സഹായത്തോടെ മാത്രമേ പഠിക്കാന്‍ പാടുള്ളൂ. അതായത് വേദം ആറംഗങ്ങളിലായി നിലകൊള്ളുന്നു. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണ് ആറംഗങ്ങള്‍. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു രാജാവിന്റെ അംഗരക്ഷയ്ക്ക് ചതുരംഗപ്പട (ആന, കുതിര, തേര്, കാലാള്‍) ആവശ്യമാണല്ലോ. അതേപോലെ വേദത്തിന്റെ രക്ഷക്കുള്ള സൈന്യങ്ങളത്രേ ഈ ആറംഗങ്ങള്‍. ഇവിടെ വീണ്ടും സംശയമുദിക്കാം. എന്തിനാണ് വേദത്തെ രക്ഷ ചെയ്യുന്നത്. കാലാന്തരത്തിലോ ദേശാന്തരത്തിലോ ശബ്ദത്തിനും അര്‍ത്ഥത്തിനും അന്യഥാത്വം വരാതിരിക്കണം. ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നീ മൂന്നും ശബ്ദത്തെയും നിരുക്തം, കല്പം, ജ്യോതിഷം എന്നിവ അര്‍ത്ഥത്തെയും രക്ഷ ചെയ്യുന്നു. വേദത്തെയും വേദാംഗത്തെയും സാമാന്യമായി മനസ്സിലാക്കി വേദം പഠിക്കണം; അത് വേദാംഗങ്ങളുടെ സഹായത്തോടെ പഠിക്കണം. എന്നാല്‍ എത്ര പേര്‍ക്ക് ഈ വേദാംഗങ്ങളില്‍ അവഗാഹം ഉണ്ട്? തുലോം ദുര്‍ലഭം. എന്നാലോ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദങ്ങളാണു താനും. ഈ സങ്കീര്‍ണ്ണമായ സമസ്യയെ പരിഹരിക്കാന്‍ ഋഷിക്ക് മുന്നിലുദിച്ച വഴി വേദത്തെ ഇതിഹാസരൂപേണ പ്രകാശിപ്പിക്കുക എന്നതായിരുന്നു. ഇതാണ് നമ്മുടെ ധര്‍മ്മശാസ്ത്ര പഠനത്തില്‍ ഇതിഹാസപുരാണങ്ങളുടെ സ്ഥാനം. ഇതിനായി ഭാരതത്തിലെ പ്രബലമായ രാജവംശങ്ങളുടെ ചരിത്രത്തിലൂടെ-സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും – രാമായണവും മഹാഭാരതവും എഴുതപ്പെട്ടു.
ധര്‍മ്മം എന്ന പദമായിരിക്കും ഇതിഹാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടാവുക. ധര്‍മ്മത്തിന്റെ വിശാലമായ അര്‍ത്ഥ തലങ്ങളിലേക്ക് വ്യാപിക്കാന്‍ സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല. ജീവവര്‍ഗങ്ങളുടെ അഭ്യുദയത്തിനും നിശ്രേയസത്തിനും ഹേതുവായത് ധര്‍മ്മം. പ്രപഞ്ചത്തിന്റെ ധാരണ ചെയ്യുന്നത് ധര്‍മ്മം എന്നൊക്കെ അര്‍ത്ഥമുണ്ട്. ധര്‍മ്മം ജഗത്തിന്റെ നന്മക്ക് ഹേതുവാണ്. പ്രായോഗിക തലത്തില്‍ ധര്‍മ്മം മുഖ്യധര്‍മ്മം, ഗൗണധര്‍മ്മം എന്നിങ്ങനെ രണ്ടു തരത്തില്‍ അനുഭവപ്പെടുന്നു. എന്താണ് മുഖ്യധര്‍മ്മവും ഗൗണധര്‍മ്മവും? ഉദാഹരണമായി ഒരു ബാങ്ക് മാനേജര്‍ എന്ന നിലയില്‍ ബാങ്കിലെത്തിയാല്‍ മുഖ്യധര്‍മ്മം ബാങ്കിലെ സാമ്പത്തിക ഇടപാടുകളുടെയും ഭരണകാര്യങ്ങളുടെയും മേല്‍നോട്ടമാണ്. എന്നാല്‍ ബാങ്കിലെത്തി വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയാല്‍ മുഖ്യധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചു തുടങ്ങി എന്ന് പറയാം. എന്നാല്‍ അദ്ദേഹം വീട്ടിലെത്തിയാല്‍ ബാങ്കിനെക്കുറിച്ച് ചിന്തിച്ചാല്‍ ധര്‍മ്മം ഗൗണമായി. എന്നാല്‍ ചിലപ്പോള്‍ മുഖ്യധര്‍മ്മവും ഗൗണധര്‍മ്മവും ഒന്നിച്ചുവരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവുന്നു. ബാങ്കില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാനാവാതെ വീട് ജപ്തിചെയ്യാന്‍ ഒരുമ്പെട്ടപ്പോഴാണ് അറിയുന്നത്. അത് മകന്റെ ഭാര്യയുടെ വീട്ടുകാരാണ്. ഇവിടെ ബാങ്ക് മാനേജരുടെ ഉള്ളില്‍ ഒരു സംഘര്‍ഷം ഉടലെടുക്കുന്നു. ബാങ്കിന്റെ നിയമങ്ങള്‍ ഒരു ഭാഗത്ത്; മകന്റെ നിസ്സഹായത മറുവശത്ത്. ഇവിടെ അയാള്‍ക്ക് മൂന്നു രീതിയില്‍ പ്രവര്‍ത്തിക്കാം. ഒന്ന് ബാങ്കിന്റെ നിയമവ്യവസ്ഥ നടപ്പിലാക്കാം. രണ്ട്. മകന്റെ കുടുംബത്തെ രക്ഷിക്കാന്‍ ബാങ്ക് നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് മകനെ രക്ഷിക്കുക. മൂന്ന്. ഈ തലവേദന എനിക്ക് താങ്ങാനാവുന്നില്ല എന്ന്പറഞ്ഞ് ജോലി രാജിവെക്കുക. ഈ സങ്കീര്‍ണ്ണതയെ എങ്ങനെ കൈകാര്യം ചെയ്യും? അപ്പോള്‍ ഏതാണ് ധര്‍മ്മം അധര്‍മ്മം എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ട്.
രാമന്‍ ധര്‍മ്മമൂര്‍ത്തിയാവുന്നത് ഇവിടെയാണ്. രാജാവായ രാമന്‍, മനുഷ്യനായ രാമന്‍ എന്നിങ്ങനെ രാമായണത്തില്‍ വര്‍ത്തിക്കുന്ന രാമന്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ഏതുവിധം പെരുമാറി എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. രാമായണം ഒരു മഹാസാഹിത്യമാവുന്നതും ഇവിടെയാണ്. സഹിതമായ ഭാവമാണ് സാഹിത്യം. ധര്‍മ്മാചരണം, ധര്‍മ്മസംരക്ഷണം എന്നിവയൊക്കെയാണ് രാമായണത്തിന്റെ സഹിതമായ ഭാവം. ആ സഹിതമായ ഭാവത്തെ തിരിച്ചറിയുകയാണ് രാമായണത്തിന്റെ ആസ്വാദ്യത. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്ന് വാത്മീകി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ സാധൂകരിക്കുകയാണ് ഓരോ ചെയ്തികളും എന്ന് മുഖ്യ, ഗൗണ ധര്‍മ്മ വിചാരം ചെയ്ത് മനസ്സിലാക്കണം.
രാമായണത്തിലെ ധര്‍മ്മ സങ്കല്പം നമ്മള്‍ മനസ്സിലാക്കി. ഈ ധര്‍മ്മസങ്കല്പം എങ്ങിനെ ഭാരതത്തില്‍ നിലനിന്നുപോവുന്നു? ഇവിടെയാണ് കുടുംബവ്യവസ്ഥയുടെ പ്രാധാന്യം. ഈ കുടുംബവ്യവസ്ഥയാണ് ഭാരതീയധര്‍മ്മത്തെ നിലനിര്‍ത്തിപ്പോന്നത്. ഭാര്യാഭര്‍തൃസ്‌നേഹം, പുത്രസ്‌നേഹം, സഹോദര സ്‌നേഹം, ഭൃത്യസ്‌നേഹം എന്നിവയൊക്കെ എത്ര മനോഹരമായി രാമായണ മഹാകാവ്യത്തില്‍ വരച്ചുചേര്‍ത്തിരിക്കുന്നു. ലക്ഷ്മണോപദേശം രാമായണത്തിലെ പ്രധാനഭാഗമാണ്. രാമന്‍ ലക്ഷ്മണനെ ഉപദേശിച്ച് ശാന്തനാക്കുന്ന ആ രംഗം ഓരോ വിദ്യാര്‍ത്ഥികളും ചിന്തിച്ച് പഠിക്കേണ്ടതാണ്. ഏകപത്‌നീവ്രതം രാമായണത്തിലെ ഉത്തമഗുണമാണ്. കുബുദ്ധികള്‍ രാമന് നേര്‍ക്ക് എയ്യുന്ന ഏതൊരു അപവാദത്തിനും ഈ ഏകപത്‌നീവ്രതം മറുപടി പറയും. സീതാപരിത്യാഗവേളയില്‍ ശ്രീരാമന് വേറെ വിവാഹം കഴിക്കാമായിരുന്നു. അന്ന് രാജാവിന് ബഹുഭാര്യത്വം അനുവദനീയമായിരുന്നു. എന്നാല്‍ രാജസൂയയജ്ഞത്തില്‍ കാഞ്ചനസീതയെ പ്രതിഷ്ഠിച്ചാണ് യജ്ഞപൂര്‍ത്തീകരണം നടത്തിയത്. രാജാവായ രാമനാണ് സീതയെ ഉപേക്ഷിച്ചത്. സീതാപരിത്യാഗത്തിനു ശേഷമുള്ള രാമനെ രാമായണം വര്‍ണ്ണിക്കുന്നത് വിമര്‍ശകര്‍ ശ്രദ്ധിക്കുന്നില്ല. സീതയോളം പതിവ്രതയായ നാരീരത്‌നത്തെ ലോകം ഇന്നോളം ദര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവാഹവേളയില്‍ വധുവിനെ അനുഗ്രഹിക്കുമ്പോള്‍ സീതാഭവതു-സീതയായി ഭവിക്കുക എന്നാണ് അരുളുന്നത്. ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും രാമനോടുള്ള സ്‌നേഹം വിവരണാതീതമാണ്. രാമനോടുള്ള ഭക്തിബഹുമാനങ്ങള്‍, കൈവന്ന ചെങ്കോലും കിരീടവും ഉപേക്ഷിക്കാന്‍ ഭരതനെ പ്രേരിപ്പിച്ചു. അത്ര വലിയ ത്യാഗം ലോകത്തിലെ ഏത് സാഹിത്യത്തില്‍ നമുക്ക് ദര്‍ശിക്കാനാവും! രാമപാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് പാദസേവകനായി ഭരണം നടത്തിയ ഭരതന്‍ ഭാരതചരിത്രത്തിനു തന്നെ തിലകക്കുറി ചാര്‍ത്തുന്നു. ഉത്തമമായ കുടുംബവ്യവസ്ഥ ശ്രേഷ്ഠമായ ധര്‍മ്മവ്യവസ്ഥയ്ക്ക് അടിത്തറ പാകുന്നതിന്റെ ഉത്തമനിദര്‍ശനമാണ് രാമായണ കാവ്യം.
ഇനി രാമായണത്തിലെ രാഷ്ട്രീയം കൂടി ഒന്ന് പഠിച്ചുനോക്കാം. രാമന്‍ ഏതൊക്കെ രാജവംശങ്ങളോട് ബന്ധപ്പെടുന്നു എന്ന് നോക്കുക. നിഷാദവംശം, ദേവവംശം, മനുജവംശം, രാക്ഷസവംശം, വാനരവംശം എന്നിങ്ങനെ നീണ്ടുപോവുന്നു. ഓരോ വംശത്തോട് ബന്ധപ്പെടുമ്പോഴും രാമന്റെ ചലനങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്. അയല്‍രാജ്യങ്ങളോട് ഏതുതരം ബന്ധമാണ് രാമന്‍ കൈക്കൊണ്ടത് എന്നത് ഗുഹനുമായുള്ള സൗഹൃദത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അനുജന്റെ സ്ഥാനം നല്‍കി ആദരിക്കാന്‍ ഗുഹന്റെ നിഷാദത്തം രാമന് തടസ്സമായില്ല. അതേ പോലെ സുഗ്രീവസഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നപ്പോഴും രാമന്‍ ചെയ്തത് ധര്‍മ്മസംരക്ഷണം മാത്രമായിരുന്നു. തന്നോട് എതിരിടുന്നവരുടെ പാതിബലം തനിക്കു ലഭിക്കുമെന്നവരം കൈവശമുള്ളയാളെ, അനുജന്റെ ഭാര്യയെ തനിക്കധീനമായി വച്ച അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യാന്‍ ഒളിയമ്പെയ്ത് വധം ചെയ്തപ്പോള്‍ സംരക്ഷിക്കപ്പെട്ടത് ധര്‍മ്മം മാത്രമായിരുന്നു. ബാലിയുടെ ചോദ്യങ്ങള്‍ക്ക് യുക്തിയുക്തം മറുപടി പറയുന്ന രാമന്റെ കൃത്യം ധര്‍മ്മമാണെന്ന് ബാലിക്ക് മനസ്സിലായെങ്കിലും നമ്മുടെ അഭിനവ സാഹിത്യ പ്രഭൃതികള്‍ക്ക് ഇന്നും മനസ്സിലായിട്ടില്ല. രാവണനെ വധം ചെയ്ത് സമ്പല്‍സമൃദ്ധമായ ലങ്കയിലെ സമ്പത്ത് മുഴുവന്‍ കൈവശപ്പെടുത്തി സീതയേയും കൂടി അയോദ്ധ്യയിലേക്ക് തിരിക്കാമായിരുന്നിട്ടും രാമന്‍ കോട്ടക്കകത്ത് കാല്‍വെക്കുക കൂടി ചെയ്തില്ല. പ്രൗഢനായ രാജാവ് മരിച്ചപ്പോള്‍ രാജ്യത്തിനുണ്ടാവാന്‍ ഇടയുള്ള അരാജകത്വം മുന്‍കൂട്ടി കണ്ട് രാവണ സഹോദരനായ വിഭീഷണനെ രാജാവായി അവരോധിക്കാന്‍ ലക്ഷ്മണന് ആജ്ഞ നല്‍കുന്ന രാമന്‍ അയോദ്ധ്യയുടെ മാത്രമല്ല; ഈ പ്രപഞ്ചത്തിന്റെ തന്നെ ധര്‍മ്മ സംരക്ഷണമൂര്‍ത്തിയായി ഉയര്‍ത്തപ്പെടുന്ന മേന്മ ഏത് സാഹിത്യത്തിന് ചൂണ്ടിക്കാട്ടാനാവും! വിഭീഷണനെ രാജാവാക്കി അവരോധിച്ച ശേഷം രാമന്‍ ലക്ഷ്മണനോട് പറയുന്നു.
”അപി സ്വര്‍ണ്ണമയി ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
ലങ്ക സ്വര്‍ണ്ണമയമാണെങ്കിലും സമ്പല്‍സമൃദ്ധമാണെങ്കിലും എനിക്ക് ഒട്ടും പ്രിയങ്കരമാവുന്നില്ല ലക്ഷ്മണ. മാതൃഭൂമിയും മാതാവും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമല്ലോ. ലോക സാഹിത്യത്തില്‍ ഇങ്ങനെ മൊഴിഞ്ഞ ഒരു മഹാരാജാവിനെ കാണിച്ചുതരാനൊക്കുമോ? സമുദ്ര ലംഘനസമയത്ത് സഹായം ലഭിക്കാന്‍ വേണ്ടി സമുദ്രരാജാവായ വരുണനെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുന്ന രാമന്‍, രണ്ടുനാള്‍ കഴിഞ്ഞിട്ടും വരുണന്‍ പ്രത്യക്ഷനാവുന്നില്ലെന്ന് കണ്ടപ്പോള്‍ കോപം കൊണ്ട് വിറച്ച് ‘കൊണ്ടുവാ ചാപതൂണീര ബാണങ്ങള്‍ ലക്ഷ്മണ’ എന്ന് ആജ്ഞ കൊടുക്കുമ്പോള്‍ വരുണന്‍ പ്രത്യക്ഷപ്പെടുന്ന രംഗം – കിട്ടേണ്ടത് കിട്ടുമ്പോള്‍ തോന്നേണ്ടത് തോന്നും എന്ന് ബോദ്ധ്യമാക്കിത്തരുന്നു. മുനിവംശത്തിന് മുഴുവന്‍ രാമനോടുള്ള ആദരവ് രാമായണത്തിലുടനീളം നമുക്ക് ദര്‍ശിക്കാവുന്നതാണ്.
രാമായണത്തെ വിവിധങ്ങളായ വീക്ഷണ കോണുകളിലൂടെ നമുക്ക് നോക്കി കാണാവുന്നതാണ്. ചരിത്രപരമായി, സാഹിത്യപരമായി, തത്വശാസ്ത്രപരമായി, രാഷ്ട്രീയപരമായി, ധര്‍മ്മശാസ്ത്രപരമായി ഏതര്‍ത്ഥത്തില്‍ ഏടുത്ത് പരിശോധിച്ചാലും രാമായണം മഹിത മഹോന്നതമാണ്. രാമകൃഷ്ണ പരമഹംസര്‍ മായാതത്വത്തിനെ മനസ്സിലാക്കാന്‍ വേണ്ടി പറയുന്ന ഒരുദാഹരണം നോക്കൂ. രാമനും ലക്ഷ്മണനും സീതയും കൂടെ വനത്തിലേക്ക് നടക്കുമ്പോള്‍ രാമന്‍ മുന്നിലും സീത നടുവിലുമുള്ളത് കാരണം ജീവാത്മാവായ ലക്ഷ്മണന് പരമാത്മാവായ രാമനെ കാണാനൊക്കുന്നില്ല. രാമകൃഷ്ണ പരമഹംസരെപ്പോലുള്ള മഹാമതികള്‍ക്ക് രാമായണം മുഴുവന്‍ ധര്‍മ്മവ്യാഖ്യാനങ്ങളാണ്. ഇതൊക്കെ വായിച്ച് പഠിച്ച് മനനം ചെയ്ത് ജീവിതത്തില്‍ പാലിച്ച് സ്വയം ഉദ്ധരിക്കുന്നതിന് പകരം ലാഘവബുദ്ധിയോടെ രാമായണത്തെ കെട്ടുകഥ എന്ന് വിശേഷിപ്പിക്കുന്നവരോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.
ത്വന്മന്ത്രോപാസകന്മാരായുള്ള ജനങ്ങള്‍ക്ക്
നിര്‍മ്മലമായ വിദ്യതാനേ
സംഭവിച്ചിടും
മറ്റുള്ള മൂഢന്മാര്‍ക്ക് വിദ്യയുണ്ടാ കില്ലെന്നുള്ളത്
ചെറ്റില്ല നൂറായിരം ജന്മങ്ങള്‍
കഴിഞ്ഞാലും.
എന്ന് മുനിമണ്ഡലത്തിന്റെ വാക്കുകളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ അരുളുന്നു. സ്വയം ഉദ്ധരിക്കാന്‍ വേണ്ടിയായിരിക്കണം രാമായണത്തെയും മഹാഭാരതത്തെയും പഠിക്കേണ്ടത്. അതിന് പകരം മൃദുലവികാരങ്ങള്‍ ഉണ്ടാവാന്‍ വേണ്ടി എരിവും പുളിയും കലര്‍ത്തി രാമായണത്തിലേയും മഹാഭാരതത്തിലേയും നായകന്മാരെ താറടിക്കുന്ന ചവറു സാഹിത്യങ്ങള്‍ വായിച്ച് ഇതാണ് രാമായണം ഇതാണ് മഹാഭാരതം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു പോവരുത്. രാമായണത്തിലെ ധര്‍മ്മസംരക്ഷണത്തോട് നീതിപുലര്‍ത്താത്ത ഒരു സാഹിത്യസൃഷ്ടിയേയും ഗൗനിക്കരുത്. എന്തെന്നാല്‍ വേദ താല്‍പ്പര്യത്തിന് അത് വിരുദ്ധമാകുന്നത് തന്നെ. ആയതിനാല്‍ വേദവ്യാഖ്യാനങ്ങളാണ് ഇതിഹാസങ്ങള്‍ എന്നും അതിലെ തത്വരത്‌നങ്ങള്‍ നമ്മുടെ ജീവിത വിജയത്തിന് മുതല്‍ക്കൂട്ടാവുന്ന അമൂല്യ സമ്പത്താണ് എന്നുമറിഞ്ഞ് മാത്രം ഇതിഹാസപഠനം നടത്തിയാല്‍ ജീവിതത്തില്‍ നമുക്ക് അനശ്വരവിജയം കൈവരുന്നതാണ്.





















